women empowerment-malayalam

സൽസ്വഭാവക്കാരിയായ വനിതയാണ് ഏറ്റവും ഉത്തമമായ ഭൗതിക വിഭവം. അറിവാണ് സ്ത്രീയുടെ ഭംഗി വർധിപ്പിക്കുന്നത്. ഇരുലോക വിജയത്തിന് സഹായകമായ അറിവുകൾക്കാണ് പ്രാധാന്യം കൽപ്പിക്കേണ്ടത്. സമൂഹത്തിന്റെ അർധ ഭാഗമാണ് സ്ത്രീ. എന്നാൽ സ്ത്രീ അബലയും ചപലയുമാണെന്ന വിമർശനത്തിന്റെ വസ്തുത പരിശോധനയർഹിക്കുന്നതാണ്.

റോമൻ സമൂഹം ഭാര്യയെ ചുട്ട് കരിക്കാൻ ഭർത്താവിന് അനുമതി നൽകിയതായി കാണുന്നു. നമ്മുടെ ഇന്ത്യയിൽ ‘സതി’ എന്ന സമ്പ്രദായത്തിന്റെ പേരിൽ ഭർത്താവിന്റെ ചിതയിൽ ചാടി ആത്മാഹുതി ചെയ്യാൻ ഭാര്യയെ നിർബന്ധിച്ചിരുന്നതായും കാണാം. സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നിെല്ലന്ന് മനുസ്മൃതി പറയുന്നു. പെൺകുഞ്ഞ് പിറക്കുന്നത് അപമാനമായി കണ്ടിരുന്ന ആറാം നൂറ്റാണ്ടിലെ സംസ്‌കാര സമ്പന്നരല്ലാത്ത അറബി സമൂഹവും ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട്. ക്രൈസ്തവ സമൂഹം സ്ത്രീയെ വൈവാഹികാവകാശം പോലും നിഷേധിച്ച് മഠങ്ങളിലേക്ക് പറഞ്ഞയച്ചു. ജൂതന്മാർ മനുഷ്യന് സ്വർഗപ്രവേശനം കിട്ടാത്തതിന്റെയും ഭൗതിക ലോകത്തെ പ്രയാസങ്ങളുടെയും പാപക്കറകൾ സ്ത്രീയിൽ കെട്ടിവെക്കാനാണ് ശ്രമം നടത്തിയത്. ചരിത്രത്തിൽ സ്ത്രീയെ സമൂഹം നോക്കികണ്ടിരുന്നത് ഇങ്ങനെയൊക്കെയാണ്.

ഇന്നും സ്ത്രീ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും യാതനകളും ചരിത്രത്തിൽ അവൾ നേരിട്ട സമീപനങ്ങളുടെ തുടർച്ചയായി വേണം നോക്കിക്കാണാൻ. പെൺ ഭ്രൂണഹത്യ നവലോകത്ത് വർധിച്ചിരിക്കുന്നത് ഇതിനോട് ചേർത്തു വായിക്കുക. ഇസ്‌ലാം ഇത്തരം വഴിവിട്ട രീതികളിലൂടെയും സമീപനങ്ങളോടെയുമല്ല സ്ത്രീയെ പരിഗണിക്കുന്നത്. സ്ത്രീക്ക് അർഹമായ പരിഗണനയും മഹത്ത്വവും അംഗീകാരവും ഇസ്‌ലാം നൽകിയിട്ടുണ്ട്. വിശുദ്ധ ഖുർആൻ ഇത് വിസ്തരിച്ചു പ്രതിപാദിച്ചിട്ടുണ്ട്: ‘അല്ലാഹു നിങ്ങൾക്ക് നിങ്ങളിൽ നിന്നു തന്നെയുള്ള ഇണകളെ ഉണ്ടാക്കി. ആ ഇണകളിൽ നിന്ന് സന്താനങ്ങളെയും പേരക്കിടാങ്ങളെയും അവൻ നിങ്ങൾക്കു നൽകുകയും നല്ല വസ്തുക്കൾ നിങ്ങളെ അവൻ ഭുജിപ്പിക്കുകയും ചെയ്തു. എന്നിട്ടും അവർ അസത്യത്തിൽ ഉറച്ചു നിൽക്കുകയും അവന്റെ അനുഗ്രഹത്തിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുകയാണോ?’ (സൂറത്തുന്നഹ്ൽ: 72).

