സ്രഷ്ടാവിന്റെയും സൃഷ്ടിമഹത്ത്വത്തിന്റെയും ഉത്തമ ഉദാഹരണവും പ്രഥമ സൃഷ്ടിയുമായ നബി പ്രകാശം മനുഷ്യ ഭൂത വർഗത്തിന് പുറമേ ജന്തുലോകത്തെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഹൃദയത്തിന്റെ വിളക്ക് കെട്ട്‌പോയ അവിശ്വാസികളും ഇസ്‌ലാമിലെ അഹന്തക്കാരും മാത്രമാണ് തിരുപ്രഭയുടെ ശക്തിയായ ശോഭയിൽ കണ്ണടച്ച് ഇരുട്ട് സൃഷ്ടിച്ചത്. പ്രകാശ ഗോളമായ സൂര്യൻ ചക്രവാളങ്ങളുടെ ഉച്ചിയിൽ പൂർണമായി ഉദിച്ചുനിൽക്കുന്ന നട്ടുച്ചയ്ക്ക് അതിന്റെ പ്രകാശം ദർശിക്കാനും അനുഭവിക്കാനും കഴിയാത്ത ജീവികൾ സൃഷ്ടി ജാലങ്ങളിൽ ഉണ്ടല്ലോ. മൂങ്ങ ഒരു ഉദാഹരണം. സൂര്യപ്രകാശത്തിനല്ലല്ലോ വൈകല്യം. ആ ജീവികൾക്കാണ് ന്യൂനത. മൂങ്ങ പോലുള്ള ജീവികളുടെ വൈകല്യം സൃഷ്ടിപരമാണ്. എന്നാൽ, നബി പ്രകാശം ദർശിക്കാനാകാത്ത അവിശ്വാസികളുടെയും ഉൽപതിഷ്ണകളുടെയും ന്യൂനത അവർ തന്നെ ഉണ്ടാക്കിയതത്രെ.

യമനിലെ സ്വയം അവരോധിത ആൾദൈവമായിരുന്ന ചക്രവർത്തി അബ്‌റഹത്ത് സൈന്യത്തിലെ ആനകൾ അടക്കമുള്ള മൃഗങ്ങളെ കൊണ്ട് തനിക്ക് സാഷ്ടാംഗം നിർവഹിപ്പിക്കുമായിരുന്നു. പക്ഷേ, സായിസ് എന്ന് പേരുള്ള ആന ഒരിക്കൽ പോലും അബ്‌റഹത്തിന് സുജൂദ് ചെയ്തിരുന്നില്ല. തിരുനബി(സ്വ)യുടെ പിതാമഹൻ അബ്ദുൽ മുത്വലിബ് ഒരിക്കൽ അബ്‌റഹത്തിന്റെ കൊട്ടാരത്തിലെത്തി. തന്റെ സാമ്രാജ്യത്വ പ്രൗഢി പ്രകടിപ്പിക്കാനായി ആനകൾ അടക്കമുള്ള സൈന്യത്തെ അബ്ദുൽ മുത്വലിബിനെ സ്വീകരിക്കാനായി അബ്‌റഹത്ത് അണിനിരത്തി. കൊട്ടാരത്തിൽ കടന്ന അബ്ദുൽ മുത്വലിബിനെ കണ്ടമാത്രയിൽ സാഇസ് അദ്ദേഹത്തിന് സാഷ്ടാംഗം ചെയ്തു. അങ്ങയുടെ മുതുകിലുള്ള നബി പ്രകാശത്തിന് അല്ലാഹുവിന്റെ സലാം ഉണ്ടാകട്ടെ എന്ന് അത് വിളിച്ച് പറയുകയും ചെയ്തു.

