നബിചരിത്ര ക്രോഡീകരണത്തിന് സ്വഹാബികളാണ് തുടക്കം കുറിച്ചത്. മുആവിയ(റ)ന്റെ ഭരണനാളുകളിൽ വിപുലമായ രീതിയിൽ നബിചരിത്രമെഴുത്തും സമാഹരണവും ആരംഭിച്ചു. തിരുപരമ്പരയെ കുറിച്ച് ഇബ്‌നു അബ്ബാസ്(റമരണം ഹിജ്‌റ: 68)ന്റെ വിവരണം പല ചരിത്ര ഗ്രന്ഥങ്ങളിലും ഉദ്ധരിച്ചിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു അംറുബ്‌നുൽ ആസ്വ്(റമരണം ഹി: 63), ബറാഉബ്‌നു അസീബ്(റ-ഹി: 74) തുടങ്ങിയവർ നബിചരിത്രത്തിന്റെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തിയവരാണ്. ശേഷം താബിഉകളും പിൻഗാമികളും ഈ രംഗത്ത് ശോഭിച്ചു. വഹബ് ബ്‌നു മുനബ്ബഹ്(ഹി: 110), മൂസബ്‌നു ഉഖ്ബ(ഹി: 141), മഅ്മറുബ്‌നു റാശിദ്(ഹി: 213), ഇബ്‌നു ഇസ്ഹാഖ്(ഹി: 151), ഇബ്‌നു ഹിശാം(ഹി: 213), മുഹമ്മദ്ബ്‌നു സഅദ്(ഹി:230) തുടങ്ങിയവർ പ്രവാചക ചരിത്ര രചനയിൽ മാതൃകാപരമായ ഇടപെടലുകൾ നടത്തിയ പ്രമുഖരാണ്. പൗരാണികരും ആധുനികരുമായ നബിചരിത്രകാരൻമാർക്ക് അവരുടേതായ സമർത്ഥന രീതികളും വീക്ഷണങ്ങളും കാണാനാവും. ചരിത്രത്തെ സമീപിക്കുന്ന രീതിക്കനുസരിച്ച് എഴുത്തിൽ വിവിധ അഭിപ്രായങ്ങൾ സ്വാഭാവികം. ദഹബി പറയാത്തത് ഇബ്‌നു ഹിശാം പറയും. ഇവർ പറയാത്തത് മറ്റ് സീറാ ഗ്രന്ഥങ്ങളിലും തഫ്‌സീറുകളിലും കാണാം.
നബിചരിത്ര രചനയിൽ വേറിട്ട ശൈലിയും അപഗ്രഥനവും സ്വീകരിച്ച പ്രതിഭയാണ് ഇബ്‌നു ഹിശാം. അൽഇമാം അബൂമുഹമ്മദുൽ മാലിക് ബ്‌നു ഹിശാം എന്നാണ് പൂർണ നാമം. ബസ്വറയിലായിരുന്നു ജനനം. ജീവിച്ചത് മിസ്വ്‌റിലും. ഇമാം ശാഫിഈ(റ)യുമായി ഇബ്‌നു ഹിശാമിന് ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. അറബി ഭാഷയിലും വ്യാകരണത്തിലുമെല്ലാം അഗ്രേസരനായ ഇബ്‌നു ഹിശാമിന്റെ സീറത്തു ഇബ്‌നു ഹിശാം നബിചരിത്രത്തിലെ ശ്രദ്ധേയ രചനയാണ്. പ്രമുഖ ചരിത്രകാരനായ ഇബ്‌നു ഇസ്ഹാഖിനെയും മറ്റും ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ രചന. തന്റെ ചരിത്ര കണ്ടെത്തലുകൾ ഖാല ഇബ്‌നു ഹിശാം (ഇബ്‌നു ഹിശാം പറഞ്ഞു) എന്ന് പരാമർശിച്ചു കൊണ്ടാണ് അദ്ദേഹം രേഖപ്പെടുത്തുക. നാലു വാള്യങ്ങളിലായി രണ്ടായിരത്തോളം പേജുകളിൽ തിരുജീവിതം പരന്ന് കിടക്കുന്നു. ദഹബി, ത്വബ്‌റാനി, ഇബ്‌നു കസീർ, ഇബ്‌നുൽ അസീർ, ഇബ്‌നുൽ ജൗസി, മുബർദ് അടക്കമുള്ള പ്രമുഖരും ഇമാം ശാഫിഈ, ഇമാം അഹ്‌മദ്(റ) തുടങ്ങിയ ഇമാമുകളും ഉദ്ധരിച്ചതും അവതരിപ്പിച്ചതുമായ ചരിത്ര പ്രമേയങ്ങളാണ് സീറത്തു ഇബ്‌നു ഹിശാമിന്റെ താളുകളിൽ ഭൂരിഭാഗവും.
