മതം ആത്മീയലധിഷ്ഠിതമായതിനാല്‍ തന്നെ ഇസ്‌ലാമിനെ എതിര്‍ക്കാനും തകര്‍ക്കാനും ഇറങ്ങിത്തിരിച്ചവര്‍ തസ്വവ്വുഫിനെതിരില്‍ തിരിയുകയുണ്ടായി. പ്രാമാണികമായി സ്ഥിരപ്പെട്ട മറ്റു കാര്യങ്ങളിലെന്ന പോലെ തസ്വവ്വുഫിന്റെ വിഷയത്തിലും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും അതിലൂടെ ആത്മീയത പാടെ നിഷേധിക്കാനും ശ്രമിച്ച അവാന്തര വിഭാഗക്കാര്‍, വ്യാജന്മാരെ സൃഷ്ടിച്ച് യഥാര്‍ത്ഥ തസ്വവ്വുഫിനെ വികൃതമാക്കാന്‍ ശ്രമിച്ചു. മുസ്‌ലിംകളെ നേരായ മാര്‍ഗത്തില്‍ നിന്ന് അതുവഴി അടര്‍ത്താമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. സമുദായം ആത്മീയതക്ക് നല്‍കിപ്പോന്ന മഹത്വവും സ്ഥാനവുമാണ് ഇത്തരമൊരു ചിന്തക്ക് അവരെ പ്രേരിപ്പിച്ചത്. ആത്മീയ വേഷധാരികള്‍ ഇസ്‌ലാമിനെ തകര്‍ക്കാന്‍ രംഗത്തുവന്ന പുത്തന്‍വാദികളുടെ ഏജന്‍റുമാരാണെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെയാണ് ഇത്തരം കക്ഷികള്‍ രംഗത്തുവന്നപ്പോഴെല്ലാം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അവരെ എതിര്‍ത്തതും അവരോട് സഹകരിക്കാനോ പിമ്പറ്റാനോ പാടില്ലെന്ന് മുസ്‌ലിം ബഹുജനത്തെ ഉല്‍ബോധിപ്പിച്ചതും.
അബുല്‍ അഅ്ലാ മൗദൂദി എഴുതുന്നു: “ഒരു പ്രമേഹരോഗി മധുരം ഉപയോഗിക്കുന്നതില്‍ നിന്ന് എത്ര കണ്ടു മാറിനില്‍ക്കേണ്ടതുണ്ടോ അതുപോലെ തസ്വവ്വുഫുമായുള്ള എല്ലാ ബന്ധങ്ങളില്‍ നിന്നും മുസ്‌ലിംകളെ മാറ്റിനിര്‍ത്തേണ്ടത് ഇസ്‌ലാമിക നവോത്ഥാന നായകര്‍ക്ക് അനിവാര്യമത്രെ’ (തജ്ദീദെ ഇഹ്യായെ ദീന്‍, പേ 135).
ശരിയാണ്, ഇസ്‌ലാമിന്റെ മധുരമാണ് തസ്വവ്വുഫ്. ആധ്യാത്മിക മാധുര്യം പറ്റാത്തവരാണ് മുസ്‌ലിംകളിലെ പ്രമേഹ രോഗികളായ മുജാഹിദുകളും മൗദൂദികളുമെന്നത് കൊണ്ട് മുഴുവന്‍ മുസ്‌ലിംകളെയും പ്രമേഹ രോഗികളാക്കി മധുരം തടയുന്നതെന്തിന്? പ്രമേഹമില്ലാത്തവര്‍ക്ക് മധുരം ഉപയോഗിക്കാമല്ലോ.
