ഇക്കഴിഞ്ഞ നവംബറിലെ ഒരു ശനിയാഴ്ച. യാദൃച്ഛികമായി ഒരു കൂട്ടുകാരനെ കണ്ടുമുട്ടി. എന്റെ താടിക്കു പതിവിലും കൂടുതൽ നീളം കണ്ടപ്പോൾ സുഹൃത്ത് ചോദിച്ചു: ‘നോ ഷേവ് നവംബർ ആയതു കൊണ്ടാകുമല്ലേ?’. എനിക്കു കാര്യം മനസ്സിലായില്ല. പിന്നീട് സുഹൃത്ത് തന്നെ കാര്യം വ്യക്തമാക്കി. അങ്ങാടിയിൽ അദ്ദേഹം കണ്ട സുഹൃത്തുക്കളുടെ മീശയും താടിയും വികൃത രൂപത്തിലായതിനെ കുറിച്ചു ചോദിച്ചപ്പോൾ അവർ ഇങ്ങനെയാണത്രെ പ്രതികരിച്ചത്: ‘ഇതു നോ ഷേവ് നവംബറാണ് ഇക്കാ. നിങ്ങളൊക്കെ ഏതു ലോകത്താ ജീവിക്കുന്നത്’.

എന്താണ് ‘നോ ഷേവ് നവംബർ’ എന്ന് അന്വേഷിച്ചപ്പോഴാണ് ഇത്തരമൊരു കാംപയിനിനെ കുറിച്ചറിയുന്നത്. വാട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലുമെല്ലാം താടി ലുക്കുമായി സെലിബ്രിറ്റികളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. കാൻസറിനെ കുറിച്ച് അവബോധം സൃഷ്ടിക്കുക, കാൻസർ രോഗികൾക്കായി ധന സമാഹരണം നടത്തുക എന്നതാണ് ഈ കാംപയിനിന്റെ ഉദ്ദേശ്യം.

ഒരു മാസം ഷേവ് ചെയ്യാതിരുന്നാൽ എത്രത്തോളം പണം ലഭിക്കുമോ ആ പണം കാൻസർ രോഗികൾക്കായി സംഭാവന ചെയ്യുകയാണ് ലക്ഷ്യം. ആർക്കും യാതൊരു ബുദ്ധിമുട്ടുമില്ലാതെ കാൻസർ രോഗികൾക്ക് ഒരു കൈ സഹായം നൽകുക എന്ന നിലയ്ക്കാണ് 2009 നവംബറിൽ ഈ കാംപയിൻ തുടക്കം കുറിച്ചിട്ടുള്ളത്. കാംപയിനിന്റെ ഇത്തരമൊരു സദുദ്ദേശ്യമൊന്നും നമ്മുടെ ന്യൂ ജനറേഷന് ബാധകമല്ലെങ്കിലും സെലിബ്രിറ്റികളുടെ അനുധാവനം മാത്രമാണ് അവർ ഉന്നംവെച്ചിട്ടുള്ളൂവെന്നതുമാണ് ഏറെ രസകരം. ജീവിതത്തിന്റെ നിഖില മേഖലകളിലും സെലിബ്രിറ്റി അനുകരണം നടത്തുന്നവർ താടിയുടെയും മീശയുടെയും വൈകൃതത്തിൽ മാത്രം മാറി നിൽക്കുന്നതിൽ അർത്ഥവുമില്ലല്ലോ. കാൻസർ രോഗികളെ സഹായിക്കാൻ വേണ്ടി സെലിബ്രിറ്റികൾക്കു നാലാഴ്ച ഷേവു ചെയ്യാതിരുന്ന പണം തന്നെ വേണ്ടതുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്.

