ഹദീസ് ലോകത്തെ വിശ്വസ്തനും സുക്ഷ്മശാലിയുമായ പണ്ഡിതവര്യനാണ് അബൂ അബ്ദുർറഹ്‌മാൻ അഹ്‌മദ് അന്നസാഈ(റ). അബൂ അബ്ദുർറഹ്‌മാൻ അഹമദ് ബ്‌നു ശുഐബ് ബ്‌നു അലി എന്നാണ് പൂർണനാമം. ഹിജ്‌റ 215-ൽ നസാ എന്ന പ്രദേശത്താണ് ജനനം. പുരാതന ഖുറാസാനിന്റെ ഭാഗമായിരുന്ന നസാ തുർക്കിസ്ഥാനിലെ പ്രധാന നഗരമാണ്. ബാല്യകാലത്ത് തന്നെ വിദൂര നാടുകളിലേക്ക് പോയി അറിവ് നേടാൻ അദ്ദേഹം ആഗ്രഹിച്ചു. സ്വന്തം നാട്ടിലെ പണ്ഡിതന്മാരിൽ നിന്ന് പഠിച്ചതിന് ശേഷമേ പുറം രാജ്യങ്ങളിലേക്ക് പോകാവൂ എന്നൊരു കീഴ്‌വഴക്കമുണ്ടായിരുന്നു അന്ന്. അതനുസരിച്ചാണ് 15 വയസ്സ് വരെ ഖുറാസാനിൽ നിന്ന് അറിവഭ്യസിച്ചത്. ഈ കാലയളവിൽ നാട്ടിലെ പ്രമുഖ പണ്ഡിന്മാരുടെ ശിഷ്യത്വം കരസ്ഥമാക്കി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഖുറാസാനിലെ ബഗ്ലാൻ, ഹിജാസ്, അൽജീരിയ, സിറിയ, ഈജിപ്ത് തുടങ്ങിയ നാടുകളിൽ ചെന്ന് അറിവ് നുകർന്നു.
ജീവിതത്തിൽ എപ്പോഴും വ്യക്തിത്വം സൂക്ഷിച്ചിരുന്ന അദ്ദേഹം ആഢംബരമില്ലാത്ത നല്ല വീട്, നല്ല വസ്ത്രം, നല്ല ഭക്ഷണം തുടങ്ങിയ രീതിയിൽ ജീവിതം നയിച്ചുപോന്നു. ദിവസവും കോഴിയിറച്ചി കഴിക്കുമായിരുന്നുവെന്ന് ഗ്രന്ഥങ്ങളിൽ കാണാം. അദ്ദേഹത്തിനു നാല് ഭാര്യമാരുണ്ടായിരുന്നു. അവരോടെല്ലാം നീതിയും ജീവിത വിശാലതയും കാണിച്ചു. പച്ച നിറത്തിലുള്ള വസ്ത്രം അദ്ദേഹം ഇഷ്ടപ്പെട്ടു. സുന്ദരമായ മഹാന്റെ ശരീരപ്രകൃതിയും മുഖത്തിളക്കവും ജനങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. ഉസ്താദിന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് ശിഷ്യന്മാർക്കിടയിൽ ചർച്ചകളും നടന്നിരുന്നു. ശിഷ്യൻ അബൂബക്കറുബ്നു മൂസ ഒരിക്കൽ ഗുരുവിനോട് ചോദിച്ചു: ലഹരി രൂപത്തിലുള്ള മുന്തിരിച്ചാർ കുടിക്കുന്നതിന്റെ വിധിയെന്താണ്? ആഇശ ബീവി(റ)യിൽ നിന്ന് ഉദ്ധരിക്കുന്ന ഉമ്മുസൽമ(റ)യുടെ ഹദീസ് ഉദ്ധരിച്ച് ഹറാമെന്ന് അദ്ദേഹം വിധിപറയുകയുണ്ടായി. മഹാന്റെ സൗന്ദര്യ രഹസ്യം മുന്തിരിച്ചാറാണെന്ന് തെറ്റിദ്ധരിച്ചാണ് ഗോപ്യമായി അവരിങ്ങനെ ചോദിച്ചത്. ഈ സംഭവം മുഖ്തസ്വറു താരീഖുദ്ദിമശ്ഖിൽ പ്രതിപാദിക്കുന്നുണ്ട്.
