ഒട്ടേറെ പ്രകീർത്തന കവിതകൾ ചരിത്രത്തിൽ പ്രസിദ്ധമാണ്. വിവിധ ശൈലികളിൽ അവ എക്കാലത്തും പ്രചാരത്തിലുമുണ്ട്. അറബിയിൽ മാത്രമല്ല, ലോകഭാഷകളിലൊക്കെ ഇത്തരം നിരവധി പദ്യങ്ങൾ കാണാം.
തിരുനബിസ്നേഹപ്രകീർത്തനക്കവിതകളാണ് അവയിലേറ്റവും കൂടുതൽ പ്രചുരപ്രചാരം നേടിയത്. അനുരാഗത്തിന്റെ ഹൃദയരാഗവും താളവുമാണ് പ്രകീർത്തനക്കവിതകൾ. അത് തിരുനബി(സ്വ)യുടേതാകുമ്പോൾ വിശേഷിച്ചും. അന്ധകാരത്തിന്റെയും അസാന്മാർഗിക പ്രവണതകളുടെയും സകലമാന വിലങ്ങുകളിൽനിന്നും മനുഷ്യനെ ശരിയായ വിശ്വാസത്തിലേക്കും വിശുദ്ധജീവിതത്തിലേക്കും വഴിനടത്തുകയാണ് പ്രവാചക പ്രകീർത്തനങ്ങളിലൂടെ സാധ്യമാകുന്നത്.
പ്രവാചക സ്നേഹം നിഷ്കളങ്കമായി പ്രകടിപ്പിക്കുക, പ്രവാചകർക്കെതിരെ എക്കാലത്തും ഉയർന്നുവരുന്ന പ്രതിലോമ വാദങ്ങളെ സമർത്ഥമായി പ്രതിരോധിക്കുക, നബിനിന്ദക്കെതിരെ ആരോഗ്യകരമായും സാഹിത്യപരമായും പ്രതികരിക്കുക തുടങ്ങിയ സുപ്രധാന ദൗത്യങ്ങളാണ് സത്യത്തിൽ പ്രകീർത്തനക്കവിതകളുടെ അകപ്പൊരുൾ. തിരുനബി സ്നേഹഗീതങ്ങളിൽ ഇത് ഉജ്ജ്വലിച്ചുനിൽക്കുന്നതായി കാണാം. അത് പ്രതിഫലാർഹമായതിനാൽ സമൂഹം എക്കാലത്തും മദ്ഹ് ഗാനങ്ങൾ നെഞ്ചേറ്റെടുക്കുകയായിരുന്നു. ഈ ഗണത്തിൽ ശ്രദ്ധേയമാണ് അതിമനോഹരമായ ഖസ്വീദ അല്ലഫൽ അലിഫ്. പ്രവാചക കീർത്തനങ്ങളിലെ ഇന്ത്യൻ സമ്മാനം എന്നാണ് ഇതിനെ അറബികൾ വിശേഷിപ്പിക്കുന്നത്. ‘ഖസ്വീദതു അത്വ്യബിന്നിഗം ഫീ മദ്ഹി സയ്യിദിൽ അറബി വൽ അജം’ എന്നാണ് പൂർണനാമം. മധുരമനോഹരമായി ആസ്വദിച്ചു പാടാവുന്ന രചനാഭംഗിയും ആശയഗാംഭീര്യവുമാണ് പ്രസ്തുത പേരിന് കാരണമെന്ന് പണ്ഡിതശ്രേഷ്ഠർ വിശദീകരിക്കുന്നുണ്ട്. തിരുനബി(സ്വ)യോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ പ്രവാഹത്തിലൂടെ അനുവാചകരെ സഞ്ചരിപ്പിക്കുന്ന സവിശേഷ സാഹിത്യസിദ്ധി എടുത്തുപറയേണ്ടത് തന്നെയാണ്.