കാൽപാദം മൂടുകയും അടിഭാഗത്ത് മുഴുവൻ ചെളി പുരണ്ട് കീറിയതുമായ പാന്റ്‌സു തന്നെ  ധരിക്കണമെന്ന വാശി പുതുതലമുറക്കു വന്നതും സെലിബ്രിറ്റികളെ മാതൃകയാക്കിയതു കൊണ്ടാണ്. നരച്ചതും ഇടുങ്ങിയതുമായ വസ്ത്രം ധരിക്കാനുള്ള താൽപര്യം പുതുതലമുറയെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിലാണ് ഇത്തരം തലതെറിച്ച സംസ്‌കാരം സമൂഹത്തിൽ കൂടുതലായി കാണപ്പെടുന്നത്. ഫാഷൻ തരംഗം മുൻ കാലങ്ങളിലും സമൂഹത്തിലുണ്ടായിരുന്നുവെങ്കിലും സാംസ്‌കാരിക മൂല്യച്യുതിയിലേക്ക് നയിക്കുന്നതായിരുന്നില്ല. ഇലകൾ കൊണ്ട് നാണം മറച്ചിരുന്ന ആദിമ മനുഷ്യരെ പോലും നാണിപ്പിക്കുന്ന പുതിയ വേഷവിധാനമാണ് നവ തലമുറയുടെ ഇഷ്ടം.തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമാണ് ബോളിവുഡ് സിനിമാ സംസ്‌കാരം കാര്യമായി പുതുതലമുറയെ സ്വാധീനിച്ചു തുടങ്ങിയത്. ടെലിവിഷൻ സാധാരണക്കാർക്കും പ്രാപ്യമാവുന്നത് ആ കാലത്താണല്ലോ. മൊബൈൽ ഫോണുകളുടെ ആഗമനത്തോടൊപ്പം സോഷ്യൽ മീഡിയയുടെ രംഗ പ്രവേശം കൂടിയായപ്പോൾ പുതിയൊരു ഫാഷൻ വിപ്ലവം എളുപ്പമായി. അതു വലിയ സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കുന്ന വിധത്തിൽ പടർന്നു പന്തലിക്കുകയും ചെയ്തു. വേഷഭൂഷാദികളിൽ മാത്രമല്ല, സ്വഭാവത്തിലും പെരുമാറ്റത്തിലും അവർ പുതിയൊരു സംസ്‌കാരമുണ്ടാക്കിയെടുത്തു. വിമർശിക്കുന്നവർ മുഴുവൻ യാഥാസ്ഥിതികരായി മുദ്ര കുത്തപ്പെട്ടു.

അരക്കെട്ടിനു താഴെ നിൽക്കുന്ന പാന്റ്‌സും മുറിക്കുപ്പായവും ധരിക്കുകയും മുഖത്തും തലയിലും ചില ഭാഗങ്ങളിൽ മാത്രം ഷേവു ചെയ്യുകയും ചെയ്താൽ പരിഷ്‌കാരമാവുമെന്ന നവ തലമുറയുടെ തോന്നലും താരങ്ങളുടെ അനുകരണം മൂലമുണ്ടായിത്തീർന്ന വങ്കത്തമാണ്. സ്ത്രീകൾ പുരുഷന്റെ വേഷം ധരിക്കാൻ തുടങ്ങിയതും വടിവൊത്ത ശരീരത്തിന്റെ നിമ്‌നോന്നതികൾക്കനുസരിച്ച് നീട്ടിയും കുറുക്കിയുമുള്ള സ്ലീവ് ലെസ്സും മിനി സ്‌കർട്ടുമെല്ലാം ധരിക്കുന്നതും രഹസ്യമാക്കേണ്ട ശരീര ഭാഗങ്ങൾ പരസ്യമാക്കലാണ് വസ്ത്രധാരണത്തിലെ മാന്യത എന്ന് മനസ്സിൽ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതുമെല്ലാം ഒരേ കാരണം കൊണ്ടാണ്.

കായിക താരങ്ങളുടെ പാത പിൻതുടർന്ന് മുട്ട് മറയാത്ത ട്രൗസറിട്ടു കളിക്കുന്നവർ മുതൽ ജനമധ്യത്തിൽ പോലും ബർമുഡ ധരിച്ചു നടക്കുന്നവർ വരെ പുരുഷന്മാരിൽ കാണാവുന്നതാണ്. മുട്ടിനു മീതെയുള്ള വസ്ത്രം ധരിച്ച് കാൽപന്തു കൊണ്ട് ഇന്ദ്രജാലം കാണിക്കുന്നവരെ അനുഗമിച്ചു കൊണ്ടാണ്  വ്യായാമത്തിനുള്ള കളിയിൽ പോലും നിക്കറിടുന്നത്.

