ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ സൗന്ദര്യ സങ്കല്പങ്ങളില് അഭിരമിക്കുന്ന കാലമാണിത്. സൗന്ദര്യ മോഹികളെ തൃപ്തിപ്പെടുത്താനും സൗന്ദര്യ വ്യവസായത്തെ പുഷ്ടിപ്പെടുത്താനും വേണ്ടിയുള്ള ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെ വ്യത്യസ്തമായ ഗവേഷണങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. കൊറിയയിലും ജപ്പാനിലും അമേരിക്കയിലുമെല്ലാം ഇപ്പോള്‍ വ്യാപകമായിട്ടുള്ള ഒച്ച് മസാജിങ് ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് മകുടോദാഹരണമാണ്. സുന്ദര ചര്‍മ്മത്തിനു വേണ്ടിയുള്ള ഈ മസാജിങ്ങിന് ആഫ്രിക്കന്‍ ലാന്റ് ഒച്ചിനെയാണ് അവര്‍ ഉപയോഗപ്പെടുത്തുന്നത്. അഞ്ചു മിനുട്ടു നീളുന്ന മസാജിനിടയില്‍ മുഖത്താകമാനം ഇഴഞ്ഞു നീങ്ങുന്ന ഒച്ചിന്റ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന സ്രവം ചര്‍മ്മത്തില്‍ പുരളുന്നതു മൂലം മുഖക്കുരു, പാടുകള്‍, സണ്‍ ബേണ്‍, ചുളിവുകള്‍ എന്നിവയ്ക്കു പരിഹാരമുണ്ടാവുന്നുവത്രെ. ബാക്ടീരിയയില്‍ നിന്നും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സ്രവം ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും.
ലണ്ടനിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ലോറ ജെന്കിസണ് ‘ലിപ് ആര്‍ട്ടെ’ന്ന പേരില്‍ ചുണ്ടുകളിലിടാനുള്ള കാര്‍ട്ടൂണ്‍ ലിപ്സ്റ്റിക്ക് തയ്യാറാക്കിയത് ഈ രംഗത്തെ മറ്റൊരു പരീക്ഷണം. കണ്ണെഴുതാനുള്ള വെളുത്ത കണ്മഷിയും സൗന്ദര്യ സങ്കല്പങ്ങള്ക്കു വേഗത കൂട്ടാനുള്ള സ്പ്രേ മേക്കപ്പും വിപണിയിലെത്തിയിട്ടുണ്ട്. ചര്‍മ്മത്തിനു യോജിച്ച ഫൗണ്ടേഷന്, ലിപ് കളര്‍, ഐ കളര്‍ എന്നിവ വളരെ വേഗത്തില്‍ മുഖത്ത് ഇങ്ങനെ സ്പ്രേ ചെയ്യാം. മുഖം മൃദുല സുന്ദരമായി സൂക്ഷിക്കുന്നതിനു വേണ്ടി എല്ലാവരും ഫേഷ്യല്‍ ചെയ്യുമ്പോള്‍ ജപ്പാനിലെ സ്ത്രീകള്‍ ഫേഷ്യലിനൊപ്പം മുഖം ഷേവ് ചെയ്യുകയാണ് പതിവ്. ജപ്പാനിലെ സലൂണുകളില്‍ ഇതിനുവേണ്ടി വരുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ഷേവ് ചെയ്യുന്നതു കാരണം മുഖത്തെ ജഡകോശങ്ങള് കൊഴിഞ്ഞു പോകുമ്പോള്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കൂടുതല്‍ എളുപ്പത്തില്‍ ത്വക്കില്‍ പ്രയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ മാസത്തില്‍ ഒരു തവണയെങ്കിലും മുഖം മുഴുവന്‍ ഷേവ് ചെയ്ത് മിനുക്കുന്നവരാണ് അവരിലധിക പേരും. ഷേവിനു ശേഷം അക്യൂപങ്ചര്‍ മസാജ് നടത്തിയും ആന്റി എയ്ജിങ് ക്രീമുകള്‍ വാരിത്തേച്ചും അവര്‍ ‘സുന്ദരി’കളായിത്തീരുന്നു.
പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ നമ്മുടെ രാജ്യത്തും സൗന്ദര്യ വ്യാപാരം തഴച്ചു വളരുകയാണ്. എന്നു മാത്രമല്ല, ലോകത്തെ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ മടിയില്ലാത്തവരായി ഇന്ത്യക്കാര്‍ മാറിക്കഴിഞ്ഞു. ഗ്ലോബല്‍ റിസര്‍ച്ച് യൂറോ മോണിറ്റര്‍ റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം നമ്മുടെ രാജ്യത്ത് 1090 കോടിയുടെ സൗന്ദര്യ വര്‍ധക വസ്തുക്കളാണ് വില്‍ക്കപ്പെടുന്നത്. ചുണ്ടിലും നഖത്തിലുമുപയോഗിക്കുന്ന പോളിഷുകളുടെ കച്ചവടത്തില്‍ മാത്രം ഇന്ത്യയില്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇരുപതു ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫേസ് പൗഡര്‍, ഫേസ് ക്രീം, ഐലൈനര്‍, കണ്മഷി, മസ്കാര, ഐഷാഡോ, ബോഡി സ്പ്രേകള്‍, ഷാംപൂ, ഹെയര്‍ ഓയില്‍, ഹെയര്‍ ക്രീം, ഹെയര്‍ ഡൈ തുടങ്ങി വിവിധയിനങ്ങളിലും നിറങ്ങളിലുമുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഇന്ന് വിപണി വാഴുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ഇളകാത്തതടക്കം ലിപ്സ്റ്റിക്കുകളുടെ നൂറു കണക്കിനു ബ്രാന്റുകള്‍ പല മോഡലുകളിലായി മാര്‍ക്കറ്റില്‍ സുലഭം. ഓരോ ദിവസവും ധരിക്കുന്ന ചെരിപ്പിന്റേയും വസ്ത്രത്തിന്റെയും നിറത്തോട് യോജിക്കുന്നവ മുതല്‍ തുടങ്ങുന്നു ലിപ്സ്റ്റിക്കുകളുടെ സെലക്ഷന്.
മേക്ക്അപ് ഫാഷന്‍ ഏതു വന്നാലും മടി കൂടാതെ പരീക്ഷിക്കുന്ന പുതിയ തലമുറയുടെ സൗന്ദര്യ സങ്കല്പങ്ങള്ക്കനുസൃതമായി ഈ മേഖലയിലുള്ള കമ്പോളവല്‍ക്കരണവും രൂക്ഷമായിട്ടുണ്ട്. എന്തു കഴിക്കണമെന്നും ഏതു കുടിക്കണമെന്നും എങ്ങനെ കുളിക്കണമെന്നും മലയാളിയെ പഠിപ്പിക്കുന്ന കുത്തകക്കമ്പനികള്‍ ശാരീരിക പ്രകൃതികള്ക്കനുസരിച്ച് സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കാനും നിഷ്കര്‍ഷിക്കുന്നതു കാണാം. ഓവല്‍ ആകൃതിയിലുള്ള മുഖമുള്ളവര്‍ക്ക് സ്ട്രൈറ്റ് ഐബ്രോ, വട്ടമുഖക്കാര്‍ക്ക് ആര്‍ച്ച് ഐബ്രോ, ത്രികോണാകൃതിയിലുള്ള മുഖമുള്ളവര്‍ക്ക് ചെറിയ വളവുള്ള സ്ട്രൈറ്റ് ഐബ്രോ, ഹൃദയാകൃതിയിലുള്ള മുഖമാണെങ്കില്‍ റൗണ്ട് ഷേപ്പ് ഐബ്രോ, ചതുര മുഖക്കാര്‍ക്ക് ആര്‍ച്ച് ഐബ്രോ തുടങ്ങി പുരികങ്ങള്‍ ഷേപ്പു ചെയ്യാനുള്ള മാര്‍ഗങ്ങളെല്ലാം സൗന്ദര്യ വ്യാപാരികള്‍ മലയാളികളെ പഠിപ്പിക്കുന്നു.