15-ാം വയസ്സിൽ ഖുതൈബതുബ്നു സഈദിൽ ബഗ്ലാനിയിൽ നിന്ന് അറിവ് നേടി. ഒരു കൊല്ലവും രണ്ട് മാസവുമായിരുന്നു അദ്ദേഹത്തിന്റെ അരികിൽ പഠിച്ചത്. ജന്മനാട് വിട്ടുള്ള ആദ്യപഠനമായിരുന്നു അത്. കൂടുതൽ ഹദീസ് പഠിക്കാൻ വേണ്ടി അദ്ദേഹം സുപ്രസിദ്ധ പണ്ഡിതരെ സമീപിച്ചു. ഇമാം നസാഈ(റ)യുടെ ജ്ഞാനയാത്രകളെക്കുറിച്ച് ഇമാം ഹാഫിളുൽ മിസ്സി തഹ്ദീബുൽ കമാലിൽ വിശദീകരിക്കുന്നുണ്ട്. ഇസ്ഹാഖുബ്‌നു റാഹവൈഹി, ഹിശാമുബ്‌നു അമ്മാർ, ഈസബ്‌നു അഹ്‌മദ്, ഹുസൈനുബ്‌നു മൻസൂർ അസ്സലമി, അംറുബ്‌നു സൂറാറ, മുഹമ്മദ് ബ്‌നു നസ്‌റിൽ മർവസി തുടങ്ങി അനേകം പണ്ഡിതന്മാരിൽ നിന്ന് ഹദീസുകൾ സ്വായത്തമാക്കി.
ഖുർആൻ പാരായണശാസ്ത്രത്തിലും അദ്ദേഹം മികവ് തെളിയിച്ചു. അക്കാലത്തുണ്ടായിരുന്ന അഹ്‌മദ് ബ്‌നു അന്നസ്ർ നൈസാബൂരി, അബൂശൂഐബ് സ്വാലിഹ്ബ്‌നു സിയാദുസ്സൂസി(റ)വിൽ നിന്ന് ഖുർആൻ പാരായണം ശാസ്ത്രം പഠിച്ചു. ഖുർആൻ പാരായണ ശാസ്ത്രത്തിലെ പ്രമുഖ പണ്ഡിതനായ ഇബ്‌നു ജസ്‌രി(റ)യുടെ തജ്‌വീദ് പണ്ഡിതന്മാരെ വിശദീകരിക്കുന്ന ഗ്രന്ഥത്തിൽ ഇമാമിനെയും പ്രതിപാദിക്കുന്നതു കാണാം.
ചെറുപ്പകാലത്ത് തന്നെ അദ്ദേഹം ഹദീസ് വിജ്ഞാനത്തിൽ വളരെ മുമ്പിലായിരുന്നു. തികഞ്ഞ സുഷ്മശാലിയും മതഭക്തനുമായിരുന്നു. എല്ലാ വർഷവും ഹജ്ജ് നിർവഹിച്ചു. പകലും രാത്രിയും ഇബാദത്തിൽ മുഴുകും. ഒന്നിടവിട്ട ദിവസങ്ങളിൽ നോമ്പ് പതിവ്. ഭരണച്ചുമതലകളിൽ ഒഴിഞ്ഞുമാറിയെങ്കിലും കുറച്ച് കാലം ഹിംസിലെ ജഡ്ജിയായി ജോലി ചെയ്തിരുന്നുവെന്ന് ഇബ്‌നു കസീർ രേഖപ്പെടുത്തുന്നു. പുത്തൻ പ്രസ്ഥാനക്കാരെ നഖശിഖാന്തം എതിർക്കുകയും അവരെ ഉന്മൂലനം ചെയ്യാൻ വേണ്ടി അനവധി ആദർശ പോരാട്ടങ്ങളും നടത്തി. ഇതു മൂലം ധാരാളം യാതനകൾ സഹിച്ച് ഒടുവിൽ മരണത്തിന് കീഴടങ്ങേണ്ടിവന്നു അദ്ദേഹത്തിന്.

