ഇൻവാനുൽ ഉയൂൻ ഫീ സീറതിൽ അമീറിൽ മഅ്മൂൻ എന്ന അപര നാമത്തിലറിയപ്പെടുന്ന സീറതുൽ ഹലബിയ്യ നബിചരിത്രങ്ങളിൽ ഏറെ വ്യതിരിക്തവും നിരവധി സവിശേഷതകളുമുള്ള ഗ്രന്ഥമാമ്. ഹിജ്‌റ 987 (ക്രി. 1567)ൽ ജനിക്കുകയും ഹി. 1044 (ക്രി. 1635)ൽ വഫാതാവുകയും ചെയ്ത അലി ബിൻ ബുർഹാനുദ്ദീൻ ഹലബി ശാഫിഈയാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ രചയിതാവ്. വലിയ ചരിത്രപണ്ഡിതനും സാഹിത്യകാരനും ഗ്രന്ഥകാരനുമായ ഹലബി, ഒട്ടനവധി കനപ്പെട്ട ഗ്രന്ഥങ്ങൾ സമൂഹത്തിന് സമർപ്പിച്ചിട്ടുണ്ട്. മത്വാലിഉൽ ബുദൂർ ഫീ ഖവാഇദിൽ അറബിയ്യ, ഹാശിയതുൻ അലാ ശർഹിൽ മൻഹജ് ഫിൽ ഫിക്ങിശ്ശാഫിഈ, അഖ്ദുൽ മർജാൻ ഫീമാ യതഅല്ലഖുബിൻജാൻ, അൽവഫാ ലിശർഹി ശമാഇലിൽ മുസ്ത്വഫ, അൽ ഫജ്‌റുൽ മുനീർ ബി മൗലിദിൽ ബശീറിന്നദിർ, അല്ലത്വാഇഫ് അൻ അവാരിഫിൽ മആരിഫ് തുടങ്ങിയവയെല്ലാം മഹാനവർകളുടെ കൃതികളിൽ ചിലതാണ്.
വിരചിതമായ സീറാഗ്രന്ഥങ്ങളിൽ ഏറ്റവും സമഗ്രവും എന്നാൽ സംക്ഷിപ്തവുമാണെന്ന് പണ്ഡിതർക്കിടയിൽ വിഖ്യാതമായ കൃതിയാണ് ഹലബിയുടെ സീറ. പ്രഥമദൃഷ്ട്യാ വൈരുദ്ധ്യമായി തോന്നുന്ന ചരിത്രശകലങ്ങൾ വിശകലനം ചെയ്ത് അവയെ ഏകോപിപ്പിച്ച് കൃത്യമായ അഭിപ്രായപ്രകടനം നടത്തുന്ന ഗ്രന്ഥമെന്ന സവിശേഷതയും ഹലബിയക്കുണ്ട്.
തിരുനബി(സ്വ)യുടെ ജീവിത ചരിതം കാലഗണനപ്രകാരം ക്രമപ്പെടുത്തിയ ഒരു ഗ്രന്ഥം എന്നതിലുപരി പ്രവാചക സ്‌നഹേം ഗദ്യശകലങ്ങളായി ഒഴുകുന്ന വിശുദ്ധ കൃതിയാണ് ഹലബിയ അനുഭവപ്പെടുന്നത്. സന്ദർഭോചിതമായി തിരുനബി പ്രണയത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്ന കവിതകൾ ഗ്രന്ഥത്തിന്റെ പല ഭാഗങ്ങളിലും ചേർത്തത് മൂലം തിരുനബിയോടുള്ള അനുരക്തി വായനക്കാരുടെ മാനസങ്ങളിൽ സ്ഥാനം പിടിക്കാൻ കാരണമാകുന്നുണ്ട്. വിശിഷ്യാ, പ്രവാചക സ്‌നേഹ പ്രകീർത്തന കാവ്യശാഖയിൽ വ്യക്തിമുദ്രപതിപ്പിച്ച വിശ്രുത പണ്ഡിതനും പ്രവാചകാനുരാഗിയുമായ ഇമാം ബൂസ്വൂരി(റ)യുടെ കവനകലയുടെ വിസ്മയ പ്രയോഗം കൊണ്ട് പ്രസിദ്ധമായ ഖസീദ ഹാസിയയുടെ വരികൾ വായനക്കാരുടെ ഹൃദയങ്ങളിൽ തിരുനബി(സ്വ)യോടുള്ള വിശുദ്ധവും ആഗാധവുമായ പ്രേമബന്ധം ജനിപ്പിക്കുന്നുണ്ട്.
