വിനയവും മതഭക്തിയുമുള്ളവരാണ് ഇസ്‌ലാമിലെ സ്ത്രീകള്‍. അവര്‍ അല്ലാഹുവിനെയും പ്രവാചകരെയും സ്‌നേഹിക്കുന്നു. മതം കല്‍പിച്ചതൊക്കെയും പൂര്‍ണ മനസ്സോടെയും ആത്മാവോടെയും സ്വീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പുരുഷന് സ്ത്രീയെക്കാള്‍ അനന്തരാവകാശ സ്വത്ത് ലഭിക്കുന്നതിന്റെ കാര്യത്തില്‍ അവര്‍ മതത്തെ ഭത്സിക്കാറില്ല. തങ്ങളുടെ മേല്‍ നിയന്ത്രണാധികാരം പുരുഷന് ലഭിച്ചതില്‍ ആശങ്കയല്ല; ആശ്വാസമാണ് അവരനുഭവിക്കുന്നത്. മറ്റു നിയമങ്ങളെയും ഇപ്രകാരം തന്നെയാണ് അവര്‍ വീക്ഷിക്കുന്നത്. പുരുഷനെയും സ്ത്രീയെയും അവരവരുടേതായ പ്രത്യേകതകളോടെ സൃഷ്ടിച്ച രക്ഷിതാവ് രണ്ടു വിഭാഗത്തിന്റെയും സുഗമ ചലനത്തിനും ഇരുലോക വിജയത്തിനും വേണ്ടി സംവിധാനിച്ച ധര്‍മാചരണ രീതികള്‍ ഓരോരുത്തര്‍ക്കും ഏറ്റവും യോജിച്ചതാണെന്ന് ഹൃദയത്തില്‍ ഉള്‍ക്കൊണ്ടവരാണ് യഥാര്‍ത്ഥ വിശ്വാസികള്‍.
അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാതെയും പള്ളികളിലും ഗ്രൗണ്ടുകളിലും സംഘടിപ്പിക്കുന്ന ജുമുഅ-ജമാഅത്ത്-പെരുന്നാള്‍ നിസ്‌കാരങ്ങളില്‍ പങ്കെടുക്കാതെയും രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയും അവര്‍ മതത്തിന്റെ മഹിത മാതൃകകളായത് മനസ്സറിഞ്ഞു തന്നെയായിരുന്നു. ദീന്‍ പറയുന്നതിനപ്പുറം വിശ്വാസിക്ക് ചെയ്തു കൂടല്ലോ. കേരളത്തിലെ പ്രത്യേക സാഹചര്യം മാത്രമല്ല ഇത്; ലോകാടിസ്ഥാനത്തിലും മറ്റൊന്നായിരുന്നില്ല സ്ത്രീകളുടെ രീതി. നബി(സ്വ) മുതല്‍ ഖലീഫമാരുടെയും സ്വഹാബി താബിഉകളുടെയും മഹജ്ഞാനികളായ മദ്ഹബിന്റെ ഇമാമുമാരുടെയും ഹദീസ് പണ്ഡിതരുടെയും ഭാര്യമാരും പെണ്‍മക്കളും ബന്ധുസ്ത്രീകളുമൊന്നും ഇതിനു വിരുദ്ധമായി പള്ളിയെഴുന്നള്ളത്ത് നടത്തിയത് ചരിത്രത്തിലില്ല. ഇമാമത്ത് നില്‍ക്കാനും വാങ്കു വിളിക്കാനുമൊന്നും വാശി പിടിച്ചതോ അതുകാരണം മതം സ്ത്രീ വിരുദ്ധമാണെന്ന് പ്രചരിപ്പിച്ചതോ ഇതുവരെയും ഉണ്ടായിട്ടില്ല. സുരക്ഷിതവും വിശുദ്ധവുമായ ഈ പാതയില്‍ സഞ്ചരിച്ചപ്പോഴെല്ലാം സ്ത്രീകള്‍ക്ക് ആദരവാണ് ലഭിച്ചത്; അവര്‍ മാതൃകായോഗ്യരും സമൂഹത്തിന്റെ അടിസ്ഥാനവുമായി നിലകൊണ്ടു.
