പ്രഭാതം വിടര്‍ന്നു. നൈല്‍ നദിയുടെ തീരങ്ങളില്‍ നിന്ന് സഞ്ചാരികള്‍ യാത്രയാരംഭിച്ചു കഴിഞ്ഞു. ശിരസ്സുയര്‍ത്തി നില്‍ക്കുന്ന പിരമിഡുകള്‍ കൂടുതല്‍ ഭംഗിയുള്ളതായി. ഇരുളും വെളിച്ചവും ഇടകലര്‍ന്നു കിടക്കുന്ന ദൃശ്യം അനുഭൂതികളെ ത്രസിപ്പിക്കുന്നു. പള്ളികളില്‍ നിന്ന് പ്രഭാത നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ ലക്ഷ്യങ്ങളിലേക്കു വച്ചുപിടിച്ചു.
ഫുസ്താത്തിലെ വലിയ പള്ളിയില്‍ നിസ്കാരം കഴിഞ്ഞിരിക്കുകയാണ് ഇമാം ശാഫിഈ(റ)യും ശിഷ്യന്മാരും. ഇന്നലെ രാത്രി കണ്ട സ്വപ്നം ഇമാമിനെ വിസ്മയത്തിലാക്കി. ഓര്‍ക്കുമ്പോള്‍ മധുരിക്കുന്ന നൊമ്പരം. ബഗ്ദാദിലുള്ള അഹ്മദ്ബ്നു ഹമ്പലി(റ)നെ കുറിച്ചാണ് സ്വപ്നം. നേരിടാന്‍ പോകുന്ന ഒരു വലിയ വിപത്തിനെക്കുറിച്ചുള്ള സൂചനയായിരുന്നു അത്. അദ്ദേഹത്തെ അത് അറിയിച്ചാലേ സമാധാനമാകൂ.
ഇമാം തീരുമാനിച്ചുറച്ച മട്ടില്‍ നിസ്കാര പായയില്‍ തിരിഞ്ഞിരുന്നു നീട്ടിവിളിച്ചു:
“റബീഅ്’
ഈജിപ്തില്‍ വന്ന കാലം മുതല്‍ തനിക്ക് സേവനം ചെയ്യുന്ന ഖാദിമുകള്‍ പലരുമുണ്ടെങ്കിലും ഏറ്റവും പ്രിയപ്പെട്ടവന്‍ സുലൈമാന്റെ മകന്‍ റബീഅ് തന്നെ. ഒരിക്കല്‍ റബീഇനോടുതന്നെ അതു തുറന്നുപറഞ്ഞിട്ടുണ്ട്.
“റബീഅ്, എനിക്ക് നിന്നെ വലിയ ഇഷ്ടമാണ്. വിജ്ഞാനം ഉരുളയാക്കി തിന്നാന്‍ പറ്റിയിരുന്നെങ്കില്‍ ഞാനപ്രകാരം നിന്നെ തീറ്റിക്കുമായിരുന്നു.’
സ്നേഹത്തില്‍ ചാലിച്ച ഇമാമിന്റെ ശബ്ദം റബീഇന്റെ കര്‍ണപടലത്തില്‍ അലിഞ്ഞുചേര്‍ന്നു.
“ഓ, ഞാനിതാ വന്നു’ ജിജ്ഞാസപൂര്‍വം റബീഅ് വിളികേട്ടു.
ഭൂമി അറിയാത്തവിധം പാദം വെച്ചുനടന്നു. അനുസരണയോടെ ഇമാമിന്റെ മുന്നില്‍ വന്നിരുന്നു.
“ഇതാ, ഈ കത്ത് അഹ്മദ്ബ്നു ഹമ്പലിന് കൊടുക്കണം.’
മടക്കി ഒട്ടിച്ച കത്ത് റബീഇന്റെ നേരെ നീട്ടിക്കൊണ്ടു ഇമാംപറഞ്ഞു. സന്തോഷത്തോടെ എഴുത്ത് ഏറ്റുവാങ്ങിയ റബീഅ് യാത്രക്കുള്ള ഒരുക്കത്തിലായി.
