Swallal ilahu - Malayalam Article

വിശ്വപ്രസിദ്ധ പ്രവാചക പ്രകീർത്തന രചനകളിലെ കേരളീയ സാന്നിധ്യമാണ് പ്രമുഖ പണ്ഡിതനും സ്വൂഫിവര്യനുമായ വെളിയങ്കോട് ഉമർ ഖാളി(റ)യുടെ സ്വല്ലൽ ഇലാഹു എന്ന കാവ്യം. പ്രവാചക പ്രകീർത്തന രംഗത്ത് പ്രചുരപ്രചാരം നേടിയ മഹാകാവ്യങ്ങളിലൊന്നായി ഇതും പരിഗണിക്കപ്പെടുന്നു. സ്വജീവിതത്തെ വിശ്വാസംകൊണ്ടും കർമംകൊണ്ടും അർത്ഥപൂർണമാക്കിയ മഹാമനീഷിയായിരുന്നു ഉമർ ഖാളി(റ). ഇസ്‌ലാമിന്റെ സാംസ്‌കാരികവും ആദർശപരവുമായ വ്യവസ്ഥകൾ പഠിച്ചും പകർത്തിയും ചരിത്രത്തിലിടം നേടിയ അദ്ദേഹം പാരമ്പര്യ വിശ്വാസത്തിന്റെ സുദൃഢമായ ജീവിത മാതൃകകൾ സമൂഹത്തിന് സമ്മാനിച്ചു. വൈദേശികാധിപത്യത്തിനെതിരെ സന്ധിയില്ലാസമരം നടത്തിയ പോരാളിയെന്ന വിശേഷണത്തിനപ്പുറം ആധ്യാത്മികതയുടെ അത്യുന്നത മേഖലയിൽ പ്രോജ്ജ്വലിക്കുന്ന വ്യക്തിത്വത്തിനുടമയാണദ്ദേഹം.

മലയാളക്കരയിൽ വിരിഞ്ഞ പ്രകീർത്തന കാവ്യങ്ങളിൽ പ്രഥമ സ്ഥാനത്തുള്ള സ്വല്ലൽ ഇലാഹു 1209-ലാണ് വിരചിതമാകുന്നത്. ഹജ്ജ് യാത്രയിൽ മദീനയിലെത്തിയ മഹാനവർകൾ തിരുനബി(സ്വ)യുടെ ഖബറിനരികെ നിന്ന് അവിടുത്തെ ഗുണഗണങ്ങൾ വാഴ്ത്തുകയാണ് ചെയ്യുന്നത്. ആദ്യാവസാനം സ്വലാത്ത് കാവ്യമായ ഇത് പ്രവാചക സ്‌നേഹത്തിന്റെ അവാച്യമായ അനുഭൂതി പ്രകടമാക്കുന്നു. അഞ്ചു ചില്ലകൾ വീതമുള്ള 34 വരികൾ മാത്രമേ ഇതിലുള്ളൂവെങ്കിലും കവിതയുടെ പ്രമേയം അതിനെ സമ്പന്നമാക്കുന്നു.

പ്രകീർത്തകൻ പ്രണയനായകനോട് കാണിക്കുന്ന അതിതീവ്രമായ സ്‌നേഹത്തിന്റെ അർത്ഥപൂർണമായ ആവിഷ്‌കാരം പ്രഥമ വരികളിൽതന്നെ വ്യക്തമാണ്. അതിനിഗൂഢമായ ആശയങ്ങൾ ഇടകലർത്തുന്നതിനു പകരം തിരുനബി സ്‌നേഹമെന്ന പ്രമേയത്തെ സ്വാദിഷ്ടമായി കോർത്തിണക്കുന്ന കവി, തന്റെ പ്രേമാതുരനിൽ മേളിച്ച കാര്യങ്ങൾ ഒന്നൊന്നായി അനുവാചകർക്ക് പഠിപ്പിച്ചുകൊടുക്കുന്ന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.