മതത്തെ സ്വയുക്തികൊണ്ട് പാകപ്പെടുത്താന്‍ ശ്രമിച്ചവരായിരുന്നു, നേരിട്ട് എതിരിടാന്‍ തയ്യാറായ കുരിശു യുദ്ധക്കാരെപ്പോലുള്ളവരേക്കാളും ഇസ്‌ലാമിന് ഭീഷണി. ദീനീ നിയമങ്ങളെ ഓരോന്നായി അവര്‍ ദുര്‍വ്യാഖ്യാനിച്ചു. കോട്ടി മാട്ടിയും വെട്ടിതിരുത്തിയും അവര്‍ക്കൊതുങ്ങുന്ന, അവരുടെ അല്‍പബുദ്ധിക്ക് ശരിയെന്നു തോന്നുന്ന മതം രൂപപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഖുര്‍ആനും ഹദീസുമൊക്കെ അവഗണിക്കാനും വളച്ചൊടിക്കാനും ഈ മതനാമധാരികളായ ഭീകരന്മാര്‍ കഠിനാധ്വാനം ചെയ്തു. ത്വാഹാ ഹുസൈന്‍, അഹ്മദ് അമീന്‍, ചേകന്നൂര്‍ മൗലവി, ആമിന വദൂദ്, ഫാത്വിമ മെര്‍നീസി തുടങ്ങിയവര്‍ ഈയൊരു ശ്രമം പരസ്യമായി നടപ്പിലാക്കിയപ്പോള്‍ മുഹമ്മദ് ബ്‌നു അബ്ദില്‍ വഹാബ്, റശീദ് രിള, മുഹമ്മദ് അബ്ദു, ജലാലുദ്ദീന്‍ അഫ്ഗാനി, അഹ്മദ് ഖാസിം നാനൂത്തവി പോലുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞും മതസേവകരായി അഭിനയിച്ചും തുരപ്പന്‍പണി നിര്‍വഹിച്ചു. അങ്ങനെയാണ് ഭക്തിയോടെ അടങ്ങിയൊതുങ്ങി ജീവിച്ചിരുന്ന ചില മുസ്‌ലിം സ്ത്രീകള്‍ മത നിയമങ്ങളെ സംശയത്തോടെ കാണാനും ചോദ്യം ചെയ്യാനും തുടങ്ങിയത്. റശീദ് രിളയെ പോലുള്ള മതയുക്തിവാദികള്‍ അല്ലാഹുവിന്റെ കലാമായ ഖുര്‍ആനിനെ പോലും തിരുത്താന്‍ ധൃഷ്ടരായി. അവരില്‍ നിന്ന് പ്രചോദനവും ആശയാദര്‍ശങ്ങളും സ്വീകരിച്ച കേരള സലഫികളും ഈ മതം വെട്ടിക്കളിയില്‍ ഒട്ടും പിറകില്‍ നിന്നില്ല. തങ്ങള്‍ക്കാവും വിധത്തില്‍ ഹദീസ് തിരുത്തിയും തള്ളിക്കളഞ്ഞും മതം കൈമാറിതന്ന വിശുദ്ധ പരമ്പരയെ അപകീര്‍ത്തിപ്പെടുത്തിയും അവര്‍ക്കിണങ്ങും വിധം പുതുമതം നിര്‍മിക്കുന്നതില്‍ സലഫികള്‍ സ്വന്തം സ്വാധീന മേഖലകളിലെങ്കിലും വിജയിച്ചു. അങ്ങനെ കേരളത്തില്‍ ഹദീസ് നിഷേധത്തിന്റെ പ്രവണതകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പെണ്ണുങ്ങള്‍ പള്ളികളിലും സമ്മേളനങ്ങളിലും പങ്കെടുക്കുക മാത്രമല്ല, അന്തിയുറങ്ങുകയും ചെയ്തു. പരപുരുഷര്‍ക്കൊപ്പം നട്ടപ്പാതിരക്ക് നോട്ടീസൊട്ടിക്കുന്നതും ലഘുലേഖ വിതരണം ചെയ്യുന്നതും അവര്‍ ആസ്വദിച്ചു തുടങ്ങി. വൈദ്യുതിക്കാലില്‍ വലിഞ്ഞുകേറിയ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്ന മഹിളാമണികളുടെ ക്ലോസപ്പ് ഫോട്ടോ ഓരോ മൗലവിയും നവോത്ഥാനത്തിന്റെ അത്യുഗ്രന്‍ പ്രമാണമായി നെഞ്ചോടുചേര്‍ത്തു; വാര്‍ത്താ സംവിധാനങ്ങളിലൂടെ അത്തരം നവോത്ഥാനങ്ങള്‍ വ്യാപകമായി കൊട്ടിഘോഷിക്കുകയുമുണ്ടായി. ഫലമോ, പുണ്യമസ്ജിദിന്റെ അകം വിശുദ്ധിയില്‍ പോലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചു. സ്വന്തം ഭാര്യയുടെ സഹോദരിയെ തന്നെയും ചില നവോത്ഥാന നായകര്‍ അടിച്ചുമാറ്റി. അതിനുവേണ്ടി അവര്‍ രണ്ടാള്‍ക്കു മാത്രമറിയുന്ന ഭാഷ നിര്‍മിച്ചായിരുന്നു ഈ സാഹസം. പോരേ ഒടുക്കത്തെ നവോത്ഥാനം!
