ഗർഭിണിയായതിന്റെ സന്തോഷ നിമിഷങ്ങൾക്കിടയിൽ ഹാജറ ബീവി(റ)യെ മാനസികവിഷമത്തിലാക്കുന്നതായിരുന്നു വീട്ടിൽ നടന്ന സംഭവങ്ങൾ. ഹാജറ ഗർഭിണിയായതിൽ ഇബ്‌റാഹീം നബി(അ)യും വലിയ സന്തോഷത്തിലാണ്. തന്റെ ഭാര്യ സാറയുമായുള്ള നീണ്ടകാലത്തെ ദാമ്പത്യജീവിതത്തിൽ ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ അടിമയായ ഹാജറിലൂടെ കുടുംബത്തിലേക്ക് സന്തോഷം വിരുന്നെത്തിയിരിക്കുന്നു. അപ്പോഴാണ് വീട്ടിലെ അന്തരീക്ഷം മ്ലാനമാകുന്നത്. വീട്ടുകാർക്ക് എന്തൊക്കെയോ മാറ്റം സംഭവിച്ച പോലെ. ഹാജറയെ കുറിച്ചവർക്കിപ്പോൾ ഇല്ലാത്ത കുറ്റമില്ല. ഇബ്‌റാഹീം നബി(അ) എന്തു ചെയ്യണമെന്നറിയാതെ അസ്വസ്ഥനായി. തനിക്ക് പുത്രസൗഭാഗ്യവുമായി വന്ന ഹാജറയെ ഉപേക്ഷിക്കാനും വയ്യ, വീട്ടുകാരിയെ പിണക്കാനും പറ്റില്ല. സാറയിലൂടെ സാധിക്കാത്ത വിശേഷങ്ങൾ ഹാജറിലൂടെ ലഭിക്കുന്നതിലുള്ള സ്ത്രീസഹജമായ മാനസിക വിഷമമാണ് വീട്ടുകാരിൽ ചിലർ പ്രകടിപ്പിക്കുന്നത്. നബിക്ക് കാര്യം മനസ്സിലായി. സമ്മർദം അധികമാവുകയാണ്. ഇബ്‌റാഹീം(അ) അല്ലാഹുവിന്റെ തീരുമാനം കാത്തുനിന്നു.
ഹാജറിന്റെ നെഞ്ചിടിപ്പ് കൂടി. ഇനി എന്തു തീരുമാനമാണ് ഉണ്ടാവുക. ഈ ഘട്ടത്തിൽ യജമാനൻ തന്നെ ഉപേക്ഷിക്കുമോ? വീടിന് പുറകിലുള്ള നദിക്കരയിലിരുന്ന് സങ്കടത്തോടെ ഹാജർ ഓരോന്ന് ആലോചിച്ചുകൂട്ടി. ഹാജറിന്റെ മനസ്സിൽ ആശ്വാസത്തിന്റെ കുളിര് പകർന്നു കൊണ്ട് ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. മലക്ക് ബീവിയോട് പറഞ്ഞു: ‘ഹാജർ, ഭയപ്പെടരുത്. നിങ്ങൾ ഗർഭം ധരിച്ചിരിക്കുന്ന കുട്ടി അതുല്യനാണ്. നിങ്ങൾക്കവൻ നന്മയാകും. കുഞ്ഞിന് ഇസ്മാഈൽ എന്ന് പേരിടണം.’ ഹാജറ ബീവിക്ക് ആശ്വാസമായി. അലൗകികമായ ഇടപെടൽ ഉണ്ടായിരിക്കുന്നു. ഇനി സംഭവിക്കുന്നതെല്ലാം നല്ലതിനായിരിക്കും എന്ന ഉറപ്പിൽ മഹതി ക്ഷമയോടെ കാത്തിരുന്നു.
ആ കുടുംബത്തിലെ അസ്വസ്ഥത പരിഹരിക്കാൻ അല്ലാഹുവിന്റെ നിർദേശം വന്നു. ഹാജറയെ ദൂരെ ദിക്കിലേക്ക് കൊണ്ടുപോവുക. ബുറാഖെന്ന അത്ഭുത വാഹനം ആകാശത്ത് നിന്നും ഇറങ്ങി വന്നു. ഇബ്‌റാഹീം നബി(അ)യും കൈകുഞ്ഞും ബീവിയും അതിൽ കയറി പുറപ്പെട്ടു. ഇടക്ക് പച്ചപ്പുള്ള പ്രദേശങ്ങൾ കാണുമ്പോഴെല്ലാം പ്രവാചകൻ മാലാഖയോട് ചോദിക്കും; ‘ഇവിടെ ഇറങ്ങുകയല്ലേ?’ നമ്മുടെ ലക്ഷ്യസ്ഥാനം എത്തിയിട്ടില്ല എന്നാവും മറുപടി.