അറബി അക്ഷരമാലയിലെ അലിഫ് മുതൽ യാ വരെയുള്ള മുഴുവൻ അക്ഷരങ്ങളും കൊണ്ട് തുടങ്ങി ലാമിൽ അവസാനിപ്പിക്കുന്ന ദാർശനിക പ്രകീർത്തന ഗീതമാണ് അല്ലഫൽ അലിഫ്. ഓരോ വരിയും തുടങ്ങുന്ന അക്ഷരമേതോ അതേ അക്ഷരങ്ങളെകൊണ്ട് തുടങ്ങുന്ന പദങ്ങൾതന്നെയായിരിക്കും ആ വരിയിലധികവും ഉണ്ടാവുകയെന്നത് ഈ ഖസ്വീദയുടെ പ്രത്യേകതയാണ്. കേവലം മുപ്പത്തി ഒന്ന് വരികൾ മാത്രമുള്ള ലളിതമായ കവിതാസമാഹാരമാണെങ്കിലും ഓരോ പദവും വരിയും ഒട്ടേറെ ആശയങ്ങൾ ഉൾക്കൊള്ളുന്നതും അത്യന്തം ആകർഷകവുമാണ്. പ്രവാചകാനുരാഗം പതഞ്ഞുപൊങ്ങുന്ന വരികളും വർണനകളുമാണതിലുടനീളം വഴിഞ്ഞൊഴുകുന്നത്. വർണിക്കുന്നവന്റെ പദശേഖരത്തിലെ അവസാനവാക്കും വ്യയംചെയ്താലും വർണ്യം വർണനകൾക്കെല്ലാം അപ്രാപ്യമായി ഉജ്ജ്വലിച്ചു നിൽക്കുന്നുവെന്നതാണ് വസ്തുത. സകലമാന കവിതകളും ഗാനങ്ങളും പ്രകീർത്തനങ്ങളും ആ തിരുപ്രതിഭയുടെ പ്രഭക്കുമുമ്പിൽ നിഷ്പ്രഭമാകുന്നുവെന്നാണ് കവിയുടെ വിലയിരുത്തൽ.
‘ഏറ്റവും മികച്ച പ്രകീർത്തകർക്ക്പോലും തിരുനബി(സ്വ)യിലൂടെ ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളുടെ പത്തിലൊന്ന് അവരുടെ അപദാന കീർത്തനങ്ങളിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ‘ബാലഗൽ മുദ്ദാഹു’ എന്ന് തുടങ്ങുന്ന വരിയിലൂടെ ശൈഖ് ഉമറുൽ ഖാഹിരി വിശദീകരിക്കുന്നത്. ഭാഷാ സാകല്യത്തിന്റെ പരിധികൾക്കപ്പുറത്തേക്ക് തിരുനബി(സ്വ)യുടെ സ്നേഹപ്രപഞ്ചത്തെ വികസിപ്പിക്കുകയാണ് കവി ചെയ്യുന്നത്.
മാദിഹുകളെന്നും ആശിഖുകളെന്നും അറിയപ്പെടുന്നവർക്കൊന്നും അല്ലാഹുവിന്റെ പ്രവാചകരുടെ അപദാനം വാഴ്ത്തി അവിടുത്തെ പരിചയപ്പെടുത്താനാകില്ലെന്ന് ഉറക്കെ സമ്മതിക്കുകയാണ് മറ്റു കവികളെപ്പോലെ ഇദ്ദേഹവുമെന്ന് ചുരുക്കം. പ്രകീർത്തകർക്കാർക്കും പൂർണമായി അനാവരണം ചെയ്യാനാകാത്ത സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ് റസൂൽ(സ്വ).
കേവലം ബാഹ്യമായ വിവർത്തനത്തിനും വ്യാഖ്യാനത്തിനുമപ്പുറം ആന്തരികവും ആധ്യാത്മികവുമായ ആശയതലങ്ങളുമുണ്ട് അല്ലഫൽ അലിഫിലെ ഓരോ വരിക്കുമെന്ന് ആധികാരികമായി പണ്ഡിതന്മാർ സമർത്ഥിക്കുന്നുണ്ട്. ഒരാൾക്ക് മാനുഷികമായ വ്യക്തിത്വം അതിന്റെ തികവിൽ വികസിപ്പിച്ചെടുക്കാനും തന്റെ സ്വത്വത്തിന് മുക്തിയും അനശ്വരതയും നേടിയെടുക്കാനും അയാൾ രൂപപ്പെടുത്തിയെടുക്കേണ്ട മൂല്യങ്ങളിൽപെട്ട ഇശ്ഖിനെയും അമലിനെയും നന്നായി പ്രതിപാദിക്കുന്ന വരികളും കവി ഉൾപ്പെടുത്തുന്നുണ്ട്.
