അല്ലാഹുവിനുള്ള സ്ഥിരീകൃത വിശേഷണങ്ങള്‍ (സ്വിഫാതുന്‍ സുബൂതിയ്യതുന്‍) ഏഴെണ്ണമാണ്. ഹയാത്, ഇല്മ്, ഇറാദത്, ഖുദ്റത്, സംഅ്, ബസ്വര്, കലാം (ജീവന്, ജ്ഞാനം, ഉദ്ദേശ്യം, കഴിവ്, കേള്‍വി, കാഴ്ച, സംസാരം) എന്നിവയാണവ. ഇവയില്‍ ഹയാത്ത് അല്ലാത്തവക്കെല്ലാം മറ്റൊന്നുമായി സവിശേഷ ബന്ധമുണ്ട്. അറിവ് അനിവാര്യവും അനുവദനീയവും അസംഭവ്യവുമായ കാര്യങ്ങളുമായി ബന്ധിക്കുന്നു.
അനിവാര്യമായ അറിവ് അല്ലാഹുവിന്റെ ദാത്ത്, സ്വിഫാത്തുകളാണ്. അനുവദനീയമായി അറിഞ്ഞിരിക്കേണ്ടത് ഉണ്ടാകല് ഐഛികമായ വിഷയങ്ങളത്രെ. അസംഭവ്യമാണെന്നറിയേണ്ടത് ഉണ്ടാകാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളുമാകുന്നു. ഇറാദത്തിന്റെ ബന്ധം തഖ്സ്വീസുമായിട്ടാണ്. ഉണ്ടാകല് അനിവാര്യമാണെന്നില്ലാത്ത ഒന്നിനെ ഉദ്ദേശിക്കലാണ് തഖ്സ്വീസ്.
ഖുദ്റത്തിന്റെ ബന്ധം തഅ്സീറുമായാണ്. ഇല്ലാത്തതിനെ ഉണ്ടാക്കലും ഉള്ളതിനെ ഇല്ലാതാക്കലുമാണ് തഅ്സീര്‍. അഥവാ പ്രതിഫലനം. നേരത്തെ തന്നെ അറിവുണ്ടായാലേ ഇറാദത്തുകൊണ്ടുള്ള തഖ്സ്വീസ് സാധുവാകൂ. ഇറാദതിനാലുള്ള തഖ്സ്വീസ് കരസ്ഥമാക്കുന്നിടത്ത് മാത്രമേ ഖുദ്റത്തിന്റെ പ്രതിഫലനം പ്രകടമാകൂ. പുതിയതും പഴയതുമായ സര്വശ്രവണ യോഗ്യങ്ങളും കേള്‍വിയുമായി ബന്ധപ്പെടുന്നു. സംസാരം അഥവാ കലാം അറിവ് ബന്ധിക്കുന്ന സര്വവുമായും ബന്ധിക്കുന്നതാണ്. ഈ വിശേഷണങ്ങളെല്ലാം അല്ലാഹുവില്‍ യഥാവിധി നിലനില്‍ക്കുന്നവയുമാണ്. ഈ വിശേഷണങ്ങളില്‍ മറ്റുള്ളവയുമായി സ്പഷ്ടബന്ധം ഉള്ളവ അറിവ്, കേള്‍വി, കാഴ്ച എന്നിവയാണ്. സവിശേഷ രൂപത്തില്‍ ബന്ധിക്കുന്നത് ഇറാദത്താണ്. പ്രതിഫലന രൂപത്തില്‍ മറ്റുള്ളവയുമായി ബന്ധപ്പെടുന്നത് ഖുദ്റതും വ്യാപകരൂപത്തില്‍ ബന്ധപ്പെടുന്ന ഗുണങ്ങള്‍ ഇല്മും കലാമുമാകുന്നു.
ശേഷിപ്പ്/ബഖാഅ് കൊണ്ട് ഉദ്ദ്യേം അസ്തിത്വ സ്ഥിരതയാണ്. അത് ഒരു സ്വതന്ത്രഗുണം (സ്വിഫാത്) അല്ല. അശ്അരിയ്യത്ത് പറയുന്നത് അല്ലാഹു ഹയാത്ത് കൊണ്ട് ജീവനുള്ള(ഹയ്യ്) വനും ഇല്മ് കൊണ്ട് ജ്ഞാനിയും ഖുദ്റത്ത് കൊണ്ട് കഴിവുള്ളവനും ഇറാദത്ത് കൊണ്ട് ഉദ്ദേശിക്കുന്നവനും സംഅ് കൊണ്ട് കേള്‍ക്കുന്നവനും ബസ്വറ് കൊണ്ട് കാണുന്നവനും കലാമ് കൊണ്ട് സംസാരിക്കുന്നവനുമാണെന്നാണ്.