ജ്ഞാനയാത്രകൾ
ഹദീസ് പഠനത്തിന് വേണ്ടി നിരവധി യാത്രകൾ മഹാൻ നടത്തി. അതുവഴി അനേകം പണ്ഡിതന്മാരിൽ നിന്ന് ഹദീസ് കരസ്ഥമാക്കുകയുണ്ടായി. നൈസാബൂരിൽ വെച്ച് ഹദീസ് പണ്ഡിതന്മാരുടെ ഉസ്താദായ ഇസ്ഹാഖ് ബ്‌നു റാഹവൈഹിയെ സന്ധിക്കുകയും അദ്ദേഹത്തിൽ ഹദീസ് സ്വീകരിക്കുകയും ചെയ്തു. തുടർന്ന് മുറുവിലെ പണ്ഡിന്മാരായ അലിയ്യുബ്‌നു ഖശ്റം, അലിയ്യുബ്‌നു ഹജർ(റ) എന്നിവരിൽ നിന്ന് ഹദീസും ഇതര വിജ്ഞാനങ്ങളും പഠിച്ചു. പിന്നീട് ഇറാഖിലെ ബൽഖിൽ ചെന്ന് ഖുതൈബതുബ്‌നു സഈദിൽ നിന്നു നൂറോളം ഹദീസുകൾ അഭ്യസിച്ചു. പിന്നെ ബഗ്ദാദിലെത്തി ഹദീസിൽ നിപുണന്മാരായ യഹ്‌യ ബ്‌നു മഈൻ(റ), അഹ്‌മദുബ്നു മനീഅ്, ബസ്വറയിലെ മുഹമ്മദ് ബശ്ശാർ, മുഹമ്മദ് ബ്‌നു മുസന്നാ തുടങ്ങിയ പണ്ഡിതന്മാരിൽ നിന്നും ഡമസ്‌കസ്, അൽജസീറ തുടങ്ങിയ നാടുകളിൽ നിന്നും അറിവ് നേടി. ശേഷം ബൈതുൽ മുഖദ്ദസിലെത്തി മുഹമ്മദ് ബ്‌നു ഖൽജിയിൽ നിന്നു ഹദീസ് കരസ്ഥമാക്കി. ഹിജ്റ 248-ൽ ഹജ്ജ് വേളയിൽ അവിടെ സന്നിഹിതരായ പണ്ഡിതന്മാരിൽ നിന്നും ജ്ഞാനം നേടി. ഇൽമുൽ ഹദീസിൽ അദ്ദേഹത്തിന്റ അവഗാഹം പ്രസിദ്ധമാണ്. പല ഇമാമുകളും അദ്ദേഹത്തിൽ നിന്ന് ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘സുനനുന്നസാഈ’ ഹദീസ് ശാസ്ത്രത്തിലെ പ്രധാന ഗ്രന്ഥമാണെന്നത് മഹാന്റെ വൈദഗ്ധ്യം തുറന്നുകാട്ടുന്നു. ഡമസ്‌കസിൽ പഠിക്കുന്ന സമയത്ത് ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാരിൽ നിന്ന് അറിവ് സമ്പാദിക്കുകയും ശാഫിഈ മദ്ഹബ് സ്വീകരിക്കുകയും ചെയ്തു.

