ഇത് ബേക്കൽ. കാറ്റിന് പോലും അറിവിന്റെയുംആത്മീയതയുടെയും സുഗന്ധമുള്ള പ്രദേശം. ഒട്ടേറെ പള്ളികൾ. ആത്മീയതയുടെ കെടാവിളക്കായി നിരവധി മഖ്ബറകൾ. അറിവിന്റെ നിറദീപങ്ങളായി അനേകം ദർസുകൾ. ഇസ്‌ലാമിക നാഗരിക സൗന്ദര്യങ്ങൾ വിളിച്ചോതുന്ന തുറമുഖ മത്സ്യബന്ധന സംസ്‌കാരങ്ങൾ. ചരിത്രവും പൈതൃകങ്ങളും അടയാളപ്പെടുത്തുന്ന ബേക്കൽ കോട്ട. അതിനിടയിലൂടെ കലങ്ങിയും തെളിഞ്ഞും ഒഴുകികൊണ്ടിരിക്കുന്ന ബേക്കൽ പുഴ.
ഈ അനുഗൃഹീത പ്രദേശമാണ് പി.എ ഇബ്‌റാഹീം മുസ്‌ലിയാരെന്ന അഭിവന്ദ്യ ഗുരുവിന്റെ അധ്യാപന ജീവിതത്തിന് വേദിയായത്. ഇസ്‌ലാമിന്റെ ശൈശവദശയിൽ തന്നെ സത്യസന്ദേശമെത്തിയ പ്രദേശത്ത്ഈ പ്രകാശം കെടാതെ സൂക്ഷിക്കുക എന്ന മഹത്തായ പ്രബോധന ദൗത്യമായിരുന്നു അദ്ദേഹത്തിന് നിർവഹിക്കാനുണ്ടായിരുന്നത്. 1976-ൽ തന്റെ ഉസ്താദായ താജുശ്ശരീഅ അലിക്കുഞ്ഞി മുസ്‌ലിയാരുടെ നിർദേശ പ്രകാരമാണ് അദ്ദേഹം ബേക്കലിലെത്തുന്നത്. നാലു പതിറ്റാണ്ട് കാലം അറിവും അത്മീയതയും സമന്വയിപ്പിച്ചുള്ള അധ്യാപന മാതൃകകളിലൂടെ പ്രബോധന ദൗത്യംഭംഗിയായി നിറവേറ്റി.
ഇൽമിന് വേണ്ടി ത്യാഗം സഹിക്കാൻ തയ്യാറായിരുന്നു അദ്ദേഹം. ബേക്കൽ പഴയ പള്ളിയിലെ റൂമിൽ നിലത്ത് പായ വിരിച്ചായിരുന്നു ആദ്യ കാലത്ത് ഉസ്താദിന്റെ ഉറക്കം. പഠന കാലത്തും അധ്യാപന കാലത്തും അറിവിന്റെ വഴിയിൽ ഏതറ്റം വരെ പോകാനും തയ്യാറായിരുന്നു. അറിവിനോടുള്ള അങ്ങേയറ്റത്തെ ആഗ്രഹമാണ് അതെല്ലാം സഹിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്.
ആത്മീയതയും അദബും സംഗമിക്കുന്നതാണ് ഉസ്താദിന്റെ ദർസ്. എല്ലാ ജ്ഞാനശാഖകളും അദ്ദേഹത്തിന് വഴങ്ങുമായിരുന്നു. താജുൽ ഉലമയിൽ നിന്ന് അറിവിനോടൊപ്പം സ്വായത്തമാക്കിയ ആത്മാർത്ഥതയും അധ്യാപനാവേശവും ക്ലാസിൽ ദൃശ്യമായിരുന്നു. ഗോളശാസ്ത്രവും ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവുമെല്ലാം ഉദാഹരണങ്ങളും സിദ്ധാന്തങ്ങളും ശാസ്ത്രീയ തത്ത്വങ്ങളും മുന്നിൽവെച്ച് ലളിതമായി