srishtipp-malayalm

ആദം(അ)ന്റെ സൃഷ്ടിപ്പ് വേളയില്‍ തന്നെ തിരുനബി(സ്വ) പ്രവാചകരായി നിലവിലുണ്ടെന്നതിന് ബുഖാരി(താരീഖ്), തിര്‍മുദി, അഹ്മദ്, ഹാകിം, ത്വബ്‌റാനി, ഇബ്‌നുഹിബ്ബാന്‍, ബഗ്‌വി തുടങ്ങി മുമ്പ് വിശദീകരിച്ച പ്രകാരം ഹദീസ് പണ്ഡിതന്മാര്‍ നിവേദനം ചെയ്ിതട്ടുള്ള രണ്ട് ഹദീസുകള്‍ തെളിവായി ഉണ്ടായിട്ടും ആദം നബി(അ) ജലത്തിനും മണ്ണിനും മധ്യേ ആയിരിക്കെ ഞാന്‍ പ്രവാചകനായിരുന്നു എന്ന ഹദീസ് വചനത്തെക്കുറിച്ച് ഇബ്‌നു തൈമിയ്യ പ്രകടിപ്പിച്ച അഭിപ്രായത്തെ കച്ചിത്തുരുമ്പാക്കി മുഹമ്മദീയ യാഥാര്‍ത്ഥ്യം ആദ്യ സൃഷ്ടിയെന്ന ആശയത്തെ പൂര്‍ണമായി നിഷേധിക്കാന്‍ ഇസ്‌ലാം വിമര്‍ശകനായ സ്വാദിഖ് മുഹമ്മദ് വിഫല ശ്രമം നടത്തിയിട്ടുണ്ട്.

ഇബ്‌നുതൈമിയ്യ പറയുന്നു: ആദം(അ) ജലത്തിനും പച്ച മണ്ണിനും മധ്യേ ആയിരുന്നപ്പോള്‍ ഞാന്‍ പ്രവാചകനായിരുന്നു, ആദം(അ) ജലമോ പച്ചമണ്ണോ അല്ലാതിരുന്ന സമയത്ത് ഞാന്‍ പ്രവാചകനായിരുന്നു എന്നീഹദീസുകള്‍ക്ക് അടിസ്ഥാനം (സനദ്) ഇല്ല. സത്യസന്ധരായ പണ്ഡിതന്മാരാരും അത് നിവേദനം ചെയ്തിട്ടുമില്ല. ആധികാരിക ഗ്രന്ഥങ്ങളിലൊന്നും ഈ പദം ഇല്ല തന്നെ. അതിനാല്‍ അത് അസത്യമാണ്. കാരണം, ആദം നബി ജലത്തിന്റെയും പച്ചമണ്ണിന്റെയും മധ്യത്തിലാകുന്ന ഒരവസ്ഥ ഉണ്ടായിട്ടില്ല. ആദമിനെ അല്ലാഹു സൃഷ്ടിച്ചത്, മണ്ണിനെ വെള്ളവുമായി കൂട്ടിക്കലര്‍ത്തി പച്ചമണ്ണാക്കി പിന്നീട് അതിനെ ഉണക്കി ആ ഉണക്ക മണ്ണില്‍ നിന്നാണ്. മണ്ണില്‍ നിന്ന് പാത്രങ്ങളും മറ്റും നിര്‍മിക്കുന്നത് പോലെയായിരുന്നിത്. അത് കൊണ്ട്തന്നെ ജലത്തിന്റെയും പച്ചമണ്ണിന്റെയും മധ്യേ എന്ന് പറയാവുന്ന ജലവും ജലവും പച്ചമണ്ണും കൂടിയുള്ള ഒരവസ്ഥ ആദം(അ)ന് ഉണ്ടായിട്ടില്ല (മജ്മൂഉല്‍ ഫതാവാ 2/147). മുകളില്‍ ഉദ്ധരിച്ച രണ്ട് ഹദീസുകള്‍ ഇബ്‌നുതൈമിയ്യ ഫതാവല്‍ കുബ്‌റ 5/90-ല്‍ ഉദ്ധരിച്ച ശേഷം പറഞ്ഞു: ‘ഈ പദം അങ്ങനെ തന്നെ അസത്യമാണ്.’

