ഇസ്‌ലാമിക ചരിത്രത്തിന്റെ മുഖ്യമായ ഭാഗമാണ് നബിചരിത്രം. അതിന് ഇസ്‌ലാം പൂർവ മേഖല കൂടിയുണ്ട്. തിരുനബി(സ്വ)യുടെ രിസാലത്ത് (പ്രവാചകത്വം) പ്രഖ്യാപിച്ചതിനു ശേഷമുള്ള കാലഘട്ടം മുതൽക്കാണല്ലോ ഇസ്‌ലാമിക ചരിത്രം എന്ന് വിശേഷിപ്പിക്കാനാവുക. അതിനു മുമ്പുള്ള കാലഘട്ടം ഇസ്‌ലാമിക ചരിത്രത്തിന്റെ ഭാഗമാകുന്നത് നബി(സ്വ)യിലൂടെയാണ്
റസൂൽ(സ്വ)യുടെ ചരിത്രം വിശാലമായൊരു ലോകമാണ്. വ്യത്യസ്ത തലങ്ങളിൽ അത് ചർച്ച ചെയ്യപ്പെടുകയും വിവരിക്കപ്പെടുകയുമുണ്ടായിട്ടുണ്ട്. നബി(സ്വ)യുടെ വരവ് അറിയിച്ചും നിയോഗം ഉണർത്തിയും ഉണ്ടായ എല്ലാ സംഭവ വികാസങ്ങളും നബിചരിത്രത്തിന്റെ ഭാഗമായി വരും. ആ നിലയിലാണത് ഇസ്‌ലാമിക ചരിത്രത്തിന്റെ ഭാഗമാകുന്നതും. പ്രവാചക ജനനത്തിനു മുമ്പുള്ള കാലവും നബി ചരിത്രത്തിൽ പ്രധാനമാണ്. സുവാർത്തകൾ നൽകപ്പെടുകയും പ്രതീക്ഷിക്കപ്പെടുകയും ചെയ്തവരാണ് റസൂൽ(സ്വ). അതിനാൽ അവിടുത്തെ സവിശേഷ വ്യക്തിത്വവും മഹത്ത്വവും മനസ്സിലാക്കുന്നതിൽ ജനന പൂർവ കാലഘട്ടത്തിനും പങ്കുണ്ട്.
ജനന ശേഷമുള്ള കാലഘട്ടം ചരിത്രഭാഗമാവുക എന്നതും നബി(സ്വ)യെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഒരാളുടെ കർമ രംഗപ്രവേശം മുതലാണ് പൊതുവെ ചരിത്രമായി മാറാറുള്ളത്. തിരുനബി(സ്വ)യെ സംബന്ധിച്ച് ജനന പൂർവഘട്ടവും ദൗത്യ നിർവഹണ പൂർവ കാലഘട്ടവും പ്രധാനം തന്നെ.
നബി(സ്വ)യുടെ ചരിത്രം അഥവാ സീറത്തുന്നബി വിവിധ ഭാഗങ്ങളായി തിരിച്ച് പണ്ഡിതൻമാരും ചരിത്രകാരൻമാരും സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ നബി ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളും സ്വഹാബത്തിന്റെ വിശേഷങ്ങളും പ്രവാചകരുടെ പ്രബോധന ജീവിതവും ഉൾപ്പെടുന്നു. നബി(സ്വ) ഒരു വ്യക്തി മാത്രമല്ലല്ലോ, പ്രബോധന ചുമതല നിർവഹിക്കുന്നതിന് വേണ്ട എല്ലാ ഗുണങ്ങളും സമീപനങ്ങളുമുള്ള സവിശേഷ വ്യക്തിത്വമുള്ളവരാണ്. അതിനാൽ തന്നെ അവയുടെ സ്വാധീനവും പ്രതിഫലനങ്ങളും നബിചരിത്രത്തിന്റെ ഭാഗമായിത്തീരും.
മതത്തിന്റെ പ്രമാണമായ സുന്നത്ത് (നബിചര്യ) നബിജീവിതത്തിന്റെ ദർശന മുഖമാണ്. അല്ലാഹുവിന്റെ റസൂലിൽ നിങ്ങൾക്ക് ഉദാത്ത മാതൃകയുണ്ട് (അൽഅഹ്‌സാബ് 21) എന്ന ഖുർആൻ സൂക്തം സുന്നത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. പ്രവാചകരെ അനുസരിക്കാനും അനുധാവനം ചെയ്യാനും ആദരിക്കാനും സ്‌നേഹിക്കാനും പിന്തുണക്കാനും സഹായിക്കാനും വിശ്വാസിയോട് നിർദേശിച്ചിട്ടുണ്ട്. വിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെടുക (അന്നിസാഅ് 59). നിങ്ങൾ അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കാനും തിരുദൂതരെ പിന്തുണക്കാനും ആദരിക്കാനും അല്ലാഹുവിനെ രാവിലെയും വൈകുന്നേരവും വാഴ്ത്താനും വേണ്ടി (അൽഫത്ഹ് 93). നബിയേ, അങ്ങ് പറയുക, നിങ്ങൾ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കിൽ എന്നെ പിൻപറ്റുക. എന്നാൽ അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടുന്നതാണ് (ആലു ഇംറാൻ 31).
നബി(സ്വ) പറഞ്ഞു: സ്വന്തം മാതാപിതാക്കൾ, സന്താനങ്ങൾ തുടങ്ങി മുഴുവൻ മനുഷ്യരേക്കാളും ഞാൻ പ്രിയങ്കരനാവുന്നത് വരെ നിങ്ങളിലാരും വിശ്വാസിയാവുന്നതല്ല. സൂറത്തുത്തൗബ ഇരുപത്തിനാലാം സൂക്തം പ്രസ്തുത ആശയം ഗൗരവപൂർവം ഉണർത്തിയിട്ടുണ്ട്. ഈ നിർദേശങ്ങൾ പൂർണമായും പാലിക്കണമെങ്കിൽ നബിതിരുമേനിയെയും അവിടത്തെ ചരിത്രവും അറിയണം. ഇതു കൊണ്ടൊക്കെ തന്നെയാണ് സീറത്തുന്നബി ഇസ്‌ലാമിക വിജ്ഞാനീയത്തിൽ പ്രാധാന്യമർഹിക്കുന്നത്.