എന്നാല്‍ ഖദ്രിയ്യത്ത് (വഴി തെറ്റിയ വിധി വിശ്വാസികള്‍) പറയുന്നത് ഈ വക കാര്യങ്ങള്‍ അല്ലാഹുവില്‍ പ്രകടമാകുന്നത് അവന്റെ ദാത്ത് കൊണ്ടാണെന്നാണ്. അവരുടെ ഈ വാദം കടുത്ത അബദ്ധമത്രെ. അതുപോലെ പ്രകൃതിവാദികള്‍ പറയുന്നത് തീ പ്രകൃതിദത്തമായി തന്നെ കരിക്കുന്നതാണെന്നും വെള്ളവും ഭക്ഷണവും പ്രകൃതിപരമായി ദാഹവും വിശപ്പും ശമിപ്പിക്കുന്നതാണെന്നുമാണ്. ഗോളങ്ങളും നക്ഷത്രങ്ങളുമൊക്കെ അവയുടെ പ്രകൃതിയനുസരിച്ച് തന്നെ പ്രതിഫലനശേഷിയുള്ളവയാണെന്ന വാദവും ഇവര്‍ക്കുണ്ട്. എന്നാല്‍ ഏതൊന്നിന്റെയും പ്രതിഫലനം അല്ലാഹുവിന്റെ ഖുദ്റത്ത് മൂലമാണെന്നതാണ് സത്യം. കാര്യങ്ങളുടെ സൃഷ്ടിപ്പില്‍ യാതൊരു സ്വാധീനശക്തിയും അവക്ക് സ്വന്തമായി ഇല്ല.
അശ്അരിയ്യത്തിന്റെ വിശ്വാസം മേല്പറഞ്ഞ ഏഴ് സ്വിഫത്തുകളും അല്ലാഹുവിന്റെ ദാത്തിനേക്കാള് വര്‍ധിതമായ ആശയങ്ങളാണെന്നാണ്. അഥവാ ദാത്ത് തന്നെയോ ദാത്തില്‍ നിന്ന് സമ്പൂര്‍ണ സ്വതന്ത്രമോ അല്ല. വിശ്വാസ ശാസ്ത്ര വിചക്ഷണര്‍ പറയുന്നത് നാമങ്ങളും വിശേഷണങ്ങളുമെല്ലാം ഏകസത്തയിലേക്ക് മടങ്ങുന്നവയാണെന്നാണ്. ഇവകളെ അല്ലാഹുവിന്റെ പരിശുദ്ധ ദാത്തിനേക്കാള് വര്‍ധിതമായ ആശയങ്ങളായി പരിഗണിച്ചെന്ന് കരുതി ഇലാഹുകള്‍ ഒന്നിലധികമുണ്ടെന്ന് വരില്ല. അല്ലാഹുവിനെ പറ്റിയുള്ള അജ്ഞാനമാണ് ചിലരെ ഇത്തരമൊരു വാദത്തില്‍ എത്തിച്ചിരിക്കുന്നത്.
അല്ലാഹുവും അടിമയും
അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളാണ് അസ്മാഉല്‍ ഹുസ്ന (പരിശുദ്ധ നാമങ്ങള്‍). ഇവ മുഴുവനും അല്ലാഹുവിന്റെ ഏക സത്തയിലും ഉപര്യുക്ത ഏഴ് വിശേഷണങ്ങളിലും ഉള്‍ക്കൊണ്ടതാണ്. എന്നാല്‍ മുഅ്തസില, ഫലാസിഫ എന്നീ അവാന്തര വിഭാഗങ്ങള്‍ ഇക്കാര്യം അംഗീകരിക്കുന്നില്ല.
സാധ്യമാകും പ്രകാരം അല്ലാഹുവിന്റെ നാമവിശേഷണങ്ങളുടെയും സ്വഭാവ ഗുണങ്ങളുടെയും പൊരുള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നതിലാണ് അടിമയുടെ ആത്യന്തിക വിജയം. ഇതിനര്‍ത്ഥം അല്ലാഹുവിനെപ്പോലെയാകാന് മനുഷ്യനാകുമെന്നല്ല, അല്ലാഹു ഉള്ളവനും ജീവിച്ചിരിക്കുന്നവനും കഴിവുള്ളവനും അറിവുള്ളവനും സംസാരിക്കുന്നവും പ്രവര്‍ത്തിക്കുന്നവനുമാണെന്ന് നാം വിശ്വസിക്കുന്നു. ഈ വക ഗുണങ്ങളൊക്കെ മനുഷ്യനും ഉണ്ടെങ്കിലും ഇവ മനുഷ്യനില്‍ ചാര്‍ത്തിയതു കൊണ്ട് മാത്രം അല്ലാഹുവില്‍ തുല്യതയോ പങ്കാളിത്തമോ ആരോപിക്കലാകില്ല. ഇവിടെ തുല്യത വരുന്നത് കേവലം ഗുണവിശേഷങ്ങളുടെ വര്‍ഗത്തില്‍ മാത്രമാണ്. അല്ലാതെ ദൈവികമായ സവിശേഷതയില്‍ അല്ല.
