വിശുദ്ധ ഇസ്‌ലാമിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിചയപ്പെടുത്തിയവരാണ് സ്വഹാബത്ത്. തിരുനബി(സ്വ)യിൽ നിന്ന് നേരിട്ട് ഇസ്‌ലാമിന്റെ സത്യസന്ദേശം സ്വീകരിക്കുകയും അതെല്ലാം ജീവിതത്തിൽ പകർത്തി ലോകാവസാനം വരെ വരുന്ന വിശ്വാസികൾക്ക് മാതൃകയാകാനും അവർക്കായി. എന്റെ സ്വഹാബത്ത് നക്ഷത്ര തുല്യരാണെന്ന് തിരുനബി(സ്വ) പ്രഖ്യാപിക്കുകയും ചെയ്തു.
അല്ലാഹുവിലും പ്രവാചകരിലും അടിയുറച്ച് വിശ്വസിക്കുന്ന ആർക്കും സ്വഹാബത്തിനെ പിന്തുടരലും സ്‌നേഹിക്കലും ബാധ്യതയാണ്. അവരിൽ ഒരാളെപ്പോലും ആക്ഷേപിക്കരുത്. സ്വഹാബത്തിനെ ആക്ഷേപിക്കുന്നവരുടെ അന്ത്യം മോശമാകുമെന്ന് ഭയപ്പെടേണ്ടതുണ്ട്. സ്വഹാബത്തിൽ വിവിധ സ്ഥാനങ്ങളിലുള്ളവരുണ്ടെങ്കിലും ഖിയാമത്ത് നാൾ വരെ ഒരു വലിയ്യും മുത്ത്‌നബിയോടൊപ്പം ഒരു നിമിഷം ഒരുമിച്ച് അവിടുത്തെ തിരുമുഖം ദർശിച്ച സ്വഹാബിയുടെ സ്ഥാനത്തെത്തുകയില്ലെന്ന കാര്യം പണ്ഡിതർ ഏകോപിച്ചതാണ്. കാരണം അവർ സിറാജുൽ മുനീറാകുന്ന റസൂൽ(സ്വ)യിൽ നിന്ന് നേരിട്ട് ഈമാനിക പ്രകാശത്തെ (നൂർ) സ്വീകരിച്ചവരാണ്.
മുഴുവൻ സ്വഹാബത്തിനെയും അല്ലാഹു തൃപ്തിപ്പെട്ടിട്ടുണ്ടെന്നും അവർ സ്വർഗത്തിലാണെന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കി: ‘മക്കാ വിജയത്തിന് മുമ്പ് അല്ലാഹുവിന്റെ മാർഗത്തിൽ സമ്പത്ത് ചെലവഴിക്കുകയും യുദ്ധത്തിലിറങ്ങുകയും ചെയ്തവരും മക്കാ വിജയത്തിന് ശേഷം മുസ്‌ലിമായവരും തുല്യരല്ല.’ ഇത് പറഞ്ഞതിന് ശേഷം ഖുർആൻ പറയുന്നു: ‘അവർക്കെല്ലാം അല്ലാഹു ഹുസ്‌ന(നന്മ) വാഗ്ദത്തം ചെയ്തിരിക്കുന്നു (ഹദീദ്). ‘ഹുസ്‌ന’ എന്ന പദം സ്വർഗത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഖുർആനിലെ വിവിധ സ്ഥലങ്ങളിൽ അതേ പദപ്രയോഗം വിശദീകരിച്ച് മുഫസ്സിരീങ്ങൾ രേഖപ്പെടുത്തിയത് കാണാം.