മുസ്‌ലിം സമുദായം നബിചരിത്രം രേഖപ്പെടുത്തുന്നതിലും പഠിക്കുന്നതിലും തൽപരരായത് മതപരമായ ഒരാവശ്യമാണതെന്ന നിലയിലാണ്. സമൂഹം എല്ലാ കാലത്തും ഇതിനു വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. നബിചരിത്രത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് അവിടുത്തെ ജനനവും അതിന്റെ ആമുഖ അനുബന്ധ കാര്യങ്ങളും പ്രത്യേകമായി ചർച്ച ചെയ്യുന്ന മൗലിദ് എന്ന ചരിത്രശാഖ. ഭക്ത്യാദരപൂർവം ഈ ചരിത്രശാഖയെ അനുഷ്ഠിക്കുന്ന ചടങ്ങുകൾ തന്നെ സമൂഹം വ്യാപകമായി ആചരിച്ചുവരുന്നു. പ്രശസ്തരായ ചരിത്രകാരൻമാർക്കും പണ്ഡിതർക്കും ഈ ശാഖയിൽ ശ്രദ്ധേയമായ രചനകളുണ്ട്. നബി(സ്വ)യോടുള്ള സ്‌നേഹാദരവുകൾ പ്രകടിപ്പിച്ച് പുണ്യം നേടുന്നതിനും നബിമാഹാത്മ്യം അറിയുന്നതിനും മൗലിദനുഷ്ഠാനം ഉപകരിക്കുന്നു.
നബിചരിത്രത്തിന്റെ വർഗീകരണങ്ങൾ
വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രധാനമായും മൂന്നു തലങ്ങൾ പ്രവാചക ചരിത്രത്തിലുണ്ട്. ഒന്ന്.നബി(സ്വ)യുടെ ചരിത്രം, അല്ലാഹു നിയോഗിച്ചയച്ച മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠരായ തിരുദൂതരുടെ വ്യക്തി ചരിത്രമാണിത്. അതിന്റെ സവിശേഷതകളും സ്വാഭാവികതകളും പ്രമാണങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടും. രണ്ട്, നബി(സ്വ)യെ കാണാനും കേൾക്കാനും പഠിക്കാനും അവസരം ലഭിച്ച സമൂഹത്തിലെ ഉത്തമരെന്ന് അംഗീകരിക്കപ്പെട്ട മാതൃകായോഗ്യരായ സ്വഹാബികളുടെ ചരിത്രം. മൂന്ന്, മാനവരാശിക്ക് വേണ്ടി അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഇസ്‌ലാമിക പാഠങ്ങളുടെ ചരിത്രം. ഈ മൂന്നു തലങ്ങളിലും ഇഴപിരിഞ്ഞതാണ് നബിചരിത്രം.
നബി(സ്വ)യുടെ ജീവിതത്തിനും ജീവിത സാഹചര്യത്തിനും കേവലമായ ചരിത്ര പ്രാധാന്യമോ പ്രസക്തിയോ അല്ല ഉള്ളത്. അല്ലാഹു അവന്റെ പ്രത്യേകമായ പരിചരണത്തിൽ രൂപീകരിച്ച വ്യക്തിപ്രഭാവമാണ് നബി(സ്വ)യുടേത്. സാധിക്കും വിധം ആ പ്രഭാവത്തെ മനസ്സിലാക്കാൻ വിശ്വാസിക്കു മുന്നിലുള്ള പ്രധാന ഉപാധിയാണ് നബിചരിത്രം. അത്യുദാത്തമായ മാതൃകാ വ്യക്തിത്വം എന്ന പ്രവാചകരുടെ പ്രത്യേകതയെ അറിയാൻ മാത്രമല്ല, അനുധാവനം ചെയ്യാനും അംഗീകരിക്കാനും റസൂൽ(സ്വ)യെ അറിയണം. അവിടന്ന് വിശദീകരിക്കുകയും വിവരിക്കുകയും ചെയ്തിട്ടുള്ള പരിശുദ്ധ ഖുർആന്റെ ആശയ ലോകവും ചൈതന്യവും ലക്ഷ്യങ്ങളും മനസ്സിലാക്കുന്നതിനും നബിചരിത്രം അവലംബിക്കാതെ വഴിയില്ല. ഇസ്‌ലാമിന്റെ ശരിയായ പ്രായോഗിക രീതി സമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ചത് നബി(സ്വ)യാണ്. ഇസ്‌ലാമിക ആദർശവും ആദർശാധിഷ്ഠിത ജീവിതവും സംസ്‌കാരവുമെല്ലാം നബി(സ്വ)യിൽ നിന്ന് സ്വാംശീകരിച്ചെടുക്കേണ്ടതാണ്. ഇസ്‌ലാമിക സമൂഹത്തിൽ പ്രബോധനപരമായ ദൗത്യവും അധ്യയന സേവനവും നടത്താൻ ഒരു വിഭാഗം എന്നും ബാധ്യസ്ഥരാണ്. അവരെ സംബന്ധിച്ചിടത്തോളം ബാധ്യത നിർവഹിക്കുന്നതിനുള്ള മാർഗങ്ങളും രീതികളും നുകരുന്നതിന് പ്രവാചക ചരിത്ര പഠനം അനിവാര്യമാണ്. നബിചരിത്ര പഠനം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ചിടത്തോളം ആദർശപരവും