3വിശ്വാസിയുടെ വസന്തമുഹൂര്‍ത്തമാണ് പെരുന്നാള്‍. രണ്ടു പെരുന്നാള്‍ ദിനങ്ങളാണ് നാഥന്‍ നമുക്ക് നിശ്ചയിച്ചു തന്നിട്ടുള്ളത്. അതില്‍ ഒന്നാമത്തേത് ഈദുല്‍ ഫിത്വര്‍ എന്ന ചെറിയ പെരുന്നാളാണ്. ഈ സുദിനം റമളാനിന്റെ സംപൂര്‍ത്തീകരണത്തിന്റെ ആഘോഷ വേളയാണ്. ഈദുല്‍ ഫിത്വര്‍ സമാഗതമാകുന്ന സന്ദര്‍ഭത്തില്‍ അല്ലാഹു വിശ്വാസികളെ സവിശേഷമായി ആദരിക്കുന്നു. അവരുടെ പാപങ്ങള്‍ക്ക് മാപ്പ് നല്‍കി സുകൃതങ്ങള്‍ക്ക് സമ്മാനം ഒരുക്കുന്നു.
ഒരു നബിവചനത്തില്‍ ഇങ്ങനെ കാണാം: ഈദുല്‍ ഫിത്വര്‍ ആസന്നമായാല്‍ വഴിയോരങ്ങളില്‍ മലക്കുകള്‍ നില്‍പ്പുറപ്പിക്കുന്നതാണ്. എന്നിട്ടവര്‍ വിളിച്ചുപറയും. മുസ്ലിം സമൂഹമേ, നിങ്ങള്‍ അത്യുദാരനായ രക്ഷിതാവിലേക്ക് ഗമിക്കുവീന്‍. അവന്‍ നന്മകൊണ്ട് നിങ്ങളെ അനുഗ്രഹിക്കുന്നു. മഹാ സമ്മാനം നിങ്ങള്‍ക്കു തരാനൊരുങ്ങുന്നു. നിങ്ങളോട് അവന്‍ രാത്രി നിസ്കരിക്കാന്‍ കല്‍പിച്ചു. നിങ്ങള്‍ അതു ചെയ്തു. പകല്‍ വ്രതമനുഷ്ഠിക്കാന്‍ ആജ്ഞാപിച്ചു. അതും നിങ്ങള്‍ പ്രവര്‍ത്തിച്ചു. രക്ഷിതാവിനെ നിങ്ങള്‍ അനുസരിച്ചു. അതുകൊണ്ട് നിങ്ങള്‍ക്കുള്ള പാരിതോഷികങ്ങള്‍ കൈപ്പറ്റാന്‍ നിങ്ങള്‍ ഒരുങ്ങുക. നിങ്ങള്‍ക്കവന്‍ മഹത്തായ മാപ്പു സമ്മാനിച്ചിരിക്കുന്നു. നിങ്ങള്‍ ആമോദത്തോടെ സ്വന്തം സത്രങ്ങളിലേക്ക് നീങ്ങുക. ഇത് സമ്മാന സുദിനമാകുന്നു. വാനലോകത്ത് ഈ ദിനത്തിന്റെ നാമം തന്നെ പുരസ്കാര ദിനം (യൗമുല്‍ ജാഇസ) എന്നാകുന്നു (ത്വബ്റാനി).
പെരുന്നാള്‍ സദ്യ
ഈദുല്‍ ഫിത്വര്‍ നോമ്പ് കഴിഞ്ഞ പെരുന്നാള്‍ ആയതിനാല്‍ പ്രസ്തുത ദിനത്തില്‍ സദ്യയുടെ പ്രസക്തി വേറെ തന്നെയാണ്. പെരുന്നാള്‍ ദിനങ്ങള്‍ അന്നപാനാദികളുടെ ഉപയോഗ ദിനമായാണ് ഇസ്ലാം കണക്കാക്കുന്നത്. അന്ന് നോമ്പ് പിടിക്കല്‍ നിഷിദ്ധമാണ്. പെരുന്നാള്‍ ദിനം ഹലാലായ അന്നപാനാദികള്‍ കൊണ്ട് ധന്യമാക്കുന്നതിനാണ് പ്രമാണങ്ങളുടെ പിന്തുണ. അന്ന് വിശിഷ്ട ഭോജ്യങ്ങള്‍ തന്നെ ഉണ്ടാക്കുന്നത് നന്ന്. ഉണ്ടും ഊട്ടിയും ഈ ദിനത്തെ സമുചിതമാക്കാന്‍ നമുക്ക് സാധിക്കണം. പൂര്‍വികര്‍ പെരുന്നാളിനെ ഉത്തമ ഭോജനങ്ങള്‍ കൊണ്ട് പ്രത്യേകം പരിഗണിച്ചിരുന്നു. അന്ന് വീട്ടില്‍ സവിശേഷ വിഭവങ്ങള്‍ ഒരുക്കുന്നതില്‍ അവര്‍ ആവേശം കാണിച്ചു. പുതുവസ്ത്രം മാത്രം പോരാ, പുത്തന്‍ വിഭവങ്ങള്‍കൂടി വേണമെന്നതായിരുന്നു അവരുടെ നയം. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നും നാം പെരുന്നാളിനെ സദ്യാവട്ടം കൊണ്ട് ധന്യമാക്കുന്നത്.
