sahajj-malayalam

ദുൽഹിജ്ജ, അറഫാ ദിനം, ഹജ്ജ്, അയ്യാമുത്തശ്‌രീഖ് തുടങ്ങിയ വാക്കുകൾക്ക് ത്യാഗത്തിന്റെ ഈണവും താളവുമുണ്ട്. ഉൾത്തടം തുടിച്ച് ആവേശത്തോടെ ആ മണ്ണിൽ കാലുകുത്തിയവർ വിറയലോടെയല്ലാതെ അവിടെ നിന്നു മടങ്ങില്ല. ജനലക്ഷങ്ങൾ വർഷംതോറും പാപഭാരം ഇറക്കിവെക്കുന്ന സൈകതപ്പരപ്പ്. ആ മനുഷ്യസാഗരത്തിനു നടുവിൽ, ആർത്തലക്കുന്ന തിരമാലകൾക്കിടയിൽപെട്ട കടലാസുവഞ്ചി പോലെ ലളിതവസ്ത്രധാരണത്തിന്റെ ധാവള്യവും അശ്രുകണങ്ങളെ അളവില്ലാതാക്കുന്ന ആത്മീയതയുടെ ആത്മാർത്ഥതയും ഇഴുകിച്ചേർന്ന അന്തരീക്ഷം. ലക്ഷങ്ങളുടെ പ്രതിഫലപ്പെരുമ പ്രലോഭനമായ മസ്ജിദുൽ ഹറാമിന്റെ മധ്യത്തിൽ കറുപ്പഴകിന്റെ കിസ്‌വയിൽ പുതഞ്ഞ് ഗാംഭീര്യ സൗകുമാര്യതയോടെ കഅ്ബാലയം. ഇങ്ങനെ മനം കുളിർപ്പിക്കുന്ന എത്രയെത്ര കാഴ്ചകളും സ്മൃതികളും!.

സഹനത്തിന്റെ പ്രതീകമായി വേദം പരിചയപ്പെടുത്തിയ ഇബ്‌റാഹീം(അ)ന്റെ പാദം പതിഞ്ഞ ബറകത്താണ് മഖാമു ഇബ്‌റാഹീമിന്. ഭൂമിക്കടിയിലേക്കും നീളുന്ന ത്യാഗത്തിനുള്ള ഉദാത്ത ഉദാഹരണമാണ് ഹാജറാ ബീവി(റ)യുടെ പാദം പതിഞ്ഞ സ്വഫാ മർവമലകൾ. മരുഭൂമിയുടെ ഊഷരതയിൽ ജ്വലനസൂര്യന്റെ വെയിലിൽ ദൈവികമായ പരീക്ഷണച്ചൂളയിലേക്ക് നിയോഗിതനായ ഇസ്മാഈൽ(അ) എന്ന പുണ്യ ദൂതന്റെ തിരുപാദം തൊട്ടുരുമ്മിയ പുണ്യമാണ് സംസം ജലത്തിന്. ഇവയെല്ലാം സന്ദർശിക്കാൻ പ്രചോദിപ്പിച്ച് അല്ലാഹു തിരുശേഷിപ്പുകളെ ആദരിച്ചു.

ആദം നബി(അ)മും ഹവ്വാഅ്(റ)യും സംഗമിച്ച അറഫാ മൈതാനത്തിന് അല്ലാഹു നൽകിയ ആദരവ് അഭൂതപൂർവമാണ്. ഹജ്ജിന്റെ ദിവസത്തിൽ അറഫാ മൈതാനത്തിന് പകരം ലക്ഷം പ്രതിഫലമുള്ള മസ്ജിദുൽ ഹറാമിൽ നിന്നാൽ മതിയാവില്ലെന്നോർക്കുക. നിഷ്‌കളങ്കമായ മനുഷ്യസംഗമത്തിന് നാഥൻ നൽകുന്ന സ്ഥാനമാണത്. പ്രാർത്ഥനകളും പ്രകീർത്തനങ്ങളുമായി ഒത്തുചേരുന്ന പുണ്യമാണവിടെ കാംക്ഷിക്കുന്നത്. ഇഅ്തികാഫില്ലാതെ തന്നെ മികവ് പകരുന്ന അറഫ ചിന്തിക്കുന്നവർക്കൊരു ദൃഷ്ടാന്തം തന്നെ.

കഅ്ബാലയ നിർമാണത്തിന് ശേഷം അല്ലാഹു ഇബ്‌റാഹീം(അ)നെ ഒരു ഉത്തരവാദിത്വമേൽപ്പിച്ചു. വർഷാവർഷം ഈ ത്യാഗമുഹൂർത്തങ്ങളെ നെഞ്ചേറ്റാൻ മക്കയിൽ വരണമെന്ന് ലോകജനതയോട് വിളിച്ച്പറയുക. ഖുർആൻ ഓർമപ്പെടുത്തുന്നു: (ഇബ്‌റാഹീം നബിയേ) താങ്കൾ ജനങ്ങൾക്കിടയിൽ ഹജ്ജിന് വിളംബരം ചെയ്യുക. നടന്നും മെലിഞ്ഞ ഒട്ടകങ്ങളിലായും വിദൂര വഴികളിൽ നിന്ന് അവർ താങ്കൾ വിളിക്കുന്നിടത്തേക്ക് വന്നെത്തുന്നതാണ് (സൂറത്തുൽ ഹജ്ജ്: 27). 4000 വർഷങ്ങളുടെ പാരമ്പര്യമുള്ള ആ വിളിയാളം സ്വീകരിച്ച് പഥികർ ഇന്നുമെത്തുന്നു.