മൗലികവുമായ ആവശ്യമാണ്. ഏതു സാഹചര്യത്തിൽ ജീവിക്കുന്നവനായാലും ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഔദ്യോഗികവും ഔപചാരികവുമായ ഏതൊരവസ്ഥയിലും എങ്ങനെയായിരിക്കണം എന്ന് നബി(സ്വ)യിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. നബിചരിത്ര പഠനത്തിന്റെ പ്രാധാന്യം എപ്പോഴും ഉയർന്ന് കാണാം. റസൂൽ(സ്വ)യുടെ ജീവിതത്തെയും ജീവിതരീതിയെയും മനസ്സിലാക്കാൻ ബാധ്യതപ്പെട്ട മനുഷ്യനു മുമ്പിൽ അവിടുത്തെ ചരിത്രം കൃത്യമായ പരിഹാരമായി നിലകൊള്ളുകയാണെന്നർത്ഥം. നബി(സ്വ)യെയും തന്റെ ചര്യയും ചരിത്രവും കൃത്യമായി പകരുന്നതിന് ഈ സമുദായത്തിൽ ഒരു വിഭാഗത്തെ അവൻ പാകപ്പെടുത്തിയിട്ടുണ്ട്. നബിചരിത്രത്തിന്റെ പ്രത്യേകതയും ഇതുതന്നെയാണ്. മറ്റു പ്രവാചകന്മാരെ അപേക്ഷിച്ച് മുഹമ്മദ്(സ്വ)യുടെ ചരിത്രം വ്യക്തമായി ലഭ്യമാണ്. മാനവരാശിയുടെ ചരിത്രത്തിൽ സ്വന്തം പ്രവാചകന്റെ/ മാർഗദർശകന്റെ പൂർണ ചരിത്രവും ജീവിത മാതൃകയും ലഭ്യമാകുന്നുവെന്നത് അവിടത്തെ മാത്രം പ്രത്യേകതയത്രെ.
നബിജീവിതത്തിലെ ചെറുതും വലുതുമായ സംഭവങ്ങൾ, സ്വഭാവങ്ങൾ, വിശേഷങ്ങൾ, രീതികൾ, പ്രവർത്തനങ്ങൾ, വാക്കുകൾ തുടങ്ങി വളരെ ചെറുതെന്ന് കരുതപ്പെടുന്ന കാര്യങ്ങൾ പോലും കൃത്യമായി രേഖപ്പെടുത്തിയത് കാണാനാകും. അനുശ്രാവികമായ കൈമാറ്റമല്ല, മറിച്ച് മാനദണ്ഡങ്ങൾ പാലിച്ച് രേഖാപരമായി തന്നെ നബിചരിത്രം ലഭ്യമാണ്. ശേഷ തലമുറക്ക് അവ സമർപ്പിക്കാൻ ഓരോ കാലഘട്ടത്തിലെയും പണ്ഡിതന്മാരും ചരിത്രകാരന്മാരും ശ്രമിച്ചു. ഈ സമൂഹത്തിന് അല്ലാഹു നൽകിയിട്ടുള്ള വലിയൊരനുഗ്രഹമാണ് കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കാനും ഹൃദിസ്ഥമാക്കാനും ഓർത്തെടുത്ത് അവതരിപ്പിക്കുവാനും സാധിക്കുന്നുവെന്നത്. അതിന് പ്രധാന കാരണം ഒരു ദൗത്യസംഘത്തിലെ കണ്ണികളാണവരെന്നതാണ്. ഇന്നലെയെ ഇന്നുമായും ഇന്നിനെ നാളെയുമായും ബന്ധപ്പെടുത്തുക എന്ന ചരിത്രപരമായ ദൗത്യമാണ് അവർ നിർവഹിച്ചത്. അതു കൊണ്ടുതന്നെ പഠിച്ചതും അറിഞ്ഞതും ജീവിത ശീലമാക്കുന്നതോടൊപ്പം പകർന്നു കൊടുക്കുന്നതിനും അവർ പ്രചോദിതരായി. ആദ്യ കാലങ്ങളിൽ നബിചര്യയും ചരിത്രവും മൊത്തത്തിൽ സ്വഹാബികൾ മന:പാഠമാക്കിയിരുന്നു. അവരെല്ലാവരും ചേരുമ്പോൾ നബിജീവിതവും ചര്യയും പൂർണമാകുന്നു.
ക്രോഡീകരണം
നബിചര്യയുടെയും നബിചരിത്രത്തിന്റെയും ക്രോഡീകരണം ഒന്നാം നൂറ്റാണ്ടിൽ തന്നെ ആരംഭിച്ചിട്ടുണ്ട്. നബി ചരിത്രം ക്രോഡീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഒന്നാം നൂറ്റാണ്ടിൽ സ്വഹാബികൾ തന്നെയാണ് തുടക്കമിട്ടത്. അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ), അബ്ദുല്ലാഹിബ്‌നു അംറുബ്‌നുൽ ആസ്വ് (റ), ബറാഉബ്‌നുആസിബ്(റ) തുടങ്ങിയവർ നബിചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധിക്കുകയുണ്ടായി. ഖലീഫ ഉമറുബ്‌നു അബ്ദിൽ അസീസ്(റ) ഹദീസ് ക്രോഡീകരണത്തിന് നിർദേശം നൽകുകയുണ്ടായി. നബിചര്യയും നബിചരിത്ര ഭാഗങ്ങളും ഒന്നിച്ചായിരുന്നു തുടക്കത്തിൽ ക്രോഡീകരിച്ചിരുന്നത്. ഈ മേഖലയിൽ സമുദായം ഏറെ മുന്നോട്ടുപോയി.