തിരുപരമ്പരയിൽ നിന്നാണ് ഒന്നാം വാള്യത്തിന്റെ തുടക്കം. ‘പരിശുദ്ധ പരമ്പര’ എന്ന ശീർഷകത്തിൽ നബിതിരുമേനിയോടുള്ള ആദരവിന്റെ പ്രകടനം ദൃശ്യമാണ്. ആമുഖത്തിൽ തന്റെ ശൈലിയെ കുറിച്ച് ഇബ്‌നു ഹിശാം എഴുതി: ‘ഇസ്മാഈൽ നബി(അ) മുതൽ മുഹമ്മദ് നബി(സ്വ) വരെയുള്ള പരമ്പരയാണ് ഞാനിവിടെ കുറിക്കുന്നത്. ഇസ്മാഈൽ നബി(അ)യുടെ മറ്റു പരമ്പരകൾ ഇവിടെ പരാമർശിക്കുന്നില്ല. നബിചരിത്രത്തിന്റെ സംഗ്രഹത്തിന് അത് ആവശ്യവുമാണ്. നബിചരിത്രവുമായി ബന്ധപ്പെട്ട് അനിവാര്യമല്ലാത്തതെന്ന് ഞാൻ മനസ്സിലാക്കിയ പലതും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. വസ്തുതയാണെന്ന് കൃത്യമായി ബോധ്യമുള്ളത് മാത്രമാണ് രചനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.’
ഇസ്മാഈൽ നബി(അ)യുടെ സന്താനങ്ങൾ, അറേബ്യൻ നാഗരികത, തുബ്ബഇന്റെ സംഭവം, യമൻ ജൂതൻമാർ, വിവിധ രാജാക്കന്മാരുടെ ഭരണങ്ങൾ, സംസ്‌കാരങ്ങൾ, അബ്‌റഹത്ത് സംഭവം, നൂഹ് നബി(അ)യുടെ സമൂഹം, അറേബ്യയിലെ വിവിധ ഗോത്രങ്ങൾ, ബിംബാരാധനകളുടെ ഉത്ഭവം തുടങ്ങിയ ചർച്ചകളാണ് ആദ്യ നൂറ് പേജുകളിൽ. നബി(സ്വ)യുടെ പിതാമഹൻമാർ, അവിടത്തെ മാതൃപരമ്പര, സംസം കിണർ കുഴിച്ചത്, കഅ്ബയുടെ അവകാശം ഇസ്മാഈൽ സന്താനങ്ങളിൽ, അബ്ദുൽ മുത്വലിബിന്റെ അധികാരം, ഹാശിമിന്റെ പ്രതാപം, അബ്ദുല്ല(റ)യുടെ വിവാഹം, ആമിന ബീവി(റ)യുടെ സ്വപ്‌നം, അബ്ദുല്ലയുടെ വഫാത് തുടങ്ങി നബിജന്മത്തിന് മുമ്പുള്ള പ്രധാന സംഭവങ്ങൾ നൂറ്റി എൺപത് വരെയുള്ള പേജുകളിൽ ചർച്ച ചെയ്യുന്നു.
ഇബ്‌നു ഇസ്ഹാഖ് അടക്കമുള്ള ചരിത്രകാരന്മാരുടെ വീക്ഷണങ്ങളിൽ നിന്ന് വേറിട്ട പ്രതിപാദനങ്ങളാണ് ചില ഭാഗങ്ങളിൽ ഇബ്‌നു ഹിശാം സ്വീകരിച്ചിട്ടുള്ളത്. തന്റെ സമർത്ഥനങ്ങൾക്ക് ആധികാരിക ലക്ഷ്യങ്ങൾ നിരത്തിയാണ് അദ്ദേഹത്തിന്റെ വിയോജിപ്പ്. ഭാഷയിലും സാഹിത്യത്തിലും അവതരണത്തിലുമെല്ലാം മാന്യതയും ആദരവും സംരക്ഷിച്ചു കൊണ്ടുള്ള വിശകലന രീതി മറ്റ് പല ചരിത്രകാരൻമാരിൽ നിന്നും ഇബ്‌നു ഹിശാമിനെ വേറിട്ട് നിർത്തുന്നു. ആമിന(റ) ഗർഭം ധരിച്ചത്, ബീവിയുടെ സ്വപ്നം, തിരുപ്പിറവി, ഹലീമ ബീവി(റ), നബിയുടെ മുലകുടി പ്രായം, ആമിന ബീവിയുടെ മരണം, അബ്ദുൽ മുത്വലിബിന്റെ മരണം, അബൂത്വാലിബിന്റെ സംരക്ഷണം, ശാം യാത്ര, ബഹീറാ സംഭവം, തിരുനബിയുടെ സ്വഭാവ ഗുണങ്ങൾ, ഗർഭം ചുമന്ന സമയത്ത് ആമിന ബീവിയിൽ പ്രകടമായ പ്രകാശം, നബിക്ക് മുലകൊടുത്തപ്പോൾ ഹലീമ ബീവിക്കുണ്ടായ അനുഭവങ്ങൾ എന്നിവയെല്ലാം ഇബ്‌നുഹിശാമിന്റെ ചർച്ചകളിൽ കടന്നുവരുന്നു.