അല്ലാഹു പറഞ്ഞു: ‘നിങ്ങൾക്ക് നിങ്ങളിൽ നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചു നൽകിയത് അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. അവരോടൊത്തു നിങ്ങൾ ആശ്വാസം കൊള്ളുന്നതിനുവേണ്ടി. നിങ്ങൾക്കിടയിൽ സ്‌നേഹത്തെയും കരുണയെയും അവൻ ഉണ്ടാക്കി. തീർച്ചയായും ചിന്തിക്കുന്ന ജനങ്ങൾക്ക് അതിൽ ദൃഷ്ടാന്തങ്ങളുണ്ട്’ (സൂറത്തു റൂം: 21).

പുരുഷനിൽ നിന്നുതന്നെ സ്ത്രീയെ സൃഷ്ടിച്ചു വെന്ന് ഉപര്യുക്ത ഖുർആൻ വചനങ്ങളിൽ പറയുന്നത് ശ്രദ്ധേയമാണ്. സ്ത്രീ പുരുഷന്റെ ഭാഗം തന്നെയാണെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്.  അതിനാൽ വളരെ പരിഗണനകളോടെ അവളെ നോക്കിക്കാണണമെന്നാണിതിന്റെ താത്പര്യം. സ്ത്രീയുടെ സൃഷ്ടിപ്പ് അല്ലാഹുവിന്റെ മഹത്തായൊരു അനുഗ്രഹമാണ്. അല്ലാഹുവിന്റെ അനുഗ്രഹം ഒരിക്കലും മനുഷ്യന് അശുഭകരമാവാൻ ഇട വരികയില്ലല്ലോ.

പ്രകൃതിക്ക് അല്ലാഹു നൽകിയ ക്രമാനുസൃതമായൊരു സംവിധാനമുണ്ട്. രാവും പകലും ഉറക്കവും ഉണർച്ചയും വെയിലും മഴയും എന്നപോലെ സ്ത്രീയും പുരുഷനും ഇണയും തുണയും അതിൽ പെട്ടതാണ്. സ്ത്രീക്കും പുരുഷനും അല്ലാഹു വിഭിന്ന പ്രകൃതിയാണ് ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീ നിർവഹിക്കുന്ന അനേകം ധർമങ്ങൾ പുരുഷന് സാധിക്കണമെന്നില്ല. തിരിച്ചും അങ്ങനെത്തന്നെ. ഗർഭം ധരിക്കലും പ്രസവിക്കലും സ്ത്രീയുടെ പ്രധാന ധർമമാണ്. ഭാരമേറിയ തൊഴിലുകൾ നിർവഹിക്കാൻ പറ്റുന്നതാണ് പുരുഷന്റെ പ്രകൃതി. പുരുഷനെ അപേക്ഷിച്ച് സ്ത്രീ പൊതുവിൽ ദുർബല പ്രകൃതമാണ്. പ്രകൃതിയുടെ ഈ ക്രമീകരണങ്ങളെ നിഷേധിക്കാനോ കൃത്രിമമായല്ലാതെ തിരുത്താനോ സാധ്യമല്ല. ഈ അസമത്വങ്ങളെല്ലാം പരിഗണിച്ചാണ് അല്ലാഹു പ്രകൃതിയുടെ മതമായ ഇസ്‌ലാമിനെ സംവിധാനിച്ചിരിക്കുന്നത്. സ്ത്രീക്കും പുരുഷനും ചില അതിർവരമ്പുകളും ബാധ്യതകളും അല്ലാഹു നിശ്ചയിച്ചതിന്റെ താൽപര്യവും മറ്റൊന്നല്ല. വ്യഭിചാരം, മദ്യപാനം, പിടിച്ചുപറി, പലിശ ഇടപാടുകൾ, ചൂഷണം തുടങ്ങി സമൂഹത്തിൽ പടർന്നു കൊണ്ടിരിക്കുന്ന അസാന്മാർഗിക പ്രവണതകളും ജീവിത രീതികളും സ്ത്രീക്കും പുരുഷനും ഒരു പോലെ ഇസ്‌ലാം നിഷിദ്ധമാക്കുന്നു. ഇത് സ്വാതന്ത്ര്യ നിഷേധമായി ദുർവ്യാഖ്യാനിക്കാൻ പാടില്ല.

