സ്വവർഗരതി ധാർമികമായ ക്രമഭംഗമാണ്. മഹാപാപവും പ്രകൃതി വിരുദ്ധവുമായ നീച വൃത്തി. മനുഷ്യസ്വഭാവത്തെ ദുഷിപ്പിക്കുകയും മനസ്സു മലിനമാക്കുകയും ചെയ്യുന്ന കുറ്റകൃത്യം. കുടുംബ ബന്ധങ്ങൾക്കും സനാതന മൂല്യങ്ങൾക്കും പ്രാധാന്യം നൽകിവരുന്ന ഒരാൾക്കും അംഗീകരിക്കാൻ കഴിയാത്ത പാപം തന്നെയാണത്. സദാചാര ബോധമുള്ളവർക്കും മനുഷ്യരാശിയെക്കുറിച്ച് ഉത്കണ്ഠയുള്ളവർക്കും വലിയൊരു വെല്ലുവിളി കൂടിയാണ് സ്വവർഗരതി.
സ്ത്രീപുരുഷ വിവാഹത്തിലൂടെയാണ് ഇസ്‌ലാമിൽ ലൈംഗികബന്ധം അനുവദനീയമാകുന്നത്. സാമൂഹിക സ്ഥാപനമായ കുടുംബത്തിന്റെ വ്യവസ്ഥാപിതമായ നിലനിൽപാണ് അതുമൂലം ഇസ്‌ലാം ലക്ഷ്യമിടുന്നത്. മനുഷ്യ ലൈംഗികതയുടെ സ്വാഭാവികമായ പ്രക്രിയയിലാണ് സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ സൗന്ദര്യ സങ്കൽപങ്ങൾ അന്തർലീനമായിരിക്കുന്നത്. സ്വവർഗരതി കുടുംബമെന്ന പവിത്രമായ വ്യവസ്ഥിതിയുടെ വിനാശത്തിന് കാരണമാകുമെന്നതാണ് അതിൽ ഏറ്റവും പ്രധാനം. സ്ത്രീപുരുഷ ബന്ധത്തിന്റെ പാരസ്പര്യങ്ങളിലും സ്‌നേഹസമ്പന്നതയുടെ ഊഷ്മളതയിലുമുണ്ടാകുന്ന മനോഹരമായ കൂടിച്ചേരലിനെ രണ്ടു ശരീരങ്ങൾ തമ്മിലുള്ള കേവലാകർഷണമാക്കുകയാണ് സ്വവർഗരതി വാദികൾ ചെയ്യുന്നത്. അതുവഴി, തലമുറകളിലേക്ക് ഒഴുകിയെത്തേണ്ട സ്‌നേഹസാഹോദര്യം നഷ്ടപ്പെടുകയും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന കണ്ണി മുറിയുകയും ചെയ്യുന്നു. സ്വവർഗരതിയെ അംഗീകരിക്കുന്നത് പ്രകൃതി നിയമത്തിനും സാന്മാർഗിക നിയമത്തിനുമെതിരാണെന്നു സാരം. കൂട്ടുകുടുംബങ്ങളെ പോലും ലൈംഗിക ചൂഷണത്തിനുള്ള ശരീരങ്ങളായി മനസ്സിലാക്കുന്ന കാലത്ത് വിശേഷിച്ചും.
ലൈംഗിക വിശുദ്ധി വിജയിച്ച വിശ്വാസിയുടെ അടയാളമാണെന്നാണ് ഖുർആൻ പറയുന്നത്. ‘നിസ്‌കാരത്തിൽ ഭക്തിയുള്ളവരും അനാവശ്യ കാര്യത്തിൽ നിന്നു തിരിഞ്ഞ് കളയുന്നവരും സകാത്ത് നിർവഹിക്കുന്നവരും ഗുഹ്യവയവങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വിശ്വാസികൾ വിജയം പ്രാപിച്ചിരിക്കുന്നു (അൽമുഅ്മിനൂൻ: 1-5).
ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള ലൈംഗികത പുണ്യമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഒരിക്കൽ തിരുനബി(സ്വ) സ്വഹാബികളോട് പറയുകയുണ്ടായി: ഇണയുമായി നിങ്ങൾ നടത്തുന്ന ലൈംഗികവൃത്തി സ്വദഖയാണ്. അവർ ചോദിച്ചു: അതെങ്ങനെയാണ് സ്വദഖയാവുക? അവിടുന്ന് പ്രതികരിച്ചു: നിങ്ങൾ അതു ചെയ്യുന്നത് നിഷിദ്ധമായ രീതിയിലാണെങ്കിൽ ശിക്ഷയുണ്ടാകില്ലേ? അവർ: അതേ! അപ്പോൾ അവിടുന്ന് അരുളി: എങ്കിൽ അനുവദനീയമായ രീതിയിൽ അതു ചെയ്യുന്നവനും പ്രതിഫലമുണ്ട് (മുസ്‌ലിം).
വൈകാരിക ജീവിയായ മനുഷ്യനെ സംബന്ധിച്ചിടത്തോളം ദാമ്പത്യ ജീവിതം അത്യന്താപേക്ഷിതം തന്നെയാണ്. അതു ശാരീരികമായ സൗഖ്യം നൽകുന്നതോടൊപ്പം ആരാധനാ കാര്യങ്ങളിലും ജീവിതത്തിൽ മുഴുവനും ഉന്മേഷമുണ്ടാക്കുകയും ചെയ്യുന്നു. ഇമാം മുഹമ്മദ് സമർഖന്ദി(റ) പറഞ്ഞു: ലൈംഗിക വികാരമല്ലാത്ത എല്ലാം മനുഷ്യനെ പരുഷനാക്കും. അതേസമയം കാമവികാരത്തിന്റെ പൂർത്തീകരണം അവന്റെ മനസ്സിനെ നിർമലമാക്കും. അതുകൊണ്ടാണ് പ്രവാചകർ വരെ ഇതു ജീവിതചര്യയാക്കിയത് (ബുസ്താനുൽ ആരിഫീൻ). ഇമാം റാസി(റ) എഴുതി: മനുഷ്യ മനസ്സ് കാമവും രതിയുമാലോചിച്ചു കഴിഞ്ഞുകൂടുമ്പോൾ ആരാധനക്കു വേണ്ടത്ര സന്നദ്ധതയുണ്ടായിക്കൊള്ളണമെന്നില്ല. ലൈംഗിക പൂർത്തീകരണം ഉറപ്പുവരുത്തുമ്പോൾ ആ അവസ്ഥ മാറുകയും ആരാധനക്കു പറ്റിയ മനസ്സു കിട്ടാൻ കാരണമാവുകയും ചെയ്യും (തഫ്‌സീർ റാസി).
ഭാര്യഭർത്താക്കൾക്ക് ആരോഗ്യകരവും സുഖപ്രദവുമായ ഏതു രീതിയിലുള്ള രതിയിലുമേർപ്പെടാനുള്ള സ്വാതന്ത്ര്യം മതത്തിലുണ്ട്. ഇമാം ഇബ്‌നുഹജർ(റ) കുറിച്ചു: സംഭോഗത്തിന് ഏതു വഴിയും സ്വീകരിക്കുന്നതനുവദനീയമാണ്. കറാഹത്തില്ല. പിൻദ്വാര ഭോഗമൊഴികെ (തുഹ്ഫ 7/217). സ്ത്രീപുരുഷ ഭേദമന്യേ ഗുദഭോഗം ഹറാമാണ്. ഭാര്യയെ ആണെങ്കിലും ഇത് ഹറാം തന്നെ (തുഹ്ഫ 9/103).