തിരുജീവിതത്തിന്റെ വഴിത്തിരിവുകളാണ് തുടർ ചർച്ചകൾ. പ്രവാചക നിയോഗ കാലഘട്ടത്തിൽ ഉണ്ടായിരുന്ന നാഗരികത, ധാർമിക സാഹചര്യങ്ങൾ, പ്രവാചകത്വം, പ്രബോധന ഘട്ടങ്ങൾ, മക്കാ കാലഘട്ടം, ശത്രുക്കൾ, ശത്രുക്കളുടെ പ്രതിരോധ രീതികൾ, ഹബ്ശാ പലായനം, ത്വാഇഫ് യാത്ര, കഅ്ബ പുനർനിർമാണം, പ്രമുഖരുടെ ഇസ്‌ലാമിക പ്രവേശം തുടങ്ങിയവ സംഗ്രഹിക്കുന്നതോടൊപ്പം ആശയങ്ങൾ ചോർന്നുപോവാതെ ഗ്രന്ഥകാരൻ കൈകാര്യം ചെയ്യുന്നു. ചരിത്രവസ്തുതകൾ പറഞ്ഞുപോവുകയല്ല, അവയെ അപഗ്രഥിക്കുകയും ചർച്ചാവിഷയങ്ങളുമായി ബന്ധപ്പെട്ട കവിതകൾ ചേർത്തു മനോഹരമാക്കുകയും ചില കവിതകളെ നിരൂപിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ശൈലി.
തിരുജീവിതത്തിന്റെ അതിതീക്ഷ്ണ ഘട്ടങ്ങളാണ് രണ്ടാം വാള്യത്തിന്റെ ആമുഖ ഭാഗം. ശത്രുക്കളുടെ ക്രൂരപീഡനം, ഉപരോധം, അതിക്രമങ്ങൾ വിശദമായി ഇബ്‌നു ഹിശാം ചേർത്തുവെച്ചിട്ടുണ്ട്. അബൂലഹബ്, അബൂജഹൽ, ഉമയ്യത്തുബ്‌നു ഖലഫ്, ഉമ്മുജമീൽ, നള്‌റ് അടക്കമുള്ളവരുടെ ശാത്രവവും ഈ ഭാഗത്തു കാണാം. ഇസ്‌റാഅ്-മിഅ്‌റാജ്, അബൂത്വാലിബിന്റെയും ഖദീജ ബീവി(റ)യുടെയും വഫാത്, ഉടമ്പടികൾ, മദീന നിവാസികളുമായുള്ള പ്രബോധന ബന്ധം, ഹിജ്‌റ, മദീന ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ, കപട വിശ്വസികളുടെ അക്രമണം, ഇസ്‌ലാമിന്റെ വ്യാപനം, ബദ്ർ തുടങ്ങിയവയാണ് തുടർ ചർച്ചകൾ. എല്ലാം പ്രമാണങ്ങളുടെ പക്ഷത്തു നിന്ന് അവതരിപ്പിക്കുന്ന ഗ്രന്ഥകാരൻ ജൂതൻമാരുടെയും ക്രിസ്ത്യാനികളുടെയും ആരോപണങ്ങളും അവക്കുള്ള മറുപടികളും അതിസൂക്ഷ്മമായി അപഗ്രഥിച്ചിട്ടുണ്ട്. ചരിത്രത്തിന്റെ പരിധി വിട്ട് ഖുർആൻ വ്യാഖ്യാതാവിന്റെയും ഹദീസ് പണ്ഡിതന്റെയും കർമശാസ്ത്ര നിപുണന്റെയും പാടവത്തോടെയാണ് ജൂതക്രൈസ്തവ ആരോപണങ്ങളെ ഇബ്‌നു ഹിശാം നേരിട്ടത്.
