sufism and sufism- malayalam

സുന്നി, ശിആ എന്നീ രണ്ട് പക്ഷങ്ങളായാണ് മൊത്തത്തിൽ മുസ്‌ലിം സമൂഹം ലോകതലത്തിൽ അറിയപ്പെടുന്നത്. അഹ്‌ലുസ്സുന്നയാണ് തങ്ങളെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ് ശിആക്കളല്ലാത്തവരെല്ലാം. അഹ്‌ലുസ്സുന്നയുടെ ചുരുക്കപ്പേരാണ് സുന്നി എന്നത്. സുന്നത്തിന്റെ(പ്രവാചക ചര്യ)യും ജമാഅത്തി(നബിശിഷ്യരുടെ മാതൃക)ന്റെയും വക്താക്കളാണ് സുന്നികൾ. ജമാഅത്തായ സ്വഹാബത്തിനെ നിരാകരിക്കുന്നതിനാൽ സമൂഹം ശിആക്കളെ സുന്നി എന്നു വിശേഷിപ്പിക്കാറില്ല. തൽപര ലക്ഷ്യങ്ങൾക്കായി അഹ്‌ലുസ്സുന്ന എന്നവകാശപ്പെടുന്ന കക്ഷികളിൽ തന്നെ പലതും മറ്റു ചില പേരുകളിലാണ് കൂടുതലും അറിയപ്പെടുന്നത്. അത്തരക്കാർ പൊതുസമ്മതമായ പേര് തങ്ങൾക്ക് സിദ്ധിക്കുന്നതിനായി പാടുപെടാറുണ്ട്. അല്ലെങ്കിൽ അങ്ങനെ പ്രസിദ്ധരാവരെ ഇകഴ്ത്തിക്കാണിക്കാൻ വിഫല ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു.

അഹ്‌ലുസ്സുന്നത്തിവൽ ജമാഅത്ത് എന്ന വിശേഷണത്തിന് അർഹതയുണ്ടാവണമെങ്കിൽ സുന്നത്തും ജമാഅത്തും അംഗീകരിക്കണം. കാരണം രണ്ടും പരസ്പരാശ്രിതമാണ്. സുന്നത്തില്ലാതെ ജമാഅത്തും ജമാഅത്തില്ലാതെ സുന്നത്തുമില്ല എന്നതാണ് യാഥാർത്ഥ്യം. സുന്നത്തും ജമാഅത്തും അംഗീകരിക്കുമ്പോഴാണ് ഖുർആൻ അംഗീകരിക്കുന്നവരാവുക. ഖുർആൻ ഒന്നാം പ്രമാണമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാനമാണത്. അതിന്റെ വിശദീകരണവും പ്രായോഗികാവതരണവുമാണ് സുന്നത്ത്. സുന്നത്തിനെ സ്വീകരിക്കാൻ നിയോഗഭാഗ്യമുണ്ടായ സ്വഹാബത്തിന്റെ ചര്യയാണ് ജമാഅത്ത് കൊണ്ടുദ്ദേശ്യം. അപ്പോൾ ഇസ്‌ലാമിന്റെ പ്രയോഗ രൂപവും മാതൃകകളും സുന്നത്തിലും ജമാഅത്തിലുമാണ്. അതു രണ്ടും അംഗീകരിക്കുന്നവെന്നു പറഞ്ഞാൽ അതിനർത്ഥം ഇസ്‌ലാമിനെ അംഗീകരിച്ചുവെന്നത്രെ. ഇങ്ങനെ അംഗീകരിക്കുന്നവർക്കേ അഹ്‌ലുസ്സുന്നത്തി വൽജമാഅത്ത് അഥവാ സുന്നി എന്നു പറയാനർഹതയുള്ളൂ.

