ഇസ്ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളിൽ രണ്ടാമത്തേതാണ് സുന്നത്ത് അഥവാ പ്രവാചക ചര്യ. ഒന്നാം പ്രമാണമായ വിശുദ്ധ ഖുർആന്റെ വ്യാഖ്യാനമാണത്. ഖുർആനിന്റെ വിശദീകരണം തിരുനബി(സ്വ)യുടെ പ്രധാന ഉത്തരവാദിത്വമായാണ് അല്ലാഹു പഠിപ്പിച്ചിട്ടുള്ളത്. ‘ഈ ഉദ്ബോധനം നാം താങ്കൾക്കവതരിപ്പിച്ചിട്ടുള്ളത് താങ്കൾ അതവർക്ക് വിശദീകരിച്ചു കൊടുക്കാനും അവർ ചിന്തിക്കുന്നതിനും വേണ്ടിയാണ്’ (അന്നഹ്ൽ 44).
നബി(സ്വ)യുടെ ജീവിതമാണ് ഇസ്ലാം. അവിടത്തെ വാക്കും പ്രവൃത്തിയും അംഗീകാരവും തിരുചര്യകളാണ്. റസൂൽ നിങ്ങൾക്ക് നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. വിലക്കിയതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുക എന്നും ഖുർആൻ നിർദേശിച്ചു. അല്ലാഹുവിനെ അനുസരിക്കുക എന്നതിനോട് ചേർത്തുകൊണ്ട് നിരവധി സ്ഥലങ്ങളിൽ റസൂലിനെ അനുസരിക്കുക എന്നു ഖുർആൻ പരാമർശിച്ചിട്ടുണ്ട്. റസൂലിനെ അനുസരിച്ചവൻ അല്ലാഹുവിനെ അനുസരിച്ചു(അന്നിസാഅ് 80), നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ അനുകരിക്കുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുക്കുകയും ചെയ്യും(ആലു ഇംറാൻ 31) എന്നും ഖുർആൻ ഉണർത്തി. അൻഫാൽ 20, മുഹമ്മദ് 33, അഹ്സാബ് 71, ഫത്ഹ് 17, നിസാഅ് 8, 13, 59, 65, 69, 115, അന്നൂർ 52, 54 വചനങ്ങളും അല്ലാഹുവിനെയും നബിയെയും അനുസരിക്കണമെന്ന് ഉദ്ഘോഷിക്കുന്നവയാണ്. ഇവയുടെ വ്യാഖ്യാനങ്ങളിൽ ഇമാം റാസി(റ)യെ പോലുള്ള മഹാജ്ഞാനികൾ വിശദമായി ഇക്കാര്യം സമർത്ഥിക്കുന്നതു വായിക്കാം.
മഹാന്മാരായ സ്വഹാബത്താണ് തിരുചര്യയുടെ സാക്ഷികൾ. ഖുർആൻ അവരെ പരിചയപ്പെടുത്തിയതും അങ്ങനെയാണ്. നബിയെ കണ്ടും കേട്ടും ചോദിച്ചും അവർ ഇസ്ലാമിനെ ഉൾക്കൊണ്ടു. സ്വഹാബി വനിതകൾ പോലും സാധ്യമായ രീതിയിൽ ഈ മാർഗം സ്വീകരിച്ചവരാണ്. സ്വന്തമായി ചോദിക്കാൻ സാധിക്കാത്തവർ മറ്റുള്ളവരിലൂടെ നബിയോട് ചോദ്യങ്ങൾ ഉന്നയിച്ചു. ചില സ്ത്രീകൾ പ്രവാചക ഭാര്യമാരിലൂടെയാണ് നിവാരണം തേടിയത്. ഈയർത്ഥത്തിൽ വിശുദ്ധ വേദത്തിന്റെ വ്യാഖ്യാന പതിപ്പുകളാണ് സ്വഹാബികൾ. അവരാണ് തിരുജീവിതം അനുഭവിച്ചത്. അവരിലൂടെ സുന്നത്തിന്റെ, അഥവാ ഹദീസിന്റെ പ്രസരണം നടന്നു.