അവിഹിത ബന്ധം ഒരുനിലക്കും അനുവദിക്കാത്ത മതമാണ് ഇസ്‌ലാം. അതിനു നിമിത്തമാകുന്ന കാര്യങ്ങൾ മുഴുവൻ ഉപേക്ഷിക്കണമെന്നാണ് പ്രവാചകാധ്യാപനം. നബി(സ്വ) പറയുന്നു: ഭർത്താവ് സ്ഥലത്തില്ലാത്ത സ്ത്രീകളുടെയടുത്തേക്ക് നിങ്ങൾ ചെല്ലരുത്. കാരണം നിങ്ങളിൽ രക്ത ചംക്രമണം ചെയ്യുന്നിടത്തെല്ലാം പിശാചിന്റെ സഞ്ചാരമുണ്ട് (തിർമുദി). ഒരു പുരുഷനും സ്ത്രീയും ഒറ്റക്കായാൽ അവർക്കിടയിൽ തീർച്ചയായും പിശാച് വന്നുചേരുന്നതാണ് (തുർമുദി).
ലൈംഗിക സുരക്ഷക്കുവേണ്ട സർവ നിയമങ്ങളും പ്രഖ്യാപിച്ച വിശുദ്ധ മതം നിഷിദ്ധ കാര്യങ്ങൾക്കു നിദാനമാകുന്ന വിഷയങ്ങൾ കർക്കശമായി നിരോധിച്ചത് ശ്രദ്ധേയമാണ്. പുരുഷൻ കണ്ടാൽ ആശിക്കപ്പെടുന്ന പ്രായമെത്തിയ സ്ത്രീയുടെ ശരീരത്തിൽ നിന്ന് ഏതെങ്കിലുമൊരു ഭാഗം ബോധപൂർവം നോക്കുന്നത് നിഷിദ്ധമാണ്. പുരുഷൻ പടുവൃദ്ധനാണെങ്കിലും സ്ത്രീ പടുവൃദ്ധയോ വിരൂപിയോ ആണെങ്കിലും വിധി ഇതുതന്നെ. കുഴപ്പത്തെ കുറിച്ച ആശങ്കയില്ലാതെയോ വികാരലേശമന്യെയോ ആണെങ്കിലും നോട്ടം ഹറാമാകുന്നു. സ്ത്രീകൾ പുരുഷനെ നോക്കലും ഇപ്രകാരം ഹറാമാണ് (ഫത്ഹുൽ മുഈൻ: 341).
ലൈംഗിക വിശുദ്ധിക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നതു കൊണ്ടുതന്നെ അവിശുദ്ധിക്ക് സാധ്യതയുള്ള സർവ കവാടങ്ങളും ഇസ്‌ലാം കൊട്ടിയടക്കുന്നത് കാണാം. ചെറിയ കുഞ്ഞുങ്ങളുടെ ലൈംഗികാവയവങ്ങളുടെ ദർശനത്തിനു പോലും മതത്തിൽ വിലക്കുണ്ട്. ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) പറയുന്നു: ആശിക്കപ്പെടാൻ പ്രായമാകാത്ത ചെറിയ പെൺകുട്ടിയുടെ ലൈംഗികാവയവങ്ങൾ കാണലും അനുവദനീയമല്ല. ഇമാം റാഫിഈ(റ), ഇമാം നവവി(റ) എന്നിവർ പ്രബലമാക്കിയ അഭിപ്രായമാണിത്. കറാഹത്താണെന്ന അഭിപ്രായവും ഈ വിഷയത്തിലുണ്ട് (ഫത്ഹുൽ മുഈൻ 341).