മഗാസീ എന്ന പേരിലാണ് തുടക്കത്തിൽ നബി ചരിത്രം പൊതുവെ അറിയപ്പെട്ടിരുന്നത്. സീറ(ചരിത്രം)യുടെ പര്യായം പോലെയാണ് മഗാസീ പരിഗണിക്കപ്പെട്ടിരുന്നത്. നബി(സ്വ)യുടെ സമര ജീവിതം മുഖ്യപ്രമേയമായതിനാലാണ് അങ്ങനെ പ്രയോഗിക്കപ്പെട്ടത്. നബിചര്യകൾ മൊത്തത്തിൽ ക്രോഡീകരിക്കുന്ന രീതിയിൽ നിന്ന് മാറി അവിടത്തെ ജീവചരിത്രം വേറിട്ടവതരിപ്പിക്കുന്ന ശൈലിയുടെ തുടക്കമായിരുന്നു അത്. തുടർന്ന് മഗാസീ ജീവചരിത്രത്തെയും ഹദീസ് നബിചര്യയെയും ഉദ്ദേശിച്ചു പ്രയോഗിക്കപ്പെട്ടു. സീറതുബ്‌നി ഇസ്ഹാഖ്(റ) എന്ന് പ്രയോഗിക്കുന്ന സീറയും മഗാസീ എന്നാണ് ആദ്യത്തിലറിയപ്പെട്ടത്.
ഖലീഫ മൻസ്വൂറിന്റെ നിർദേശപ്രകാരം തയ്യാറാക്കിയ നബിചരിത്രം മഗാസീ എന്നായിരുന്നു അറിയപ്പെട്ടത്. പിന്നീടത് പരിഷ്‌കരിക്കുകയുണ്ടായി. അപ്പോഴും മഗാസീ എന്നു തന്നെയായിരുന്നു വിശേഷിപ്പിക്കപ്പെട്ടത്. അതിന്റെ ആദ്യരൂപത്തിൽ ആദം നബി(അ) മുതൽ അദ്ദേഹത്തിന്റെ കാലം വരെയുള്ള ചരിത്രമാണ് വിവരിച്ചിരുന്നത്. എന്നിട്ടും അത് മഗാസീ എന്നു തന്നെ വിളിക്കപ്പെട്ടു. നബി(സ്വ)യുടെ മദീന ജീവിതത്തെയും നടപടി ക്രമങ്ങളെയുമാണ് മഗാസീ എന്ന തലക്കെട്ടിൽ വിവരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ഏതായാലും മഗാസീ എന്നത് സീറത്തുന്നബിയുടെ പൂർവ പ്രയോഗമാണ്. പിന്നീടാണത് സമര ജീവിതത്തെ പ്രത്യേകമായി ഉദ്ദേശിച്ച് പ്രയോഗിച്ചു തുടങ്ങിയത്.
ആദ്യകാല നബിചരിത്രകാരൻമാർ മദീനത്തുകാരായിരുന്നു. രണ്ടാം നൂറ്റാണ്ടിലാണ് ഇതരദേശക്കാർ നബിചരിത്ര ക്രോഡീകരണ രംഗത്തേക്കു വരുന്നത്. ഹദീസ് പണ്ഡിതനും മദീനയിലെ ഏഴ് പ്രസിദ്ധ കർമശാസ്ത്ര വിശാരദരിലൊരാളുമായ ഉർവതുബ്‌നു സ്സുബൈർ(റമരണം ഹിജ്‌റ 93), ആമിറുബ്‌നു ശറാഹീലുശ്ശഅബീ(റമരണം ഹി: 103), അബാൻ ഇബ്‌നു ഉസ്മാൻ(റമരണം ഹി: 105), ചരിത്ര പണ്ഡിതനായ വഹബ് ബ്‌നു മുനബ്ബിഹ്(റമരണം ഹി: 114), നബിയുടെ സമര ചരിത്രത്തിൽ വലിയ ജ്ഞാനമുണ്ടായിരുന്ന ശുറഹ്ബീലുബ്‌നു സഅ്ദിൽ ഖത്മീ അൽമദനീ(റമരണം ഹി: 123) എന്നീ താബിഈ പണ്ഡിതൻമാർ നബിചരിത്ര ക്രോഡീകരണത്തിലെ മുൻനിരക്കാരാണ്. സ്വഹാബികളിൽ നിന്ന് നബി(സ്വ)യെ കുറിച്ചും അനുയായികളെ കുറിച്ചും നേരിട്ടറിഞ്ഞതാണ് അവർ പിൽക്കാലക്കാർക്ക് കൈമാറിയത്.
ആസ്വിമ്‌നു ഉമറുബ്‌നി ഖത്താദ(റമരണം ഹി: 120), മുഹമ്മദ്ബ്‌നു ശിഹാബ് അസ്സുഹ്‌രി(റമരണം ഹി: 124), അബ്ദുല്ലാഹിബ്‌നു അബീബക്ര്! അൽഅൻസ്വാരി(റമരണം ഹി: 125) എന്നീ മൂന്നു പേർ അടുത്ത ശ്രേണിയിൽ വരുന്നു. നബിചരിത്ര വിശാരദനും ഉന്നത പണ്ഡിതനുമായിരുന്നു ആസ്വിം(റ). ഖലീഫ ഉമറുബ്‌നു അബ്ദിൽ അസീസ്(റ) ഡമസ്‌കസിലെ പള്ളിയിൽ നബി ചരിത്രവും സ്വഹാബത്തിന്റെ വ്യക്തി വിശേഷങ്ങളും വിവരിക്കാൻ അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പ്രസിദ്ധ മഗാസീസീറ പണ്ഡിതരും ഗ്രന്ഥകാരൻമാരുമായ ഇബ്‌നു ഇസ്ഹാഖ്(റ), വാഖിദി(റ) തുടങ്ങിയവർ ആസ്വിം(റ)വിന്റെ വിവരണം സ്വീകരിച്ചിട്ടുണ്ട്.
