സൂര്യതാപമേറ്റാൽ സമുദ്രജലം നീരാവിയായി വാനത്തേക്കുയരും. പിന്നെയത് മഴയായി കോരിച്ചൊരിയും. കല്ലിലും മണ്ണിലും മുള്ളിലും പൂവിലും വരമ്പിലും തോട്ടിലും വന്നുചേരും. നിർജീവതയിൽ നിന്ന് സജീവതയിലേക്ക് പതുക്കെ എത്തിനോക്കും. മരിച്ചുകിടന്നതിന് പുതുജീവൻ വെച്ചതുപോലെ പ്രകൃതി പച്ചപുതക്കും.

ഇതുപോലെ ഈമാൻ ജ്വലിച്ച് ചൂടാവുമ്പോഴാണ് മുഅ്മിനിന്റെ നാവിലൂടെ സ്വലാത്ത് ഉറവ പൊട്ടുന്നത്. വൈയക്തിക നേട്ടങ്ങൾക്കപ്പുറം സാമൂഹികമായും വലിയ നേട്ടമാണതു വരുത്തുക. പ്രവാചകരിൽ ഇഴുകിച്ചേർന്ന നന്മകളത്രയും ജനതയുടെ ജീവിതത്തിലാകമാനം വന്നുചേരും. അതുമുഖേന മൃതഹൃദയങ്ങൾ ജീവൻ വെച്ച് പൂത്തുലയും. അതുവഴി സാമ്പത്തിക-ശാരീരികാനന്ദങ്ങളും പുറമെ പരലോകത്തെ നിർഭയത്വവും ലഭിക്കുന്നു. മാനവജീവിതത്തിന്റെ അടിമുതൽ മുടിവരെ സ്വലാത്ത് കൊണ്ട് വിജയം വരിക്കാമെന്നർത്ഥം.

മനുഷ്യന്റെ നിലനിൽപ്പും വളർച്ചയും സ്വലാത്തിൽ ഉൾച്ചേർന്നിരിക്കുന്നു. ഒരു പ്രത്യയശാസ്ത്രാനുയായികളുടെ നിലനിൽപ്പ് ആശയ പ്രബോധകനെ എല്ലാ നിലക്കും അംഗീകരിക്കൽ കൊണ്ട് മാത്രമാണ്. ഇസ്‌ലാമികാശയങ്ങൾ വളക്കൂറുള്ള മണ്ണിലും തരിശുഭൂമിലും വിതച്ച് ഒരുപോലെ വളർത്തിയെടുത്ത പ്രവാചകരുമായി ഓരോ വിശ്വാസിക്കും ആത്മസ്‌നേഹം വേണ്ടതുണ്ട്. പ്രവാചകർ ആവശ്യപ്പെടുന്നതും അതാണ്. അല്ലാതെ, ഭൗതികത വെച്ചുപുലർത്തുന്ന സ്‌നേഹമല്ല.

പ്രവാചകരോടുള്ള ആത്മബന്ധത്തിന്റെ ബഹിർസ്ഫുരണമാണ് സ്വലാത്ത്. ഇതിലൂടെ വിശ്വാസി രക്ഷിതാവിന്റെ കൽപ്പനയെ അംഗീകരിക്കുകയാണ്. അല്ലാഹുവും മാലാഖമാരും സ്വലാത്ത് നിർവഹിക്കുന്നു. നിങ്ങളും അതു ചെയ്തീടുവീൻ എന്നാണല്ലോ വേദവാക്യം.

ഇസ്‌ലാമിന്റെ നിലനിൽപ്പ് പ്രവാചകരിൽ ഭദ്രമാണ്. സ്വലാത്തിലൂടെ ആ നേതാവിന്റെ ശ്രേഷ്ഠതയും ജനതക്കാകമാനമുള്ള ഔന്നത്യവുമാണ് ലക്ഷ്യമിടുന്നത്. അതിലൂടെ പ്രസ്ഥാനത്തിന്റെ അടിവേരുകൾ ആഴ്ന്നിറങ്ങി ചില്ലകൾ പൂർവാധികം ശക്തിയോടെ പടർന്നു പന്തലിച്ച് വാനം മുട്ടും. സർവലോക രക്ഷിതാവായ അല്ലാഹു സ്വലാത്തിനെ വഹിച്ചു കൊണ്ടെത്തിക്കാൻ മാലാഖമാരെ ഒരുക്കിയതും അതിന്റെ പ്രസക്തിയാണ് വിളിച്ചോതുന്നത്. സ്വലാത്തിന് പ്രാർത്ഥനയെക്കാളേറെ പ്രാധാന്യമുണ്ട്.

ഒരു ശിഷ്യൻ പ്രവാചകരോട് ചോദിച്ചു:

‘അങ്ങേക്കുമേൽ സ്വലാത്തു വർധിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. എന്റെ പ്രാർത്ഥനാ സമയത്തിൽ നിന്ന് എത്ര ഞാനിതിനു ചെലവഴിക്കണം?

‘താങ്കളുടെ ഇഷ്ടം പോലെ’

കാൽഭാഗമായാലോ?