സ്വഹാബത്തിന് സ്വർഗമുണ്ടെന്നും അല്ലാഹുവിന്റെ തൃപ്തി കൈവരിച്ചിട്ടുണ്ടെന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടും അവരെ ആക്ഷേപിക്കുകയും അത് തങ്ങളുടെ ദീനാണെന്നും മരണം വരെ ജീവിതത്തിൽ പകർത്തുമെന്നും പ്രഖ്യാപിക്കുന്നവർ അഹ്‌ലുസ്സുന്നയുടെ ആദർശത്തിൽ നിന്നും വ്യതിചലിച്ചവരാണെന്ന് സുവ്യക്തം. പ്രത്യേകിച്ച് അബൂസുഫ്‌യാൻ(റ), മകൻ മുആവിയ(റ) എന്നിവരെ എത്ര ലാഘവത്തോടെയാണ് ചിലർ നിഫാഖിന്റെ കൂട്ടത്തിലേക്ക് തള്ളിവിടുന്നത്?! വിശുദ്ധ ദീനിന് വേണ്ടി വർഷങ്ങളോളം സമ്പത്തും ശരീരവും സമർപ്പിച്ച, തിരുനബി(സ്വ)യിൽ നിന്നു നേരിട്ട് ഈമാനിക പ്രകാശം സ്വീകരിച്ചവരെ തള്ളിപ്പറയാനോ ആക്ഷേപിക്കാനോ ഒരു മുഅ്മിനിനും സാധിക്കില്ല.

റസൂൽ(സ്വ)യുടെ പ്രിയ പത്‌നി ഉമ്മു ഹബീബ(റ)യുടെ പിതാവാണ് അബൂസുഫ്‌യാൻ(റ). ഹിജ്‌റ എട്ടാം വർഷം മക്കാ ഫത്ഹിലാണ് അബൂസുഫ്‌യാൻ(റ) ഇസ്‌ലാം സ്വീകരിക്കുന്നത്. ഇസ്‌ലാമാശ്ലേഷണത്തിന് ശേഷം, ദീനിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ് മഹാൻ ജീവിതം വിനിയോഗിച്ചത്. സദാസമയവും നബിയോടും സ്വഹാബത്തിനോടുമൊപ്പം ചെലവഴിച്ചു.
ത്വാഇഫ് യുദ്ധം നടക്കുന്ന സമയം, നേരിട്ട് യുദ്ധം ചെയ്യുന്നതിന് പകരം ശത്രുക്കൾ കോട്ടകളിൽ ഒളിച്ചിരുന്ന് അമ്പെയ്ത്ത് തുടങ്ങി. അതിനിടക്ക് ഒരു അമ്പ് അബൂസുഫ്‌യാൻ(റ)ന്റെ കണ്ണിൽ തുളച്ചുകയറി. അതുമൂലം അദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെട്ടു. ഉടനെ നബി(സ്വ)യുടെ അടുത്ത് ചെന്ന് അദ്ദേഹം പറഞ്ഞു: ‘തിരുദൂതരേ, എന്റെ കണ്ണ് നഷ്ടപ്പെട്ടിരിക്കുന്നു. അങ്ങ് ദുആ ചെയ്താൽ എനിക്കെന്റെ കണ്ണ് തിരിച്ച് കിട്ടുമല്ലോ.’ റസൂൽ(സ്വ) പ്രതികരിച്ചു: ‘അബൂസുഫ്‌യാൻ, നിങ്ങൾക്ക് കാഴ്ച തിരിച്ചുകിട്ടണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഞാൻ ദുആ ചെയ്യാം. നിങ്ങൾ ക്ഷമിക്കുകയാണെങ്കിൽ സ്വർഗം പ്രതിഫലമായി ലഭിക്കും.’ ഉടനെ മഹാൻ പ്രതിവചിച്ചു: ‘എനിക്ക് കണ്ണ് വേണ്ട, സ്വർഗം മതി.’ ഇങ്ങനെ തിരുനബി(സ്വ)യിൽ നിന്ന് നേരിട്ട് സ്വർഗം ഏറ്റുവാങ്ങിയ സ്വഹാബിയാണ് അബൂസുഫ്‌യാൻ(റ).
