swavarga rathi-malayalam article

എതിർ ലിംഗങ്ങൾ തമ്മിൽ ലൈംഗികാഭിമുഖ്യം സ്വാഭാവികമാണ്. പ്രകൃതിപരമായ ഒരനിവാര്യതയാണതെന്നു പറയാം. വിഹിതമായ മാർഗത്തിൽ അതു നിർവഹിക്കുന്നതാണ് സദാചാര സംസ്‌കാരം. എന്നാൽ സ്വവർഗത്തിൽ നിന്നും ലിംഗജാതിയിൽ നിന്നും ലൈംഗിക പങ്കാളിത്തം തേടുന്ന പ്രവണത പ്രകൃതി വിരുദ്ധമോ വൈകൃതമോ ആയാണ് മാനവരാശിയുടെ ഉത്ഭവം മുതലേ കരുതപ്പെടുന്നത്. പരമ്പരാഗത സമൂഹത്തിൽ മാത്രം നിലകൊണ്ട ഒരു വൈകല്യമല്ല യഥാർത്ഥത്തിൽ അത്. നാഗരിക സമൂഹത്തിലാണിതിന്റെ വ്യാപനവും വർധനവും കാണാനാവുക. സ്വവർഗ ലൈംഗികതയെ ഒരു മനോരോഗവും വൈകല്യവുമായി സമൂഹം പരിഗണിച്ചുപോന്നു. 1974-ൽ അമേരിക്കൻ സൈക്യാട്രിസ്റ്റ് അസോസിയേഷൻ രോഗങ്ങളുടെ പട്ടികയിൽ നിന്ന് സ്വവർഗ രതിയെ ഒഴിവാക്കുകയുണ്ടായി. 1992-ൽ ഐക്യരാഷ്ട്ര സഭയും ഈ വഴിയേ നീങ്ങി. 2014-ൽ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും ഇതുതന്നെ പറഞ്ഞു. ഇതിനെയെല്ലാം തുടർന്ന് സ്വഭാവിക ലൈംഗിക പ്രവർത്തനമെന്ന അവസ്ഥയിലേക്ക് സ്വവർഗരതി മാറ്റിസ്ഥാപിക്കപ്പെടുകയായിരുന്നു.

സ്ത്രീകളിലും പുരുഷന്മാരിലും ഭിന്നലിംഗക്കാരിലും ഇന്നൊരു സ്വാഭാവികതയായി ഇത് വ്യാപിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യേതര ജീവികളും ലൈംഗികത പ്രകടിപ്പിക്കുകയും ജീവസന്ധാരണം നടത്തുകയും ചെയ്യുന്നു. പ്രകൃതിപരമായ ധർമമാണവ നിർവഹിക്കുന്നത്. മനുഷ്യനിൽ ലൈംഗികത ആസ്വാദനത്തിന് കൂടിയാണ്. അതിനാൽ ആസ്വാദനവും പ്രകൃതിപരമായി നടക്കേണ്ടതുണ്ട്. തന്റെ മോഹങ്ങൾക്കും അഭിലാഷങ്ങൾക്കും അവൻ തിരഞ്ഞെടുക്കുന്നതിനെയെല്ലാം പ്രകൃതിപരമായ ആവശ്യം എന്ന മുദ്ര നൽകി ന്യായീകരിക്കാനാവില്ല. അതിനാൽ ജന്തുലോകത്ത് പൊതുവെ കാണുന്ന എതിർ ലൈംഗിക ധർമനിർവഹണവും ആസ്വാദനവും തന്നെയാണ് പ്രകൃതിപരം. മറിച്ചാവുമ്പോൾ അത് പ്രകൃതി വിരുദ്ധം തന്നെ. എതിർ ലിംഗത്തിൽ നിന്നു തന്നെ വിഹിതമായ പരിധിയിൽ നിന്നു ലൈംഗിക സുഖം ആസ്വദിക്കുന്നതിനു സാധ്യതകളുണ്ടെന്നിരിക്കെ സ്വലിംഗത്തോടുണ്ടാകുന്ന ലൈംഗികാഭിമുഖ്യം ന്യായീകരണമില്ലാത്തതാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ജീവിച്ച ഫ്രോയിഡ് എന്ന മനോരോഗ ചികിത്സകൻ മനുഷ്യനെ ലൈംഗികജീവിയായി അവതരിപ്പിക്കുകയുണ്ടായി. അവന്റെ എല്ലാ പ്രവൃത്തികളുടെയും അന്തർധാര ലൈംഗികതയാണെന്ന് അദ്ദേഹം നിഗമനം ചെയ്തു. ഉപബോധ മനസ്സിലെ ആഴമേറിയതും കരുത്തുറ്റതുമായ ഈ ശക്തിയെ തടഞ്ഞുനിറുത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. സ്വവർഗ ലൈംഗികതയെ കുറിച്ചദ്ദേഹം എഴുതിയത്, ‘അത് ദുശ്ശീലമോ രോഗമോ അല്ലെന്നും ലൈംഗികതയുടെ ഒരു രൂപാന്തരം മാത്രമാണെ’ന്നുമാണ്.

