ശരീരം കൊണ്ട് നിറവേറ്റാന്‍ കഴിയുന്ന ആരാധനയില്‍ ഏറ്റവും മഹത്ത്വമേറിയതാണ് നിസ്കാരം. മനുഷ്യ സൃഷ്ടിപ്പിന്റെ പരമമായ ലക്ഷ്യം തന്നെ സ്രഷ്ടാവിന് ആരാധനയര്‍പ്പിക്കുക എന്നതാണല്ലോ. “മനുഷ്യജിന്നുവര്‍ഗങ്ങളെ അല്ലാഹുവിന് ആരാധിക്കാന്‍ വേണ്ടിയല്ലാതെ സൃഷ്ടിച്ചിട്ടില്ല’ (5150) എന്ന ഖുര്‍ആനിക വചനം ആരാധനയുടെ പ്രാധാന്യം വരച്ചുകാട്ടുന്നു. പ്രപഞ്ച നാഥനെ കുറിച്ചുളള നിരന്തര വിചാരങ്ങളാണ് നിസ്കാരത്തിലൂടെ സാധ്യമാക്കുന്നത്. നിസ്കാരത്തിലൂടെ ദിനേന അഞ്ച് പ്രാവശ്യം അല്ലാഹുവുമായി ആത്മസംഭാഷണം നടത്താന്‍ വിശ്വാസിക്ക് കഴിയുന്നു. കേവലം ശാരീരിക ആരാധന എന്നതിലുപരി ആന്തരികമായ ആത്മവിചാരങ്ങളിലാണ് നിസ്കാരത്തിന്റെ സത്ത കുടികൊള്ളുന്നത്. ജീവിതത്തില്‍ പിണഞ്ഞ പിഴവുകള്‍ കഴുകിക്കളയാനുളള മാര്‍ഗമായാണ് നബി(സ്വ) നിസ്കാരത്തെ പരിചയപ്പെടുത്തിയത്. വെള്ളം ചെളി നീക്കുന്നതു പോലെ നിസ്കാരം ദോഷങ്ങളെ ഒഴുക്കിക്കളയുമെന്ന് പ്രവാചകര്‍ പ്രഖ്യാപിക്കുകയുണ്ടായി.

അല്ലാഹുവുമായുള്ള കൂടിക്കാഴ്ച്ചയായ നിസ്കാരത്തിലെ ഏറ്റവും മഹത്ത്വമുള്ള കര്‍മം സുജൂദാണ്. സുജൂദ് ആത്മസമര്‍പ്പണത്തിന്റെ പൂര്‍ണരൂപവും ശരീരത്തിന്റെയും ആത്മാവിന്റെയും പൂര്‍ണ വണക്കവുമാണ്. താന്‍ കേവലം ഒരു അടിമയാണെന്നും എല്ലാറ്റിനുമുടമ ഏകനായ അല്ലാഹുവാണെന്നും സുജൂദിലൂടെ പ്രകടമാക്കുന്നു. അടിമയുടെ ഈ നിസ്സഹായതയുടെ സാക്ഷാത്കാരമാണ് സുജൂദ്. എല്ലാ അടിമകളുടെയും ഉടമയായ അല്ലാഹുവിനു മുന്നില്‍ താണുകേണു പരമവണക്കമാണ് സൂജൂദില്‍ പ്രകടമാകുന്നത്.