സെലിബ്രിറ്റികളെ ആദരണീയ വ്യക്തിത്വങ്ങളായി മനസ്സിൽ കുടിയിരുത്തുന്ന പുതിയകാല പ്രവണതയാണ് ഇന്നു കാണുന്ന പരിധി വിട്ട സാംസ്‌കാരിക ജീർണതക്കു കാരണം. സെലിബ്രിറ്റികൾ എല്ലാ വിഷയങ്ങളിലും മറ്റുള്ളവർക്കു മാതൃകയാണെന്ന തോന്നൽ വരുത്തിത്തീർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുമുണ്ട്. പൊതുവെ കാൻസർ രോഗം ഗുരുതരമാണെങ്കിലും കൃത്യമായ ചികിത്സയും മനക്കരുത്തുമുള്ളവർക്ക് ശമനം ലഭിക്കുന്നുണ്ടെന്നിരിക്കെ, മലയാളനടി മംത മോഹൻദാസ് കാൻസർ രോഗത്തെ മനോബലത്തോടെ നേരിട്ടു ജീവിതത്തിലേക്ക് തിരിച്ചു വന്നു, ചിരിയുടെ പര്യായമായ മലയാള നടൻ ഇന്നസെന്റ് പ്രായത്തിൽ കവിഞ്ഞ മനോബലം പ്രകടമാക്കി കാൻസർ രോഗത്തോടു പോരാടി, ഇന്ത്യൻ ക്രിക്കറ്റിലെ യുവത്വത്തിന്റെ പര്യായവും മികച്ച ഓൾ റൗണ്ടറുമായ യുവരാജ് സിംഗ് കാൻസറിനെ അതിജീവിച്ചു ജീവിതത്തിന്റെ പച്ചപ്പിലേക്ക് തിരിച്ചെത്തി തുടങ്ങിയ പരാമർശങ്ങളെല്ലാം അണ്ണാക്കു തൊടാതെ എന്തും വിഴുങ്ങുന്ന ഒരു വിഭാഗത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള ‘അസാധാരണത്വം’ ചാർത്തലാണ്.

കാൻസർ രോഗത്തെ ചെറുത്തു തോൽപ്പിച്ച മഹാ പ്രതിഭകൾ എന്നു കൊട്ടിഘോഷിക്കുന്നതിനു പകരം ചില സെലിബ്രിറ്റികളെയെങ്കിലും കാൻസറിന്റെ പ്രചാരകരായി പരിചയപ്പെടുത്തുന്നതാവും കൂടുതൽ ശരി. കാരണം പല സെലിബ്രിറ്റികളും കാൻസറിനെ പരോക്ഷമായി സഹായിക്കുന്നവരാണ്. കാൻസർ ജനകങ്ങളായ രാസസംയുക്തങ്ങൾ ചേർന്ന ഭക്ഷ്യോൽപന്നങ്ങളുടെ വിൽപ്പനക്കു വേണ്ടി പരസ്യ ചിത്രങ്ങളിലൂടെ സാക്ഷി പറയുന്നത് അവരാണല്ലോ. ‘ഞാൻ ഉറപ്പു നൽകുന്നു. ഇത് ആരോഗ്യത്തിനു നന്ന്. എന്റെ ആരോഗ്യത്തിന്റെ രഹസ്യമിതാണ്’ എന്ന് തുടങ്ങി താനറിയാത്ത ഒരു ഉൽപ്പന്നത്തിനു വേണ്ടിയാണു സംസാരിക്കുന്നതെങ്കിലും കേൾക്കുന്ന സാധാരണ ജനങ്ങൾ  അതാണ് സത്യമെന്നു വിശ്വസിച്ചു  അപകടങ്ങളിൽ വീഴുകയാ

ണ് ചെയ്യുന്നത്. അന്തരീക്ഷ മലിനീകരണം, പരിസര മലിനീകരണം, മദ്യം, പുകവലി  തുടങ്ങിയവയെല്ലാം കാൻസറിനു കാരണമാകുന്നുണ്ടെങ്കിലും രാസജന്യഭക്ഷണങ്ങളാണ് അതിൽ പ്രധാനം. വിവിധ തരം കൃത്രിമ ലഘു പാനീയങ്ങൾ, ഭക്ഷ്യ നിറങ്ങൾ, പ്രീസെർവേറ്റിവുകൾ എന്നിവയടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളെല്ലാം കാൻസർ ജനകങ്ങളായ രാസവസ്തുക്കൾ അടങ്ങിയതാണ്.