തസ്വവ്വുഫ് എന്ന പദം വിശുദ്ധ ഖുര്‍ആനിലോ ഹദീസുകളിലോ സ്വഹാബികളുടെ യുഗത്തിലോ പ്രയോഗിക്കപ്പെട്ടു കാണുന്നില്ലെന്നും സ്വഹാബികള്‍, താബിഈങ്ങള്‍, തുടങ്ങിയവരാരും സ്വൂഫികള്‍ എന്ന പേരിലറിയപ്പെട്ടിരുന്നില്ലെന്നുമുള്ള ന്യായം നിരത്തി തസ്വവ്വുഫിനെ നിരാകരിക്കുന്നത് ശുദ്ധ അബദ്ധമാണ്. മുന്‍ ലേഖനത്തില്‍ സൂചിപ്പിച്ച കാര്യങ്ങളെല്ലാം ഉള്‍ക്കൊണ്ടവര്‍ക്കിതു ബോധ്യപ്പെടും. ഏതൊരു സ്വഭാവ വിശേഷണം കൊണ്ടായിരുന്നോ സ്വൂഫികള്‍ ഈ പേരിനര്‍ഹരായതെങ്കില്‍ അതിന്റെ ഉത്തമ മാതൃകയായിരുന്നു സ്വഹാബികളും താബിഉകളും. അവരെക്കാള്‍ വലിയ സ്വൂഫികളാരുണ്ട്? അവര്‍ക്ക് ശേഷം ജനങ്ങളിലെ ആത്മീയ ഗുണങ്ങളില്‍ ക്രമേണ മങ്ങലേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ക്രോഡീകരിക്കപ്പെട്ട ആത്മീയ ശാസ്ത്ര ശാഖയാണ് തസ്വവ്വുഫ്, ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ്, ഉസ്വൂലുല്‍ ഹദീസ്, അഖാഇദ് തുടങ്ങിയ ശാസ്ത്ര ശാഖകള്‍ പില്‍ക്കാലത്ത് രൂപീകരിക്കപ്പെട്ടത് പോലെ.
നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും കാലശേഷമാണുണ്ടായതെന്നതിനാല്‍ അവകളെ ആരും നിരാകരിക്കുന്നില്ലല്ലോ. ഈ നിരാകരണ വാദക്കാരുടെ പ്രസ്ഥാനത്തിന്റെ പേരും ആശയങ്ങളും ഉത്തമ നൂറ്റാണ്ടുകളില്‍ ഇല്ലെന്നതും ഓര്‍ക്കണം. എന്നിരിക്കെ ആ പേരില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ന്യായമെന്താണ്?
എന്നാല്‍ സ്വൂഫിസം നടിച്ച് യഥാര്‍ത്ഥ സ്വൂഫിസത്തെ തകര്‍ക്കുന്നവരെയും നാം തിരിച്ചറിയേണ്ടതുണ്ട്. മഹാന്മാരായ മുന്‍ഗാമികള്‍ ഇവരെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങളും മാനദണ്ഡങ്ങളും വ്യക്തമാക്കിക്കാണാം.