വിശദീകരിക്കാൻ അദ്ദേഹത്തിന് പ്രത്യേക പാടവമുണ്ടായിരുന്നു. നക്ഷത്രങ്ങളും രാശികളും പഠിപ്പിക്കുമ്പോൾ ഞങ്ങളെ പള്ളിയുടെ മുകളിലേക്ക് കൊണ്ടുപോയി ഓരോന്നും ചൂണ്ടിക്കാണിച്ച് വിവരിക്കും. സമഗ്രമായ ഒരു പ്രാക്ടിക്കൽ ക്ലാസിന്റെ അനുഭവമാണ് ഇതിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുക. പഠിപ്പിക്കുന്ന കാര്യം കുട്ടികൾക്ക് കൃത്യമായി മനസ്സിലാകണമെന്ന ജാഗ്രത ഉസ്താദിനുണ്ടായിരുന്നു.
സകാത്തും ഫറാഇളും പഠിപ്പിക്കുമ്പോൾ ഗണിത ശാസ്ത്ര തത്ത്വങ്ങളും നിയമങ്ങളും ഉസ്താദ് ഉദാഹരണ സഹിതം പറഞ്ഞ് തരുമായിരുന്നു. ഗണിത ശാസ്ത്രത്തില ത്രികോണമിതിയും ജോമട്രിയും അൽഗോരിതങ്ങളുമെല്ലാം അതിൽ കടന്നുവരും. ഗണിതശാസ്ത്ര അധ്യാപകനെ പോലെ ഉസ്താദ് ഇതെല്ലാം വിശദീകരിക്കുമ്പോൾ കൗതുകത്തോടെ ഞങ്ങൾ കേട്ടിരിക്കും. ആധുനിക ഗോളശാസ്ത്രവും ഗ്രീക്ക് ഗോളശാസ്ത്രവും വേർതിരിച്ച് പറഞ്ഞുതന്ന് അതിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാണിക്കും. കർമശാസ്ത്രപരമായ ഏത് സംശയത്തിനും കൃത്യവും വ്യക്തവുമായ മറുപടിയുണ്ടാകും അദ്ദേഹത്തിന്. അതുകൊണ്ട് തന്നെയാണ് താജുൽ ഫുഖഹാഅ് എന്ന സ്ഥാനപ്പേര് നൽകി സമൂഹം ആദരിച്ചതും. സംശയങ്ങളുമായി സമീപിക്കുന്നവർക്ക് ആവശ്യമായതെല്ലാം അവിടെ ലഭ്യം.
വ്യാഴാഴ്ച നാട്ടിൽ പോയി ശനിയാഴ്ചയാണ് സാധാരണ തിരിച്ചുവരിക. ശനിയാഴ്ച രാത്രി കുട്ടികൾ സംശയ നിവാരണത്തിനായി ചെന്നാൽ ചിലപ്പോൾ എല്ലാവരെയും ഉത്തരം കേൾപ്പിക്കാനായി വിളിക്കും. അന്നു പകൽ ക്ലാസ് നടക്കാത്തതിനാൽ പ്രത്യേകമായൊന്നും പഠിക്കാൻ ഉണ്ടാകില്ലല്ലോ. അതിനാൽ എല്ലാവരെയും ഇരുത്തി പല കാര്യങ്ങളും വിശദീകരിക്കും. കുതുബ്ഖാനയിലെ കിതാബുകൾ ചൂണ്ടിക്കാണിച്ച് പേരും അധ്യായവും പേജും പറഞ്ഞ് നോക്കാൻ നിർദേശിക്കും. കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കും. തികച്ചും ലളിതവും പ്രായോഗികവുമായ ഉസ്താദിന്റെ ഈ രീതിയിൽ നിന്ന് നിരവധി കാര്യങ്ങൾ ഗ്രഹിക്കാനാവും.