സ്നേഹത്തിന്റെ ഏറ്റവും ഉയർന്ന രൂപമാണ് ഇശ്ഖ്-പ്രേമം. ഹുബ്ബ് എന്ന പദമാണ് സ്നേഹത്തിന് അറബിയിൽ പ്രയോഗിക്കാറുള്ളത്. സ്നേഹം അത്യാഗാധവും തീവ്രവുമാകുമ്പോൾ അത് പ്രേമമായി മാറുന്നു. ഒരാളോടോ ഒരു വസ്തുവിനോടോ സ്നേഹമാണുള്ളതെങ്കിൽ അത് സദാമനസ്സിൽ കുടിയിരിക്കണമെന്നില്ല. ആ സ്നേഹം ഓർക്കുകയും ഓർക്കാതിരിക്കുകയുമാകാം. അതേസമയം പ്രേമമാണുള്ളതെങ്കിൽ ഒരിക്കലും മറക്കാതെ ഓർത്തുകൊണ്ടിരിക്കും. സദാ നമ്മുടെ ഹൃദയാന്തരങ്ങളിൽ ഓളംവെട്ടിക്കൊണ്ടിരിക്കും. ഒരുപക്ഷേ അതുതന്നെ ഓർത്തുകൊണ്ടിരിക്കും. നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കും. ഒരാൾ വല്ലതിനെയും അതിരറ്റ് സ്നേഹിച്ചുകഴിഞ്ഞാൽ അതവൻ ആവർത്തിച്ചു അനുസ്മരിച്ചുകൊണ്ടിരിക്കുമെന്ന തിരുവചനം ശ്രദ്ധേയമാണ്.
പിഴുതെറിയാനോ വകഞ്ഞുമാറ്റാനോ കഴിയാത്തവിധം വിശ്വാസികളുടെ മനസ്സിന്റെ അകത്തളങ്ങളിൽ രൂഢമൂലമായിക്കിടക്കുന്ന പ്രവാചക സ്നേഹത്തെയും പ്രണയത്തെയും മനോഹരമായി പ്രതിപാദിക്കുന്നതാണ് ‘ഹുബ്ബു ഹിബ്ബീ ഹബ്ബതുൻ ഫീ ലുബ്ബി ഖൽബീ അൻബതത്, ഹുബൂബുഹാ മാ കുല്ലുഹബ്ബിൻ മിൻഹു ലിൽ മഹാലി ഹാൽ’ എന്ന ശ്രദ്ധേയമായ വരി. എന്റെ പ്രിയങ്കരനായ തിരുനബിയോടുള്ള സ്നേഹത്തിന്റെ ഓരോ കതിർമണിയും അനുനിമിഷം വളർന്നുവികസിച്ചുകൊണ്ടിരിക്കുകതന്നെചെയ്യും.
തങ്ങളുടെ പ്രവാചകാപദാന ഗീതങ്ങളും കവിതകളും അന്തിമ വിധിനിർണയനാളിൽ തിരുനബി(സ്വ)യുടെ ശിപാർശക്ക് നിമിത്തമാകുമെന്ന പ്രതീക്ഷ വ്യക്തമാക്കുന്ന വരിയാണിത്. ‘സുർളരീ ഹൽ മുസ്തഫാ വസിദ് ഇഖാമതൻ ബിഹി – സുർത ഹാമിം സാവിയൻ അൻ ഖൽബികസ്സൽസാലുസാൽ’ (താങ്കൾ തിരുനബിയുടെ ഖബ്റിടം സന്ദർശിക്കുക, അതിന്റെ പരിസരത്ത് കൂടുതൽ താമസിക്കുകയും ചെയ്യുക. നിന്റെ ഹൃദയത്തിന്റെ ആശങ്കകളും അസ്വസ്ഥതകളും അകന്നുപോകാനും ആത്യന്തിക വിജയം നേടാനും അത് ഹേതുവാകും).
അല്ലഫൽ അലിഫിന്റെ രചനക്ക് നിമിത്തമായ സംഭവത്തിലേക്ക് സൂചന നൽകുന്ന വരികൂടിയാണിത്. ശൈഖ് ഉമർ വലിയുല്ലാഹിൽ ഖാഹിരി(റ) ഹജ്ജ് യാത്രക്കിടെ മദീനയിൽ പുണ്യനബി(സ്വ)യെ സിയാറത്തു ചെയ്യുന്നതിനിടയിൽ അദ്ദേഹത്തിന്റെ മനസ്സ് തിരുനബിയിൽ ലയിച്ചു. മദീനവിട്ട് പോകാൻ കഴിയാത്തവിധം ആ പ്രണയം വർധിച്ചു. മദീനയിലെ പ്രശസ്തനായ ആധ്യാത്മിക പണ്ഡിതൻ സയ്യിദ് മുഹ്സിൻ അൽ മദനി(റ)ന്റെ ശിഷ്യത്വം സ്വീകരിച്ചു. പഠനാനന്തരം ഗുരുവിന്റെ നിർദേശപ്രകാരം അഞ്ച് വർഷക്കാലം അവിടുത്തെ പ്രശസ്ത വിജ്ഞാന കേന്ദ്രമായ അൽമദ്റസത്തുൽ മദനിയ്യയിൽ സേവനമനുഷ്ഠിച്ചു. ഇക്കാലയളവിലാണ് പ്രവാചക പ്രകീർത്തന കാവ്യരചനക്ക് കൂടുതൽ പ്രചോദനം ലഭിച്ചത്.