ഇമാം സുയൂഥി(റ) പറയുന്നു: നിശ്ചയം തസ്വവ്വുഫ് ശ്രേഷ്ഠമായൊരു വിജ്ഞാന ശാഖയാണ്. അതിന്റെ അസ്ഥിവാരം തന്നെ സുന്നത്ത് (നബിചര്യ) അനുധാവനം ചെയ്യലും ബിദ്അത്ത് (നവീനാശയം) തിരസ്കരിക്കലും ദേഹേച്ഛകളില്‍ നിന്ന് മുക്തമാകലും അല്ലാഹുവിന്റെ പ്രിയം മാത്രം കാംക്ഷിച്ച് അവന്റെ വിധികളില്‍ തൃപ്തിപ്പെട്ട് അല്ലാഹുവിന് കീഴ്പെടലും ഇതല്ലാത്ത കാര്യങ്ങളെ നിന്ദ്യമായി കാണലുമാകുന്നു. തസ്വവ്വുഫില്‍ കള്ള നാണയങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്ന സത്യം നിനക്കറിയാം. യഥാര്‍ത്ഥത്തില്‍ സ്വൂഫിയാക്കളില്‍ പെട്ടവരല്ലാത്തവരും അവരുടെ വേഷവിധാനം നടത്തി സാമ്യത പുലര്‍ത്തിയവരുമായ ഒരു വിഭാഗത്തില്‍ നിന്നാണ് ഇത് സംഭവിച്ചത്. അവര്‍ തസ്വവ്വുഫില്‍ പെടാത്ത ചിലതെല്ലാം അതില്‍ കടത്തിക്കൂട്ടി. ഇത് സ്വൂഫികളെ സംബന്ധിച്ച് പൊതുവില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ഹേതുവായി. അപ്പോള്‍ പണ്ഡിതന്മാര്‍ ഇരു വിഭാഗത്തിനുമിടയില്‍ വിവേചനം നടത്താന്‍ രംഗത്തുവന്നു. വ്യാജന്മാരില്‍ നിന്ന് സത്യവാന്മാരെ തിരിച്ചറിയാനാണിത്. സ്വൂഫിയാക്കള്‍ എന്നു പറയപ്പെടുന്നവരെ ശരീഅത്തിന്റെ ഇമാമുകള്‍ എതിര്‍ത്ത കാര്യങ്ങളെ കുറിച്ചെല്ലാം ഞാന്‍ സമഗ്രമായി ചിന്തിച്ചപ്പോള്‍ ആ കാര്യങ്ങളില്‍ ഒന്നുപോലും ഒരു യഥാര്‍ത്ഥ സ്വൂഫിയും പറഞ്ഞതായി ഞാന്‍ കണ്ടില്ല. പ്രത്യുത ബിദ്അത്ത് വെച്ചു പുലര്‍ത്തുന്നവരും ദീനില്‍ അതിക്രമം നടത്തിയവരും മാത്രമാണ് അതിന്‍റ വക്താക്കളെന്ന് എനിക്ക് ബോധ്യമായി. തങ്ങള്‍ സ്വൂഫിയാക്കളാണെന്ന് സ്വയം വാദിക്കുകയാണവര്‍. തീര്‍ച്ചയായും അവര്‍ സ്വൂഫിയാക്കളില്‍ പെട്ടവരല്ല’ (തഅ്യീദുല്‍ ഹഖീഖത്തില്‍ അലിയ്യ, പേ 95).
“അഹ്ലുല്‍ ഇറാദത്തി (മുരീദുകള്‍) ന്റെയും മശാഇഖു (ശൈഖുമാര്‍) മാരുടെയും രൂപം അഭിനയിച്ച ചിലരെ സംബന്ധിച്ച് പറയുന്ന അധ്യായം എന്ന ശീര്‍ഷകത്തില്‍ ഇബ്നുല്‍ ഹാജ്(റ) എഴുതുന്നു:
“ജനങ്ങള്‍ കുറേയാളുകള്‍ ദീനും സ്വലാഹും (നന്മ) അല്ലാഹുവിന്റെ സാമീപ്യവും വാദിക്കുന്നു. ഇതിന് തെളിവായി മുന്‍ഗാമികളുടെ ചരിത്രം അവതരിപ്പിക്കുമ്പോള്‍ പൊടിപ്പും തൊങ്ങലും വെക്കുകയും ചെയ്യുന്നു. ഈ ചരിത്രം ഉദ്ധരിക്കുന്നതു കൊണ്ട് സ്വന്തത്തിലേക്ക് സൂചിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് സാന്ദര്‍ഭികമായി മനസ്സിലാകും. മുന്‍ഗാമികളുടെ ചരിത്രത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ പെട്ട ചിലതോ അതല്ലെങ്കില്‍ അതില്‍ നിന്ന് അധികമോ തനിക്കുണ്ടെന്നും അവര്‍ വരുത്തിത്തീര്‍ക്കും. മറ്റു ചിലര്‍ ഇവ്വിഷയകമായ ചരിത്രങ്ങള്‍ രചിക്കാന്‍ പോലും പ്രാപ്തരാണ്. സ്വന്തം വകയായി കെട്ടിച്ചമച്ചുണ്ടാക്കുന്നവയാകും അവ. അവിടുന്ന് ദര്‍ശിച്ചതായും നബി(സ്വ) അദ്ദേഹത്തോട് നേരിട്ട് സംബോധന നടത്തി ചില കാര്യങ്ങള്‍ കല്‍പിക്കുകയും മറ്റു ചിലത് വിരോധിക്കുകയും ചെയ്തതായും വാദിക്കാന്‍ വരെ അവര്‍ ധ്യൈപ്പെടുന്നു. മറ്റു ചിലര്‍ ഉണര്‍ച്ചയില്‍ തന്നെ നബി(സ്വ)യെ ദര്‍ശിച്ചതായും വാദിക്കുന്നു. ഇതുകൊണ്ടെല്ലാം നാശത്തില്‍ അകപ്പെട്ടിരിക്കുകയാണവര്‍.