പ്രസിദ്ധ ഹദീസ് പണ്ഡിതനായ ഇമാം സുഹ്‌രി(റ)യുടേതാണ് ആദ്യത്തെ ഹദീസ് ശേഖരണം. ആദ്യസീറയും അദ്ദേഹത്തിന്റേതു തന്നെ. അതാണ് ഏറ്റവും വിശിഷ്ടവും വിശ്വസ്തവുമായ റകൃതിയെന്ന് പണ്ഡിതർക്കഭിപ്രായമുണ്ട്. ഇബ്‌നു ഇസ്ഹാഖ്(റ) അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെയും വിവരണങ്ങളെയും തന്റെ സീറതുന്നബിയിൽ അവലംബിക്കുകയുണ്ടായി. അബ്ദുല്ലാഹിൽ അൻസ്വാരീ(റ) പണ്ഡിതനും വിശ്വസ്തനായ ഹദീസ് വിശാരദനുമായിരുന്നു. ധാരാളം നിവേദനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ഇബ്‌നു ഇസ്ഹാഖ്(റ), ഇബ്‌നു സഅ്ദ്(റ), ചരിത്രകാരനും ഖുർആൻ വ്യാഖ്യാതാവുമായ ഇമാം ത്വബ്‌രി(റ) തുടങ്ങിയവർ അബ്ദുല്ലാഹിൽ അൻസ്വാരി(റ)യുടെ ഗ്രന്ഥങ്ങളെയും വിവരണങ്ങളെയും അവലംബിച്ചിട്ടുണ്ട്.
ഹിജ്‌റ 141ൽ വഫാതായ മൂസബ്‌നു ഉഖ്ബ(റ), ഹിജ്‌റ 151ൽ വഫാതായ മുഹമ്മദ്ബ്‌നു ഇസ്ഹാഖിൽ മുത്ത്വലിബി(റ), ഹിജ്‌റ 150ൽ വഫാതായ മഅ്മറുബ്‌നു റാശിദ്(റ), ഹിജ്‌റ 208ൽ വഫാതായ മുഹമ്മദ്ബ്‌നു ഉമർ അൽവാഖിദി (റ), ഹിജ്‌റ 218ൽ വഫാതായ മുഹമ്മദ് അബ്ദുൽ മലിക്ബ്‌നു ഹിശാം(റ) എന്നിവർ ഈ ചരിത്രവിഭാഗത്തെ സമ്പുഷ്ടമാക്കിയവരിൽ പ്രധാനികളത്രെ. ദീർഘ യാത്രകൾ നടത്തിയും മറ്റും അമൂല്യ വിവരങ്ങൾ ശേഖരിച്ചാണ് അവർ മുസ്‌ലിം ഉമ്മത്തിന് നബിചരിത്രം പകർന്നു കൊടുത്തത്.
ചരിത്ര സ്രോതസ്സുകൾ
നബിചരിത്രത്തിന്റെ സ്രോതസ്സുകൾ വിശുദ്ധ ഖുർആൻ, ഹദീസ്, പൂർവികർ ക്രോഡീകരിച്ച പൊതുചരിത്ര ഗ്രന്ഥങ്ങൾ, നബിചരിത്ര വിഭാഗത്തിലെ ഗ്രന്ഥങ്ങൾ എന്നിവയാണ്. ഇവയെല്ലാം കൂടിച്ചേരുമ്പോൾ നബിചരിത്രത്തിന്റെ എല്ലാ ഭാഗങ്ങളും മനസ്സിലാക്കാം. ഈ വിധത്തിലുള്ള സ്രോതസ്സുകൾ നബിചരിത്രത്തിന്റെ പ്രത്യേകതയാണ്. ഖുർആനും ഹദീസും നമുക്ക് ലഭിച്ച കൃത്യമായ ഒരു വഴിയുണ്ട്. അവ പ്രാമാണികവും സത്യവുമാണ്. നബിചരിത്രവും പൊതുവായ ചരിത്രവും ലഭ്യമായ വഴികളും കൃത്യമാണെന്ന് ഗ്രന്ഥകാരൻമാരുടെ രചനാ രീതിയിൽ നിന്ന് തന്നെ വ്യക്തമാണ്. കരുത്തുറ്റ അടിസ്ഥാനത്തിൽ സ്ഥാപിതമായ വിജ്ഞാന ശാഖയാണ് നബിചരിത്രമെന്നർത്ഥം.
ഖുർആൻ ഒരു ചരിത്ര ഗ്രന്ഥമല്ല. എന്നാൽ നബിയുടെ ജീവിതവും നിയോഗ നിർവഹണവുമായും ബന്ധപ്പെട്ട സംഭവങ്ങളെയും രംഗങ്ങളെയും ഖുർആൻ സൂചിപ്പിക്കുകയോ വിവരിക്കുകയോ ചെയ്തത് ധാരാളമുണ്ട്. ഹദീസ് പ്രവാചകരുടെ ജീവിതത്തെ തന്നെയാണ് അവതരിപ്പിക്കുന്നതെന്നതിനാൽ അവയിൽ നബിജീവിതത്തിന്റെ വിവിധ വശങ്ങൾ കൃത്യവും വിശാലവുമായി കാണാനാവും. ഉപരി സൂചിപ്പിച്ച ചരിത്രകാരൻമാരും അവരുടെ ഗ്രന്ഥങ്ങളും നബിചരിത്രത്തിന്റെയും പൊതുചരിത്രത്തിന്റെയും അടിസ്ഥാന ബന്ധത്തെ സുഭദ്രമാക്കുന്നതിൽ പ്രധാന കണ്ണികളാണ്. അവരുടെ ഗ്രന്ഥങ്ങൾ പൂർണമായ രൂപത്തിൽ ഇന്ന് ലഭ്യമല്ലെങ്കിലും അവയെ അവലംബിച്ചും ഉപജീവിച്ചുമാണ് പിൽക്കാലത്ത് നബിചരിത്ര രചന നടന്നിട്ടുള്ളത്.