ജമാഅത്ത് എന്ന സ്വഹാബത്തിൽ നബി(സ്വ)യുടെ പരിചരണ സൗഭാഗ്യം നേടാനായവരെല്ലാം ഉൾപ്പെടും. എന്നാൽ അവരിൽ നിന്ന് നബികുടുംബത്തെയും സ്വഹാബത്തിനെയും രണ്ടായി തിരിക്കുന്നതിനുള്ള ശ്രമം ആദ്യമേ ചില വിരുദ്ധ കേന്ദ്രങ്ങൾ നടത്തുകയുണ്ടായി. തിരുനബി(സ്വ)യുടെ കുടുംബമെന്നാൽ മുസ്‌ലിം സമൂഹത്തിന് പ്രമാണമെന്ന നിലയിൽ മാത്രമല്ല പ്രധാനമാകുന്നത്. പ്രവാചകരുടെ സന്താനപരമ്പര എന്ന നിലയിൽ തന്നെ അവർക്ക് പ്രാധാന്യമുണ്ട്. സമൂഹം അതംഗീകരിക്കാൻ ബാധ്യസ്ഥരാണ് താനും. എന്നാൽ നബികുടുംബത്തോടുള്ള സമൂഹത്തിന്റെ ആദരപൂർവമുള്ള സമീപനത്തെ ആത്മീയമായും രാഷ്ട്രീയമായും സാമൂഹികമായും ദുരുപയോഗിക്കാൻ ചിലർ ശ്രമിക്കുകയുണ്ടായി. അതിനായി ശീഅതു അഹ്‌ലിൽബൈത്ത് എന്നറിയപ്പെടാനാണവർ ആഗ്രഹിക്കുന്നത്. ശീഅ എന്ന ചുരുക്കപ്പേരിൽ ലോകം അവരെ പരിചയപ്പെടുത്തുന്നു.

രാഷ്ട്രീയവും സാമൂഹികവുമായ ലക്ഷ്യങ്ങൾക്ക് ആത്മീയതയെ മുന്നിൽവെച്ച് പ്രവർത്തിക്കുകയാണ് പൊതുവെ ശിആക്കൾ. അതിനായി കലാപം നടത്താനും പവിത്ര നിലങ്ങളിൽ അതിക്രമം കാണിക്കാനും അവർക്കൊരു സങ്കോചവുമില്ല. കർബലയുടെ പേരിൽ മുഹർറത്തിന് പല നാടുകളിലും രക്ത പങ്കിലമായ ആത്മ പീഡനങ്ങൾ അരങ്ങേറുന്നു.

ഇസ്‌ലാമിന്റെ ഒന്നും രണ്ടും പ്രമാണങ്ങളായ ഖുർആനും സുന്നത്തും അംഗീകരിക്കുന്നവരാണെന്ന് അവകാശപ്പെടുകയും ശിആക്കളെ പോലെ സ്വഹാബത്തിനെ തള്ളുകയും ചെയ്യുന്ന വിഭാഗവും ലോകത്ത് പ്രവർത്തിക്കുന്നു. സ്വഹാബത്തിന്റെ പ്രാമാണികതയിലും അവരുടെ പാഠങ്ങളും മാതൃകകളും ഏറ്റെടുത്തവരുടെ സ്വീകാര്യതയിലും സംശയാലുക്കളാണിവർ. അതിനാൽ തന്നെ നബിസാമീപ്യത്തിന്റെയും സ്വഹാബീ സാമീപ്യത്തിന്റെയും ഗുണമേന്മയുള്ള താബിഉകളുടെയും അവരെ തുടർന്നവരുടെ അച്ചടക്ക സമീപനങ്ങളും ഇവർ നിരാകരിക്കും. ആറാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഏഴാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ജീവിച്ച ഇബ്‌നുതൈമിയ്യയിൽ നിന്നാണ് ഈ വ്യതിയാന ധാരയുടെ തുടക്കം. സ്വഹാബത്തിനെയും അവരുടെ തൊട്ടടുത്ത രണ്ട് നൂറ്റാണ്ടുകാരെയും സംശയിക്കുന്നതിനാൽ അവരുടെ കാലത്ത് സമൂഹത്തിൽ സമർപ്പിതമായ ആത്മീയ-ആദർശ രക്ഷാസരണികളും കർമശാസ്ത്രധാരകളും നിരസിക്കുന്നവരാണവർ.