നഗര സമൂഹത്തില്‍ വളര്‍ന്നു പന്തലിച്ച ബ്യൂട്ടീപാര്‍ലറുകള്‍ ഇന്ന് ഗ്രാമീണ ജീവിതത്തിന്റെ കൂടി അവിഭാജ്യ ഘടകമായിട്ടുണ്ട്. മുഖം മിനുക്കാനും തൊലി വെളുപ്പിക്കാനും പാടുകള്‍ മാറ്റാനുമെല്ലാം ന്യൂ ജനറേഷന് ബ്യൂട്ടീപാര്‍ലറുകള്‍ തന്നെ വേണം. ഒരു കാലത്ത് കൈകളിലും കാല് വിരലുകളിലും തേക്കാനുള്ള മൈലാഞ്ചിയും മിഴികള്‍ക്ക് അഴകു നല്കുന്ന സുറുമയുമായിരുന്നു സൗന്ദര്യ വസ്തുക്കളെങ്കില്‍ ബ്യൂട്ടി ക്ലിനിക്കുകളിലെ കസേരകളില്‍ കണ്ണുമടച്ചിരുന്ന് പുരികം പ്ലക്ക് ചെയ്തും കൈകകാലുകളിലെ രോമങ്ങള്‍ പറിച്ചും പല നിറങ്ങളിലുള്ള ക്രീമുകള്‍ മുഖത്ത് വാരിപ്പൊത്തിയും ബ്യൂട്ടീഷന് നല്ലൊരു സംഖ്യ പ്രതിഫലം നല്കുമ്പോള് മാത്രമാണ് പുതുതലമുറക്ക് സൗന്ദര്യം കൈവരുന്നത്.
പാശ്ചാത്യന്‍ രാജ്യങ്ങള്‍ സൗന്ദര്യത്തിനു നല്കുന്ന വ്യാഖ്യാനങ്ങളെല്ലാം നമ്മുടെ രാജ്യത്തും ബാധകമായിട്ടുണ്ട്. മാതൃത്വത്തിനാവശ്യമായ പ്രധാന അവയവം എന്ന നിലയില്‍ നിന്ന് സ്തനം ഒരു ലൈംഗികാവയവമായി മാറിയതും സ്തന സൗന്ദര്യം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി കുഞ്ഞിനു മുലയൂട്ടുന്നതിന്റെ കാലാവധി കുറക്കാന്‍ പോലും ധൈര്യം കാണിക്കുന്ന സ്ത്രീകള്‍ കൂടി വരുന്നതും പാശ്ചാത്യന്‍ ചിന്തയുടെ സ്വാധീനമാണ്. കൂടുതല്‍ പ്രസവിക്കുന്നതുമൂലം ശാരീരിക സൗന്ദര്യം നഷ്ടപ്പെടാതിരിക്കാന്‍ അബോര്ഷന് ക്ലിനിക്കുകളില്‍ വെച്ച് കുഞ്ഞുങ്ങളെ ക്രൂരമായി കൊലചെയ്യുന്നവരും നമ്മുടെ രാജ്യത്ത് വിരളമല്ല. ഭീരുക്കളായ ജീവികള്‍ പോലും സ്വന്തം കുഞ്ഞിന്റെ സംരക്ഷണത്തിനും പ്രാണ രക്ഷക്കും വേണ്ടി ഹിംസ്ര ജന്തുക്കളോട് പടപൊരുതുന്ന ലോകത്ത് സ്വന്തം കുഞ്ഞിനെ ഗര്‍ഭ പാത്രത്തിന്റെ ഇരുട്ടറയില്‍ വെച്ചു തന്നെ കൊലപ്പെടുത്തുന്ന മനുഷ്യര്‍ മൃഗങ്ങളേക്കാള്‍ അധഃപതിച്ചവരാണെന്നതില് സംശയമില്ല. മാത്രമല്ല, സൗന്ദര്യം നശിക്കാതിരിക്കാന്‍ വേണ്ടി ഭ്രൂണഹത്യക്കു വിധേയരായ കുഞ്ഞുങ്ങള്‍ തന്നെയാണ് പിന്നീട് സൗന്ദര്യ വര്‍ധക വസ്തുക്കളായി വിപണിയിലെത്തുന്നത്രെ.
