ഇത് സാലിം. പേര്‍ഷ്യയിലെ ഇസ്തഖര്‍ സ്വദേശി. അടിമയായി മക്കയിലെത്തിപ്പെട്ടു. ബദ്റില്‍ വധിക്കപ്പെട്ട ഇസ്ലാമിന്റെ ബദ്ധവൈരി ഉത്ബയുടെ പുത്രന് അബൂഹുദൈഫയുടെ ജീവിത പങ്കാളിയുടെ അടിമയായാണ് സാലിം മക്കയില്‍ വരുന്നത്. തന്റെ മകന് അബൂഹുദൈഫ മുസ്ലിമായെന്നറിഞ്ഞ ഉത്ബ മകനെ ശാസിക്കുകയും കഴിയും വിധം ദ്രോഹിക്കുകയും ചെയ്തുകൊണ്ടിരുന്നു.
പ്രിയ പത്നിയുടെ ഉടമസ്ഥതയിലായിരുന്ന സാലിമിന് അബൂഹുദൈഫ മോചനം നല്കി ദത്തെടുക്കുകയുണ്ടായി. ഉറ്റ സ്നേഹിതന്മാരെ പോലെയാണ് പിന്നീട് ഇരുവരും ജീവിച്ചത്. ഇസ്ലാമിക സേവനരംഗത്ത് അവര്‍ തോളോട് തോള് ചേര്‍ന്ന് സ്വന്തം ഭാഗധേയം അടയാളപ്പെടുത്തി. ഇരു മെയ്യും ഒറ്റ മനസ്സുമായി കര്‍മോത്സുകരായി അവര്‍ ഒന്നിച്ചുകഴിഞ്ഞു. ജീവിതത്തിലെന്ന പോലെ ഇരുവരും അന്ത്യയാത്രയിലും ഒരുമിച്ചു.
ഈ സൗഹൃദം കണ്ട് സാലിമിനെ ആളുകള്‍ അബൂഹുദൈഫയുടെ മകനെന്നാണ് വിളിച്ചുവന്നിരുന്നത്. സാലിമുബ്നു ഹുദൈഫ എന്ന്. എന്നാല്‍ ദത്തെടുക്കല്‍ സമ്പ്രദായം ഇസ്ലാം നിരോധിച്ചപ്പോള്‍ ഈ പേരിനും മാറ്റം വന്നു. സാലിം മൗലാ അബൂഹുദൈഫ (അബൂഹുദൈഫ മോചിതനാക്കിയ അടിമ) എന്നായി പിന്നീടു വിളി. അന്നത്തെ സാമൂഹിക-സാമ്പത്തിക ക്രമത്തില്‍ പാര്ശ്വവല്കരിക്കപ്പെട്ട അടിമകള്‍ക്ക് ഇസ്ലാം നല്കിയ ഉന്നതവും മഹത്തായതുമായ ഉത്ഥാനമായിരുന്നു ഇത്തരം വിമോചനങ്ങളും പരിഗണനയും. ഉന്നത കുലജാതരും പൗരപ്രധാനികളുമായ അബൂലഹബ്, ഉത്ബത്ത് തുടങ്ങിയവരെ പിന്നിലാക്കി അടിച്ചമര്‍ത്തപ്പെട്ടവരും അടിമകളുമായിരുന്ന സല്മാന്, ഖബ്ബാബ്, ബിലാല്‍, സാലിം(റ)വിനെ പോലുള്ളവര്‍ ഉന്നത പദവികളില്‍ അവരോധിക്കപ്പെട്ടത് ഇസ്ലാമിന്റെ സമത്വകാഴ്ചപ്പാടില് മാത്രം സംഭവിക്കാവുന്ന വിസ്മയമാണ്. കീഴാള ജനതക്കുള്ള ആദരവും. ഈ സൗന്ദര്യമാണ് അറേബ്യക്കും പിന്നീട് ലോകത്തിനും ഇസ്ലാമിനെ പ്രിയങ്കരമാക്കിയത്. പണം, നിറം, ജാതി, ഭാഷ തുടങ്ങിയ ഭൗതികമായ മാനദണ്ഡങ്ങളൊന്നുമല്ല ഇസ്ലാമില്‍ മനുഷ്യന് ഉന്നതനാക്കുന്നത്. പ്രത്യുത, തഖ്വ(ദൈവഭക്തി)യാണ്.