പ്രവാചക ജീവിത ചരിത്രമെഴുത്തിന്റെ സമ്പൂർണ്ണതക്കു മുന്നിൽ വിനയാന്വിതനായാണ് ഹലബി രചന തുടങ്ങുന്നത്. സമുദ്ര സമാനമായ വിജ്ഞാന കോശത്തെ ചെറിയ ഗ്രന്ഥങ്ങളിൽ ഒതുക്കിവെക്കുന്ന പ്രയാസം മുന്നിൽ കണ്ടുകൊണ്ടാവണം ആദ്യം അദ്ദേഹം ശങ്കിച്ചു നിന്നത്. ഞാൻ ിതിന് അർഹനല്ലെന്ന ബോധം മനസ്സിലുറപ്പിച്ചാണ് രചന തുടങ്ങുന്നതെന്ന് അദ്ദേഹം തന്നെ തുറന്ന് പറയുന്നുണ്ട്. വിശുദ്ധ പ്രവാചകരുടെ സംശുദ്ധ വംശപരമ്പര പരാമർശിച്ചാണ് കൃതിയുടെ ഔദ്യോഗിക തുടക്കം. മുത്ത് നബിയുടെ പിതാവിന്റെ നാമം അബ്ദുല്ല എന്നാണെന്നും അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പേര് അബ്ദുല്ല, അബ്ദുറഹ്‌മാൻ എന്നിവയാണെന്ന ഹദീസ് (മുസ്‌ലിം 2132) കൂടി ചേർത്തുവെച്ചും തിരുനബിയുടെ പിതാവിന്റെ മഹത്വം സൂചിപ്പിക്കുകയാണ് ഗ്രന്ഥകർത്താവ്. വിശുദ്ധ ഖുർആനും തിരുനബി(സ്വ)ക്ക് അബ്ദുല്ല എന്ന നാമകരണം ചെയ്തിട്ടുണ്ടെന്നാണ് പിന്നീട് പറയുന്നത്. അബ്ദുല്ല (അല്ലാഹുവിന്റെ ദാസൻ/ നബി(സ്വ) അല്ലാഹുവിനോട് പ്രാർത്ഥിക്കാനായി എഴുന്നേറ്റ് നിന്നപ്പോൾ അവർ അവിടുത്തെ ചുറ്റും തിങ്ങിക്കൂടാനൊരുങ്ങി എന്ന വിശുദ്ധ ഖുർആനിലെ 72-ാം അധ്യായത്തിലെ 19-ാം സൂക്തം കൂടി ഗ്രന്തത്തിലുദ്ധരിച്ചത് മുത്ത് നബി(സ്വ)യും പിതാവും ഖുർആനും ഹദീസുമെല്ലാം പരസ്പരം ആത്മബന്ധം വെച്ചുപുലർത്തുന്നുണ്ടെന്ന് തെളിയിക്കാനാണെന്ന് തോന്നുന്നുണ്ട്.