83ാം വയസ്സിൽ വഫാത്താകുന്നത് വരെ ദീനിന്റെ പ്രചാരണത്തിൽ മുഴുകി. അമീറുൽ മുഅ്മിനീൻ അബൂബക്ർ(റ)വിന്റെ കൂടെ എല്ലാ സമയത്തും നിലകൊണ്ടു. ഇസ്‌ലാമിക ചരിത്രത്തിലെ നിർണായക സമരമായിരുന്നു ഫത്ഹുൽ ഫുതൂഹ് എന്നറിയപ്പെട്ട യർമൂക് യുദ്ധം. അന്നത്തെ ഏറ്റവും മുന്തിയ പുതിയതരം ആയുധങ്ങൾ കൈവശമുള്ള രണ്ടര ലക്ഷത്തോളം പടയാളികളാണ് ശത്രുപക്ഷത്തെ റോമൻ സൈന്യത്തിലുള്ളത്. അവരോട് ഏറ്റുമുട്ടുന്നത് നാൽപതിനായിരം സ്വഹാബികൾ മാത്രം! നിർണായകമായ ഈ ഘട്ടത്തിൽ അബൂബക്ർ(റ) സൈന്യത്തിന് നാല് അമീറുമാരെ നിശ്ചയിച്ചു. അതിലൊന്ന് അബൂ സുഫ്‌യാൻ(റ)വിന്റെ മൂത്ത മകനായ യസീദുബ്‌നു അബീസുഫ്‌യാൻ (യസീദുനിൽ ഖൈർ-റ) ആയിരുന്നു. അദ്ദേഹത്തിന്റെ സംഘത്തിൽ വാർധക്യത്തിലെത്തിയ പിതാവ് അബൂസുഫ്‌യാൻ(റ)വും അനുജൻ മുആവിയ(റ)വുമുണ്ടായിരുന്നു.
രാത്രി നാല് അമീറുമാരും അബൂസുഫ്‌യാൻ(റ)വും കൂടിയിരുന്ന് യുദ്ധതന്ത്രങ്ങൾ മെനഞ്ഞു. യുദ്ധത്തിന് പുറപ്പെടും മുമ്പേ ഖലീഫ സിദ്ദീഖ്(റ) ഒരു നിർദേശം മുന്നോട്ട് വെച്ചിരുന്നു. ‘യസീദ് വഫാത്തായാൽ പതാക അനുജൻ മുആവിയ(റ)ക്ക് കൈമാറണം. വാർധക്യ സാഹചര്യത്തിൽ അബൂസുഫ്‌യാൻ(റ)ന് നേതൃപദവി നൽകേണ്ട. പക്ഷേ, യുദ്ധതന്ത്രങ്ങൾ അദ്ദേഹത്തോട് ചോദിച്ചറിയണം.’ കാരണം, അന്ന് അറബ് ലോകത്ത് അദ്ദേഹത്തോളം യുദ്ധ തന്ത്രങ്ങളറിയുന്ന ഒരാളുമില്ലായിരുന്നു.
അങ്ങനെ, രാത്രി കൂടിയിരുന്ന് തന്ത്രങ്ങൾ തീരുമാനിച്ചു. സൈന്യത്തെ മൂന്നായി തിരിച്ചു. ഓരോ ഖബീലക്കും ഓരോ പതാക നൽകി. സ്ത്രീകൾക്ക് വടിയും വാളും കൊടുത്ത് സൈന്യത്തിന്റെ ഏറ്റവും പിന്നിൽ നിറുത്തിയിട്ട് പറഞ്ഞു. ‘ആരെങ്കിലും യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടുകയാണെങ്കിൽ ആദ്യം വടി കൊണ്ടടിക്കണം. എന്നിട്ടും നിൽക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് വാളുപയോഗിക്കാം.’
യുദ്ധസമയത്തും ഓരോ ഉപദേശനിർദേശങ്ങളുമായി അബൂസുഫ്‌യാൻ സജീവമായുണ്ടായിരുന്നു. പോരാട്ടം തുടങ്ങുന്നതിന് മുമ്പ് സൈനികരോട് അദ്ദേഹം പറഞ്ഞു: ‘നമ്മുടെ ഖലീഫ അങ്ങകലെ മദീനയിലാണ്. നാം ഇവിടെ ശാമിലും. രണ്ട് സ്ഥലങ്ങൾക്കിടയിലും ദീർഘമായ വഴിദൂരമുണ്ട്. അതുകൊണ്ട് അവിടെ നിന്ന് ഒരു സഹായം ഇനി നമ്മൾ പ്രതീക്ഷിക്കേണ്ടതില്ല. നമ്മുടെ മുന്നിലാണെങ്കിൽ പർവതസമാനം പരന്ന് കിടക്കുന്ന ശത്രുസൈന്യവും. നമുക്കു മുന്നിൽ മുത്തുനബി(സ്വ)യുണ്ട്. ആ വിശ്വാസത്തോടെ മുന്നോട്ടിറങ്ങുക.’ ആത്മവിശ്വാസം പകരുന്ന ഈ വാക്കുകളിൽ നിന്നും ആർജിച്ചെടുത്ത ഈമാനികാവേശം രണ്ടര ലക്ഷത്തോളം വരുന്ന റോമൻ സൈന്യത്തെ ആ ചെറുസംഘത്തിന് മുന്നിൽ പത്തിമടക്കിച്ചു.