എല്ലാ അനുഗ്രഹങ്ങളും സമ്മാനിച്ച അല്ലാഹുവിനു അഭിമുഖമായി നില്‍ക്കുക വലിയ അനുഭൂതിയാണ്. താന്‍ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവന്‍ തന്നെ കാണുന്നുണ്ടെന്ന ചിന്തയില്‍ ആരാധന നിര്‍വഹിക്കലാണ് ആത്മീയതയുടെ സന്പൂര്‍ത്തിയായ ഇഹ്സാന്‍. സ്രഷ്ടാവിനു മുന്നിലാണെന്ന ചിന്ത അടിമയില്‍ ആത്മാര്‍ത്ഥത വര്‍ധിപ്പിക്കുന്നു. പിന്നീട് അല്ലാഹുവിന് സര്‍വവും സമര്‍പ്പിക്കുന്ന ഒരു ചിന്താതലത്തിലേക്ക് അവന്റെ ആത്മാവ് കുതിക്കുന്നു. ശരീരത്തിലേറ്റ അസ്ത്രം പറിച്ചെടുക്കാന്‍ സുജൂദിലേക്കു വീണ മഹാന്മാരുടെ ആത്മസമര്‍പ്പണത്തിന്റെ ചിത്രങ്ങള്‍ നമുക്കുമുന്നിലുണ്ടല്ലോ.

മനുഷ്യന് സാധ്യമായ വിധേയത്വത്തിന്റെ അത്യുന്നത രൂപമാണ് സുജൂദ്. സുജൂദിനെക്കാള്‍ മികച്ച ഒന്നും അടിമക്ക് സ്രഷ്ടാവിനു സമ്മാനിക്കാനില്ല. ശരീരത്തിലെ പ്രൗഢിയുടെ പ്രതീകമായ നെറ്റിത്തടം മണ്ണിനോടു ചേര്‍ത്തുവെക്കുമ്പോള്‍ താന്‍ ഒന്നുമല്ല, നിസ്സാരനായ അടിമ മാത്രമാണെന്ന ചിന്ത അവനില്‍ ഉണരുന്നു. മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട കേവലം ഒരടിമയെന്ന സത്യം മനസ്സ് ഏറ്റുപറയുന്നു. ആത്മാവ് വിട്ടുപിരിഞ്ഞാല്‍ മണ്ണിലേക്കുതന്നെ മടങ്ങേണ്ടവന്‍. നിസ്സഹായതയുടെ പരമാവധിയായി നെറ്റിത്തടവും കൈപ്പത്തിയും കാലും നിലത്തുവെച്ച് വഴിപ്പെടലിന്റെ പൂര്‍ണതയില്‍ അടിമ നാഥനിലേക്കടുക്കുന്നു. അനാവശ്യ ചിന്തകളെയെല്ലാം തുരത്തി സ്രഷ്ടാവിനെ മാത്രം മനസ്സില്‍ ധ്യാനിച്ചു കൊണ്ട് തലകുനിക്കുമ്പോള്‍ അടിമക്ക് കൈവരുന്നത് അനിര്‍വചനീയമായ ആത്മീയാനന്ദമാണ്.

അല്ലാഹുവിനു തീര്‍ത്തും കീഴ്പ്പെട്ടു ജീവിക്കണമെന്ന സന്ദേശമാണ് സൂജൂദ് നല്‍കുന്നത്. തന്നെ സഹായിക്കാന്‍ ഏകനായ അല്ലാഹു മാത്രമേയുള്ളൂവെന്ന ചിന്ത അവനിലുണര്‍ത്തുന്നു. ഈ സാഷ്ടാംഗ പ്രണാമം. അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ചുള്ള പ്രതീക്ഷയും ശിക്ഷയെ കുറിച്ചുളള ഭയവും സുജൂദ് മനസ്സില്‍ നിറക്കും. അല്ലാഹുവിനെ പ്രശംസിക്കല്‍ കൊണ്ടും അവനെ സംബന്ധിച്ചുള്ള സ്മരണ നിലനിര്‍ത്തല്‍ കൊണ്ടും സുജൂദ് സന്പുഷ്ടമാകണം. റബ്ബിലേക്കടുക്കാന്‍ സുജൂദിനെക്കാള്‍ ശ്രേഷ്ഠമായ ഒന്നുമില്ല എന്ന തിരുവചനത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളുക. സുജൂദിന്റെ വര്‍ധനവ് അനിവാര്യമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അന്ത്യനാളില്‍ വിശ്വാസിയെയും അവിശ്വാസിയെയും വേര്‍ തിരിച്ചറിയുന്നത് സുജൂദിന്റെ അടയാളങ്ങളിലൂടെയാണ്. ഒരു റക്അത്തില്‍ രണ്ട് സൂജൂദ് നിര്‍ബന്ധമാക്കിയതും അതിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നു. നിസ്കാരത്തിലെ മറ്റൊരു കര്‍മത്തിനും ഈ സവിശേഷതയില്ല. ആനന്ദം ലഭിക്കുന്നതില്‍ കൂടുതല്‍ വിഹരിക്കാന്‍ സൃഷ്ടികള്‍ ആഗ്രഹിക്കുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെയാണ് നിസ്കാരത്തിലെ മറ്റേതു കര്‍മത്തിനെക്കാളും സുജൂദ് ആനന്ദമാകുന്നതും ആവര്‍ത്തിക്കുന്നതും.