സ്വവർഗാനുരാഗവും അതിന്റെ പ്രയോഗവും പങ്കാളികളിലെ ഒന്നാം പരിഗണനയും താൽപര്യവുമനുസരിച്ച് വ്യത്യസ്ത പേരുകൾ നേടിയിട്ടുണ്ട്. ലിംഗ മാറ്റം നടത്തുകയോ നടക്കുകയോ ചെയ്തവരാണ് ട്രാൻസ് മാൻ, ട്രാൻസ് വുമൻ. ഇവരിൽ സ്വവർഗ പ്രണയവും ഉഭയ വർഗ പ്രണയവും ഉണ്ടാകാറുണ്ട്. മിശ്രലിംഗർ (ശിലേൃലെഃ) ലൈംഗിക പ്രത്യുൽപാദനാവയവങ്ങൾ പൂർണമായി പുരുഷന്റേതോ സ്ത്രീയുടേതോ അല്ലാത്തവരും രണ്ടു ലിംഗങ്ങളും ചേർന്നവരുമാണ്. അവർക്കിടയിലെ ലൈംഗിക ചായ്‌വ് (ലെഃൗമഹ ീൃശമിമേശേീി)പ്രകൃതി വിരുദ്ധ സ്വവർഗരതിയുടെ തലത്തിലെത്തിയേക്കാം. ലൈംഗിക പ്രവർത്തനങ്ങളിലെ ഈ വ്യത്യസ്ത രീതികളെല്ലാം സ്വവർഗാനുരാഗത്തിന്റെ പരിധിയിൽ വരും.

സ്വവർഗരതിക്കെതിരായ സദാചാര നിയമങ്ങൾ മുമ്പേ നിലവിലുള്ളതാണ്. സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും ശേഷികളുടെയും യോഗ്യതകളുടെയും മൂല്യമറിയാത്തവർ സുഖാസ്വാദനത്തിലധിഷ്ഠിതമായി ജീവിതം നയിക്കുന്നു. ആസ്വാദനത്തിൽ പ്രധാനമാണല്ലോ ലൈംഗികത. അതുകൊണ്ടു തന്നെ ലൈംഗിക ശേഷിയുടെ തെറ്റായ വിനിയോഗത്തിന് സാധ്യത കൂടുതലാണ്. കൃത്യമായ നിയന്ത്രണവും അച്ചടക്കവും പാലിക്കാത്തപ്പോൾ കുറ്റകരമായ ലൈംഗിക വിഷയങ്ങളിലേർപ്പെടുന്ന സ്ഥിതിയുണ്ടാവുമെന്നതിൽ കവിഞ്ഞ് ശാരീരികമോ മാനസികമോ ആയ ഒരു കാരണവും കൃത്യമായി നിർണയിക്കപ്പെട്ടിട്ടില്ല. ദുശ്ശീലവും രോഗവുമല്ല എന്ന് പറയുന്നവരെ സംബന്ധിച്ചിടത്തോളം അതൊരു പ്രചോദനം മാത്രമാണ്. ഗർഭം, പ്രസവം, സന്താന പരിപാലനം തുടങ്ങിയ ബാധ്യതകൾ ഏറ്റെടുക്കേണ്ടതില്ലാത്ത ലൈംഗികാസ്വാദനം എന്ന പ്രചോദനവും പിറകിലുണ്ടാവാം.