സ്ത്രീയും പുരുഷനും ഒരേ ധർമം നിർവഹിക്കുന്ന സാഹചര്യമുണ്ടായാൽ അത് പ്രകൃതിയുടെ നിലനിൽപ്പുതന്നെ അപകടപ്പെടുത്തും. രോഗിയെ ചികിത്സിക്കുന്ന ഡോക്ടർക്കും വിദ്യ പകർന്നു നൽകുന്ന ഗുരുനാഥനും മനുഷ്യ നിലനിൽപ്പിന്റെ മുഖ്യഘടകങ്ങളായ മാതാവിനും പിതാവിനുമൊക്കെ സമൂഹത്തിൽ പ്രത്യേകം ദൗത്യങ്ങൾ നിർവഹിക്കാനുണ്ട്. എന്നാൽ ചികിത്സ അറിയാത്തവൻ ചികിത്സിക്കുകയും പരിജ്ഞാനമില്ലാത്തവൻ വിദ്യ പകർന്നു നൽകുകയും ചെയ്താൽ വിപരീത ഫലമായിരിക്കും. ഇതിനെ അവകാശ നിഷേധമായി ആരും പരിഗണിക്കില്ലെന്നുറപ്പാണല്ലോ.

ആധുനിക ഫെമിനിസ്റ്റുകളുടെ വഴിവിട്ട സമത്വ വാദങ്ങളുടെ  താൽപര്യമെന്താണെന്ന് ദുരൂഹമാണ്. ഇനിമുതൽ പുരുഷൻ പ്രസവിക്കട്ടെ, സ്ത്രീ വിശ്രമിക്കട്ടെ എന്ന തരത്തിലാണ് ഫെമിനിസ്റ്റു ഭാഷ്യം. യുക്തിക്ക് നിരക്കാത്ത ചിന്തകൾ.

ഇസ്‌ലാം സ്ത്രീ വിരുദ്ധ പ്രസ്ഥാനമാണെന്നാണ് സ്ഥിരം പല്ലവി. ഇത് വസ്തുതയല്ലെന്നതിന് തെളിവായി ‘മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗം’ എന്ന ഇസ്‌ലാമിക ദർശനം മാത്രം മതി. സ്ത്രീക്ക് ഇസ്‌ലാം നൽകുന്ന മഹത്ത്വം കൂടി തെളിയിക്കുന്നതാണിത്. പെൺകുഞ്ഞ് പിറന്നാൽ കുഴിച്ചു മൂടിയിരുന്ന കാടൻ സംസ്‌കാരത്തെ തിരുത്താൻ പ്രവാചക ദർശനങ്ങൾക്ക് സാധിച്ചുവെന്നത് മറ്റൊന്ന്. ആറാം നൂറ്റാണ്ടിന്റെ അസാന്മാർഗികതകളിൽ അകപ്പെട്ട ജനതയെ സംസ്‌കാര സമ്പന്നരാക്കി മാറ്റാൻ ഇസ്‌ലാമിന് സാധിച്ചുവെന്നത് അനിഷേധ്യ വസ്തുതയാണ്. ആപേക്ഷികമായി പുരുഷന് പ്രകൃത്യാ തന്നെ സ്ത്രീയെക്കാൾ നേതൃപാടവവും മറ്റു ചില പ്രത്യേകതകളുമുണ്ട്. സ്ത്രീ-പുരുഷ സമത്വവാദികൾക്ക് പ്രകൃതിതന്നെ നൽകുന്ന മറുപടിയാണിത്.തിരുനബി(സ്വ) സ്ത്രീയെ മഹത്ത്വവൽക്കരിച്ചു പറഞ്ഞ ധാരാളം വചനങ്ങൾ കാണാം. അവരുടെ പ്രയാസങ്ങൾ പരിഹരിക്കാനും അവളുടെ പദവി ഉയർത്തിക്കൊണ്ടുവരാനും നേതൃത്വം നൽകിയവരിൽ മുൻനിരക്കാരനാണ് പ്രവാചകൻ(സ്വ).