ദീര്‍ഘയാത്രയാണ്. ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുകയില്ല. മഞ്ഞുതുള്ളികള്‍ പെയ്തിറങ്ങുന്ന പിരമിഡുകളുടെ നാട്ടില്‍നിന്ന് ആഴ്ചകള്‍ സഞ്ചരിച്ചാലാണ് ബഗ്ദാദിലെത്തുക. ശാഫിഈ ഇമാമിന്റെ സന്ദേശം അവിടെയെത്തിക്കാന്‍ വേറെ മാര്‍ഗമൊന്നുമില്ല.
ഈജിപ്തിന്റെ ഗന്ധംവിട്ടു. മണല്‍വിരിച്ച കുന്നുകളും മാമലകളും താണ്ടി റബീഇന്റെ വാഹനം കിതച്ചുനീങ്ങി. ഇടക്കിടെ മരുഭൂമിയിലെ പൊടിക്കാറ്റ് ചുഴറ്റിയടിച്ചുകൊണ്ടിരുന്നു. റബീഇന്റെ ഓര്‍മകള്‍ പിന്നോട്ടു ചിറകിട്ടടിച്ചു.
മധുരമുള്ള ചില സംഭവങ്ങള്‍ മനസ്സില്‍ തികട്ടിവന്നു. ബഗ്ദാദിലായിരുന്നു ഇമാം ശാഫിഈ(റ) വര്‍ഷങ്ങളോളം ജീവിച്ചത്. അക്കാലത്തെ ആയിരക്കണക്കിനു പണ്ഡിതന്മാരുടെ വിജ്ഞാനവെട്ടത്തിനു മാറ്റുകൂട്ടുവാന്‍ ആ സാന്നിധ്യം കാരണമായി. ജനങ്ങള്‍ ശാഫിഈ കര്‍മശാസ്ത്ര ധാരയില്‍ ലയിച്ചു. ഇമാം അഹ്മദ്(റ), ശാഫിഈ(റ)യില്‍ നിന്ന് വിജ്ഞാനം നേടി. നീണ്ട നാലു പതിറ്റാണ്ടുകാലം ശാഫിഈ ഇമാമിനു വേണ്ടി അദ്ദേഹം നിസ്കാരത്തില്‍ പ്രാര്‍ത്ഥിച്ചിരുന്നു. ഇമാം അഹ്മദ് മാത്രമല്ല, ശാഫിഈ(റ)യുടെ ശിഷ്യത്വം സ്വീകരിച്ച അബ്ദുറഹ്മാന്‍ ബിന്‍ മഹ്ദി, യഹ്യബ്നു സഅദ്(റ) തുടങ്ങിയവരെല്ലാം ഇമാമിനു വേണ്ടി നിസ്കാരത്തില്‍ ദുആ ചെയ്തിരുന്നു.
ഇമാമിന്റെ ഔന്നിത്യവും മഹത്ത്വവും റബീഅ്(റ) ഓര്‍ത്തു. ശൈശവത്തില്‍ പിതാവ് മരണപ്പെട്ട ശാഫി(റ) ദാരിദ്ര്യം നിറഞ്ഞ വീട്ടിലാണ് വളര്‍ന്നത്. രണ്ടാം വയസ്സില്‍ മാതാവ് കുട്ടിയെ സിറിയയില്‍ നിന്ന് വിശുദ്ധ മക്കയില്‍ കൊണ്ടുവന്നു. കൂട്ടുകാരുമൊത്ത് കളിച്ചുനടക്കുന്ന പ്രായത്തിലേ വിജ്ഞാന വിഹായസ്സിലേക്കു നീങ്ങി.
ഏഴാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. പത്താം വയസ്സില്‍ ഇമാം മാലിക്(റ)ന്റെ മുവത്വ എന്ന ഹദീസ് സമാഹാരവും. മക്കയില്‍ ഹദീസ് പഠനം മുസ്‌ലിമുബ്നു ഖാലിദുസ്സന്‍ജിയില്‍ നിന്നായിരുന്നു. പതിമൂന്നാം വയസ്സില്‍ മദീനാശരീഫില്‍ മാലികി ഇമാമിന്റെ ശിഷ്യത്വം സ്വീകരിച്ചു. സ്വന്തം ഗ്രന്ഥമായ മുവത്വയാണ് മാലിക്(റ) പഠിപ്പിച്ചിരുന്നത്. ക്ലാസ്സില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി, ശാഫിഈ(റ) പ്രസ്തുത ഗ്രന്ഥം ആദ്യാവസാനം മനഃപാഠം ചൊല്ലിക്കേള്‍പ്പിച്ചു. ഗുരുവായ മാലിക്(റ) ആ കൗമാരക്കാരന്റെ ഓര്‍മശക്തിയില്‍ ആശ്ചര്യപ്പെട്ടു.
പതിനഞ്ചാം വയസ്സില്‍ ഇസ്‌ലാമിലെ ആധികാരിക മതവിധി (ഫത്‌വ) നല്‍കാന്‍ ഗുരുവിന്റെ അനുവാദം ലഭിച്ചു. അറബി സാഹിത്യത്തിന്റെ അടിവേര് തേടി പിന്നീട് ഏറെക്കാലം ചെലവഴിക്കുകയുണ്ടായി. തനിക്കു ലഭിക്കുന്ന വിജ്ഞാനശകലങ്ങള്‍ മനസ്സില്‍ കോറിയിട്ടിരുന്നു. പകര്‍ത്തിയെഴുതാന്‍ കടലാസ്സിലാത്തതിനാല്‍ അസ്ഥികളിലും മറ്റുമാണ് കുറിച്ചുവെച്ചിരുന്നത്. ഇന്നിപ്പോള്‍ അദ്ദേഹത്തില്‍ നിന്നടര്‍ന്നു വീഴുന്ന വിജ്ഞാന മുത്തുകള്‍ ശേഖരിക്കുന്നതിനായി ഈജിപ്തിലെ ഇമാമിന്റെ വീട്ടുപടിക്കല്‍ ദിനേന എഴുന്നൂറോളം വാഹനക്കാര്‍ കാത്തുകിടക്കുന്നു. ഇമാമിനെ കാണാതെയും വിജ്ഞാനം നേടാതെയും അവരാരും തിരിച്ചുപോകാറില്ല. തേനുള്ള പൂക്കളിലേ വണ്ടുകള്‍ പറന്നെത്തുകയുള്ളൂ. ഇമാമിന്റെ സേവനത്തിന് ഭാഗ്യം ലഭിച്ചതില്‍ റബീഇന് ചാരിതാര്‍ത്ഥ്യം തോന്നി.
റബീഅ് യാത്രക്ക് വേഗത കൂട്ടി. ഹിജ്റ 150ലായിരുന്നു ഇമാമിന്റെ ജനനം. 195ലാണ് ബഗ്ദാദില്‍ വന്നത്. മൂന്നു വര്‍ഷത്തിനു ശേഷം ബഗ്ദാദ് വിട്ട് വിശുദ്ധ മക്കയിലേക്ക് പ്രയാണം ചെയ്ത ഇമാം വീണ്ടും ബഗ്ദാദില്‍ തന്നെ തിരിച്ചെത്തിയെങ്കിലും 199ല്‍ ഈജിപ്തിലേക്കു തിരിച്ചു. ആ നാളുകള്‍ ഈജിപ്തിന്റെ എ്വെര്യമായിരുന്നു. വിജ്ഞാന കുതുകികള്‍ അങ്ങോട്ടൊഴുകി.
ലോകം മുഴുക്കെ ശാഫിഈ ചിന്താധാര പ്രചരിച്ചു. അതോടെ ഇമാമിന്റെ മാതാവ് കണ്ട ഒരു സ്വപ്നം സാക്ഷാത്കൃതമായി.
തന്റെ ഉദരത്തില്‍ നിന്ന് വ്യാഴഗ്രഹം പുറത്തുവന്നു. കറങ്ങിക്കറങ്ങി ഈജിപ്തില്‍ വീണത് പൊട്ടിച്ചിതറി. ചീളുകള്‍ ഭൂഗോളത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും ചെന്നുപതിച്ചു. ഇതായിരുന്നു സ്വപ്നം.