വേഷത്തിൽ മാത്രം ഒതുങ്ങുന്നതല്ല പുതിയ കാല ജനങ്ങളുടെ സെലിബ്രിറ്റി അനുകരണം. ജനങ്ങൾ എന്തു കഴിക്കണമെന്നും എന്തു കുടിക്കണമെന്നും എന്തു ധരിക്കണമെന്നുമെല്ലാം തീരുമാനിക്കുന്നത് താരങ്ങളാണ്. പരസ്യങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചാണ് ജനങ്ങളുടെ ജീവിതം തന്നെ ക്രമീകരിക്കപ്പെടുന്നത്. കോട്ടൺ മുണ്ടുകളെ തരംഗമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് മോഹൻലാലാണെന്നും അദ്ദേഹം ബ്രാൻഡ് അംബാസഡറായ ശേഷം കമ്പനിയുടെ വിറ്റുവരവിൽ അമ്പതു ശതമാനം വളർച്ചയുണ്ടായെന്നും എം.സി.ആർ മാനേജിംഗ് ഡയറക്ടർമാരായ എം.സി റോബിൻ, എം.സി റിക്‌സൻ എന്നിവരുടെയും മോഹൻലാൽ ഞങ്ങളുടെ ബ്രാൻഡ് അംബാസഡറായ ശേഷം കമ്പനിയെയും അതിന്റെ ഉൽപ്പന്നങ്ങളെയും ജനങ്ങൾ സ്വീകരിക്കുന്ന തലത്തിലേക്ക് ഉയർത്തിയെടുക്കാൻ കഴിഞ്ഞുവെന്ന പങ്കജ കസ്തൂരി മാനേജിംഗ് ഡയറക്ടറായ ഡോ.ജെ ഹരീന്ദ്രൻ നായരുടെയും മറ്റു പരസ്യങ്ങളിൽ  നിന്നു വിഭിന്നമായി പ്രാരാബ്ധങ്ങളുള്ള ഒരു സാധാരണക്കാരന്റെ വേഷത്തിൽ മോഹൻലാൽ മണപ്പുറത്തിന്റെ പരസ്യത്തിൽ ഇമേജ് നൽകിയതു മൂലം മണപ്പുറമെന്ന ബ്രാൻഡിനെ സാധാരണക്കാർക്കിടയിൽ എത്തിക്കാൻ സഹായകമായെന്ന മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വിപി നന്ദകുമാറി

ന്റെയും അഭിപ്രായങ്ങൾ പരസ്യ ലോബിയുടെ ഇംഗിതത്തിനു വഴങ്ങി ജനങ്ങൾ വലയിൽ വീണുകൊടുക്കുന്നുണ്ടെന്നുള്ള സാക്ഷ്യപത്രമാണ്. പോൾ ജോൺ എന്റർപ്രൈസിന്റെ ഒറിജിനൽ ചോയ്‌സ് എന്ന മദ്യ ബ്രാൻഡിന്റെ ‘വൈകിട്ടെന്താ പരിപാടി’ എന്ന പരസ്യത്തിൽ പോലും അഭിനയിക്കാൻ ഇതേ മോഹൻലാൽ തയ്യാറാവുന്നതു പൊതു സമൂഹത്തിന്റെ നന്മയിൽ യാതൊരു താൽപര്യവും അവർക്കില്ലെന്നാണ് ബോധ്യപ്പെടുത്തുന്നത്.

പരസ്യം കണ്ട് ഉൽപ്പന്നങ്ങൾ വാങ്ങി അതിൽ പറയുന്ന ഗുണങ്ങൾ ജനങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ അതിൽ അഭിനയിച്ചിട്ടുള്ള താരങ്ങളെ വഞ്ചനാകുറ്റം ചുമത്തി ജയിലിലടക്കുമെന്ന പുതിയ ഉപഭോക്തൃ നിയമം  കൊണ്ടു വരേണ്ട സാഹചര്യം നമ്മുടെ രാജ്യത്തുണ്ടായതു ശുഭകരമാണ്. അഞ്ചു വർഷം വരെ ജയിൽ ശിക്ഷയും 50 ലക്ഷം രൂപ പിഴയുമാണ് ഇതിനു ഏർപ്പെടുത്തുന്ന ശിക്ഷ. വ്യാജ വാഗ്ദാനങ്ങൾ നൽകി പരസ്യങ്ങളിൽ അഭിനയിക്കുന്നവരും ഉൽപന്നത്തിന്റെ നിർമ്മാതാക്കളെയും വിതരണക്കാരെയും പോലെത്തന്നെ ശിക്ഷാർഹരാണെന്നും ഇതു സംബന്ധമായി പഠനം നടത്തിയ  സമിതി കണ്ടെത്തിയിട്ടുണ്ട്.