സുന്നത്തിനെ സംരക്ഷിക്കുന്നതിൽ അതിതീവ്രമായ അധ്വാനമാണ് സ്വഹാബികൾ നടത്തിയത്. റസൂലിൽ നിന്നു കിട്ടുന്നതെല്ലാം അവർ സ്വായത്തമാക്കി, സംരക്ഷിച്ചു. പ്രമുഖ സ്വഹാബികളുടെ ജ്ഞാന സമ്പാദന രീതിയും അതിനുള്ള ത്യാഗവും ശ്രദ്ധേയമാണ്. ഉമർ(റ)വും തന്റെ അയൽക്കാരനും ഊഴമിട്ടാണ് ജോലിയും നബിയുടെ സദസ്സും മുന്നോട്ടു കൊണ്ടുപോയത്. ഒരു ദിവസം അയൽക്കാരൻ പ്രവാചകരിൽ നിന്നു ദീൻ പഠിക്കും, അന്ന് ഉമർ(റ) ജോലിക്കു പോകും. അന്നത്തെ വിജ്ഞാനങ്ങൾ പിന്നീട് സുഹൃത്തിനോട് ചോദിച്ചു പഠിക്കും. പിറ്റേന്ന് അദ്ദേഹം നബി സദസ്സിലെത്തും. അയൽക്കാരൻ ജോലിക്കു തിരിക്കും. നബിയിൽ നിന്നു കേട്ട കാര്യങ്ങൾ അന്നു തന്നെ സുഹൃത്തിനെ പഠിപ്പിക്കും. ദാരിദ്ര്യം കാരണം കുടുംബം പുലർത്താനുള്ള ജോലിക്കു പോകാതെ പറ്റില്ലായിരുന്നതിനാലാണ് ഇരുവരും ഇത്തരമൊരു പോംവഴി അവലംബിച്ചത്.
ഒരു കർമശാസ്ത്ര വിധി സമ്പാദിക്കാൻ പോലും ദൂരങ്ങൾ സഞ്ചരിച്ചു മുൻഗാമികൾ. എഴുതിവെച്ചും മന:പാഠമാക്കിയുമാണ് സ്വഹാബത്ത് സുന്നത്തിന് സംരക്ഷണ വലയം തീർത്തത്. നബിയുമായി അടുത്ത ബന്ധം പുലർത്തിയവർക്ക് കൂടുതൽ ഹദീസുകൾ സമ്പാദിക്കാൻ കഴിഞ്ഞു. പല തരക്കാരായ സ്വഹാബത്തിന് ഹദീസ് ശേഖരണത്തിൽ വ്യത്യാസം വരാനുണ്ടായ ഒരു കാരണം ഇതാണ്. ഹദീസുകളുടെ പഠന രീതിയിൽ സ്വഹാബികൾ ഒരേ നിലവാരത്തിലായിരുന്നില്ല. ആദ്യകാലത്ത് ഇസ്ലാമിലെത്തിയവർ, യാത്രകളിൽ നബിയെ അനുഗമിച്ചവർ, പള്ളിയിലും അങ്ങാടിയിലുമൊക്കെയായി പ്രവാചകരെ പിന്തുടർന്നവർ, വർഷത്തിൽ ഒന്നോ രണ്ടോ വട്ടം മാത്രം റസൂലിനെ സന്ധിച്ചവർ, പ്രധാന പ്രസംഗങ്ങൾ കേട്ടവർ അങ്ങനെ തുടങ്ങി വിവിധ പശ്ചാത്തലങ്ങളുടെ മാനങ്ങൾക്കനുസരിച്ച് ഹദീസുകൾ ലഭിച്ചവരുടെയും അനുഭവിച്ചവരുടെയും എണ്ണത്തിൽ വ്യത്യാസമുണ്ടാവുക സ്വാഭാവികമാണല്ലോ. അബൂബക്കർ, ഉമർ, ഉസ്മാൻ, അലി, അബ്ദുല്ലാഹിബ്നു മസ്ഊദ്, അബൂഹുറൈറ, ഇബ്നു ഉമർ(റ) തുടങ്ങിയവരുടെ ചരിത്രം പരിശോധിച്ചാൽ ഇത് ബോധ്യപ്പെടും.
വളരെ ശ്രദ്ധയോടും കണിശതയോടെയുമാണ് സ്വഹാബികൾ ഹദീസുകളെ കൈകാര്യം ചെയ്തത്. പ്രയോഗങ്ങൾ സ്ഥാനം തെറ്റുന്നത് പോലും അവർ അതീവ ഗൗരവത്തിൽ കണ്ടു. എന്റെ പേരിൽ ആരെങ്കിലും കള്ളം പറഞ്ഞാൽ നരകത്തിൽ ഒരിടം അവർ പ്രതീക്ഷിക്കട്ടെ എന്ന തിരുവചനം ഹദീസുകൾ കൈകാര്യം ചെയ്യുന്നതിലുള്ള ജാഗ്രത ആവശ്യപ്പെടുന്നു. നബിതിരുമേനിയുമായി അതിശക്തമായ വിശ്വാസവും ആത്മബന്ധവുമുണ്ടായിരുന്ന സ്വഹാബത്ത് പ്രവാചകരുടെ മേൽ അസംബന്ധം പറയുന്നവരോ അങ്ങനെ ചെയ്യുന്നവരെ ഉൾക്കൊള്ളുന്നവരോ ആയിരുന്നില്ല. എന്റെ സ്വഹാബത്ത് വിശ്വസ്തരാണെന്ന് തിരുനബി(സ്വ) അംഗീകാരം നൽകിയവരാണവർ. സിദ്ദീഖ്(റ) പറയുകയുണ്ടായി: നബി(സ്വ) പ്രവർത്തിക്കുന്ന ഒരു കാര്യവും ഞാൻ അനുഷ്ഠിക്കാതിരിക്കുകയില്ല. അവിടന്ന് കാണിച്ചുതന്നതിൽ വല്ലതും ഉപേക്ഷിച്ചാൽ വഴി പിഴച്ചുപോകുമെന്ന് ഞാൻ ഭയപ്പെടുന്നു (മുസ്നദ് അഹ്മദ്).