നോട്ടീസ് പതിക്കാനും സമ്മേളനത്തില്‍ ആടിപ്പാടാനുമൊക്കെ സ്ത്രീ ജനങ്ങളെ പുറത്തിറക്കുന്നതിന് ആഖിറം പറഞ്ഞ് കൊതിപ്പിക്കുകയാണ് ഇവര്‍ ആദ്യം ചെയ്തത്. അങ്ങനെയാണ് ജുമുഅയും ജമാഅത്തും ചിത്രത്തില്‍ വരുന്നത്. അതിന്റെ പുണ്യം പുരുഷന്മാര്‍ക്കു മാത്രം പോരെന്നും സ്ത്രീകള്‍ കൂടി അനുഭവിക്കണമെന്നും അതിനാല്‍ ജുമുഅ പെണ്ണുങ്ങള്‍ക്കും നിര്‍ബന്ധമാണെന്നുമാണ് ആദ്യം ഇവര്‍ പ്രചരിപ്പിച്ചത്. പഴയ മൗലവിമാരില്‍ പെട്ട എം.സി.സി. എഴുതി: മറുപടി വ്യക്തമാണ്. വെള്ളിയാഴ്ചക്കും പെരുന്നാളിനും രണ്ടുകൂട്ടരും ഹാജരാവല്‍ വാജിബാണ്. ഉദ്‌റുള്ളവര്‍ക്ക് മാപ്പുണ്ട്. ഉദ്‌റില്ലാത്തവര്‍ ആണായാലും പെണ്ണായാലും ശരീഅത്തു പ്രകാരം ഹാജറായേ തീരൂ. തെളിവുപ്രകാരം ജുമുഅയും പെരുന്നാളും ആണിനും പെണ്ണിനും വാജിബാണ് (മുസ്‌ലിം സ്ത്രീകള്‍ക്കവകാശമുണ്ടോ? പു: 111).
പെണ്ണുങ്ങളെ പുറത്തിറക്കുന്നതിനിടെ ഓവര്‍സ്മാര്‍ട്ടായ മൗലവി ആണിനു തന്നെ സുന്നത്ത് മാത്രമുള്ള പെരുന്നാള്‍ നിസ്‌കാരം ആണിനും പെണ്ണിനും നിര്‍ബന്ധമാക്കിക്കളഞ്ഞു. എന്നു മാത്രമല്ല, ഈ ജാതി വരട്ടുവാദങ്ങള്‍ അംഗീകരിക്കാതെ ഏതെങ്കിലും സ്ത്രീകള്‍ ജന്മവിശുദ്ധി പാലിച്ചു വീട്ടിലിരിക്കുകയാണെങ്കില്‍ അതനുവദിക്കരുതെന്നും ഇദ്ദേഹം എഴുതിവിട്ടു. മേല്‍ഗ്രന്ഥത്തില്‍ നിന്നുതന്നെ വായിക്കാം: എന്തായാലും മാമൂല് വിടാനോ ശരീഅത്ത് അനുസരിക്കാനോ പെണ്ണുങ്ങള്‍ തയ്യാറില്ലെന്നുള്ളതാണ് ശരി. എന്നാല്‍ അടിച്ചു പെണ്ണുങ്ങളെ പുറത്തിറക്കേണ്ട ചുമതല ദീനറിയുന്ന ആണുങ്ങളുടെ മേലാണ്.. (പു: 94).
