ഉൽകൃഷ്ട ജീവിയാണ് മനുഷ്യൻ. മനുഷ്യന്റെ ഉൽകൃഷ്ടത അവനെ അറിവ് കൊണ്ട് അല്ലാഹു അനുഗ്രഹിച്ചു എന്നതാണ്. അറിവുകളിൽ ഏറ്റവും പ്രധാനം, ഇരുലോക വിജയത്തിനും ഉയർച്ചക്കും കാരണമാകുന്ന സൃഷ്ടി കർത്താവായ അല്ലാഹുവിനെ കുറിച്ചുള്ള ജ്ഞാനവും. ഈ അറിവ് ലഭിക്കുന്നത് ഹൃദയം കൊണ്ട് മാത്രമാണ്.
ഹൃദയമാണ് അല്ലാഹുവിനെ അറിയുന്നതും അവനിലേക്കടുപ്പിക്കുന്നതും. അല്ലാഹുവിനു വേണ്ടി പ്രവർത്തിക്കുന്നതും അധ്വാനിക്കുന്നതും ഹൃദയം തന്നെ. എന്ന് മാത്രമല്ല അല്ലാഹുവിൽ നിന്നുള്ള ജ്ഞാന വെളിപാടുകൾ ഉണ്ടാകുന്നതും ഹൃദയത്തിലേക്കാണ്. മറ്റ് അവയവങ്ങൾ ഹൃദയത്തിന്റെ ആജ്ഞാനുവർത്തികൾ മാത്രം. ഒരു ഉടമ തന്റെ അടിമയോട് പെരുമാറുന്നത് പോലെ, അല്ലെങ്കിൽ ഒരു ഭരണകർത്താവ് തന്റെ ഭരണീയരെ കൊണ്ട് സേവനം ചെയ്യിക്കുന്നത് പോലെ ഹൃദയം മറ്റു അവയവങ്ങളെ ജോലി ചെയ്യിപ്പിക്കുകയും സേവനം നടത്തിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ അടുത്ത് സ്വീകാര്യത നേടുന്നതും അതുമൂലം ഉന്നതമായ വിജയം വരിക്കുന്നതും അവനെ തൊട്ട് തടയുന്നതും പരാജയമേൽക്കുന്നതുമെല്ലാം ഹൃദയം തന്നെ.
പരിശുദ്ധ ഖുർആൻ പറഞ്ഞു: ‘ആത്മാവിനെ സംസ്‌കരിച്ചവൻ വിജയിച്ചു. ആത്മാവിനെ കറ പുരട്ടിയവൻ നഷ്ടത്തിലാവുകയും ചെയ്തു.’
നബി(സ്വ) പഠിപ്പിക്കുന്നു: ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ദുഷിച്ചാൽ ശരീരം മുഴുവനും ദുഷിച്ചു. അറിയുക! ആ മാംസ പിണ്ഡം ഹൃദയമാണ്.
യാഥാർത്ഥത്തിൽ അല്ലാഹുവിനെ അനുസരിക്കുന്നത് ഹൃദയമാണ്. അതിന്റെ പ്രതിഫലനങ്ങളാണ് മറ്റ് അവയവങ്ങളിൽ പ്രകടമാകുന്നത്. അല്ലാഹുവിന് എതിര് പ്രവർത്തിക്കുന്നതും ഹൃദയം തന്നെ. അതിന്റെ പ്രതിഫലനങ്ങളാണ് അവയവങ്ങളിൽ നിന്ന് പ്രകടമാകുന്ന തെറ്റുകൾ. അപ്പോൾ ഹൃദയത്തിന്റെ പ്രകാശമനുസരിച്ച് അവയവങ്ങളിൽ നിന്ന് സൽപ്രവർത്തനങ്ങൾ ഉണ്ടാവുകയും ഹൃദയത്തിന്റെ ഇരുട്ടിനനുസരിച്ച് അവയവങ്ങളിൽ നിന്ന് ദുഷ്‌ചെയ്തികളുണ്ടാവുകയും ചെയ്യുന്നു. പാത്രത്തിനകത്തുള്ളതാണ് പുറത്തേക്ക് തുളുമ്പുക എന്ന് ആപ്തവാക്യം.
