ഇന്നലെയായിരുന്നു റംലത്തിന്റെ വിവാഹം. കല്യാണ മണ്ഡപത്തിലേക്കു യാത്ര ചെയ്യുമ്പോള്‍ ഞാനോര്‍ത്തത്, പത്തു വര്‍ഷം മുമ്പുള്ള ഒരു ദുഃഖ ദിനത്തെക്കുറിച്ചായിരുന്നു. റംലത്തും വീട്ടുകാരും സങ്കടമഴയില്‍ കുളിച്ച ദിനം. കൊല്ലങ്കോടിനടുത്താണ് അവളുടെ വീട്. ചുറ്റും വയലുകള്‍. അതിനപ്പുറം മാങ്ങാത്തോപ്പ്.
നാടോടിയെപ്പോലെയായിരുന്നു റംലത്തിന്റെ ഉപ്പ. നാടുകളില്‍ നിന്ന് നാടുകളിലേക്ക്, അത്തര്‍ കച്ചവടവുമായുള്ള യാത്ര. അങ്ങനെയുള്ള ഒരു സഞ്ചാരത്തിലാണ് അയാള്‍ കൊല്ലങ്കോട് എത്തുന്നതും ഗ്രാമങ്ങള്‍ കറങ്ങി കച്ചവടം ചെയ്യുന്നതിനിടയില്‍ വിവാഹിതനാവുന്നതും. പിന്നെയും അയാള്‍ സഞ്ചരിച്ചു കൊണ്ടിരുന്നു.
ഒരിക്കല്‍ ബാംഗ്ലൂരില്‍ പോയതായിരുന്നു. ട്രെയിനിറങ്ങുന്നതിനിടയില്, കാലുതെന്നി വീണ് ചതഞ്ഞരഞ്ഞപ്പോള്‍ അനാഥരായത് റംലത്തടക്കം മൂന്നു പെണ്‍കുട്ടികള്‍.
റംലത്തിനന്ന് എട്ടു വയസ്സായിരുന്നു. അവളുടെ താഴെയും മീതെയുമാണ് രണ്ടു പേര്. പഠിക്കാന്‍ മിടുക്കിയായിരുന്നു റംലത്ത്. വീട്ടില്‍ പട്ടിണിയുടെ ദിനരാത്രങ്ങളായിരുന്നെങ്കിലും പുസ്തകങ്ങളോട് കൂട്ടുകൂടി അവള് ദുഃഖങ്ങള്‍ മറക്കാന്‍ ശ്രമിച്ചു.
സഹതപിക്കാന്‍ വന്നവരൊക്കെ, മെല്ലെമെല്ലെ പിന്തിരിയുന്നത് അവള് കാണുന്നുണ്ടായിരുന്നു. ഒരു വീട്ടിലും പോയി കൈനീട്ടാന്‍ അവളുടെ ഉമ്മ ഒരുക്കമായിരുന്നില്ല. അതിന്റെ പേരില്‍ കുടുംബക്കാര് പോലും ഉമ്മയെ ഒറ്റപ്പെടുത്തുന്നത് ആ കുഞ്ഞുമനസ്സ് കാണുന്നുണ്ടായിരുന്നു.
പഠിച്ചുമുന്നേറാന്‍ തന്നെയായിരുന്നു റംലത്തിന്റെ തീരുമാനം. ഒരു ദിവസമാണ് അവള് തേങ്ങിക്കരഞ്ഞത്. ആധി അവള് ഉമ്മയോട് പങ്കുവെച്ചു.
‘പൊന്നും പണവും വേണ്ടാത്ത ആരും ഈ ദുന്യാവിലുണ്ടാവില്ലേ ഉമ്മാ…’
‘അതൊന്നും നിനക്ക് മനസ്സിലാവില്ല’ എന്നായിരുന്നു മറുപടി.