ഇരുപത് കൊല്ലം അമീറായും ഇരുപത് കൊല്ലം ഖലീഫയായും ഇസ്‌ലാമിക ഭരണം നടത്തിയയാളാണ് മുആവിയ(റ). ഈ നാൽപത് വർഷത്തിനിടക്ക് ലക്ഷക്കണക്കിന് ആളുകൾ അദ്ദേഹം മുഖേന ഇസ്‌ലാമിലേക്ക് കടന്നുവന്നിട്ടുണ്ട്. നബി(സ്വ)യുടെ ഒരു വചനം ഇവിടെ നാം ഓർക്കേണ്ടതുണ്ട്: നീ കാരണം ഒരാളെങ്കിലും സന്മാർഗത്തിലെത്തുന്നത് ഇഹലോകത്തെ സർവ സമൃദ്ധി(മറ്റൊരു നിവേദനമനുസരിച്ച് ചുവന്ന ഒട്ടകം) ഉണ്ടാകുന്നതിനെക്കാൾ ശ്രേഷ്ഠമാണ്.
അറബികളുടെ സമ്പത്തിൽ ഏറ്റവും മുന്തിയ ഇനമാണ് ചുവന്ന ഒട്ടകം. ഒരാളെ ഹിദായത്തിലാക്കിയവന് തിരുനബി(സ്വ) പറഞ്ഞ പ്രതിഫലമാണിത്. ആഫ്രിക്ക, യൂറോപ്പ്, ശാമിന്റെ പകുതിയോളം നാടുകൾ ഇവിടെയെല്ലാം ഇസ്‌ലാമിന്റെ സന്ദേശമെത്തിച്ചത് മുആവിയ(റ)വാണ്. ഇങ്ങനെ ലക്ഷക്കണക്കിനാളുകളെ ഹിദായത്തിലേക്ക് നയിച്ച മുആവിയ(റ)വിന്റെ സ്ഥാനമെത്രയാണ്!
ഉമർ(റ)വിന്റെ കാലത്ത് ഫ്രഞ്ചുകാരുടെ അക്രമം സഹിക്കവയ്യാതെ ശാമും മിസ്‌റും പൊറുതിമുട്ടിയിരുന്നു. അന്നവിടെ ഗവർണറായിരുന്ന മുആവിയ(റ) ഒരു നാവിക സേന രൂപീകരിക്കാനുള്ള നിർദേശം മുന്നോട്ടുവെച്ചു. അതിന്റെ വിശദമായ റിപ്പോർട്ട് സമർപിക്കാൻ ഖലീഫ ആവശ്യപ്പെട്ടു. റിപ്പോർട്ടിൽ സൂചിപ്പിച്ച നാവികപ്പടയുടെ അപകട സാധ്യതകളറിഞ്ഞു ഉമർ(റ) അതിന് സമ്മതം നൽകിയില്ല. പിന്നീട് ഉസ്മാൻ(റ)വിന്റെ ഭരണകാലത്ത് ശാമിന്റെ അധികാരം പൂർണമായും മുആവിയ(റ)വിന് ലഭിച്ചു. ശാമിലെയും മിസ്‌റിലെയും ജനങ്ങൾക്ക് സ്വസ്ഥമായി ഉറങ്ങാൻ, മധ്യധരണ്യാഴിയിലൂടെ കൊള്ളയടിച്ചും കുട്ടികളെയും സ്ത്രീകളെയും അക്രമിച്ചും മുന്നോട്ടുപോയ ഫ്രഞ്ച് സൈന്യത്തെ തുരത്താൻ ഒരു നാവികസേന അത്യാവശ്യമെന്ന് മുആവിയ(റ) ഉസ്മാൻ(റ)വിനെ ബോധ്യപ്പെടുത്തുകയും സമ്മതം ലഭിക്കുകയും ചെയ്തു. നിരവധി പടയാളികളടങ്ങുന്ന 200 നാവിക സേനയെ അതിനാവശ്യമായ കപ്പൽ, ബോട്ട്, തോണി തുടങ്ങിയവ സഹിതം മുആവിയ(റ) തയ്യാറാക്കി. ദ്വീപ് പ്രദേശമായ ഖുബ്‌റുസ് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ശത്രുസൈന്യത്തെ അദ്ദേഹം ധൈര്യപൂർവം നേരിട്ടുചെന്ന് കീഴടക്കുകയുണ്ടായി.