ഒറിജിനല്‍ യുക്തിവാദം പുറത്തെടുത്ത ഈ മൗലവിക്കു വിരുദ്ധമായി ഇതൊന്നും വാജിബില്ല സുന്നത്തേ ആവൂ എന്ന രീതിയില്‍ ചില ചര്‍ച്ചകള്‍ വഹാബികള്‍ക്കിടയില്‍ തന്നെ അന്നുമുണ്ടായി. 1950-കളില്‍ തുടങ്ങിയ ഈ വാദം അവര്‍ക്കിടയില്‍ ഇപ്പോഴും തീരുമാനമാവാതെ കിടക്കുകയാണ്. നബി(സ്വ)യുടെ പ്രബോധനത്തിന്റെ ആദ്യഘട്ടത്തില്‍ ഇസ്‌ലാമിന്റെ ജനശക്തി കാണിച്ചുകൊടുക്കാന്‍ വേണ്ടി പള്ളികളില്‍ സ്ത്രീ-പുരുഷ ജമാഅത്ത് നടന്നിരുന്നു. ആര്‍ത്തവമുള്ള സ്ത്രീകള്‍ പോലും അന്ന് പള്ളിയിലെത്തിയിരുന്നെങ്കില്‍ അതിന്റെ ലക്ഷ്യം വ്യക്തമാണല്ലോ. പഴയ നിയമങ്ങള്‍ മാറിമറിയുക നബി(സ്വ) ജീവിച്ചിരിപ്പുള്ളപ്പോള്‍ സ്വാഭാവികം മാത്രം. നിഷിദ്ധങ്ങളും അനുവദനീയങ്ങളും പോലും പരസ്പരം മാറിയിട്ടുണ്ട്. മദ്യപാനം ആദ്യകാലത്ത് അനുവദനീയമായിരുന്നെങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ 5:90-ന്റെ അവതരണത്തോടെ സമ്പൂര്‍ണ നിഷിദ്ധമായി. ഖബര്‍ സന്ദര്‍ശനം ആദ്യഘട്ടത്തില്‍ നിഷിദ്ധവും പിന്നീട് പുണ്യവുമായി. ഇപ്രകാരം ഹിജാബിന്റെ ആയത്തുകളവതരിച്ചതോടെ ജുമുഅ, ജമാഅത്തിന് സ്ത്രീ സാന്നിധ്യം ഇല്ലാതെയാവുകയാണുണ്ടായത്. ഇവിടെ പഴയകാല ചെയ്തികളെക്കുറിച്ചുള്ള ഹദീസുകളാണ് ബിദ്അത്തുകാരുടെ തെളിവുകള്‍! അന്ന് പക്ഷേ, പുരുഷനും സ്ത്രീകളും ഒരേ ഹാളില്‍ വരിവരിയായാണ് നിസ്‌കരിച്ചിരുന്നത്. സമത്വം പറഞ്ഞ് സ്ത്രീകളെ ഇക്കിളിപ്പെടുത്തുന്ന ഇക്കൂട്ടര്‍ പക്ഷേ, ഒരു പ്രമാണവുമില്ലാതെ ‘പ്രവാചകരുടെ കാലത്തെ’ ഈ രീതി അവഗണിക്കും. കാറ്റും വെളിച്ചവുമില്ലാതെ മോര്‍ച്ചറി സമാനം കുടുസ്സുമുറികള്‍ പള്ളിയുടെ ഏതെങ്കിലും മൂലയില്‍ നിര്‍മിച്ച് പെണ്ണുങ്ങളെ വീട്ടില്‍ നിന്ന് പുറത്തിറക്കി അതില്‍ അടച്ചിടുന്നതാണ് ഇവരുടെ നവോത്ഥാനം! അതുകൊണ്ടു തന്നെയാവാം, എം.സി.സി. പറഞ്ഞതുപോലെ ജുമുഅ, ജമാഅത്തിന് വഹാബി സ്ത്രീകള്‍ പോലും സ്ഥിരമായി ഹാജറാവലൊന്നുമില്ല; പള്ളിയിലെയും വനിതാ കമ്പാര്‍ട്ടുമെന്റുകള്‍ പൊടിപിടിച്ച് കിടക്കുകയാണ്. എന്നാലും, അടങ്ങിയൊതുങ്ങി ജീവിച്ചിരുന്ന സ്ത്രീ സമൂഹത്തിനുള്ളില്‍ മതവിമര്‍ശനത്തിന്റെ തീ കൂട്ടിയതും അത് ഊതിക്കാച്ചിയതും മുജാഹിദുകളാണ്. സ്ത്രീ പുരോഗമനത്തിന്റെ ഭാഗമായി ജാമിദ ടീച്ചറുടെ പ്രമാദമായ ജുമുഅ നിസ്‌കാരം വരെയുള്ള സ്ത്രീജന്യ അധര്‍മങ്ങളുടെ പിതൃത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഈ വിഭാഗത്തിനാവില്ലതന്നെ.
