മസ്ജിദുല്‍ ഹറമില്‍ നടക്കുന്ന വിപുലമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാരണം ഹജ്ജിന് ചില നിയന്ത്രണങ്ങള്‍ വരുത്തിയതു കൊണ്ടു കൂടിയാണ് ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടായ ക്രമാതീത വളര്‍ച്ച. ഇരു ഹറമുകളും സദാസമയവും ജന നിബിഢമാണിപ്പോള്‍.
മദീന ശാന്തിയുടെ പട്ടണരൂപമാണ്. മദീന ഹറം ശരീഫില്‍ എപ്പോഴും ജനത്തിരക്കാണെങ്കിലും ഒരപശബ്ദവുമില്ല. ഇപ്പോള്‍ സദാ സമയവും നബി(സ്വ)യുടെ റൗള സന്ദര്‍ശിക്കാന്‍ പുരുഷന്‍മാര്‍ക്ക് അവസരമുണ്ട്. സ്ത്രീകള്‍ക്ക് മൂന്ന് നേരങ്ങളിലായി വിപുലമായ പ്രത്യേകസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. നബി ഉറങ്ങുന്ന പുണ്യപ്രദേശത്തെത്തുമ്പോള്‍ വിശ്വാസികളുടെ ഹൃദയം കലങ്ങുന്നു. കണ്ണുനീര്‍ പ്രവഹിക്കുന്നു. അവര്‍ പുണ്യ നായകന് സലാം, സ്വലാത്തുകള്‍ വര്‍ധിപ്പിക്കുകയും അവിടുത്തെ തവസ്സുലാക്കി പ്രാര്‍ത്ഥിക്കുകയും നേരിട്ട് ഇസ്തിഗാസ നടത്തുകയും ചെയ്യുന്നു. ഇത് റൗളയില്‍ നിന്നുള്ള നിത്യക്കാഴ്ച. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ള തീര്‍ത്ഥാടകരുടെയും സ്വഭാവമിതാണ്.
നബി(സ്വ)യുടെ ഖബറിനരികില്‍ സ്വയം മറന്നങ്ങനെ നില്‍ക്കാനും പൊട്ടിക്കരയാനും എല്ലാഭാഷക്കാരും ഒരു പോലെ മത്സരിക്കുന്നു. സഊദി പോലീസുകാരുടെ സമയോചിത ഇടപെടലില്ലെങ്കില്‍ ആദ്യ ചാന്‍സുകാരന്‍ നേരമിരുട്ടിയാലും ആ ശാന്ത, ശാദ്വല തീരത്തുനിന്ന് പുറത്ത് കടക്കില്ല. ലക്ഷങ്ങള്‍ അവസരത്തിന് കാത്ത് കെട്ടിനില്‍ക്കുമ്പോള്‍ ഒരു വിഭാഗത്തിന് മാത്രമായി മുഴുവന്‍ സമയവും അനുവദിക്കാനാവില്ലല്ലോ. അത് കൊണ്ട് പോലീസുകാരന്‍ ഉന്തിക്കൊണ്ടിരിക്കണം; വിശ്വാസികള്‍ ഒരു നിമിഷമെങ്കിലും ദീര്‍ഘിച്ചുകിട്ടാന്‍ പരിശ്രമിക്കുകയും വേണം.
