ഒരിടത്ത് ചെന്നപ്പോള്‍ ഒരു മതപ്രസംഗ നോട്ടീസ് കണ്ടു. വിഷയം ഇതാണ്, സ്വര്‍ഗത്തിലെ ഇഹലോക സുന്ദരികള്‍. മനോഹരമായ പേര്. അതിഗംഭീര വര്‍ണന.
സംഘാടകര്‍ക്ക് ഞാന്‍ മനസ്സാ നന്ദി പറഞ്ഞു. ഇത് സ്ത്രീകളെ ഉത്തേജിപ്പിക്കുകയും അവരെ ആത്മീയമായി ഉയര്‍ത്തുകയും ചെയ്യും, സംശയമില്ല. ഇതിലൊരു മനഃശാസ്ത്ര സ്പര്‍ശമുണ്ട്. സ്വര്‍ഗീയ സുന്ദരികളേക്കാള്‍ ആകര്‍ഷകണീയരാണ് ഇഹലോകത്തുനിന്നു വന്ന തരുണികളെന്ന്…
എന്തുകൊണ്ട് നമുക്ക് ഈ വഴി ചിന്തിച്ചുകൂടാ! ഇതും പ്രബോധനത്തിന്റെ ഒരു ടെക്നിക്കാണ്. നാരികള്‍, നരകത്തിലെ വിറകുകള്‍ എന്നു പറയുന്നതിനേക്കാള്‍ സ്ത്രീകളെ ആകര്‍ഷിക്കുക ഇത്തരം തലക്കെട്ടുകളായിരിക്കും. പോസിറ്റീവ് എനര്‍ജി കൊടുത്താല്‍ ഏതൊരാള്‍ക്കും ഉയരത്തിലെത്താം എന്നത് അറിയാതെ പോകരുത്.
ഇത്രയും എഴുതിയത് എന്റെ നാട്ടുകാരിയായ ഒരു മഹിളയെ പരിചയപ്പെടുത്താനാണ്. പേര് ഖദീജ. മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നിന്നു വന്നവള്‍. ആദ്യരാത്രി തന്നെ അവളുടെ കണ്ണുകള്‍ നിറഞ്ഞു; കദനം എരിഞ്ഞു. ആറ്റുനോറ്റു കിട്ടിയ ഭര്‍ത്താവ് മദ്യപാനിയാണെന്നറിഞ്ഞ കാളരാത്രിയായിരുന്നു അത്.
മദ്യപാനിയുടെ കൂടെയുള്ള ജീവിതം തീക്കട്ട കൈയില്‍ പിടിക്കുന്നതിന് സമാനമാണ്. നിസ്കരിക്കാതെ ലക്കുകെട്ടു ജീവിക്കുന്ന ഒരാള്‍ക്ക് ഭക്ഷണം വിളമ്പുന്നതും സേവനങ്ങള്‍ ചെയ്യുന്നതും തെറ്റാണെന്ന് അവള്‍ക്കറിയാം. പക്ഷേ, ഇനിയെന്തു ചെയ്യും?
ഇട്ടെറിഞ്ഞ് ഇറങ്ങിപ്പോയാല്‍ കടം തീരാത്ത ഉപ്പയും പുരനിറഞ്ഞു നില്‍ക്കുന്ന മൂന്ന് അനിയത്തിമാരും എങ്ങനെ സഹിക്കും എന്നോര്‍ത്തപ്പോള്‍ പിടിച്ചു നില്‍ക്കാതെ നിവൃത്തിയില്ലെന്നായി.
പിണങ്ങുന്നതിനെക്കാളും ശാസിക്കുന്നതിനെക്കാളും സ്നേഹമന്ത്രണമാണ് ഫലപ്രദമെന്ന് അവള്‍ തിരിച്ചറിഞ്ഞു. ഏതു കൊലകൊമ്പനെയും സ്നേഹസ്പര്‍ശം കൊണ്ട് കീഴ്പ്പെടുത്താമെന്ന് അവള്‍ക്കാരും പറഞ്ഞുകൊടുത്തതല്ല. അനുഭവം നല്‍കുന്ന പാഠം. കണ്ണീരുകൊണ്ട് മാത്രം ഒരു തിരിച്ചുവരവ് സാധ്യമല്ല.