* * *
ബഗ്ദാദിലെ വലിയ പള്ളിയില്‍ അഹ്മദ്ബ്നു ഹമ്പല്‍(റ) സുബ്ഹി നിസ്കാരം കഴിഞ്ഞ് തിരിഞ്ഞിരുന്നപ്പോള്‍ ഒരു സലാം കേട്ടു. പ്രഭാതത്തില്‍ ആരാവുമെന്ന് ഒരു ധാരണയും ഇല്ലായിരുന്നു. സൂക്ഷിച്ചു നോക്കിയതും മുന്നില്‍ റബീഅ്! അദ്ദേഹം പ്രത്യഭിവാദ്യം ചെയ്തു.
ഇമാം ആകാംക്ഷയോടെ മുസ്വല്ലയില്‍ തന്നെ ഇരുന്നു. ഇമാം ശാഫിഈ(റ)യുടെ പ്രിയ ശിഷ്യനും ഖാദിമുമാണ് ഈ നില്‍ക്കുന്നത്. “സ്വാഹിബുശ്ശാഫിഈ’ എന്ന അപരനാമത്തിലറിയപ്പെടുന്ന മഹാന്‍. ശാഫിഈ(റ)യുടെ രിസാല എന്ന ഗ്രന്ഥം എണ്‍പത് തവണ ഇമാമിന്റെ സാന്നിധ്യത്തില്‍ പാരായണം ചെയ്തു പഠിച്ചു. ഓരോ തവണ വായിക്കുമ്പോഴും പുതിയ പുതിയ വിജ്ഞാനങ്ങള്‍ സ്വായത്തമാക്കിയിരുന്നു. പാണ്ഡിത്യത്തിന്റെ സൂര്യപ്രഭയില്‍ ശോഭിക്കുമ്പോഴും ഈജിപ്തിലെ ഫുസ്ത്വാത് പള്ളിയില്‍ വാങ്ക് കൊടുക്കല്‍ ഏറ്റെടുത്ത വിനയാന്വിതന്‍. റബീഇന്റെ മുഖത്തേക്ക് ഇമാം അരുമയോടെ നോക്കി.
“ഇമാമിനു സുഖമല്ലേ?’ സ്നേഹമസൃണമായി അദ്ദേഹം ചോദിച്ചു.
“നിങ്ങള്‍ എന്തിനാണിങ്ങോട്ടു വന്നത്’ ആകാംക്ഷ മറച്ചുവെക്കാതെ അദ്ദേഹം ആരാഞ്ഞു.
“ഇതാ ഈ എഴുത്ത് നിങ്ങള്‍ക്ക് തരാന്‍ വന്നതാണ് ഞാന്‍’ ശാഫിഈ(റ) ഏല്‍പ്പിച്ച കത്ത് ഇമാമിനു നേരെ നീട്ടി റബീഅ് പറഞ്ഞു.
ആദരവോടെ അതേറ്റുവാങ്ങിയ ഇമാം റബീഇന്റെ നേരെ ദൃഷ്ടി പായിച്ചു. ഭവ്യതയോടെ അദ്ദേഹം ഒരിടത്തേക്ക് മാറിനിന്നു.
“എന്താണിതില്‍ എഴുതിയത്, നിങ്ങളിത് വായിച്ചുനോക്കിയോ?’
“ഇല്ല, ഞാന്‍ വായിച്ചിട്ടില്ല.’
കത്ത് പൊട്ടിച്ചു വായിച്ച ഇമാമിന്റെ മുഖം വിവര്‍ണമാകാന്‍ തുടങ്ങി. നെഞ്ചിടിപ്പിനു വേഗതയേറി. പൊടുന്നനെ സങ്കടം ഇരമ്പി. മിഴികള്‍ തുളുമ്പി. താടിരോമത്തിലൂടെ കണ്ണീര്‍കണങ്ങള്‍ ഒലിച്ചിറങ്ങാന്‍ തുടങ്ങി.