ചെറിയ പെരുന്നാള്‍ നിസ്കാരത്തിന് പോകുന്നതിന്റെ മുമ്പുതന്നെ വല്ലതും കഴിക്കല്‍ സുന്നത്താണ്. ഇമാം നവവി(റ) കുറിക്കുന്നു: ഇമാം ശാഫിഈ(റ)യും അനുചരന്മാരും ഏകകണ്ഠമായി അംഗീകരിച്ച കാര്യമാണ്, ചെറിയ പെരുന്നാള്‍ സുദിനത്തില്‍ എന്തെങ്കിലും ഭുജിച്ചശേഷം നിസ്കാരത്തിന് പുറപ്പെടുക എന്നത്. അത് കാരക്കയായാല്‍ നന്ന്. അതാണ് നബിചര്യ. ശാഫിഈ(റ) തന്റെ ഉമ്മില്‍ പറയുന്നു: ചെറിയ പെരുന്നാള്‍ നിസ്കാരത്തിന് പുറപ്പെടും മുമ്പ് വല്ലതും തിന്നുകയും കുടിക്കുകയും വേണം. അതിനു പറ്റിയില്ലെങ്കില്‍ വഴിയില്‍ വെച്ചോ നിസ്കാര സ്ഥലത്തുവെച്ചോ വല്ലതും കഴിക്കണം. ഇത് ഉപേക്ഷിക്കല്‍ കറാഹത്താകുന്നു (ശര്‍ഹുല്‍ മുഹദ്ദബ് 56).
തിരുനബി(സ്വ)യുടെ രീതി ഇതായിരുന്നു. ബുറയ്ദ(റ)യില്‍ നിന്ന് നിവേദനം, നബി(സ്വ) ചെറിയ പെരുന്നാള്‍ ദിനത്തില്‍ വല്ലതും തിന്നാതെ നിസ്കാരത്തിന് പുറപ്പെട്ടിരുന്നില്ല.
അനസ്(റ)യില്‍ നിന്ന്, നബി(സ്വ) ഈദുല്‍ ഫിത്വറില്‍ അല്‍പം കാരക്ക തിന്നാതെ നിസ്കരിക്കാന്‍ വന്നിരുന്നില്ല. അതുതന്നെ ഒറ്റയായിട്ടാണ് തിന്നിരുന്നത് (ബുഖാരി).
ആതിഥ്യമരുളാം
പെരുന്നാള്‍ ദിനത്തിന്റെ പ്രധാന പ്രത്യേകത തിരുനബി(സ്വ) പറയുന്നത് അത് ഇലാഹീ സ്മരണ പുതുക്കാനും അന്നപാനാദികള്‍ക്കുമുള്ളതാണെന്നാണ് (മുസ്ലിം). അതിനാല്‍ ഈ ദിനത്തില്‍ സല്‍ക്കാരപ്രിയത്വം കാണിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാകണം. അപരനെ ഭക്ഷിപ്പിക്കുക എന്നതാണല്ലോ സല്‍ക്കാരത്തിന്റെ മര്‍മം. ഇസ്ലാം ഇതിന് വലിയ പ്രാധാന്യം കല്‍പിക്കുന്നുണ്ട്. നിരവധി നബിവചനങ്ങള്‍ ഈ വിഷയകമായി കണ്ടെത്താവുന്നതാണ്.
ഒരിക്കല്‍ നബി(സ്വ)ക്കരികില്‍ ഒരാള്‍ വന്ന് ചോദിച്ചു: ഇസ്ലാമില്‍ അത്യുത്തമമായതെന്താണ് നബിയേ? അവിടുന്ന് പറഞ്ഞു: ഭക്ഷിപ്പിക്കലും പരിചിതര്‍ക്കും അപരിചിതര്‍ക്കും സലാം പറയലും (ബുഖാരി).
ഇസ്ലാമിന്റെ ഉത്തമ ഗുണങ്ങളില്‍ പ്രധാനമാണ് ഇത്. ഇത് പെരുന്നാളിനോടനുബന്ധിച്ച് ആകുമ്പോള്‍ അതിന്റെ മാറ്റു വര്‍ധിക്കുന്നു. പെരുന്നാള്‍ സ്നേഹത്തിന്റെ ദിനമാണ്. അന്നം നല്‍കല്‍ മറ്റൊരു സ്നേഹദാനവും. അപ്പോള്‍ സ്നേഹത്തിനുമേല്‍ സ്നേഹം ചൊരിയുന്നു പെരുന്നാള്‍ സദ്യ. ചില നബിവചനങ്ങള്‍ കാണുക:
അന്ത്യദിനത്തിലും അല്ലാഹുവിലും ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അതിഥി സല്‍ക്കാരം നടത്തട്ടെ (ബുഖാരി). ഒരാള്‍ നിസ്കാരം കൃത്യമായി നിലനിര്‍ത്തി സകാത്ത് നല്‍കി, റമളാന്‍ വ്രതമനുഷ്ഠിച്ചു, അതിഥിയെ സല്‍ക്കരിച്ചു. എന്നാല്‍ അവന്‍ സ്വര്‍ഗസ്ഥനായതുതന്നെ (ത്വബ്റാനി). സുപ്രയില്‍ നിന്ന് ഭുജിക്കപ്പെടുന്ന ഭവനത്തിലേക്ക് നന്മ അതിശീഘ്രം ആഗമിക്കുന്നതാകുന്നു (ഇബ്നുമാജ). ആതിഥ്യമരുളാത്തവനില്‍ ഒരു നന്മയും ഇല്ലതന്നെ (അഹ്മദ്).
ചുരുക്കത്തില്‍ പെരുന്നാള്‍ സുദിനം തീറ്റയുടെയും കുടിയുടെതുമെന്നതിനു പുറമെ സല്‍ക്കാരത്തിന്റെതുമാണ്. അന്ന് നാം അതിഥികളായും ആതിഥേയരായും നന്നായി പെരുമാറുക.

സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