താജുൽ ഉലയുടെ നിഴൽ

ബേക്കൽ ഉസ്താദ് ചെറുവത്തൂർ കോട്ടപ്പുറത്ത് ഓതിയിരുന്ന കാലം. മുതിർന്ന മുതഅല്ലിമായ ഉസ്താദ് ഒഴികെ ബാക്കിയെല്ലാവരും നാട്ടിൽ പോയിരുന്നു. ശഅ്ബാൻ മാസപ്പിറവിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കും മറ്റുമായി ഖാളിയായ താജുൽ ഉലമ കോട്ടപ്പുറത്ത് വന്നു. രാത്രിയിലെ പരിപാടികൾ കഴിഞ്ഞ് താജുൽ ഉലമ പള്ളിയിലെത്തി. ബേക്കൽ ഉസ്താദിനാണ് സേവനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത്. അർധരാത്രിയിൽ എഴുന്നേറ്റുള്ളഅദ്ദേഹത്തിന്റെ ദീർഘ നിസ്‌കാരങ്ങളും ദിക്‌റുകളും സുബ്ഹി വരെയുള്ള ഖുർആനോത്തുമെല്ലാംഇബ്‌റാഹീം മുസ്‌ലിയാരെ ഏറെ സ്വാധീനിച്ചു. രാവിലെ കോട്ടപ്പുറത്ത് നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് തങ്ങളവർകളുടെ ബാഗും പിടിച്ച് കൂടെ ചെന്നു. പരിസരത്തുള്ള പ്രധാന മഖ്ബറകളിലെല്ലാം സിയാറത്ത് ചെയ്തുകൊണ്ടായിരുന്നു താജുൽ ഉലമ യാത്ര തുടർന്നത്. ഉള്ളാളത്തെ ദർസിലേക്കെത്തുന്നതിന് മുമ്പ് തന്നെ സയ്യിദവർകളെ അടുത്തറിയാനും ഖിദ്മത്ത് ചെയ്യാനും അവസരം ലഭിച്ചത് പലപ്പോഴും പങ്കുവെക്കുമായിരുന്നു. പിന്നീട് ദർസിലും പഠന ശേഷവുമെല്ലാം ഇരുവരുടെയും ബന്ധം കൂടുതൽ ദൃഢമായി.
ഗുരുശിഷ്യ ബന്ധത്തിലപ്പുറമുള്ള സ്‌നേഹ ബന്ധമായിരുന്നു ഇരുവരും തമ്മിൽ. മംഗലാപുരത്തെ ഒരു നിക്കാഹ് ചടങ്ങിലേക്ക് ബേക്കൽ ഉസ്താദിനെ തങ്ങൾ വരുത്തിക്കുകയും ഏറെ നേരം ശിഷ്യനെ കാത്തിരിക്കുകയും ചെയ്തു. ഉടുപ്പിയിലെ പൗരപ്രമുഖർ നാടിന്റെ ഖാളിസ്ഥാനം ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ച് ഉള്ളാൾ തങ്ങളെ സമീപിച്ചപ്പോൾ അദ്ദേഹം ഖാളിയായി ഇബ്‌റാഹീം മുസ്‌ലിയാരെ നിർദേശിച്ചു നൽകി. എന്നാൽ സ്ഥാനമാനങ്ങളോട് വിമുഖതയായിരുന്ന അദ്ദേഹം വഴങ്ങിയില്ല. ഒടുവിൽ ‘പുതിയാപ്ല ഇല്ലാതെ എന്ത് നിക്കാഹെടാ’ എന്ന് പറഞ്ഞ് ഉള്ളാൾ തങ്ങൾ വിളിച്ചു കൊണ്ടുപോയി ഖാളിയായി അവരോധിക്കുകയായിരുന്നു.
നീണ്ട അമ്പതു വർഷത്തെ ബന്ധമാണ് കാന്തപുരം ഉസ്താദുമായുള്ളത്. എപി ഉസ്താദ് ബേക്കൽ ഭാഗത്ത് വഅളിനു വന്നാൽ അദ്ദേഹത്തിനടുത്ത് വരികയും ഇൽമിയ്യായ ചർച്ചകളിൽ മുഴുകുകയും ചെയ്യും.