കർമശാസ്ത്ര മദ്ഹബുകൾ, വിശ്വാസ സരണികൾ, ആത്മീയ സരണികൾ തുടങ്ങിയവയെ എല്ലാം വിമർശിക്കുകയും നിരസിക്കുകയും ചെയ്യുന്ന ഇവർ വൈരുദ്ധ്യങ്ങളുടെ കവലറയാണ്. അതോടൊപ്പം ഇസ്‌ലാമിക സമൂഹത്തിൽ ആദ്യകാല തലമുറക്കുള്ള അംഗീകാരത്തിന്റെ മറപറ്റി ജീവിക്കാനാണവർ ശ്രമിക്കുന്നത്. അതിനായി ‘സലഫ്’ എന്ന നല്ല സംഞ്ജയെ ദുരുപയോഗിക്കുന്നു. മുസ്‌ലിം സമൂഹത്തിൽ നിലനിൽപിനായാണ് സലഫികൾ എന്ന് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്. യഥാർത്ഥത്തിൽ രണ്ട് അസാംഗത്യങ്ങൾ ഇതിലുണ്ട്. ഒന്ന്, സലഫിന്റെ മാർഗത്തിൽ നിന്ന് ഇവർ മുക്തരാണ്. രണ്ട്, സലഫ് എന്നത് ഒരു കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ആ സമൂഹത്തിന്റെ വ്യത്യസ്തതകളെ മുഴുവനായി ഏറ്റെടുക്കുകയോ പിൻപറ്റുകയോ ചെയ്യുക എന്നത് അസാധ്യമാണ്. സലഫിന്റെ കാലത്താണല്ലോ നാലു മദ്ഹബുകൾ നിലവിൽ വന്നത്. സലഫിന്റെ അംഗീകാരത്തോടെ നാലു സരണികളും മുസ്‌ലിം ഉമ്മത്തിന്റെ കർമമാർഗമായി മാറി. ഹനഫീ മദ്ഹബ് (ഇമാം അബൂഹനീഫ-റ- ഹിജ്‌റ 80-150), മാലികീ മദ്ഹബ് (ഇമാം മാലിക്ബ്‌നു അനസ്-റ- ഹിജ്‌റ 93-179), ശാഫിഈ മദ്ഹബ് (ഇമാം മുഹമ്മദ് ബ്‌നു ഇദ്‌രീസുശ്ശാഫിഈ-റ- ഹിജ്‌റ 150-204), ഹമ്പലീ മദ്ഹബ് (ഇമാം അഹ്മദ്ബ്‌നു ഹമ്പൽ-റ- ഹിജ്‌റ 164-241) ഇവയാണ് ചതുർ കർമശാസ്ത്ര സരണികൾ. അബൂഹനീഫ(റ)യുടെ സരണിയാണ് നിലവിലുള്ള കർമശാസ്ത്ര മദ്ഹബുകളിൽ പ്രഥമം. അവസാനത്തേത് അഹ്മദ്(റ)ന്റെതും. അതായത് രണ്ടാം നൂറ്റാണ്ടിലും മൂന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമായി സമർപ്പിക്കപ്പെട്ടതാണ് മദ്ഹബുകളെല്ലാം.

സലഫിന്റെ കാലത്ത് സമൂഹത്തിന്റെ ഇസ്‌ലാമിക നിഷ്ഠ ചിട്ടപ്പെടുത്താൻ ഏവർക്കും സ്വീകാര്യമായ വഴി എന്ന നിലയിൽ സർവാംഗീകാരം നേടിയ മദ്ഹബുകൾ അംഗീകരിക്കാത്തവർ ഏത് സലഫിനെയാണ് അനുധാവനം ചെയ്യുക? കാരണം സലഫിന്റെ പേരിൽ നിലനിൽപു തേടുന്നവർ അവരെ പിന്തുടരാൻ ബാധ്യസ്ഥരാണ്. ഈ നാലു സരണികളും തിരസ്‌കരിച്ച് സലഫികൾ എന്ന പേര് സ്വീകരിക്കുന്നവർ എല്ലാ അർത്ഥത്തിലും സത്യസരണിയിൽ നിന്നു വ്യതിചലിച്ചവരത്രെ. അതുകൊണ്ടു തന്നെ ഇസ്‌ലാമിന്റെ മൗലിക ഗുണവും സാമൂഹ്യ പ്രധാനവുമായ ശാന്തിയെയും സമാധാനത്തെയും തകർക്കുന്നതിനുള്ള ത്വര അവരിൽ കൂടുതലായി കണ്ടുവരുന്നു.