ഇബ്നു ഉമർ(റ)ന്റെ പ്രസിദ്ധമായ സംഭവം ഇങ്ങനെ: അദ്ദേഹം യാത്രയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ അൽപം തെറ്റിനടന്നു. ഇതിന് അദ്ദേഹം കാരണം പറഞ്ഞത് നബി(സ്വ) അങ്ങനെയാണ് ചെയ്തതെന്നായിരുന്നു (മുസ്നദ് അഹ്മദ്). ഹദീസുകൾ ഓർമയിൽ നിന്നെടുത്ത് ഉദ്ധരിക്കുന്നതോ കൈമാറ്റം ചെയ്യുന്നതോ പോലും വളരെ സൂക്ഷ്മതയോടെയായിരുന്നു. ഹദീസുകൾ പകർന്നു കൊടുക്കുന്നത് വുളൂവോടെ ആകാനും അവർ ജാഗ്രത്തായി. തലമുറകൾക്കുള്ള കൈമാറ്റത്തിലും ബദ്ധശ്രദ്ധരായി. അബൂഹുറൈറ(റ) പറഞ്ഞു: ഞാൻ ഹദീസുകൾ എഴുതിവെക്കാറില്ല. എന്നാൽ അബ്ദുല്ലാഹിബ്നു അംർ(റ) ഹദീസുകളെഴുതിവെക്കുന്ന പ്രകൃതക്കാരനായിരുന്നു (സുനനുദ്ദാരിമി). തിരുജീവിതത്തെ പൂർണമായി ആവാഹിച്ചെടുത്ത സ്വഹാബത്തിലാണ് സുന്നത്തിന്റെ ആത്മാവ് നിലകൊള്ളുന്നത്. അവർ കൈമാറിയ അറിവിൻ പൊരുളുകളാണ് സുന്നത്തിന്റെ കാതൽ. സൂക്ഷ്മ നിരീക്ഷണത്തോടെയും ശ്രദ്ധയോടെയുമായിരുന്നു അവരുടെ ഹദീസ് സേവനങ്ങൾ.
ഹദീസ് ക്രോഡീകരണം
ഹദീസുകളുടെ സംരക്ഷണത്തിന് അതിസൂക്ഷ്മമായ മാർഗമാണ് പണ്ഡിതന്മാർ ആവിഷ്കരിച്ചിട്ടുള്ളത്. ഏറ്റവും ബുദ്ധിപരവും ശാസ്ത്രീയവുമായ സംവിധാനമാണത്. ഹദീസുകൾക്ക് മാത്രമല്ല ഏതൊരു വാർത്തയെയും വർത്തമാനത്തെയും പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും നിരൂപണം നടത്തുന്നതിനുമുള്ള അടിസ്ഥാന തത്ത്വങ്ങൾ കൂടിയാണത്. അതിൽ ഏറ്റവും പ്രധാനമാണ് ഇസ്നാദ് (നിവേദക പരമ്പരയുടെ ചരിത്രം). ഹദീസിന്റെ സ്വീകാര്യതക്ക് അതിന്റെ പരമ്പര പരിശോധിച്ച് ഉറപ്പുവരുത്തുകയെന്നതാണ് ഇസ്നാദിന്റെ സാരം. ഇമാം മുസ്ലിം(റ) എഴുതി: ‘സ്വഹാബത്ത് ഇസ്നാദ് ചോദിക്കാറുണ്ടായിരുന്നില്ല. സമൂഹത്തിൽ കുഴപ്പവും ഛിദ്രതയും വളർന്നപ്പോഴാണ് ഇസ്നാദ് ആവശ്യമായത്.’ വിശ്വസ്തരുടെ കാലത്ത് ഇസ്നാദിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നർത്ഥം.
ഹദീസുകളുടെ സാധുതക്ക് മാറ്റ് വരുത്താൻ ദീർഘമായ യാത്ര പോലും നടത്തിയ സ്വഹാബീ പ്രമുഖരുണ്ട്. ജാബിർ(റ) ശാമിലേക്കും അബൂഅയ്യൂബ്(റ) ഈജിപ്തിലേക്കും യാത്ര ചെയ്ത സംഭവം പ്രസിദ്ധം. നിവേദകരെ സംബന്ധിച്ചുള്ള നിശിത പരിശോധനയായിരുന്നു ഇസ്നാദിന് പുറമെ പണ്ഡിതർ ആവിഷ്കരിച്ച പ്രധാന മാർഗം. വളരെ പരന്നുകിടക്കുന്ന വിജ്ഞാന ശാഖയാണിത്. നിരവധി രചനകൾ ഈ വിഷയത്തിലുണ്ടായിട്ടുണ്ട്. നിവേദകരുടെ ജീവചരിത്രം, സ്വഭാവ രീതികൾ, മതപ്രതിബദ്ധത, സുന്നത്തിനോടുള്ള ബഹുമാനം തുടങ്ങിയവയെല്ലാം പഠന വിധേയമാക്കുകയും ശാന്തവും നിശിതവുമായി നിരൂപിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. ഇവ കൂടാതെ ഹദീസുകളുടെ സ്വീകാര്യതക്കും സംരക്ഷണത്തിനുമായി നിരവധി നിയമങ്ങൾ പണ്ഡിതന്മാർ ആവിഷ്കരിച്ചതായി കാണാം.
ഒന്നാം നൂറ്റാണ്ടിൽ തന്നെ ഹദീസുകളുടെ ശേഖരണം ആരംഭിച്ചിട്ടുണ്ട്. മന:പാഠമാക്കിയും എഴുതിവെച്ചുമായിരുന്നു അവയെല്ലാം. ആഇശ, അനസ്, മുഗീറതുബ്നു ശുഅ്ബ, അബ്ദുല്ലാഹിബ്നു മസ്ഊദ്, അബൂഹുറൈറ, ഉർവതുബ്നു സുബൈർ, സമുറതുബ്നുൽ ജുൻദുബ്(റ) തുടങ്ങിയവർ ഒന്നാം നൂറ്റാണ്ടിൽ ഹദീസ് ശേഖരണത്തിന്റെ മുൻപന്തിയിലുള്ളവരായിരുന്നു. വിശ്വാസപരവും കർമപരവുമായി ഇവരിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസുകൾ നിരവധിയാണ്. രണ്ടാം നൂറ്റാണ്ടിലെ ഹദീസ് ക്രോഡീകരണത്തിന്റെ ധീരസാന്നിധ്യമാണ് ഉമറുബ്നു അബ്ദുൽ അസീസ്(റ). അദ്ദേഹത്തിന്റെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് ഇമാം മാലികും ഇബ്നു ഇസ്ഹാഖും സുഫ്യാനുസ്സൗരി(റ)യുമെല്ലാം ഹദീസ് ഗ്രന്ഥരചനക്ക് തയ്യാറാകുന്നത്.
മദ്ഹബിന്റെ ഇമാമുകളിൽ ഹദീസ് ലോകത്ത് വലിയ സേവനമാണ് ഇമാം ശാഫിഈ(റ)യുടേത്. ഹദീസിൽ അഗ്രേസരനായിരുന്ന ഇമാമിന്റെ മദ്ഹബുകാരെ അസ്വ്ഹാബുൽ ഹദീസ് എന്നാണ് വിളിക്കുന്നത്. നാസ്വിറുസ്സുന്ന (സുന്നത്തിന്റെ സഹായി) എന്നും ശാഫിഈ(റ)ക്ക് അപരനാമമുണ്ട്. ഹദീസ് നിദാന ശാസ്ത്രത്തിൽ വേറിട്ട സമീപനങ്ങളും രീതികളും ആവിഷ്കരിച്ച ശാഫിഈ(റ)യുടെ സാന്നിധ്യം സുന്നത്തിന് വലിയ സംരക്ഷണമാണ് നൽകിയത്.
