അന്ധനും ഭാര്യയും
അന്ധനായ ഭർത്താവിനോട് തർക്കത്തിനിടയിൽ ഭാര്യ പറഞ്ഞു: എന്റെ സൗന്ദര്യവും രൂപലാവണ്യവും കാണുകയാണെങ്കിൽ നിങ്ങൾ വിസ്മയപ്പെട്ടു പോകും. പിന്നെ എന്നോട് പിണങ്ങാനേ വരില്ല. എന്നെ ഏറെ സ്‌നേഹിക്കും നിങ്ങൾ. പക്ഷേ, എന്തു ചെയ്യാൻ, നിങ്ങളെ പറഞ്ഞിട്ടു കാര്യമില്ലല്ലോ. കണ്ണിന് കാഴ്ചയില്ലാതായില്ലേ!
അപ്പോൾ ഭർത്താവ്: നീ പറഞ്ഞതു പോലെ, നീയൊരു സുന്ദരിയായിരുന്നെങ്കിൽ കണ്ണും കാഴ്ചയുമുള്ളവർ നിന്നെ ഒഴിവാക്കുമായിരുന്നോ. അങ്ങനെ അന്ധനായ എന്റെ ഭാര്യയായി കഴിയേണ്ട ഗതികേട് നിനക്ക് ഉണ്ടാകുമായിരുന്നില്ലല്ലോ.
ഉത്തരം മുട്ടിയ അവൾ തലതാഴ്ത്തിപ്പോയി (തസ്‌ലിയതുൽ ഖാത്വിർ).
കളവ് പറയൽ
പ്രശസ്ത കവി അസ്വ്മഈ കളവു പറഞ്ഞ് പ്രസിദ്ധനായ ഒരാളോട് ചോദിച്ചു: ഇത്രയും കാലത്തിനിടയിൽ വല്ലപ്പോഴും താങ്കൾ സത്യം പറഞ്ഞിട്ടുണ്ടോ?
അയാൾ മറുപടി നൽകി: അതേ.
അസ്വ്മഈക്ക് സന്തോഷമായി. ജീവിതത്തിൽ ഒരു സത്യമെങ്കിലും ഇയാൾ പറഞ്ഞു കാണുമല്ലോ എന്ന് ആത്മഗതം ചെയ്തു.
വിസ്മയപ്പെട്ടിരിക്കുന്ന അസ്വ്മഈയോട് അയാൾ തുടർന്നു: നിങ്ങളുടെ ചോദ്യത്തിന് ഇല്ല എന്ന് ഞാൻ മറുപടി പറഞ്ഞാൽ അതൊരു സത്യമാകുമല്ലോ എന്ന് കരുതിയാണ് അതേ എന്ന് ഞാൻ കളവ് പറഞ്ഞത് (തസ്‌ലിയതുൽ ഖാത്വിർ).
പ്രതിഷേധം
രസിക ശിരോമണി അഅ്മശിനെ നാട്ടുപ്രമാണി കല്യാണ സൽക്കാരത്തിന് ക്ഷണിച്ചു. നിശ്ചിത സമയം അദ്ദേഹം ആ വീട്ടുപടിക്കലെത്തി. മുഷിഞ്ഞ സാധാരണ വേഷത്തിലെത്തിയ അദ്ദേഹത്തിന് പാറാവുകാരൻ പ്രവേശനം നിഷേധിച്ചു. തിരിച്ച് വീട്ടിൽ വന്ന് നല്ല വസ്ത്രം ധരിച്ച് വീണ്ടും സൽക്കാരത്തിനു ചെന്നപ്പോൾ കാവൽക്കാരൻ അകത്തേക്കു കടത്തിവിട്ടു.
ഭക്ഷണം വിളമ്പി. അതിഥികൾ കഴിക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും കാൺകെ അഅ്മശ് തന്റെ കുപ്പായക്കൈ ഭക്ഷണത്തിൽ വച്ചു. എന്നിട്ട് പറഞ്ഞു: കഴിച്ചോളൂ. നിന്നെയാണ് ക്ഷണിച്ചിരിക്കുന്നത്. എന്നെയല്ല. ഒന്നും കഴിക്കാതെ അദ്ദേഹം മടങ്ങുകയും ചെയ്തു (അഖ്ബാറുള്ളിറാഫ്).
പ്രിയതമയുടെ സ്വപ്നം
നേരം പുലർന്നപ്പോൾ അവൾ’ഭർത്താവിനോട് പറഞ്ഞു: നിങ്ങളെനിക്കൊരു സ്വർണവള വാങ്ങിത്തരുന്നത് ഞാനിന്നലെ സ്വപ്നത്തിൽ കണ്ടു.
അപ്പോൾ ഭർത്താവ്: ഉവ്വോ? എങ്കിൽ അടുത്ത സ്വപ്നത്തിൽ നീ ആ വളയെടുത്ത് ധരിക്കുന്നതും കണ്ടോളൂ (ദൗറുന്നുകതി ഫിൽ ഇറാദ).
ഓർമ മോതിരം
അശ്അബു ബ്‌നു ജുബൈർ ഒരു രസികനായിരുന്നു. ഒരിക്കൽ അദ്ദേഹത്തോട് സുഹൃത്ത് ചോദിച്ചു: നിന്റെ ഓർമക്കായി ആ മോതിരം എനിക്ക് തന്നേക്ക്.
അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: നീ എന്നോട് മോതിരം ചോദിച്ചു എന്നും അത് ഞാൻ തന്നില്ല എന്നും ഓർത്താൽ മതി (ജംഉൽജവാഹിർ).
ഇമാം ഖുശൈരി(റ)യുടെ കുതിര
വിശ്വപ്രസിദ്ധ ആത്മജ്ഞാനിയും സാത്വികനുമായ ഇമാം ഖുശൈരി(റ)ക്ക് സമ്മാനമായി ലഭിച്ച ഒരു കുതിരയുണ്ടായിരുന്നു. ഇരുപത് വർഷക്കാലം അതിന്റെ പുറത്തേറിയാണ് അദ്ദേഹം യാത്ര ചെയ്തിരുന്നത്. മഹാൻ വഫാതായതോടെ കുതിര ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല. ഒരാഴ്ച ക്കാലത്തെ നിരാഹാരത്തിനൊടുവിൽ അതിന്റെ ജീവൻ പൊലിഞ്ഞു (അൽകാമിൽ ഫിത്താരീഖ്).
/ഫൈസി