ഇസ്‌ലാമിക നാഗരികതയും മുസ്‌ലിം (Islamic Civilization and Muslim Networks)  എന്ന തലക്കെട്ടിൽ ചാപ്പൽ ഹില്ലിലെയും ലണ്ടനിലെയും യൂണിവേഴ്‌സിറ്റി ഓഫ് നോർത്ത് കരോലിന പ്രസ് പുറത്തിറക്കുന്ന പുസ്തക പരമ്പരയിലെ ശ്രദ്ധേയമായ ഗ്രന്ഥമാണ് “Muslim Networks; From Hajj to Hip Hop.’  ഇസ്‌ലാമിക സാമൂഹിക ശാസ്ത്ര/നരവംശ ശാസ്ത്ര പഠനങ്ങളിൽ അനൽപമായ സംഭാവനകൾ അർപ്പിച്ച മിറിയാം കുക്കിയും ബ്രുഹ് ബി ലോറൻസും എഡിറ്റർമാരായ പ്രസ്തുത പുസ്തകത്തിൽ ഹജ്ജിനെക്കുറിച്ച് അക്കാദമിക ലോകത്തെ പതിനഞ്ചോളം പണ്ഡിതന്മാരുടെ പഠനങ്ങളുണ്ട്.

മുസ്‌ലിം സമൂഹങ്ങളെക്കുറിച്ച് പരമ്പരാഗതമായി ഓറിയന്റൽ/കൊളോണിയൽ വീക്ഷണങ്ങളിൽ ഊന്നി നിന്നുള്ള പുസ്തകങ്ങളിൽ നിന്നും തീർത്തും വേറിട്ട വായനാനുഭവമാണ് ഈ കൃതി നൽകുന്നത്. ഇസ്‌ലാമിക നാഗരികത സാംസ്‌കാരിക ഹീനവും അപരിഷ്‌കൃതവുമെന്ന് കൊളോണിയൽ ബുദ്ധീജീവികളും സാഹിത്യകാരന്മാരും എഴുതിവെച്ച ഭീകരമായ തെറ്റുകൾക്ക് വളരെ സർഗാത്മകമായ പദാവലികളും, നിറഞ്ഞ ആശയങ്ങളും വസ്തുതകളും കൊണ്ട് തിരുത്ത് നൽകാൻ ഈ പുസ്തകത്തിന് സാധിക്കുന്നുണ്ട്. ലോകചരിത്രത്തിലെ സമാനതകളില്ലാത്ത സാംസ്‌കാരിക മേൽകൊയ്മ കാത്തുസൂക്ഷിച്ചിരുന്ന ഇസ്‌ലാമിക നാഗരികതയുടെ ആധ്യാത്മികതയിലൂന്നിയ ധൈഷണികവും മാനവികവും ധാർമികവുമായ സ്വഭാവ വൈശിഷ്ഠ്യവും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് ഈ പുസ്തകത്തിലെ ഒരോ ഗവേഷണ പ്രബന്ധവും.

മുസ്‌ലിം ആരാധനാ കർമങ്ങളിലെ സവിശേഷമായ ഹജ്ജ്, മുസ്‌ലിംങ്ങൾക്കിടയിൽ നിർമിച്ചെടുക്കുന്ന സജ്ജീകരണ തത്ത്വവും സഹിഷ്ണുതാ മനോഭാവവും വരച്ചു കാണിച്ചാണ് തുടക്കം. ഹജ്ജ് എന്ന ആരാധനാ മുറയുടെ സൗന്ദര്യാത്മകതയും ആത്മീയാനുഭൂതിയും വിവരിക്കുന്ന സാഹിത്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഹജ്ജിന്റെ സാമൂഹിക ശാസ്ത്രവും നരവംശശാസ്ത്രവും അന്വേഷിക്കുന്നത് പുതിയ അനുഭവമാണ്.