നബിചരിത്ര ഗ്രന്ഥങ്ങളെ ഉള്ളടക്കത്തിനനുസരിച്ച് പ്രധാനമായും സീറകൾ, ശമാഇലുകൾ, മഗാസീ, ദലാഇലുകൾ, ഖസ്വാഇസ്വുകൾ എന്നിങ്ങനെ വേർതിരിക്കാം. ഹുഖൂഖ്, മൗലിദ് തുടങ്ങി നബിചരിത്രത്തിൽ ഉൾപ്പെടുന്ന ഭാഗങ്ങളുമുണ്ട്. ജന്മസ്ഥലം, പ്രവർത്തന കേന്ദ്രം, അന്ത്യവിശ്രമ സ്ഥലം തുടങ്ങിയവ വിശദീകരിക്കുന്ന ഗ്രന്ഥങ്ങളുമുണ്ട്. മഗാസീയും സീറകളും നബി(സ്വ)യുടെ പൊതുചരിത്ര വിഭാഗത്തിലാണുൾപ്പെടുക. കാലാനുക്രമത്തിൽ തിയ്യതി കുറിച്ചിട്ടില്ലെങ്കിലും ക്രമമായ അവതരണരീതിയാണതിനുണ്ടാവുക.
തിരുനബി(സ്വ)യുടെ അമാനുഷികതകളും പ്രവാചകത്വ പ്രമാണങ്ങളും വിവരിക്കുന്ന വിഭാഗമാണ് ദലാഇലുകൾ. അവിടുത്തെ സ്വഭാവവും ചര്യകളും വിവരിക്കുന്ന വിഭാഗമാണ് ശമാഇൽ. നബി(സ്വ)യുടെ ശാരീരിക, ആത്മീയ, ബാഹ്യ, ആന്തരിക സൗന്ദര്യങ്ങൾ വിവരിക്കുന്ന ഖസ്വാഇസ്വുകൾ ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങൾ ശമാഇലിന്റെ ഭാഗമായി പരിഗണിക്കാവുന്നതാണ്.
ജനനവും അതിന്റെ ആമുഖ അനുബന്ധ കാര്യങ്ങളും വിവരിക്കുന്ന ശാഖയാണ് മൗലിദ്. ഇമാം നാസ്വിറുദ്ദീനിദ്ദിമിശ്ഖി(റ)യുടെ ജാമിഉൽ ആസാറി ഫിസ്സിയറി വമൗലിദിൽ മുഖ്താർ ഈ വിഭാഗത്തിൽ പെട്ടതാണ്. എട്ട് വാള്യങ്ങളുള്ള ബൃഹത്തായ ഗ്രന്ഥമാണിത്. നബി(സ്വ)യോട് വിശ്വാസികൾക്കുള്ള ബാധ്യതകൾ വിവരിക്കുന്ന വിഭാഗമാണ് ഹുഖൂഖുകൾ എന്ന് പറയുന്നത്. ഖാളീ ഇയാള്(റ)വിന്റെ അശ്ശിഫാ ബിതഅ്‌രീഫി ഹുഖൂഖിൽ മുസ്ത്വഫാ ഈ ഇനത്തിൽ പെട്ടതാണ്.
ദലാഇലുന്നുബുവ്വ, അഅ്‌ലാമുന്നുബുവ്വ, അഅ്‌ലാമു റസൂലില്ലാഹി, ആയാതുന്നബി, തസ്ബീതു ദലാഇലിന്നുബുവ്വ, ഖസ്വാഇസ്വുന്നബി, ഖസ്വാഇസ്വു അഫ്‌ളലിൽ മഖ്‌ലൂഖീൻ, അൽഖസ്വാഇസ്വുൽ കുബ്‌റാ, സ്വിഫത്തുന്നബീ, സ്വിഫതു അഖ്‌ലാഖിന്നബീ, അശ്ശമാഇലുന്നബവിയ്യ വൽ ഖസ്വാഇസ്വുൽ മുസ്ഥഫവിയ്യ, അഖ്‌ലാഖുന്നബീ, അഖ്‌ലാഖുന്നബി വആദാബുഹു, ശറഫുൽ മുസ്വ്ത്വഫാ, ശമാഇലുന്നബീ എന്നിങ്ങനെ പേരുകൾ തന്നെ ഇനം വ്യക്തമാക്കുന്ന ഗ്രന്ഥങ്ങളുണ്ട്.
ഹിജ്‌റ 942ൽ വഫാതായ ഇമാം ശംസുദ്ദീൻ അബൂഅബ്ദില്ലാ മുഹമ്മദ്ബ്‌നു യൂസുഫ് അസ്സ്വാലിഹീ അശ്ശാമി(റ)യുടെ സുബുലുൽ ഹുദാ വർറശാദ് ഫീ സീറതി ഖൈറിൽ ഇബാദ് എന്ന കൃതി വളരെ വിശാലമായിത്തന്നെ നബി(സ്വ)യുടെ ചരിത്രവുമായി ബന്ധപ്പെട്ട എല്ലാ ശാഖകളും ചർച്ച ചെയ്യുന്നുണ്ട്. അതിന്റെ ആമുഖത്തിൽ അദ്ദേഹം പറയുന്നു: ഇത് മുന്നൂറിലധികം ഗ്രന്ഥങ്ങളിൽ നിന്നു ശേഖരിച്ചിട്ടുള്ള വിവരങ്ങളാണ്. സത്യമായതു മാത്രം അവതരിപ്പിക്കുന്നതിൽ ഞാൻ വളരെ നിഷ്‌കർഷ പുലർത്തിയിട്ടുണ്ട്. റസൂൽ(സ്വ)യുടെ ശ്രേഷ്ഠതകളാകുന്ന പാരാവാരത്തിൽ നിന്ന് ഏതാനും തുള്ളികൾ ഞാനിതിൽ വിവരിക്കുന്നു (സുബുലുൽ ഹുദാ വർറശാദ് 1/3).