അവസാനം മക്കയിലെ മരുപ്പറമ്പിലെത്തിയപ്പോൾ മലക്ക് ആജ്ഞാപിച്ചു: ‘ഇവിടെ ഇറങ്ങുക.’ ചരിത്രനിയോഗമായിരുന്നു ഇത്.
‘ഇവിടെയോ? ഒരു പുല്ലുപോലും മുളക്കാത്ത, ആൾ താമസമില്ലാത്ത ഈ മരുപ്പറമ്പിലോ?’
‘അതേ, ഇവിടെ വെച്ചാണ് നിങ്ങളുടെ സന്താന പരമ്പരയിൽ നിന്ന് പ്രശസ്തനായ ഒരു നബി അയക്കപ്പെടുക. ആ നബിക്ക് നാഥന്റെ കലാം ഇവിടെ വെച്ച് പൂർത്തികരിച്ച് അവതരിക്കപ്പെടും’- മലക്ക് പറഞ്ഞു.
ഏകാന്തത മാത്രം കൂടെയുള്ള മരുഭൂമിയിൽ ഭാര്യയെയും കൈകുഞ്ഞിനെയും ഉപേക്ഷിച്ചു പോരാനായിരുന്നു അല്ലാഹുവിന്റെ കൽപന. എന്തൊരു പരീക്ഷണം! ഒരുപിടി കാരക്കയും ഒരു പാത്രം വെള്ളവും മാത്രം നൽകി തിരിഞ്ഞു നടക്കാനൊരുങ്ങുന്ന നബിയോട് ബീവി അന്വേഷിച്ചു: അല്ലാഹു പറഞ്ഞിട്ടാണോ ഞങ്ങളെ ഒറ്റക്കാക്കിപ്പോകുന്നത്? ‘അതേ’ എന്ന നബിയുടെ ഉത്തരം മതിയായിരുന്നു മഹതിക്ക്. ഭീതിതമായ മരുഭൂമിയിൽ ഏകാകിനിയായി കൈകുഞ്ഞുമായി ഭക്ഷണം പോലുമില്ലാതെ ഒറ്റപ്പെട്ട സ്ത്രീയുടെ തവക്കുലിന്റെ കരുത്ത്. താൻ കുടിച്ചു തീർക്കുന്ന കഷ്ടപ്പാടുകൾ റബ്ബിന്റെ തീരുമാനമാണെന്ന വിചാരത്തിൽ എല്ലാം സമർപ്പിക്കാൻ തയ്യാറായ ദാസിയുടെ ഭക്തിയാണിത്.
തിരിച്ചുനടക്കവെ തന്റെ കുടുംബത്തെ കാണാതായ ഘട്ടത്തിൽ ഹുജൂൻ കുന്നിന് മുകളിൽ കയറി തിരിഞ്ഞുനിന്ന് ഇബ്‌റാഹീം(അ) ദുആ ചെയ്തു: നാഥാ, എന്റെ കുടുംബത്തെ ഞാനിതാ ആരോരുമില്ലാത്ത മരുഭൂമിയിൽ പാർപ്പിച്ചിരിക്കുന്നു. അവർക്ക് നീ രക്ഷയേകണേ. മനുഷ്യ ഹൃദയങ്ങളിൽ അവരോട് സ്‌നേഹമുളവാക്കണേ. നീ അവർക്ക് ഭക്ഷണങ്ങളും പഴങ്ങളും നൽകേണമേ (14: 37).