ഹദീസ് വിജ്ഞാനത്തിന് മുൻകാല പണ്ഡിത മഹത്തുക്കൾ നൽകിയ സേവനങ്ങൾ അത്യദ്ഭുതകരമാണ്. ഇസ്ലാമിന്റെ അന്തസ്സും ആത്മാവുമാണ് ഹദീസുകളെന്ന നിലയിലാണ് ഈ മഹാദൗത്യം അവർ നിർവഹിച്ചത്. മുസ്നദുകൾ, ജാമിഉകൾ, സുനനുകൾ തുടങ്ങിയ പേരുകളിലായി നൂറുകണക്കിന് വാള്യങ്ങളിലായി ഹദീസുകളെ സംരക്ഷിക്കാൻ അവർ ചെയ്ത ത്യാഗങ്ങൾ വിവരണാതീതമത്രെ. ഇമാം അഹ്മദ്, ഇസ്ഹാഖുബ്നു റാഹവൈഹി, ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്, ഇമാം നസാഈ, ഇമാം തുർമുദി, ഇബ്നു മാജ, ഇമാം ത്വബ്റാനി, ഇബ്നു ഖുസൈമ, ഇമാം ഹാകിം, ഇമാം ദാറുഖുത്വ്നി, ഇമാം ഇബ്നു ഹിബ്ബാൻ(റ) തുടങ്ങിയ മഹാമനീഷികളുടെ ത്യാഗജീവിതം ഹദീസുകൾക്കായി സമർപ്പിക്കുകയുണ്ടായി. ഹദീസ് ക്രോഡീകരിക്കുക മാത്രമല്ല, അവയുടെ സംരക്ഷണവും സാധുതകളും വൈജ്ഞാനികമായി പരിരക്ഷിക്കാനാവശ്യമായ സാങ്കേതിക ജ്ഞാനവും ഹദീസിന്റെ ജ്ഞാന ശാഖകളിൽ കാണാനാവും. ഇബ്നു ഖുതൈബയും അലിയ്യുബ്നു അൽമദീനിയ്യുമെല്ലാം ഈ രംഗത്തെ അതികായരാണ്. നൂറു കണക്കിന് രചനകൾ ഇവ്വിഷയകമായി മാത്രം പിറന്നിട്ടുണ്ട്.
ഹദീസ് നിഷേധം
ഹദീസുകളെ തള്ളിക്കളയുന്നതും നിരാകരിക്കുന്നതും ഇസ്ലാമിന്റെ മൗലികതയെ നിഷേധിക്കുന്നതിന് തുല്യമാണ്. ഇസ്ലാമിൽ പരിഷ്കാര ചിന്തകളുമായി ഇറങ്ങിത്തിരിച്ചവരാണ് ഇതിന്റെ ഉപജ്ഞാതാക്കൾ. തങ്ങളുടെ വിതണ്ഡ വാദങ്ങൾക്ക് ഖുർആനിനെ മറയാക്കുകയും അതിലൂടെ സ്വന്തം കാര്യം നേടുകയും ചെയ്യുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ഹദീസുകളെ പ്രാമാണികമായി സമീപിക്കുമ്പോൾ തങ്ങളുടെ അജണ്ടകളെ ബാധിക്കുമെന്നതാണ് അവരുടെ ഭീതി. അവരവരുടെ കേവല ബുദ്ധിക്ക് ഉൾക്കൊള്ളാവുന്നത് മാത്രം സ്വീകരിക്കുകയെന്നതാണ് മറ്റൊരു വിഭാഗത്തിന്റെ രീതിശാസ്ത്രം. അത്തരം ഗവേഷണം കാരണം പല ഹദീസുകളും അവർ തള്ളിക്കളഞ്ഞു. സംഘടിതമായി തള്ളിയവരും, ചിലർ തള്ളിയതിനെ സ്വീകരിക്കുന്നവരും കൂട്ടത്തിലുണ്ട്. അവർ മനസ്സിലാക്കിയതു പ്രകാരം ഖുർആനിനു വിരുദ്ധമായത് തള്ളണമെന്ന വാദം വെച്ചു പുലർത്തി മറ്റൊരു കൂട്ടർ. ഏതൊക്കെയാണ് അത്തരം ഹദീസുകളെന്ന കാര്യത്തിൽ അവർക്കും തിട്ടമൊന്നുമില്ല. ഈ വാദങ്ങളെല്ലാം അപകടകരവും പ്രമാണവിരുദ്ധവും യുക്തിരഹിതവുമാണ്.
ശിയാക്കളിലെ റാഫിളികൾ, ഖവാരിജുകൾ, മുഅ്തസിലുകൾ പോലുള്ളവർ ഹദീസ് നിഷേധത്തിൽ അതിരു കവിഞ്ഞവരാണ്. ചരിത്രപരമായി ഹദീസ് നിഷേധാപരാധത്തിന്റെ ഉറവിടങ്ങളും ഇവരാണ്. ഇമാം ശാഫിഈ(റ) അടക്കമുള്ളവർ ഇക്കൂട്ടരെ ഖണ്ഡിക്കുകയും മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. മഹാൻ പറഞ്ഞു: റാഫിളികളേക്കാൾ കള്ളവാക്ക് വഹിക്കുന്ന മറ്റൊരു വിഭാഗത്തെ ഞാൻ കണ്ടിട്ടില്ല. മദ്ഹബിന്റെ ഇമാമുകളും ആദ്യകാല ഹദീസ് പണ്ഡിതരും സ്വീകരിച്ച സമീപന രീതികളിൽ നിന്ന് മാറി പുതിയ ഹദീസ് വിശാരദന്മാരായി ചമയുന്നവർക്ക് ഈ അപരാധത്തിൽ കാര്യമായ പങ്കുണ്ട്. കാരണം മുൻഗാമികളെ തിരുത്തി പരിഷ്കരണ കണ്ടെത്തലുകൾക്ക് തിരിഞ്ഞതാണ് പല കള്ളനാണയങ്ങൾക്കും ഉറഞ്ഞുതുള്ളാനവസരമുണ്ടാക്കിക്കൊടുത്തത്.