റബീഉൽ അവ്വൽ ഒന്നിന് വെള്ളിയാഴ്ച രാത്രിയിൽ മദീനയിൽ നിന്ന് ഹിജ്‌റ പുറപ്പെട്ട തിരുനബി(സ്വ)യും സന്തത സഹചാരി അബൂബക്ർ(റ)വും സൗർ പർവതത്തിലെ ഗുഹയിൽ അഭയം പ്രാപിക്കാനെത്തി. അബൂബക്ർ(റ) ഗുഹയുടെ അകത്ത് കടന്നു. ഗുഹയുടെ വശങ്ങളിൽ കണ്ട മാളങ്ങൾ തുണിക്കഷ്ണങ്ങൾ കൊണ്ട് അടച്ചു. ബാക്കിയുള്ള മാളം തന്റെ കാല് കൊണ്ട് ചവിട്ടി അടച്ച് സുരക്ഷ ഉറപ്പ് വരുത്തിയ ശേഷം നബി(സ്വ)യെ ഗുഹയിൽ പ്രവേശിക്കാൻ അദ്ദേഹം ക്ഷണിച്ചു. ഗുഹയിൽ കടന്ന തിരുനബി(സ്വ) അബൂബക്ർ(റ)വിന്റെ മടിയിൽ തലവെച്ച് ഉറങ്ങി. അബൂബക്ർ(റ)വിന്റെ കാലിൽ മാളത്തിന്റെ ഉള്ളിൽ നിന്ന് പാമ്പ് കൊത്തി. അദ്ദേഹം കാല് ഇളക്കിയില്ല. പാമ്പ് വീണ്ടും വീണ്ടും കൊത്തി. അസഹ്യ വേദന നിമിത്തം അദ്ദേഹത്തിന്റെ നയനങ്ങൾ നിറഞ്ഞു. കണ്ണുനീർ തുള്ളികൾ തിരുവദനത്തിൽ പതിച്ചു. തിരുനബി (സ്വ)ക്ക് വിശദീകരണം നൽകിയ അബൂബക്ർ(റ)കാല് മാറ്റി. അപ്പോൾ മാളത്തിൽ നിന്ന് കൊടും വിഷമുള്ള പാമ്പ് ഇറങ്ങി വന്ന് തിരുനബി(സ്വ)യെ ദർശിച്ചു. ശേഷം അബൂബക്ർ(റ)വിനോടായി പാമ്പ് ചോദിച്ചു: തിരുനബി(സ്വ)യെ കാണാൻ കൊതിച്ച് കുറേ വർഷങ്ങളായി ഞാൻ ഇവിടെ കാത്തിരിക്കുകയായിരുന്നു. എന്നിട്ട് താങ്കൾ എന്തിനാണ് എന്റെ ആഗ്രഹ സഫലീകരണത്തിന് തടസ്സം സൃഷ്ടിച്ചത് (തഫ്‌സീറുർറാസി 32-1186 നോക്കുക). യഥാർത്ഥത്തിൽ അബൂബക്ർ(റ)വിനോടുള്ള ക്ഷമാപണമായിരുന്നു ഇത്.

തിരുനബി(സ്വ) വഹിച്ചിട്ടുള്ള പുണ്യ പ്രഭയെ ആണ് മിണ്ടാപ്രാണികൾ അടക്കം ദർശിക്കുന്നത്. വൈകാരിക ഉന്മേഷത്തിന് ഹേതുവാകുന്ന നിസ്സാര വസ്തുക്കൾ പോലും കവികളെ സ്വാധീനിക്കാറുണ്ട്. അതിൽ നിന്ന് വ്യതിരിക്തമായി സൃഷ്ടി ശ്രേഷ്ഠരുടെ ഒളിവ് അവരെ ഹഠാതാകർഷിച്ചു. അവർ അതിനെപ്പറ്റി മനസ്സ് തുറന്ന് രചന നടത്തി.  ചരിത്ര ഗ്രന്ഥങ്ങൾ ഉല്ലേഖനം ചെയ്തിട്ടുള്ള വർണനകളെ ആസ്വാദനമാക്കിയവരാണ് ഇവരിൽ പലരും. പുണ്യ റസൂൽ (സ്വ)യുടെ വിശേഷങ്ങൾ പൊതുവെയും വിശിഷ്യാ നബി പ്രകാശവും നേരിട്ട് ആസ്വദിക്കുകയും ഹൃദയം നിറയെ അത് പ്രതിഫലിക്കുകയും ചെയ്ത പ്രവാചക പ്രകീർത്തകരിൽ പ്രഥമസ്ഥാനമലങ്കരിക്കുന്ന പ്രവാചകാനുചരരുടെ കവിതകളിൽ നബിപ്രഭ നിറസാന്നിധ്യമാണ്.

