ഈയിടെ അല്‍വത്വന്‍ അറബിക് ചാനല്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖം ഏറെ ചര്‍ച്ചയായി. മരണശേഷ ക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്ന ജിദ്ദ സ്വദേശി ഷെയ്ഖ് അബ്ബാസ് അല്‍ ബൈതാനി തനിക്കുണ്ടായ വിചിത്രമായ ഒരു അനുഭവം പങ്കുവെച്ചു ആ അഭിമുഖത്തില്‍.

അറബി നാടുകളില്‍ ശ്മശാനത്തോടു ചേര്‍ന്ന് നിര്‍മിക്കുന്ന “മഗ്സലു’കളുണ്ട്. മരണാനന്തര ക്രിയകളെല്ലാം നിര്‍വഹിക്കപ്പെടുന്നത് ഇത്തരം കുളിപ്പുരകളില്‍ വെച്ചാണ്. അതിനുവേണ്ടി സര്‍ക്കാര്‍ നിശ്ചയിച്ച ജീവനക്കാരുമുണ്ടാകും. ജിദ്ദയിലെ അത്തരമൊരു മഗ്സലിലെ ജീവനക്കാരനാണ് ഷെയ്ഖ് അബ്ബാസ്.

ഒരു മയ്യിത്തിന്റെ ശേഷക്രിയകള്‍ ചെയ്യാന്‍ വിളി വന്നു. ഷെയ്ഖ് അബ്ബാസ് മഗ്സലിലെത്തിയപ്പോള്‍ ഒരു യുവാവ് എല്ലാവരെയും മയ്യിത്തിന്റെ പരിസരത്ത് നിന്നും മാറ്റുന്ന കാഴ്ചയാണ് കണ്ടത്. മരിച്ച വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധുവായിരിക്കും അയാളെന്ന് കരുതിയ അദ്ദേഹം അടുത്തുചെന്ന് പറഞ്ഞു: “ഞാന്‍ മഗ്സലില ജീവനക്കാരനാണ്, എനിക്ക് സഹായത്തിന് ഒന്നുരണ്ടു പേരെ വേണം.’

“എല്ലാ സഹായവും ഞാന്‍ തനിച്ചു ചെയ്യാം. വേറെ ആരും ഇങ്ങോട്ട് വരേണ്ട.’ ആ യുവാവ് നിര്‍ബന്ധം പിടിച്ചു.

അബ്ബാസ് തന്റെ കൃത്യം ആരംഭിച്ചു. പതിയെ വസ്ത്രങ്ങള്‍ മാറ്റാന്‍ തുടങ്ങിയപ്പോള്‍ ആ യുവാവ് കരയാന്‍ തുടങ്ങി. അതു പിന്നെ അട്ടഹാസമായി പരിണമിച്ചപ്പോള്‍ അബ്ബാസ് ഇടപെട്ടു.

“നിങ്ങള്‍ എന്താണ് ചെയ്യുന്നത്? ഇവിടെ അട്ടഹസിച്ചാല്‍ കാര്യം നടക്കില്ല. നിങ്ങള്‍ മയ്യിത്തിന്റെ ആരാണ്…?

“ഞാന്‍ ആരുമല്ല. പക്ഷേ, എല്ലാമാണ്. ഇവനും ഞാനും കൊച്ചുനാള്‍ മുതല്‍ ഒന്നിച്ചുവളര്‍ന്ന അയല്‍വാസികളാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞങ്ങള്‍ പരസ്പരം സ്നേഹിച്ചു. പ്രാഥമിക വിദ്യാഭ്യാസം, ബിരുദ പഠനം എല്ലാം ഒരുമിച്ചു ചെയ്തു. ഒരേ കമ്പനിയില്‍ ജോലി ലഭിച്ചു. ഒരു വീട്ടില്‍ നിന്ന് സഹോദരികളെ വിവാഹം ചെയ്തു. ഞങ്ങള്‍ക്ക് അല്ലാഹു രണ്ടുവീതം കുഞ്ഞുങ്ങളെ നല്‍കി. ഓരോ ആണും പെണ്ണും. ഞങ്ങളുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും അല്ലാഹു ഞങ്ങളെ ഒന്നിപ്പിച്ചു. പക്ഷേ, മരണത്തില്‍ മാത്രം….’