ഗുരുനാഥന്മാരും ശിഷ്യന്മാരും

ഇമാം നസാഈ(റ)വിന് വിവിധ വിജ്ഞാന ശാഖകളിലായി ധാരാളം ഉസ്താദുമാരുണ്ട്. ജീവിതശൈലി പരിശോധിച്ച് തീർത്തും വിശ്വസ്തരെന്നു ബോധ്യപ്പെട്ട ഗുരുനാഥന്മാരിൽ നിന്ന് മാത്രമേ അദ്ദേഹം ഹദീസ് നേടാറുള്ളൂ. ഇത്തരത്തിൽ 448 ഉസ്താദുമാരുണ്ടായിരുന്നുവെന്ന് ഗ്രന്ഥങ്ങളിൽ കാണാം. 334 ഉസ്താദുമാരെ സുനനിലും 114 ഗുരുനാഥന്മാരെ മറ്റു ഗ്രന്ഥങ്ങളിലും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. മഹാന്റെ ഉസ്താദുമാരെക്കുറിച്ച് മാത്രം ഗ്രന്ഥരചനകൾ നടന്നിട്ടുണ്ട്. അബൂഖാസിം ത്വബ്റാനി, അബൂജഅ്ഫർ ത്വഹാവി, അബൂമൈമൂൻ ബ്‌നു റാശിദ് തുടങ്ങി നിരവധി പണ്ഡിതന്മാർ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ അബൂബക്കർ ബ്‌നു ഹദ്ദാദ്(റ) ഇമാം നസാഇയിൽ നിന്ന് മാത്രമേ ഹദീസ് സ്വീകരിച്ചിട്ടൂള്ളൂ. എന്റെയും അല്ലാഹുവിന്റെയും ഇടയിലെ പ്രമാണമായി ഇമാമിനെ ഞാൻ അംഗീകരിക്കുന്നുവെന്ന് മഹാൻ പറയുമായിരുന്നു.

ഗ്രന്ഥരചന
ഇമാം നസാഈ(റ) മുപ്പതിലേറെ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. സുനനുൽ കുബ്റ, അൽമുജ്തബാ, കിതാബുൽ കുനാ കിതാബുൽ മുല്ലിസീൻ, ഫളാഇലുൽ ഖുർആൻ, മൻസികുൽ ഹജ്ജ് തുടങ്ങി ഹദീസിലും കർമശാസ്ത്രത്തിലും തഫ്‌സീറിലും ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സിഹാഹുസ്സിത്തയിൽപ്പെട്ട സുനനുന്നസാഈ വിഖ്യാതമാണ്. സുനനുസ്സുഗ്‌റയെന്നും അതറിയപ്പെടുന്നു. കർമശാസ്ത്രാടിസ്ഥാനത്തിലാണ് ഇത് ക്രോഡീകരിച്ചിട്ടുള്ളത്. ഇമാം സുയൂഥി(റ)യെ പോലുള്ള അനവധി പണ്ഡിതന്മാർ ഇതിന് വിശദീകരണങ്ങളെഴുതിട്ടുണ്ട്.

വഫാത്ത്
ഹി. 302-ൽ ദമസ്‌കസിലെത്തിയപ്പോൾ അവിടെയുള്ള ജനങ്ങൾ ഖവാരിജുകളോട് കൂടുതൽ അടുപ്പം പുലർത്തുകയും അലി(റ)വിനെയും കുടുംബത്തെയും എതിർക്കുന്നതും മഹാന്റെ ശ്രദ്ധയിൽപെട്ടു. ഉടൻ അലി(റ)വിന്റെ മഹത്ത്വം വിവരിച്ചുകൊണ്ട് ഒരു ഗ്രന്ഥമെഴുതുകയും ജനമധ്യത്തിൽ വെച്ച് അത് പ്രകാശിപ്പിക്കുകയും ചെയ്തു. ക്ഷുഭിതരായ ജനക്കൂട്ടം അദ്ദേഹത്തെ ആക്രമിക്കുകയും മുറിവേൽപ്പിക്കുകയും ശീഇയാണെന്ന് ആരോപിക്കുകയുമുണ്ടായി. എതിർപ്പുകളെയെല്ലാം ദീനിനു വേണ്ടി തൃണവൽഗണിച്ച അദ്ദേഹത്തെ 303-ൽ ഫലസ്തീനിൽ വെച്ച് ഖവാരിജുകൾ വധിച്ചുകളഞ്ഞു. 88 വയസ്സായിരുന്നു പ്രായം. മക്കയിലാണ് മരണപ്പെട്ടതെന്നാണ് ചില പണ്ഡിതരുടെ പക്ഷം. ദഹബിയെ പോലുള്ളവർ ഫലസ്തീനിലാണ് മരണമെന്ന അഭിപ്രായക്കാരാണ്. മഹാന്റെ കൂടെ അല്ലാഹു നമ്മെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ.
അവലംബം:
സുനനുന്നസാഈ
മൻഹലുൽ ലത്വീഫ്
തദ്‌രീബുറാവി

മുഹമ്മദ് ഹുസൈൻ കൊടിഞ്ഞി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