റസൂൽ(സ്വ)യുടെ പിതൃവ്യനായ അബ്ബാസ്(റ)വാണ് ഈ ഗണത്തിലെ പ്രഥമകവി. അദ്ദേഹം ഒരിക്കൽ തിരുനബി(സ്വ)യെ സമീപിച്ച് അങ്ങയെ വർണിച്ച് ഞാനൊന്ന് പാടിക്കോട്ടേ എന്ന് ചോദിച്ചു. അനുമതി നൽകിയ തിരുനബി(സ്വ) അത് കാരണമായി അങ്ങയുടെ വദനത്തിന് ആരോഗ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുക കൂടി ചെയ്തു. തിരു സവിധത്തിൽ വെച്ച് അബ്ബാസ്(റ) ആലപിച്ച കവിതയുടെ ആശയം ഇങ്ങനെ വായിക്കാം: ഓ, നബിയേ, അങ്ങ് എല്ലാ വസ്തുക്കൾക്കും മുമ്പ് സ്വർഗത്തിലെ മരച്ചുവട്ടിൽ അതിന്റെ തണലുകളിൽ ആനന്ദഭരിതനായി ജീവിച്ചിട്ടുണ്ട്. ആദം(അ)മും ഹവ്വാഅ്(റ)യും സ്വർഗീയാരാമത്തിലെ വൃക്ഷങ്ങളിൽ നിന്ന് ഇലകൾ പറിച്ച് നാണം മറച്ച് വേർപിരിഞ്ഞ സമയത്ത് താങ്കൾ അവിടെ സാക്ഷിയാണല്ലോ. പൂർണ വളർച്ചയെത്തി ജനിച്ച മനുഷ്യനോ ഗർഭാശയത്തിലെ മാംസ പിണ്ഡമോ രക്ത പിണ്ഡമോ അല്ലാതെ ബീജമായ നിലയിൽ ആദം(അ)ന്റെ മുതുകിലായി അങ്ങ് ഭൂമിയിലേക്കിറങ്ങുകയും ചെയ്തില്ലേ. അത്യുയരത്തിൽ പറന്ന് രക്ഷപ്പെടാൻ കഴിയുന്ന കഴുക വർഗത്തിനെ പോലും വെള്ളത്തിൽ മുക്കിയ പ്രളയനാളിൽ അങ്ങ് കപ്പലിൽ കയറുകയും ചെയ്തില്ലേ. യുഗായുഗങ്ങൾ കഴിഞ്ഞ് കൊണ്ടിരിക്കെ പിതൃ മുതുകുകളിൽ നിന്ന് മാതൃഗർഭാശയങ്ങളിലേക്ക് നീങ്ങി കൊണ്ടിരുന്ന അങ്ങ് നീണ്ട പർവത നിരകൾക്ക് മധ്യേ തല ഉയർത്തി നിൽക്കുന്ന കൂറ്റൻ കൊടുമുടിയെപ്പോലെയുള്ള അത്യുന്നത കുടുംബത്തിൽ പിറവിയെടുക്കുകയും ചെയ്തല്ലോ. അങ്ങ് ജനിച്ചപ്പോൾ അങ്ങയുടെ പ്രഭയാൽ ഭൂമിയും ചക്രവാളങ്ങളഖിലവും പ്രശോഭിക്കുകയും ചെയ്തല്ലോ. അങ്ങയുടെ കുടുംബാംഗങ്ങളും സമുദായവുമായി ഞങ്ങൾ അങ്ങയുടെ പ്രഭയുടെ വെളിച്ചത്തിലാണ്. ഞങ്ങൾ ശോഭിക്കുകയാണ്. സന്മാർഗത്തിൽ സഞ്ചരിച്ച് കൊണ്ടിരിക്കുകയുമാണ് (മുസ്തദ്‌റക് 5417, താരീഖുൽ ഇസ്‌ലാം 1-43,44).