അബൂഹുദൈഫ(റ) സത്യസാക്ഷിയായ സാലിം(റ)ന് നല്കിയ സമ്മാനം അടിമത്വമോചനം മാത്രമായിരുന്നില്ല. സ്വന്തം സഹോദര പുത്രിയെ വിവാഹം ചെയ്തു കൊടുത്ത് കുടുംബ ബന്ധം തന്നെ സ്ഥാപിച്ചു. ജാഹിലിയ്യത്തിന്റെ എല്ലാ വടുക്കളും നീങ്ങിയപ്പോള്‍ സാലിം(റ) മുസ്ലിം ലോകത്ത് തന്നെ ഉന്നതനായ വ്യക്തിത്വമായിത്തീര്‍ന്നു.
വിശുദ്ധ ഖുര്‍ആനില്‍ അവഗാഹം നേടിയ പണ്ഡിതന്‍കൂടിയായിരുന്നു സാലിം. അതിനാല്‍ ഖുര്‍ആന്‍ പഠനത്തിന് നബി(സ്വ) നിര്‍ദേശിച്ച ഖാരിഉകളില്‍ ഒരാളായി അദ്ദേഹം അറിയപ്പെട്ടു. അദ്ദേഹത്തെ അംഗീകരിച്ചുകൊണ്ടുള്ള തിരുവചനമിങ്ങനെ: ‘ഇബ്നു മസ്ഊദ്, സാലിം, ഉബയ്യ്, മുആദ് എന്നിവരില്‍ നിന്ന് നിങ്ങള്‍ ഖുര്‍ആന്‍ ഗ്രഹിക്കുക.’
സദ്ഗുണ സമ്പന്നനായ അദ്ദേഹത്തോട് നേരിട്ടു നബി(സ്വ) ഒരിക്കല്‍ പറഞ്ഞു: എന്റെ സമുദായത്തില്‍ താങ്കളെ പോലുള്ളവരെ സൃഷ്ടിച്ച അല്ലാഹുവിന് സര്‍വസ്തുതിയും.’
മഹിതവും എല്ലാ സദ്ഗുണങ്ങളുടെയും ഉടമയും ഉറവിടവുമായിരുന്നു അദ്ദേഹമെന്നതിന്റെ സാക്ഷിപത്രം. സത്യമെന്ന് ബോധ്യപ്പെട്ട കാര്യം തുറന്നു പറയുന്നതില്‍ ആരെയും അദ്ദേഹം ഭയന്നില്ല. ‘ഞാന്‍ നിങ്ങളെ നിയോഗിക്കുന്നത് പോരാളികളായല്ല, മറിച്ച് പ്രബോധകരായാണ്.’ മക്കാ വിജയത്തിനു ശേഷം അയല്‍ പ്രദേശങ്ങളിലേക്ക് ദൗത്യവാഹക സംഘത്തെ അയക്കുമ്പോള്‍ പ്രവാചകര്‍(സ്വ) സ്വഹാബാക്കളെ ഓര്‍മിപ്പിക്കുമായിരുന്നു. അതിലൊരു സംഘത്തിന്റെ നേതാവ് ഖാലിദുബ്നുല്‍ വലീദ്(റ) ആയിരുന്നു. സാലിം(റ) ആ സംഘത്തിലാണു നിയുക്തനായത്.