പാമ്പാട്ടിയുടെ പ്രാവീണ്യത്തോടെ പള്ളി മേടകളിലേക്ക് പെണ്ണുങ്ങളെ പാടിയുണര്‍ത്തിയത് അവരായിരുന്നു. അവര്‍ തുറന്നുവെച്ച പരന്ന സ്വാതന്ത്ര്യത്തിന്റെ മതവിരുദ്ധ പാതയില്‍ ചില സ്ത്രീകള്‍ മുമ്പു സൂചിപ്പിച്ച പള്ളിയിലെ തടങ്കല്‍ മുറികളില്‍ വന്നിരുന്നു. മറ്റു ചിലര്‍ നോട്ടീസ് പതിപ്പിക്കാനും ആണ്‍പ്രവര്‍ത്തകര്‍ക്കൊപ്പം കൊഞ്ചിക്കുഴഞ്ഞ് സംഘടനാ പ്രവര്‍ത്തനത്തിനും തയ്യാറായി. അപൂര്‍വം സ്ത്രീകള്‍ പണ്ഡിതശൂറകളിലെ ആവേശ സാന്നിധ്യങ്ങളായി. നല്ലൊരു വിഭാഗം ആടാനും പാടാനും പള്ളിയിലുറങ്ങാനും താല്‍പര്യം കാണിച്ചു. ഇരുപത്തിനാലു മണിക്കൂര്‍ ആവാത്ത വിധം 23 മണിക്കൂറും 59 മിനുട്ടും വരെയും അന്യപുരുഷര്‍ക്കൊപ്പം ബൈക്കില്‍ ചേര്‍ന്നിരുന്ന് യാത്ര ചെയ്യുന്നതിനാണ് (അങ്ങനെയാവാമെന്ന് ഈയിടെ മരണപ്പെട്ട ഒരു വഹാബി മൗലവി ഫത്‌വ കൊടുത്തിട്ടുണ്ട്) ലോക പരിചയമുള്ള ചില യുവതികള്‍ കഴിവ് പ്രകടിപ്പിച്ചത്. മതസ്വാതന്ത്ര്യം ഇത്രയൊന്നും പോരെന്ന്, പൗരോഹിത്യം സ്ത്രീകളുടെ പുരോഗമന വഴി മുടക്കുകയാണെന്ന് കൂടുതല്‍ പഠിച്ചപ്പോള്‍ തിരിച്ചറിഞ്ഞ വേറെ ചിലരോ വാങ്ക് കൊടുക്കാനും ജുമുഅ ഖുത്വുബക്ക് നേതൃത്വം നല്‍കാനും ഞങ്ങള്‍ക്കാവുമെന്ന് തെളിയിച്ചു. ജാമിദ ടീച്ചര്‍ ഈ ഗണത്തില്‍ പെടുന്നു. മുജാഹിദുകളുണ്ടാക്കിയ ഇജ്ജാതി നവോത്ഥാനത്തില്‍ ഏതൊരു മതവിരുദ്ധനാണ് അഭിമാനം തോന്നാതിരിക്കുക? വെറുതെയല്ലല്ലോ, ജാമിദക്കു കീഴില്‍ മുജാഹിദുകളുടെ തനിസ്വരൂപമായ നെഞ്ചില്‍ വെച്ചുള്ള കൈകെട്ട് പിന്തുടര്‍ന്ന് സംഘ്പരിവാര്‍ നേതാക്കളായ കോരനും സഗുണനും നിസ്‌കരിക്കാന്‍ നിന്നത്!