“കത്തിലെ ഉള്ളടക്കം ഞങ്ങള്‍കൂടി അറിഞ്ഞിരുന്നെങ്കില്‍…’ അവര്‍ക്കിടയില്‍ പടര്‍ന്ന മൗനം ഭേദിച്ചു കൊണ്ട് റബീഅ് പറഞ്ഞു.
ഇമാം കണ്ണീര്‍ തുടച്ചുകൊണ്ട് പറഞ്ഞു തുടങ്ങി:
“ഓ അബ്ദുല്ല, താങ്കള്‍ക്കു വന്ദനം. ഇന്നലെ രാത്രി തിരുനബി(സ്വ) എന്റെ സമീപത്ത് സ്വപ്നത്തില്‍ വന്നു. താങ്കള്‍ക്ക് സലാം പറയാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. കൂടാതെ ഒരു മുന്നറിയിപ്പും; വരും കാലങ്ങളില്‍ രൂക്ഷമായ പ്രതിസന്ധികളും അഗ്നിപരീക്ഷണങ്ങളും നേരിടും. ഖുര്‍ആന്‍ സൃഷ്ടിയാണെന്ന പിഴച്ചവാദം അടിച്ചേല്‍പ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടക്കും. ഒരുവിധത്തിലും അതിനു വഴങ്ങരുത്. ഭരണകൂട ഭീകരതക്കുമുന്നില്‍, അടിപതറാതെ പിടിച്ചുനിന്നാല്‍ നാളെ പരലോകത്ത് താങ്കള്‍ക്കായി അല്ലാഹു ഒരു പതാക ഉയര്‍ത്തും. തിരുനബി(സ്വ)യുടെ ഈ ഉപദേശം ഞാന്‍ താങ്കളെ അറിയിക്കുന്നു.’
ഇമാമിന്റെ തീ കണ്ണുകള്‍ക്കുമുന്നില്‍ നിന്നു റബീഅ് ഉരുകി. നൂലുപൊട്ടിയ പട്ടംപോലെ സഞ്ചരിച്ച മനസ്സിനെ ഇമാം പിടിച്ചുനിര്‍ത്തി. അല്‍പനേരത്തേക്ക് നഷ്ടപ്പെട്ട സ്വസ്ഥത വീണ്ടെടുത്തു. എന്തും നേരിടാനുള്ള ആത്മധ്യൈം സംഭരിച്ചു. മനസ്സ് ചഞ്ചലമാകാതിരിക്കാന്‍ റബ്ബിനോട് ദുആ ചെയ്തു.
ദൗത്യം നിറവേറ്റിയ ചാരിതാര്‍ത്ഥ്യത്തോടെ റബീഅ്(റ) ഇമാമിനോട് യാത്ര പറഞ്ഞു.
ഇമാം ധരിച്ചിരുന്ന കുപ്പായം ഊരിയെടുത്ത് റബീഇന്റെ നേരെ നീട്ടി: “ഇതാ, ഇതു വെച്ചോളൂ. നിങ്ങള്‍ക്കു തരാനായി മറ്റൊന്നും എന്റെ വശമില്ല.’
റബീഇന്റെ സന്തോഷത്തിന് അതിരില്ലാതായി.
* * *
അബ്ബാസിയ ചക്രവര്‍ത്തിമാരിലെ ഏഴാമന്‍ മഅ്മൂനിന്റെ കൊട്ടാരം. പകലോന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ മറഞ്ഞുകൊണ്ടിരിക്കുന്നു. വെളിച്ചം നീങ്ങി. തമസ്സിന് കട്ടികൂടി വരുന്നു. പാദസേവകരാലും മുഅ്തസിലി പണ്ഡിതന്മാരാലും കൊട്ടാരം നിബിഡമാണ്.
“വിടാന്‍ പാടില്ല, ആരെയും വിടരുത്. ഖുര്‍ആന്‍ അല്ലാഹുവിന്റെ സൃഷ്ടിയാണെന്നംഗീകരിക്കാത്ത ഒരുത്തനെയും വെറുതെ വിടരുത്’ കൊട്ടാര പണ്ഡിതനായ ഇബ്നു അബീ ദാവൂദ് ഗര്‍ജിച്ചുകൊണ്ടിരുന്നു.
“അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ ഖുദ്റത്, സംഅ്, കലാം തുടങ്ങിയ ഏഴു വിശേഷണങ്ങള്‍ മണ്ടത്തരമാണ്. അത് തള്ളുകതന്നെ വേണം. ആകയാല്‍ അല്ലാഹുവിന്റെ കലാമായ ഖുര്‍ആന്‍ ശരീഫ് അവന്റെ സൃഷ്ടിയാകാനേ നിര്‍വാഹമുള്ളൂ’ അയാള്‍ പ്രഖ്യാപിച്ചു.
മഅ്മൂനിന്റെ കൊട്ടാരത്തില്‍ ഒരു കൊടുങ്കാറ്റ് കെട്ടഴിഞ്ഞു വീഴുകയായിരുന്നു. നിസ്സംഗതയോടെ കേട്ടുനില്‍ക്കാനേ ജനങ്ങള്‍ക്കു കഴിഞ്ഞുള്ളൂ. ശൂലമുനയില്‍ കിടന്നെന്നോണം വിശ്വാസികള്‍ പുളഞ്ഞുപോയി. പിഴച്ച ഈ വാദഗതിയെ അവജ്ഞയോടെപുച്ഛിച്ചു തള്ളിയവരാണ് ജനങ്ങളിലേറെയും. പക്ഷേ, ചക്രവര്‍ത്തിയുടെ മനസ്സ് സ്വാധീനിക്കാന്‍ മുഅ്തസിലി പാര്‍ട്ടിക്കാര്‍ക്കു കഴിഞ്ഞു.
ഇസ്‌ലാമിക ഭരണകൂടങ്ങളില്‍ മഅ്മൂനിന്റെ മുമ്പ് കഴിഞ്ഞുപോയവരാരും ഈ പിഴച്ച വാദഗതി ഉന്നയിച്ചിട്ടില്ല. ഭരണകര്‍ത്താക്കളെ കൂട്ടുപിടിച്ച് ഇസ്‌ലാമിക വിശ്വാസത്തെ തകര്‍ക്കാന്‍ മുഅ്തസിലത് വിഭാഗം നടത്തിയ ശ്രമം അദ്ദേഹത്തിലൂടെ തീവ്രമായി. ഹിജ്റ 198 മുതല്‍ 232 വരെയുള്ള മൂന്നു പതിറ്റാണ്ടിലധികം ഈ വിഷവിത്ത് ലോകത്ത് പ്രചരിച്ചു. ആയിരക്കണക്കിന് നിരപരാധികളെ ഈ ആശയത്തിന്റെ വ്യാപനത്തിനായി ഭരണകൂടവും ശിങ്കിടികളും അരിഞ്ഞുവീഴ്ത്തി. പ്രതിരോധം തീര്‍ത്ത അനവധി പണ്ഡിതശ്രേഷ്ഠരെ അറുകൊല ചെയ്തു.
മഅ്മൂനിനെ തുടര്‍ന്ന് സഹോദരന്‍ മുഅ്തസിമിന്റെ ഭരണകാലത്തും (218227) ശേഷം മകനും അബ്ബാസിയ ഭരണകര്‍ത്താക്കളില്‍ ഒമ്പതാമനുമായ വാസിഖിന്റെ (227232) കാലത്തും “ഖുര്‍ആന്‍ സൃഷ്ടി’ വാദം കൊടുമ്പിരികൊണ്ടു. പ്രതികാരത്തിന്റെ തീ ആളിക്കത്തിച്ചുകൊണ്ട് മുഅ്തസിലികള്‍ ഉറഞ്ഞുതുള്ളി. എതിര്‍ത്തവരെ തുറുങ്കിലടച്ചും ശിരഛേദം നടത്തിയും അമര്‍ച്ച ചെയ്തു.