അബ്ത്വഹിന്റെ അലങ്കാരം

കഅ്ബാലയം. സീമാതീതമായ അനുഭൂതിയുടെ ആഢ്യത്വം. ആ സ്മൃതി പോലും പവിത്രമാണ്. വിശ്വാസിയുടെ ദർപ്പണങ്ങളിൽ ദീപ്തിയേകാൻ ഇതിനപ്പുറം മറ്റെന്തുണ്ട്?

തിളച്ച് മറിയുന്ന വിശ്വാസി മനങ്ങളിലെ ലയ താളങ്ങളെ തടുത്ത് നിർത്തുന്ന കറുപ്പണിഞ്ഞ ഗാംഭീര്യത. ശിൽപകലയുടെ വശ്യതയോ കാൽപ്പനികതയുടെ മനോഹാരിതയോ അംബരം മുത്താൻ വെമ്പുന്ന ഉത്തുംഗതയോ ഒന്നുമല്ല ഇലാഹീ ഭവനത്തിന്റെ ആകർഷണം. അതിലാളിത്യത്തിന്റെ ഈ വിസ്മയക്കൊട്ടാരം സഹസ്രകോടികൾക്ക് ആലംബാലയമാണ്.

മനുഷ്യരാശിയൊന്നാകെ പാഞ്ഞടുക്കുകയാണ് അതൊന്ന് സ്പർശിക്കാൻ, മുത്തം നൽകാൻ. ആ ഖില്ല തൊട്ടവർ പൊട്ടിക്കരയുന്നു. ചിലർ പ്രജ്ഞയറ്റ് വീഴുന്നു. 27 മുഴമുള്ള ഒരു ഘനാകൃതിയിലെ ശിലാസൗധം. മൂന്ന് പില്ലറുകൾ മാത്രം അകത്ത്. അന്തർഭിത്തിയിൽ ഖുർആൻ സൂക്തങ്ങൾ. മുൽതസം, മഖാമു ഇബ്‌റാഹീം, സംസം, വാതിൽ തുടങ്ങിയവ കഅ്ബയുടെ കിഴക്ക് ഭാഗത്താണ്.

കഅ്ബയുടെ തെക്ക്-കിഴക്ക് കോർണർ റുക്‌നുൽ അസ്‌വദ്, വടക്ക്-കിഴക്ക് കോർണർ റുക്‌നുൽ ഇറാഖി, വടക്ക്-പടിഞ്ഞാറ് കോർണർ റുക്‌നുശ്ശാമി, തെക്ക്-പടിഞ്ഞാറ് കോർണർ റുക്‌നുൽ യമാനി എന്നിങ്ങനെയാണ്. കഅ്ബയുടെ വടക്ക് ഭാഗത്ത് വളച്ച് കെട്ടിയ സ്ഥലമാണ് ഹിജ്ർ ഇസ്മാഈൽ.

ഹജറുൽ അസ്‌വദിന്റെയും വാതിലിന്റെയും മധ്യേയുള്ള ഭാഗമാണ് മുൽതസം. റുക്‌നുൽ യമാനിൽ തെക്ക്-കിഴക്ക് മൂലയോട് ചേർന്ന് സിൽവർ കവചിതമാണ് ഹജറുൽ അസ്‌വദ്. ഇവ രണ്ടും മിഴി നിറഞ്ഞൊഴുകി പ്രാർത്ഥനാ മൊഴികളാൽ മുഴുകി നിൽക്കേണ്ട സ്ഥാനങ്ങളിൽ പ്രഥമങ്ങളാണ്. വിശ്വാസിയുടെ സംഗമസ്ഥാനമായ അറഫാ മൈതാനവും ടെന്റുകളുടെ നഗരമായ മിനാ താഴ്‌വരയും പറയുന്ന ചരിതങ്ങൾക്ക് അശ്രുവിന്റെ നനവും വിയർപ്പിന്റെ മണവുമുണ്ട്.

ബത്വ്ഹാഇന്റെ കൂട്ടുകാരന് തൈ്വബയോടുള്ള പ്രണയം

മദീനത്തുർറസൂൽ! പുഷ്‌കലമായ പ്രണയവും ഹൃദയഹാരിയായ സൗഹൃദവുമാണ് മദീന. മദനീ മൺതടങ്ങളെ നനവ് കുതിർത്താൻ നബവീ സ്‌നേഹിതൻമാരുടെ പരകോടി കണ്ണുനീർ തടങ്ങൾ മതിയാകും. മദീനയുടെ മൺതരികളും മന്ദമാരുതനും സ്‌നേഹഗീതം പാടും. സ്‌നേഹോപഹാരങ്ങൾ മാത്രമാണ് ആ സ്‌നേഹസ്വരൂപന്റെ സമർപ്പണ പ്രമേയങ്ങൾ.