നബി(സ്വ) നെഞ്ചിലേക്ക് ചൂണ്ടി മൂന്ന് പ്രാവശ്യം ആവർത്തിച്ച് പറഞ്ഞു: ‘തഖ്‌വ ഇവിടെയാണ്. തഖ്‌വ ഇവിടെയാണ്. തഖ്‌വ ഇവിടെയാണ്.’ അതിനാൽ ഹൃദയത്തെ മനസ്സിലാക്കുകയും അതു പ്രകാശിക്കാനാവശ്യമായത് ചെയ്യുകയും വേണം. മനുഷ്യൻ ഹൃദയത്തെ അറിഞ്ഞാൽ സ്വന്തത്തെ അറിഞ്ഞു. സ്വശരീരത്തെ അറിഞ്ഞാൽ അവൻ റബ്ബിനെ അറിഞ്ഞവനായി. ഹൃദയത്തെക്കുറിച്ച് അജ്ഞനായാൽ സ്വന്തം ശരീരത്തെയും അത് മൂലം റബ്ബിനെയും അവൻ അജ്ഞനായി.
അധിക ജനങ്ങളും അവരുടെ ഹൃദയത്തെക്കുറിച്ചും അവരുടെ യാഥാർത്ഥ്യത്തെക്കുറിച്ചും അറിവില്ലാത്തവരാണ്. ഇമാം ഗസ്സാലി(റ) പറയുന്നു: ആധുനിക വൈദ്യന്മാർ ശരീരത്തെ ചികിത്സിക്കുന്നതിന്റെ നിയമങ്ങൾ നിർണയിക്കാൻ കഠിന പ്രയത്‌നം ചെയ്യുന്നു. ശരീരത്തിന്റെ രോഗം കൊണ്ട് നശ്വരമായ ജീവിതത്തിന്റെ നഷ്ടമേ വരാനുള്ളൂ. ഹൃദയരോഗങ്ങളെയും അതിന്റെ ചികിത്സകളെയും പഠിക്കുന്നതിനാണ് മുന്തിയ പരിഗണന നൽകേണ്ടത്. കാരണം ആ രോഗങ്ങളാൽ ശാശ്വത നാശമാണ് സംഭവിക്കുക. ഈ ചികിത്സ പഠിക്കൽ നിർബന്ധമാണ്. കാരണം ഒരു ഹൃദയവും രോഗങ്ങളിൽ നിന്നു മുക്തമല്ല. യഥാസമയം ചികിത്സ നൽകാതിരുന്നാൽ രോഗങ്ങൾ കുമിഞ്ഞ് കൂടുകയും നാശത്തിലേക്ക് നയിക്കുകയും ചെയ്യും.
ഇവിടെ ഹൃദയം കൊണ്ടുദ്ദേശ്യം മാംസനിർമിതമായ അവയവമല്ല. അതിനെ സംബന്ധിച്ച് ആധുനിക വൈദ്യശാസ്ത്രമാണ് ചർച്ച ചെയ്യുന്നതും ചികിത്സിക്കുന്നതും. പ്രത്യുത മാംസ നിർമിതമായ ഹൃദയവുമായി വളരെ അധികം ബന്ധമുള്ള അതീവരഹസ്യവും അമൂല്യവുമായ വസ്തുവാണ്. അറിയുന്നവൻ, ജ്ഞാനമുള്ളവൻ എന്നൊക്കെ പറയുമ്പോൾ ഉദ്ദേശിക്കപ്പെടുന്നതും, നീ എന്ന് സംബോധനം ചെയ്യപ്പെടുന്നതും കൽപിക്കപ്പെടുന്നതും ശാസിക്കുന്നതും ഈ വസ്തുവിനോടാണ്. ഇതേ രഹസ്യ വസ്തു തന്നെയാണ് ആത്മീയ ശുദ്ധി എന്ന് പറയുമ്പോഴുദ്ദേശിക്കുന്ന ആത്മാവും. ഇമാം ഗസ്സാലി(റ) ഇഹ്‌യാ ഉലൂമുദ്ദീനിൽ ഇത് സംബദ്ധമായി വിശദമായി ചർച്ച ചെയ്യുന്നുണ്ട്.