ഇത്തരമനുഭവങ്ങള്‍ സത്യമായും സംഭവിച്ചവര്‍ നന്നേ വിരളം. ഇക്കാലത്ത് അതിനു പറ്റുന്ന ഗുണങ്ങള്‍ മേളിച്ചവര്‍ അപൂര്‍വമാണെന്നല്ല മിക്കവാറും ഇല്ലെന്നു തന്നെ പറയാം. ബാഹ്യമായും ആന്തരികമായും അല്ലാഹുവിന്റെ പ്രത്യേക കാവലുള്ള മഹാന്മാര്‍ക്ക് ഇത് സംഭവിക്കാമെന്ന കാര്യം നാം നിഷേധിക്കുന്നില്ല.
മറ്റു ചിലര്‍ ഖളിര്‍(അ)നെ ദര്‍ശിച്ചതായി വാദിക്കുന്നു. കൂടുതല്‍ സ്വീകാര്യതക്കു വേണ്ടി ഇതു സത്യം ചെയ്തു ശക്തിപ്പെടുത്തുന്നവരുമുണ്ട്. ഇങ്ങനെയുണ്ടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരാള്‍, ഖളിര്‍(അ) എല്ലാ ദിവസവും വന്ന് തന്റെ വാതിലിനടുത്ത് നില്‍ക്കുകയോ തന്റെ പീടികയുടെ മുന്നില്‍ വന്ന് നില്‍ക്കുകയോ ചെയ്യുന്നതായും താന്‍ കച്ചവടം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഖളില്‍(അ)നോട് സംസാരിക്കുന്നതായും വരെ വാദിക്കുന്നു. ഇതെല്ലാം അടിസ്ഥാനരഹിതവും നിര്‍മിതവുമായ അസംബന്ധങ്ങളാണ്. എന്നാല്‍ അര്‍ഹരായവരില്‍ നിന്ന് പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ സംഭവിക്കാമെന്ന കാര്യം എതിര്‍ക്കപ്പെടാവതല്ല’ (അല്‍മദ്ഖല്‍ 3/193195).
ഇപ്പറഞ്ഞതെല്ലാം എട്ടാം നൂറ്റാണ്ടുകാരനായ ഇബ്നുല്‍ ഹാജി(റ)ന്റെ കാലഘട്ടത്തിലുള്ള വ്യാജ സിദ്ധന്മാരുടെ അവസ്ഥയാണെങ്കില്‍ ഈ കാലഘട്ടത്തില്‍ പെരുകിവന്ന വ്യാജന്മാരുടെ കാര്യം പറയേണ്ടതുണ്ടോ? സ്വന്തം കറാമത്ത് വാദിച്ചും ചില മഖാമുകളിലോ വനാന്തരങ്ങളിലോ തപസ്സിരുന്നപ്പോള്‍ തന്റെ ആത്മീയ ഏകാന്തതയില്‍ പണ്ടെന്നോ ഈ ലോകത്തോട് വിടപറഞ്ഞ മശായിഖുമാരെ ദര്‍ശിച്ചതായോ അല്ലെങ്കില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ശൈഖുമായി താന്‍ കണ്ടുമുട്ടിയതായോ വാദിച്ചും പ്രത്യക്ഷപ്പെടുന്ന വ്യാജന്മരെയാണു ഇന്നു നാം കാണുന്നത്.