ബുഖാരി(റ) ഉദ്ധരിക്കുന്ന ഹദീസിൽ നബി(സ്വ) ആദ്യമേ ഈ സംഭവത്തെക്കുറിച്ച് പ്രവചിച്ചത് കാണാം. ഉമ്മു ഹറാം ബിൻത് മിൽഹാൻ(റ)യുടെ വീട്ടിൽ ചെന്നാൽ നബി(സ്വ) അവിടെ ഉറങ്ങൽ പതിവുണ്ടായിരുന്നു. ഒരു ദിവസം ഖൈലൂലത്ത് ഉറങ്ങുന്ന സമയത്ത് പെട്ടെന്ന് ചിരിച്ച് കൊണ്ട് എണീറ്റു. ഇത് കണ്ട ഉമ്മു ഹറാം(റ) ചോദിച്ചു: ‘എന്താണു നബിയേ ചിരിച്ചുകൊണ്ട് വരുന്നേ…’ തിരുനബി(സ്വ) പറഞ്ഞു: ഞാനൊരു സ്വപ്നം കണ്ടു. എന്റെ സമൂഹത്തിൽ പെട്ട ഒരു കൂട്ടർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധത്തിന് വേണ്ടി പല്ലക്കിലിരിക്കുന്ന ചക്രവർത്തിമാരെപ്പോലെ കടലിലൂടെ യാത്ര ചെയ്യുന്നു. അവരെല്ലാവരും സ്വർഗത്തിലാണ്.’ ഉടനെ ഉമ്മു ഹറാം(റ) ആരാഞ്ഞു: എന്നെയും ആ കൂട്ടത്തിൽ പെടുത്താൻ അങ്ങ് ദുആ ചെയ്യുമോ? നബി(സ്വ) ദുആ ചെയ്തു.
വർഷങ്ങൾക്ക് ശേഷം മുആവിയ(റ)വിന്റെ നേതൃത്വത്തിൽ ഖുബ്‌റുസിലേക്കുള്ള നാവിക മുന്നേറ്റത്തിൽ ഉമ്മു ഹറാം ബീവി(റ)യുമുണ്ടായിരുന്നു. യാത്രക്കിടയിൽ വാഹനത്തിൽ നിന്നും വീണ് ബീവി വഫാത്തായി. മഹതിയുടെ ഖബ്ർ അവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഈ യുദ്ധത്തിന് നേതൃത്വം കൊടുത്തത് മുആവിയ(റ)വായിരുന്നു. അന്ന് പോരാട്ടത്തിനിറങ്ങിയവർ സ്വർഗത്തിലാണെന്ന് റസൂൽ(സ്വ) വ്യക്തമാക്കിയത് നാം കണ്ടല്ലോ. പുറമെ, നാൽപത് വർഷം ഭരണം നടത്തിയിട്ട് ഒരാൾക്കും ഒരു വിമർശനം പോലും നടത്താനില്ല എന്നത് തന്നെ അദ്ദേഹത്തിന്റെ നീതിപൂർണമായ ജീവിതം വ്യക്തമാക്കുന്നുണ്ട്.
ഉസ്മാൻ(റ)വിന്റെ ഘാതകരെ പിടികൂടുന്ന വിഷയത്തിൽ അലി(റ)വുമായി അഭിപ്രായ ഭിന്നതകളുണ്ടായിട്ടുണ്ട്. പക്ഷേ, അതൊരിക്കലും തന്നെ മുആവിയ(റ)വിന്റെ ഭാഗത്തുണ്ടായ തെറ്റാണെന്ന് പറയാനൊക്കില്ല. കാരണം, ഉസ്മാൻ(റ)നെ കൊന്നത് അക്രമകാരികളായിരുന്നു. ഒരൊറ്റ സ്വഹാബിയും ആ കൂട്ടത്തിലില്ലായിരുന്നു. അലി(റ)വിനെ അനുകൂലിക്കുന്നവരും സൈന്യത്തിൽ പെട്ടവരും അതിലുണ്ട്. വിശുദ്ധ ഖുർആനിലെ ഒരു വചനമുദ്ധരിച്ച് ഇജ്തിഹാദിലുള്ള ഭിന്നാഭിപ്രായം മാത്രമേ അലി(റ)വും മുആവിയ(റ)വും ഉണ്ടായിരുന്നുള്ളൂ: ‘ആരെങ്കിലും അക്രമപരമായി കൊല്ലപ്പെട്ടാൽ അവന്റെ അവകാശികൾക്ക് കൊന്നവന്റെ മേൽ അധികാരമുണ്ട്’ (ഇസ്‌റാഅ് 33).