എന്നാല്‍ ആ സംഘത്തെ ചിലര്‍ ആയുധവുമായി എതിര്‍ത്തപ്പോള്‍ രക്തച്ചൊരിച്ചിലിലും ഏറ്റുമുട്ടലിലും കലാശിച്ചു. ചിലര്‍ കൊല്ലപ്പെട്ടു. സാലിം(റ)ന് ഇത് ഇഷ്ടപ്പെട്ടില്ല. റസൂലിന്റെ ഉപദേശമായിരുന്നു അദ്ദേഹത്തിന്റെ മനം നിറയെ. അദ്ദേഹം സംഘത്തലവനടക്കമുള്ളവരുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. സാലിമിന്റെ അഭിപ്രായം ഖാലിദ്(റ) സശ്രദ്ധം കേട്ടുവെങ്കിലും തന്റെ ഭാഗം ന്യായീകരിച്ചു സംസാരിച്ചു. നേതാവിനെ അംഗീകരിക്കമെന്നതും പ്രവാചകോപദേശമാണെന്നതിനാല് തന്റെ അഭിപ്രായം രേഖപ്പെടുത്തി അച്ചടക്കമുള്ള സൈനികനായി സാലിം(റ) ശേഷവും വര്‍ത്തിച്ചു. ഇസ്ലാമിക ശിക്ഷണത്തിന്റെ മാഹാത്മ്യമാണിതെല്ലാം. ‘നാഥാ, ഖാലിദിന് പറ്റിപ്പോയതില്‍ ഞാനുത്തരവാദിയല്ല.’ രക്തച്ചൊരിച്ചിലിന്റെ വാര്‍ത്തയറിഞ്ഞ തിരുദൂതര്‍ അല്ലാഹുവിനോട് സങ്കടപ്പെട്ടു പറഞ്ഞു. ഖാലിദിന്റെ വാളിന് ധൃതി കൂടിപ്പോയി എന്ന് ഉമര്‍(റ) ഇതിനെ പറ്റി പറയുമായിരുന്നു.
റസൂലുല്ലാഹി(സ്വ) അര്‍റഫീഖുല്‍ അഅ്ലയിലേക്ക് നീങ്ങിയപ്പോള്‍ ഒന്നാം ഖലീഫയായി അബൂബക്കര്‍(റ) തിരഞ്ഞെടുക്കപ്പെട്ടുവല്ലോ. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഐക്യത്തിനും ഭദ്രതക്കും വിള്ളല്‍ വീഴ്ത്തും വിധം മതപരിത്യാഗികള്‍ തലപൊക്കിയ കാലം. അവരെ അമര്‍ച്ച ചെയ്യാന്‍ സൈനിക നടപടി അനിവാര്യമായി. അതിന്റെ നേതൃത്വം ആരെ ഏല്പിക്കണം? ഖലീഫ സൈന്യത്തെ തയ്യാറാക്കി. സൈദുബ്നു ഖത്താബ്, അബൂഹുദൈഫ, സാലിം(റ) എന്നിവരോട് യഥാക്രമം നേതൃത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ മൂവരും അത് വിസമ്മതിച്ചു. എല്ലാവര്ക്കും പറയാനുണ്ടായത് ഒരേ കാരണം: പ്രിയ ഖലീഫാ, തിരുറസൂലിന്റെ കാലത്ത് എല്ലാ യുദ്ധങ്ങളിലും ഞങ്ങള്‍ പങ്കെടുത്തു. അന്നെല്ലാം രക്തസാക്ഷിത്വം മോഹിച്ചവരായിരുന്നു ഞങ്ങള്‍. പക്ഷേ, ആ സൗഭാഗ്യം ഞങ്ങളെ കടാക്ഷിച്ചില്ല. ഈ ധര്മസമരത്തിലെങ്കിലും അത് ലഭ്യമാകണമെന്ന് അടങ്ങാത്ത ആഗ്രഹമുണ്ട്. ഒരു സാധാരണ സൈനികനായി അടര്‍ക്കളത്തില്‍ പൊരുതി മരിക്കാന്‍ സൈന്യാധിപനായ നേതാവിന് സാധിക്കില്ലല്ലോ. അതിനാല്‍ അവിടുന്ന് നേതൃത്വം ഏല്ക്കാന് ഞങ്ങളെ നിര്‍ബന്ധിക്കരുത്. വീര രക്തസാക്ഷിത്വം പൂവണിയാന്‍ ഞങ്ങള്‍ക്ക് അവസരമൊരുക്കുകയും ചെയ്യുക. കേവലമൊരു പോരാളിയായി ഞങ്ങള്‍ അടരാടിക്കൊള്ളാം.’