‘താങ്കളുടെ ഇഷ്ടം. ഇനിയും ഏറിയാൽ അതാവും നല്ലത്.’

എങ്കിൽ പകുതിയായാലോ?

‘അതും താങ്കളുടെ ഇഷ്ടം. അതിനേക്കാൾ വർധിപ്പിച്ചാൽ നന്നാവും.’

നാലിൽ മൂന്നു ഭാഗവും അതിനാക്കിയാലോ?

‘താങ്കളുടെ ഇഷ്ടമെന്നു പറഞ്ഞില്ലേ, ഇനിയും ഏറിയാൽ അതാവും നല്ലത്.’

‘എങ്കിൽ ജീവിതത്തിന്റെ മുഴുസമയവും ഞാനിതിനു വേണ്ടി ചെലവഴിക്കും; തീർച്ച.’

ഈ ആഗ്രഹം പൂർത്തീകരിച്ചാൽ തീർച്ച, താങ്കളുടെ മുഴുപാപവും മായ്ക്കപ്പെടും (തിർമുദി).

ആത്മീയ ധന്യവർധനവിൽ പ്രാർത്ഥനയുടെ സ്ഥാനത്ത് സ്വലാത്ത് നിൽക്കുമെന്നു സാരം. മാത്രമല്ല, ഇനിയും വർധിപ്പിച്ചാൽ അതാവും നിങ്ങൾക്ക് (ലകും) ഉത്തമം എന്ന പ്രയോഗം ബഹുവചനത്തിന്റേതാണ്. അതിൽ വ്യക്തിയും സമുദായവും ഉൾപ്പെടും. അതിനോട് വിമുഖതയെങ്കിൽ അവനാണേറ്റവും വലിയ പിശുക്കൻ. അഥവാ ജനതയോടുള്ള ബാധ്യത നിറവേറ്റാൻ ഒരുക്കമല്ലാത്ത നികൃഷ്ടൻ. ‘എന്നെക്കുറിച്ച് പറയപ്പെട്ടിടത്ത് സ്വലാത്ത് ചൊല്ലാത്തവന് നിന്ദ്യത ഭവിക്കും’ (തിർമുദി) എന്ന പ്രവാചകവാക്യം ഓർമയിലിരിക്കണം.

പ്രാർത്ഥന സ്വീകരിക്കണമെങ്കിൽ തന്നെ സ്വലാത്തിന്റെ സാന്നിധ്യം അത്യാവശ്യമാണ്. എന്നല്ല, അങ്ങനെയുള്ള പ്രാർത്ഥനാ വചനങ്ങൾക്കു പകരമായി ഐഹിക-പാരത്രിക വിജയമത്രയും അവനു നൽകപ്പെടും. ആണ്ടിലൊരിക്കൽ വരുന്ന പെരുന്നാൾ പോലെ എന്റെ ഖബ്‌റിനെ ആക്കരുതെന്ന് (നസാഈ) പറയുമ്പോൾ എന്റെ ഉമ്മത്ത് ഋതുഭേദങ്ങളേതുമില്ലാതെ എന്റെ സാമീപ്യം കൊള്ളുന്നവരാകണം എന്ന പ്രതിധ്വനി ഉയർന്നുകേൾക്കാം. ആത്മബന്ധം കൈയൊഴിച്ചുള്ള ഒരു നിമിഷംപോലും വിശ്വാസിയുടെ ജീവിതത്തിൽ ഉണ്ടാവരുത്. പ്രവാചക സ്മരണകൾക്ക് വിശ്വാസി ജീവിതത്തിൽ അറുതിയില്ല.

ഒരു ദർപ്പണത്തിലേക്കു പ്രകാശം പതിക്കുമ്പോൾ അതു പല രശ്മികളായി തിരികെ പ്രതിഫലിക്കുന്നതുപോലെ പ്രവാചകരിലേക്ക് ഒരു സ്വലാത്ത് ചൊല്ലുമ്പോൾ പത്ത് നന്മകളായി നമ്മുടെ ജീവിതത്തിലത് പ്രതിഫലിക്കുന്നു. ഓരോ സ്വലാത്തിന്റെയും പോഷണമേറ്റ് ആത്മീയൗന്നത്യത്തിന്റെ പത്തു പടവുകൾ നാം പടിപടിയായി ഉയരുന്നു. ജീവിതവഴിയിലെ പുഴുക്കുത്തുകൾ മായ്ക്കപ്പെടുന്നു. അനുരാഗമഴയിൽ കിളർത്തുവന്ന നാമ്പുകൾ നമ്മുടെ ജീവിതാന്തരീക്ഷത്തെ സുരഭിലമാക്കുകയും ചെയ്യുന്നു. സമൂഹത്തെ ഏറെ സ്‌നേഹിച്ച റസൂൽ(സ്വ) അവരുടെ വിജയമാർഗമായി പഠിപ്പിച്ചതാണ് സ്വലാത്ത്. അതു വർധിപ്പിക്കുന്നതിനനുസരിച്ച് വിജയത്തിന്റെ മാറ്റു കൂടുകതന്നെ ചെയ്യും.

ഫള്‌ലുറഹ്മാൻ തിരുവോട്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