ജ്ഞാനവും യുക്തിയും

ഉസ്താദിന്റെ ബഹുഭാഷാ പാണ്ഡിത്യം കാരണം കർണാടകയിലെ സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്കും തന്റെ ഫത്‌വകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഹാസനയടക്കം നിരവധി പ്രദേശങ്ങളുടെ ഖാളിയാവാൻ ഭാഷാ പാണ്ഡിത്യം കാരണമായി. ഉർദുവിൽ ഉസ്താദിനുണ്ടായിരുന്ന പ്രാവീണ്യത്തിന്റെ ഉദാഹരണമായിരുന്നു ആ മേശപ്പുറത്തുണ്ടാകാറുള്ള ഉർദു പത്രങ്ങൾ. ഉർദു പത്രങ്ങൾ വരുത്തുകയും പൂർണമായി വായിക്കുകയും ചെയ്യുമായിരുന്നു.
ആദർശ പ്രസ്ഥാനത്തിന്റെ വിരോധികൾ നമ്മുടെ സംഘടനയുടെ പേരിൽ തട്ടിക്കൂട്ടിയ കൂട്ടായ്മ രജിസ്റ്റർ ചെയ്യാനുള്ള ശ്രമമറിഞ്ഞ് ഉസ്താദിന്റെ നേതൃത്വത്തിൽ ബൈലോ തയ്യാറാക്കി സമയോചിതം രജിസ്റ്റർ ചെയ്തത് ക്രിയാത്മകവും ബുദ്ധിപരവുമായ നീക്കമായി പ്രവർത്തകർ ഓർക്കുന്നു. ഉസ്താദിന്റെ ഈ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ നമ്മുടെ പ്രസ്ഥാത്തിന്റെ അതേ പേരിൽഎതിർവിഭാഗം കർണാടകയിൽ സംഘടന രജിസ്റ്റർ ചെയ്യുമായിരുന്നു.
പണ്ഡിതന്റെ ജീവിതം അറിവിന്റെ പൊരുൾ തേടിയുള്ള യാത്രയാണെന്ന ഇമാം ഗസ്സാലി(റ)ന്റെ നിരീക്ഷണം അന്വർത്ഥമാക്കികൊണ്ടുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അറിവിനാണ് എന്നും പ്രാധാന്യം നൽകിയത്. സിംഗപ്പൂരിലേക്ക് ജോലിയാവശ്യാർത്ഥം യുവാക്കൾ ഒഴുകുന്ന കാലത്താണ് ഉസ്താദ് ദർസ് തുടങ്ങുന്നത്. കൂട്ടുകാരിൽ ചിലർ ഉസ്താദിനെയും സിംഗപ്പൂരിലേക്ക് ക്ഷണിച്ചു. എന്നാൽ അദ്ദേഹം ഇൽമിന് മുൻഗണന നൽകി അത് തിരസ്‌കരിച്ചു. അക്കരപ്പച്ചയിൽ ആകൃഷ്ടരാവാതെ ഒരു ഘട്ടത്തിൽ താജുൽ ഉലമയും ആലമ്പാടി ഉസ്താദും അലിക്കുഞ്ഞി ഉസ്താദും സ്വീകരിച്ച വഴി തന്നെ ഇഷ്ട ശിഷ്യനും തിരഞ്ഞെടുത്തു. ദീനിന്റെ വിഷയത്തിൽ വലിയ കണിശത പുലർത്തി. അദ്ദേഹം എപ്പോഴെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിൽ ദീനീ കാര്യത്തിൽ മാത്രമായിരുന്നു.