മുത്ത്‌നബിയുടെ പിതാമഹനായ അബ്ദുൽ മുത്വലിബിന്റെ നിരവധി സവിശേഷതകളാണ് പിന്നീട് എണ്ണിപ്പറയുന്നത്. ജാഹിലിയ്യാ കാലഘട്ടത്തിൽപോലും മദ്യം ഉപയോഗിക്കാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. ഖുറൈശി പ്രധാനിയും അശരണരുടെ അത്താണിയുമായിരുന്നു അബ്ദുൽ മുത്വലിബ്. സദ്ഗുണങ്ങൾ മക്കളിൽ വളർത്താൻ ശ്രമിക്കുകയും ദുർഗുണങ്ങൾ കൈവെടിയാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പിതാവായാണ് അബ്ദുൽ മുത്വലിബിനെ കാണുന്നത്. 140 വയസ്സ് വരെ ജീവിച്ച അദ്ദേഹം വിഗ്രാഹാരാധന നടത്തിയിട്ടില്ലെന്നും ഗ്രന്ഥകാരൻ വ്യക്തമാക്കുന്നുണ്ട്. (1/4). തിരുനബി(സ്വ)യുടെ വംശപരമ്പ സംശുദ്ധമാണെന്ന് സലക്ഷ്യസമർത്ഥനം നടത്തിയാണ് അവിടുത്തെ ജീവചരിത്രമെഴുത്തിന് തുടക്കമിടുന്നത്.
തിരുനബിയുടെ വംശപരമ്പരയുടെ വിശുദ്ധി സൂചിപ്പിച്ചതിനു ശേഷം അവിടുത്തെ മാതാപിതാക്കളുടെ വിവാഹ വിവരണമാണുള്ളത്. ശേഷം ആമിനാബീവിയുടെ ഗർഭധാരണവും ശേഷം ഉപ്പ, അബ്ദുല്ല(റ)യുടെ വിയോഗവും ശേഷം അവിടുത്തെ ജന്മവും വർണിക്കുന്നുണ്ട്. ആശ്ചര്യത്തിന്റെയും അത്ഭുതങ്ങളുടെയും ധ്വനി നിറയുന്ന ശൈലിയിലാണ് അവിടുത്തെ ആഗമനത്തെ വിവരിക്കുന്നത്. അബ്ദുല്ല(റ)വിൽനിന്ന് ആമിന ബീവിയുടെ ഗർഭാശയത്തിലെത്തിയ പുണ്യപ്രകാശം സൃഷ്ടിച്ച അത്ഭുതവ്യത്യാസങ്ങൾ ദർശിച്ച മഹതിക്ക് പ്രസവാനന്തരമുണ്ടായ സന്തോഷനിമിഷങ്ങൾ അനർഘമായിരുന്നു. (1/62).
തിരുനബിയുടെ നാമകരണവുമായി ബന്ധപ്പെട്ട ചർച്ചയാണ് പിന്നീട് വരുന്നത്. ജനിച്ച ഏഴാമത്തെ ദിവസം അഖീഖ അറവു തുടങ്ങിയതും കുഞ്ഞിന് നൽകിയ നാമം ഖുറൈശികളെ മുഴുവൻ അതിശയപ്പെടുത്തിയതുമെല്ലാം ഹലബി വിവരിക്കുന്നുണ്ട്. (1/78). പിന്നീട് തിരുനബിയുടെ മുലകുടി പ്രായമാണ് ഏറെ അതിശയകരമായി ഗ്രന്ഥകർത്താവ് വിവരിക്കുന്നത് തിരുനബിയെ മുലയൂട്ടിയ സുവൈസതുൽ അസ്‌ലമിയ, തിരുജന്മത്തിൽ സന്തുഷ്ടനായ അബൂലഹബ് മോചിപ്പിച്ച അടിമ സ്ത്രീയാണെന്ന കാരണത്താൽ എല്ലാ തിങ്കളാഴ്ചയും അബൂലഹബിന് ജലപാനം ലഭിക്കുമെന്ന സ്വഹീഹുൽ ബുഖാരിയിലും (5101) ഫത്ഹുൽ ബാരിയിലുമെല്ലാം (9/145) പരാമർശിച്ച ശിക്ഷായിളവും ഹലബി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. (1/84).