കണ്ണഞ്ചിപ്പിക്കുന്ന വര്‍ണങ്ങള്‍ കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മാരകമായ രോഗങ്ങളിലേക്കും മരണത്തിലേക്കുമാണ് കൊണ്ടെത്തിക്കുന്നതെന്ന വസ്തുത പലരും അറിയുന്നില്ല. ഇതു സംബന്ധമായി പ്രൊസീഡിംഗ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ഏറെ ഭീതിപ്പെടുത്തുന്നതാണ്. ഷാംപൂവിലും മറ്റു സൗന്ദര്യ വര്‍ധക വസ്തുക്കളിലും തുടങ്ങി നമ്മുടെ നിത്യോപയോഗ വസ്തുക്കളായ സോപ്പിലും ടൂത്ത്പേസ്റ്റിലും വരെ മനുഷ്യരില്‍ കാന്‍സറുണ്ടാക്കുന്ന ചേരുവകളുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഇത്തരം വസ്തുക്കളില്‍ ബാക്ടീരിയകളെ പ്രതിരോധിക്കുന്നതിനു വേണ്ടി ചേര്‍ത്തിട്ടുള്ള ട്രിക്കോള്‍സാന്‍ എന്ന രാസവസ്തുവാണ് അപകട കാരണം. രക്തത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്ന പ്രോട്ടീന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയാണ് ട്രിക്കോള്‍സാന്‍ കരളില്‍ രോഗ ബാധയുണ്ടാക്കുക. ആറ് മാസക്കാലം എലികളില്‍ നടത്തിയ പരീക്ഷണം കണക്കിലെടുത്താല്‍ ട്രിക്കോള്‍സാന്‍ അടങ്ങിയിട്ടുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്ന മനുഷ്യരെ പതിനെട്ട് വര്‍ഷം കൊണ്ട് കാന്‍സര്‍ കാര്‍ന്നു തിന്നു മെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. പരീക്ഷണ വിധേയരാക്കിയവരില്‍ ഭൂരിഭാഗത്തിന്റെയും മുലയൂട്ടുന്ന മാതാക്കളില്‍ 97% പേരുടേയും മൂത്രത്തില്‍ ഈ കൃത്രിമ രാസപദാര്‍ത്ഥം അടങ്ങിയിരുന്നുവത്രെ.
വിപണിയിലിറങ്ങുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ മാരകമായ രോഗങ്ങള്‍ക്കു കാരണമാകുന്ന ഘനലോഹ സാന്നിധ്യമുണ്ടെന്ന് ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് നടത്തിയ പഠനവും വ്യക്തമാക്കുന്നു. ടൂത്ത് പേസ്റ്റ്, ടാല്‍ക്കം പൗഡര്‍, ലിപ്സ്റ്റിക്ക്, ഹെയര്‍ ഷാംപൂ, മുഖ കാന്തി വര്‍ധിപ്പിക്കുന്ന ലേപനങ്ങള്‍, കണ്മഷി എന്നിവയിലാണ് ഘന ലോഹമായ ലഡിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ അനുവദനീയമായ ലഡിന്റെ പരിധി ദശലക്ഷത്തില്‍ ഒന്ന് എന്ന നിരക്കിലാണ്. അതേ സമയം ഇവയിലടങ്ങിയിരിക്കുന്നത് 20 മുതല്‍ 150 ശതമാനത്തോളവും. സ്ത്രീ സൗന്ദര്യ വസ്തുക്കളിലാണ് ഇത്തരത്തില്‍ രാസ-വിഷ വസ്തുക്കള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് എന്നത് ഏറെ ആശങ്കക്ക് ഇടയാക്കുന്നുണ്ട്. 2010 മുതല്‍ 2014 വരെ രാജ്യത്ത് സ്ത്രീകളില്‍ കാന്‍സര്‍ ബാധിക്കുന്നതിന്റെ നിരക്ക് 50 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. അമിത രാസ സൗന്ദര്യ വസ്തുക്കളുടെ ഉപയോഗമാണ് ഇതിനുപിന്നിലെന്നാണ് കണ്ടെത്തല്‍. ഒരു പ്രമുഖ കമ്പനിയുടെ ഹെയര്‍ ഷാംപുവില്‍ പതിനഞ്ചോളം രാസവസ്തുക്കളാണ് കണ്ടെത്തിയിരിക്കുന്നത്. സോഡിയം, ലോറില് സള്‍ഫേറ്റ്, ലാറത് സള്‍ഫേറ്റ് തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. ഇവ ത്വക്ക് കണ്ണ് എന്നിവക്ക് ഗുരുതരമായ രീതിയില്‍ വിളര്‍ച്ച ഉണ്ടാക്കുകയും അത് കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. കണ്മഷികളില് തിളക്കം നല്കാന് ഉപയോഗിക്കുന്ന ഫ്താലേറ്റ് എന്ന രാസവസ്തു വന്ധ്യത, ഹോര്‍മോണ്‍ ഉല്പാദനത്തിലെ ക്രമക്കേടുകള്‍, കാന്‍സര്‍ എന്നിവയുണ്ടാക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.
സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്ന ഒരു സ്ത്രീ ദിവസം 515-ലധികം രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫൗണ്ടേഷന് ക്രീമില്‍ മാത്രം 24-ഓളം രാസ വസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്. ഐ ഷാഡോയില്‍ 26, ബ്ലഷറില്‍ 16, ലിപ്സ്റ്റിക്കില്‍ 33, നെയില്‍ വര്ണിഷില് 31, പെര്‍ഫ്യൂമില്‍ 400, ബോഡിലോഷനില്‍ 30 എന്നിങ്ങനെയാണ് വിവിധ ഉല്പന്നങ്ങളില് അടങ്ങിയിരിക്കുന്ന മാരക രാസവസ്തുക്കളുടെ അളവ്. ഇവയില്‍ പലതും മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ കാന്‍സര്‍ മുതല്‍ വൃക്ക തകരാര്‍ വരെ സംഭവിക്കാന്‍ സാധ്യതയുള്ളതാണ്. ഇതില്‍ പല രാസവസ്തുക്കളും വിദേശ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ളവയുമാണ്.
കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയിലെ ബെര്‍ക്ക്ലീസ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, മുപ്പതോളം ഇനം ലിപ്സ്റ്റിക്കുകളുപയോഗിക്കുന്ന 1700 സ്ത്രീകളെ വെച്ച് പഠനം നടത്തിയപ്പോള്‍ അവര്‍ ഉപയോഗിച്ചിരുന്ന മിക്ക ലിപ്സ്റ്റിക്കുകളിലും കാഡ്മിയം, ലെഡ്, ക്രോമിയം, മാംഗനീസ്, അലൂമിനിയം എന്നീ ലോഹങ്ങളും വിഷാംശമുള്ള രാസവസ്തുക്കളും ചേര്‍ക്കുന്നതായി കണ്ടെത്തി. ഇത്തരം ലിപ്സ്റ്റിക്കുകളുടെ ഉപയോഗം മൂലം സ്ത്രീകളില്‍ ലൈംഗിക ശേഷിക്കുറവും വന്ധ്യതയും ഉണ്ടാകുന്നു. ഗര്‍ഭിണികളുടെ ഉപയോഗം ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് മാരക രോഗങ്ങളുണ്ടാവാനും കാരണമാകുന്നു. മാതാവിന്റെ പൊക്കിള്‍ കൊടി വഴിയെത്തുന്ന ലെഡ് കുട്ടിയുടെ തലച്ചോറിലേക്ക് ആഗിരണം ചെയ്യപ്പെട്ട് നാഡീ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും സ്വഭാവ വൈകല്യങ്ങള്‍ കുട്ടിയില്‍ പ്രകടമാവുകയും ചെയ്യുന്നുവെന്നും പഠനത്തിലുണ്ട്. ത്വക്കിന്റെ മൃദുത്വം നിലനിര്‍ത്തുന്നതിനും അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കാതിരിക്കാനും വേണ്ടി ചര്‍മ്മത്തില്‍ തേക്കുന്ന മോയിസ്ച്ചറയ്സറില് അടങ്ങിയിട്ടുള്ള ഡിറ്റര്‍ജന്റും മറ്റു കെമിക്കലുകളും യഥാര്‍ത്ഥത്തില്‍ ത്വക്കിന്റെ ആര്‍ദ്രത നഷ്ടപ്പെടാന്‍ മാത്രമാണു കാരണമാകുന്നത്. തൊലി നിറം വെളുപ്പിക്കാനുള്ള ഫേസ്ബ്ലീച്ചും ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കുന്ന കെമിക്കലുകള്‍ ചേര്‍ന്നതാണ്.