മൂന്നും നാലും വാള്യങ്ങളിലെ സിംഹഭാഗവും ഇസ്‌ലാമിലെ സായുധ സംഘട്ടനങ്ങളുടെയും സമരങ്ങളുടെയും വിവരണങ്ങളാണ്. ഇബ്‌നു ഹിശാം അവിടെ സ്വീകരിച്ച പ്രതിപാദന ശൈലിക്ക് പ്രത്യേക സൗന്ദര്യമാണ്. ഇസ്‌ലാമിന്റെ സ്‌നേഹാഭിമുഖ്യവും മാനവികതയും എടുത്തുകാണിച്ച് ഓരോ സംഘട്ടനത്തിന്റെയും പശ്ചാത്തലങ്ങൾ പ്രമാണങ്ങൾ നിരത്തി വിശകലനം ചെയ്യുന്നു അദ്ദേഹം. അടിച്ചമർത്തപ്പെടുന്ന ഒരു ജനസമൂഹത്തിന്റെ നിലനിൽപിനു വേണ്ടിയുള്ള പ്രതിരോധം മാത്രമായിരുന്നു ഇസ്‌ലാമിലെ സമരങ്ങളെന്ന് ഇബ്‌നു ഹിശാം സമർത്ഥിക്കുന്നു. പ്രവാചകരുടെ സായുധ പോരാട്ടങ്ങളെ കുറിച്ചെഴുതുമ്പോൾ വിഷയങ്ങൾ സംഗ്രഹിക്കുന്നതിനിടയിൽ വന്നുപോകുന്ന ഭീമാബദ്ധം തിരിച്ചറിഞ്ഞാണ് അദ്ദേഹം ഈ വഴി സ്വീകരിച്ചതെന്ന് ബോധ്യപ്പെടുത്തുന്നതാണ് തന്റെ വിശകലനങ്ങൾ.
ശത്രുക്കളുടെ ചതികളും അക്രമങ്ങളും കൃത്യമായി വിവരിക്കുന്നതോടൊപ്പം പ്രവാചകൻ(സ്വ) കാണിച്ച സന്ധി കരാറുകളും സംഭാഷണങ്ങളുമെല്ലാം നിരവധി പേജുകളിൽ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. പ്രവാചക ജീവിതം സായുധ ഏറ്റുമുട്ടലുകളുടെ പരമ്പരയായിരുന്നുവെന്ന് വരുത്തിത്തീർക്കുന്ന ചരിത്ര നിർമാതാക്കൾക്ക് ഇബ്‌നുഹിശാമിന്റെ വിശകലനം ധന്യമായ മറുപടിയാണ്. നബിചരിത്രത്തിന്റെ ഉൾക്കൊള്ളൽ മുഖം പ്രകാശിപ്പിക്കുന്ന ഹുദൈബിയ്യ സന്ധിയും മക്ക പൂർണമായും കീഴടങ്ങിയിട്ടും തിരുനബി സ്വീകരിച്ച ഉദാത്ത മാതൃകകളുമെല്ലാം ഇബ്‌നുഹിശാം ചർച്ചയിൽ വിശദമാക്കുന്നുണ്ട്.
റസൂൽ(സ്വ)യുടെ വിവാഹം, ഇസ്‌ലാമിക പ്രബോധനത്തിന്റെ വിവിധ രീതികൾ, കള്ള പ്രവാചകൻമാരുടെ പുറപ്പാട്, ഹജ്ജത്തുൽ വദാഅ്, വമ്പൻ രാഷ്ട്രങ്ങൾ ഇസ്‌ലാമിനു കീഴിൽ വന്നത്, നബി(സ്വ)യുടെ വിയോഗം തുടങ്ങിയ പ്രധാന സംഭവങ്ങളുടെ ആവിഷ്‌കാരം രചയിതാവ് ക്രമീകരിച്ചത് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിന് കൂടുതൽ സഹായകമായ രീതിയിലാണ്. ഒരു പ്രമേയവുമായി ബന്ധപ്പെട്ട സംഗതികളെല്ലാം ഒരിടത്ത് തന്നെ കൈകാര്യം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി.