ഈ ആയത്തുദ്ധരിച്ച് മുആവിയ(റ) അക്രമപരമായി കൊല്ലപ്പെട്ട തന്റെ പിതൃസഹോദര പുത്രൻ ഉസ്മാൻ(റ)വിന്റെ ഘാതകരെ കണ്ടെത്തി ശിക്ഷ നൽകുന്നതിന് തനിക്ക് അധികാരമുണ്ടെന്നാണ് വാദിച്ചത്. അന്നത്തെ സാഹചര്യങ്ങൾ അതിന് അനുകൂലമല്ലാത്തത് കൊണ്ട് അലി(റ) സമ്മതിച്ചില്ല. കാരണം, ബസ്വറ പള്ളിയിൽ വെച്ച് ഉസ്മാൻ(റ)വിന്റെ ഘാതകരോട് കുറ്റം ഏറ്റുപറയാൻ വേണ്ടി അലി(റ) ഒരു പ്രസംഗത്തിനിടയിൽ ആവശ്യപ്പെട്ടപ്പോൾ ഘാതകരുടെ കുടുംബക്കാരടക്കം ആയിരക്കണക്കിനാളുകൾ ആ വധത്തെ ന്യായീകരിച്ച് സംസാരിക്കുകയുണ്ടായി. അത്രത്തോളം കലുഷിതമായിരുന്നു അന്നത്തെ അന്തരീക്ഷം. ആ സമയത്ത് പെട്ടെന്നൊരു തീരുമാനമെടുക്കുന്നതിന് പകരം, ആഭ്യന്തര രംഗം ശാന്തമായതിന് ശേഷം സാക്ഷികൾ മുഖേന സ്ഥിരപ്പെട്ട് കണ്ടെത്തിയ ഘാതകരെ കോടതിയിൽ ഹാജരാക്കി അർഹമായ ശിക്ഷ വിധിക്കാനാണ് അലി(റ) തീരുമാനിച്ചത്. അന്നത്തെ സാഹചര്യത്തെ കൂടുതൽ കലുഷമാക്കാതെ നല്ല രൂപത്തിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള ഏറ്റവും നല്ല മാർഗവും അതുതന്നെയായിരുന്നു. രണ്ടുപേരും ഇജ്തിഹാദ്(ഗവേഷണം) ചെയ്തു. ഇജ്തിഹാദ് ചെയ്തവരെല്ലാം ശരി എത്തിക്കണമെന്ന് നിർബന്ധമില്ല. കാരണം, ഇജ്തിഹാദ് ചെയ്യാൻ മാത്രമേ അവരോട് കൽപനയുള്ളൂ. അതിന് അവർക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ അലി(റ)വിനോട് സ്വിഫീൻ യുദ്ധത്തിൽ മരണപ്പെട്ടവരെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു: ‘രണ്ട് ഭാഗത്ത് നിന്ന് മരണപ്പെട്ടവരും സ്വർഗത്തിലാണ്.’