ആരോഗ്യകരമായ ലൈംഗിക വേഴ്ചയെ പ്രോത്സാഹിപ്പിച്ച ഇസ്‌ലാം അനാരോഗ്യകരവും അപകടകരവുമായ ലൈംഗിക ബന്ധങ്ങളെ പൂർണമായും നിരോധിച്ചു. സ്വവർഗരതിയെ കർക്കശമായി വിലക്കുകയും അത്തരക്കാർക്ക് ശക്തമായ താക്കീത് നൽകുകയും ചെയ്യുന്ന നിലപാടാണ് ഖുർആനും സുന്നത്തും സ്വീകരിച്ചിട്ടുള്ളത്. ഖുർആൻ പറഞ്ഞു: നിങ്ങൾ ജനങ്ങളിൽ നിന്ന് പുരുഷന്മാരെ സമീപിക്കുകയും നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്കുവേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയും ചെയ്യുകയാണോ (26/165,166). നിങ്ങൾ കാമവൃത്തിക്കായി സ്ത്രീകളെ ഒഴിവാക്കി പുരുഷന്മാരെ പ്രാപിക്കുകയാണോ? നിങ്ങൾ അവിവേകം കാണിക്കുന്ന ജനത തന്നെ (27/55). ജാബിർ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ നബി(സ്വ) പറയുന്നു: എനിക്കു ശേഷം എന്റെ സമുദായത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഭയക്കുന്നത് ലൂത്വ് നബി(അ)യുടെ പ്രബോധിത സമുദായത്തിന്റെ പ്രവർത്തന(സ്വവർഗ ഭോഗം)മാണ് (ഇബ്‌നുമാജ: 2563).
ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ നബി(സ്വ) സ്വവർഗരതിക്കാർക്കു ശാപമുണ്ടെന്നു പറയുന്നത് കാണാം: മൃഗത്തെ വേഴ്ച നടത്തുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു. ലൂത്വ് നബിയുടെ സമൂഹത്തിന്റെ കർമം ചെയ്യുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു (ഇബ്‌നു ഹിബ്ബാൻ: 6/298). ഇബ്‌നു അബ്ബാസ്(റ) തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ നബി(സ്വ) ഇക്കാര്യം ആവർത്തിച്ചു പറയുന്നു: ലൂത്വ് നബിയുടെ സമുദായത്തിന്റെ പ്രവർത്തനത്തിലേർപ്പെടുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു. ലൂത്വ് നബിയുടെ സമുദായത്തിന്റെ പ്രവർത്തനം നടത്തുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു. ലൂത്വ് നബിയുടെ സമുദായത്തിന്റെ പ്രവർത്തനത്തിലേർപ്പെടുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു (ത്വബ്‌റാനി, അൽകബീർ: 11546, ബൈഹഖി 8/231). മനുഷ്യനെ അധമ വികാരത്തിലേക്ക് വഴിതിരിച്ചു വിടുന്ന ദുരന്തമായതു കൊണ്ടുതന്നെ സ്വവർഗരതിയെ കുറിച്ച് കർമശാസ്ത്ര പണ്ഡിതരും സഗൗരവം സംസാരിച്ചിട്ടുണ്ട്. സ്വവർഗരതിക്കു പ്രേരകമാകുന്ന സാഹചര്യങ്ങൾ പോലും ഒഴിവാക്കണമെന്നാണ് പണ്ഡിതന്മാർ രേഖപ്പെടുത്തിയത്. നഗ്നരായ നിലയിൽ രണ്ടു പുരുഷന്മാർ ഒരേ വിരിപ്പിൽ കിടക്കുന്നതും രണ്ടു സ്ത്രീകൾ ഇവ്വിധം ഒരേ വിരിപ്പിൽ ശയിക്കുന്നതും ഹറാമാണ്. അവർ പരസ്പരം സ്പർശിക്കാത്ത വിധത്തിൽ അകന്നു കിടന്നാൽ പോലും നിയമം ഇതുതന്നെ (ഫത്ഹുൽ മുഈൻ: 456). റസൂൽ (സ്വ) അരുളി: ഒരു പുരുഷനും മറ്റൊരു പുരുഷന്റെ നഗ്നതയിലേക്കു നോക്കരുത്. ഒരു സ്ത്രീയും മറ്റൊരുത്തിയുടെ നഗ്നതയിലേക്കു നോക്കരുത്. ഒരേ വസ്ത്രത്തിൽ (നഗ്നരായി) രണ്ട് പുരുഷന്മാരോ രണ്ടു സ്ത്രീകളോ കിടക്കുകയുമരുത് (സ്വഹീഹു മുസ്‌ലിം). സമുറത് ബ്‌നു ജുൻദുബ്(റ) പറയുകയുണ്ടായി: വസ്ത്രം ധരിക്കാതെ രണ്ടു പുരുഷന്മാർ ഒപ്പം കിടക്കുന്നത് നബി തങ്ങൾ നിരോധിച്ചിരിക്കുന്നു (ത്വബ്‌റാനി, അൽകബീർ: 7041). ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: പ്രവാചകർ(സ്വ) പുരുഷൻ പുരുഷനോട് (ലൈംഗിക) ബന്ധം പുലർത്തുന്നതും സ്ത്രീ സ്ത്രീയോടു ബന്ധം പുലർത്തുന്നതും നിരോധിച്ചിട്ടുണ്ട് (അഹ്മദ്: 1/304).