നിർമല സ്വഭാവത്തിനുടമയും ദയാലുവുമായ മുത്ത് നബി(സ്വ)യുടെ സവിശേഷതകൾ പറഞ്ഞാണ് കാവ്യത്തിന്റെ തുടക്കം. അവതരണരീതിയും വിഷയങ്ങളുടെ വൈവിധ്യവും അനുരാഗത്തിന്റെ ആത്മാവ് വഹിക്കുന്നു. ‘നിശ്ചയം താങ്കൾ മഹനീയ സ്വഭാവത്തിനുടമയാണ്’ എന്ന വിശുദ്ധ ഖുർആനിലെ ഖലം അധ്യായത്തിലെ നാലാമത്തെ സൂക്തത്തിലേക്കുള്ള സൂചനയാണ് ഒന്നാമത്തെ വരിയിലുള്ളത്. ‘അല്ലാഹുവിൽ നിന്നുള്ള കാരുണ്യം കൊണ്ടാണ് താങ്കൾ അവരോട് സൗമ്യമായി പെരുമാറിയത്. നിങ്ങൾ  പരുഷ സ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിങ്ങളുടെ ചുറ്റിൽനിന്നും അവർ പിരിഞ്ഞുപോകുമായിരുന്നു (3/159), ‘നിശ്ചയമായും നിങ്ങൾക്കിതാ നിങ്ങളിൽ നിന്നു തന്നെയുള്ള ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് സഹിക്കാൻ കഴിയാത്തവരും നിങ്ങളുടെ കാര്യത്തിൽ അതീവ താത്പര്യമുള്ളവരും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അവർ’ (9/128) തുടങ്ങി വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ട തിരുനബി(സ്വ)യുടെ സ്വഭാവമഹിമകളാണ് കവി തുടർന്ന് എണ്ണിപ്പറയുന്നത്.

‘സർവ അഭ്യസ്തവിദ്യരെയും കവച്ചുവക്കുന്ന പാണ്ഡിത്യമുള്ള നിരക്ഷരനായ അനാഥനെ ഞാനേറെ സ്‌നേഹിക്കുന്നു’വെന്ന കവിയുടെ തുറന്നു പറച്ചിൽ അക്ഷരാഭ്യാസം വളരെ ലളിതമാണെന്നും അതില്ലെങ്കിൽ ബുദ്ധിയിലും അറിവിലും ന്യൂനതകളുണ്ടാവുന്നത് സാധാരണമാണെന്നും തിരുനബി(സ്വ) ഈ പൊതുതത്ത്വത്തിൽ നിന്ന് വിഭിന്നമാണെന്നും തെളിയിക്കുന്നു. കാരണം കേവലമായ അക്ഷരാഭ്യാസമില്ലാതിരുന്നിട്ടും മുൻഗാമികളുടെയും പിൻഗാമികളുടെയും മുഴുവൻ വിജ്ഞാനങ്ങളും മനുഷ്യചിന്തകൊണ്ട് ലഭിക്കാത്ത എല്ലാ വിജ്ഞാന തത്ത്വങ്ങളുമറിയുമെന്ന അസാധാരണ വൈരുദ്ധ്യം നബി(സ്വ)യുടെ അമാനുഷികതക്കും പ്രവാചകത്വത്തിനും തെളിവാണെന്ന വിശാലമായ ആശയമാണ് കവി ഓർമിപ്പിക്കുന്നത്.