ഇബ്‌നുതൈമിയ്യ അദ്ദേഹത്തിന്റെ രണ്ടു ഗ്രന്ഥങ്ങളിലും ‘ജലത്തിനും പച്ചമണ്ണിനും മധ്യേ’ എന്ന വാചകം കേന്ദ്രീകരിച്ചാണ് സംസാരിക്കുന്നതെന്ന് വളരെ വ്യക്തമാണ്. ഈ പദം (ലഫ്‌ള്) എന്ന് രണ്ട് ഗ്രന്ഥങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഈ ഹദീസിന്റെ അധിക നിവേദനങ്ങളിലുമുള്ളത് ‘ആദം(അ) ആത്മാവിനും ശരീരത്തിനും മധ്യേ’ എന്നാണ്. കളിമണ്ണ് കൊണ്ട് നിര്‍മിക്കപ്പെട്ടത് ഉണക്കാനിട്ടിരുന്ന വേളയിലെന്ന് ചില നിവേദനങ്ങളിലുണ്ട്. അതിനാല്‍ ഒരു പദത്തെ ചൊല്ലിയുള്ള ഇബ്‌നുതൈമിയ്യയുടെ ആക്ഷേപവും അത് പൊക്കിപ്പിടിച്ചുള്ള സ്വാദിഖ് മുഹമ്മദിന്റെ വിമര്‍ശനവും അങ്ങേയറ്റം ബാലിശവും വിഷയത്തിന് ലവലേശം പോറലേല്‍പിക്കാത്തതുമാണ്.

ജലത്തിനും പച്ചമണ്ണിനും മധ്യേ എന്ന ആശയം അസത്യമാണ് എന്ന് ഇബ്‌നുതൈമിയ്യ പറഞ്ഞത് ഹദീസുകളില്‍ വിവിധ വിഷയങ്ങളില്‍ ഇതേ പ്രയോഗം ഉണ്ടായിട്ടുണ്ട് എന്നതിനെക്കുറിച്ചുള്ള അജ്ഞതയോ അജ്ഞത നടിക്കലോ ആണ്. ഉദാഹരണത്തിന് ലൈലത്തുല്‍ ഖദ്‌റുമായി ബന്ധപ്പെട്ട് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ്: അബൂസലമത്ത്(റ) പറയുന്നു: എന്റെ സ്‌നേഹിതന്‍ അബൂസഈദ്(റ) പറഞ്ഞു: റമളാന്‍ അവസാന പത്തില്‍ തിരുനബി(സ്വ)യോടൊപ്പം ഞങ്ങള്‍ ഇഅ്തികാഫ് ഇരിക്കുകയായിരുന്നു. ഇരുപതാം ദിവസം പ്രഭാതത്തില്‍ ഞങ്ങളെ സമീപിച്ച നബി(സ്വ) പ്രസംഗിച്ചു; തീര്‍ച്ചയായും എനിക്ക് ലൈലത്തുല്‍ ഖദ്ര്‍ കാണിക്കപ്പെട്ടു. പിന്നീട് എനിക്കത് മറപ്പിക്കപ്പെടുകയും ചെയ്തു. അതിനാല്‍ അവസാനത്തെ പത്തിലെ ഒറ്റയായ ദിവസങ്ങളില്‍ നിങ്ങള്‍ അതിനെ പ്രതീക്ഷിക്കുക. തീര്‍ച്ച, ജലത്തിലും പച്ചമണ്ണിലുമായി ഞാന്‍ സുജൂദ് ചെയ്യുന്നതായി എനിക്കു കാണിക്കപ്പെട്ടു (ബുഖാരി). ഇമാം അലിയ്യുനില്‍ഖാരി(റ) ഈ ഹദീസിലെ ജലത്തിലും പച്ചമണ്ണിലുമെന്ന പ്രയോഗത്തെ വിശദീകരിച്ചെഴുതി: നനവുള്ള ഭൂമി എന്നാണ് ഇതിന്റെ അര്‍ത്ഥം. ജലവും പച്ചമണ്ണും എന്നതിന്റെ മൂല പ്രയോഗം ജലവും മണ്ണും എന്നായിരിക്കാം. മണ്ണിന് പച്ചമണ്ണ് എന്നു പ്രയോഗിക്കാന്‍ കാരണം മണ്ണ് പിന്നീട് ജലവുമായി കൂടിക്കലരുന്നത് കൊണ്ടും തുടക്കത്തില്‍ ജലം കൂടുതലായിരുന്നു എന്ന് സൂചിപ്പിക്കാനുമാണ്. പച്ചമണ്ണില്‍ നിന്ന് ആദം(അ)നെ സൃഷ്ടിച്ചു എന്നാണ് ഖുര്‍ആനിന്റെ പ്രസ്താവനയെന്നതിനാല്‍ ആദം ജലത്തിനും പച്ചമണ്ണിനുമിടയിലായിരിക്കെ ഞാന്‍ പ്രവാചകനായിരുന്നു എന്ന ഹദീസിലുള്ളത് ഇതേ പ്രയോഗമാണ് (മിര്‍ഖാത്ത് 4/585).