ടാല്‍ക്കം പൗഡറിന്റെ അമിതോപയോഗം സ്ത്രീകളില്‍ അണ്ഡാശയ കാന്‍സറിനുള്ള സാധ്യത 24 ശതമാനം കൂട്ടുന്നുവെന്ന് കാന്‍സര്‍ പ്രിവന്‍ഷന്‍ റിസേര്‍ച്ച് ജേണല്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും അണ്ഡാശയ കാന്‍സര്‍ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ വളരെ ഗൗരവത്തോടെ കാണേണ്ടതു തന്നെയാണിത്. ആസ്ത്രേലിയയില്‍ ഓരോ വര്‍ഷവും നടത്തുന്ന കണക്കുകളനുസരിച്ച് 1300 ഓ അതില്‍ കൂടുതലോ പേര്‍ക്ക് പുതുതായി അണ്ഡാശയ കാന്‍സര്‍ ബാധിക്കുന്നു. പ്രതി വര്‍ഷം 800 സ്ത്രീകള്‍ ഇതു മൂലം മരണപ്പെടുകയും ചെയ്യുന്നു. രോഗം വളരെ മൂര്‍ഛിച്ചതിന് ശേഷം മാത്രം ലക്ഷണങ്ങള്‍ പ്രകടമാവുന്നത് കൊണ്ട് നിശ്ശബ്ദ കൊലയാളി എന്ന പേരിലാണ് അണ്ഡാശയ കാന്‍സര്‍ അറിയപ്പെടുന്നത്. കാന്‍സര്‍ ബാധിതരായ 8,525 സ്ത്രീകളിലെയും കാന്‍സര്‍ ബാധിതരല്ലാത്ത 9,800 സ്ത്രീകളിലെയും പൗഡര്‍ ഉപയോഗം താരതമ്യം ചെയ്തു നടത്തിയ പഠനത്തില്‍ സ്ഥിരമായി ടാല്‍ക്കം പൗഡര്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് അണ്ഡാശയ കാന്‍സര്‍ വരാനുള്ള സാധ്യത വളരെയധികമാണെന്ന് അമേരിക്കയിലെ ബോസ്റ്റണിലുള്ള ബ്രിഗ്ഹാം വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനവും പറയുന്നു. വ്യക്തിശുചിത്വം പാലിക്കാന്‍ വേണ്ടി പതിവായി ടാല്‍ക്കം പൗഡര്‍ ഉപയോഗിക്കുന്നവരാണത്രെ 40 ശതമാനം സ്ത്രീകളും.