അസംഖ്യം സ്വഭാവഗുണങ്ങളുടെ ഉടമയായ തിരുനബി(സ്വ)യുടെ അധ്യാപനത്തെയും പ്രബോധനത്തെയും കുറിച്ചാണ് ശേഷം കവി വിവരിക്കുന്നത്. ഏതൊരു സന്ദർശനത്തെയും അവസരമായി കാണുകയും തനിക്കെതിരെ അരിശംതുള്ളിനിൽക്കുന്ന വിഗ്രഹാരാധകരോട് പോലും സൗമ്യമായി പെരുമാറുകയും അവരുടെ യുക്തിബോധത്തെ ഉദ്ദീപിപ്പിച്ചുകൊണ്ട് ബഹുദൈവാരാധനയുടെ നിരർത്ഥകതയെ കുറിച്ച് ബോധവത്കരണം നടത്തുകയും സർവ അനീതികളോടും അരുതായ്മകളോടും കലഹിച്ചും പ്രബോധനരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ഇബ്‌റാഹിം നബി(അ)യുടെ പാത പിന്തുടർന്ന നബി(സ്വ)യുടെ പ്രബോധനരീതിയും ആത്മാർത്ഥമായ ഇടപെടലുകളും കവി ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു.

ഉത്തമ സ്വഭാവങ്ങളുള്ള തിരുനബി(സ്വ)യാണ് സർവർക്കും അനുകരണീയ വ്യക്തിത്വമെന്നും അത് നമ്മുടെ വിജയപാശമാണെന്നും കവി ഉണർത്തുന്നുണ്ട്. ‘അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും നാഥനെ ധാരാളമായി ഓർമിക്കുകയും ചെയ്യുന്നവർക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്’ (33/21) എന്ന ഖുർആനികാധ്യാപനത്തിലേക്കാണ് പ്രസ്തുത വരികൾ വിരൽ ചൂണ്ടുന്നത്. സത്യനിഷേധിയായ ഒരാളുടെ മാൻപേട നബി(സ്വ)യോട് ആവലാതിപ്പെടുകയും ആ വിഷയത്തിൽ അവിടുന്ന് ഒരുടമ്പടിയുണ്ടാക്കി മാനിനെ സഹായിക്കുകയും ചെയ്ത ചരിത്രസംഭവം വർണിച്ച് റസൂൽ(സ്വ)യെ മൃഗങ്ങൾ പോലും ആശാകേന്ദ്രമായി കണ്ടിരുന്നുവെന്ന് ഉമർ ഖാളി പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്.

ഒരാൾ സ്‌നേഹിക്കപ്പെടാനുള്ള സർവഗുണങ്ങളും തിരുനബി(സ്വ)യിൽ മേളിച്ചിട്ടുണ്ടെന്നു ബോധ്യപ്പെടുത്തുന്നവിധം വരികൾ ക്രമീകരിച്ച കവി പ്രവാചക സ്‌നേഹം അനിവാര്യമാണെന്നും അതിന് അതിർവരമ്പുകളില്ലെന്നും പാരത്രികരക്ഷക്ക് അത് നിർബന്ധമാണെന്നും ഊന്നിപ്പറയുന്നു: ‘നബിയേ, അങ്ങ് പറയുക. നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും ബന്ധുക്കളും നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും മാന്ദ്യം നേരിടുമെന്ന് നിങ്ങൾ ഭയക്കുന്ന കച്ചവടവും നിങ്ങൾ ഇഷ്ടപ്പെടുന്ന പാർപ്പിടങ്ങളും നിങ്ങൾക്ക് അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാർഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായാൽ അല്ലാഹു അവന്റെ കൽപ്പന കൊണ്ടുവരുന്നത്‌വരെ നിങ്ങൾ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേർവഴിയിലാക്കുകയില്ല’ (9/24) എന്ന സൂക്തത്തിന്റെ പൊരുൾതന്നെയാണ് കവി തന്മയത്വത്തോടെ അവതരിപ്പിക്കുന്നത്.