മുഹമ്മദീയ യാഥാര്‍ത്ഥ്യത്തിന്റെ പ്രഥമ സൃഷ്ടിപ്പിനെ നിഷേധിക്കുന്ന ഇബ്‌നുതൈമിയ്യ മുതല്‍ സ്വാദിഖ് മുഹമ്മദ് വരെയുള്ളവര്‍ക്ക് പ്രസ്തുത ഹദീസിലെ ഈ പ്രയോഗത്തിന് ഇമാം ബുഖാരി(റ) നല്‍കിയ വ്യാഖ്യാനം മനസ്സിലാകാത്തതില്‍ അത്ഭുതമില്ല. വിമര്‍ശിക്കാന്‍ മാത്രം പഴുതുതേടുന്നവര്‍ക്ക് യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ സന്നദ്ധതയുണ്ടാകില്ല.

ഇതേ പ്രയോഗം വേറെയും ഹദീസുകളിലുണ്ട്. ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്ത മറ്റൊരു ഹദീസ്: മദീനയിലെ ഒരു തോട്ടത്തില്‍ തിരുനബി(സ്വ)യോടൊപ്പം അബൂമൂസ(റ)വും ഉണ്ടായിരുന്നു. പുണ്യ റസൂല്‍(സ്വ)യുടെ കയ്യിലൊരു വടിയുണ്ട്. ജലത്തിന്റെയും പച്ചമണ്ണിന്റെയും മധ്യേ അത് കൊണ്ടകുത്തുകയായിരുന്നു. അപ്പോള്‍ ഒരാള്‍ അങ്ങോട്ടു വന്നു… (ബുഖാരി 6216). ഹദീസിലെ ഈ പ്രയോഗത്തിന് പുറമെ ഇമാം ബുഖാരി(റ) പ്രസ്തുത ഹദീസ് ഉദ്ധരിച്ച അധ്യായത്തിന് ‘ജലത്തിനും പച്ചമണ്ണിനും മധ്യേ വടികൊണ്ട് കുത്തുന്ന അധ്യായം’ എന്നാണ് പേരു നല്‍കിയിട്ടുള്ളത്. (അധ്യായങ്ങള്‍ക്ക് പേര് തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേക മഹത്ത്വം കല്‍പിക്കപ്പെടുന്ന പണ്ഡിതനാണ് ഇമാം ബുഖാരി(റ). സ്വഹീഹുല്‍ ബുഖാരിയിലെ അധ്യായങ്ങളുടെ പേരുകളെ വ്യാഖ്യാനിക്കാനായി മാത്രം നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്). ഈ പേരിട്ടതില്‍ മഹാനവര്‍കള്‍ക്ക് യാതൊരു പന്തികേടും തോന്നിയില്ല. മാത്രമല്ല, അതിലെ മഹത്ത്വം മഹാന്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. എന്നിട്ടും ഇബ്‌നുതൈമിയ്യക്കും മറ്റും ഇതു മനസ്സിലാകാത്തത് ആദര്‍ശം ബിദ്അത്തില്‍ ഊട്ടിയുറപ്പിച്ചതുകൊണ്ടായിരിക്കും.