അതു മുഴുമിപ്പിക്കാനാവാതെ അയാള്‍ നിയന്ത്രണം വിട്ടു കരഞ്ഞു.

അബ്ബാസ് ഒരുവിധം അയാളെ ആശ്വസിപ്പിച്ചു. ക്രിയകളെല്ലാം കഴിഞ്ഞു മയ്യിത്തിനെ പള്ളിയിലേക്കെടുത്തു. ജനാസ നിസ്കാര ശേഷം മയ്യിത്ത് ശ്മശാനത്തിലെ ഏഴാം നിരയിലെ പത്താം ഖബ്റിലായി മറവു ചെയ്തു. ആ യുവാവ് താങ്ങാന്‍ കഴിയാത്ത വേദനയോടെ അനുഗമിക്കുന്നുണ്ട്. വൈകാതെ എല്ലാവരും അവരുടെ ഭവനങ്ങളിലേക്ക് മടങ്ങി.

അടുത്ത ദിവസം രാവിലെ മറ്റൊരു മയ്യിത്തിന്റെ ശേഷക്രിയകള്‍ക്കായി അബ്ബാസ് മഗ്സലിലെത്തി. മയ്യിത്തിനെ കണ്ടദ്ദേഹം സ്തബ്ധനായി. പരിചയമുള്ള മുഖം…? മയ്യിത്തിന്റെ പിതാവിനെ വിളിച്ചന്വേഷിച്ചു.

“നിങ്ങള്‍ മറന്നോ…? ഇന്നലെ നിങ്ങള്‍ക്ക് സഹായിയായി വന്ന അതേ യുവാവാണിത്….’

ഞെട്ടല്‍ മാറാതെ അബ്ബാസ് ചോദിച്ചു: “എന്താണ് സംഭവിച്ചത്?’

പിതാവ് പറഞ്ഞു: “ഇന്നലെ കൂട്ടുകാരന്റെ ശേഷക്രിയകള്‍ക്കു ശേഷം എന്റെ മകന്‍ വീട്ടിലേക്കു മടങ്ങി. അന്നപാനീയങ്ങള്‍ കഴിക്കാന്‍ തയ്യാറായില്ല. രാത്രി കൂട്ടുകാരന് വേണ്ടി സംഘടിപ്പിച്ച പ്രാര്‍ത്ഥനാ ചടങ്ങില്‍ അവന്‍ വന്നിരുന്നു. ആ ഇരിപ്പിടത്തില്‍ വെച്ചുതന്നെ മരണപ്പെട്ടു.’

അബ്ബാസ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ചു. ജനാസ നിസ്കാര ശേഷം മയ്യിത്തിനെ മറവു ചെയ്തത് ശ്മശാനത്തിലെ ഏഴാം നിരയിലെ പതിനൊന്നാം ഖബ്റില്‍. ഇന്നലെ ആ യുവാവ് പരിഭവം പറഞ്ഞത് മരണത്തില്‍ സുഹൃത്തിനോടൊന്നിക്കാനായില്ലെന്നാണെങ്കില്‍ ഒന്നിപ്പിക്കാന്‍ തന്നെയായിരുന്നു നാഥന്റെ വിധി. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്നേഹിച്ച കൂട്ടുകാരുടെ മരണം ഒരു ദിവസത്തെ വ്യത്യാസത്തിലാണെങ്കിലും വിശ്രമം ഒരു ചുമരിന്റെ അകലത്തില്‍. ഈ വിചിത്ര സംഭവം വിവരിച്ചു കഴിഞ്ഞപ്പോള്‍ അബ്ബാസും അല്‍വത്വന്‍ അവതാരകനും ഈറനണിഞ്ഞിരുന്നു. പ്രേക്ഷകരും അങ്ങനെ തന്നെയായിരിക്കണം.

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു വിശ്വാസിയെ സ്നേഹിക്കുന്നത് വിശ്വാസ പൂര്‍ണതയുടെ പ്രധാന ഘടകമാണ്. ഖാളി ഇയാള്(റ) പറഞ്ഞു: “സ്നേഹം എന്നത് ഒരു വസ്തുവിലേക്കുള്ള മനസ്സിന്റെ സാമീപ്യമാണ്. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം അല്ലാഹു ആണെന്ന വിശ്വാസം ദൃഢമായ ഒരാള്‍ അനുവദനീയമായ എന്തിനെ സ്നേഹിച്ചാലും അത് അല്ലാഹുവിനു വേണ്ടിയുള്ളതാകും.’