വ്യാജ ഹദീസുകൾ പ്രചരിപ്പിച്ചും ശരിയായവ തള്ളിക്കളഞ്ഞുമാണ് റാഫിളികൾ സ്വന്തം ലക്ഷ്യം നേടാൻ ശ്രമിച്ചത്. തങ്ങൾ വിശുദ്ധരായി ഗണിച്ചവരുടെ മാത്രം ഹദീസുകളേ അവർ സ്വീകരിച്ചുള്ളൂ. കൃത്യമായ പരമ്പരയിലൂടെ ബോധ്യപ്പെട്ടതാണെങ്കിൽ പോലും തങ്ങൾ അംഗീകരിക്കുന്ന സ്വഹാബി, ഇമാം അല്ലെങ്കിൽ ശിയാക്കൾ ആ ഹദീസ് സ്വീകരിക്കില്ല. മുസ്ലിം ലോകം അംഗീകരിക്കുന്ന ബുഖാരി, മുസ്ലിം, അബൂദാവൂദ്, തുർമുദി, നസാഈ തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളൊന്നും ശിയാക്കളുടെ പരിഗണനയിലില്ല.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഇന്ത്യയിൽ ഹദീസ് നിഷേധികൾ തല പൊക്കുന്നത്. മീർസാ ഗുലാം അഹ്മദ് ഖാദിയാനിയും സർ സയ്യിദ് അഹ്മദ് ഖാനും ഇതിൽ കാര്യമായ പങ്കുണ്ട്. തന്റെ കള്ള പ്രവാചകത്വം വെളുപ്പിച്ചെടുക്കാനാണ് ഖാദിയാനി ഹദീസുകൾക്കെതിരെ തിരിഞ്ഞത്. തികഞ്ഞ പരിഷ്കരണവാദിയായ സർസയ്യിദിന്റെ, അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി സ്ഥാപനം പോലുള്ള ഭൗതിക വൈജ്ഞാനിക രംഗത്തെ സംഭാവനകളെ മതത്തിലുള്ള തിരുത്തൽ വാദങ്ങൾക്ക് ന്യായമായി ചിലർ അംഗീകരിക്കുകയും തെറ്റിദ്ധരിക്കുകയും ചെയ്യുകയായിരുന്നു. യഥാർത്ഥത്തിൽ ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ അദ്ദേഹം പ്രവീണനായിരുന്നില്ല. ചിലരദ്ദേഹത്തെ ദജ്ജാലു ഹാദിഹിൽ ഉമ്മ എന്നു പോലും വിശേഷിപ്പിക്കുകയുണ്ടായി. അംഗീകൃത ന്യായങ്ങളില്ലാതെ അദ്ദേഹവും ഹദീസുകൾക്കെതിരെ തിരിഞ്ഞു.
ഓറിയന്റലിസ്റ്റുകളുടെ ഇസ്ലാമിനെതിരെയുള്ള വിമർശനങ്ങളിൽ ആകൃഷ്ടരായി പലരും ഹദീസ് നിഷേധത്തിലെത്തിച്ചേർന്നിട്ടുണ്ട്. റശീദ് രിളയും ജമാലുദ്ദീൻ അഫ്ഗാനിയുമെല്ലാം ഹദീസുകളുടെ നിരാകരണത്തിലും നിഷേധത്തിലും മുന്നിൽ നിന്നവരാണ്. പക്ഷേ പണ്ഡിതരുടെ പ്രതിരോധം കാരണം ഹദീസ് നിഷേധവുമായി അവർക്ക് പിടിച്ചു നിൽക്കാനായില്ല.