 

ചരിത്രം

പുരാതന കാലത്ത് ചില സമൂഹങ്ങൾ സ്വവർഗ ലൈംഗികതയിൽ ഏർപ്പെട്ടിരുന്നുവെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഗ്രീസിലും റോമിലും ഇതു സംബന്ധമായി അനുകൂല-പ്രതികൂല ചർച്ചകൾ നടന്നിട്ടുമുണ്ട്. ചരിത്രത്തിൽ അറിയപ്പെട്ട ചിലരെങ്കിലും അതിന്റെ ആളുകളുമായിരുന്നു. റോമിലെ നീറോ ചക്രവർത്തി വലിയ സഭയുടെ സാന്നിധ്യത്തിൽ ഒരു ആൺകുട്ടിയെയും മറ്റൊരു ചക്രവർത്തി ഒരു പുരുഷ കായിക താരത്തെയും വിവാഹം കഴിക്കുകയുണ്ടായി. എലിസബത്ത് അബ്ബോട്ട്, ഹിസ്റ്ററി ഓഫ് മാരേജ് എന്ന ഗ്രന്ഥത്തിൽ ഈ സംഭവം വിവരിച്ചിട്ടുണ്ട്. നീറോ ചക്രവർത്തി ആൺകുട്ടിയെ ഷണ്ഡീകരിച്ച ശേഷമാണത്രെ വേട്ടത്. റോമിൽ സമ്പന്നർക്കിടയിൽ ചുരുങ്ങിയ തോതിൽ ഇത്തരം സംഗതികൾ നടപ്പുണ്ടായിരുന്നു. തത്ത്വചിന്തകനായ സോക്രട്ടീസിന്റെ പുരുഷ ലൈംഗിക പങ്കാളിയാണ് അൽസിബിയാഡ്‌സ് എന്ന യുവാവ്. അലക്‌സാണ്ടർ ചക്രവർത്തിക്ക് ഭാര്യക്കു പുറമെ ഹഫയിസ്റ്റോൺ എന്നൊരു പുരുഷ പങ്കാളിയുണ്ടായിരുന്നു. പ്രസിദ്ധ ചിത്രകാരനായ ലിയാനോ ഡാവിഞ്ചിക്ക് നിരവധി പങ്കാളികളുണ്ടായിരുന്നു. ഇങ്ങനെ ചരിത്ര പ്രസിദ്ധരായ പലരും സ്വവർഗാനുരാഗികളായിരുന്നു.

സ്ത്രീകളുടെ സ്വവർഗരതി ലെസ്ബിയൻ എന്നാണല്ലോ അറിയപ്പെടുന്നത്. ഈ നാമകരണത്തിനൊരു കാരണമുണ്ട്. ബി.സി ആറാം നൂറ്റാണ്ടിൽ ഗ്രീസിനടുത്ത ലെസ്‌ബോസ് എന്ന ദ്വീപിൽ ജീവിച്ചിരുന്ന കവയിത്രിയായ സാഫോ സ്വവർഗ ലൈംഗികതക്കടിപ്പെട്ടവരായിരുന്നു. തന്റെ കേളിയെ പുരസ്‌കരിച്ച് ധാരാളം കവിതകൾ രചിക്കുകയുമുണ്ടായി. സ്ത്രീ സ്വവർഗരതിയുടെ ആദ്യത്തെ പ്രചാരക എന്ന നിലയിൽ തന്റെ പേരിനോട് ചേർത്ത് സാഫോയിസം എന്നും നാടിനോട് ചേർത്ത് ലെസ്ബിയനിസം എന്നും സ്ത്രീയുടെ സ്വവർഗ ലൈംഗികത വിശേഷിപ്പിക്കപ്പെട്ടുതുടങ്ങി.