അലി ശിബ്‌റാമുല്ലസി(റ) എഴുതുന്നു: ഒപ്പം കിടക്കുന്നതു നിഷിദ്ധമായതു പോലെ തന്നെയാണ് രണ്ടോ അതിലധികമോ ആളുകൾ ഒരുമിച്ച് ഒറ്റ കുളിമുറിയിൽ വച്ച് കുളിക്കുന്നതും. പരസ്പരം നഗ്നത കാണുമെന്നു ഭയമുണ്ടെങ്കിൽ അതും ഹറാം തന്നെയാകുന്നു (ഇആനതുത്വാലിബീൻ: 3/416). ഒരിക്കൽ സുഫ്‌യാനുസ്സൗരി(റ)വിനോടൊപ്പം സുന്ദരനായൊരു ആൺകുട്ടിയും കുളിക്കാൻ കയറി. ഉടൻ മഹാൻ പറഞ്ഞു: നീ പുറത്തു പോവണം. കാരണം ഓരോ സ്ത്രീക്കുമൊപ്പം ഒരു പിശാചിനെയാണ് ഞാൻ കാണുന്നത്. എന്നാൽ ഓരോ സുന്ദരനായ ആൺകുട്ടിയൊടൊപ്പവും എഴുപത് പിശാചുക്കളെ ഞാൻ കാണുന്നു (ഇആനത്: 3/418). രണ്ട് പുരുഷന്മാർ തമ്മിൽ കണ്ടുമുട്ടിയാൽ സലാം പറയലും ഹസ്തദാനം നടത്തലും സുന്നത്താണ്. നബി(സ്വ) അരുളി: രണ്ടു വിശ്വാസികൾ പരസ്പരം കണ്ടുമുട്ടുകയും ഹസ്തദാനം നടത്തുകയും ചെയ്താൽ അവർ പിരിയുന്നതിന് മുമ്പു തന്നെ അവർക്ക് അല്ലാഹു പൊറുത്ത് കൊടുക്കുന്നതാണ് (അബൂദാവൂദ്). പുരുഷന്മാർ തമ്മിലുള്ള ഹസ്തദാനം സുന്നത്താണെങ്കിലും അംറദിന് (താടിയും മീശയും മുളക്കാത്ത കോമള ബാലൻ) ഇതു ബാധകമല്ല. സുന്നത്തില്ല എന്നു മാത്രമല്ല, അത് ഹറാമുമാണ്. വൈകാരിക താൽപര്യത്തോടെ അംറദിനെ നോക്കുന്നതും ഹറാം തന്നെ (ഫത്ഹുൽ മുഈൻ: 456).