അഹ്ലുസ്സുന്നയുടെ വിചാരധാരയിൽ നിന്ന് തെന്നിപ്പോയ മുബ്തദിഉകൾ ചിന്താസ്വാതന്ത്ര്യത്തിന് വേണ്ടിയാണ് വാദിക്കുന്നത്. ഇരുപതിലേറെ കക്ഷികളായി പിരിഞ്ഞ അവർ ഹദീസുകളെ സമീപിച്ച രീതി അതീവ ഗുരുതരമാണ്. ഹദീസ് നിദാനശാസ്ത്രങ്ങളോടൊന്നും തീരെ പൊരുത്തപ്പെടാത്ത നിയമ നിർമാണങ്ങളാണ് അവർ കൊണ്ടുവന്നത്. ഖബർ വാഹിദ്(ഒറ്റ റിപ്പോർട്ടർ) ശരിയായ ജ്ഞാനം നൽകുന്നവയല്ല, മുതവാതിർ(ഒരു കൂട്ടം) ആയ ഹദീസുകളിലൂടെയേ ഉറച്ച ജ്ഞാനം ലഭിക്കുകയുള്ളൂ- ഇതായിരുന്നു അവരുടെ വാദം. ഭൂരിപക്ഷം ഹദീസുകളും ഖബർ വാഹിദാകയാൽ അവയെ മൊത്തം തള്ളിക്കളയാനുള്ള ഉപായമായിരുന്നു ഇത്തരം ഗവേഷണങ്ങൾ. വളരെ ഗുരുതരവും സങ്കീർണവുമായ വാദങ്ങളും നിഷേധങ്ങളും പ്രകടിപ്പിച്ചവർ ഇവരുടെ കൂട്ടത്തിലുണ്ട്. ഒരു ഹദീസും സ്വീകരിക്കാവതല്ല എന്നായിരുന്നു മുഅ്തസിലിയ്യത്തിന്റെ സ്ഥാപകനായ അബൂഅലിയ്യുൽ ജുബ്ബാഇയുടെ വാദം.
വ്യാജ ഹദീസുകൾ നിർമിച്ചും ഹദീസുകളിൽ കലർപ്പ് നടത്തിയും തെറ്റിദ്ധാരണ പരത്തിയ വിഭാഗവും ഹദീസ് നിഷേധത്തിന്റെ മറ്റൊരു പകർപ്പാണ്. സനാദിഖത്ത്(സത്യനിഷേധികൾ) അത്തരത്തിലുള്ളവരാണ്. തങ്ങളുടെ ചിന്താലോകത്തേക്ക് ജനങ്ങളെ ആകർഷിക്കാനായിരുന്നു അവരീ നീച പ്രവർത്തനം നടത്തിയത്. സത്യത്തെ നേരിടാൻ സ്വീകരിച്ച കുറുക്കു വഴികളായിരുന്നു അത്.
ഹദീസുകൾ നിഷേധിക്കുമ്പോൾ ഇവർ അകപ്പെട്ടത് വലിയ അപചയത്തിലാണ്. നിസ്കാര സമയം അഞ്ച് തന്നെ എന്ന് ഖുർആനിൽ പരതി കണ്ടെത്തിയവർ റക്അത്തുകളുടെ എണ്ണത്തിൽ അങ്കലാപ്പിലായി. ഒന്നാവാം, രണ്ടാവാം, മൂന്നും അതിലേറെയുമാവാം എന്ന് ഖുർആൻ കൊണ്ടുതന്നെ വാദിച്ചു നോക്കി. സൂറതുൽ ഫാത്വിറിന്റെ ഒന്നാം വചനമാണ് അതിന് തെളിവ്! തക്ബീറതുൽ ഇഹ്റാം, റുകൂഅ്, സുജൂദ് ഇവകളുടെ രൂപങ്ങൾ അവർ അവതരിപ്പിച്ചപ്പോൾ മുസ്ലിം ലോകത്ത് കേട്ടുകേൾവിയില്ലാത്ത തരം നിസ്കാരം ആവിഷ്കൃതമായി. റുകൂഇൽ നിന്ന് നേരെ സുജൂദിലേക്ക്, സലാം വീട്ടലില്ലാതെ എണീറ്റു പോകൽ, സകാത്തും നോമ്പും ഹജ്ജും മറ്റ് കർമങ്ങളുമെല്ലാം ഖുർആനിലൂടെ കണ്ടെത്തിയപ്പോൾ തികച്ചും വികൃതമായ ആരാധനാ രീതികളാണ് ഹദീസ് നിഷേധികൾക്ക് ലഭ്യമായത്. ദീർഘ യാത്ര പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ നിസ്കാരം ചുരുക്കി നിർവഹിക്കുന്ന രൂപം നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. നിസ്കാരത്തിന്റെ റക്അത്തുകൾ തന്നെ ഖുർആനിൽ നിന്ന് ചികഞ്ഞു കിട്ടാത്തവർ ഇതെങ്ങനെ നിർവഹിക്കാനാണ്!? എല്ലാ നിസ്കാരങ്ങളും ഒരു റക്അത്ത് വീതമാണെന്നു കണ്ടെത്തിയവർ പിന്നെങ്ങനെയാണത് ചുരുക്കി നിർവഹിക്കുക? വല്ലാത്തൊരു തമാശയായിരിക്കും ആ നിസ്കാരം.