ദഅ്വാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാലക്കാടന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചപ്പോഴാണ് ഈ കുറിപ്പുകാരന് റംലത്തിനെ കാണുന്നത്. ദാരിദ്ര്യത്തിന്റെ കറുത്ത ചായം കൊണ്ട് അവളുടെ കൊച്ചുവീട് അലങ്കോലപ്പെട്ടു കിടക്കുന്നു. ഉമ്മയപ്പോള്‍ പട്ടിണി മാറ്റാന്‍ മാങ്ങാത്തോപ്പില് പണിക്കു പോവുന്നുണ്ടായിരുന്നു.
റംലത്തിന്റെ പഠനമിടുക്കാണ് ഞങ്ങളെ ആകര്‍ഷിച്ചത്. ഏതു ചോദ്യത്തിനും ഞൊടിയിടയില്‍ മറുപടി പറയുന്ന കുസൃതിക്കുട്ടി. അവളന്ന് എട്ടാം ക്ലാസ്സിലാണ്. അവളുടെ എല്ലാ സംരക്ഷണവും ഏറ്റെടുത്ത് പഠനത്തിനായി കൊണ്ടുവന്നത് ജഗന്നിയന്താവില്‍ തവക്കുല്‍ ചെയ്താണ്. അവളെപ്പോലെ മറ്റു ചില പാവപ്പെട്ട കുട്ടികളെക്കൂടി ഞങ്ങള്‍ സംരക്ഷിക്കുന്നുണ്ടായിരുന്നു.
റംലത്ത് ഒരിക്കലും വെറുതെയിരുന്നില്ല. സ്വന്തം പഠനത്തില്‍ മാത്രമല്ല, ഒപ്പമുള്ളവരെയും മുന്‍നിരയിലെത്തിക്കാനും അവള് യത്നിച്ചുകൊണ്ടിരുന്നു. വഴിതെറ്റുന്ന പെണ്‍കുട്ടികളെ എങ്ങനെ നേര്‍വഴിയിലാക്കാം എന്ന വിഷയത്തില്‍ ദിശാബോധം നല്കുന്ന സ്ഥാപനമായിരുന്നു അത്.
പത്തിലും പതിനൊന്നിലും നല്ല മാര്‍ക്കോടെ അവള് പാസ്സായി. പ്ലസ്ടുവിലും ഉന്നത വിജയം തന്നെയാണ് നേടിയത്. പക്ഷേ, അവളുടെ ഉമ്മക്ക് ആധി വളരാന്‍ തുടങ്ങിയിരുന്നു. ഉത്തരവാദപ്പെട്ട ഒരാളുടെ കൈയില്‍ ഏല്‍പ്പിക്കാനുള്ള ബേജാറ്… മാതൃമനസ്സില്‍ മറ്റൊന്നും കയറിയില്ല. പ്രാര്‍ത്ഥനയും നേര്‍ച്ചയുമായി അവര്‍ കാത്തിരിക്കുകയായിരുന്നു.
പഠിപ്പിക്കാന്‍ താല്പര്യമുള്ള ഒരു ദീനീ ചെറുപ്പക്കാരനെ കിട്ടണമെന്ന് ഞങ്ങളും ആഗ്രഹിച്ചു. ഒടുവില്‍ അവന് വന്നു. കുവൈത്തില്‍ നിന്നു വന്ന ശബീര്‍. ഒരു യതീംകുട്ടിക്ക് ജീവിതം കൊടുക്കണമെന്ന് നേര്‍ച്ച നേര്‍ന്നവന്‍. യാതൊരു ഡിമാന്റും അവനുണ്ടായിരുന്നില്ല. ഇതങ്ങ് ഉറപ്പിക്കാം എന്ന് അറിഞ്ഞവരെല്ലാം പറയുന്നു. റംലത്തിന്റെ മനസ്സിലും മോഹങ്ങള്‍ നാമ്പിടാന്‍ തുടങ്ങിയിരിക്കണം. നമ്രമുഖിയായ അവളുടെ മൗനം വാചാലമാണെന്ന് വ്യക്തം.