സമുദായം സർവാംഗീകൃതമായി സ്വീകരിച്ച രക്ഷാവലയം ഭേദിച്ചവർ സ്വയം അപകടപ്പെടുക മാത്രമല്ല മറ്റുള്ളവരെ അപായപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. ആദർശ രംഗത്തും സംസ്‌കാര സ്വഭാവരീതികളിലും ആത്മീയതയിലും സമൂഹത്തിന്റെ സംരക്ഷണത്തിനായി നിലവിൽ വന്ന സംവിധാനങ്ങളെയെല്ലാം സലഫികളെന്നവകാശപ്പെടുന്നവർ തള്ളിക്കളഞ്ഞു. ഇതോടെ സമൂഹത്തിന്റെ സാർവത്രികമായ നാശത്തെയാണവർ ക്ഷണിച്ചുവരുത്തുന്നത്. ഇതുവഴി വിശുദ്ധ ഇസ്‌ലാമിന്റെ പ്രബോധന-പ്രചാരണ സാധ്യതകൾക്ക് അവർ മങ്ങലേൽപ്പിച്ചു എന്നതാണ് വലിയ ദുരന്തം.

ഇസ്‌ലാമും മുസ്‌ലിം സമൂഹവും തെറ്റിദ്ധരിക്കപ്പെടാനും ഭീകരവാദികളെന്നു മുദ്രകുത്തപ്പെടാനും കാരണമായതിൽ സലഫികൾക്കുള്ള പങ്ക് എല്ലാവർക്കും ബോധ്യമായതാണ്. മതനിയമങ്ങൾ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും അർഹതയുള്ളവരെ അവഗണിക്കുച്ച് ‘സലഫിസം’ എന്ന വ്യാജേന ‘സെൽഫിസം’ നടത്തുകയാണവർ. ശീഇസവുമായി ആത്മീയകാര്യങ്ങളിൽ അകൽച്ചയുണ്ടെങ്കിലും സ്വഹാബത്തിന്റെ ചര്യയിൽ പലതും നിരസിക്കുന്നതിലും അവരെ തരംതാഴ്ത്തുന്നതിലും സെൽഫിസവും ശീഇസവും ഒരേ നിലപാടുള്ളവയാണെന്നു കാണാം. സ്വഹാബത്തിനെ നിരാകരിച്ചതിന്റെ കെടുതികൾ ഈ വിഭാഗത്തിലും പ്രകടമാണ്. സ്വഹാബത്തിന്റെ പ്രബോധന പ്രവർത്തനഘട്ടത്തിലെ നടപടികൾ തെറ്റായി മനസ്സിലാക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്ത് അതിവാദങ്ങളുമായാണ് സലഫിസം പ്രവർത്തിക്കുന്നത്. പ്രവർത്തനങ്ങൾക്ക് മുൻമാതൃകയുണ്ടെന്ന് സ്ഥാപിക്കാൻ ചരിത്രത്തെ അവർ വളച്ചൊടിക്കുകയും ചെയ്യുന്നു. സമകാലത്ത് സലഫിസവും ശീഇസവും വൈരുദ്ധ്യാധിഷ്ഠിത സമവാക്യം രചിച്ചുകൊണ്ടിരിക്കുകയാണ്. പശ്ചിമേഷ്യയിലും മറ്റും നിലനിൽക്കുന്ന സമാധാനക്കെടുതികൾ രണ്ടുവിഭാഗങ്ങളുടെയും സൃഷ്ടികളാണ്.

അഹ്‌ലുസ്സുന്നത്തി വൽജമാഅത്ത് എന്ന വിശേഷണത്തിനിണങ്ങുന്ന ആദർശവും ആത്മീയതയും അച്ചടക്കവും സ്വീകരിക്കുന്നവരാണ് സുന്നികൾ. സൗഹാർദത്തിൽ ഇടപഴകാനും ജീവിത ദൗത്യം നിർവഹിക്കാനും അവർക്ക് ഏതൊരു സാമൂഹ്യാന്തരീക്ഷത്തിലും സാധിക്കും. എന്നാൽ സുന്നി എന്ന വിശേഷണത്തെ സ്വന്തമാക്കാനും യഥാർത്ഥ സുന്നികളെ തമസ്‌കരിക്കാനും സൂഫിസം/സൂഫികൾ എന്ന് സലഫികൾ സുന്നികളെ വിശേഷിപ്പിക്കാറുണ്ട്. പ്രധാനമായും രണ്ട് ലക്ഷ്യങ്ങൾ അവർക്കിതിന്റെ പിന്നിലുണ്ട്. സൂഫി എന്ന പേര് നൽകി സുന്നികളെ അപഹസിക്കുക എന്നതാണ് ഒന്നാമത്തേത്. പ്രത്യക്ഷത്തിൽ ഇതിൽ അപകടങ്ങൾ തോന്നില്ലെങ്കിലും ഒളിയജണ്ടകളുണ്ട്. സുന്നികളെന്നാൽ ആദർശതലങ്ങൾക്ക് പ്രാധാന്യം നൽകാത്തവരാണെന്ന് വരുത്തിത്തീർക്കലാണത്.