നബി(സ്വ)യുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്‌റാഅ്, മിഅ്‌റാജിലേക്കാണ് പിന്നീട് കവി ആസ്വാദകരെ കൂട്ടിക്കൊണ്ടുപോവുന്നത്. കൂരിരുട്ടുള്ള രാത്രിയിൽ കടിഞ്ഞാണും ജീനിയും ധരിപ്പിക്കപ്പെട്ട ബുറാഖിന്മേൽ സവാരിചെയ്തുകൊണ്ട് അവിടുന്ന് ബൈത്തുൽ മുഖദ്ദസ്‌വരെ രാപ്രയാണം ചെയ്തുവെന്ന വരികൾ ‘തന്റെ അടിമയെ ഒരു രാത്രിയിൽ മസ്ജിദുൽ ഹറാമിൽനിന്ന് പരിസരം അനുഗ്രഹീതമായ മസ്ജിദുൽ അഖ്‌സയിലേക്ക് നിശായാത്ര നടത്തിച്ചവൻ എത്ര പരിശുദ്ധൻ’ എന്നു തുടങ്ങുന്ന ഇസ്‌റാഅ് സൂറത്തിലെ ഒന്നാമത്തെ സൂക്തത്തിന്റെ സാരമാണ്. തിരുനബി(സ്വ) ഓരോ ആകാശത്തെത്തുമ്പോഴും പ്രവാചകന്മാരും മലക്കുകളും അവിടുത്തെ പിന്നിൽ അണിനിരന്നതും അവരെല്ലാവരും മുത്ത്‌റസൂൽ(സ്വ)യെ ഇമാമാക്കിനിർത്തി തുടർന്നു നിസ്‌കരിച്ചതും നബിമാരെല്ലാവരും നബി(സ്വ)യുടെ മഹനീയ സ്ഥാനത്തിൽ സന്തോഷിച്ച് പുഞ്ചിരിയോടെ അനുമോദിച്ചതുമെല്ലാം കവി സ്പഷ്ടമായി പരാമർശിക്കുന്നുണ്ട്. ഒന്നാം ആകാശത്തിൽ ആദം(അ), രണ്ടിൽ ഈസ(അ), യഹ്‌യ(അ), മൂന്നിൽ യൂസുഫ്(അ), നാലിൽ ഇദ്‌രീസ്(അ), അഞ്ചിൽ ഹാറൂൻ(അ), ആറിൽ മൂസ(അ), ഏഴിൽ ഇബ്‌റാഹിം(അ) എന്നീ ക്രമത്തിലാണ് നബി(സ്വ) മറ്റു നബിമാരെ ദർശിച്ചത് (അൽബിദായതു വന്നിഹായ 3/130).

അദൃശ്യലോകത്തിലെ അത്ഭുതങ്ങളും രഹസ്യങ്ങളും അവിടുന്ന് കണ്ടതും ജീബ്‌രീൽ(അ) നോടൊപ്പം യാത്രചെയ്ത് ഒരു പ്രകാശ സാഗരത്തിനടുത്തെത്തിയപ്പോൾ ജിബ്‌രീൽ(അ) മാറിനിന്ന് നബി(സ്വ)യെ യാത്രയാക്കുകയും ചെയ്യുന്ന രംഗം അതിവൈകാരികമായാണ് കവി അവതരിപ്പിക്കുന്നത്: ‘എന്റെ സ്‌നേഹഭാജനമേ, നിങ്ങൾ എന്നെ വിട്ടേക്കുക. യാതൊന്നും ഭയപ്പെടാതെ മുന്നോട്ട് പോവുക, സർവലോക രക്ഷിതാവായ നാഥനുമായി രഹസ്യ സംഭാഷണം നടത്തി സന്തുഷ്ടനാവുക’ എന്നു പറഞ്ഞ് ജിബ്‌രീൽ(അ) റസൂൽ(സ്വ)ക്ക് വഴിമാറിക്കൊടുക്കുന്ന രംഗം അനുരാഗത്തിന്റെ ആത്മസംവേദനങ്ങൾ അതിന്റെ ഉത്തുംഗതയിലെത്തിയെന്ന് ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് ഉമർഖാളി(റ) വർണിക്കുന്നത്.