തിരുനബിയുടെ ശൈശവ ദശയിലെ അനിതര സാധാരണ സംഭവങ്ങളിലൂടെ കടന്നുപോകുന്ന കൃതി പിന്നീട് അവിടുത്തെ ഉമ്മയുടെ വഫാത്തും പിതൃവ്യൻ അബൂത്വാലിബിനൊപ്പമുള്ള അവിടുത്ത യാത്രകളും യാത്രയിലുണ്ടായ ശ്രേഷ്ട വിശേഷങ്ങളും പങ്കുവെക്കുന്നു. ശേഷം തിരുനബി(സ്വ)യുടെ സാമൂഹിക – വൈയക്തിക ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത അധ്യായമായിരുന്ന തിരുവിവാഹത്തെയാണ് വിവരിക്കുന്നത്. (1/140). സാമൂഹികമായും സാമ്പത്തികമായും മാനസികമായും സമൂഹത്തിൽ നിന്ന് സർവവിധ വ്യഥകളും നേരിട്ടിരുന്ന കാലത്ത് തിരുനബിക്കും ഇസ്‌ലാമിനും പിന്തുമയായി വർത്തിച്ച മഹതിയുടെ ഇഛാശക്തിയും സമ്പൂർണ സമർപ്പണവും അനാവൃതമാകുന്ന വിവരണമാണ് ഈ ഭാഗത്തിലുള്ളത്. ഉത്തമമായ ഒരു ഭാര്യയും പക്വമതിയായ ഒരു കുടുംബിനിയുമായി വർത്തിച്ച മഹതി ഒരു മാതൃകാ കുടുംബത്തിന്റെ അനുപമ ഉദാഹരണം കൂടിയായിരുന്നു.
തിരുനബിക്ക് 40 വയസ്സായതോടെ ദൈവിക പരിഗണനയുടെ അടയാളങ്ങൾ കണ്ടുതുടങ്ങിയതും അവിടുത്തെ പരമ്പരാഗത ജീവിതരീതിയിൽ സമൂലമായ പരിവർത്തനം ഉണ്ടായതും നടന്നുപോകുന്ന വഴിയിലെ കല്ലുകളും മരങ്ങളും പ്രവാചകന് അഭിവാദ്യങ്ങൾ അർപ്പിച്ചതും കാണുന്ന സ്വപ്‌നങ്ങളെല്ലാം പകൽവെളിച്ചംപോലെ പുലരുന്നതും ഒറ്റക്കിരുന്ന ധ്യാനിക്കാനും ജനങ്ങളിൽ നിന്നകന്ന് ഏകാഗ്ര ചിന്തയിൽ മുഴുകാൻ അവിടുത്തെമനസ്സ് വെമ്പൽകൊണ്ടതും അവസാനം പ്രവാചകത്വ ലബ്ധിയുണ്ടായതുമെല്ലാം ക്രമത്തിൽ വിവരിക്കുകയാണ് പിന്നീട് ഗ്രന്ഥകർത്താവ് ചെയ്യുന്നത്.
ജനങ്ങൾക്ക് സത്യവഴി ബോധ്യപ്പെടുത്താനുള്ള കൽപ്പന വന്നതോടെ തിരുനബി(സ്വ) രഹസ്യപ്രബോധനത്തിനിറങ്ങിയതാണ് ശേഷം വിവരിക്കുന്നത്. തന്റെ ഉറ്റ ബന്ധുക്കളും അടുപ്പക്കാരുമായി പുതിയ ആശയം പങ്കുവെച്ചു. സുഹൃത്തുക്കൾക്കും സ്‌നേഹതിന്മാർക്കുമിടയിൽ അത് ചർച്ചാ വിഷയമായി. ഒറ്റപ്പെട്ടവർ വിശ്വാസം സ്വീകരിക്കുകയും ചെയ്തു. പ്രബോധനം രഹസ്യമായിരുന്നുവെങ്കിലും വളരെ വേഗത്തിലാണ് മതപ്രചാരണം നടന്നത്.