വ്യത്യസ്തമായ ദേശങ്ങൾ, വ്യതിരിക്തമായ സാസ്‌കാരിക ശീലങ്ങൾ, വേറിട്ട വംശപരമ്പരകൾ, പരസ്പരം അന്യമായ ഭാഷകൾ തുടങ്ങിയ മനുഷ്യ സമൂഹങ്ങളിലെ വൈവിധ്യങ്ങൾ സവിശേഷമായ ഒരു ഭൂമിശാസ്ത്രത്തിൽ(മക്ക), ഏകദേശം ഒരു മാസത്തോളം, ഒരേ ലക്ഷ്യവും ഒരേ വേഷവും ശൈലിയുമുപയോഗിച്ച് നടത്തുന്ന ആരാധനാ മുറയായ ഹജ്ജ് ഇസ്‌ലാം എന്ന മതത്തിന്റെ സാർവജനീയ സ്വഭാവം വിളിച്ചോതുന്നതാണ്. പതിനാല് നൂറ്റാണ്ടുകൾക്കു മുമ്പ് ഹജ്ജിന്റെ ഭൂമിയായ അറേബ്യയുടെ തെക്ക് അറബിക്കടൽ കടന്ന് ദക്ഷിണേഷ്യയിലേക്കും പേർഷ്യൻ ഉൾക്കടൽ കടന്ന് മധ്യേഷ്യയിലേക്കും പടിഞ്ഞാറൻ ചെങ്കടലിലൂടെ ആഫ്രിക്കയിലേക്കും വടക്ക് മെഡിറ്ററേനിയൻ തിരമാലകളെ ഭേദിച്ച് പടിഞ്ഞാറിലേക്കും ഒഴുകിപ്പരന്ന് വിവിധ ദേശങ്ങളിലേക്കും വംശങ്ങളിലേക്കും ഇസ്‌ലാം എത്തി. ഇസ്‌ലാമിക പ്രബോധകർ, മക്ക എന്ന ദേശത്തുള്ള പ്രവാചകൻ വഴി ലഭിച്ച വിശുദ്ധ ഇസ്‌ലാം എന്ന സാർവ ലൗകികവും കാലികവുമായ മതത്തിന്റെ ഉൾവാഹകർ എല്ലാ വർഷവും ഒത്തു ചേരുന്നത് മനുഷ്യ ചരിത്രത്തിലെ അതിവിശിഷ്ടവും അത്യപൂർവവുമായ പ്രതിഭാസമാണ്.

വ്യത്യസ്ത ധാരയിലുള്ള കർമ്മശാസ്ത്രം അനുഷ്ഠിക്കുന്നവരും, വേറിട്ട വിശ്വാസ ശാസ്ത്രത്തെ പിൻപറ്റുന്നവരും ഒരുമിച്ചിരിക്കുമ്പോൾ സംഘർഷങ്ങൾ ഉണ്ടാവുന്നില്ല. ഇസ്‌ലാമിന്റെ ഇത്തരം വ്യതിരിക്തമായ കർമ്മ-വിശ്വാസ ധാരകൾ ഇസ്‌ലാം എന്ന അതിവിശാലമായ ആശയ സാമ്രാജ്യത്വത്തിന്റെ വൈവിധ്യങ്ങളെ ഉൾകൊള്ളുന്ന സുന്ദരമായ അവസ്ഥാവിശേഷത്തെ കുറിക്കുന്നതാണ് എന്ന് ചുരുക്കം. ‘നിങ്ങളെ ഞാൻ വിവിധ ഗോത്രങ്ങളും വംശങ്ങളുമാക്കിയത് നിങ്ങൾക്ക് പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രമാണ്, സ്രഷ്ടാവിന്റെ അടുക്കൽ വിജയിക്കുന്നവർ ഉത്തമ വിശ്വാസികൾ മാത്രമാണ്’ എന്ന ദൈവിക വചനത്തിന്റെ പൊരുൾ ഹജ്ജിന്റെ അന്തരാളങ്ങളിൽ ഊറിക്കിടക്കുന്നുണ്ട്.

മുസ്‌ലിം സാമൂഹിക സങ്കൽപത്തിലെ ‘ഉമ്മത്ത്’ എന്ന ആശയത്തിന്റെ ജൈവിക പ്രതിഫലനം ഹജ്ജിൽ കാണാൻ കഴിയും. വ്യത്യസ്ത കാല-ദേശങ്ങളിലുള്ള വിശ്വാ സികളെ പലപ്പോഴും ഇസ്‌ലാം മൊത്തത്തിൽ ‘ഉമ്മത്ത്’ എന്ന വിശേഷണത്തിലാണ് അഭിസംബോധന ചെയ്തത്. മധ്യവർതിത്വം, ബഹുസ്വരത, സമാധാനം, സഹിഷ്ണുത തുടങ്ങിയ മുസ്‌ലിംകളിൽ പൊതുവെ കണ്ടുവരാറുള്ള ഗുണ വിശേഷണങ്ങൾ എത്ര ലളിതമായാണ് ഹജ്ജിൽ സന്നിവേശിപ്പിച്ചിട്ടുള്ളത്.

‘ഇസ്‌ലാമിക സ്റ്റേറ്റ്’ ഭീകരവാഴ്ചയുടെ കാലത്ത്, ഇസ്‌ലാമോ ഫോബിയ അതിവേഗം വിളവെടുപ്പ് നടത്തുന്ന അവസരങ്ങളിൽ-ഇസ്‌ലാം/മുസ്‌ലിം വിമർശകർക്ക് ഇസ്‌ലാമിന്റെ സമീകരണവും സഹിഷ്ണുതയും അനുഭവിച്ച് പഠിക്കാനുള്ള അവസരമാണ് ഹജ്ജ് വേളകൾ. വൈവിധ്യങ്ങൾക്കിടയിലും അവർക്കിടയിലൂടെ പരസ്പരം ബന്ധിതമായി, കണ്ണികളായി കോർത്തിണക്കിയ ഒരു ശൃംഖലാ വ്യവഹാരം കാണാൻ സാധിക്കും.