മുഹമ്മദീയ യാഥാര്‍ത്ഥ്യം അല്ലാഹുവിന്റെ പ്രകാശത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു എന്ന വിശ്വാസപരമായ പിഴവ് നബിപ്രകാശം പ്രഥമ സൃഷ്ടിയെന്ന വസ്തുത വിശ്വസിക്കുന്നവര്‍ക്കുണ്ടെന്ന് സ്വാദിഖ് മുഹമ്മദ് വാദിക്കുന്നു. എന്നാല്‍ ഏതെങ്കിലുമൊരു പണ്ഡിതോദ്ധരണം തെളിവായി നല്‍കാനാകുന്നുമില്ല. ദുര്‍ബലമായ തെളിവുകൊണ്ട് പേലും ഇതു സ്ഥാപിക്കാന്‍ തനിക്കാകില്ലെന്നു ബോധ്യമുണ്ടായിട്ടും ആരോപണങ്ങളുന്നയിക്കുന്നതില്‍ കുറവൊന്നും വരുത്തുന്നില്ലെന്നതാണ് കൗതുകകരം.

ഇത്തരം വിമര്‍ശനങ്ങള്‍ക്ക് സ്വാദിഖ് മുഹമ്മദ് മാനദണ്ഡമാക്കുന്നത് നബിപ്രകാശത്തിന്റെ സൃഷ്ടിപ്പിനെ പരാമര്‍ശിക്കുന്ന ഒരു ഹദീസിന്റെ ബാഹ്യാര്‍ത്ഥമാണ്. ‘മുഴുവന്‍ വസ്തുക്കളെയും സൃഷ്ടിക്കുന്നതിന് പ്രവാചകന്റെ പ്രകാശത്തെ അല്ലാഹുവിന്റെ നൂറി(പ്രകാശം)ല്‍ നിന്നു സൃഷ്ടിച്ചു’ എന്നതാണത്. ഈ വചനത്തില്‍ അല്ലാഹുവിന്റെ പ്രകാശത്തില്‍ നിന്ന് എന്ന ഭാഗത്തെയാണ് വിമര്‍ശകര്‍ അവലംബിക്കുന്നത്. നബിപ്രകാശം ആദ്യ സൃഷ്ടി എന്ന ആശയം പറഞ്ഞവരൊക്കെ ഇതിനെ ബാഹ്യാര്‍ത്ഥത്തില്‍ നിന്നു മാറ്റി വ്യാഖ്യാനിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ പ്രകാശത്തില്‍ നിന്ന് നബിപ്രകാശം സൃഷ്ടിച്ചു എന്ന് ബാഹ്യാര്‍ത്ഥത്തിലുണ്ടായിട്ടും അങ്ങനെ വിശ്വസിക്കല്‍ ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ക്ക് നിരക്കാത്തതിനാല്‍ നബിപ്രകാശാശയം പറഞ്ഞവര്‍ ആരും തന്നെ അതു വിശ്വസിച്ചിട്ടില്ല. ഇതുകൊണ്ട് തന്നെയാണ് ബാഹ്യാര്‍ത്ഥത്തെ പണ്ഡിതര്‍ മാറ്റിവ്യാഖ്യാനിച്ചത്. ഇമാം സര്‍ഖാനി എഴുതി: അല്ലാഹുവിന്റെ പ്രകാശം എന്നതില്‍ പ്രകാശത്തെ അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറഞ്ഞത് ബഹുമാന സൂചകമായാണ്. നബിപ്രകാശം അത്ഭുത സൃഷ്ടിയാണെന്ന് പഠിപ്പിക്കാനുമാണ്. അല്ലാഹുവുമായി പ്രത്യേകമായൊരു ബന്ധവും തദനുസൃതമായ  മഹത്ത്വവുമുണ്ടെന്ന് അറിയിക്കാനുമാണ്. വിശുദ്ധ ഖുര്‍ആന്‍ 32/9-ല്‍ മണ്ണില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ച് അല്ലാഹുവിന്റെ ആത്മാവില്‍ നിന്നും മനുഷ്യനില്‍ ഊതുകയും ചെയ്തു എന്ന പരാമര്‍ശത്തില്‍ അല്ലാഹവുവിന്റെ ആത്മാവില്‍ നിന്ന് ഊതി എന്നതിന് സമാനമാണ് നാഥന്റെ പ്രകാശത്തില്‍ നിന്ന് നബിപ്രകാശം സൃഷ്ടിച്ചു എന്നു പറയുന്നത്. അത് കൊണ്ട് തന്നെ നബിപ്രകാശത്തെ ക്കുറിച്ചുള്ള ഹദീസിലെ സംബന്ധികാവിഭക്തി (ഇളാഫത്) വിശദീകരണാര്‍ത്ഥം (ബയാനിയ്യത്ത്) ഉള്ളതാണ്. അതനുസരിച്ച് അല്ലാഹുവിന്റെ ദാത്ത് (സത്ത) എന്ന പ്രകാശത്തില്‍ നിന്ന് സൃഷ്ടിച്ചു എന്ന അര്‍ത്ഥമാകും. ഇത് തന്നെ അല്ലാഹുവിന്റെ നബിപ്രകാശത്തിന്റെ സൃഷ്ടിപ്പിന്റെ അടിസ്ഥാനഘടകമായ പദാര്‍ത്ഥം എന്ന അര്‍ത്ഥത്തിലല്ല. മറിച്ച് നബിപ്രകാശം ഉണ്ടാകട്ടെ എന്ന അല്ലാഹുവിന്റെ ഇറാദത്ത് (കരുതലോടെയുള്ള കല്‍പന) മറ്റൊരു മാധ്യമവും ഇല്ലാതെ അല്ലാഹുവില്‍ നിന്ന് ഉണ്ടായതനുസരിച്ച് നബിപ്രകാശം സൃഷ്ടിക്കപ്പെട്ടു എന്ന അര്‍ത്ഥത്തിലാണ് (ശറഹുസ്സര്‍ഖാനി അലല്‍ മവാഹിബ് 1/46).