ഇസ്‌റാഅ്, മിഅ്‌റാജിന്റെ സമയത്ത് നബി(സ്വ)ക്ക് കിട്ടിയ അംഗീകാരവും ആശീർവാദവുമെല്ലാം വ്യക്തമാക്കിയ ശേഷം കവി അത്തരമൊരു നേതാവിൽ നിന്ന് തനിക്കും പലതും കിട്ടാനുണ്ടെന്ന് മനസ്സിലാക്കുകയും അതിനുള്ള ശ്രമം ആരംഭിക്കുകയുമാണ് പിന്നീട് ചെയ്യുന്നത്: ‘അത്യുദാരനായ നബിയേ, അങ്ങയുടെ അനുഗ്രഹം ആവശ്യമുള്ളവനും കൂടുതൽ ആഗ്രഹിക്കുന്നവനുമായ ഉമറിതാ അങ്ങയുടെ ഉമ്മറപ്പടിയിൽ വന്നുനിൽക്കുന്നു. ഇരുകണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നനിലയിൽ അങ്ങയുടെ വാതിൽക്കൽ നിൽക്കുന്നത് അവിടുത്തെ ഔദാര്യം പ്രതീക്ഷിച്ചതു കൊണ്ട് മാത്രമാണ്’ എന്ന വരികളിൽ നിഷ്‌കളങ്കമായ ഒരു കുഞ്ഞിന്റെ ഭാവത്തിലാണ് മഹാനവർകൾ തന്റെ പ്രതീക്ഷ തിരുനബിക്ക് മുന്നിൽ സമർപ്പിക്കുന്നത്. അനുഗ്രഹം ചോദിച്ചുവരുന്നവർക്ക് അങ്ങയെ പോലെ ഔദാര്യം നൽകുന്നവൻ മുൻകഴിഞ്ഞുപോയവരിലും ഭാവിയിൽ വരാനുള്ളവരിലുമില്ലെന്ന സാക്ഷ്യപത്രം കൂടി കവി നൽകുന്നുണ്ട്. ജീവിത കാലത്തും മണ്ണടിഞ്ഞ് പോയാലും ഇരുലോക നേതാവായ അങ്ങയോടുള്ള എന്റെ ഹൃദയത്തിന്റെ രൂഢമൂലമായ സ്‌നേഹംമൂലം എന്റെ കണ്ണുകളിൽ നിന്നും പ്രവഹിച്ച കണ്ണുനീർ വറ്റിയിട്ടില്ലെന്ന കവിയുടെ പ്രയോഗം ശ്രദ്ധേയമാണ്. പ്രണയം ഹൃദയത്തിന്റെ നിരന്തര ഭാവമാണെന്നും അതിനു കേവല ശാരീരിക ബന്ധമില്ലെന്നുമാണ് ‘ഞാൻ മണ്ണടിഞ്ഞു പോയാലും പ്രണയം തുടരുമെന്ന’ പ്രഖ്യാപനത്തിന്റെ കാമ്പ്.