കണ്മഷി ഉപയോഗിക്കുമ്പോഴും മാരക വിഷമായ ഈയം ശരീരത്തില്‍ നേരിട്ടെത്തുന്നു. വായുവിലും ജലത്തിലും മണ്ണിലുമെല്ലാം സാധാരണമായി കാണപ്പെടുന്ന ഈയം ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും തൊലിയിലൂടെയും മനുഷ്യ ശരീരത്തിലെത്തുന്നുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കളിലൂടെ ശരീരത്തില്‍ നേരിട്ടെത്തുന്ന ഈ ലോഹം എല്ലാ അവയവങ്ങളെയും ബാധിക്കുകയും നാഡീ വ്യവസ്ഥയെ തകിടം മറിക്കുന്ന വിധത്തില്‍ തലച്ചോറിനെ തകരാറിലാക്കുകയും ചെയ്യുന്നു. കുട്ടിയുടെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്നതിനു വേണ്ടി ദിവസവും ഷാംപൂ ഉപയോഗിക്കുന്ന രക്ഷിതാക്കളും കരുതിയിരിക്കേണ്ടതാണ്. ദിനേനെയുള്ള ഷാംപൂ ഉപയോഗം മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാനും തന്മൂലം മുടിയുടെ സൗന്ദര്യവും ആരോഗ്യവും നശിക്കാനും കാരണമാകുന്നു. മാത്രമല്ല നിരന്തരമുള്ള ഷാംപൂ പ്രയോഗം അകാല നരക്കും അമിത മുടികൊഴിച്ചിലിനും ഇടവരുത്തുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സൗന്ദര്യ വര്‍ധക വസ്തുക്കളുടെ തണലില്‍ ജീവിക്കുന്ന ചലച്ചിത്ര നടിമാരെയും സൗന്ദര്യ റാണികളെയും അന്ധമായി അനുകരിക്കുന്ന കുടുംബിനികളും കൗമാരക്കാരികളുമാണ് ഇത്തരത്തിലുള്ള അപകടത്തില്‍ ചെന്നു ചാടുന്നത്. കൃത്രിമ ചമയങ്ങളെ യഥാര്‍ത്ഥ സൗന്ദര്യമായി അവതരിപ്പിക്കുന്ന സിനിമകള്‍ക്കും ടി.വി സീരിയലുകള്‍ക്കും നവസമൂഹത്തിന്റെ മാര്ഗച്യുതിയില് അനല്പമായ പങ്കുണ്ട്. സൗന്ദര്യ മത്സരങ്ങള്‍ക്കും ഫാഷനും അമിത പ്രാധാന്യം നല്കുന്ന മാധ്യമങ്ങളും ടി.വി ചാനലുകളും അവയിലെ പരസ്യങ്ങളും വികലമായ ധാരണകളാണ് സമൂഹത്തില്‍ വളര്‍ത്തിയെടുക്കുന്നത്.
സ്ത്രീകളുടെ സൗന്ദര്യ ഭ്രമം മുതലെടുത്ത് തടിച്ച് കൊഴുക്കാനുള്ള കുത്തകക്കമ്പനികളുടെ ചതിക്കുഴികളില്‍ നിന്ന് രക്ഷപ്പെടാനും ശരീരത്തിന്റെ അഴകിലല്ല, ഹൃദയത്തിന്റെ നന്മയിലാണ് മനുഷ്യന്റെ യഥാര്‍ത്ഥ സൗന്ദര്യമെന്ന ബോധത്തോടെ ജീവിക്കാനും ബുദ്ധിയും തന്റേടവുമുള്ള സ്ത്രീകള്‍ തയ്യാറാവുക തന്നെ വേണം. മക്കളെയും അങ്ങനെ വളര്‍ത്തണം. നബി(സ്വ) പറയുന്നു: ‘നിശ്ചയം അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ നോക്കുകയില്ല. പ്രത്യുത അവന് നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്’ (സ്വഹീഹ് മുസ്ലിം). മറ്റൊരു നബി വചനം ഇങ്ങനെ: ‘നിശ്ചയം ശരീരത്തിലൊരു മാംസക്കഷ്ണമുണ്ട്. അതു നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അതു മോശമായാല്‍ ശരീരം മുഴുവന്‍ മോശമായി. അറിയുക, അതത്രെ ഹൃദയം’ (സ്വഹീഹുല്‍ ബുഖാരി).
സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്‍