ആദര്‍ശത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ പ്രതിസന്ധി തരണം ചെയ്ത പണ്ഡിതന്മാര്‍ നിരവധിയാണ്. അവരില്‍ പ്രധാനികള്‍ അഞ്ചുപേര്‍. മുഹമ്മദ് ബിന്‍ നൂഹ് (അറസ്റ്റ് വരിച്ച അദ്ദേഹം ചങ്ങലയില്‍ ബന്ധിതനായി മരിച്ചു). നുഐം ബിന്‍ ഹമ്മാദ്, അബൂ യഅ്ഖൂബുല്‍ ബുവൈതി (ഇരുവരും തുറുങ്കില്‍ കിടന്ന് വീരമൃത്യു വരിച്ചു).
നാലാമന്‍ അഹ്മദ് ബിന്‍ നസ്റുല്‍ ഖുസാ. അദ്ദേഹത്തോട് അറവുമാടുകളോടെന്ന പോലെ ചക്രവര്‍ത്തി വാസിഖ് പെരുമാറി. ചങ്ങലയില്‍ ബന്ധിച്ച് സാമുറാ പട്ടണം വരെ നടത്തിച്ചു. അവിടെവെച്ച് പരസ്യമായി തലവെട്ടി. ശിരസ്സ് ബഗ്ദാദിലും ഉടല്‍ സാമുറയിലും കെട്ടിത്തൂക്കി. അദ്ദേഹത്തിന്റെ വേര്‍പെട്ട ശിരസ്സ് അത്യുച്ചത്തില്‍ “ലാഇലാഹ ഇല്ലല്ലാഹ്’ എന്നു ചൊല്ലിക്കൊണ്ടിരുന്നു.
ശരീരം തൂക്കുമരം കയറ്റിയപ്പോള്‍ ഖുര്‍ആനിലെ അന്‍കബൂത് സൂറതിലെ ഒന്നാം സൂക്തം അതു പാരായണം ചെയ്തു. സന്ധ്യയായപ്പോള്‍ ശിരസ്സ് സ്വയം ഖിബ്ലക്കുതിരിഞ്ഞ് യാസീന്‍ ഓതി. ഇത്തരം അദ്ഭുതങ്ങളൊന്നും ഹൃദയം മരവിച്ച മുഅ്തസിലികളുടെ കണ്ണുതുറപ്പിച്ചില്ല.
അഞ്ചാമന്‍ ഇമാം അഹ്മദ്ബ്നു ഹമ്പലിനെ നേരത്തെ പറഞ്ഞ മൂന്ന് ചക്രവര്‍ത്തിമാരും നീണ്ട ജയില്‍വാസത്തിനും പീഡനപര്‍വത്തിനും ഇരയാക്കി.
* * *
“മോനേ, നിന്റെ സന്തോഷത്തിനായി അഹ്മദ് ബിന്‍ ഹമ്പല്‍ വല്ലതും നല്‍കിയോ?’
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ റബീഇനോട് ശാഫിഈ(റ) തിരക്കി.
“ഇമാമിന്റെ പൂമേനി സ്പര്‍ശിച്ച കുപ്പായമാണ് കിട്ടിയത്’ റബീഇന്റെ മറുപടിയില്‍ സൗഭാഗ്യം നിഴലിച്ചു.
“ഇമാം അഹ്മദ് അല്ലാഹുവിന്റെ ഇഷ്ടദാസനാണെന്നതില്‍ സന്ദേഹമില്ല. അതിനാല്‍ അദ്ദേഹത്തിന്റെ വസ്ത്രം ബറകത്തുള്ളതാകുന്നു. അനുഗ്രഹം അനുഭവിക്കാനുള്ളതാണ്’ ശാഫിഈ(റ)യുടെ കണ്ണുകള്‍ ആര്‍ദ്രങ്ങളായി.
അദ്ദേഹം തുടര്‍ന്നു:
“അതു നീ വെള്ളത്തില്‍ മുക്കുക. എന്നിട്ട് ആ വിശുദ്ധ ജലം എനിക്കുതരൂ, ഞാനത് പാനം ചെയ്ത് അനുഗ്രഹീതനാകട്ടെ.’
പിഎസ്കെ മാടവന