ഹൃദ്രോഗങ്ങളുടെ ചികിത്സ സാധ്യമാകണമെങ്കിൽ സ്വന്തം ന്യൂനതകൾ അറിയണം. അതിന് നല്ല ഉൾക്കാഴ്ച വേണം. പക്ഷേ നമ്മളിൽ അധിക പേരും സ്വന്തം ന്യൂനതകളെ തൊട്ട് അശ്രദ്ധരാണ്. ഇമാം ഗസ്സാലി ഉപമിച്ചത് പോലെ സഹോദരന്റെ കണ്ണിലെ കുറുമ്പ് നാം കാണുന്നു. സ്വന്തം കണ്ണിലെ കഴുക്കോൽ കാണുന്നുമില്ല. എന്നാൽ സ്വന്തം ന്യൂനതകൾ കണ്ടെത്തുകയാണ് നാം പ്രഥമമായി വേണ്ടത്. അതിന് നാലു വഴികളുണ്ട്.
ഒന്ന്: ഗോപ്യമായ അപകടങ്ങൾ തിരിച്ചറിയുകയും സ്വന്തം ന്യൂനതകൾ കാണുകയും ശരീഅത്തിന്റെ നിയമങ്ങളനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഒരു ഗുരുവിന്റെ ശിഷ്യനാവുക. ശിഷ്യന്റെ ന്യൂനതകൾ ഗുരു അറിയുകയും യുക്തമായ രീതിയിൽ തിരുത്തിക്കൊടുക്കുകയും ചെയ്യും. ഇത്തരം ജ്ഞാനികൾ ഈ കാലത്ത് (ഇമാം ഗസ്സാലിയുടെ കാലത്ത്) വളരെ ചുരുക്കമാണ്. (അങ്ങനെയെങ്കിൽ ഇന്നത്തെ കാര്യം പ്രത്യേകം പറയേണ്ടതില്ല).
രണ്ട്: സത്യസന്ധനും ന്യൂനതകളെക്കുറിച്ച് ഉൾക്കാഴ്ചയുള്ളവനും മത നടപടികൾ പാലിക്കുന്നവനുമായ സുഹൃത്തിനെ കണ്ടെത്തുക. ആ സുഹൃത്ത് ഇദ്ദേഹത്തിന്റെ കർമങ്ങളും സ്വഭാവങ്ങളും നിരീക്ഷിക്കുകയും വെറുക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് വിരോധിക്കുകയും ചെയ്യണം. പൂർവസൂരികളുടെ ശൈലി ഇതായിരുന്നു. എന്റെ ന്യൂനതകളെ ചൂണ്ടിക്കാണിക്കുന്നവന് അല്ലാഹു കരുണ ചെയ്യട്ടെ എന്ന് ഉമർ(റ) പറയാറുണ്ടായിരുന്നുവത്രെ. മഹാനവർകൾ തന്റെ ന്യൂനതകളെക്കുറിച്ച് സൽമാൻ(റ)നോട് ചോദിക്കാറുമുണ്ടായിരുന്നു.
ഒരു യാത്ര കഴിഞ്ഞ് വന്നപ്പോൾ സൽമാൻ(റ) നോട് അദ്ദേഹം ചോദിച്ചു: എന്നെക്കുറിച്ച് മോശമായ എന്ത് അഭിപ്രായമാണ് നിങ്ങളറിഞ്ഞത്?
സൽമാൻ(റ) മൗനം പാലിച്ചു. ഉമർ(റ) വീണ്ടും നിർബന്ധിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ ഭക്ഷണത്തിന് രണ്ട് കറി മാറി മാറി ഉപയോഗിക്കാറുണ്ടെന്നും രാത്രിയും പകലും മാറിമാറി ധരിക്കുന്ന രണ്ട് ജോഡി വസ്ത്രങ്ങളുണ്ടെന്നുമാണ് ഞാനറിഞ്ഞത്.