അവിടുന്ന് പറഞ്ഞു: ‘ഭൗതിക ലോകം മുഴുവൻ വിഭവ സമൃദ്ധമാണ്. അതിൽ ഏറ്റവും മഹത്തായ വിഭവം സൽസ്വഭാവിയായ സ്ത്രീയാണ്’ (മുസ്‌ലിം). ഇണയെ അന്വേഷിക്കുമ്പോൾ സൽസ്വഭാവിയായ സ്ത്രീക്ക് മുൻഗണന നൽകണമെന്നും കൂടെക്കഴിയുന്ന ഇണയെ ഉത്തമസ്വഭാവക്കാരിയാക്കാൻ പരിശ്രമിക്കണമെന്നും തിരുവചനം പഠിപ്പിക്കുന്നു.

നബി(സ്വ) പറഞ്ഞു: ‘തീർച്ചയായും സ്ത്രീകൾ പുരുഷന്മാരുടെ കൂടെപ്പിറപ്പുകൾ മാത്രമാണ്’ (അഹ്മദ്, തിർമുദി, അബൂദാവൂദ്). സമൂഹത്തിന്റെ അർധഭാഗമായ സ്ത്രീക്ക് അർഹിക്കുന്ന പ്രാധാന്യവും സ്ഥാനവും മാനവും നൽകണമെന്നും പുരുഷന്റെ ഭാഗമായി തന്നെ അവളെ കാണണമെന്നും ഈ ഹദീസ് ബോധ്യപ്പെടുത്തുന്നു.

പ്രവാചകർ(സ്വ) പറഞ്ഞു: ‘നിങ്ങളിൽ ഉത്തമൻ തന്റെ ഭാര്യക്ക് ഉത്തമനായവനാണ്. ഞാൻ എന്റെ ഭാര്യക്ക് ഉത്തമനായവനാണ്. സ്ത്രീകളെ മാന്യനല്ലാതെ ആദരിക്കുകയില്ല. നിന്ദ്യനല്ലാതെ നിന്ദിക്കുകയുമില്ല’ (അൽ ഹാഫിള് ഇബ്‌നു അസാകിർ). വഴക്കും വക്കാണവും ഒഴിവാക്കി ഭാര്യയോട് നല്ല രീതിയിൽ പെരുമാറാനും അങ്ങനെ പെരുമാറുന്നവർ മാന്യന്മാരാണെന്നും റസൂൽ(സ്വ) പഠിപ്പിച്ചു.

തിരുനബി(സ്വ) അരുളി: ‘ഒരു വ്യക്തിക്ക് പെൺകുട്ടി പിറന്നു. അവൻ അവളെ കുഴിച്ചുമൂടിയില്ല, നിന്ദിച്ചില്ല, അവന്റെ ആൺകുട്ടിക്ക് അവളെക്കാൾ സ്ഥാനം നൽകിയതുമില്ല. എങ്കിൽ അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കും’ (അബൂദാവൂദ്).

‘രണ്ടു പെൺകുട്ടികളെ പ്രായപൂർത്തിയാകുവോളം ഒരാൾ വളർത്തിയാൽ ഞാനും അവനും ഇപ്രകാരം (ചൂണ്ടുവിരലും നടുവിരലും അടുപ്പിച്ചു പിടിച്ച് കാണിച്ച്) സ്വർഗത്തിൽ പ്രവേശിക്കും'(മുസ്‌ലിം, തിർമുദി).