പൊതു ജനങ്ങൾ അത്യാദര പൂർവം സെലിബ്രിറ്റികൾക്ക് മനസ്സുകളിൽ ഇടം നൽകുന്നുണ്ടെങ്കിലും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനോ അവർക്ക് ഉപദ്രവകരമാണെന്നു സുവ്യക്തമായ വിഷയങ്ങളിൽ പോലും പ്രതികരിക്കാനോ ഇത്തരം താരങ്ങളിൽ അധിക പേരും മുതിരുന്നില്ലെന്നതാണു വിരോധാഭാസം. കേരളത്തിൽ തലങ്ങും വിലങ്ങും പായുന്ന തെരുവു നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാനുള്ള സർക്കാറിന്റെ പദ്ധതികൾ വർഷങ്ങൾക്കു ശേഷവും ലക്ഷ്യം കാണാതെ പോകുന്നതു തന്നെ ഒരു ഉദാഹരണം. മൂന്നര ലക്ഷത്തിലധികം ആളുകളാണ് കഴിഞ്ഞ നാലു വർഷക്കാലയളവിൽ മാത്രം തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത്. 2015-ൽ മാത്രം ഒരു ലക്ഷത്തിലധികം പേർക്ക് കടിയേൽക്കുകയും പത്ത് പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 2016 ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കണക്കു പ്രകാരം 51298 പേർ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയായിട്ടുണ്ട്.

രാജ്യത്ത് ഒരു വർഷം രണ്ടായിരത്തി എണ്ണൂറ് കോടി രൂപയുടെ പേവിഷ പ്രതിരോധ മരുന്ന് വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. പതിനൊന്ന് കോടി രൂപയാണ് പേവിഷ പ്രതിരോധ മരുന്നുകൾ സൗജന്യമായി നൽകാൻ സംസ്ഥാനം കഴിഞ്ഞ സാമ്പത്തിക വർഷം ചെലവാക്കിയത്. മുൻ വർഷം ചെലവഴിച്ചതിനേക്കാൾ മൂന്നിരട്ടി അധികമാണിത്. ഈ തുക പേവിഷ പ്രതിരോധ വാക്‌സിൻ ലോബിയുടെ പോക്കറ്റിലാകണമെങ്കിൽ പേപിടിച്ച നായ്ക്കൾ സംസ്ഥാനത്ത് തലങ്ങും വിലങ്ങും നടക്കണം. ഇവരുടെ താത്പര്യങ്ങൾക്കു ശക്തി പകരുന്ന വിധത്തിൽ സെലിബ്രിറ്റി താരങ്ങളും രംഗപ്രവേശം ചെയ്തത് സമൂഹ മനസാക്ഷിയെ ഏറെ ഞെട്ടിച്ചു.