തിരുനബി(സ്വ)യുടെ അനുപമ വ്യക്തിത്വത്തെ പ്രകാശിപ്പിക്കുന്ന വിധത്തിലാണ് ഇബ്‌നു ഹിശാമിന്റെ രചന. നബിജീവിതത്തിൽ പലപ്പോളായി സംഭവിച്ച അസാധാരണ സംഭവങ്ങളെ പ്രത്യേകമായി തന്നെ അദ്ദേഹം പരിഗണിച്ചു. ബുദ്ധിക്കും യുക്തിക്കും യോജിക്കാത്തതെന്നും പ്രധാനികൾ ഉദ്ധരിക്കാത്തതെന്നും പറഞ്ഞ് അത്യാധുനികരായ ചിലർ തള്ളിക്കളയുന്ന പലതും ഇബ്‌നു ഹിശാം സമർത്ഥമായി അവതരിപ്പിക്കുന്നുണ്ട്. ഉദാ: ബഹീറാ സംഭവം. നിരവധി ചരിത്രഗ്രന്ഥങ്ങൾ ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഇബ്‌നു ഖയ്യിമിനെ പോലുള്ളവർ പുറംതിരിഞ്ഞത് പൊക്കിപ്പിടിച്ച് ബഹീറാ സംഭവം ബലഹീനമാണെന്നാണ് ചിലരുടെ പുതിയ കണ്ടുപിടുത്തം. എന്നാൽ പ്രാമാണികമായി തന്നെ ഇബ്‌നു ഹിശാം പ്രസ്തുത സംഭവം കൈകാര്യം ചെയ്തു. ദലാഇലുന്നുബുവ്വബൈഹഖി 371/1, മുസ്തദ്‌റക്ഹാകിം 215/2, സുനനു തുർമുദി 242/9, ഖസ്വാഇസുൽ കുബ്‌റസുയൂഥി 84/1 തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ ഇത് ശരിവെക്കുന്നുണ്ട്.
തിരുപദവിയോട് ആദരവു പുലർത്തിയാണ് ഇബ്‌നു ഹിശാം തലക്കെട്ടുകൾ ക്രമീകരിച്ചിട്ടുള്ളത്. പ്രവാചകത്വ ലബ്ധിയുടെയും വിയോഗത്തിന്റെയും ചർച്ചകളിൽ അത് കൂടുതൽ പ്രകടമാണ്. നബിചരിത്രത്തിൽ പ്രധാന അവലംബമായി പിൽക്കാലത്ത് പ്രസിദ്ധമായത് ഇബ്‌നുഹിശാമിന്റെ രചന തന്നെയാണ്. ഒരുപക്ഷേ അദ്ദേഹം അവലംബിച്ച ഇബ്‌നു ഇസ്ഹാഖിന്റെ സീറയുടെയും മുന്നിലാണ് ഇബ്‌നു ഹിശാമിന്റെ സീറയുടെ പദവി. പ്രമുഖരായ പലരും തങ്ങളുടെ ചരിത്രാവലംബമായി ഇബ്‌നു ഹിശാമിനെ കാണുന്നത് തന്നെ ഇതിന് തെളിവാണ്.
മുഹമ്മദിയ്യ വ്യക്തിത്വത്തിന്റെ ഉജ്ജ്വലതയും വ്യക്തിരിക്തതയും പ്രകാശിപ്പിക്കുമ്പോൾ മാത്രമേ ഇസ്‌ലാമിക ദർശനത്തിന്റെ സൗന്ദര്യം പ്രകടമാകൂ. ഈ മൗലിക സത്യം അവഗണിച്ച് ചരിത്ര രചന നടത്തിയവരിൽ നിന്ന് അദ്ദേഹം വേറിട്ട് നിൽക്കുന്നു. അനുയായികൾ നേരിട്ടനുഭവിച്ച നബിയെ പലയിടങ്ങളിലും ഗ്രന്ഥകാരൻ കാണിച്ചു തരുന്നുണ്ട്. അനുപമമായ നബിവ്യക്തിത്വം കണ്ടും അറിഞ്ഞും മനസ്സിലാക്കിയും ഇസ്‌ലാമിലേക്ക് കടന്നുവന്ന രാഷ്ട്രത്തലവൻമാരെയും ഇബ്‌നു ഹിശാം പരിചയപ്പെടുത്തുന്നു. അല്ലാഹുവിന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്നിടത്ത് സ്വീകരിച്ച ബുദ്ധിയും യുക്തിയും നബിജീവിതത്തിലെ ശ്രദ്ധേയമായ മാതൃകകളായിരുന്നു. ഇലാഹീ ദർശനങ്ങളുടെ മൂല്യവും തത്ത്വവും അനുയായികളിൽ നട്ടുവളർത്തിയ നബിമാതൃകകൾ എന്നും അത്ഭുതമാണ്. ഈ അടിസ്ഥാനങ്ങളിൽ ഊന്നി നിന്നാണ് ഇബ്‌നു ഹിശാം പ്രവാചക ചരിത്ര ഗ്രന്ഥരചന നടത്തിയത്.

അബ്ദുറഹ്‌മാൻ ദാരിമി സീഫോർത്ത്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