തിരുനബി(സ്വ) അരുളി: ‘ഒരാൾക്ക് മൂന്ന് പെൺകുട്ടികൾ, അല്ലെങ്കിൽ മൂന്ന് സഹോദരിമാർ, അല്ലെങ്കിൽ രണ്ട് പെൺകുട്ടികൾ, അല്ലെങ്കിൽ രണ്ട് സഹോദരിമാർ പിറന്നു. അവൻ അവരോട് നല്ലനിലയിൽ സഹവസിക്കുകയും അവരുടെ കാര്യത്തിൽ അല്ലാഹുവിനെ ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്തു. എങ്കിൽ അവന് സ്വർഗമുണ്ട്'(തിർമുദി, അബൂദാവൂദ്). സ്വർഗത്തിൽ പ്രവാചകരോടൊത്ത് കഴിയാനുള്ള അസുലഭാസരം കൈവരാനും ഇതു സഹായിക്കും. ഹദീസുകൾ ഇക്കാര്യം തര്യപ്പെടുത്തുന്നുണ്ട്.

ആഇശാ ബീവി(റ) പറയുന്നു: ‘രണ്ട് പെൺകുട്ടികളെയുമായി ഒരു യാചക സ്ത്രീ എന്നെ സമീപിക്കുകയുണ്ടായി. ഒരു കാരക്ക മാത്രമേ എന്റെ കൈവശമുണ്ടായിരുന്നുള്ളൂ. അത് ഞാൻ ആ സ്ത്രീക്കു കൊടുത്തു. അവൾ അത് രണ്ടു കുട്ടികൾക്കും തുല്യമായി വീതിച്ചുകൊടുത്തു. എന്നിട്ട് അവിടെ നിന്നും പോയി. ആ സമയത്താണ് തിരുനബി(സ്വ) കടന്നു വന്നത്. ഞാൻ സംഭവമെല്ലാം വിവരിച്ചു കൊടുത്തു. അപ്പോൾ അവിടുന്നു പറഞ്ഞു: പെൺകുട്ടികളുടെ കാര്യത്തിൽ ആരെങ്കിലും പരീക്ഷിക്കപ്പെടുകയും അവനവർക്ക് നന്മ പ്രവർത്തിക്കുകയും ചെയ്താൽ ആ കുട്ടികൾ നരകത്തിൽ നിന്നും അവനു കാവൽ നൽകുന്ന മറയായി ഭവിക്കുന്നതാണ്'(ബുഖാരി, മുസ്‌ലിം).

‘തീർച്ചയായും, തന്റെ പിരടി ഞരമ്പുകൾ വികസിപ്പിച്ച് ഭാര്യമാർക്കെതിരിൽ ഒരുങ്ങി നിന്ന് അവളെ ക്രൂരമായി പീഡിപ്പിക്കുന്ന പുരുഷന്മാരോട് എനിക്ക് അത്യധികം കോപമാണ്'(ദൈലമി). ഭാര്യമാരെ നിസ്സാര കാരണങ്ങളുടെ പേരിൽ പരിക്കേൽപിക്കുന്ന വിധത്തിൽ മർദിക്കാനോ പീഡിപ്പിക്കാനോ ദയയില്ലാതെ പെരുമാറാനോ പാടില്ലെന്നുസാരം.

‘വല്ലവനും അല്ലാഹു സൽസ്വഭാവിയായ ഭാര്യയെ കനിഞ്ഞു നൽകിയിട്ടുണ്ടെങ്കിൽ അവന്റെ മതത്തിന്റെ അർധ ഭാഗത്തിലും നാഥൻ അവനെ സഹായിച്ചിരിക്കുന്നു. അതിനാൽ അവശേഷിക്കുന്ന അർധത്തിന്റെ കാര്യത്തിൽ അവൻ അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളട്ടെ’ (ഹാകിം). ഇസ്‌ലാമിൽ  സദ്‌വൃത്തയായ സ്ത്രീക്ക് വലിയ പദവിയുണ്ടെന്നാണ് ഇത് വിളിച്ചറിയിക്കുന്നത്. സ്വാലിഹായ ഭാര്യയെ ലഭിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ പൂർത്തീകരണമാണ്.

‘ഭാര്യയുടെ കാര്യത്തിൽ ഭർത്താവ് സന്തുഷ്ടനായിരിക്കെ ഒരു സ്ത്രീ മരണപ്പെടാനിടവന്നാൽ അവൾ സ്വർഗത്തിൽ പ്രവേശിക്കും'(തിർമുദി, ഹാകിം). ഭർത്താവിന്റെ സ്‌നേഹവും ആദരവും പിടിച്ചു പറ്റാൻ ഭാര്യക്ക് സാധിക്കണം.