ഇബ്നുല്‍ഹാജ്(റ) തന്നെ പറയുന്നു: “ചില മശായിഖുമാരെ കണ്ടതായും അവരുമായി ഒരുമിച്ചു കൂടിയതായും വാദിക്കുന്ന ചിലരുണ്ട്. അവര്‍ ആ മശായിഖുമായി ഒരുമിച്ച് കൂടുകയോ കാണുകയോ ചെയ്തിട്ടില്ല. മറ്റു ചിലര്‍ താന്‍ ഇന്ന ശൈഖിനോട് കൂടി സഹവസിച്ചതായും അദ്ദേഹത്തിലൂടെ തനിക്ക് നേര്‍മാര്‍ഗ സിദ്ധി ലഭിച്ചതായും വാദിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ ശൈഖുമായി സന്ധിച്ചിട്ടേയില്ല. ഇവര്‍ അദ്ദേഹത്തിന്റെ വഴിയിലുമല്ല. മറ്റു ചിലര്‍ ചില ശൈഖുമാരുമായി സഹവസിച്ച് അവരില്‍ നിന്ന് കിട്ടിയ ജ്ഞാനങ്ങള്‍ തന്റേതായി ഉദ്ധരിക്കും’ (അല്‍ മദ്ഖല്‍ 3/195).
തസ്വവ്വുഫെന്ന വിജ്ഞാന ശാഖയിലെ കള്ള നാണയങ്ങള്‍ ഇബ്നുല്‍ ഹാജ്(റ)ന്റെ കാലത്തുതന്നെ ധാരാളമുണ്ടെങ്കില്‍ ഇന്നത്തെ കാര്യം പറയാനില്ല.
ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) പറയുന്നു: “തസ്വവ്വുഫുകാര്‍ പന്ത്രണ്ട് വിഭാഗമുണ്ട്. ഒന്നാം വിഭാഗം സുന്നി വിഭാഗമാണ്. അവരുടെ വാക്കുകളും പ്രവൃത്തികളും ശരീഅത്തിനോടും ത്വരീഖത്തിനോടും യോജിച്ചതാണ്. അവര്‍ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്താകുന്നു. അവരില്‍ ചിലര്‍ ശിക്ഷയോ കണക്കു ചോദ്യമോ ഇല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരാണ്. മറ്റു ചിലര്‍ ലളിതമായ വിചാരണക്കും കുറഞ്ഞ ശിക്ഷക്കും വിധേയമായി സ്വര്‍ഗത്തില്‍ പ്രവേശിക്കും. നരകത്തില്‍ നിന്ന് മോചനം ലഭിച്ച് സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നും അവിശ്വാസികളും കപട വിശ്വാസികളും നരകീയ ശാശ്വത ശിക്ഷക്ക് വിധേയരാകും പോലെ ഇവര്‍ വിധേയരാവുകയില്ലെന്നുമാണ് ഉദ്ദേശ്യം. ബാക്കിയുള്ള പതിനൊന്ന് വിഭാഗം ബിദഈ കക്ഷികളാണ്. ഖലൂലിയ്യത്ത്, ഹാലിയത്ത്, ഔലിയാഇയ്യത്ത്, ശംറാനിയ്യത്ത്, ഹിബ്ബിയ്യത്ത്, ഹൂരിയ്യത്ത്, ഇബാഹിയത്ത്, മുതകാസിലത്ത്, മുതജാഹിലത്ത്, വാഫിഖിയത്ത്, ഇല്‍ഹാമിയത്ത് എന്നീ പതിനൊന്ന് വിഭാഗമാണവര്‍.