ഈ അര്‍ത്ഥത്തില്‍ വിശ്വാസി സ്നേഹം പ്രകടിപ്പിക്കേണ്ടത് അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരോടാണ്. വിശ്വാസികള്‍ പരസ്പരം മഹബ്ബത്തിന്റെ നൂല് കൊണ്ട് കോര്‍ത്തിണക്കിയ മുത്ത് മണികളായിരിക്കണം. റസൂല്‍(സ്വ) അത് നമ്മെ ഉണര്‍ത്തിയിട്ടുണ്ട്.

അര്‍ശിന്റെ തണല്‍ ലഭിക്കുന്ന ഏഴു വിഭാഗങ്ങളെ പരിചയപ്പെടുത്തിയ ഹദീസില്‍ പരാമര്‍ശിച്ച ഒരു വിഭാഗം, അല്ലാഹുവിന്റെ മാര്‍ഗത്തിലായി സ്നേഹിച്ച് അതിനുവേണ്ടി ഒരുമിക്കുകയും അതിന്റെ പേരില്‍ വിട്ടുപിരിയുകയും ചെയ്ത രണ്ടു വ്യക്തികളാണ് (ബുഖാരി, മുസ്‌ലിം).

ഇമാം അബൂദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസ്: ആരെങ്കിലും അല്ലാഹുവിനു വേണ്ടി ഇഷ്ടം വെച്ചു. അല്ലാഹുവിനു വേണ്ടി കോപിച്ചു. അല്ലാഹുവിനു വേണ്ടി നല്‍കി. അല്ലാഹുവിനു വേണ്ടി തടഞ്ഞു. എങ്കിലവന്റെ വിശ്വാസം പൂര്‍ണമായി.

ഇബ്നുമുആദ്(റ) പറയുന്നു: എന്തെങ്കിലും ഗുണം ലഭിക്കുമ്പോള്‍ മാത്രം വര്‍ധിക്കാതിരിക്കുകയും വല്ല വിഷമവും അനുഭവപ്പെടുമ്പോള്‍ കുറയാതിരിക്കുകയും ചെയ്യുക എന്നതാണ് നിഷ്കപട സ്നേഹത്തിന്റെ ലക്ഷണം.

ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി(സ്വ) വിവരിക്കുന്ന ഒരു സംഭവം കാണാം: ഒരാള്‍ തന്റെ കൂട്ടുകാരനെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടു. അല്ലാഹു അയാളിലേക്ക് ഒരു മാലാഖയെ പറഞ്ഞയച്ചു. മലക്ക് ചോദിച്ചു: എവിടെ പോകുന്നു? “എന്റെ കൂട്ടുകാരനെ കാണാന്‍’അയാള്‍ പ്രതിവചിച്ചു.

അയാളില്‍ നിന്ന് വല്ല ഗുണവും നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ? മലക്ക് വീണ്ടും ചോദിച്ചു.

“ഒന്നുമില്ല, ഞാന്‍ അയാളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്നേഹിക്കുന്നു എന്നു മാത്രം.’

അപ്പോള്‍ മലക്ക് പറഞ്ഞു: “എങ്കില്‍ നിങ്ങള്‍ കൂട്ടുകാരനെ സ്നേഹിക്കുന്നതു പോലെ അല്ലാഹു നിങ്ങളെയും സ്നേഹിക്കുന്നു എന്നു പറയാന്‍ നിയുക്തനായ ദൂതനാണു ഞാന്‍.’

ഒരു വിശ്വാസിയെ നാം സ്നേഹിച്ചാല്‍ അതയാളോട് തുറന്നു പറയണമെന്നാണു തിരുനബി(സ്വ) പഠിപ്പിച്ചത്. “ഞാന്‍ നിങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്നേഹിക്കുന്നു’ എന്നു പറയണം എന്ന് ഹദീസില്‍ കാണാം. നിശ്ചയം, അത് സ്നേഹത്തെ ഊട്ടിയുറപ്പിക്കുന്നതും സമൂഹത്തില്‍ എ്യെം സാധ്യമാക്കുന്നതുമത്രെ.

ജഅ്ഫര്‍ നിസാമി ഓസ്ട്രേലിയ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