മതിയായ തയ്യാറെടുപ്പുകളില്ലാതെ സർക്കാർ നോട്ടു നിരോധനമേർപ്പെടുത്തിയതു കൊണ്ട് ജന ജീവിതം ദുസ്സഹമായപ്പോഴും വെള്ളിത്തിരയിലെ പ്രധാനികൾ അത് ആഘോഷമാക്കുകയായിരുന്നു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ് എന്നിവരെല്ലാം നോട്ട് നിരോധനത്തെ പൂർണാർത്ഥത്തിൽ പിന്തുണച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി നോട്ട് പിൻവലിക്കലിനെ ‘മഹത്തായ നീക്കം’ എന്നാണ് വിശേഷിപ്പിച്ചത്. ബോളിവുഡ്  താരം ഷാരൂഖ് ഖാൻ ‘അങ്ങേയറ്റത്തെ മിടുക്ക്’ എന്നാണ് മോദിയുടെ പ്രഖ്യാപനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.  സൂപ്പർ സ്റ്റാർ മോഹൻലാൽ, ആമിർഖാൻ, അജയ് ദേവ്ഗൺ, ഷാഹിദ് കപൂർ, അദിതി റാവു തുടങ്ങിയവരും  മോഡിയെ പിന്തുണക്കുകയാണ് ചെയ്തത്. കാരണം അവർക്കെല്ലാം ജനങ്ങളുടെ ദുരിതത്തെക്കാൾ സ്വന്തം താത്പര്യങ്ങളാണ് വലുത്. അവസാനം നോട്ട് നിരോധനം ദുരന്തമായപ്പോൾപോലും അഭിപ്രായം തിരുത്താൻ ഇവർ തയ്യാറായില്ല.അനന്തരഫലത്തെക്കുറിച്ച് ആലോചിക്കാതെ സെലിബ്രിറ്റികൾ പണത്തിന് വേണ്ടി എന്തു വേഷവും കെട്ടുമെന്ന സ്ഥിതിവിശേഷമാണുള്ളതെന്ന കർണാടക ഹൈക്കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിക്കെതിരെയുള്ള കേസിലാണ് കർണാടക ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയത്. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഫയൽ ചെയ്ത കേസിന്റെ വിചാരണയിക്കിടയിലാണ് സംഭവം. ഒരു മാഗസിന്റെ കവർ പേജിൽ വിഷ്ണുവിന്റെ വേഷത്തിൽ ധോണി പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ്  കോടതിയിൽ പരാതിയെത്തിയത്. ധോണിയെ പോലുള്ള ഒരു ക്രിക്കറ്ററും സെലിബ്രിറ്റിയും മതവികാരം വ്രണപ്പെടുത്തുമ്പോൾ അതിന്റെ അനന്തര ഫലത്തെക്കുറിച്ച് നന്നായി ആലോചി ക്കണമെന്നാണ് കോടതി നിലപാട് അറിയിച്ചത്.

സെലിബ്രിറ്റികളുടെ വാക്കും പ്രവൃത്തിയും അതേപടി പകർത്തുന്നവരാണ് ഭൂരിപക്ഷമെങ്കിലും സമീപ കാലത്തായി ജനങ്ങളിൽ ന്യൂനാൽ ന്യൂനപക്ഷമെങ്കിലും ഇത്തരം സൂപ്പർ സ്റ്റാറുകളുടെ വങ്കത്തരങ്ങൾക്കെതിരെ പ്രതികരിക്കുന്നുണ്ടെന്നതു സന്തോഷദായകമാണ്. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഈയിടെയുണ്ടായ ഒരു വിവാദത്തിൽ ‘അവിടെ നടന്നതു മുഴുവൻ രാജ്യദ്രോഹ പരമായ കാര്യങ്ങളാണെന്നും അതു ചെയ്തവരും അതിനെ അനുകൂലിച്ചവരും രാജ്യത്തോടു ക്രൂരതയാണു കാണിച്ചതെ’ന്നുമുള്ള മോഹൻലാലിന്റെ പ്രതികരണത്തിനു ശക്തമായ ഭാഷയിൽ തന്നെയാണ് സോഷ്യൽ മീഡിയ മറുപടി നൽകിയത്. അറിയാത്ത കാര്യങ്ങളിൽ ഉപദേശി ചമയുന്ന ലാലിനെ അംഗീകരിക്കാനാവില്ലെന്നും ഇന്ത്യൻ സമൂഹത്തെ മുഴുവൻ രാജ്യസ്‌നേഹം പഠിപ്പിക്കാൻ ലാൽ മുതിർന്നിട്ടില്ലെന്നുമാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളുടെ രത്‌നച്ചുരുക്കം. നടനും സംവിധായകനുമായ ശ്രീനിവാസൻ കാൻസർ രോഗത്തെ കുറിച്ചു നടത്തിയ ഒരു പരാമർശം ഏറെ വിമർശനങ്ങൾക്കു കാരണമായി. അലോപ്പതിയിൽ കാൻസറിനു ചികിത്സയില്ലെന്ന് അദ്ദേഹം ആധികാരികമായി എഴുതിയതാണ് രൂക്ഷ വിമർശനത്തിനു ഹേതുവായത്.  നാലാളറിയുന്നവർ എന്തിനെക്കുറിച്ച് അഭിപ്രായം പറഞ്ഞാലും ഭൂമിയിലുള്ളവർ അതിനെ വേദവാക്യമായി  ഏറ്റെടുക്കുമെന്ന ചിന്താഗതിക്കാർക്കുള്ള മറുപടി കൂടിയായിരുന്നു അത്.