 

വർത്തമാനം

ലോകത്തെ 41 നാഗരികതകളും സ്വവർഗരതിക്കെതിരായിരുന്നു. എന്നാൽ ഇപ്പോൾ ലോകത്ത് ഇന്ത്യയടക്കം 126 രാഷ്ട്രങ്ങളിൽ സ്വവർഗ ലൈംഗികത കുറ്റമല്ലാതായിരിക്കുന്നു. 72 രാജ്യങ്ങളിൽ മാത്രമാണ് ഇന്ന് സ്ത്രീകളുടെ സ്വവർഗരതി കുറ്റമായി നിലനിൽക്കുന്നത്. 171 രാഷ്ട്രങ്ങളിൽ പുരുഷ സ്വവർഗരതി അനുവദനീയമാണ്. സ്വവർഗ ലൈംഗികത തീരെ അനുവദിക്കാത്തത് 27 രാജ്യങ്ങൾ മാത്രവും.

സ്വന്തമായി പതാകയും സംഘടനകളും സഹകൂട്ടായ്മകളുമുള്ള ഒരു അന്തർദേശീയ പ്രതിഭാസമായി ഇത് മാറിയിട്ടുണ്ട്. സാൻഫ്രാൻസിസ്‌കോയിലെ ആർട്ടിസ്റ്റായിരുന്ന ഗിൽബെർട്ട് ബേക്കർ ഡിസൈൻ ചെയ്ത പതാക 1978 മുതൽ ഉപയോഗിച്ചുവരുന്നു. മനസ്സിലെ പ്രണയവർണങ്ങളുടെ പ്രതീകമെന്നോണമാണ് മഴവിൽ പതാക രൂപകൽപന ചെയ്തിരിക്കുന്നതത്രെ. 1897-ൽ തന്നെ ഇവരുടെ സംഘടനാ രൂപീകരണത്തിന് തുടക്കം കുറിക്കപ്പെട്ടു. ബർലിൻ ആസ്ഥാനമായ സയന്റിഫിക് ഹ്യൂമാനിറ്റേറിയൻ കമ്മിറ്റിയാണ് പ്രഥമ സംഘടന. തുടർന്ന് വ്യത്യസ്ത കാലങ്ങളിൽ വിവിധ നാടുകളിൽ നിരവധി പേരുകളിൽ കൂട്ടായ്മകൾ പിറന്നു. 1970-ൽ ന്യൂയോർക്ക് സിറ്റിയിൽ ഇവരുടെ ആദ്യ പ്രൈഡ് പരേഡും നടക്കുകയുണ്ടായി.

ഇന്ത്യക്ക് ലോക തലത്തിലുള്ള സ്വവർഗാനുരാഗി റാങ്ക് എൺപത്തിരണ്ടാണ്. പത്രപ്രവർത്തകനായ അശോക് റോ, സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിക്രം സേത്ത് തുടങ്ങിയവർ തങ്ങൾ സ്വവർഗ പ്രണയികളാണെന്നു തുറന്നു പറഞ്ഞവരാണ്. സൈം സെക്‌സ് ലൗ ഇൻ ഇന്ത്യ എന്ന പേരിൽ ഒരു പുസ്തകവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ രാജ കുടുംബത്തിൽ പെട്ട മാനവേന്ദ്ര ഗോഹിൽ സ്വവർഗാനുരാഗം പരസ്യപ്പെടുത്തുകയും തന്റെ വീട് അത്തരക്കാർക്കായി തുറന്ന് കൊടുക്കുകയും ലക്ഷ്യ ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്യുകയുണ്ടായി.

1993-ൽ കൽക്കത്തയിൽ കെൺസൽ ക്ലബ് എന്ന പേരിൽ സ്വവർഗാനുരാഗികൾക്കായുള്ള സംഘടന പ്രവർത്തനമാരംഭിക്കുകയും 99-ൽ 14 സ്വവർഗാനുരാഗികളെ പങ്കെടുപ്പിച്ച് ഒരു പ്രകടനം നടത്തുകയുമുണ്ടായി. രാജ്യത്ത് ഇപ്പോൾ ധാരാളം സംഘടനകൾ ഇവർക്കായി പ്രവർത്തിക്കുന്നു. സഹയാത്രിക, സംഗമ, നാസ് ഫൗണ്ടേഷൻ, തോഴൻ, സോഫോ, ഹംസഫർ ട്രസ്റ്റ് തുടങ്ങിയവ ചിലതാണ്.