ഖദീജ, ആദ്യം ഭര്‍ത്താവിനെ അടുത്തറിയാന്‍ ശ്രമിച്ചു. ഇഷ്ടങ്ങള്‍, ഇഷ്ടക്കേടുകള്‍, ദൗര്‍ബല്യങ്ങള്‍, ഇംഗിതങ്ങള്‍…
അയാള്‍ക്ക് പാട്ടും കഥയും ഇഷ്ടമാണെന്ന് അവള്‍ മനസ്സിലാക്കുന്നു. തനിക്കും താല്‍പര്യമുള്ള കാര്യമായിരുന്നു അവ. രാത്രി ഏറെ നേരം അവള്‍ കഥ പറഞ്ഞു, പാട്ടുപാടി. ഭര്‍ത്താവിന്റെ മനോതലത്തില്‍ സ്നേഹരാഗങ്ങള്‍ പെയ്തിറങ്ങിക്കൊണ്ടിരുന്നു.
ജീവിതത്തിന്റെ വസന്തം നുകരുകയായിരുന്നു അയാള്‍. ലഹരിയില്‍ ആനന്ദം കണ്ടെത്തിയ അയാള്‍ക്കിത് പുത്തനനുഭവമായി. സ്ത്രീ സുഖത്തിനെക്കാള്‍ വലുതാണ് മനഃപ്പൊരുത്തമെന്നും തിരിച്ചറിഞ്ഞു. ഭാര്യ ഒരു കൂട്ടുകാരിയാവുമ്പോഴാണ് ജീവിതത്തിന് അര്‍ത്ഥമുണ്ടാവുന്നത്.
ഖദീജയുടെ സാന്നിധ്യം അയാളുടെ ദൗര്‍ബല്യമായി മാറാന്‍ തുടങ്ങി. കൂട്ടുകെട്ടില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ മനസ്സുഖം വീട്ടിലുണ്ടെങ്കില്‍, പിന്നെന്തിന് സമയം പാഴാക്കണം? ഒരുനാള്‍ ഖദീജ പറഞ്ഞത് മദ്യപാനിയുടെ പരലോക ദുരന്തത്തെക്കുറിച്ചായിരുന്നു. അവരുടെ ഹൃദയം കറുത്തുപോകുമെന്നും ദൈവ കാരുണ്യം ലഭിക്കില്ലെന്നും ഒടുവില്‍ മുനാഫിഖുകളുടെ കൂടെ നരകത്തിലെ വിറകായി മാറുമെന്നും അവള്‍ തനിമയോടെ അവതരിപ്പിച്ചപ്പോള്‍ മനസ്സാണ് അതേറ്റു വാങ്ങിയത്. അന്നവള്‍ക്ക് പാടാന്‍ കഴിഞ്ഞില്ല. കണ്ണുനിറഞ്ഞു തുളുമ്പിയതും അതൊരു തേങ്ങിക്കരച്ചിലായി മാറിയതും പൊടുന്നനെ. എന്തിനാണ് കരഞ്ഞതെന്ന് അവള്‍ പറഞ്ഞില്ലെങ്കിലും അയാള്‍ക്കത് ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടായില്ല.
കല്യാണം കഴിഞ്ഞതിന്റെ ആറാം മാസമായിരുന്നു അത്. അന്നയാള്‍ മദ്യത്തിനോട് വിടപറയുകയും ചീത്ത കൂട്ടുകെട്ട് അവസാനിപ്പിക്കുകയും ചെയ്തു. ഖദീജ അവസരത്തിനൊത്തുയര്‍ന്നു. അയാളെ നിസ്കാരം ശീലിപ്പിക്കുകയും അവരൊന്നിച്ച് വീട്ടില്‍ സംഘനിസ്കാരത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഒരു മുറി അതിനായി മാറ്റിവെച്ചു. അതിനവള്‍ പ്രാര്‍ത്ഥനാ മുറി എന്നു പേരിട്ടു. അവിടെ മുസ്വ്ഹഫും മറ്റു ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളും സജ്ജീകരിച്ചു.