ഇരു ഹറമിലുമായി ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അനുഭവിച്ച ചില ആദര്‍ശകാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഒന്നാന്തരം അറബിയിലാണ് ഖുതുബ നടക്കുന്നത്. അറബുനാടായതിനാല്‍ എന്നു പറയാന്‍ വരട്ടെ, അത് ഉറുദുവിലാണെങ്കില്‍ കേള്‍വിക്കാരില്‍ 98%ത്തിനും മനസ്സിലാവും. വ്യാപകമായി ഉറുദു അറിയാത്ത മുസ്‌ലിംകള്‍ ലോകത്ത് ഒരിടത്തു മാത്രമേ കാണൂ, നമ്മുടെ കേരളത്തില്‍. എങ്കിലും അവര്‍ക്കും പുതു കാലത്ത് ആ സുന്ദര ഭാഷ ദോഡാ ദോഡാ മഅ്ലൂം ഹെ, എന്നാല്‍, അറബി ഭാഷയോ? 30% മനസ്സിലാക്കുമായിരിക്കും. എന്നിട്ടും അറബിയില്‍തന്നെയാണത് നിര്‍വഹിക്കുന്നത്. കാരണം ഖുതുബപ്രസംഗമല്ല; ആരാധനയാണ്. പിന്നെ ജുമുഅക്ക് രണ്ടു വാങ്ക് കൊടുക്കുന്നു. സലാം വീട്ടുന്നതോടെ ത്വവാഫ്, ഹജറുല്‍ അസ്വദ് ബറകത്തെടുക്കല്‍ തുടങ്ങിയവക്കുള്ള തിരക്കു കാരണമാവാം കൂടിയിരുന്നൊരു പ്രാര്‍ത്ഥന അവിടെ നടക്കില്ല. സിയാറത്തിനും റൗളയില്‍ നിസ്കരിക്കാനുമുള്ള വന്‍തിരക്ക് മദീനയിലും ഇതിനു തടസ്സമാകുന്നു. ഹദീസില്‍ സ്ഥിരപ്പെട്ടുവെന്ന് ബിദ്അത്തുകാരും പറയുന്ന 33 വീതമുള്ള ദിക്റുകളും അവിടെ കൂടിയിരുന്നാരും ചൊല്ലുന്നില്ലല്ലൊ.
രണ്ടാഴ്ച തിരഞ്ഞുനടന്നിട്ടും നെഞ്ചിനു മുകളില്‍ കൈവെച്ചുള്ള അപായകെട്ടുകാരെ വിഷത്തിനു പോലും കണ്ടുകിട്ടിയില്ല. ആകെ ഒരാളെ കണ്ടതോ തനി നാടന്‍ കോഴിക്കോട്ടുകാരന്‍ വഹാബി! നിരാശാ ബോധത്തോടെ സാധു തലകുനിച്ചു നില്‍ക്കുന്നു. ലാഇലാഹ…… ഉറക്കെ ചൊല്ലി ഒരു സഊദിയുടെ മയ്യിത്ത് വന്‍ ജനക്കൂട്ടം കൊണ്ടു വന്നതും മറമാടിയ ശേഷം നമ്മുടെ തല്‍ഖീനിലെ പലവാക്യങ്ങള്‍ ഉള്‍കൊണ്ട വാചകങ്ങള്‍ ഖബറിന് സമീപമിരുന്ന് പറഞ്ഞുകൊടുത്ത് കൂട്ടു പ്രാര്‍ത്ഥന നടത്തിയതും ജന്നത്തുല്‍ ബഖീഇലെ കാഴ്ച. ഞങ്ങളുടെ സംഘത്തില്‍ ഉണ്ടായിരുന്ന ഒരു ഉസ്താദ് ഉറക്കെ ദുആ ചെയ്തപ്പോള്‍ ജനാസക്കൊപ്പം എത്തിയവരെല്ലാം ഭക്തിയോടെ ആമീന്‍ പറയുകയും ചെയ്തു.
ഖദീജാ ബീവി(റ)യുടെ ഖബറിനരികില്‍ ഇസ്തിഗാസ നടത്തി ദീര്‍ഘ സമയം ചിലവഴിച്ച യമനി പണ്ഡിതനും ഞങ്ങളുടെ ദുആയില്‍ മുഴുസമയം പങ്കെടുത്തു നിരവധി ആഫ്രിക്കന്‍, ഫിലിപ്പെയിന്‍ വിശ്വാസികളും. ഇതെല്ലാം ജന്നത്തുല്‍ മുഅല്ലയിലെ അനുഭവം. ഉഹ്ദിലും ജബലുന്നൂറിലും വിവിധ സംഘങ്ങളുടെ തവ്വസ്സുല്‍ പ്രാര്‍ത്ഥനകള്‍ വ്യാപകമായിരുന്നു ആരൊക്കെ പല്ലുഞെരിച്ചാലും ലോക മുസ്‌ലിംകളുടെ പൊതു ആദര്‍ശം അഹ്ലുസ്സുന്ന തന്നെയാണ്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