അധർമങ്ങൾ തകർക്കപ്പെട്ട മക്കാവിജയ ദിനത്തിൽ മുഹമ്മദ്(സ്വ)യെയും സൈന്യത്തിനെയും കണ്ടാൽ അല്ലാഹുവിന്റെ പ്രത്യേക സൃഷ്ടിയായ പ്രകാശം സ്പഷ്ടമായതായാണ് കാണാൻ കഴിയുക. ബഹുദൈവാരാധനയുടെ മുഖം ഇരുൾ മൂടുകയും ചെയ്തു. (അൽ ഇസ്വാബ 5-372) ഇതായിരുന്നു പ്രമുഖ സ്വഹാബി ഫുളാലത്തു ലൈസി(റ)വിന്റെ കാവ്യ സങ്കൽപം. അബ്ദുല്ലാഹിബ്‌നു സ്സബ്അരി(റ) ബഹുദൈവാരാധനയും അന്ധകാരയുഗത്തിലെ അനഭിമത ജീവിതവും അവസാനിപ്പിച്ച് വിശുദ്ധ ഇസ്‌ലാം സ്വീകരിച്ച് സത്യ സാക്ഷ്യം നടത്താനായി തിരുസന്നിധിയിലെത്തി. ശത്രു പക്ഷം ചേർന്ന് പ്രവാചകൻ(സ്വ)യെയും മുസ്‌ലിംകളെയും അവമതിക്കാനും അപകടപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളിൽ കക്ഷി ചേർന്ന അദ്ദേഹം തിരുനബി(സ്വ)യോട് മാപ്പപേക്ഷിച്ചു കൊണ്ട് ദീർഘമായ കവിത ചൊല്ലുകയുണ്ടായി. ആ കവിതയിലും നബി പ്രകാശം വർണിക്കപ്പെട്ടു. ഇന്ന് എന്റെ ഹൃദയം മുഹമ്മദ്(സ്വ)യിൽ വിശ്വസിച്ചിരിക്കുന്നു. ഭൂതകാല ജീവിതത്തിലെ അബദ്ധങ്ങൾ കാരണം ആ ഹൃദയത്തിന് ദൗർഭാഗ്യമായിരുന്നു. ആ ശത്രുതയും അതിന്റെ നിമിത്തങ്ങളും ഇപ്പോൾ അവസാനിച്ചിരിക്കുകയാണ്. പുതിയ ദൃഢമായ ബന്ധങ്ങളും സ്വപ്‌ന സാക്ഷാൽകാരങ്ങളും ഞങ്ങൾക്കിടയിൽ കടന്ന് വന്നിരിക്കുന്നു. എന്റെ മാതാപിതാക്കളെ ദണ്ഡമായി സ്വീകരിച്ച് എന്റെ പാപങ്ങൾ നബിയേ, അങ്ങ് മാപ്പാക്കണം. എനിക്ക് കരുണ ചെയ്യുകയും വേണം. തീർച്ച, അങ്ങ് കാരുണ്യവാനും അല്ലാഹുവിന്റെ കാരുണ്യം പൂർണമായി ലഭിച്ച ആളുമാണ്. പരമാധികാരിയായ അല്ലാഹുവിന്റെ അടയാളവാഹകനുമാണ് അങ്ങ്. തിരുവദനത്തിൽ വെട്ടിത്തിളങ്ങുന്ന നെറ്റിപ്പട്ടമാണ് അങ്ങ്. മുദ്രണം ചെയ്യപ്പെട്ട അന്ത്യപ്രവാചകനും. അങ്ങയെ പരമാധികാരിയായ അല്ലാഹു സ്‌നേഹിച്ച ശേഷം അവന്റെ ഖണ്ഡിതമായ ലക്ഷ്യം അങ്ങേയ്ക്ക് നൽകുകയായിരുന്നു. അത് അങ്ങേയ്ക്ക് മഹത്ത്വമാണ്. ആരാധ്യനായ അല്ലാഹുവിന്റെ ലക്ഷ്യം ഉന്നതമത്രെ (അൽ ഇസ്തീആബ് 4-306).