ഖിബ്‌ല നിർണയം

അധ്യാപന രംഗത്ത് സജീവമായിരിക്കെ തന്നെ സംഘടനാ പ്രവർത്തനങ്ങൾക്കും പ്രഭാഷണങ്ങൾക്കും ഫിഖ്ഹ് ക്ലാസുകൾക്കും മസ്ജിദുകളുടെ ഖിബ്‌ല നിർണയത്തിനും സമയം കണ്ടെത്തി. കാസർകോട് ബദിയഡുക്കയിൽ സ്ഥാപിച്ച ദാറുൽ ഇഹ്‌സാൻ താജുൽ ഉലമ മസ്ജിദ് വഖ്ഫ് ചെയ്തത് ഉസ്താദാണ്. ബിസ്മിയും ഫാതിഹയും ഓതി വഖ്ഫ് സമർപ്പണം നടത്തി മടങ്ങുന്നതിന് പകരം വഖ്ഫ് ചെയ്യുന്ന പള്ളികളോടും വസ്തുക്കളോടും പാലിക്കേണ്ട മാര്യാദകളും ഉത്തരവാദിത്തങ്ങളും വിശദമായി പറയുമായിരുന്നു. വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെടുകയും അത് ഉപയോഗിക്കുന്നതിൽ സൂക്ഷ്മത നഷ്ടപ്പെടുകയും ചെയ്യുമ്പോൾ ഖാളി, കർമശാസ്ത്ര പണ്ഡിതൻ എന്ന നിലയിൽ തന്റെ ചുമതല നിർവഹിക്കുന്നതിൽ ജാഗ്രത്തായി. ദിശ നിർണയത്തിൽ ഉസ്താദിന്റെ പാണ്ഡിത്യം മനസ്സിലാക്കി വലിയ ആലിമീങ്ങളും നാട്ടുപ്രമാണിമാരുമെല്ലാം അദ്ദേഹത്തെ സമീപിക്കുമായിരുന്നു. മറുവിഭാഗം സംഘടനയിലെ പ്രമുഖരായ എംഎ ഖാസിം മുസ്‌ലിയാർ മൊഗ്രാൽ, ആദൂർ അബ്ദുൽ ഖാദിർ മദനി, അബ്ദുൽ ഖാദിർ ഖാസിമി ബംബ്രാണയടക്കമുള്ള പണ്ഡിതന്മാർ ഉസ്താദിന്റെ അടുക്കൽ നിന്ന് ശർഹുൽ അഖാഇദ, രിസാല, ബുഖാരി തുടങ്ങിയ കിതാബുകൾ പഠിക്കാനും സംശയങ്ങൾ തീർക്കാനും ബന്ധപ്പെട്ടിരുന്നു. പള്ളിക്കരയിൽ ഖാളിയെ നിയമിക്കണമെന്ന് അഭിപ്രായമുയർന്നപ്പോൾ അവിടെ ബേക്കൽ ഉസ്താദ് ഉണ്ടല്ലോ? പിന്നെന്തിന് വേറെ ഖാളി എന്നാണ് മറുവിഭാഗം പണ്ഡിതന്മാർ പോലും പ്രതികരിച്ചത്. അങ്ങനെ എല്ലാവർക്കും സ്വീകാര്യനായിരുന്നു അദ്ദേഹം.

ആശിഖുർറസൂൽ

തികഞ്ഞ പ്രവാചക സ്‌നേഹിയായിരുന്നു ഉസ്താദ്. 1974-ലെ ഹജ്ജ് യാത്രയെ പറ്റി വിവരിച്ചു കേട്ടിട്ടുണ്ട്. അക്കാലത്ത് ഹറമൈനിയിൽ തിരക്കു കുറവായിരുന്നു. അതുകൊണ്ട് എല്ലാ ആരാധനകളും സമയമെടുത്ത് ഭംഗിയായി നിർവഹിക്കാൻ സാധിച്ചു. അന്ന് റൗളാ ശരീഫ് ഇന്നത്തെ പോലെ പൂർണമായി മറച്ചിരുന്നില്ല. ഇത് പറഞ്ഞപ്പോൾ ഞങ്ങൾ ചോദിച്ചു: ഉസ്താദിന് ഖബ്ർ ശരീഫ് ശരിക്കു കാണാൻ സാധിച്ചോ? അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ: ‘അദബ് കേട് സംഭവിച്ചാലോ എന്ന് കരുതി ഞാൻ വളരെ ദൂരെ നിന്നാണ് സിയാറത്ത് നടത്തിയത്.’ പ്രവാചക പ്രേമത്തിന്റെ വലിയ മാതൃകയായിരുന്നു അദ്ദേഹം. റൗളക്കും കഅ്ബക്കുമരികിൽ സെൽഫിയെടുത്തും ഫോട്ടോക്ക് പോസ് ചെയ്തും രസിക്കുന്നവരെ കണ്ട് വേദനിച്ചിരുന്നു.
വ്യാജ ശൈഖുമാർക്കും കള്ള ത്വരീഖത്തുകൾക്കുമെതിരെ ശക്തമായ പ്രതികരിച്ച ഉസ്താദ് നിരവധി മശായിഖുമാരിൽ നിന്ന് സ്വീകാര്യമായ ഇജാസതുകൾ കരസ്ഥമാക്കിരുന്നു. ശിഷ്യന്മാർക്ക് ഹിസ്ബുന്നസ്ർ, വിർദുല്ലത്വീഫ്, ദലാഇലുൽ ഖൈറാത്ത്, അസ്മാഉൽ ഹുസ്‌ന, ബദ്‌രിയ്യത്ത് തുടങ്ങിയവയുടെ ഇജാസതുകളോടൊപ്പം കിതാബ് മുതാലഅ ചെയ്യാനുള്ള ഇജാസതും കൈമാറി. ഏതു തിരക്കുകൾക്കിടയിലും പതിവാക്കിയ ഔറാദുകൾ തെറ്റാതിരിക്കാൻ ശ്രദ്ധിച്ചു.