ഖലൂലിയത്ത്
ഇവര്‍ പറയുന്നു: “ഭംഗിയുള്ള അന്യസ്ത്രീയെയും ആണ്‍കുട്ടികളെയും കണ്ടാസ്വദിക്കലും നൃത്തം നടത്തലും അനുവദനീയമാണ്. മാത്രമല്ല, അവരെ ചുംബിക്കലും ആലിംഗനം ചെയ്യലും അനുവദനീയമാണ്.’ എന്നാല്‍ ഇത് തനിച്ച കുഫ്റാണ്.
ഹാലിയ്യത്ത്
ഇവര്‍ പറയുന്നത് ഇപ്രകാരം: “നൃത്തം വെക്കലും കൈമുട്ടലും അനുവദനീയമാകുന്നു. ശറഇന് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ ശൈഖുമാര്‍ക്കുണ്ടാകും.’ ഈ വാദം ബിദ്അത്തും നബിചര്യയില്‍ ഇല്ലാത്തതുമാണ്.
ഔലിയാഇയ്യത്ത്
ഇവര്‍ പറയുന്നു: “ഒരു വ്യക്തി ഔലിയാഇന്റെ പദവിയിലേക്ക് ചേര്‍ന്നാല്‍ ശറഇന്റെ വിധിവിലക്കുകള്‍ അവന് ബാധകമാവുന്നില്ല. അവര്‍ പറയുന്നത്, നബിയേക്കാള്‍ ശ്രേഷ്ഠനാണ് വലിയ്യ് എന്നാണ്. ജിബ്രീല്‍(അ) മാധ്യമമായിട്ടാണ് ഏതു നബിയുടെയും ജ്ഞാനമെന്നും ഇതിന് അവര്‍ കാരണമായി പറയുന്നു.’ ഈ ന്യായീകരണം പിഴവും ഈ വിശ്വാസം കൊണ്ട് അവര്‍ നാശകാരികളുമാണ്. ഇതും കുഫ്ര്‍ തന്നെ.
ശംറാനിയ്യത്ത്
ഇവര്‍ പറയുന്നു: “(അല്ലാഹുവുമായി) അനാദിയായ സഹവാസം തങ്ങള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ (ശറഇന്റെ) വിധിവിലക്കുകള്‍ തങ്ങള്‍ക്കു ബാധകമല്ല. മുട്ടുവിളിയും മറ്റു സംഗീതോപകരണങ്ങളും സര്‍വ സ്ത്രീകളും തങ്ങള്‍ക്ക് ഹലാലാണ്.’ ഇവര്‍ അവിശ്വാസികള്‍ തന്നെ. ഇസ്‌ലാമിക രാഷ്ട്ര വ്യവസ്ഥിതിയില്‍ അവരുടെ രക്തത്തിന് പവിത്രതയില്ല.
ഹിബ്ബിയത്ത് 
ഇവരുടെ വാദം: “അല്ലാഹുവിന്റെ പ്രീതി ലഭിക്കുന്ന പദവിയിലേക്ക് ഒരാള്‍ ചേര്‍ന്നാല്‍ ശറഇന്റെ നിയമങ്ങള്‍ അവന് ബാധകമാവുന്നില്ല.’ ഇവരും പിഴച്ചവര്‍ തന്നെ.
ഹൂറിയത്ത്
ഇവര്‍ രണ്ടാം വിഭാഗമായ ഹാലിയത്തിനോട് സാമ്യത പുലര്‍ത്തുന്നവരാണ്. പക്ഷേ, അവരുടെ പ്രത്യേക അവസ്ഥയില്‍ (സ്വര്‍ഗത്തിലെ) ഹൂറുല്‍ ഈനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതായി വാദിക്കുകയും അവരുടെ അവസ്ഥ തെളിഞ്ഞ ശേഷം കുളിക്കുകയും ചെയ്യുന്നു. ഇത് ശുദ്ധ കളവും ഇതുകൊണ്ടവര്‍ നാശകാരികളാവുന്നതുമാണ്.