സഞ്ചാരമാണ് ഹജ്ജിന്റെ മറ്റൊരു സവിശേഷത. ഇസ്‌ലാമിക ചരിത്രത്തിൽ പലായനം, സഞ്ചാരം തുടങ്ങിയ അനുഭവങ്ങൾ അതിമനോഹരമായി മുസ്‌ലിം നാഗരിക വളർച്ചയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തിരുപ്രവാചകർ(സ്വ)യുടെ സന്നിധിയിൽ നിന്ന് വിശ്വാസ വെളിച്ചം സ്വീകരിച്ച ആദ്യകാല വിശ്വാസിസമൂഹം അറബികളായിരുന്നു. തിരുപ്രവാചകാഗമനത്തിന്റെ മുമ്പു തന്നെ കച്ചവട സഞ്ചാരങ്ങൾ ജീവിതത്തിന്റെ ഭാഗമായിരുന്നു അറബികൾക്ക്. തിരുപ്രവാചകാഗമനാനന്തരം, കച്ചവട സഞ്ചാരത്തിന്റെ ശൈലി പ്രബോധന സഞ്ചാരത്തിലേക്കു മാറി. ഇസ്‌ലാമിക സമൂഹത്തിന്റെ വിപുലമായ വ്യാപ്തി നിർണ്ണയിക്കുന്നതിൽ, കച്ചവടത്തോടൊപ്പം കടൽ കടന്ന ആത്മജ്ഞാനികളുടെ പങ്ക് പ്രധാനമാണ്. വ്യവസായി-ആത്മജ്ഞാനി(ങ്യേെശരങലൃരവമി)േ ദ്വന്ദങ്ങൾ സഞ്ചാരികൾക്കായി വിവിധ നാടുകളിലേക്ക് വെട്ടിത്തെളിച്ച വഴികളിലൂടെ കാലാന്തരം, അവരുടെ സന്ദേശങ്ങൾ സ്വീകരിച്ച വിശ്വാസി സമൂഹം തിരിച്ച് മക്കയിലേക്ക് തന്നെ വർഷത്തിൽ നടന്നടുക്കുമ്പോൾ, ഹജ്ജ് വിശ്വാസികൾക്ക് തങ്ങളുടെ നാഗരിക വളർച്ചയുടെ ചരിത്ര മുഹൂർത്തങ്ങളെ അയവിറക്കാനുള്ള ഒരു അവസരമായും മാറുകയാണ്.

ഇത്തരം വിശിഷ്ടമായ സഞ്ചാരങ്ങളെ സർഗാത്മകമായി മുസ്‌ലിം സഞ്ചാരികൾ താളുകളിലാക്കി വെച്ചിട്ടുണ്ട്. പത്തു മുതൽ പതിനഞ്ച് വരെ നൂറ്റാണ്ടുകളിൽ വളർച്ച പ്രാപിച്ച മുസ്‌ലിം ലോകത്തെ ‘സഞ്ചാരസാഹിത്യം’ (അദബു-രിഹ്‌ല) ആത്മീയോർകർഷത്തിന്റെയും ചരിത്രോപബോധത്തിന്റെയും നാഗരിക തുടർച്ചകളുടെയും വിശേഷങ്ങൾ പങ്കുവെക്കുന്ന വിജ്ഞാന കുറിപ്പുകളാണ്. ഹജ്ജ് വിശേഷങ്ങൾ പങ്കുവെക്കുന്ന സാഹിത്യങ്ങൾ മുസ്‌ലിംകൾക്കും ഇസ്‌ലാമിനെ അറിയാൻ കൊതിക്കുന്നവർക്കും വലിയൊരു മുതൽകൂട്ടായി. ഇബ്‌നു ബതൂത, ഹാജി മുറാദ്, മൽകം എക്‌സ്(മാലിക് ശഹബാൻ), തുടങ്ങിയവരുടെ ക്ലാസിക് സാഹിത്യങ്ങൾ മുതൽ, സാധാരണക്കാരായ നിഷ്‌കളങ്ക വിശ്വാസികൾ മക്കയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് അയച്ച കത്തുകൾ വരെ ആത്മീയതയും സർഗാത്മകതയും ഉൾചേർന്ന സാഹിത്യ സൃഷ്ടികളായി ശ്രദ്ധ നേടി.

ഇസ്‌ലാം പേടിയുടെ വിത്തുകൾ പുതിയ ‘ഇസ്‌ലാമിക സ്റ്റേറ്റ്’ ഭീകരവാഴ്ചയുടെ കാലത്ത് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഭീകരൻമാരായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ, ഹജ്ജിലൂടെ ഇസ്‌ലാം ലോകത്തോട് വിളിച്ച് പറയുന്ന മാനവികതയിലേയും സഹിഷ്ണുതയിലേക്കും ലോക സമാധാനത്തിലേക്കും നോക്കുന്നത് നല്ലതായിരിക്കും.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