ഒതായിലെ ഖദീജക്കുട്ടിയെ മറക്കാതിരിക്കുക
എം.സി.സി.മൗലവി ‘മുസ്‌ലിം സ്ത്രീകള്‍ക്കവകാശമുണ്ടോ?’ എന്ന പുസ്തകം എഴുതാന്‍ കാരണം ഓതായിയില്‍ ഏതാനും വഹാബി സ്ത്രീകള്‍ ജുമുഅ ജമാഅത്തിന് വന്നു തുടങ്ങിയപ്പോള്‍, ഇതിന്റെ മത തീരുമാനമറിയാന്‍ വി. മുഹമ്മദ് ഹാജി എന്ന മുജാഹിദ് കാരണവര്‍ 1950 മാര്‍ച്ച് 30-ന് മൗലവിക്ക് കത്തെഴുതിയതാണ്. നിര്‍ബന്ധമാണെങ്കില്‍ ഇതുവരെ നിര്‍വഹിക്കാത്തതിന് അവര്‍ക്ക് ശിക്ഷ ലഭിക്കില്ലേ പോലുള്ള ഉപചോദ്യങ്ങള്‍ക്ക് മൗലവി നല്‍കിയ മറുപടി പൊട്ടിച്ചിരി അര്‍ഹിക്കുന്നതാണ്. പ്രസ്തുത പുസ്തക നിരൂപണം ഈ ലേഖനത്തിന്റെ താല്‍പര്യമല്ലാത്തതിനാല്‍ അതവിടെയിരിക്കട്ടെ. അന്ന് ജുമുഅക്കിറങ്ങിയ സ്ത്രീകള്‍ മുജാഹിദുകളുടെ അഭിമാനസ്തംഭങ്ങളും ഹൃദയാനന്ദങ്ങളുമായി പിന്നീട് മാറുകയാണുണ്ടായത്. അങ്ങനെയാണ് പൂര്‍വികരായ ഭക്തവിശ്വാസികള്‍ക്കൊന്നും പരിചയമില്ലാത്ത ഒരു അനാചാരം കേരളത്തില്‍ ആരംഭിച്ചത്. ഈ ബിദ്അത്ത് ആദ്യമായി ചെയ്ത വെള്ളാറംപാറ ഖദീജക്കുട്ടിയുടെ അനുഭവം ഇങ്ങനെ വായിക്കുക:
‘1940 കളില്‍ സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുകയെന്നത് പലര്‍ക്കും ഊഹിക്കാന്‍ പോലും സാധ്യമാവാത്ത കാര്യമായിരുന്നു. അന്ന് ഞങ്ങള്‍ ഏതാനും സ്ത്രീകള്‍ ഒതായി പള്ളിയില്‍ പോവാന്‍ തുടങ്ങി. തന്നിമിത്തം അതിശക്തമായ എതിര്‍പ്പുകളും ആക്ഷേപങ്ങളും ഉയര്‍ന്നുവരികയുണ്ടായി’ (പുടവ മാസിക, 1995 മാര്‍ച്ച് പു: 28). ഇതില്‍ നിന്നുതന്നെ സംഗതി വ്യക്തം. നബി(സ്വ)യുടെ കാലത്ത് ദീന്‍ വ്യാപിച്ച കേരളത്തില്‍ 1940-നു ശേഷം മാത്രമാണ് സ്ത്രീ പള്ളി പ്രവേശം ആലോചനയില്‍ പോലും വരുന്നത്. അന്നുതന്നെ അതിശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത് എന്തുകൊണ്ടായിരിക്കും? മുജാഹിദുകള്‍ക്ക് ചിന്തിക്കാവുന്നതാണ്.
പ്രസ്തുത ഖദീജക്കുട്ടിക്ക് ഈയൊരു പുത്തന്‍വാദം പഠിപ്പിച്ചുകൊടുത്തത് വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തിയിരുന്ന വണ്ടൂരുകാരന്‍ മൗലവിയാണെന്ന് ‘പുടവ’യില്‍ അവര്‍ പറയുന്നുണ്ട്. യാദൃഛികമാവാം, ഇവിടെ ചരിത്രം മുജാഹിദുകളെ പിന്നെയും പ്രതിസന്ധിയിലാക്കുന്നു. പെണ്ണിനെ കുളിപ്പിച്ചൊരുക്കി പള്ളിയിലേക്കെഴുന്നെള്ളിച്ച മൗലവിയുടെ അതേ നാട്ടില്‍ സര്‍വമാന സ്ത്രീ സ്വാതന്ത്ര്യവാദികളെയും ആനന്ദപുളകിതരാക്കി, ഒന്നുകൂടെ കടന്നുകയറി മറ്റൊരു വിപ്ലവത്തിന് ജാമിദ ടീച്ചര്‍ വിസിലൂതിയിരിക്കുന്നു. ടീച്ചര്‍ ഉന്നയിച്ച ചില വിമര്‍ശനങ്ങളുണ്ടല്ലോ, അതിന് മുജാഹിദ് മൗലവിമാര്‍ എന്തു മറുപടിയാണ് പറയുക? പെണ്ണിന് പള്ളിയാവാമെങ്കില്‍, അന്യപുരുഷരൊത്ത് ജുമുഅയും ജമാഅത്തും