റസ്മുൽ ഉസ്മാനിയും വധഭീഷണിയും

2000-ലാണ് സംഭവം. കേരളത്തിലേത് പോലെ കർണാടകയിലും റസ്മുൽ ഉസ്മാനി ലിപി ചിലർ വിവാദമാക്കി. ഉസ്താദടക്കം റസ്മുൽ ഉസ്മാനി മുസ്ഹഫിനെ പിന്തുണക്കുന്നവർക്ക് നേരെ വധഭീഷണിയുണ്ടായി. മംഗലാപുരത്തിനടുത്ത തൊക്കോട്ട് എന്ന സ്ഥലത്ത് കാലുകുത്തിയാൽ കൊല്ലുമെന്നായിരുന്നു ഭീഷണി. എന്നാൽ ഉസ്താദ് സധീരം അവിടെ പോവുകയും ഭീഷണിക്കാരനെ പ്രതീക്ഷിച്ച് കുറെ നേരം പത്രം വായിച്ച് കാറിലിരിക്കുകയും പിന്നെ പുറത്തിറങ്ങി നടക്കുകയും ചെയ്തു. സ്‌നേഹിതൻമാരെല്ലാം അങ്കലാപ്പിലായെങ്കിലും ഉസ്താദിന് കുലുക്കമുണ്ടായിരുന്നില്ല. അതിന് ശേഷമാണ് ശിഷ്യർക്ക് ഹിസ്ബുന്നസ്ർ ഇജാസത്ത് നൽകി പതിവാക്കാൻ നിർദേശിക്കുന്നത്.
സഹജമായ ഉൾപ്രേരണയിലൂടെ ദൂരങ്ങളിലേക്ക് പറക്കുന്ന ദേശാടനക്കിളികളെ പോലെ അറിവിന്റെ സാഗരങ്ങൾ തേടി സഞ്ചരിച്ചു ഉസ്താദ്. അദ്ദേഹം വാർത്തെടുത്ത അനേകം ശിഷ്യരിലൂടെ, പ്രാസ്ഥാനിക നായകരിലൂടെ ആ ജ്ഞാനധാര തലമുറകളിലേക്കൊഴുകും. ഭക്തിയിലും അറിവിലും അഭയം കണ്ടെത്തിയവർ തീർച്ചയായും വിജയിക്കുമല്ലോ. അല്ലാഹു പറഞ്ഞു: ‘വിശ്വസിക്കുകയും സുകൃതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് സൃഷ്ടികളിൽ ഉത്തമർ. താഴ്ഭാഗത്ത് കൂടി അരുവികളൊഴുകുന്നതും സ്ഥിരവാസത്തിനുള്ളതുമായ സ്വർഗത്തോപ്പുകളാണ് അവർക്ക് നാഥൻ നൽകുന്ന പ്രതിഫലം (സൂറതു ബയ്യിന:78). ആ ഖബറിടം അല്ലാഹു പ്രകാശമാക്കുകയും സ്വർഗത്തിലൊന്നിപ്പിക്കുകയും ചെയ്യട്ടെ.

ബശീർ സഖാഫി കൊല്യം

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