ഇബാഹിയത്ത്
നല്ലതുകൊണ്ട് കല്‍പ്പിക്കുക, ചീത്ത വിരോധിക്കുക എന്നീ കാര്യങ്ങള്‍ ഉപേക്ഷിക്കുന്നവരും വിശിഷ്യാ സ്ത്രീകളെ അനുവദനീയമായി കാണുന്നവരുമാണിവര്‍.
മുതകാസിലത്ത്
ജോലി ചെയ്യുന്നത് പാടെ ഉപേക്ഷിക്കുകയും ജനങ്ങളുടെ വാതിലുകളില്‍ ചെന്ന് യാചന നടത്തുന്നവരും ബാഹ്യത്തില്‍ തങ്ങള്‍ ഐഹിക പരിത്യാഗികളാണെന്നു വാദിക്കുന്നവരുമാണ് ഈ വിഭാഗം. അവരും നാശകാരികള്‍ തന്നെ.
മുതജാഹിലത്ത്
ദുര്‍ജനങ്ങളുടെ വേഷവിധാനങ്ങള്‍ അണിഞ്ഞവരാണിവര്‍ (മോഡേണ്‍ വസ്ത്രം ധരിച്ച് താടി വടിച്ച് തലമറക്കാതെ ശൈഖായി ചമയുന്നവര്‍). അല്ലാഹു ഉല്‍ബോധിപ്പിക്കുന്നു: “അക്രമകാരികളിലേക്ക് നിങ്ങള്‍ തെന്നിപ്പോകരുത്.’ നബി(സ്വ) പ്രഖ്യാപിക്കുന്നു: “ഒരു ജനതയോട് ആര് സാമ്യത പുലര്‍ത്തുന്നുവോ അവന്‍ അവരില്‍ പെട്ടവനാണ്.’
വാഖിഫിയത്ത്
ഇവര്‍ പറയുന്നത്: “തീര്‍ച്ചയായും അല്ലാഹുവിനെ അല്ലാഹുവിനല്ലാതെ അറിയുക സാധ്യമല്ല. അതിനാല്‍ മഅ്രിഫതിന് (അല്ലാഹുവിനെ അറിയാന്‍) വേണ്ടിയുള്ള പ്രവര്‍ത്തനം അവര്‍ ഉപേക്ഷിച്ചിരിക്കുന്നു.’ ഈ അജ്ഞതയിലൂടെ അവരും നാശത്തിലകപ്പെട്ടു.
ഇല്‍ഹാമിയത്ത്
ദീനീ വിജ്ഞാനം ഉപേക്ഷിച്ചവരും മതാധ്യാപനത്തെ വിരോധിക്കുന്നവരുമാണീ വിഭാഗം. അവര്‍ തത്ത്വചിന്തകരെ അനുഗമിച്ചവരാണ്. അവര്‍ പറയുന്നത്: “ഖുര്‍ആന്‍ മനുഷ്യന്റെ ജ്ഞാനത്തിന് മറയാണ്. ത്വരീഖത്തിന്റെ ഖുര്‍ആന്‍ എന്നു പറയുന്നത് കാവ്യങ്ങളാണ്. ഈ വിശ്വാസം കൊണ്ടവര്‍ ഖുര്‍ആനിനെ ഉപേക്ഷിക്കുകയും തങ്ങളുടെ സന്താനങ്ങള്‍ക്ക് കാവ്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ഇക്കൂട്ടര്‍ മറ്റു വിര്‍ദുകള്‍ ഉപേക്ഷിച്ചവരും നാശകാരികളുമാണ്.’ (സിറാജുല്‍ അസ്റാര്‍, പേ 55).