പറ്റുമെങ്കില്‍, പരപുരുഷര്‍ക്ക് സമ്മേളനങ്ങളില്‍ നേതൃത്വം നല്‍കി മുഖ്യപ്രഭാഷണം ചെയ്യാമെങ്കില്‍, ഒന്നിച്ച് സംഘടനാ പ്രവര്‍ത്തിനിറങ്ങുകയും ആടാനും പാടാനും പള്ളിയിലുറങ്ങാനും മതവിലക്കില്ലെങ്കില്‍- ഇമാമത്ത് നില്‍ക്കുന്നതിനും ഖുത്വുബക്കും എന്തു തടസ്സമാണുള്ളത്? ഖുര്‍ആനില്‍, ഹദീസില്‍ ഏതു വാക്യത്തിലാണ് അങ്ങനെയൊരു വിലക്ക് വായിക്കാനാവുന്നത്? മുജാഹിദുകള്‍ തുറന്നുവിട്ട പെണ്ണുങ്ങള്‍ അവരൊരുക്കിയ പള്ളി മൂലകളിലെ ജയില്‍ റൂമില്‍ അടങ്ങിയൊതുങ്ങി കൂടണമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടോ? ഇല്ല, ഇല്ല എന്ന് നൂറുവട്ടം ഏത്തമിടാനേ സര്‍വഗ്രൂപ്പ് മൗലവിമാര്‍ക്കും സാധിക്കുകയുള്ളൂ. ഒതായി മുതല്‍ വണ്ടൂര്‍ വരെ, ഖദീജക്കുട്ടി മുതല്‍ ജാമിദ ടീച്ചര്‍ വരെ ഹായ്, വഹാബി നവോത്ഥാനത്തിന് എന്തു ചേര്‍ച്ച. അല്ലേ?
ഇമാമ് നില്‍ക്കാനും ഖുത്വുബ ഓതാനും പെണ്ണുങ്ങളെ വിലക്കുന്ന ആയത്തും ഹദീസും വഹാബികള്‍ക്ക് ഉദ്ധരിക്കാനാവില്ലെന്നത് വെറുതെ പറഞ്ഞതല്ല. അമേരിക്കയില്‍ ആമിനവദൂദ് ഇതൊക്കെ ചെയ്ത് ഹീറോ ആയപ്പോള്‍ ഇതു സംബന്ധിയായി വന്ന ഒരു ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ‘ആമിനാവദൂദ് എന്ന സ്ത്രീ വീണ്ടും ജുമുഅക്ക് നേതൃത്വം നല്‍കി വാര്‍ത്തയിലിടം പിടിച്ചിരിക്കുകയാണല്ലോ. പുരുഷന്മാരടക്കമുള്ളവര്‍ പള്ളിയില്‍ ഉണ്ടായിരിക്കെ ഒരു സ്ത്രീപണ്ഡിത ജുമുഅക്ക് നേതൃത്വം നല്‍കുക എന്നത് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ സാധുതയര്‍ഹിക്കുന്നതാണോ?
സത്യവിശ്വാസികളുടെ മാതാക്കള്‍ എന്ന് വിളിച്ച് മുസ്‌ലിം സമൂഹം മുഴുവന്‍ അംഗീകരിക്കുന്ന മഹതികളാണല്ലോ പ്രവാചക പത്‌നിമാര്‍. ഇവരില്‍ ചിലര്‍ നബി(സ)യുടെ കാലശേഷം വര്‍ഷങ്ങളോളം ജീവിച്ചിട്ടുണ്ട്. അതുപോലെ എല്ലാവരും ആദരിക്കുന്ന മഹതിയാണ് പ്രവാചക പുത്രി ഫാത്വിമ(റ). അവരും തിരുമേനിയുടെ കാലശേഷം ജീവിച്ചിരുന്നിട്ടുണ്ട്. എന്നാല്‍ ഇവരെയൊന്നും സ്വഹാബികള്‍ ഇമാമുകളോ ഖത്വീബുമാരോ ആയി നിയോഗിച്ചിട്ടില്ല. ആ മഹതികളാരും ആ സ്ഥാനങ്ങള്‍ അവകാശപ്പെട്ടിട്ടുമില്ല. അവരും പ്രവാചക ശിഷ്യന്മാരെല്ലാവരും ആ സ്ഥാനങ്ങള്‍ പുരുഷന്മാരാണ് വഹിക്കേണ്ടതെന്ന നിലപാടുകാരായിരുന്നു എന്നത്രേ ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നത്. അക്കാലം മുതല്‍ സമീപകാലം വരെയും മുസ്‌ലിം ലോകം തര്‍ക്കം കൂടാതെ അംഗീകരിച്ചുപോരുന്ന നിലപാടാണ് പുരുഷന്മാര്‍ മാത്രം ഖത്വീബുമാരായിക്കൊണ്ട് ജുമുഅ നിസ്‌കാരത്തിന് നേതൃത്വം വഹിക്കുക എന്നത്. അതിന് വിരുദ്ധമായ നിലപാട് ഒരു കാരണത്താലും സാധൂകരിക്കപ്പെടാവുന്നതല്ല ശബാബ്, 2008 നവം. 28, പേ. 28).