മണ്ഡപത്തില്‍ സാമാന്യം തിരക്കുണ്ടായിരുന്നു. ശബീറിനെ അഭിനന്ദിക്കാനും സന്തോഷത്തില്‍ പങ്കെടുക്കാനും എത്തിയവര്‍. റംലത്തിന്റെ വീട്ടില്‍ ചടങ്ങൊന്നുമുണ്ടായിരുന്നില്ല. അവള് അണിഞ്ഞൊരുങ്ങി മണ്ഡപത്തില്‍ വരുമ്പോള്‍ ചുറ്റും നിന്നിരുന്ന കൂട്ടുകാരികള്‍ കളിതമാശകള്‍ പറഞ്ഞ് അവളെ ചിരിപ്പിച്ചു. സ്ഥാപനത്തിലെ അനാഥക്കുട്ടികള്‍ക്ക് ഇത് കണ്‍നിറയും കാഴ്ചകള്‍ പകര്‍ന്നു.
പത്തു വര്‍ഷം മുമ്പുള്ള മരണവീട്ടിലേക്ക് തിരിച്ചുവരാം. ബാംഗ്ലൂരില്‍ ചതഞ്ഞരഞ്ഞ മൃതദേഹത്തില്‍ നിന്ന്, ബന്ധപ്പെടാന്‍ ഫോണ്‍നമ്പറൊന്നും കിട്ടിയിരുന്നില്ല. പേരും സ്ഥലപ്പേരും മാത്രമാണുണ്ടായിരുന്നത്. ഗ്രാമത്തിന്റെ പേരായതുകൊണ്ട് അത് തിരിച്ചറിയാന്‍ ആര്‍ക്കും കഴിഞ്ഞതുമില്ല. മയ്യിത്ത് ബാംഗ്ലൂരില്‍ തന്നെ മറമാടി എട്ടു ദിവസം പിന്നിട്ടതിനു ശേഷമാണ് റംലത്തിന്റെ മഹല്ലില്‍ വിവരമറിയുന്നത്. ഏതോ ലോറിക്കാരന് പറഞ്ഞതാണത്രെ. വിവരം സ്ഥിരീകരിക്കാന്‍ ആളുപോയി, മരിച്ചയാളുടെ ബാഗ് അടയാളമായി കൊണ്ടുവന്നതോടെ വീട്ടില്‍ അലമുറ ഉയര്‍ന്നു: ‘ന്റെ കുട്ട്യാള്ക്കിനി ആരാണുള്ളത്… അവര്‍ അനാഥകളായല്ലോ’
റംലത്തിന്റെ ഉമ്മ തേങ്ങിക്കരഞ്ഞപ്പോള്‍ ആരോ കാതില്‍ പറഞ്ഞു; ‘ക്ഷമിക്കൂ, അല്ലാഹു എല്ലാം അറിയുന്നവനാണ്. അവനുണ്ട് കൂടെ..’
ഇന്ന് റംലത്തിന്റെ ഉമ്മ കരയുന്നത്, അല്ലാഹുവിന്റെ ഔദാര്യം ഓര്‍ത്ത് മാത്രമാണ്. ആരോരുമില്ലാത്ത ഞങ്ങള്‍ക്ക് തുണയായി ഇപ്പോള്‍ എത്ര സഹായ ഹസ്തങ്ങള്‍…
റംലത്തിന്റെ ഒരാഗ്രഹം ഇപ്പോഴും ബാക്കിയാണ്; ഭര്‍ത്താവിനൊപ്പം ഇറങ്ങുമ്പോഴും അവള് അതു തന്നെയാണ് പറഞ്ഞത്: ‘എനിക്കൊരു ടീച്ചറാവണം, അതു സാധിക്കില്ലേ ഉമ്മാ…’
ഉമ്മ സമാധാനിപ്പിച്ചു: ‘ഇന്ഷാ അല്ലാഹ്, ഇത്രയൊക്കെ ആയില്ലേ. അല്ലാഹു കനിഞ്ഞാല്‍ എല്ലാം നടക്കും. പഠനത്തിന് പ്രായമില്ല മോളേ…’
വനിതാ കോര്‍ണര്‍
നല്ല വീട്12 ഇബ്റാഹിം ടിഎന്‍ പുരം