ഇമാം അലിയ്യുശ്ശബ്‌റാമല്ലിസി(റ)നെ ഇമാം അജ്‌ലൂനി(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ പ്രകാശത്തില്‍ നിന്ന് നബിപ്രകാശം സൃഷ്ടിച്ചു എന്നതിന്‍രെ ബാഹ്യാര്‍ത്ഥം ഉദ്ദേശ്യമല്ല. അത്‌കൊണ്ടുതന്നെ നാഥന്റെ ദാത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രകാശമുണ്ടെന്ന് ഈ ഹദീസിന് അര്‍ത്ഥമാകാന്‍ പാടില്ല. കാരണം അങ്ങനെയൊരു പ്രകാശം ഉണ്ടാകല്‍ അസംഭവ്യ(മുഹാല്‍)മാണ്. ജഡ പദാര്‍ത്ഥങ്ങളിലേ പ്രകാശം സ്ഥിതിചെയ്യുകയുള്ളൂ എന്നതാണ് ഇതിനു കാരണം (കശ്ഫുല്‍ ഖഫാ 1/266). ഇമാം സുര്‍ഖാനി(റ) പറഞ്ഞ അതേ വ്യാഖ്യാനങ്ങള്‍ ഇമാം അജ്‌ലൂനി തുടര്‍ന്ന് പറഞ്ഞിട്ടുണ്ട്.

അല്ലാമാ അബ്ദുല്‍ ഹയ്യില്ലഖ്‌നവി(റ) എഴുതി: അല്ലാഹുവിന്റെ പ്രകാശം എന്നതിലെ സംബന്ധികാവിഭക്തി ആദം(അ)ന്റെ സൃഷ്ടിപ്പിനെ പരാമര്‍ശിക്കുന്ന 15/29, 38/72 ഖുര്‍ആന്‍ വചനങ്ങളില്‍ എന്റെ ആത്മാവില്‍ നിന്ന് ആദമില്‍ ഊതി എന്ന പ്രയോഗത്തിന് സമാനമാണ്. ഇപ്രകാരം തന്നെ വിശുദ്ധ ഖുര്‍ആന്‍ 4/171-ല്‍ ഈസാ(അ)നെ കുറിച്ച് അല്ലാഹുവില്‍ നിന്നുള്ള ആത്മാവ് എന്ന് പരിചയപ്പെടുത്തിയിട്ടുണ്ട്. ഈസാ(അ)നെക്കുറിച്ച് അല്ലാഹുവിന്റെ ആത്മാവ് (റൂഹുല്ലാഹി) എന്നു തന്നെ പറയാറുണ്ടല്ലോ. കഅ്ബാ ശരീഫിനെക്കുറിച്ചും മറ്റു പള്ളികളെ കുറിച്ചും അല്ലാഹുവിന്റെ ഭവനം (ബൈതുല്ലാഹ്) എന്ന് പറയാറുണ്ട്. ഇതെല്ലാം സമാനമായ ഭാഷാ ശൈലികളാണ് (അല്‍ ആസാറുല്‍ മര്‍ഫൂഅ 1/42).