ഈ ലക്ഷ്യം നേടുന്നതിനായി, ആശയപരമായി ഗുരുതരമായ പിഴവുകളുള്ളവരാണ് സൂഫികളെന്ന് പ്രചാരണം നടത്തുന്നു. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ചില പ്രകടനങ്ങളുടെയും ആകെത്തുകയാണ് സൂഫിസം എന്നു ആരോപിക്കുന്നു. ഇത് വഴി മുസ്‌ലിം സമൂഹം പരമ്പരാഗതമായി സ്വീകരിച്ചുവരുന്നതും പ്രമാണങ്ങൾ ശരിവെക്കുന്നതുമായ കാര്യങ്ങളെ സൂഫീ ആചാരമെന്ന നിലയിൽ കേവലവൽക്കരിക്കാനാണ് ശ്രമം. യഥാർത്ഥത്തിൽ ഇസ്‌ലാമിക സമൂഹത്തെ ആത്മീയമായി ഷണ്ഡീകരിച്ച് ചൈതന്യമില്ലാത്ത ഇസ്‌ലാമിനെ സൃഷ്ടിക്കാനാണവർ പാടുപെടുന്നത്. യഥാർത്ഥ സൂഫിസം എന്താണെന്നും അതിന്റെ അടിസ്ഥാനങ്ങളും വഴികളും എന്താണെന്നും പഠിക്കാൻ തന്നെ സമൂഹത്തെ അനുവദിക്കാത്ത പ്രചണ്ഡമായ പ്രചാരവേലകളാണ് ഇതിന്റെ ഫലം.

രണ്ടാമത്തെ ലക്ഷ്യം ഇസ്‌ലാമിലെ ആത്മീയ കാര്യങ്ങളെ മതത്തിന് പുറത്താണെന്നും ദീനിന് വിരുദ്ധമാണെന്നും സ്ഥാപിക്കുക. പ്രത്യക്ഷത്തിൽ പരിഹാസ്യവും പരോക്ഷമായി ഇസ്‌ലാമിന്റെ ആത്മീയ ചൈതന്യ നശീകരണവുമാണ് സുന്നികളെ സൂഫികളെന്ന് ആക്ഷേപിക്കുന്നവർക്കുള്ളത്. മനുഷ്യമനസ്സിൽ ആത്മീയതയുടെ അനുരണനങ്ങൾ സൃഷ്ടിക്കുന്ന കാര്യങ്ങളെ പൊതുവെ അന്ധവിശ്വാസവും അനാചാരവുമായിട്ടാണവർ അവതരിപ്പിക്കുന്നത്. ദിക്ർ, സ്വലാത്ത്, ദുആ, സിയാറത്ത്, മൗലിദ് ഇവകളോടനുബന്ധിച്ച് നടത്തുന്ന അന്നദാനങ്ങൾ തുടങ്ങിയവയെ നിശിതമായും മാന്യമല്ലാത്ത ഭാഷയിലുമാണവർ വിമർശിക്കാറുള്ളത്. സൂഫി വിരോധികൾ ഇസ്‌ലാമിന്റെ ചൈതന്യത്തെ തന്നെയാണ് കെടുത്തിക്കളയാൻ ശ്രമിക്കുന്നതെന്നർത്ഥം.