അനസ്(റ) പറയുന്നു: ‘തിരുനബി(സ്വ) ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ അന്ത്യാഭിലാശമായി പറഞ്ഞത് ഇതാണ്: നിസ്‌കാരം! നിസ്‌കാരം! നിങ്ങളുടെ അടിമകൾ, അവർക്ക് സാധിക്കാത്ത കാര്യങ്ങൾ ചെയ്യാൻ വേണ്ടി അവരെ നിർബന്ധിക്കരുത്. സ്ത്രീകളുടെ കാര്യത്തിൽ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവിനെ സൂക്ഷിക്കുക. അവർ നിങ്ങളുടെ കരങ്ങളിൽ തടവുകാരാണ്. അല്ലാഹുവിന്റെ കരാർ പ്രകാരമാണ് നിങ്ങൾ അവരെ സ്വീകരിച്ചിരിക്കുന്നത്. അവന്റെ വചനം(വിവാഹം കഴിക്കുന്നതിൽ വരനും വധുവിന്റെ ഉത്തരവാദപ്പെട്ടവരും ഉരുവിടുന്ന പദങ്ങൾ) കൊണ്ടാണ് അവരുമായി ശാരീരിക ബന്ധങ്ങളിലേർപ്പെടാനുള്ള അവകാശവും അനുമതിയും നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.’

മുൻകാല സമുദായങ്ങളിൽ സ്ത്രീകളുടെ കാര്യത്തിലാണ് അധികപേർക്കും അല്ലാഹുവിന്റെ പരീക്ഷണങ്ങൾ നേരിടേണ്ടിവന്നത്. സ്ത്രീയുടെ പൂർണ ഉത്തരവാദിത്വം ഭർത്താവിലാണെന്നും അതിനാൽ ഭർത്താവിനെ പരിപൂർണമായി അനുസരിക്കാനും വഴിപ്പെടാനും അവൾ തയ്യാറാവണം. ഇതിലൂടെ ഇസ്‌ലാം അവൾക്ക് സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്.

അസ്മാഅ് ബിൻത് യസീദുൽ അൻസാരിയ്യ നബി(സ്വ)യോട് പറഞ്ഞു: നബിയേ, ഞാൻ സ്ത്രീകളുടെ പ്രതിനിധിയായി അങ്ങയുടെ സമീപത്തു വന്നതാണ്. ജുമുഅ നിസ്‌കാരം, ജമാഅത്തിന്റെ പ്രതിഫലം, രോഗിയെ സന്ദർശിക്കൽ, ജനാസയെ പരിചരിക്കലും അനുഗമിക്കലും, ഒരു ഹജ്ജിനു ശേഷം മറ്റൊരു ഹജ്ജ് നിർവഹിക്കൽ, യുദ്ധത്തിന് തയ്യാറെടുത്തു നിൽക്കൽ തുടങ്ങിയവയിൽ പുരുഷന്മാർ ഞങ്ങളെക്കാൾ മുന്നിലെത്തിയിരിക്കുന്നു. പ്രതിഫലത്തിന്റെ വിഷയത്തിൽ ഞങ്ങൾ അവരോട് സമരസപ്പെടുമോ? റസൂൽ(സ്വ)യുടെ മറുപടി ഇപ്രകാരമായിരുന്നു: പെണ്ണേ, നീ മടങ്ങിപ്പോവുക. നിന്റെ കൂടെയുള്ള മറ്റു സ്ത്രീകളോട് ഉണർത്തുകയും ചെയ്യുക. തീർച്ചയായും നിങ്ങൾ നിർവഹിക്കുന്ന ഭർതൃ ശുശ്രൂഷയും സന്താന പരിപാലനവും ഭർത്താവിന്റെ തൃപ്തി തേടലുമെല്ലാം പുരുഷനോട് യോജിച്ചു നീങ്ങുന്നതും പ്രതിഫലത്തിന്റെ കാര്യത്തിൽ രണ്ടുപേരും സമരസപ്പെടാൻ വഴിയൊരുക്കുന്നതുമാണ് (ബൈഹഖി).