ഈസാനബി(അ)ന്റെ സൃഷ്ടിപ്പ് പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ 66/12-ല്‍ പതിവ്രതയായ മര്‍യം(റ)യില്‍ നമ്മുടെ ആത്മാവില്‍ നിന്ന് ഊതി എന്ന വാചകം വിശദീകരിച്ച് ആലൂസി എഴുതുന്നു: ആത്മാവ് എന്നതിന് അതിന്റെ പ്രസിദ്ധമായ അര്‍ത്ഥമാണ് ഉദ്ദേശ്യം. എന്നാല്‍ ആത്മാവിനെ അല്ലാഹുവിലേക്ക് ചേര്‍ത്തത് (ഇളാഫത്ത്) ബഹുമാനം അറിയിക്കാനാണ്. ആത്മാവ് ഊതുക എന്നതിന്റെ ഉദ്ദ്യേശ്യം ജീവന്‍ നല്‍കുക എന്നാണ്. യഥാര്‍ത്ഥത്തില്‍ ഒരു ഊതല്‍ പ്രക്രിയ അവിടെ ഇല്ലതന്നെ (റൂഹുല്‍ മആനി 17/88).

ചുരുക്കത്തില്‍, അല്ലാഹുവിന്റെ പ്രകാശത്തില്‍ നിന്ന് നബിപ്രകാശം സൃഷ്ടിച്ചു എന്നതിന് സമാനമായ ഭാഷാ പ്രയോഗം ഖുര്‍ആനില്‍ അഞ്ച് സ്ഥലങ്ങളിലുണ്ട്. ഈ ഹദീസിലോ ഉപര്യുക്ത ഖുര്‍ആന്‍ വാക്യങ്ങളിലോ ബാഹ്യാര്‍ത്ഥം ഉദ്ദേശ്യമല്ല. നബിപ്രകാശം എന്ന ആശയം പറയുന്ന മുഴുവന്‍ പണ്ഡിതന്മാരും ഇത് വിശദീകരിച്ചിരിക്കെ അല്ലാഹുവിന്റെ പ്രകാശത്തില്‍ നിന്ന് നബിപ്രകാശം സൃഷ്ടിച്ചു എന്ന തെറ്റായ വിശ്വാസം ഉണ്ടെന്നു പറഞ്ഞ് കൊണ്ടുള്ള സ്വാദിഖ് മുഹമ്മദിന്റെ വിമര്‍ശനം അടിസ്ഥാന രഹിതവും വ്യാജവുമാണ്. വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും സ്ഥിരപ്പെട്ട നബിപ്രകാശം പ്രഥമ സൃഷ്ടി എന്ന ആശയം പറയുന്നവരുടെ മേല്‍ കുറേയധികം കളവ് പറഞ്ഞുപരത്തിയിട്ട് വിമര്‍ശകര്‍ക്ക് എന്തു നേട്ടമാണുള്ളത്. വസ്തുതകള്‍ക്കു വിരുദ്ധമായ വിമര്‍ശനങ്ങള്‍ കൊണ്ട് പാരത്രികമായി എന്തു ഗുണമുണ്ട്?