അല്ലാമാ ശൈഖ് യൂസുഫുന്നബ്ഹാനീ വിശ്വപ്രസിദ്ധ മുഹദ്ദിസുകളും മുഫസ്സിറുകളും ചരിത്രകാരൻമാരും പ്രവാചക സ്‌നേഹികളുമായ 72 പണ്ഡിതന്മാരുടെ 90 ഗ്രന്ഥങ്ങളിൽ 26 എണ്ണം പൂർണമായും മറ്റുള്ളവയിൽ നിന്നു വിഷയ സംബന്ധമായ ഭാഗങ്ങളും ഉൾപ്പെടുത്തി ക്രോഡീകരിച്ചിട്ടുള്ള ജവാഹിറുൽ ബിഹാർ ഫീഫളാഇലിന്നബിയ്യിൽ മുഖ്താർ അമൂല്യമായൊരു ക്രോഡീകരണമാണ്. നാലു വാള്യങ്ങളുള്ള ഗ്രന്ഥം ഇപ്പോൾ ഇന്ത്യയിലും പ്രസിദ്ധീകരിക്കുന്നുണ്ട്.
സൂക്ഷ്മതയും വിമർശനങ്ങളും
ചരിത്രഗ്രന്ഥങ്ങൾ രചിക്കുന്നതിലും ക്രോഡീകരിക്കുന്നതിലും കണിശമായ നിലപാട് സ്വീകരിക്കാൻ സാധിച്ചിട്ടില്ലാത്ത ചിലർ രംഗത്തു വന്നിട്ടുണ്ട്. മുൻഗാമികളിൽ നിന്നും പിൻഗാമികളിൽ നിന്നും വിമർശനങ്ങളേൽക്കേണ്ടി വന്നിട്ടുമുണ്ട്. പൂർവികരും ആധുനികരുമായ ചരിത്രകാരൻമാരിൽ ചിലർ പലപ്പോഴും നിക്ഷിപ്ത താൽപര്യമുള്ളവരോ പ്രവാചക വ്യക്തിത്വത്തിന്റെ പൊരുൾ ഗ്രഹിക്കാത്തവരോ ആണെന്നാണതിന്റെ കാരണം.
പ്രവാചകൻമാരുടെയും സ്വഹാബിവര്യൻമാരുടെയും ചരിത്രരചനയിൽ സൂക്ഷ്മത പുലർത്താത്ത ചരിത്രകാരനാണ് മുഹമ്മദ് ഖുള്‌രി. ഇദ്ദേഹത്തിന്റെ ചരിത്രസമീപനത്തിലെ നല്ലതല്ലാത്ത രീതിയെ നിരൂപിച്ചു കൊണ്ട് പ്രമുഖ ചരിത്രകാരനും പണ്ഡിതപ്രമുഖനുമായ അല്ലാമാ മുഹമ്മദുൽ അറബി അത്തബാനീ(റ) രണ്ടു വാള്യങ്ങളുള്ള ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. തഹ്ദീറുൽ അബ്ഖരീ മിൻ മുഹാളറാതിൽ ഖുള്‌രി എന്നും ഇഫാദതുൽ അഖ്‌യാർ ബിബറാഅതിൽ അബ്‌റാർ എന്നും അതറിയപ്പെടുന്നു.
അൽജീരിയയിൽ ജനിച്ച് മക്കയിൽ താമസമാക്കിയ ഇദ്ദേഹം മക്കയിലെ മദ്‌റസതുൽ ഫലാഹ് എന്ന മഹത്തായ സ്ഥാപനത്തിലെ ഗുരുവര്യരായിരുന്നു. ധാരാളം ഗ്രന്ഥങ്ങളുടെ കർത്താവും. ഇദ്ദേഹത്തിന്റെ ഗ്രന്ഥത്തിന് സയ്യിദ് അലവി മാലിക്കി അടക്കമുള്ള വിശ്വപണ്ഡിതർ അവതാരികയെഴുതിയിട്ടുണ്ട്. അതിലദ്ദേഹം ഖുള്‌രി, ഹൈകൽ, ശൽതൂത്, മുഹമ്മദ് അബ്ദു, റശീദ് രിള തുടങ്ങിയ മുസ്‌ലിം എഴുത്തുകാരുടെയും ജുർജീസൈദാനെ പോലുള്ളവരുടെയും അടിസ്ഥാനരഹിതവും അജ്ഞതാപൂർണവുമായ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രധാനമായും ഖുള്‌രിയുടെ മുഹാളറകളെ അടിസ്ഥാനപ്പെടുത്തിയാണു ചർച്ചയെന്നു മാത്രം.
തിരുനബി(സ്വ)യെ കേവലമൊരു പ്രവാചകൻ മാത്രമായി കണ്ടു ചരിത്രരചന നടത്തുന്ന പ്രവണത ഇന്നു കാണുന്നുണ്ട്. ഓറിയന്റലിസത്തിന്റെ സ്വാധീനമാണതിനു കാരണം. ഉപരി പരാമർശിച്ച വ്യക്തികളും അവരുടെ കൃതികളും ഈ ഗണത്തിൽ പെടുന്നവയാണ്. ബുദ്ധിക്ക് അപ്രമാദിത്വം കൽപിച്ച് രംഗത്തെത്തിയ ഇസ്‌ലാഹികൾ പൊതുവെ നബിചരിത്രം നിരൂപിക്കുക മാത്രമല്ല ചെയ്തത്, നിഷേധിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും തിരുത്തുകയുമാണ്.