പാരാവാരം കണക്കെ പരന്നുകിടക്കുന്ന മരുഭൂമിയിൽ ഉമ്മയും കുഞ്ഞും ജീവിക്കുന്നു! സിറിയയിൽ നിന്ന് നബി ഇടക്കിടെ സന്ദർശിക്കാൻ വരും. ബുറാഖിലാണ് വരവ്. കൈയിൽ കരുതിയ ഭക്ഷണം തീർന്നപ്പോൾ മകൻ കരയാൻ തുടങ്ങി. ശിശുവിന്റെ പശിയടക്കാൻ ആ മാതാവ് തെല്ലൊന്നുമല്ല പരിഭവപ്പെട്ടത്. ഒന്നു യാചിച്ചുവാങ്ങാൻ പോലും സമീപത്താരുമില്ലല്ലോ. ഈ മരുഭൂമി ഉണ്ടായതിനു ശേഷം മനുഷ്യ സ്പർശം ഏൽക്കാത്തതു പോലെ…
പരിസരത്തുള്ള സ്വഫാ പർവതത്തിന്റെ ഉച്ചിയിൽ കയറി നോക്കി. കണ്ണെത്തുന്ന അകലത്തൊന്നും ആരെയും കാണുന്നില്ല. ഓടിയിറങ്ങി മർവ കുന്നിലും കയറി തിരഞ്ഞു. നിരാശ തന്നെ ഫലം. ഒരുറവ പോലുമില്ല. കുഞ്ഞിന്റെ കരച്ചിലിന്റെ ശബ്ദം കൂടുന്നു. ഉമ്മയുടെ നെഞ്ച് പൊട്ടുകയാണ്. രണ്ട് മലകൾ പല പ്രാവശ്യം വെപ്രാളത്തോടെ കയറിയിറങ്ങി. ഒടുവിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. മലക്കിന്റെ ചിറക് കൊണ്ട് കുഴിച്ചയിടത്തു നിന്ന് വെള്ളം ഉറവയൊഴുകി. സംസം!! ആശ്വാസത്തിന്റെ തെളിനീരുറവ. മഹതിക്ക് ശ്വാസം നേരെ വീണതപ്പോഴാണ്.
ഇബ്‌റാഹീം നബി(അ)മിന്റെ ഭാര്യ സാറ ബീവി(റ)യുടെ അടിമയായിരുന്നു ഹാജർ(റ). വാർധക്യദശയിലെത്തിയിട്ടും സന്താനഭാഗ്യം ലഭിക്കാതിരുന്നപ്പോൾ തന്റെ ദാസിയെ ഭർത്താവിന് നൽകി സാറ. ഈ കുടുംബത്തിനൊത്തുള്ള സഹവാസം കാരണം ആദ്യ സമയത്ത് തന്നെ ഹാജർ മുസ്‌ലിമായിരുന്നു. പിന്നീടാണ് ഇബ്‌റാഹീം(അ)ന് ഹാജറിൽ ഇസ്മാഈൽ(അ) പിറക്കുന്നത്.
അല്ലാഹുവിന്റെയും തന്റെ ഭർത്താവിന്റെയും തീരുമാനങ്ങൾ അക്ഷരംപ്രതി അനുസരിച്ച ബീവി ഹാജറിനെയാണ് ചരിത്രത്തിൽ നാം കാണുന്നത്. ആരോരുമില്ലാത്ത സൈകതപ്പരപ്പിൽ കൈകുഞ്ഞുമായി കഴിയേണ്ടി വന്നാൽ പോലും എല്ലാം അല്ലാഹുവിൽ സമർപ്പിച്ച് പൂർണമായ അർപ്പണബോധത്തോടെ ജീവിച്ച മഹതിയായിരുന്നു ബീവി. പുരുഷന്മാർക്കു പോലും ഒറ്റക്കു സാധിക്കാത്ത ത്യാഗത്തിനാണ് ബീവി തയ്യാറായത്. അല്ലാഹുവിന്റെ തീരുമാനമാണെങ്കിൽ മറ്റൊരു ആധിയുമില്ലാതെ പരീക്ഷണഘട്ടം മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസമായിരുന്നു മഹതിയെ നയിച്ചത്.
ഈ സമർപ്പണത്തിനുള്ള പ്രതിഫലമായിരുന്നു ഹാജറി(റ)ന്റെ ചരിതത്തിൽ പിന്നീട് കണ്ടത്. മക്കവഴി സഞ്ചരിക്കാനിടയായ ജുർഹും ഗോത്രക്കാരിൽ പെട്ട ഒരു കുടുംബം സംസം ജലം കണ്ടു. ആ വെള്ളത്തിന്റെ ഉടമസ്ഥയെ അന്വേഷിച്ചറിഞ്ഞ് സമീപത്ത് പാർക്കാൻ സമ്മതം ചോദിച്ചു. ഹാജറ(റ) എല്ലാവർക്കും സമ്മതമരുളി. ക്രമേണ ജുർഹും ഗോത്രക്കാർ അവിടെ താമസമാക്കി. മകൻ ഇസ്മാഈൽ(അ) ആ ഗോത്രക്കാർക്കിടയിൽ വളർന്നു. അവരിൽ നിന്ന് അറബി ഭാഷയും സംസ്‌കാരവും സ്വായത്തമാക്കി. മാതാവിന്റെ വഫാത്തിന് ശേഷം ജുർഹും ഗേത്രക്കാരിയായ ഒരു പെണ്ണിനെ വിവാഹം ചെയ്ത് ജീവിച്ചു. ശേഷം ഇസ്മാഈൽ(അ) പ്രവാചകനായി. പ്രവാചകന്റെ മാതാവ് എന്ന മഹത്തായ സ്ഥാനം കൂടി ബീവിക്ക് കൈവന്നു. ചരിത്രം ബീവിയെ ഉമ്മു ഇസ്മാഈലെന്ന് ആദരവോടെ വിളിച്ചു. ഈ വിശുദ്ധ പരമ്പര അറബികളിലൂടെ സംരക്ഷിക്കപ്പെട്ടു.