ഖുര്‍ആനുണ്ടോ, ഹദീസുണ്ടോ എന്ന പതിവു ഘോരശബ്ദം എത്ര ദയനീയമായാണ് ഇവിടെ ഇല്ലാതെയാകുന്നത്? ആമിന വദൂദ് (ജാമിദ ടീച്ചറും) ഖുതുബ നിര്‍വഹിക്കാതിരിക്കാന്‍ തെളിവുതേടി പാടുപെടുന്ന മൗലവികൂട്ടം ചരിത്ര വനിതകളിലൂടെ പുറകോട്ട് പോകുന്നു. അവരൊന്നും ചെയ്യാത്തതിനാല്‍ പാടില്ലെന്ന് ഫത്‌വ കൊടുക്കുന്നു. ഒന്നു ചോദിക്കട്ടെ, ഈ പറഞ്ഞവരില്‍ ആരെങ്കിലും നേതൃത്വം വഹിക്കാതിരുന്നതു പോലെ ജുമുഅ ജമാഅത്തിന് എത്തിയിട്ടുമില്ലായിരുന്നു. എന്നിട്ടും ജുമുഅ പെണ്ണുങ്ങള്‍ക്കും വാജിബും സുന്നത്തുമാകുന്നതെന്തുകൊണ്ടാണ്? ശബാബുകാരന്‍ എണ്ണിപ്പറഞ്ഞവര്‍ മുഴുവനും ജുമുഅ നേതൃത്വം വഹിക്കുന്ന വിഷയത്തില്‍ മനസ്സിലാക്കിയ കാര്യം എന്തുകൊണ്ട് ഇവിടെ മൗലവിമാര്‍ക്ക് അസ്വീകാര്യമായി? അതും പോകട്ടെ, ‘അടിസ്ഥാനപരമായ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. അതായത്, ഒരു കാര്യം നബി(സ്വ)യുടെ ഭാര്യമാര്‍ ചെയ്തതായി സ്ഥിരപ്പെട്ടെങ്കില്‍ മാത്രമേ സ്വീകരിക്കൂ എന്ന് പറയുന്നത് വലിയ വിഡ്ഢിത്തമാണ്’ എന്ന് മുമ്പെഴുതിയത് (ഇസ്‌ലാഹി മാസിക, ജൂലൈ 8) ജാമിദ എടുത്തുദ്ധരിച്ചാല്‍ മൗലവിക്കൂട്ടം എന്തു മറുപടി പറയും? ഇത്തരം സെല്‍ഫ് ഗോളുകള്‍ പ്രസ്ഥാനത്തെ കടന്നാക്രമിക്കുമ്പോള്‍ സത്യപാത അനുകരിക്കുകയാണ് രക്ഷാമാര്‍ഗം. മുമ്പ് ആമിന വദൂദ്, ഇന്ന് ജാമിദ. ഇനിയുമെത്ര പേര്‍?
വഹാബിമാപ്പില്‍ ഒതായിയില്‍ നിന്ന് വണ്ടൂരിലേക്കുള്ള ദൂരം വളരെ കുറവാണെന്നും മതയുക്തിവാദികളില്‍ നിന്ന് ജബ്ബാര്‍ മാസ്റ്ററുടെ നമ്പര്‍വണ്‍ യുക്തിവാദത്തിലേക്കുള്ള പരകായ പ്രവേശം പ്രയാസരഹിതമാണെന്നും കേരളക്കാര്‍ മനസ്സിലാക്കുന്നുണ്ട്. ഖദീജക്കുട്ടിയില്‍ നിന്ന് ജാമിദ രൂപപ്പെടുന്നത് അവര്‍ അനുഭവിച്ചറിഞ്ഞതാണല്ലോ.