വിവിധ പേരുകളില്‍ അറിയപ്പെടുന്നതും മത നിയമങ്ങള്‍ക്ക് നിരക്കാത്ത പലതും പുലര്‍ത്തുന്നവരുമായ ഇന്നത്തെ സ്വൂഫി നാട്യക്കാരും വിലായത്തു വാദികളും ശൈഖ് ജീലാനി(റ) പറഞ്ഞ വ്യാജന്മാരായ പതിനൊന്ന് വിഭാഗത്തിന്റെ പിന്‍ഗാമികളാണെന്നതില്‍ തര്‍ക്കമില്ല. തങ്ങള്‍ ശൈഖ് ജീലാനിയടക്കമുള്ള മഹോന്നതരുടെ പിന്തുടര്‍ച്ചക്കാരാണെന്നവകാശപ്പെടുന്ന ഇവരെക്കാള്‍ വിഡ്ഢികള്‍ മറ്റാരാണ്?
സത്യവും അസത്യവും ഒരിക്കലും തിരിച്ചറിയാന്‍ പറ്റാത്തവിധം കൂടിക്കലരുകയില്ല. ചിലപ്പോള്‍ അസത്യം ബാഹ്യത്തില്‍ മികച്ചുനിന്നതായി തോന്നിയാലും സത്യം പുറത്തുവരിക തന്നെ ചെയ്യും. ഇത് ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്. വ്യക്തമായൊരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പണ്ഡിതര്‍ സത്യാസത്യ വിവേചനം നടത്തുന്നത്.
ശൈഖ് മുഹമ്മദ് അബ്ദുല്ലാഹില്‍ ഖാനി(റ) ഇമാം റാസി(റ)യില്‍ നിന്നുദ്ധരിക്കുന്നു: “വ്യാജന്മാരില്‍ നിന്ന് യഥാര്‍ത്ഥക്കാരെ തിരിച്ചറിയാനുള്ള മാനദണ്ഡം (നബി(സ്വ)യോടും സലഫുസ്വാലിഹുകളോടും) അനുഗമിച്ച് പോരുന്ന നിയമപ്രകാരം ശര്‍ഇയ്യായ അമലുകള്‍ അവര്‍ നിലനിര്‍ത്തിപ്പോരുന്നുണ്ടോ എന്നും മശാഇഖുരമാരുടെ ചിട്ടയോട് യോജിച്ച് ത്വരീഖത്തുകാര്‍ ആചരിക്കേണ്ട മര്യാദകള്‍ ആചരിക്കുന്നുണ്ടോ എന്നു വിലയിരുത്തലാണ്’ (അല്‍ ബഹ്ചതുസ്സനിയ്യ, പേ 35).
ചുരുക്കത്തില്‍ സ്വൂഫിസം ശരീഅത്തിന്റെ പൂര്‍ണതയാണ്. ശരീഅത്തിനോട് പരിപൂര്‍ണമായും യോജിക്കലാണ് സ്വൂഫിസത്തിന്റെ മാര്‍ഗം. അതുകൊണ്ട് തന്നെ ശരീഅത്തിനെ അവഗണിക്കുന്ന, ശൈഖ് ജീലാനി(റ) വിശദീകരിച്ച വ്യാജന്മാരുടെ സ്വഭാവങ്ങളില്‍ നിന്ന് ഏതെങ്കിലും മേളിച്ച അഭിനവ സ്വൂഫികള്‍ അടിസ്ഥാന രഹിതമായ തസ്വവ്വുഫാണ് വെച്ചുപുലര്‍ത്തുന്നത്. അവര്‍ തീര്‍ത്തും വ്യാജന്മാരാണ്. സത്യം മനസ്സിലാക്കി പിമ്പറ്റാനും അസത്യം മനസ്സിലാക്കി വര്‍ജിക്കാനും അല്ലാഹു തുണക്കട്ടെആമീന്‍.

തസ്വവ്വുഫ് ശരീഅത്തിന്റെ പൂര്‍ണത2/പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