സെലിബ്രിറ്റികൾ അമാനുഷരല്ലെന്നും നമ്മെപ്പോലെയുള്ള സാധാരണ മനുഷ്യരാണെന്നുമുള്ള ബോധം മുഴുവൻ ജനങ്ങൾക്കുമുണ്ടാകണം. അവരുടെ വാക്കുകളും പ്രവൃത്തികളും മുഖവിലക്കെടുത്ത് അന്ധമായി അനുകരിക്കാതിരിക്കാൻ ഈ ബോധം അനിവാര്യമാണ്. തിരക്കിന്റെ പുതിയ ലോകത്ത് ശ്രദ്ധിക്കപ്പെടണമെങ്കിൽ എന്തെങ്കിലും വ്യത്യസ്ത വേണമെന്നു മനസ്സിലാക്കുന്നവരാണ് പല സെലിബ്രിറ്റി പ്രമുഖരുമെന്നും നാം മനസ്സിലാക്കണം.  പത്രത്താളുകളിൽ തന്നെക്കുറിച്ചുള്ള വാർത്തകൾ വരാതിരിക്കുകയോ ചാനൽ ചർച്ചകളിലേക്ക് ക്ഷണിക്കപ്പെടാതിരിക്കുകയോ ചെയ്യുമ്പോഴാണ് അവർ  ലോകം സഞ്ചരിക്കുന്നതിന്റെ നേർ വിപരീത ദിശയിൽ സംവദിക്കുന്നതും സഞ്ചരിക്കുന്നതും. സിനിമ മേഖലയിലുള്ളവർക്കും ക്രിക്കറ്റ് ഫുട്‌ബോൾ രംഗത്തുമുള്ളവർക്കുമെല്ലാം ജനങ്ങളുടെ ഹൃദയത്തിൽ അവരർഹിക്കുന്നതിനേക്കാൾ സ്ഥാനം ലഭിക്കുമ്പോൾ തന്നെയാണ് സമൂഹത്തെ മുഴുവൻ കബളിപ്പിക്കുന്ന ദയനീയമായ കാഴ്ചകൾ നാം നിത്യവും കാണേണ്ടിവരുന്നത്.

ഹോളിവുഡ്, ബോളിവുഡ്, കോളിവുഡ് നടീ നടന്മാരെയോ കായിക രംഗത്തെ താരങ്ങളെയോ അല്ല ഒരു മുസ്‌ലിം അനുകരിക്കേണ്ടത്. അല്ലാഹുവിന്റെ പൊരുത്തവും സ്വർഗ പ്രവേശവും ലക്ഷ്യം വെക്കുന്നവർ അന്ത്യ പ്രവാചകരായ മുഹമ്മദ് നബി(സ്വ)യെയാണ് അനുധാവനം ചെയ്യേണ്ടത്. തിരുദൂതരാണ് വിശ്വാസിയുടെ റോൾമോഡൽ. വിശുദ്ധ ഖുർആൻ പറയുന്നു: ‘പ്രഖ്യാപിക്കുക. നിങ്ങൾ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കിൽ എന്നെ അനുകരിക്കുക. എങ്കിൽ അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരികയും ചെയ്യും. അല്ലാഹു അത്യധികം പൊറുക്കുന്നവനും ദയാലുവുമാകുന്നു’ (3/31). ‘പ്രവാചകൻ നിങ്ങൾക്കു നൽകിയത് സ്വീകരിക്കുക. നിരോധിച്ചത് വെടിയുക. അല്ലാഹുവിനെ നിങ്ങൾ ഭയപ്പെടുക. തീർച്ചയായും അല്ലാഹു ശിക്ഷ കഠിനമായവനാണ്’ (59/7). ‘സത്യം, നിങ്ങൾക്കു അല്ലാഹുവിന്റെ പ്രവാചകരിൽ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുകയും അല്ലാഹുവിനെ കൂടുതൽ സ്മരിക്കുകയും ചെയ്യുന്നവർക്ക്’ (33/21).

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