 

മതങ്ങൾ പറയുന്നത്

ജൂത-ക്രൈസ്തവ-ഇസ്‌ലാം മതങ്ങൾ അടിസ്ഥാനപരമായി സ്വവർഗലൈംഗികതയെ അംഗീകരിക്കുന്നില്ല. നിയമവിധേയമായ വിശുദ്ധ ദാമ്പത്യത്തിൽ നടക്കുന്ന ലൈംഗിക പ്രവർത്തനത്തിന് മാത്രമാണ് മതപരമായ സാധുതയുള്ളത്. സദാചാര നിബദ്ധമായ ഒരു സമൂഹത്തെ പരിപാലിച്ചെടുക്കുന്നതിനുള്ള കൃത്യമായ നിയമ നിർദേശങ്ങൾ ഇസ്‌ലാം സമർപ്പിച്ചിട്ടുണ്ട്. ഇണകളാവുന്നതിനാണ് പരസ്പരാകർഷണമുള്ള ലൈംഗിക വ്യത്യാസവും ലൈംഗിക ബോധവും മനുഷ്യന് നൽകപ്പെട്ടത്. സന്തുഷ്ടമായ ജീവിതവും സന്താന സൗഭാഗ്യവും സമൂഹ നിർമിതിയിലെ പങ്കാളിത്തവും ആത്മീയമായ സുരക്ഷയും സാധ്യമാകും വിധത്തിൽ ദാമ്പത്യവും അതിലെ ലൈംഗിക കാര്യങ്ങളും ഇസ്‌ലാം നിശ്ചയിച്ചു.

‘ഫാഹിശത്ത്’ എന്നാണ് സ്വവർഗരതിയെ കുറിച്ച് ഖുർആൻ പ്രയോഗിച്ചത്. നീചകൃത്യം എന്നർത്ഥം. പുരുഷ സ്വവർഗരതിയെ ‘ലിവാത്വ്’ എന്നു പ്രമാണങ്ങൾ പരിചയപ്പെടുത്തി. മറ്റൊരു പുരുഷൻ മാധ്യമമായി നടക്കുന്നതിനെയെല്ലാം വിശാലാർത്ഥത്തിൽ ലിവാത്വ് എന്നു പറയാം.

 

ഭൗതിക ശിക്ഷ

സ്വവർഗരതിയാചാരകർക്ക് നൽകപ്പെട്ട ശിക്ഷയുടെ ചരിത്രം ഖുർആനിൽ വിവരിക്കുന്നതു കാണാം. ലൂത്വ്(അ)ന്റെ നിയോഗ കാലത്തെ ജനത ഈ വൈകൃതമുള്ളവരായിരുന്നു. അവരിലെ പുരുഷൻമാരുടെ സ്വഭാവം ഖുർആൻ വിവരിക്കുന്നതിങ്ങനെ: ‘നിങ്ങൾ നീച കൃത്യം ചെയ്തുകൊണ്ടിരിക്കുകയാണോ. ലോകരിൽ ഒരാളും നിങ്ങൾക്ക് മുമ്പ് അത് ചെയ്തുപോയിട്ടില്ല’ (അൽഅഅ്‌റാഫ്: 80). ‘നിങ്ങൾ സ്ത്രീകളെ ഒഴിവാക്കി വികാരത്തോടെ പുരുഷൻമാരെ സമീപിക്കുന്നു. നിങ്ങൾ പരിധിവിട്ട് പ്രവർത്തിക്കുന്നവർ തന്നെയാണ്’ (അൽഅഅ്‌റാഫ്: 81).