നബിപ്രകാശം സൃഷ്ടിക്കപ്പെട്ടത് അല്ലാഹുവിന്റെ പ്രകാശത്തില്‍ നിന്നാണ് എന്ന വിശ്വാസമുള്ളതിനാല്‍ നബിപ്രകാശം ആദ്യസൃഷ്ടി എന്ന ആശയം അദ്വൈതവാദമാണെന്നാണ് സ്വാദിഖ് മുഹമ്മദിന്റെ മറ്റൊരു കണ്ടെത്തല്‍. ഇങ്ങനെയൊരു വിശ്വാസം ഇല്ലെന്ന് നേരത്തെ ചര്‍ച്ചചെയ്തതും സമര്‍ത്ഥിച്ചതുമാണ്. അതിനാല്‍ അദ്വൈതവാദാരോപണവും അസ്ഥാനത്താണ്. മാത്രമല്ല, അദ്വൈതവാദാരോപണത്തെ ചെറുത്തുതോല്‍പിക്കാന്‍ ജീവിതം ഉഴിഞ്ഞുവെക്കുകയും ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത പണ്ഡിത കേസരികളെ വിസ്മരിച്ചുകൊണ്ട് മാത്രമേ അതിനാകൂ.

നബിപ്രകാശം പ്രഥമ സൃഷ്ടി എന്ന വിഷയം സലഫുസ്വാലിഹുകള്‍ ചര്‍ച്ച ചെയ്യാതിരുന്നത് അതിന് സ്വീകാര്യമായ തെളിവുകളില്ലാത്തതിനാലാണ് എന്നാണ് അവസാനമായി സ്വാദിഖ് മുഹമ്മദ് ആരോപിക്കുന്നത്. ഇത് രണ്ടു തരത്തില്‍ പൊള്ളത്തരമാണ്. ഒന്ന്, സലഫുസ്വാലിഹുകള്‍ ചര്‍ച്ച ചെയ്തില്ല എന്നത് തെറ്റാണ്. കാരണം ആദം(റ) മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്ന വേളയില്‍ ഞാന്‍ പ്രവാചകനായിരുന്നു എന്ന് നബി(സ്വ) പറഞ്ഞത് സ്വഹാബിമാരില്‍ ചിലരുടെ ചോദ്യത്തിന് മറുപടിയായാണ്. പ്രസ്തുത ഹദീസുകള്‍ മുമ്പ് വിശദമായി തന്നെ എഴുതിയിട്ടുണ്ട്. അബ്ബാസ്(റ) അടക്കമുള്ള പല സ്വഹാബികളും നബിപ്രകാശത്തെക്കുറിച്ച് നടത്തിയ വിവരണങ്ങളുംമുമ്പ് വിശദീകരിച്ചിട്ടുണ്ട്. അതായത് സ്വഹാബികള്‍ തന്നെ ഈ വിഷയം പലനിലക്കും പരാമര്‍ശിച്ചിട്ടുണ്ട്.

സ്വീകാര്യമായ ലക്ഷ്യങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് അവര്‍ അതു ചര്‍ച്ചചെയ്യാത്തത് എന്ന രണ്ടാമത്തെ ആരോപണവും വസ്തുതാപരമല്ല. കാരണം ഏതൊരു വിഷയത്തിനും വ്യക്തവും ഖണ്ഡിതവുമായ ലക്ഷ്യം ഇല്ലെങ്കിലാണ് ആ വിഷയം ആവര്‍ത്തിച്ചു ചര്‍ച്ചചെയ്യപ്പെടുക. ഖണ്ഡിതമായ ലക്ഷ്യങ്ങള്‍ ഉള്ള വിഷയങ്ങളില്‍ തര്‍ക്കവും ചര്‍ച്ചയും കുറയുകയും ഏകകണ്ഠമായി അംഗീകരിക്കപ്പെടുകയുമാണ് ചെയ്യുക. മനുഷ്യ പ്രകൃതിയുടെ ഈ കേവല പ്രതിഭാസം പോലും മനസ്സിലാക്കാന്‍ സ്വാദിഖ് മുഹമ്മദിനും മറ്റ് വിമര്‍ശകര്‍ക്കും സാധിച്ചില്ല. സലഫുസ്വാലിഹീങ്ങളുടെ കാലത്ത് നബിപ്രകാശത്തെക്കുറിച്ച് അഭിപ്രായ ഭിന്നത ഉടലെടുക്കാതിരുന്നത് അവര്‍ ഏകകണ്ഠമായി ഈ ആശയം അംഗീകരിച്ചിരുന്നത് കൊണ്ടാണ്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