സകാത്തിന്റെ 8 വിഭാഗം അവകാശികളെ ഖുർആൻ പരിചയപ്പെടുത്തിയതാണ്. എന്നാൽ എത്ര കൊടുക്കണം, എപ്പോൾ തുടങ്ങിയ നിരവധി ചർച്ചകൾക്ക് ഹദീസ് നിഷേധികൾക്ക് മറുപടിയില്ല. ഇസ്ലാമിക ശിക്ഷാ വിധികളിൽ കളവ് നടത്തിയവരുടെ കൈ മുറിക്കണമെന്ന് ഖുർആൻ പറയുന്നുണ്ട് (മാഇദ 38). ഏത് കളവിനാണ് കൈ മുറിക്കേണ്ടത്, എവിടെയാണ് മുറിക്കേണ്ടത്, കളവുകൾ ആവർത്തിച്ചാൽ എന്തു ചെയ്യണം? ഇവയൊന്നും ഖുർആനിൽ നിന്ന് നമുക്ക് വ്യക്തമല്ല. തിരുനബി(സ്വ)യുടെ വ്യാഖ്യാനവും വിശദീകരണവും ഉൾക്കൊള്ളുക മാത്രമേ ഇവിടെ മാർഗമുള്ളൂ. എന്നാൽ അൽ അയ്ദീ എന്നാൽ ശക്തി പ്രയോഗിക്കുക എന്നൊരു അർത്ഥം നൽകി രക്ഷപ്പെടാനാണ് ഹദീസ് നിഷേധികൾ തുനിയാറുള്ളത്. കളവ് ഇല്ലാതാക്കാൻ ശക്തി സംഭരിക്കണമെന്നാണത്രെ അതിനർത്ഥം! മേൽ ആയത്തിന്റെ വാചകങ്ങളുടെ സംയോജനവും ശിക്ഷാ രീതിയുടെ മാനവും ഒരിക്കലും ഉൾക്കൊള്ളുന്നതല്ല ഈ അർത്ഥ കൽപന.
ഹദീസുകളെ മൊത്തത്തിൽ ഉൾക്കൊള്ളുകയും ചിലത് നിഷേധിക്കുകയും ചെയ്യുന്ന ഒരു വിഭാഗവുമുണ്ട്. ബുദ്ധിക്ക് നിരക്കാത്തത് കൊണ്ടു സ്വീകരിക്കരുത് എന്നാണ് അവരുടെ ന്യായം. ഖുർആനിന്റെ മൗലികതക്ക് വിരുദ്ധമായത് കാരണം സ്വീകരിക്കുന്നില്ല എന്നും ഇവർ ന്യായം വെക്കാറുണ്ട്. സിഎൻ അഹ്മദ് മൗലവി, അബ്ദുസ്സലാം സുല്ലമി, സിപി ഉമർ സുല്ലമി തുടങ്ങിയവർ ഇത്തരം ചിന്താഗതിയുടെ വക്താക്കളാണ്. എന്നാൽ ഏതെല്ലാമാണ് ഖുർആനിന്റെ അന്തസ്സത്തയോട് പൊരുത്തപ്പെടാത്ത ഹദീസുകൾ എന്നതിൽ കൃത്യമായ നിഗമനത്തിലെത്താൻ അവർക്കായിട്ടുമില്ല. പല ബുദ്ധിക്കാർ ഏറ്റുമുട്ടിയപ്പോൾ ചിലർ മറ്റു ചിലരെ തള്ളിയതാണ് കാരണം. ഒരേ ഹദീസിന്റെ കാര്യത്തിൽ പോലും നാലു പേർക്ക് വിവിധ വീക്ഷണങ്ങളാണ്. ബുദ്ധിരഹിതമെന്ന് മുദ്രയടിച്ച് മാറ്റിനിർത്തപ്പെട്ട ഹദീസുകളെ ഹദീസ് പണ്ഡിതന്മാർ എങ്ങനെ സമീപിച്ചുവെന്ന് പഠന വിധേയമാക്കുമ്പോൾ ഇവരുടെ കുബുദ്ധി മനസ്സിലാവും. ബുദ്ധിക്ക് നിരക്കാത്തതെന്ന് വിശേഷിപ്പിച്ച് ഖുർആനിലെ ചില സംഭവങ്ങളെ വരെ നിഷേധാർത്ഥത്തിൽ വിശകലനം ചെയ്തവരുടെ പിൻഗാമികളിൽ നിന്ന് ഇങ്ങനെ പ്രതീക്ഷിക്കുന്നതിൽ അദ്ഭുതമില്ല.
അബ്ദുറഹ്മാൻ ദാരിമി സീഫോർത്ത്