ശിൽപം കണ്ടിഷ്ടപ്പെട്ടവർക്ക് ശിൽപിയോട് വെറുപ്പുണ്ടാകുമോ? മസ്ജിദുന്നബവിയുടെ കീർത്തിസാരം മുഹമ്മദ്(സ്വ) ആണ്. മഖാമു ഇബ്‌റാഹീമിന്റെ പവിത്രത മാനിച്ച് അവിടെ നിസ്‌കരിച്ച വിശ്വാസിക്ക് റൗളയുടെ സ്വർഗീയ വല്ലരിയിൽ നിന്ന് റബ്ബിനോട് പ്രാർത്ഥനാനിരതനാവുന്നതിലനൗചിത്യമെന്തിനാണ്? മദീനത്തണയാൻ വിശ്വാസിയുടെ ആശക്കടിസ്ഥാനം ഈ കാരുണ്യധാരയാണ്.

കാണാൻ കൊതിച്ച താരകത്തെ കാണുമ്പോൾ കണ്ടു പരിചയിച്ച കാമുകിയും സഹധർമിണിയുമെല്ലാം ഖൽബിന് പുറത്ത്. ഈ സ്വർഗത്തോപ്പിൽ കട്ടുറുമ്പുകൾക്ക് സ്ഥാനമില്ല. ഈ മധുമഴയിൽ കടന്നലുകളുമില്ല. ഇവിടുത്തെ പ്രമേയം റസൂൽ ഉമ്മയോ ബാപ്പയോ അല്ലെങ്കിൽ അവരിലെ കാരുണ്യസമന്വയമോ? സത്യം. അങ്ങയുടെ വാത്സല്യ വർഷവും കാരുണ്യപ്പെയ്ത്തും അവരിലൊരാളിലും കണ്ടിട്ടില്ല. ആത്മാർപ്പണത്തിന്റെ നിരവധി ചരിതങ്ങളോതും മദീന. അത് കാണണമെന്നോ ആസ്വദിക്കണമെന്നോ ആശയില്ലാത്തവന്റെ ഹൃദയം വിശ്വാസം ചോർന്ന് പോയതാണ്. പൂതി കെടാത്ത മദീന സിയാറത്തിനായി കൊതിച്ച് കുതിക്കണം.

ഈദുൽ ഫിത്വർ സഹജീവികളോടുള്ള സ്‌നേഹവായ്പാണെങ്കിൽ ബലിപെരുന്നാൾ ത്യാഗസമർപ്പണ സന്ദേശങ്ങളാണുൾക്കൊള്ളുന്നത്. വാർധക്യത്തിൽ കിട്ടിയ വാത്സല്യക്കനിയെ ബലിയർപ്പിക്കാനുള്ള അല്ലാഹുവിന്റെ കൽപ്പനക്ക് ഇബ്‌റാഹീം(അ) കാണിച്ച അനുസരണമാണ് ബലിപെരുന്നാളിന്റെ സന്ദേശം. നൊന്തു പെറ്റ മകന്റെ ഗളച്ഛേദത്തിന് നീരസത്തിന്റെ നെരിപ്പോടായിപ്പോലും തടസ്സമാകാത്ത ഹാജറ(റ)യുടെ അനുസരണം. കഠാരയേന്തിയ പിതാവിനോട് നിസ്സീമമായ അച്ചടക്കം പുലർത്തിയ ഇസ്മാഈൽ(അ)ന്റെ വിധേയത്വം. അതിന്റെ ഓർമയയവിറക്കി അറവിന് കഴിവുള്ള മുകല്ലഫായ മുസ്‌ലിമിന്  ബലിദാനം സുന്നത്താണ്.

വിലയുള്ള എന്തും ബലിനൽകാനുള്ള സന്നദ്ധതയാണ് ഇബ്‌റാഹീമീ മില്ലത്ത്. അലതല്ലുന്ന ആനന്ദങ്ങളെ അല്ലാഹുവിന് വേണ്ടി അടക്കി നിർത്തണം. നാഥൻ നിശ്ചയിച്ചതാണത്. ഒരാജ്ഞയോടും എന്തിനെന്ന മറുചോദ്യമില്ലാതെ വിനീതവിധേയനാവുക. ഹജ്ജുകാലം അതോർമപ്പെടുത്തുന്നു. അതിനായി മാനവനെ പാകപ്പെടുത്തുകയും ചെയ്യുന്നു. ലെബ്ബൈകല്ലാഹുമ്മ…മന്ത്രങ്ങളുരുവിടുമ്പോൾ ഓരോ ഹജ്ജാജിയും ത്യാഗത്തിനായി സ്വയം പാകപ്പെടുത്തുക കൂടിയാണ്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