മൂന്ന് വർഷത്തോളം രഹസ്യപ്രബോധനവുമായി കഴിഞ്ഞുകൂടിയിരുന്ന നബി(സ്വ)യുടെ കൂടെ പ്രധാനികളും സാധാരണക്കാരുമായി ഖുറൈശികളിൽ നിന്ന് വലിയൊരു വിഭാഗം ഇസ്‌ലാമിന്റെ കൊടിക്കീഴിൽ അണിനിരന്നതും ഇസ്‌ലാമിന്റെ ഏകദൈവ സങ്കൽപം സമാധാനപൂർണമായ ഒരനുഭവം അവർക്ക് പകർന്നു നൽകിയതുമെല്ലാം ശേഷം ചർച്ചക്ക് വിധേയമാകുന്നുണ്ട്. പരസ്യമായ പ്രബോധനത്തിന് അവസരമില്ലാത്തതുകൊണ്ട് ദാറുൽ അർഖമിൽവെച്ച് അവിടുന്ന് അനുയായികൾക്ക് നിർദേശങ്ങൾ നൽകിയിരുന്നതും പരസ്യപ്രബോധനത്തിന് അവസരമുണ്ടായപ്പോൾ അബൂഖുബൈസ് പർവതത്തിൽകയറി ജനങ്ങളെയെല്ലാം താഴ് വരയിലേക്ക് വിളിച്ചുവരുത്തി പുതിയ ആശയം പങ്കുവെച്ചതുമെല്ലാം വിവരിക്കുന്നു. വിഗ്രഹാരാധനയിലെ നിരർത്ഥകതയും ഏകദൈവാരാധനയലുള്ള യുക്തിയും ജനങ്ങൾക്ക് ബോധ്യപ്പെടുത്തി. പരസ്യപ്രബോധനത്തിന്റെ മേഖലയിൽ പ്രവാചകനുണ്ടായ പ്രഥമ അനുഭവം തന്നെ കൈപ്പേറിയതായിരുന്നു. വിശ്വാസികൾ മുഴുവൻ നേരിടേണ്ടിവന്ന പീഡനവും താഡനവും വിവരണാതീതമാണ്.
ഹംസ(റ), ഉമർ(റ) തുടങ്ങിയ വൈരികൾപോലും വാരിപ്പുണരുന്ന മതമായി പിന്നീട് ഇസ്‌ലാം മാറിയ കഥയാണ് ശേഷമുള്ളത്. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അടങ്ങാത്ത പകയും ഒടുങ്ങാത്ത വിദ്വേഷവും വച്ചുപുലർത്തിയും വിശുദ്ധ ഖുർആനിനെയും മതാശയങ്ങളെയും പരിഹസിച്ചവരും അധികം വൈകാതെ ഇസ്‌ലാമിനെ വാരിപ്പുണരുന്ന അത്ഭുതങ്ങളാണ് പ്രതിപാദിക്കപ്പെടുന്നത്.
അന്ധമായ വിരോധം വച്ചുപുലർത്തുന്നവരാണെങ്കിലും സത്യത്തിന് മുന്നിൽ മൗനിയാകാനോ എതിർത്ത ഒന്നിനെ വാരിപ്പുണരാതിരിക്കാനോ നല്ലൊരു മനസ്സുണ്ടെങ്കിൽ സാധിക്കില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് പ്രസ്തുത സംഭവങ്ങൾ.
മുസ്‌ലിംകൾക്കെതിരിൽ ഖുറൈശികൾ നടത്തിയ കിരാത അക്രമങ്ങളിൽ നിന്നുള്ള മോചനത്തിനായി ചെറിയൊരു സംഘം വിശ്വാസ സംരക്ഷണത്തിനായി എത്യോപയിലേക്ക് നടത്തിയ ഒന്നാം ഹിജ്‌റയും 94 മുസ്‌ലിംകൾ പിന്നീട് നടത്തിയ രണ്ടാം ഹിജ്‌റയും സവിസ്തരം വിവരിക്കുകയാണ് പിന്നീട്. ദുർഗമ പാതയിലൂടെയുള്ള മക്കാജീവിതം ദുസ്സഹമായതിന്റെ രൂപവും അതിജീവനത്തിന്റെ കരുത്തും കരുതലുമായ ഹിജ്‌റയുടെ ഭാവവും വരികളിൽ തെളിയുന്നുണ്ട്.