പുരുഷ സ്വവർഗ സംഭോഗം നിഷിദ്ധമായതു പോലെതന്നെ സ്ത്രീകളുടെ സ്വവർഗരതിയും ഹറാമാണ്. വാസിലതുബ്‌നു അസ്ഖഅ്(റ)വിൽ നിന്ന് നിവേദനമുള്ള ഹദീസിൽ നബി(സ്വ) പറയുന്നു: സ്ത്രീ സ്വവർഗ സംസർഗം അവർക്കിടയിലെ വ്യഭിചാരമാണ് (ത്വബ്‌റാനി). സ്ത്രീപുരുഷ സ്വവർഗരതിയെ കുറിച്ച് റസൂൽ(സ്വ) ദീർഘ വീക്ഷണത്തോടെ സംസാരിച്ചതും കാണാം: പുരുഷന്മാർ പുരുഷന്മാരെ കൊണ്ടും സ്ത്രീകൾ സ്ത്രീകളെ കൊണ്ടും സംതൃപ്തരാവുന്നതു വരെ ലോകം അവസാനിക്കില്ല (ഖത്വീബ്/താരീഖ്: 9/30). പതിവ്രതകളായ സ്ത്രീകൾ സ്വവർഗരതി, കൂട്ടിക്കൊടുപ്പ്, വ്യഭിചാരം തുടങ്ങിയവയിലേർപ്പെടുന്ന ദുരാചാരികളിൽ നിന്നു മറഞ്ഞിരിക്കൽ നിർബന്ധമാണെന്ന് കർമശാസ്ത്ര പണ്ഡിതർ രേഖപ്പെടുത്തുന്നു (ഫത്ഹുൽ മുഈൻ: 456). ദുരാചാരികൾ സത്യവിശ്വാസികളെയും സ്വവർഗരതി പോലുള്ള തിന്മകൾക്കു പ്രേരിപ്പിക്കുന്നതു കൊണ്ടാണിത് (ഇആനത്: 3/416).
ലൈംഗിക അവിശുദ്ധിയുടെ സർവ സാധ്യതകളും തടയണമെന്നു നിർബന്ധമുള്ളതു കൊണ്ടാണ് പത്തു വയസ്സായ കുട്ടികളെ കിടപ്പറയിൽ മാതാപിതാക്കളിൽ നിന്നും മറ്റു സഹോദരങ്ങളിൽ നിന്നും മാറ്റിക്കിടത്തണമെന്ന് മതം പറഞ്ഞത്. മാതാപിതാക്കളുടെ കാര്യത്തിൽ ചില പണ്ഡിതർ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നിയമം അങ്ങനെ തന്നെയാണ് (ഫത്ഹുൽ മുഈൻ: 456). കുട്ടിയുടെ പക്വതക്കുറവും സ്ഖലന സാധ്യതയും കണക്കിലെടുക്കുമ്പോൾ അപകടത്തിലേക്ക് നയിക്കാൻ കാരണമുള്ളതുകൊണ്ടാണ് ഇങ്ങനെ നിയമമുണ്ടായതെന്ന് ഇമാം ഇബ്‌നു ഹജർ(റ) എഴുതിയിട്ടുണ്ട് (ഇആനത്: 3/416).
കർമശാസ്ത്ര നിയമ പ്രകാരം സ്വവർഗരതിക്ക് വ്യഭിചാരത്തിന്റെ ശിക്ഷതന്നെയാണുള്ളത്. സ്ത്രീയും പുരുഷനും തമ്മിലുള്ള അവിഹിത വേഴ്ചക്ക് പ്രഹര ശിക്ഷയും നാടുകടത്തലും എറിഞ്ഞു കൊല്ലലുമാണ് ഇസ്‌ലാമിക ശിക്ഷ. സ്ത്രീയുടെയോ പുരുഷന്റെയോ യോനിയിലോ ഗുദത്തിലോ ഹറാമാണെന്ന അറിവോടു കൂടി ലിംഗം പ്രവേശിപ്പിക്കുന്നതിനാണ് ഈ ശിക്ഷ. തുട ഭോഗം, സ്ത്രീ സ്വവർഗ ഭോഗം എന്നിവയ്ക്ക് പ്രഹര ശിക്ഷയല്ല, സാന്ദർഭിക ശിക്ഷയാണു ലഭിക്കുക. ഖത്വീബുശർബീനി(റ) പറയുന്നു: സ്ത്രീകൾ പരസ്പരം ലൈംഗിക സുഖമാസ്വദിക്കൽ ഖാളിയുടെ ശിക്ഷക്കു കാരണമാകുന്ന കുറ്റമാണ് (ശർവാനി: 9/104). ജഅ്ഫർ ബ്‌നു മുഹമ്മദ്(റ) രേഖപ്പെടുത്തി: അലി(റ)ന്റെയടുക്കൽ സ്വവർഗരതി നടത്തിയ രണ്ടു സ്ത്രീകളെ കൊണ്ടു വരികയുണ്ടായി. മഹാൻ ഇരുവരെയും നൂറു വീതം അടി ശിക്ഷയായി നൽകി. അല്ലാഹു പറയുന്നു: ‘വ്യഭിചരിക്കുന്ന സ്ത്രീപുരുഷന്മാരിൽ ഓരോരുത്തരെയും നിങ്ങൾ നൂറ് വീതം അടിക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ അല്ലാഹുവിന്റെ നിയമം നടപ്പിലാക്കുന്നതിൽ അവരോടുള്ള ദയ നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടപ്പിലാക്കുന്നിടത്ത് ഒരു സംഘം സത്യവിശ്വാസികൾ സന്നിഹിതരാവുകയും ചെയ്യട്ടെ (24/2).