അതിന്റെ തുടർച്ചക്കാരായ ചിലരെ നമ്മുടെ നാട്ടിലും കാണാം. നബിതങ്ങളെന്ന മഹോന്നത വ്യക്തിത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ചകൾ വീരാരാധനയും വ്യക്തിപൂജയുമാണെന്ന് പറയുന്നവരും ഇസ്‌ലാമിന്റെ പേരിൽ തന്നെ നമുക്കിടയിലുണ്ട്. തീരെ നിലവാരമില്ലാത്ത തർക്കവിതർക്കങ്ങളിലേക്ക് അനാവശ്യമായി ജനങ്ങളെ നയിക്കുന്ന ഇത്തരം സമീപനങ്ങൾ ആശാസ്യമല്ല.
അഫ്ഗാനിയെയും മുഹമ്മദ് അബ്ദുവിനെയും റശീദ് രിളയെയും നവോത്ഥാന നായകരാക്കി മതയുക്തിവാദികളായി നടിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് അത്ഭുതമല്ല. നബിയുടെ സവിശേഷതകളും അമാനുഷികതകളും മുഴുവനായി അംഗീകരിക്കാൻ അവർക്ക് കഴിയില്ല
പ്രമാണമാണ് നബിചരിത്രം
മനുഷ്യന്റെ വരക്കും വർണനക്കും അതീതനായ പുണ്യറസൂൽ(സ്വ)യെ സംബന്ധിച്ചുള്ള പ്രയോഗങ്ങളെക്കുറിച്ചും നബിതങ്ങളോടുള്ള സമീപനത്തിലെ ന്യായാന്യായങ്ങളെക്കുറിച്ചും അനാവശ്യമായ ചർച്ചയിലേർപ്പെടാൻ വിശ്വാസിക്ക് സാധിക്കില്ല. പ്രപഞ്ചനാഥൻ തന്റെ സ്വന്തം വിശേഷണ നാമങ്ങൾ ചാർത്തി ആദരിച്ചവരാണ് തിരുനബി(സ്വ). അവിടത്തെ വാഴ്ത്തുന്നതു സ്‌നേഹപ്രചോദിതമായാണ്. പ്രണയാദരങ്ങളുടെ വിശാല ലോകത്തു നിന്ന് സ്‌നേഹിക്കാനും ബഹുമാനിക്കാനുമറിയുന്ന മനസ്സുകൾക്കേ അത് ഗ്രഹിക്കാനാവൂ. തിരുദൂതരുടെ ഉത്തമശിഷ്യരായ സ്വഹാബിവര്യരിൽ നിന്നുണ്ടായതും അവിടുത്തെ അംഗീകാരമുള്ളതുമായ പ്രവർത്തന, സമീപനങ്ങളാണതിനു മാനദണ്ഡമാവേണ്ടത്.
കേവലമായ ചരിത്ര സമീപനമല്ല നബിചരിത്രത്തോട് വിശ്വാസികൾ പുലർത്തേണ്ടത്. ഒരു പ്രവാചകന്റെ ജീവിതദർശനം മാത്രം പ്രാധാന്യവൽക്കരിക്കുന്ന രീതിയല്ല വിശ്വാസികളുടേത്. പ്രവാചക വ്യക്തിത്വത്തിനും വ്യക്തിക്കും പ്രാധാന്യമുണ്ട്. യഥാർത്ഥത്തിൽ വ്യക്തിയിൽ കൂടിയാണ് ജീവിത ദർശനത്തെ സമീപിക്കേണ്ടതും മനസ്സിലാക്കേണ്ടതും. അല്ലാഹു അമ്പിയാ മുർസലുകളെ നിയോഗിച്ച രീതിയിൽ ഇത് പ്രകടമാണ്. അവർ പാഠങ്ങൾ നൽകുക മാത്രമല്ല ചെയ്തത്. ജീവിതമാതൃക സമർപ്പിക്കുകയായായിരുന്നു. അവരുടെ ജീവിതവും ദർശനവും പരസ്പരം പൊരുത്തപ്പെടുന്നതായിരിക്കും. അതിനാൽ തന്നെ മാതൃകാ പുരുഷൻമാരായി ദൗത്യം നിർവഹിക്കാനേൽപിക്കപ്പെട്ടവരുടെ ജീവിതത്തിന്റെ മുഴുവൻ മേഖലകളിലും അധ്യാപന പ്രധാനമായ കാര്യങ്ങളാണുണ്ടാവുക. മാനുഷികമായ സ്വകാര്യതകളിൽ അവരുടെ ദൗത്യ നിർവഹണ രംഗത്ത് സഹായകവും അനുകൂലവുമായ സവിശേഷതകളും ആദരവുകളുമുണ്ടാകും. അമ്പിയാക്കളിൽ വിശ്വസിക്കുക എന്നതിന്റെ ഭാഗവും അനിവാര്യതയുമാണ് അവരെ പിന്തുടരുകയെന്നത്.
നബിചര്യ മതത്തിൽ പ്രമാണമാകുന്നത് മുഖ്യസ്ഥാനീയമായിട്ടാണ്. മതത്തിന്റെ മാതൃകയും മതനിയമങ്ങളുടെ പ്രബോധകരുമാണ് നബിമാർ. അതുകൊണ്ടു തന്നെ നബിചരിത്രം അറിയേണ്ടത് വിശ്വാസിക്കനിവാര്യമാണ്. പ്രവാചകരോടുള്ള ബാധ്യതകളും നബിയുമായി ബന്ധപ്പെട്ട സാധ്യതകളും കൃത്യമായി നിർവഹിക്കണമെങ്കിൽ അവിടത്തെ അറിഞ്ഞ് ആദരിക്കുകയും സ്‌നേഹിക്കുകയും വേണം. നബി(സ്വ)യെ കുറിച്ചറിയാനും പഠിക്കാനും ലഭ്യവും സാധ്യവുമായ മാർഗങ്ങളുപയോഗപ്പെടുത്തണ മെന്നത് വിശ്വാസത്തിന്റെ താൽപര്യവും ഭദ്രതക്കാവശ്യവുമാണ്.
അലവിക്കുട്ടി ഫൈസി എടക്കര