നിശ്ചിത സമയങ്ങളില്‍ നാഥന്റെ മുന്നില്‍ തലകുനിക്കല്‍ അടിമക്കനിവാര്യമാണ്. ദിനേന അഞ്ചു നേരങ്ങളില്‍ നാഥന് കീഴ്പെടുമ്പോള്‍ അവനുമായുള്ള ഹൃദയ ബന്ധം മുറിയാതെ നില്‍ക്കുന്നു. ഇലാഹീ സ്മരണയില്‍ നിന്ന് ഹൃദയത്തെ വിട്ടുനിര്‍ത്താന്‍ നിസ്കാരം അനുവദിക്കുന്നില്ല. രാത്രിയിലും പകലിലുമായി അഞ്ച് നേരം അല്ലാഹുവിന്റെ മുന്നില്‍ തലകുനിക്കുമ്പോള്‍ ഇലാഹീസ്മരണയാല്‍ ആത്മീയാനന്ദം കണ്ടെത്താനുള്ള വിധാനത്തിലേക്ക് നാം ഉയരുകയും തെറ്റില്‍ നിന്നു വിട്ടുനില്‍ക്കാനത് പ്രേരണയാവുകയും ചെയ്യുന്നു.

സുജൂദിന്റെ തുടക്കം മുതലേ നോട്ടം നിശ്ചിത ലക്ഷ്യസ്ഥാനത്തേക്കായിരിക്കും. നോട്ടം ലക്ഷ്യത്തെ പ്രതിനിധീകരിക്കുന്നു. ജീവിതത്തില്‍ പിണഞ്ഞ പിഴവുകളുടെ കറകള്‍ സുജൂദിലൂടെ കഴുകിക്കളയാനാകും. നിസ്കാരത്തിലൂടെ ദോഷങ്ങള്‍ പൊറുപ്പിച്ച് ഇലാഹീ സ്മരണയിലേക്ക് അടുക്കാനാണ് ഉദ്യമിക്കേണ്ടത്. നബി(സ്വ) പഠിപ്പിച്ചതും അതുതന്നെ. അവിടുന്ന് ഒരിക്കല്‍ അനുചരരോട് ചോദിച്ചു: വീട്ടുമുറ്റത്തിലൂടെ ഒഴുകുന്ന നദിയില്‍നിന്ന് ദിവസവും അഞ്ചുപ്രാവശ്യം കുളിക്കുന്ന വ്യക്തിയുടെ ശരീരത്തില്‍ വല്ല അഴുക്കും അവശേഷിക്കുമോ? ഇല്ലെന്നായിരുന്നു അവരുടെ മറുപടി. അപ്പോള്‍ നബി(സ്വ) പറഞ്ഞു: അപ്രകാരമാണ് അഞ്ച് സമയങ്ങളിലുള്ള നിസ്കാരം. ജീവിതത്തില്‍ പിണഞ്ഞ പിഴവുകള്‍ നിസ്കാരം മൂലം അല്ലാഹു കഴുകിക്കളയും.