അതോടൊപ്പം, തിരുനബി(സ്വ)യുടെ വഹ്‌യ് എഴുത്തുകാരനുമായിരുന്നു മുആവിയ(റ). അഥവാ നബി(സ്വ) പൂർണ വിശ്വാസത്തിലെടുത്ത ‘അമീൻ’ ആയിരുന്നു മഹാൻ. പ്രവാചകർ(സ്വ)യുടെ പ്രിയപത്‌നി ഉമ്മു ഹബീബ ബീവിയുടെ സഹോദരനുമാണ് മുആവിയ(റ). നബിയുമായി അടുത്ത കുടുംബബന്ധമുണ്ടായിരുന്നുവെന്ന് ചുരുക്കം. അന്ത്യദിനത്തോട് കൂടി എന്റെ കുടുംബബന്ധവും കെട്ടുബന്ധവുമല്ലാത്ത എല്ലാ ബന്ധങ്ങളും മുറിഞ്ഞുപോകുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. മഹത്തായ ഈ ബന്ധം നിലനിൽക്കൽ ലക്ഷ്യം വെച്ച് മാത്രമായിരുന്നു ഉമർ(റ) അലി(റ)വിന്റെ ഫാത്വിമ ബീവിയിലുള്ള രണ്ടാമത്തെ മകൾ ഉമ്മു കുൽസൂം(റ)യെ വിവാഹം കഴിച്ചത്. മുജ്തഹിദും അമീനുമാണെന്ന് ഒരു സ്വഹാബിക്കും എതിരഭിപ്രായമില്ലാത്ത മുആവിയ(റ)വിന് ഒരിക്കലും മുറിയാത്ത ബന്ധം നബി(സ്വ)യുമായിട്ടുണ്ടെന്ന് സാരം.
ഇത്തരത്തിൽ ഉന്നത സ്ഥാനമുള്ള സ്വഹാബാക്കളാണിവരെല്ലാം. ഇവരെ അധിക്ഷേപിക്കുന്നവരെ ഒരുനിലക്കും പിന്തുണക്കാനാകില്ല.
മുആവിയ(റ)വും പിതാവ് അബൂസുഫ്‌യാൻ(റ)വും നിഫാഖു(കാപട്യം)ള്ളവരായിരുന്നു എന്ന വാദത്തിനു ചില ആത്മീയ കച്ചവടക്കാർ കൊണ്ടുവന്ന തെളിവ് തന്നെ ഭീമാബദ്ധമാണ്. മദീനക്കാരിലും കപട വിശ്വാസികളുണ്ടെന്നറിയിക്കുന്ന (തൗബ 101) ആയത്തുദ്ധരിച്ച് എങ്ങനെയാണ് സ്വഹാബത്ത് കപടരാണെന്ന് വാദിക്കുക? ആയത്തിലെ അഹ്‌ലുൽ മദീന കൊണ്ട് ഉദ്ദേശ്യം അബ്ദുല്ലാഹിബ്‌നു ഉബയ്യ്ബ്‌നു സലൂൽ അടക്കമുള്ള മദീനയിലെ ചില ഗോത്രങ്ങളും യഹൂദി ഗോത്രങ്ങളുമാണെന്ന് മുഫസ്സിരീങ്ങൾ രേഖപ്പെടുത്തിയതാണ്. മുആവിയ(റ)വും അബൂസുഫ്‌യാൻ(റ)വും ഒരിക്കലും മദീനക്കാരിൽ പെടുകയില്ല. കാരണം അവർ ജനിച്ചതും വളർന്നതും മക്കയിലാണ്. മുഹാജിരീങ്ങളിൽ പെടാൻ ഹിജ്‌റ നടത്തിയിട്ടുമില്ല. മുആവിയ(റ) ഇസ്‌ലാം സ്വീകരിക്കുന്നത് മക്കാ ഫത്ഹിന് മുമ്പ് ഉംറതുൽ ഖളാഇലാണ്. പക്ഷേ, ഉപ്പയെയും ഉമ്മയെയും പേടിച്ച് പരസ്യമാക്കിയില്ല. മക്കാ ഫത്ഹിനാണ് പരസ്യമാക്കുന്നത്. അന്നുതന്നെയാണ് അബൂസുഫ്‌യാൻ(റ)വും ഇസ്‌ലാം സ്വീകരിക്കുന്നത്. മക്കാ ഫത്ഹിന് ശേഷം ഹിജ്‌റയില്ലെന്ന് തിരുദൂതർ(സ്വ) പ്രഖ്യാപിച്ചതുമാണ്. അതോടൊപ്പം നിഫാഖ് ആവശ്യം വരുന്നത് തന്നെ മദീനത്താണ്. അതും അവിടെയുള്ള പ്രത്യേക രാഷ്ട്രീയ സാഹചര്യത്താൽ മാത്രം. യുദ്ധങ്ങളിൽ വിജയം നേടുകയും ഒരു രാഷ്ട്രം തന്നെ സ്ഥാപിക്കുകയും ചെയ്തപ്പോൾ ശിക്ഷയൊന്നും ലഭിക്കാതെ മുസ്‌ലിം രാജ്യത്ത് ജീവിച്ച് പോകാനാണ് കപട വിശ്വാസത്തിന്റെ ആവശ്യമുള്ളൂ. മുശ്‌രിക്കുകളുടെ കീഴിൽ ജീവിക്കുകയും അവരെ നേതാക്കളാക്കുകയും ചെയ്തവർക്ക് എന്തിനാണ് കപട വിശ്വാസത്തിന്റെ പുകമറ?