സലഫിസം സാധ്യമായ വഴികളെല്ലാമുപയോഗിച്ച് സൂഫി വിരോധം പ്രചരിപ്പിച്ചിട്ടുണ്ട്. വർത്തമാന കാലത്ത് സലഫികൾ വലിയ പ്രതിസന്ധി നേരിടുന്നുവെന്നത് ഏവർക്കുമറിയാം. അതിനെ അതിജീവിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സലഫികൾ പല തന്ത്രങ്ങളും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ നാട്ടിലും സലഫിസത്തിന്റെ അക്രമാസക്ത ആശയതലം പ്രയോഗസാധ്യത തേടിയുള്ള പുറപ്പാട് വരെ ഇവർ നടത്തിക്കൊണ്ടിരിക്കുന്നത് വാർത്തയായതാണല്ലോ. സലഫി പരിവാരത്തിലാണ് അത്തരക്കാരുടെയെല്ലാം വേരുകളുള്ളതെന്ന് തെളിയിക്കപ്പെട്ടതുമാണ്. കൂടെ നിന്ന് ആ വഹാബിയല്ല ഈ വഹാബി എന്നെഴുതി ആത്മീയ ഇസ്‌ലാമിനെതിരെ മുന്നണി ചേർന്നവർ പോലും കാലുമാറിക്കൊണ്ടിരിക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തിലാണ് കേരളീയ സമൂഹത്തിൽ വളരെയൊന്നും വേരോട്ടം നേടിയിട്ടില്ലാത്ത ‘സൂഫി’ ആക്ഷേപം പുതിയ ശൈലിയിൽ ചിലർ ഏറ്റെടുക്കുന്നത്. ‘സൂപ്പി’ എന്നാണവരുടെ പ്രയോഗം. ഈ പ്രമാദ പ്രയോഗത്തിന് രണ്ട് ഗുണങ്ങളാണ് ഇത്തരം തൻപോരിമക്കാർ ആഗ്രഹിക്കുന്നത്. ഒന്ന്, അഹ്‌ലുസ്സുന്നയുടെ എതിർപക്ഷത്തെ തൃപ്തിപ്പെടുത്തുക. സൂഫിസത്തിന്റെ വിരോധികളെന്ന നിലയിൽ സലഫി മൂവ്‌മെന്റിനെ ഇതേറെ സന്തോഷിപ്പിക്കും. രണ്ട്, സൂഫിസത്തെ കളിയാക്കിയില്ല എന്ന് സ്വയം സമാധാനിക്കാം. സൂഫിയും സൂപ്പിയും വ്യത്യസ്ത പദങ്ങളാണല്ലോ. സൂഫി എന്ന പദം ഉന്നയിക്കുക വഴി റാഫിളിയ്യത്ത് തലയിൽ വെച്ചുകെട്ടാനും ശ്രമം നടന്നിട്ടുണ്ട്. അതാണിപ്പോൾ ഇവിടെയും ചില ഭഗ്നാശർ നടത്തുന്നത്. സുന്നികളെ സംബന്ധിച്ചിടത്തോളം അഹ്‌ലുബൈത്തിനെ സ്‌നേഹിക്കുക എന്നത് ഈമാനിന്റെ ഭാഗമാണ്. ഇസ്‌ലാമിക പ്രമാണങ്ങൾ നന്നായറിയുന്ന ഗുരുനാഥൻമാരിൽ നിന്നും ദീൻ പഠിച്ച സമൂഹത്തിൽ നിലനിന്നുവന്ന ആത്മീയ ചടങ്ങുകളെ സാധിക്കും വിധം വർധിതമായിതന്നെ അനുഷ്ഠിച്ചാചരിക്കാൻ പ്രതിഞ്ജാബദ്ധരുമാണ്. ഇതിന്റെ പേരിൽ റാഫിളിയെന്നും സൂപ്പിയെന്നും ആരോപിക്കുന്നവരോട് ഒന്ന് മാത്രമേ പറയാനുള്ളൂ. ‘റാഫിളിയ്യത്താണ് നബി(സ്വ)യുടെ കുടുംബത്തെ സ്‌നേഹിക്കലെങ്കിൽ മനുഷ്യരും ജിന്നുകളും സാക്ഷിയായിക്കൊള്ളൂ ഞാനൊരു റാഫിളി തന്നെയാണ്’ (തഫ്‌സീർ റാസി). ഇമാം ശാഫിഈ(റ) പറഞ്ഞതാണത്. ഇമാം ശാഫിഈ(റ) അഹ്‌ലുബൈത്തിനെ സ്‌നേഹിക്കുന്നത് മറപിടിച്ച് അദ്ദേഹത്തെ റാഫിളിയാക്കി അനുയായികളെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടന്നപ്പോഴായിരുന്നു അവിടുന്നിങ്ങനെ പ്രസ്താവിച്ചത്. സ്വഹാബത്തിനെ തിരസ്‌കരിക്കുന്നവർ ഇതിന് പാരഡി പാടി ആശ്വാസം കൊള്ളാറുണ്ട്. യഥാർത്ഥത്തിൽ, സ്വഹാബത്തിനെ അംഗീകരിക്കേണ്ട വിധം അംഗീകരിക്കാത്ത അനുയായികളാണ് ഇബ്‌നുതൈമിയ്യക്കുള്ളത്. സ്വഹാബീ പക്ഷപാതികളായി അഹ്‌ലുബൈത്തിനെ നിരാകരിക്കുകയോ നബികുടുംബത്തിന്റെ പക്ഷപാതികളായി റാഫിളുകളോ ആകാൻ യഥാർത്ഥ വിശ്വാസികൾക്കാകില്ല. മുസ്‌ലിം ഉമ്മത്തിന് മുന്നിൽ നിന്ന് മാതൃകായോഗ്യരായി നേതൃത്വം നൽകാനും അനുകരണീയരാവാനും സ്‌നേഹിക്കപ്പെടാനും നിശ്ചയിക്കപ്പെട്ടവരാണവർ. അതിന്റെ പേരിലും ആത്മീയ കാര്യങ്ങൾ നിലനിർത്തുന്നതിന്റെ പേരിലും സൂഫിയെന്നോ സൂപ്പിയെന്നോ ആക്ഷേപിക്കപ്പെട്ടാലും സുന്നികൾക്കത് പ്രശ്‌നമാവുന്നില്ല. ഇസ്‌ലാമിക സമൂഹത്തിന്റെ ദൗത്യവും നിയോഗവും പൂർത്തീകരിക്കുന്നതിന് നേതൃത്വവും അച്ചടക്കവും ഉണ്ടെങ്കിലേ സാധിക്കൂ.