കേവലമായ അനുരാഗത്തിനപ്പുറം ആധ്യാത്മികതയുടെ അന്തർലയനങ്ങളും പ്രേമഭാജനത്തോടുള്ള ആത്മസംവേദനങ്ങളും ആത്മനിസ്സാരതയുടെ വിഹ്വലതകളും ഇഴചേർന്നാണ് കവിത പ്രവഹിക്കുന്നത്. ഇതിന്റെ രചന നിർവഹിച്ച് കഴിഞ്ഞതോടെ പലതവണ തിരുനബി(സ്വ) സ്വപ്നത്തിൽ വരാറുണ്ടായിരുന്നുവെന്ന് ശൈഖവർകൾ ശിഷ്യന്മാരോട് പറഞ്ഞിരുന്നു.
തമിഴ്നാട്ടിലെ ചരിത്രവിശ്രുതമായ കായൽപട്ടണത്ത് ഹിജ്റ 1153-ൽ ജനിച്ച അശ്ശയ്ഖുൽ കാമിൽ ഉമറുൽ ഖാഹിരി(റ)യുടെ അനുഗ്രഹീത രചനയാണ് അല്ലഫൽ അലിഫ് എന്ന പ്രകീർത്തനകാവ്യം. ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ്(റ)വിന്റെ സന്താനപരമ്പരയിലെ പണ്ഡിത ശ്രേഷ്ഠരാണ് കായൽപട്ടണത്ത് ഇസ്ലാം പ്രചരിപ്പിച്ചത്. മതവിജ്ഞാനത്തിന്റെ മഹാകേസരികൾ തിങ്ങിത്താമസിച്ചിരുന്ന നാടാണത്. മഖ്ദൂമുമാർ കേരളത്തിലെത്തുന്നതിന് മുമ്പ് അവിടെ താമസിച്ചിരുന്നുവെന്ന് അനിഷേധ്യമാംവിധം ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.
പിതാവ് അശ്ശയ്ഖ് അബ്ദുൽ ഖാദിർ എന്നവരിൽനിന്ന് പ്രാഥമിക വിജ്ഞാനം കരസ്ഥമാക്കി. ശേഷം സയ്യിദ് മൗലൽ ബുഖാരി(റ) അടക്കമുള്ള ഉന്നത പണ്ഡിതന്മാരിൽനിന്ന് ഉപരിപഠനം പൂർത്തിയാക്കുകയും വിശ്വാസ-കർമശാസ്ത്ര വിജ്ഞാനീയങ്ങളിലെല്ലാം അവഗാഹം നേടുകയും അധ്യാപന രംഗത്ത് അനുഗ്രീഹത സേവനം ആരംഭിക്കുകയും ചെയ്തു. ചെറുപ്പം മുതൽ വിജ്ഞാന കുതുകിയും ആത്മീയ ദാഹിയുമായ ശൈഖവർകൾ ഖാദിരിയ്യാ, രിഫാഇയ്യ ആത്മീയ വഴികളിൽ പ്രവേശിക്കുകയും ആരാധനാകാര്യങ്ങളിൽ സജീവമാവുകയുമുണ്ടായി. അങ്ങനെ പ്രബോധനരംഗത്ത് നിറഞ്ഞുനിൽക്കുന്നതിനിടയിലാണ് ഹജ്ജിനു പുറപ്പെടുന്നത്. ഈ യാത്ര അക്ഷരാർത്ഥത്തിൽ തന്റെ ജീവിതത്തിന് ഏറ്റവും വലിയ മുതൽക്കൂട്ടായി മാറുകയുണ്ടായി.
അനുഗൃഹീത പ്രകീർത്തകനെന്ന അപരനാമത്തിൽ അറിയപ്പെട്ട വിശ്രുത പണ്ഡിതനും ദർശനികനുമാണ് അശ്ശയ്ഖ് സ്വദഖത്തുല്ലാ ഖാഹിരി(റ). പ്രവാചക പ്രകീർത്തന കവികളിൽ അഗ്രേസരനായിരുന്നു അദ്ദേഹം. തിരുനബി(സ്വ)യെ വർണിച്ച് കവിത ചൊല്ലി ഗെയിറ്റ് തുറപ്പിച്ച് വിസ്മയം രചിച്ച കേരളീയ കവി ഉമർഖാളി(റ)യുടെ സമകാലികനായി ജീവിക്കുകയും പരസ്പരം ആശയവിനിമയം നടത്തുകയും ചെയ്തിരുന്ന മഹാകവി കൂടിയായിരുന്നു കായൽപട്ടണക്കാരനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി(റ).
ഹിജ്റ വർഷം 1042-1633ൽ തമിഴകത്തെ കായൽപട്ടണത്ത് ജനിക്കുകയും 1115-1742ൽ കീളക്കരയിൽ വഫാത്താവുകയും അവിടത്തന്നെ ഖബറടക്കപ്പെടുകയും ചെയ്തു. ആയിരങ്ങൾ എക്കാലത്തും സിയാറത്തിനെത്തുന്ന തെന്നിന്ത്യയിലെ പ്രധാന തീർത്ഥാടനകേന്ദ്രമാണ് സ്വദഖത്തുല്ലാഹിൽ ഖാഹിരിയുടെ മഖ്ബറ.
ഇന്ത്യയിലെ അറബിക്കവിയായി വാഴ്ത്തപ്പെട്ട അദ്ദേഹമാണ് തമിഴ്നാട്ടിലെ ആദ്യ പ്രകീർത്തന കവിത രചിച്ചത്. ഇന്ത്യയിലെ ഇസ്ലാമിക പ്രബോധന രംഗത്ത് നിറഞ്ഞുനിന്ന ഉന്നത വ്യക്തിത്വം കൂടിയാണദ്ദേഹം.
ശാഫിഈ സ്വൂഫീ പണ്ഡിതൻ, ദാർശനികൻ, നവോത്ഥാന നായകൻ, സാമൂഹിക സേവനം മുഖമുദ്രയാക്കിയ പരിഷ്കർത്താവ് തുടങ്ങി ഒട്ടേറെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിപ്ലവകാരിയും ജീവിതം മുഴുവനും അല്ലാഹുവിന്റെ മതത്തിന് വേണ്ടി സമർപ്പിച്ച അനുഗൃഹീത നേതൃത്വവുമായിരുന്നു അദ്ദേഹം.
കവിതാരചന അദ്ദേഹത്തിന്റെ വിനോദമായിരുന്നു. യാത്രയിൽ പോലും പ്രകീർത്തനകാവ്യങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കും. ഭാഷയിലും ഘടനയിലും അറബിക്കവിതകളോട് സമാനമായ കവിതകളാണ് രചിച്ചിരുന്നത്. പ്രപഞ്ചമാകെ ഒഴുകിപ്പരക്കുന്ന പ്രകാശമാണ് പ്രവാചകനെന്ന കീർത്തനകാവ്യം ഏറെ ശ്രദ്ധിക്കപ്പെടുകയും പണ്ഡിത ലോകത്ത് ചർച്ചക്ക് വിഷയീഭവിക്കുകയുമുണ്ടായി.
ഖസ്വീദത്തുൽ വിത്രിയ്യക്ക് അദ്ദേഹമെഴുതിയ തഖ്മീസുകൾ തിരുനബി കീർത്തന കാവ്യങ്ങളിൽ എടുത്തുപറയേണ്ടതാണ്. അഞ്ച് അരവരികൾ ഉൾക്കൊള്ളുന്നതാണ് തഖ്മീസുകൾ എന്ന പേരിലറിയപ്പെടുന്നത്. രണ്ടര വരികളാണ് വിത്രിയ്യയുടെ കർത്താവിന്റേത്. അതിനോട് പൂർണമായും കിടപിടിക്കുന്ന മൂന്ന് അരവരികൾ സ്വദഖത്തുല്ലാഹിൽ ഖാഹിരിയുടേതും. തിരുനബി(സ്വ)യെ സാർത്ഥവാഹക സംഘത്തിന്റെ തലവനായും ഇളകിമറിയുന്ന സമുദ്രത്തിലൂടെ സുരക്ഷിതമായി കപ്പലോട്ടുന്ന കപ്പിത്താനായും കാർമുകിലുകൾക്കിടയിലൂടെ മന്ദസ്മിതം തൂകിയെത്തുന്ന മാർഗദർശകനായും കവി വർണിക്കുന്നു.