സ്വഹാബത്ത് മുഴുവനും നീതിമാന്മാരും സന്മാർഗികളുമാണെന്ന് അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ ഇജ്മാഅ് ഉള്ളതാണ്. ഒരൊറ്റ സ്വഹാബിയും ഫാസിഖായി മരിക്കില്ല. അമ്പിയാക്കളെപ്പോലെ മഅ്‌സൂമീങ്ങളല്ല സ്വഹാബത്ത്. വല്ല തെറ്റും സംഭവിച്ചു കഴിഞ്ഞാൽ മരിക്കുന്നതിന് മുമ്പ് തൗബ ചെയ്യുകയും അല്ലാഹു അത് സ്വീകരിക്കുകയും ചെയ്യും. അവരെ ആക്ഷേപിക്കാനോ ആക്ഷേപിക്കുന്നവരുടെ കൂട്ടത്തിൽ പെടാനോ നാം തുനിയരുത്. നബി(സ്വ) പറഞ്ഞു: ആരെങ്കിലും എന്റെ അനുചരരെ സ്‌നേഹിച്ചാൽ എന്നോടുള്ള സ്‌നേഹം കൊണ്ടാണത്. അവരോട് ദേഷ്യം വെച്ചാൽ എന്നോടുള്ള ദേഷ്യത്താലുമാണ്.
സ്വഹാബത്തിനെ പ്രിയം വെച്ചാൽ നബിയോടുള്ള സ്‌നേഹം വർധിക്കും. സ്വഹാബത്തിനെ ചീത്ത പറയലും ആക്ഷേപിക്കലും ശിയാക്കളുടെയും ഖവാരിജുകളുടെയും വിശ്വാസവും അവരുടെ ആചാര നടപടിയുമാണ്. അതിനാണവർ പ്രാധാന്യം കൊടുക്കുന്നതും. ലോകത്താകമാനം ശിയാ പ്രചാരണം ശക്തമായി നടക്കുന്ന സാഹചര്യമാണ്. നമുക്ക് നേതൃത്വം നൽകുന്ന ഉലമാഇന്റെ സാന്നിധ്യമുള്ളതുകൊണ്ട് തന്നെ ശിയാക്കൾക്ക് ആ നാമധേയത്തിൽ നമ്മുടെ നാട്ടിൽ വേരുറപ്പിക്കാനായിട്ടില്ല. പക്ഷേ, ഇവിടെ അനുയോജ്യമായ പല വേഷങ്ങളും കെട്ടി നമ്മെ വഴിതെറ്റിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. പുതിയ ത്വരീഖത്തിന്റെ പേരും പറഞ്ഞ് നടക്കുന്നതും ഇതുതന്നെയാണ്. അതിനാൽ ശ്രദ്ധയോടെ ജീവിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.

സുലൈമാൻ ഫൈസി കിഴിശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ദാനധര്‍മ്മം; മുസ്‌ലിമിനറെ മുഖമുദ്ര

മാനവതയുടെ മതമായ ഇസ്‌ലാമിന്‍റെ സാമ്പത്തിക ദര്‍ശനങ്ങള്‍ സമൂഹത്തിന്‍റെയാകമാനമുള്ള സാമ്പത്തിക ഭദ്രത ലക്ഷ്യം വെച്ചുള്ളതാണ്. ലോകം കണ്ടതില്‍…

ബദര്‍ ശുഹദാക്കള്‍

ബദ്റില്‍ വീരമൃത്യുസൗഭാഗ്യം നേടിയ സ്വഹാബി വര്യര്‍ 14 പേരാണ്. ആറു മുഹാജിറുകളും എട്ട് അന്‍സ്വാരികളും. ഉബൈദതുബ്നു…