അവരിലെ സ്ത്രീകൾ നടത്തിയ ലൈംഗിക വൈകൃതത്തെ കുറിച്ച് ഹദീസിൽ വന്നിട്ടുണ്ട്. ലൂത്വ് നബി(അ)ന്റെ ജനതയിൽ ശിക്ഷാ പ്രഖ്യാപനം നടപ്പാക്കിയത്, സ്ത്രീകൾ സ്ത്രീകളെ കൊണ്ടും പുരുഷൻമാർ പുരുഷന്മാരെ കൊണ്ടും ലൈംഗിക സംതൃപ്തി നേടിയപ്പോഴായിരുന്നു (ഇബ്‌നു അസാക്കിർ). അബൂഹംസ(റ) പറയുന്നു: ഞാൻ മുഹമ്മദ്ബ്‌നു അലി എന്നവരോട് ചോദിച്ചു: ലൂത്വ്(അ)ന്റെ കാലത്തെ ജനതയിലെ സ്ത്രീകളെ അവരിലെ പുരുഷൻമാർ ചെയ്ത പ്രവർത്തനം കാരണത്താലാണോ അല്ലാഹു ശിക്ഷിച്ചത്? അദ്ദേഹം മറുപടി നൽകി: അല്ലാഹു നീതി പ്രവർത്തിക്കുന്നവനാണ്. അവരിലെ പുരുഷന്മാർ പുരുഷന്മാരെയും സ്ത്രീകൾ സ്ത്രീകളെയും പ്രാപിച്ചപ്പോഴാണ് ശിക്ഷ നടപ്പാക്കിയത് (തഫ്‌സീറു ദുർറുൽ മൻസൂർ).

ലൂത്വ് നബി(അ)ന്റെ കാലത്തെ ജനതയുടെ പ്രവർത്തനം എന്ന നിലയിൽ ‘ലിവാത്വ്’ എന്നും അത് പ്രവർത്തിച്ചവരെ ‘ലൂത്വിയ്യ്’ എന്നും വിശേഷിപ്പിക്കപ്പെട്ടു. ലിംഗ പ്രവേശനമുണ്ടാവുമ്പോൾ മാത്രമല്ല, അത്തരം മാർഗങ്ങളിലൂടെ ലൈംഗിക സംതൃപ്തി തേടുന്നതെല്ലാം ലിവാത്വിൽ പെടുമെന്നാണ് മഹദ്വചനങ്ങൾ പഠിപ്പിക്കുന്നത്. അബൂസഈദിനിസ്സ്വഅ്‌ലൂകി(റ) പറയുന്നു: ഈ സമുദായത്തിൽ ശേഷ കാലത്ത് ‘ലൂത്വിയ്യൂൻ’ എന്ന് പറയപ്പെടുന്ന വിഭാഗമുണ്ടായിത്തീരും. അവർ മൂന്ന് തരക്കാരായിരിക്കും. നോക്കി ആസ്വദിക്കുന്നവർ, ഹസ്ത ദാനം ചെയ്യുന്നവർ, നീച വൃത്തിയിലേർപ്പെടുന്നവർ (അൽകബാഇർ).

ലൂത്വ്(അ) ഇതവസാനിപ്പിക്കാൻ ഉദ്‌ബോധിപ്പിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല. ലൂത്വ് നബിയോടും വിശ്വാസികളോടും നാടുവിടാനും തങ്ങൾക്ക് ശിക്ഷ വരട്ടെയെന്നു വെല്ലുവിളിച്ചും ധിക്കാരം കഠിനമാക്കുകയാണവർ ചെയ്തത്. ധിക്കാരം മൂത്തപ്പോൾ ശിക്ഷ നടപ്പാകുമെന്നായി. അതിനായി മലക്കുകൾ വന്നത് സുന്ദരന്മാരായ ചെറുപ്പക്കാരുടെ രൂപത്തിലായിരുന്നു. അവരെ കണ്ടപ്പോൾ നാട്ടുകാർ കാമാന്ധരായി ഓടിക്കൂടി. ലൂത്വ് നബി(അ)നെ സമാധാനിപ്പിച്ചു മലക്കുകൾ പറഞ്ഞു: ഓ ലൂത്വ്, ഞങ്ങൾ അല്ലാഹുവിൽ നിന്നുള്ള ദൂതന്മാരാണ്. അവർക്ക് താങ്കളുടെ അടുത്തേക്ക് എത്താൻ കഴിയില്ല (ഹൂദ്: 81). ഞങ്ങളെ പ്രാപിക്കാനോ അങ്ങയെ വഷളാക്കാനോ അവർക്ക് കഴിയില്ല. ഞങ്ങൾ അല്ലാഹുവിന്റെ ദൂതന്മാരായതിനാൽ ആവശ്യമായ സുരക്ഷ ഞങ്ങൾക്കുണ്ട്. അതോടൊപ്പം അവർക്കർഹതപ്പെട്ടത് നൽകാൻ ഞങ്ങൾക്കനുമതിയുമുണ്ട്. അപ്പോഴും അവർ വീട്ടിലേക്ക് ഇരച്ചു കയറാനുള്ള ശ്രമത്തിലായിരുന്നു. അതു മൂലം അപ്പോൾതന്നെ അവരുടെ കണ്ണുകൾ മായ്ക്കപ്പെട്ടു (അൽഖമർ: 37). ശിക്ഷയുടെ തുടക്കമായിരുന്നു ഇത്.