സൽമാനേ, ഇതു രണ്ടുമല്ലാതെ മറ്റു വല്ലതും?
സൽമാൻ(റ) പറഞ്ഞു: ഇല്ല.
അപ്പോൾ ഉമർ(റ)ന്റെ മറുപടി: എങ്കിൽ ഈ രണ്ട് കാര്യങ്ങളും ഞാൻ പരിഹരിച്ച് കൊള്ളാം.
തെറ്റ് ചൂണ്ടിക്കാണിക്കുന്നവരോട് ദേശ്യപ്പെടുന്നതിന് പകരം അത് ചോദിച്ചറിയുകയും തിരുത്താനുള്ള വിശാല മനസ്സ് കാണിക്കുകയും ചെയ്യണമെന്നതാണ് ഖലീഫ ഉമർ(റ)ൽ നിന്നുള്ള പാഠം.
മൂന്ന് : ശത്രുക്കളുടെ നാവുകളിൽ നിന്ന് സ്വന്തം ന്യൂനതകൾ അറിയുക. കോപത്തിന്റെ കണ്ണുകളാണല്ലോ തെറ്റുകൾ വെളിവാക്കുന്നത്. സ്തുതി പാടുന്ന സുഹൃത്തിനെക്കാൾ ന്യൂനതകൾ വിളിച്ചു പറയുന്ന ശത്രുവിനെക്കൊണ്ടായിരിക്കും ഇക്കാര്യത്തിൽ ഉപകാരമുണ്ടാവുക. പക്ഷേ ശത്രുവിനെ അവിശ്വസിക്കുകയെന്നതാണ് നമ്മുടെ സ്വഭാവമെന്നതാണ് സത്യം.
നാല്: ജനങ്ങളുമായി കൂടിക്കലരുക. എന്നിട്ട് സൃഷ്ടികൾക്കിടയിൽ ആക്ഷേപമായി കാണുന്ന കാര്യങ്ങളെന്തെങ്കിലും തന്നിലുണ്ടോ എന്ന് പരിശോധിക്കുക. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ കണ്ണാടിയാണെന്നാണല്ലോ. അപ്പോൾ മറ്റുള്ളവരിലുണ്ടാകുന്ന ന്യൂനതകളെല്ലാം തന്റെ ന്യൂനതകളാണെന്ന് തിരിച്ചറിയുകയും അവ വർജിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഇതരരിൽ നിന്ന് നേരിട്ട വെറുക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങൾ ഉപേക്ഷിക്കുന്ന പക്ഷം മര്യാദ പഠിപ്പിക്കാൻ മറ്റൊരാളുടെ ആവശ്യമില്ല.
ഈസാ നബി(അ)യോടൊരാൾ ചോദിച്ചു: താങ്കളെ ആരാണ് അദബ് പഠിപ്പിച്ചത്?
അവിടുന്ന് പറഞ്ഞു: എന്നെ ഒരാളും അദബ് പഠിപ്പിച്ചിട്ടില്ല. അജ്ഞന്റെ അജ്ഞത ന്യൂനതായി ഞാൻ മനസ്സിലാക്കുകയും ഞാനത് വെടിയുകയും ചെയ്തു.’
ശരീരത്തിന്റെ ന്യൂനതകളറിയുന്ന ഒരു ഗുരുവിനെ ലഭിക്കാതിരിക്കുമ്പോഴാണ് ഈ മൂന്നു മാർഗങ്ങൾ സ്വീകരിക്കേണ്ടത്. ഇമാം ദൈലമി(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം: ‘ഒരാളെ കൊണ്ട് അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന്റെ സ്വന്തത്തിൽ നിന്ന് തന്നെ ഉപദേശകനെ നൽകും. ആ ഉപദേശകൻ അവനോട് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തു കൊണ്ടിരിക്കും.’
അബ്ദുൽഖാദിർ ദാരിമി കൽത്തറ