അവരുടെ അപേക്ഷ ഖലീഫ സ്വീകരിച്ചു. അങ്ങനെ കള്ളപ്രവാചകനായ മുസൈലിക്കെതിരെയുള്ള സൈനിക നേതൃത്വം ഖാലിദ്(റ)ന്റെ ചുമതലയിലായി. മുസ്ലിം പോരാളികള്‍ യമാമയിലേക്ക് പുറപ്പെട്ടു. മുസൈലിമയും സംഘവുമായി അവരേറ്റുമുട്ടി. വിശ്വാസികള്‍ക്ക് ഏറെ ഭീകരമായ പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്ന സമരമായിരുന്നു യമാമയിലേത്. പരാജയം നേരില്‍ കാണുന്ന പ്രതീതി പലപ്പോഴുമുണ്ടായി. ഖുര്‍ആന്‍ മനഃപാഠമാക്കിയ അനവധി സ്വഹാബികള്‍ കൊല്ലപ്പെട്ടു. രക്തസാക്ഷിത്വ മോഹവുമായി സാലിം(റ)വും പ്രിയ കൂട്ടുകാരന് അബൂഹുദൈഫ(റ)യും ഒപ്പത്തിനൊപ്പം അടര്‍ക്കളത്തില്‍ മുന്നേറിക്കൊണ്ടിരുന്നു. ഇരുവരും ശത്രുനിരയില്‍ കനത്ത ആഘാതങ്ങളേല്പിച്ചു.
മുഹാജിറുകളുടെ പതാക വാഹകനായ സൈദുബ്നു ഖത്താബ്(റ) ശത്രുവിന്റെ വെട്ടേറ്റ് വീഴുന്നത് സാലിം(റ)ന്റെ ദൃഷ്ടിയില് പെട്ടു. അദ്ദേഹം കുതിച്ചെത്തി പതാക കയ്യിലേന്തിക്കൊണ്ട് വിളിച്ചുപറഞ്ഞു: ഈ രണാങ്കണത്തില്‍ ഞാന്‍ മരണംവരിക്കും മുമ്പ് മുസ്ലിംകള്ക്ക് പരാജയമേല്ക്കേണ്ടിവന്നാല് ഞാന്‍ ഒന്നിനും കൊള്ളാത്തവനായിത്തീരും.’ സാലിം(റ) കാലുകൊണ്ട് യുദ്ധക്കളത്തിലൊരു വൃത്തം വരച്ചു. അതില്‍ ഉറച്ചുനിന്ന് പൊരുതി. ശത്രുക്കള്‍ കൂട്ടം കൂടി അദ്ദേഹത്തെ വളഞ്ഞ് ആക്രമിച്ചു. പ്രതിരോധിക്കാന്‍ കഴിയാതെ ഒടുവില്‍ ആ മഹാന് പിടഞ്ഞുവീണു. വൈകാതെ അബൂഹുദൈഫ(റ)യും ശഹാദത്ത് വരിച്ചു. സാലിം(റ)ന്റെ തലക്കടുത്ത് കാലും അദ്ദേഹത്തിന്റെ കാലിനോട് തലയും ചേര്‍ത്തുവെച്ചായിരുന്നു ആ കൂട്ടുകാരുടെ കിടപ്പ്. ആ സൗഹൃദത്തെ പിരിക്കാന്‍ മരണത്തിനുമായില്ല. അല്ലാഹുവിന് വേണ്ടി പരസ്പരം സ്നേഹിക്കുകയും ബന്ധം സ്ഥാപിക്കുകയും ചെയ്ത മുഅ്മിനുകളുടെ അവസ്ഥയാണിത്.
മുസൈലിമ വധിക്കപ്പെട്ടു. യുദ്ധം മുസ്ലിംകള്ക്ക് അനുകൂലമായി പര്യവസാനിച്ചു. ശത്രുക്കള്‍ പരാജയത്തിന്റെ കൈപ്പുനീര് കുടിച്ചു.