പ്രപഞ്ച നാഥന്‍ നിസ്കാരം നിര്‍ബന്ധമാക്കിയത് മിഅ്റാജോടെയാണല്ലോ. സ്രഷ്ടാവ് തന്റെ അത്യുന്നതനായ അടിമയെ പ്രത്യേക സ്ഥലത്തെത്തിച്ച് സമ്മാനിച്ചതാണ് നിസ്കാരം. അതുകൊണ്ടുതന്നെ നിസ്കാരത്തിലൂടെ പരിപൂര്‍ണമായി അല്ലാഹുവിന്റെ പൊരുത്തം അനുഭവിക്കാനുള്ള സന്ദേശമാണ് നമുക്ക് ലഭിക്കുന്നത്. സ്രഷ്ടാവില്‍ നിന്നും ഇഷ്ടദാസന് ലഭ്യമായ ആദരവ് എന്ന സവിശേഷത കൂടി നിസ്കാരത്തിനുണ്ട്.

ആത്മാക്കളോടുള്ള ആദ്യ കല്‍പന സുജൂദ് ചെയ്യാനാണ്. പുനരുദ്ധാരണ നാളിന്റെ ഭയാനതകളില്‍ ബുദ്ധിമുട്ട് നേരിടുേന്പാള്‍ ആശ്വാസം ലഭിക്കുന്നത് നബി(സ്വ)യുടെ സാഷ്ടാംഗത്തിലൂടെയും ശഫാഅത്തിലൂടെയുമാണ്. അങ്ങനെ വിശ്വാസിയുടെ ജീവിതത്തില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ഒന്നായി സുജൂദ് മാറുന്നു. അഹങ്കാരികള്‍ക്കൊരിക്കലും സുജൂദിന്റെ മാധുര്യം നുണയാനാകില്ല. കാരണം അത് താഴ്മയുടെ പ്രതീകമാണ്. സ്വര്‍ഗീയ ലോകത്തുനിന്ന് പിശാചിനെ പുറത്താക്കാനുള്ള ഹേതു സുജൂദിനുള്ള ദൈവകല്‍പന നിരസിച്ചതാണ്.

നീണ്ട സുജൂദുകള്‍ വഴി ജീവിത പിഴവുകള്‍ കഴുകി കളയാനാകും. മുതുകുകളില്‍ പാപഭാരം തൂങ്ങുമ്പോള്‍ സുജൂദിലൂടെ അതു കുറക്കാനാകും. സുജൂദ് സന്പൂര്‍ണമായി ചെയ്തു നിസ്കരിക്കുന്നവരെ ശിക്ഷിക്കുകയില്ലെന്നും ഉയര്‍ത്തെഴിന്നേല്‍പ്പുനാളില്‍ അവര്‍ക്ക് നരകഭീതി ഒഴിവാക്കി കൊടുക്കുമെന്നും മതം ഊന്നിപ്പറഞ്ഞിട്ടുണ്ട്. റസൂലും അനുചരന്മാരും നിസ്കാരത്തിന്റെ കാര്യം അതീവ ഗൗരവത്തോടെയായിരുന്നു കണ്ടിരുന്നത്. രാത്രിയുടെ യാമങ്ങള്‍ സാഷ്ടാംഗം കൊണ്ട് ധന്യമാക്കിയ അവിടുത്തോട് പ്രിയ പത്നി കാരണമാരാഞ്ഞപ്പോള്‍ നന്ദിയുള്ള അടിമയാകാന്‍ വേണ്ടി എന്നായിരുന്നു നബി(സ്വ) പ്രത്യുത്തരം. എല്ലാ അനുഗ്രഹങ്ങളാലും ജീവിതം സന്പുഷ്ടമാക്കിയ നാഥന് നന്ദി ചെയ്യാന്‍ ഈ റമളാനിലും തുടര്‍ന്നും നാം സുജൂദ് ധാരാളമായി വര്‍ധിപ്പിക്കേണ്ടതുണ്ട്.

നിയാസ് മുണ്ടന്പ്ര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