മുമ്പ് ശരിയായ വിവാഹത്തിലൂടെ സംഭോഗം നടത്തിയിട്ടില്ലാത്ത വ്യഭിചാരിക്കും വ്യഭിചാരിണിക്കുമാണ് നൂറ് അടിയും ഖസ്‌റാക്കി നിസ്‌കരിക്കാവുന്ന ദൂരപരിധിയിലോ അതിനു പുറത്തോ ഉള്ള നാട്ടിലേക്ക് ഒരു വർഷം നാടുകടത്തലുമുള്ളത്. അതേസമയം വ്യഭിചാരിയും വ്യഭിചാരിണിയും വിവാഹിതരാണെങ്കിൽ അവരെ എറിഞ്ഞു കൊല്ലണമെന്നതാണ് മത വിധി. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: തിരുനബി(സ്വ) അരുളി: ആരെങ്കിലും ലൂത്വ് നബിയുടെ സമുദായത്തിന്റെ പ്രവർത്തനം നടത്തുന്നതായി കണ്ടാൽ ഇരുവരെയും എറിഞ്ഞു കൊല്ലുക (തുർമുദി). അബൂഹുറൈറ(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: വല്ലവനും ലൂത്വ് നബിയുടെ സമൂഹത്തിന്റെ പ്രവർത്തനം നടത്തുന്നതു കണ്ടാൽ അവരെ എറിഞ്ഞു കൊല്ലുക (തുർമുദി).
ഉഭയ സമ്മതത്തോടെ അവിഹിത ബന്ധം പുലർത്തിയാലുള്ള ശിക്ഷ ഇതുതന്നെയാണ്. പ്രതിയുടെ ചുറ്റും ജനങ്ങളെ നിറുത്തി ഒത്ത കല്ലുകൾ കൊണ്ട് എറിയാൻ കൽപിച്ചുകൊണ്ടാണ് ശിക്ഷ നടപ്പിലാക്കുക. ഇസ്‌ലാമിക ഭരണാധികാരി, പ്രതിനിധി എന്നിവരാണ് ശിക്ഷ നടപ്പാക്കേണ്ടത് (ഫത്ഹുൽ മുഈൻ: 448). അത്വാഉബ്‌നു അബീറവാഹ്(റ) പറയുന്നു: സ്വവർഗരതിയിൽ പിടിക്കപ്പെട്ട ഏഴു പേരെ ഇബ്‌നുസുബൈർ(റ)വിന്റെയടുക്കൽ ഹാജരാക്കപ്പെട്ടു. അവരിൽ നാലു പേർ വിവാഹിതരും മൂന്നു പേർ അവിവാഹിതരുമായിരുന്നു. വിവാഹിതരെ പള്ളിയിൽ നിന്നു പുറത്തുകൊണ്ടു വന്ന് എറിഞ്ഞു കൊല്ലുകയും അവിവാഹിതർക്ക് പ്രഹര ശിക്ഷ നൽകുകയും ചെയ്തു. ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു ഉമർ(റ) എന്നിവരെല്ലാം അപ്പോൾ പള്ളിയിലുണ്ടായിരുന്നു (ബൈഹഖി, സുനൻ: 8/233).