ഈ പരമ്പരയിലാണ് ഖുറൈശികൾ കടന്നുവരുന്നത്. അടിമയും അന്യനാട്ടുകാരിയുമായ ഹാജറ(റ)യുടെ പരമ്പരയിൽ ഖുറൈശി പ്രമുഖൻ അബ്ദുല്ലക്ക് അന്ത്യപ്രവാചകർ മുഹമ്മദ് നബി(അ)യുടെ തിരുപ്പിറവി സംഭവിച്ചതോടെ ഹാജറിന്റെ മഹത്ത്വവും ഗരിമയും പിന്നെയും വർധിച്ചു. ബീവിയെ ആദരിച്ചുകൊണ്ട് അന്ത്യദൂതർ പലപ്പോഴും വാചാലരായിട്ടുണ്ട്. ഒരിക്കൽ തിരുനബി(സ്വ) പറഞ്ഞു: ഖിബ്ത്വികൾ നിങ്ങളുടെ അടിമകളായി വന്നാൽ അവരോട് നിങ്ങൾ നല്ല നിലയിൽ വർത്തിക്കുക. അവരുമായി നമുക്കൊരു കുടുംബബന്ധമുണ്ട്. ഹാജറ ബീവിയെ ഉദ്ദേശിച്ചാണിത് പറഞ്ഞത്. കാരണം അവർ ഖ്വിബ്ത്വിയായിരുന്നു (ത്വബഖാത്ത് 149). പൊതുവെ അടിമകളോട് നല്ല നിലയിൽ പെരുമാറാൻ കൽപിച്ച നബി(സ്വ) ഖിബ്ത്വികൾക്ക് കൂടുതൽ പരിഗണന നൽകി. തിരുനബിയുടെ ജീവിതത്തിന്റെ ഭാഗമായിത്തീർന്ന മാരിയ എന്ന ദാസിയും ഖിബ്ത്വി വംശജയായിരുന്നു.
മറ്റൊരിക്കൽ റസൂൽ(സ്വ) പറഞ്ഞു: ‘ഉമ്മു ഇസ്മാഈലിന് അല്ലാഹു അനുഗ്രഹം ചെയ്യട്ടെ. അവരെങ്ങാനും അന്ന് സംസം(അടങ്ങൂ) എന്ന് പറഞ്ഞില്ലായിരുന്നുവെങ്കിൽ അത് ഇന്നും നിറഞ്ഞൊഴുകുമായിരുന്നു.
വിശുദ്ധ ഹജ്ജിന്റെ ഭാഗമായുള്ള കർമങ്ങളിലും ബീവി കടന്നുവരുന്നു. സഫാ മർവകൾക്കിടയിലൂടെ ഹാജിമാർ നിർബന്ധ സഅ്‌യ് നടത്തുമ്പോൾ അവർ യഥാർഥത്തിൽ ബീവിയുടെ കാൽപ്പാടുകൾ തേടി നടക്കുകയാണ് ചെയ്യുന്നത്. ഹാജറ ബീവി(റ)യുടെ മാതൃസ്‌നേഹത്തിന്റെ മധുര രുചിയുള്ള സംസം ഉറവ കോടിക്കണക്കിനു പേർ കുടിച്ചുകൊണ്ടിരിക്കുന്നു. ആ വെള്ളം കുടിക്കാത്ത വിശ്വാസികളുണ്ടാകുമോ? ഉമ്മു ഇസ്മാഈലിനെ വിസ്മരിച്ചുകൊണ്ട് സംസം കുടിക്കാൻ ആർക്കാണ് കഴിയുക?

നിശാദ് സിദ്ദീഖി രണ്ടത്താണി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

ഖുര്ആന്‍: അവതരണം, ക്രോഡീകരണം

ഒന്നാം ആകാശത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ ഒറ്റത്തവണയായി അവതരിപ്പിക്കപ്പെട്ടു. പിന്നീട് അല്ലാഹു അവയെ ഭാഗങ്ങളാക്കി ക്രമേണ നബി(സ്വ)ക്ക്…