സ്‌നേഹത്തിന്റെ കുളിരു കൊണ്ട് പിടക്കുന്ന ഹൃദയവുമായി, വിശ്വാസിയുടെ മാനസാന്തരങ്ങളിൽ വസന്തത്തിന്റെ ഉറവയെടുക്കുന്ന തേനരുവിയായ മദീനയിലെത്തിയതിന്റെ സന്തോഷം പങ്കുവെക്കാനാണ് ഉമർഖാളി(റ) അൽപ്പം വരികൾ മാറ്റിവച്ചത്: ‘അവിടുത്തെ പരിശുദ്ധമായ ഖബ്ർ സന്ദർശിക്കുവാനുദ്ദേശിച്ച് മദീനയിൽ വന്നപ്പോൾ ആ പരിമളം ആസ്വദിച്ച് ഞാനവിടെ കുറേനേരം നിന്നുപോയി’ എന്നു തുടങ്ങുന്നതാണ് കവിയുടെ സന്തോഷ പ്രകടനം. വിശ്വാസിയുടെ ഹൃദയതാളം മദീനയുമായി കെട്ടുപിണഞ്ഞു കിടക്കുകയാണെന്നും ഹൃദയം സ്പന്ദിക്കുന്നത് വിശുദ്ധ മദീനയിലെത്താനുള്ള അനിതര സാധാരണമായ അഭിനിവേശത്തോടെയാണെന്നും അവന്റെ മനസ്സിൽ തുളുമ്പുന്ന പ്രണയത്തിന്റെ വേലിയേറ്റത്തിൽ ആശ്വാസത്തിന്റെ കരക്കണയാൻ അവിടുത്തെ സവിധത്തിൽ എത്തുക മാത്രമേ വഴിയുള്ളൂവെന്നും ഖാളിയുടെ വരികളിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്.

മദീന സാന്ത്വനത്തിന്റെ ശാന്ത സമുദ്രമാണെന്നും ആശ്വാസത്തിന്റെ തലോടലും അനുഗ്രഹത്തിന്റെ ആലിംഗനവുമാണെന്നും വ്യക്തമാക്കുകയാണ് തുടർന്നുള്ള വരികളിൽ കവി. അണപൊട്ടിയൊഴുകുന്ന കളങ്കരഹിതമായ സ്‌നേഹധാരയിൽ മദീന കുതിർന്നുനിൽക്കുന്നതിന്റെ കാരണവും അദ്ദേഹം തുറന്നുപറയുന്നുണ്ട്.

തിരുനബി(സ്വ)യുടെ വിശിഷ്ട സ്വഭാവങ്ങൾ എണ്ണിപ്പറഞ്ഞു തുടങ്ങിയ കവി വീണ്ടും അവിടുത്തെ മഹദ്ഗുണങ്ങൾ കോറിയിടാനുള്ള ശ്രമത്തിലാണ്: ‘ഭൂതലത്തിലൂടെ സഞ്ചരിക്കുന്നവരിൽ ഉത്തമരും സൃഷ്ടികളിൽ ഉത്കൃഷ്ടരുമായ നബിയേ, സുവിശേഷം അറിയിക്കുന്നവരും ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന നബിയേ, പരിമളമുള്ള അങ്ങയുടെ ഖബർ സന്ദർശിക്കാൻ വേണ്ടി ജനങ്ങൾ അതിയായി ആഗ്രഹിക്കുന്ന നബിയേ, നിർജീവമായ കല്ലുകൾ സലാം പറയുകയും ഉടുമ്പ് അടുത്ത് വന്ന് സംസാരിക്കുകയും ചെയ്ത നബിയേ തുടങ്ങിയ അഭിസംബോധനകൊണ്ട് പ്രവാചക ഗുണങ്ങൾ വ്യക്തമാക്കിയ കവി അങ്ങ് ഞങ്ങളുടെയും സർവശക്തനായ അല്ലാഹുവിന്റെയും ഇടയിലുള്ള മധ്യവർത്തിയാണെന്നും അങ്ങ് ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടവരാണെന്നും തുറന്നുപറയുന്നുണ്ട്.