ഇന്ത്യയിലെ ഇസ്‌ലാമിക സമൂഹത്തിന്റെ ചരിത്രം പുഷ്‌കലമാണ്. സൂഫികളെന്നാക്ഷേപിക്കപ്പെടുന്ന ആത്മീയ സാരഥികളും സാത്വികന്മാരും ഈ ബഹുമത സമൂഹത്തിൽ സമാധാനമുള്ള ജീവിതാന്തരീക്ഷം നിലനിർത്താൻ പരിശ്രമിച്ചവരായിരുന്നു. അവരിലൂടെയാണ് ഇന്ത്യയിൽ ദീൻ വളർന്നത്. മമ്പുറം തങ്ങളും മഖ്ദൂമുമാരും മറ്റു സാദാത്തീങ്ങളും ചുറ്റുമുള്ള ജനങ്ങളെ മതവും ജാതിയും നോക്കി വേർത്തിരിക്കാതെ തങ്ങളാലാവുന്ന സേവനങ്ങൾ നൽകി സമാശ്വസിപ്പിച്ചതും സാന്ത്വനപ്പെടുത്തിയതും ചരിത്രം. വിപരീത ചിന്തകൾ വളർന്ന് വന്നപ്പോൾ അത് കെടുത്തിക്കളയാൻ ശ്രമിച്ചവരുമാണവർ. പരസ്പരം അർഹമായ ആദരവുകൾ നൽകാനും സഹിഷ്ണുതയോടെ വർത്തിക്കാനും കേരള മുസ്‌ലിംകളെ പഠിപ്പിച്ചതും പരിശീലിപ്പിച്ചതും സൂഫികളായ പണ്ഡിതരും സാദാത്തുക്കളുമാണ്. അത്‌കൊണ്ട് സൂഫിസം എന്ന പുതിയ സംഞ്ജ സൃഷ്ടിച്ചവർ സ്വയം അപഹാസ്യരായിത്തീരുകയല്ലാതെ സുന്നിവിശ്വാസത്തിൽ നിന്ന് സുന്നികളെ മാറിചിന്തിപ്പിക്കാനാവില്ല.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