അടുത്ത പ്രഭാതത്തിൽ ചരൽ കല്ലുകൾ കൊണ്ടുള്ള മഴ വർഷിപ്പിച്ചു. പിന്നെ ഘോര ശബ്ദം അവരെ പിടികൂടി. ശേഷം ആ രാജ്യത്തെ തന്നെ കീഴ്‌മേൽ മറിച്ചിടുകയും ചെയ്തു. അവരെല്ലാവരും നശിപ്പിക്കപ്പെട്ടു. കീഴ്‌മേൽ മറിഞ്ഞ പ്രദേശത്ത് ഒരു തടാകം രൂപപ്പെടുകയുണ്ടായി. ചാവു കടൽ എന്നറിയപ്പെടുന്ന ഈ തടാകം അതിന്റെ രാസഘടനയിലും വിതാനത്തിലും ചില പ്രത്യേകതകളുള്ളതാണ്. ശാസ്ത്രീയമായ കാരണങ്ങളും ന്യായങ്ങളും ഉള്ളതോടൊപ്പം ഒരു ദുരന്ത ഭൂമിയായി ആ പ്രദേശം വിലയിരുത്തപ്പെടുന്നു.

സ്വവർഗരതി മാത്രമല്ല ഇസ്‌ലാമിക ദൃഷ്ട്യാ അവിശുദ്ധം. രതി സുഖത്തിനു വേണ്ടി ഭാര്യയെയോ ഭർത്താവിനെയോ അല്ലാതെയും വിഹിതമാർഗേണയല്ലാതെയും ഉപയോഗപ്പെടുത്തുന്ന രീതികളെല്ലാം ഇസ്‌ലാം വിലക്കിയിട്ടുണ്ട്. സാമൂഹികവും സദാചാരപരവും ആത്മീയവുമായ അപായ സാധ്യതകളുടെ മുഴുവൻ പഴുതുകളും അടക്കുകയാണ് ഇസ്‌ലാം. ഐഹികവും പാരത്രികവുമായ ശിക്ഷാ വ്യവസ്ഥകളും ഇസ്‌ലാം മുന്നോട്ടു വെക്കുന്നുണ്ട്. കുറെ ആളുകൾ ചെയ്യുന്നുവെന്നതോ ഭൗതിക നിയമ വ്യവസ്ഥയിൽ അംഗീകാരമുള്ളതാണെന്നതോ വിശ്വാസിയെ സംബന്ധിച്ചിടത്തോളം തിന്മയുടെ ഗൗരവം കുറക്കുന്നില്ല. അനുവദനീയമാകുമെന്ന വിചാരം തന്നെ വിശ്വാസത്തെ തകർത്തുകളയും. അതിനാൽ നന്മ-തിന്മകളോടുള്ള സമീപനത്തിൽ അടിസ്ഥാനപരമായ വ്യതിയാനവും ഉദാര സമീപനവും ഉണ്ടാകാതിരിക്കാൻ വിശ്വാസി ശ്രദ്ധിക്കേണ്ടതാണ്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