പ്രപഞ്ചനാഥൻ മറ്റു നബിമാരെയെല്ലാം പേരു വിളിച്ച് സംബോധന ചെയ്തപ്പോഴും അങ്ങയുടെ പേര് വിളിക്കാത്തത് അങ്ങയുടെ മഹത്ത്വം നിമിത്തമാണെന്ന പ്രസ്താവനയിൽ അനിർവചനീയമായ പ്രണയ തീക്ഷ്ണതയിൽ ഒരനുരാഗിയുടെ അകം പുറത്തുവരുന്ന പ്രതീതിയുണ്ട്. ‘യഹ്‌യ, വേദഗ്രന്ഥം ബലമായി സ്വീകരിക്കുക’ (19/12), ‘ആദമേ, നിങ്ങളും നിങ്ങളുടെ ഇണയും സ്വർഗത്തിൽ താമസിക്കുകയും അതിൽ നിന്ന് വേണ്ടത് ഭുജിക്കുകയും ചെയ്യുക’ (2/35), ‘മൂസാ, വലതു കയ്യിലെന്താണ്?’ (20/17), ‘ഈസാ, തീർച്ചയായും നാം നിങ്ങളെ ഏറ്റെടുക്കുകയും എന്റെയടുക്കലേക്ക് ഉയർത്തുകയും സത്യനിഷേധികളിൽ നിന്ന് നിങ്ങളെ ശുദ്ധമാക്കുകയും നിങ്ങളെ പിന്തുടർന്നവരെ ഉയിർത്തെഴുന്നേൽപ്പുനാൾ വരെയും സത്യനിഷേധികളെക്കാൾ ഉന്നതന്മാരാക്കുകയും ചെയ്യുന്നതാണ്’ (3/55), ‘നാം അവരെ വിളിച്ചു പറഞ്ഞു: ‘ഓ ഇബ്‌റാഹിം, തീർച്ചയായും നിങ്ങൾ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അപ്രകാരമാണ് നാം സദ്‌വൃത്തർക്ക് പ്രതിഫലം നൽകുന്നത്’ (37/105-105), ‘സകരിയ്യാ, തീർച്ചയായും നിങ്ങൾക്ക് നാം ഒരാൺകുട്ടിയെ പറ്റി സന്തോഷവാർത്ത അറിയിക്കുന്നു. യഹ്‌യാ എന്നാണ് കുട്ടിയുടെ പേര്’ (19/7), ‘ദാവൂദ്, നിശ്ചയം നിങ്ങളെ നാം ഭൂമിയിൽ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. ജനങ്ങൾക്കിടയിൽ ന്യായപ്രകാരം മാത്രം വിധിക്കണം. തന്നിഷ്ടത്തെ പിന്തുടരരുത്. കാരണം അത് അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് നിങ്ങളെ തെറ്റിച്ചുകളയും’ (23/26) തുടങ്ങിയ സൂക്തങ്ങളിൽ പ്രവാചകന്മാരുടെ സംജ്ഞാനാമങ്ങൾ ഉപയോഗിച്ചതും നബി(സ്വ)യുമായി സംബോധന നടത്തേണ്ട സാഹചര്യങ്ങളിൽ ‘ഓ റസൂലേ, താങ്കളുടെ രക്ഷിതാവിൽ നിന്ന് അങ്ങേക്ക് അവതരിപ്പിക്കപ്പെട്ടത് ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്തപക്ഷം നിങ്ങൾ അവന്റെ ദൗത്യം നിറവേറ്റുന്നവരായിട്ടില്ല’ (5/57), ‘നബിയേ, തീർച്ചയായും നാം സാക്ഷിയും സുവിശേഷം അറിയിക്കുന്നവരും താക്കീത് നൽകുന്നവരും അല്ലാഹുവിന്റെ കൽപ്പനപ്രകാരം അവനിലേക്ക് ക്ഷണിക്കുന്നവരും പ്രകാശം നൽകുന്ന വിളക്കുമായാണ് അങ്ങയെ അയച്ചിട്ടുള്ളത്’ (33/45-46) എന്നിങ്ങനെ ഉപനാമങ്ങൾ കൊണ്ടുമാണ് സംബോധന ചെയ്യുന്നതെന്നാണ് കവി വ്യക്തമാക്കുന്നത്.