സുബൈറുബ്‌നുൽ അവ്വാം(റ)വിന്റെ കാവ്യ സങ്കൽപം മറ്റൊന്നാണ്. പുരുഷന്മാരേ, തിരുനബി(സ്വ)യുടെ പ്രഭ നോക്കൂ. അത് സൂര്യ ചന്ദ്രന്മാരുടെ പ്രകാശത്തെ കവച്ച് വെക്കുന്നത് നിങ്ങൾ കാണുന്നില്ലേ. അഹ്മദ് എന്ന പേരുള്ള പ്രവാചകനെ അല്ലാഹു ശ്രേഷ്ഠനാക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. ആ നബി(സ്വ)യുടെ ശത്രുവിനെ നിന്ദ്യനും നിസ്സാരനുമാക്കുകയും ചെയ്തിരിക്കുന്നു (അൽ അൻവാർ പേ 122).

പ്രവാചക കവികളിൽ പ്രസിദ്ധനായ ഹസ്സാനുബ്‌നു സാബിത്(റ) തിരുനബി(സ്വ)യുടെ വിയോഗ ശേഷം ആലപിച്ച അനുശോചന കാവ്യങ്ങളിൽ തിരുപ്രകാശത്തെക്കുറിച്ച് ശ്രദ്ധേയമായ ഭാവനകളാണ് സമ്മാനിച്ചത്. ത്വയ്ബ മദീനയിൽ പ്രവാചകന്റെ തിരുശേഷിപ്പുകളും അവിടുത്തെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ പ്രശോഭിതമായ പുണ്യ സ്ഥലങ്ങളുമുണ്ട്. ശേഷിപ്പുകൾ തേഞ്ഞ് മാഞ്ഞ് പോകുകയും കാലയവനികക്കുള്ളിൽ വിസ്മരിക്കപ്പെടുകയും ചെയ്യുകയാണ് പതിവ്. എന്നാൽ മഹിത ഗേഹത്തിന്റെ അടയാളങ്ങൾ പ്രതാപത്തോടെ അവശേഷിക്കുക തന്നെ ചെയ്യും. നബി(സ്വ) കയറിയ മിമ്പർ തിരുഗേഹത്തിലാണല്ലോ ഉള്ളത്. വേറെയും നിരവധി സ്പഷ്ടമായ ശേഷിപ്പുകൾ, നാഴികക്കല്ലുകൾ അവടെയുണ്ടല്ലോ. തിരുനബി(സ്വ)യുടെ നിസ്‌കാര സ്ഥലവും സാഷ്ടാംഗ സ്ഥലവും ഉൾകൊള്ളുന്ന മുറി അവയിൽ പ്രധാനമാണ്. അല്ലാഹുവിൽ നിന്നുള്ള പ്രത്യേക പ്രഭയാൽ പ്രശോഭിച്ച മുറികൾ അവിടെയുണ്ട്. അവയുടെ മധ്യത്തിൽ ആ പ്രഭ പ്രകാശം പരത്തിയിരുന്നു. കാലാന്തരത്തിൽ അവഗണിക്കപ്പെടുന്നതല്ല തിരുനബി(സ്വ)യുടെ സാന്നിധ്യമുണ്ടായ പുണ്യസ്ഥലങ്ങൾ. മറിച്ച് കാലപ്പഴക്കമുണ്ടാകുംതോറും അതിന് പുതുമ വർധിച്ച് കൊണ്ടിരിക്കും. മറ്റൊരാൾ മരിക്കുന്ന ദിവസത്തെ ദുഖത്തിന് തുല്യമാകുമോ തിരുനബി(സ്വ)യുടെ വിയോഗം കൊണ്ടുണ്ടാകുന്ന സങ്കടം. വഹ്‌യ് ഇറങ്ങൽ അന്നേ ദിവസത്തോടെ ജനങ്ങളിൽ നിന്ന് കണ്ണിയറ്റിരിക്കുകയാണ്. താഴെയും മുകളിലും ജ്വലിപ്പിക്കുന്ന പ്രകാശത്തിന്റെ ഉടമയായിരുന്നു റസൂൽ(സ്വ). തന്നെ അനുഗമിക്കുന്നവർക്ക് കാരുണ്യവാനെ കാണിച്ചു കൊടുക്കും. പരാജയങ്ങളുടെ ഭീതിയിൽ നിന്ന് രക്ഷപ്പെടുത്തുകയും സന്മാർഗം കാണിച്ച് കൊടുക്കുകയും ചെയ്യും. അവരുടെ നേതാവാണ്. കഠിനാധ്വാനം ചെയ്ത് പരമ സത്യത്തിലേക്ക് അവരെ വഴി നടത്തും. സത്യസന്ധതയുടെ അധ്യാപകനുമാണ് തിരുനബി(സ്വ). ആ നബി(സ്വ)യെ അനുസരിച്ചാൽ വിജയം സുനിശ്ചിതമാണ്. അബദ്ധങ്ങൾ മാപ്പാക്കുകയും ക്ഷമാപണം സ്വീകരിക്കുകയും ചെയ്യും. ജനങ്ങൾ നന്മ പ്രവർത്തിക്കുമെങ്കിൽ അല്ലാഹു തന്നെ കൂടുതൽ പ്രാധാന്യത്തോടെ അനുഗ്രഹം നൽകുകയും ചെയ്യും. താങ്ങാനാകാത്ത വിഷമഘട്ടങ്ങളിൽ പ്രയാസങ്ങൾ ദൂരീകരിക്കപ്പെടുന്നത് തിരുനബി(സ്വ)യിലൂടെയാണ്. വഴികാട്ടിയെ മാതൃകയാക്കി അവർ സൽസരണിയിൽ സഞ്ചരിച്ച് കൊണ്ടിരുന്നപ്പോൾ അല്ലാഹുവിന്റെ അനുഗ്രഹത്തിലായിരുന്നു അവർ. ജനങ്ങൾ സന്മാർഗ ദർശികളാകാൻ അതിയായി ആഗ്രഹിക്കുന്ന പ്രവാചകർ(സ്വ) അവർ വഴിതെറ്റി പോകുന്നത് അസഹ്യമായിരുന്നു. അവരോട് കൃപാലുവായ തിരുനബി(സ്വ) തന്റെ ഇരുചിറകുകളെ ഒരു വശത്തേയ്ക്ക് മാത്രം വിരിക്കുകയല്ല ചെയ്തത്. മറിച്ച് എല്ലാവർക്കും വേണ്ടി ചിറക് വിരിച്ച് മാതൃസ്‌നേഹം പ്രകടിപ്പിച്ചു. ജനങ്ങൾ ഈ പ്രഭയുടെ വെളിച്ചത്തിൽ പരിലസിക്കുമ്പോൾ മരണത്തിന്റെ ഒരു അമ്പ് ഈ പ്രഭയെ ലക്ഷ്യമാക്കി വന്നു. പ്രസ്തുത പ്രഭ സ്തുതിക്കപ്പെട്ടവനായി അല്ലാഹുവിലേക്ക് മടങ്ങി. മാലാഖമാരടക്കമുള്ളവർ വാവിട്ട് കരഞ്ഞു. അവർ തിരുനബി(സ്വ)യോടുള്ള കടമ നിർവഹിക്കുകയും ചെയ്തു (സിംത്വുന്നുജൂമിൽ അവാലീ1-369-370).