നാട്ടില്‍ ഒരു സ്വലാത്ത് മജ്ലിസ് നടന്നിരുന്നു. അതില്‍ രണ്ടുപേരും പതിവായി പങ്കെടുത്തുകൊണ്ടിരുന്നു.
വിവാഹത്തിന്റെ ഒന്നാം വര്‍ഷം അവര്‍ കൊണ്ടാടിയത് ഒരു ഉംറ യാത്രയോടെയാണ്. മക്കയും മദീനയും ചരിത്രസ്ഥലങ്ങളും കണ്ട് തിരികെ വന്നപ്പോള്‍ അയാള്‍ തീര്‍ത്തും പുതിയൊരു മനുഷ്യനായി മാറിയിരുന്നു.
ഖദീജ വരും മുമ്പ് നോമ്പുകാര്യത്തില്‍ ശ്രദ്ധിച്ചിരുന്നില്ല അയാള്‍. വീട്ടില്‍ നോമ്പുകാരനാണെങ്കിലും പുറത്ത് മറ്റൊരു മുഖമായിരുന്നു. എത്രയോ റമളാനുകളില്‍ ലഹരി നുകര്‍ന്നിട്ടുണ്ട്. എത്രയോ വെള്ളിയാഴ്ചകളില്‍, തിയറ്ററില്‍ ചെലവഴിച്ചിട്ടുണ്ട്. അതൊക്കെ ഓര്‍ത്ത് ഇന്ന് പൊട്ടിക്കരയുകയാണ്. തൗബ ചെയ്തും ദിക്ര്‍ ചൊല്ലിയും മിക്ക രാവുകളിലും അയാള്‍ പ്രാര്‍ത്ഥനാ മുറിയിലായിരിക്കും.
ഇതെഴുതിയ അന്നും ഞാന്‍ ഖദീജയുടെ വീട്ടിനു മുമ്പിലൂടെ നടന്നിട്ടുണ്ട്. ബസ് കയറാന്‍ പോകുന്നത് ഈ വഴിയാണ്. എല്ലാ സൗകര്യങ്ങളുമുള്ള കൊച്ചു വീട്. ആ വീട്ടില്‍ നിന്ന് ദൃശ്യമാധ്യമത്തിന്റെ അലോസര സംഗീതം കേള്‍ക്കാറില്ല. സീരിയലിന് മുമ്പില്‍ ചടഞ്ഞിരിക്കുന്ന ഒരാളും ആ വീട്ടിലില്ല.
വീട്ടുമുറ്റം ചെടികള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു. കിണറിന്റെ ഭാഗത്ത് അടുക്കളത്തോട്ടം കാണാം. അതില്‍ തക്കാളിയും വഴുതനയും ചീരയും പയറുമെല്ലാം നിറഞ്ഞുനില്‍ക്കുന്നു. ഭര്‍ത്താവും ഒഴിവു ദിവസങ്ങളില്‍ ഇത്തരം കാര്യങ്ങളിലാണ് സമയം ചെലവിക്കുന്നത്.
ഒരു വീട് നന്നാവുന്നതിലും ചീത്തയാവുന്നതിലും സ്ത്രീകള്‍ക്ക് നല്ല പങ്കുണ്ട്. അവര്‍ ജീവിതത്തെക്കുറിച്ച് അവബോധമുള്ളവരായിരിക്കണം. സങ്കുചിതത്വം ഒഴിവാക്കണം. നല്ല വായനയിലൂടെ അറിവുകള്‍ സമാഹരിക്കണം. എങ്കില്‍ വീട് ഒരു സ്വര്‍ഗമാവും. ആ സ്വര്‍ഗത്തിലെ കനകമാണ് സ്ത്രീ.
വനിതാ കോര്‍ണര്‍
നല്ല വീട്14 ഇബ്റാഹിം ടിഎന്‍ പുരം