സ്ത്രീ ഭർത്താവിനെ അനുസരിക്കുന്നതും ആവശ്യമായ പരിചരണങ്ങൾ നടത്തുന്നതും സന്താനങ്ങളെ ദീനീ ചുറ്റുപാടിൽ വളർത്തിയെടുക്കുന്നതും ഭർത്താവിന്റെ തൃപ്തി കരസ്ഥമാകണമെന്ന ലക്ഷ്യത്തോടെ ജീവിതം നയിക്കുന്നതും അവൾക്ക് വലിയ പ്രതിഫലം ലഭിക്കാൻ കാരണമാണെന്നാണ് തിരുവചനം ഉൽബോധിപ്പിക്കുന്നത്. ഇസ്‌ലാം സ്ത്രീക്ക് യുദ്ധം പോലുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഒഴിവാക്കി കൊടുക്കുകയും അത്തരം സുകൃതങ്ങളുടെ പ്രതിഫലം മറ്റു സൽകർമങ്ങളിലൂടെ ഉറപ്പുനൽകുകയും ചെയ്തു. ഇത് അവളോടുള്ള കാരുണ്യമാണ്. സ്ത്രീയെ ജുമുഅ-ജമാഅത്തുകൾക്കായി പള്ളികളിലേക്കും പൊതുവേദികളിലേക്കും ഉന്തിത്തള്ളുന്നവർക്ക് പണ്ഡിതന്മാരുടെയോ പ്രമാണങ്ങളുടെയോ പിൻബലമില്ലെന്നും ഉൾക്കൊള്ളണം. തങ്ങളുടെ യുക്തിചിന്തകളിൽ രൂപംകൊണ്ട മൂഢത്തരങ്ങൾക്ക് സമുദായത്തെ ബലിയാടാക്കുകയാണ് പരിഷ്‌കരണ വാദികൾ.

സ്ത്രീക്ക് ഇസ്‌ലാം സ്വാതന്ത്ര്യം നൽകുന്നുണ്ട്. അതേസമയം അതിർ ലംഘിക്കുന്ന സൈ്വരവിഹാരത്തിന് അനുവദിക്കുന്നില്ല. മനുഷ്യന്റെ ജീവിതത്തിന് അർത്ഥവും ലക്ഷ്യവുമുണ്ടാവണമെങ്കിൽ സ്രഷ്ടാവിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ നാം ബാധ്യസ്ഥരാണ്. അവ പാലിച്ചാൽ മാത്രമേ ഇരുലോക വിജയം കരസ്ഥമാക്കാൻ സാധിക്കൂ. അല്ലെങ്കിൽ മനുഷ്യൻ മൃഗതുല്യനാകും.

സ്ത്രീയുടെ ശാരീരിക പ്രകൃതിയെ കുറിച്ച് അറിയുന്ന ഒരാളും താങ്ങാൻ കഴിയാത്ത കാര്യങ്ങൾ അവളിൽ അടിച്ചേൽപ്പിക്കാൻ തയ്യാറാവില്ല. സ്ത്രീയെ വിൽപ്പനച്ചരക്കാക്കുകയും അവളുടെ മാനം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ആധുനിക രീതികൾ അധപ്പതനത്തിലേക്ക് സമൂഹം കൂപ്പുകുത്തുന്നതിന്റെ ലക്ഷണങ്ങളാണ്. മനുഷ്യൻ സ്വയം നിർമിച്ച് അവളിൽ അടിച്ചേൽപ്പിക്കുന്ന ആധുനിക വ്യവസ്ഥിതികളും രീതികളുമാണ് ഇന്ന് സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസങ്ങളുടെയും ദുരന്തങ്ങളുടെയും ഹേതുകം. മതത്തിന്റെ നിയന്ത്രണങ്ങൾ അവളുടെ വ്യക്തിത്വം പരിഗണിച്ചുള്ളതും സുരക്ഷയും സമൂല വിജയം കാംക്ഷിച്ചുള്ളതുമാണ്. അതുൾക്കൊള്ളാൻ സ്ത്രീവാദികൾ ദീനിനെ കുറിച്ച് പഠിക്കുകയാണ് പോംവഴി.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