മക്കയിലെ ഓരോ ഗോത്രത്തെയും സമീപിച്ച് നബി(സ്വ) പ്രബോധനങ്ങൾ ശക്തിപ്പെടുത്തുന്ന രംഗത്തെ ഓർമപ്പെടുതിയാണ് ഹലബിയുടെ രണ്ടാം വാള്യം ആരംഭിക്കുന്നത്. ഏകനായ ആരാധ്യനെ മാത്രം ആരാധിക്കണമെന്ന മതത്തിന്റെ അടിസ്ഥാന തത്വം അവരെ ആവർത്തിച്ചു ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. പ്രബോധനം ശക്തിപ്പെടുത്തുമ്പോഴെല്ലാം ശത്രുത കൂടിവരുന്ന സാഹചര്യത്തിൽ അവസാനം മദീനയിലേക്ക് പലായനം ചെയ്യുന്ന നബിയെയും സ്വഹാബത്തിനെയുമാണ് പിന്നീട് നാം വായിക്കുന്നത്. ശേഷം ഗസ്‌വ ബദ്ർ, ഗസ്‌വ ബീന ഖൈനുഖാഅ്, ഗസ് വ ഉഹ്ദ്, ഗസ് വ ബനീന്നളിർ, ഗസ് വ ബനിൽ മുസ്ത്വലിഖ്, ഗസ് വ ഖൻദഖ് തുടങ്ങി ഗസ് വ ബനീ ഖുറൈളയുടെ വിവരത്തോടെയാണ് സീറയുടെ രണ്ടാം ഭാഗം അവസാനിക്കുന്നത്.
ഹിജ്‌റ ആറാം വർഷം നടന്ന ഗസ് വ ബനീ ലഹ് യാൻ വിവരണത്തോടെയാണ് ഹലബിയുടെ മൂന്നാം ഭാഗം ആരംഭിക്കുന്നത്. തിരുനബി(സ്വ) നേരിട്ട് പങ്കെടുത്ത സമരപോരാട്ടങ്ങൾ (ഗസ് വ) വിവരിച്ചതിന് ശേഷം അവിടുന്ന് നേരിട്ട് പങ്കെടുക്കാത്ത സമരങ്ങളെ (സരിയ്യ)കുറിച്ചാണ് അവതരണം നടക്കുന്നത്. ശേഷം വിവിധ സ്ഥലങ്ങലിലേക്ക് അവിടുന്ന് അയച്ച നിവേദക സംഘങ്ങളെ കുറിച്ചും അവിടുന്ന് വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾക്കയച്ച കത്തി ………. ആന്തരിക സവിശേഷതകളും ബാഹ്യ സവിശേഷതകളുമെല്ലാം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പിന്നെ തിരുനബിയുടെ മരണശയ്യയും രോഗത്തിന്റെ അവസ്ഥയുമെല്ലാം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. തിരുനബിയുടെ ജനനം മുതൽ വഫാത് വരെയുള്ള മുഴുവൻ സംഭവങ്ങളും 4 പേജിൽ ചുരുക്കി രേഖപ്പെടുത്തിയാണ് ഹലബി ഗ്രന്ഥം അവസാനിപ്പിക്കുന്നത്. ഹലബി യഥാർത്ഥ അഹ്‌ലുസുന്നത്തി വൽ ജമാഅത്തിന്റെ വക്താവായതുകൊണ്ട് തന്നെ ഗ്രന്ഥത്തിലുള്ളത് മുഴുവൻ സധൈര്യം ഉൾക്കൊള്ളാമെന്നത് സീറ ഹലബിയയുടെ മികവിന്റെ മാറ്റു കൂട്ടുന്നതുമാണ്.

സൈനുദ്ധീൻ ശാമിൽ ഇർഫാനി മാണുർ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