‘എന്റെ പ്രിയങ്കരന്‍ അബൂഹുദൈഫയുടെ അവസ്ഥയെന്താണ്. അദ്ദേഹമെവിടെ?’
മരണത്തോട് മുഖാമുഖം നില്‍ക്കുമ്പോഴും സാലിം(റ) ചോദിച്ചു.
‘അദ്ദേഹം ശഹീദായിരിക്കുന്നു.’ അവര്‍ മറുപടി പറഞ്ഞു. ‘എങ്കില്‍ എന്നെ അദ്ദേഹത്തിന്റെ സമീപം കൊണ്ടുപോയി കിടത്തൂ.’ സാലിം(റ) ആവശ്യപ്പെട്ടു.
‘ഇതാ, താങ്കളുടെ തൊട്ടടുത്ത് തന്നെയാണ് അദ്ദേഹവും കിടക്കുന്നത്.’ അവര്‍ അറിയിച്ചു.
അതു കേട്ടപ്പോള്‍ മഹാന്റെ മുഖകമലം വിടര്‍ന്നു. ‘അല്‍ഹംദുലില്ലാഹ്!’ അവസാന പുഞ്ചിരി ആ മുഖത്ത് മിന്നിമറഞ്ഞു. ഒന്നിച്ച് സത്യസാക്ഷ്യം മൊഴിഞ്ഞു. ജീവിച്ചതും ഒന്നിച്ച്, ഇപ്പോള്‍ അന്ത്യനിമിഷത്തിലും. ദീനിനു വേണ്ടി ശഹീദാവുക എന്ന ആഗ്രഹം സഫലമാകുന്നതും ഒന്നിച്ച്. ആ ആത്മാവുകള്‍ നിര്‍വൃതിയടയുന്നത് സഹപോരാളികള്‍ കാണുന്ന പോലെ.
ബിലാലു മുസ്നി(റ) തന്റെ അനുഭവം പങ്കുവെക്കുന്നതിങ്ങനെ: യമാമ യുദ്ധം കഴിഞ്ഞ് ഞങ്ങള്‍ മദീനയിലേക്ക് തിരിച്ചുവരികയായിരുന്നു. ഉറക്കില്‍ സാലിം(റ)നെ ഞാന്‍ സ്വപ്നം കണ്ടു. ഒരു സ്ഥലം ചൂണ്ടിക്കാണിച്ചു തന്നുകൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞു: ‘എന്റെ പടയങ്കി അവിടെയൊരു പാത്രത്തിന്റെ അടിയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. താങ്കള്‍ അത് പുറത്തെടുത്ത് ആവശ്യക്കാര്‍ക്ക് വില്‍ക്കുക. കിട്ടുന്ന തുക എന്റെ കുടുംബത്തിന് എത്തിച്ച് കൊടുക്കുകയും കടം വീട്ടാന്‍ ആവശ്യപ്പെടുകയും ചെയ്യുക.’
ഞാന്‍ സാലിം(റ) സ്വപ്നത്തില്‍ നിര്‍ദേശിച്ച സ്ഥലത്ത് ചെന്നുനോക്കി. പറഞ്ഞപോലെ ഒരു പാത്രത്തിന്റെ ചുവട്ടില്‍ പടയങ്കി ഒളിപ്പിച്ചുവെച്ചിട്ടുണ്ടായിരുന്നു. ഞാനതെടുത്ത് ഖലീഫ സിദ്ദീഖ്(റ)ന്റെ സമീപത്തുചെന്നു വിഷയം ധരിപ്പിച്ചു. ഖലീഫയുടെ അനുമതിയോടെ സാലിം(റ)ന്റെ വസ്വിയ്യത്ത് നിറവേറ്റുകയും ചെയ്തു.
(ഉസ്ദുല്‍ ഗാബ 2/307, ഇബ്നു ഹിശാം-സീറത്തുന്നബവിയ്യ 2/123, സുവറുന്‍ മിന് ഹയാതിസ്സ്വഹാബ 548-556)