വിവിധ മേഖലകളിൽ നബി(സ്വ)ക്ക് വൈവിധ്യങ്ങളായ സവിശേഷതകൾ ഉണ്ടെന്നു സമ്മതിച്ചതിനു ശേഷം അവിടുത്തെ ശഫാഅത്തിനുവേണ്ടി കേണപേക്ഷിക്കുകയാണ് കവി ചെയ്യുന്നത്: ‘അങ്ങയെ അന്വേഷിച്ചുവന്നവരാരും പരാജയപ്പെട്ടിട്ടില്ലെന്ന് എനിക്കറിയാ’മെന്ന് പറഞ്ഞശേഷം തനിക്കു അനുഗ്രഹം ചൊരിയാനാണ് കവി ആവശ്യപ്പെടുന്നത്. ഏതൊരു പ്രകീർത്തനവും ഹൃദയഹാരിയാകുന്നത് പ്രകീർത്തകർ പ്രമേയ നായകനോട് കാണിക്കുന്ന അതിതീക്ഷ്ണമായ വികാരങ്ങളുടെ തിരയിളക്കങ്ങൾ ശക്തമാകുമ്പോഴാണല്ലോ. ആ അർത്ഥത്തിൽ സ്വല്ലൽ ഇലാഹു തികഞ്ഞ ഒരു പ്രവാചക പ്രണയകാവ്യം തന്നെ.

എല്ലാ വരികളും ‘മ’കാരത്തിൽ യാന്ത്രികമായി അവസാനിക്കുന്നത് സ്വല്ലൽ ഇലാഹുവിന്റെ സവിശേഷത കൂടിയാണ്. മുഹമ്മദ് എന്ന തിരുനബി(സ്വ)യുടെ നാമത്തിലെ ആദ്യ അക്ഷരമായ ‘മ’കാരമായിരിക്കും ഈ അന്ത്യപ്രാസമെന്ന് മനസ്സിലാക്കാം. അറബി അക്ഷരങ്ങളുടെ സംഖ്യപ്രകാരം മീം ’40’ നെ പ്രതിനിധാനം ചെയ്യുന്നതാണ്. നുബുവ്വത്തിന്റെ പ്രായമായ 40 പക്വതയുടെ കാലം കൂടിയാണല്ലോ. തുടക്കം തന്നെ പക്വതയോടെയാണെന്ന സൂചനയും ഇതിലുണ്ടായിരിക്കാം. ചുരുക്കത്തിൽ പല വിധത്തിലുള്ള ആന്തരിക ചർച്ചകൾക്ക് സാധ്യത നൽകുന്നതു തന്നെയാണ് സ്വല്ലൽ ഇലാഹുവിലെ ‘മ’ കാരം.

You May Also Like

കുടുംബ ജീവിതം: നബിമാതൃക

നൂറ്റാണ്ടുകൾ പിന്നിട്ടു. അഭിരുചികളും ട്രെന്റുകളും കടുത്ത പകർച്ചകൾക്കു വിധേയമായി. എന്നിട്ടും തിരുനബി(സ്വ) ഭാര്യമാരും മക്കളും ഒത്തു…

● നിസാമുദ്ദീൻ അസ്ഹരി പറപ്പൂർ
Umar Qali R - Malayalam Article

ഉമർ ഖാളി(റ): അനുരാഗത്തിന്റെ ജീവവസന്തം

ചാലിയം കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹസനുത്താബിഇയുടെ പൗത്രൻ ഉമർ എന്നവരുടെ പൗത്രനാണ്…

● അഹ്മദ് മലബാരി

തിരുനബി(സ്വ)യുടെ സ്‌നേഹലോകം

കാരുണ്യത്തിന്റെ പ്രവാചകർ മുഹമ്മദ് നബി(സ്വ)യെ ലോകത്തിന് ലഭിച്ചതിലുള്ള സന്തോഷം പങ്ക് വെക്കുകയാണ് ആഗോള മുസ്‌ലിംകൾ. തിന്മകൾ…

● എസ് വൈ എസ് മീലാദ് കാമ്പയിൻ പ്രമേയം