എണ്ണിപ്പറഞ്ഞ നന്മകളെല്ലാം തിരുപ്രകാശത്തിന്റെ പ്രതിഫലനമെന്ന നിലക്കാണ് ഹസ്സാൻ (റ)വിന്റെ കാവ്യ ഭാവനയിൽ പടർന്ന് പന്തലിക്കുന്നത്.

ഖദീജ(റ)യെ തിരുനബി(സ്വ) വിവാഹം ചെയ്തപ്പോൾ നവവധുവിനെ ആശംസിച്ച് കൊണ്ട് അബ്ബാസ്(റ) ചൊല്ലിയ വരികളിലും തിരുപ്രകാശ പരാമർശം കാണാം. ഫിഹ്‌റ്, ഗാലിബ് എന്നീ പി

താമഹന്മാരുടെ കുടുംബങ്ങളേ നിങ്ങൾ സന്തോഷിക്കുക. എന്റെ കുടുംബക്കാരേ പ്രതീക്ഷകളും പ്രഭയും നിമിത്തം നിങ്ങളും കൃതാർത്ഥരാകുക. നിങ്ങളുടെ ശ്രേഷ്ഠത ജനങ്ങളിൽ പരക്കെ അറിയപ്പെട്ടതും ഉന്നതവുമാണ്. അഹ്മദ്(സ്വ) കാരണമായാണ് നിങ്ങൾക്ക് മഹത്ത്വമുണ്ടായത്. മുഴുവൻ നന്മകൾക്കും അലങ്കാരമാണാ പ്രവാചകൻ. തിരുനബി(സ്വ)യുടെ പ്രകാശം പൂർണ ചന്ദ്രന് തുല്യമാണ്. പ്രഭ മങ്ങാതെ നിരന്തരം ഉദിച്ച് നിൽക്കുന്ന അത് ഒരിക്കലും അസ്തമിക്കുന്നില്ല. അത്യുന്നത അനുഗ്രഹം കൊണ്ട് ഖദീജ(റ) വിജയിച്ചിരിക്കുന്നു. ഹാശിം സന്തതികളിലെ യുവാവായ പ്രസ്തുത അനുഗ്രഹം നിസ്തുലനാണ്. അല്ലാഹു അവരെ ഐക്യപ്പെടുത്തട്ടെ. അവനാണ് അഭയം. മനുഷ്യവർഗത്തിന്റെ നേതാവെന്നതിലുപരി കാൽനടയായും വാഹനത്തിലും സഞ്ചരിക്കുന്നവരിൽ അത്യുന്നതനുമാണ് അൽ അമീൻ(സ്വ). ഒട്ടകക്കൂട്ടങ്ങൾ നടന്ന് നീങ്ങുകയും അതിന്മേൽ ജനങ്ങൾ സഞ്ചരിക്കുകയും ചെയ്യുന്ന കാലത്തോളം അല്ലാഹുവിന്റെ സ്വലാത്ത് തിരുനബി(സ്വ)യ്ക്ക് വർഷിക്കട്ടെ (അൽഅൻവാർ, പേ 159).

അല്ലാഹു തന്നെ സത്യം. അങ്ങ് പ്രതീക്ഷയും ഉന്നതനുമാണ്. ആകാശങ്ങൾക്കപ്പുറത്തേക്ക് അങ്ങയുടെ പ്രകാശം പരത്തിയിരിക്കുന്നു. സത്യം തന്നെ, അങ്ങ് മനതതിയിൽ മഹോന്നതനാണ്. വിശ്വസൗന്ദര്യത്തെ കവച്ച് വെക്കുന്ന ഭംഗിയാണ് അങ്ങയുടേത്. കുലമഹിമയിലും അങ്ങ് ഉന്നതനാണല്ലോ. ആകാശത്തിന്റെ ഉച്ചിയിൽ വരെ അങ്ങ് കയറുകയും ചെയ്തിരിക്കുന്നു. ഇത് അബൂത്വാലിബ് തിരുനബി പ്രകാശത്തെ പരാമർശിച്ച് ചൊല്ലിയ കവിതയുടെ ആശയമാണ്.

(തുടരും)

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