അല്ലാഹു ഉള്ളവനാണെന്ന് പറയുന്നതും മനുഷ്യന് ഉള്ളവനാണെന്നു പറയുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. അല്ലാഹു ഉണ്മ നിര്‍ബന്ധമായവനും അസ്തിത്വത്തിന് പ്രത്യേക സ്ഥാനം ആവശ്യമില്ലാത്തവനുമാണെന്ന അര്‍ത്ഥത്തിലാണ് ഉള്ളവനെന്ന് പറയുന്നത്. പ്രപഞ്ചമടക്കമുള്ളവക്കെല്ലാം അസ്തിത്വം നല്കുന്നവനും അല്ലാഹുവാണ്. അല്ലാഹുവിന്റെ ഈ ഗുണത്തില്‍ ഒരിക്കലും തുല്യതയും പങ്കാളിത്തവുമില്ല. ഈ ഗുണങ്ങളുടെ പൊരുള്‍ പൂര്‍ണാര്‍ത്ഥത്തില്‍ അവനല്ലാതെ അറിയുകയുമില്ല. പടപ്പുകള്‍ക്ക് അറിയാവുന്നതിന്റെ ആകെത്തുക സുശക്തമായ ഈ പ്രപഞ്ച സംവിധാനത്തിന് ആവതും അറിവും ജീവനുമുള്ള ഒരു സ്രഷ്ടാവ് അനിവാര്യമാണെന്ന കാര്യമാകുന്നു. സൃഷ്ടികളുടെ ഈ അറിവിന് രണ്ടു കൈവഴികളുണ്ട്. ഒന്ന് പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ്, ഈ അറിവിന്റെ ആകെത്തുക പ്രപഞ്ചത്തിനു ഒരു നിയന്താവുണ്ടെന്നതത്രെ. ആ നിയന്താവായ അല്ലാഹുവുമായി ബന്ധപ്പെട്ട അറിവാണ് രണ്ടാമത്തേത്. പ്രസ്തുത ജ്ഞാനത്തിന്റെ പൊരുള്‍ അവന്റെ ഗുണവിശേഷണങ്ങളില്‍ നിന്നും നിഷ്പന്നമായ വിശുദ്ധ നാമങ്ങളെ പറ്റിയുള്ള അറിവാകുന്നു.
ജീവനുള്ളവന്, അറിവുള്ളവന്, കഴിവുള്ളവന് എന്നു നാം പറയുമ്പോള്‍ അതുകൊണ്ടര്‍ത്ഥമാക്കുന്നത് ജീവനും കഴിവുമെല്ലാമുള്ള കേവല വസ്തു എന്നു മാത്രമാണ്. ഒരാള്‍ സ്വന്തം ഗുണവിശേഷണങ്ങള്‍ അറിയുകയും തുടര്‍ന്നു അല്ലാഹുവിനെ അവയ്ക്കു തുല്യമായി കണക്കാക്കുകയും ചെയ്താല്‍ അവന് തെറ്റി. അല്ലാഹുവിന്റെ ഗുണങ്ങള്‍ ഒരിക്കലും നമ്മുടേതിന് തുല്യമല്ല. ഈ അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ സത്യത്തില്‍ അല്ലാഹുവിനെ പൂര്‍ണമായി അറിഞ്ഞവന് അല്ലാഹു മാത്രമാണെന്ന് ബോധ്യപ്പെടും. അതുപോലെ തന്നെയാണ് നുബുവ്വത്തിന്റെയും കാര്യം. നുബുവ്വത്തിന്റെ പൊരുള്‍ തികച്ചുമറിഞ്ഞ സൃഷ്ടികള്‍ നബിമാര്‍ മാത്രമത്രെ. നബിയല്ലാത്തവര്‍ക്ക് നുബുവ്വതിന്റെ യഥാര്‍ത്ഥം അറിയാന്‍ കഴിയില്ല. ഇതു പറയുമ്പോള്‍ ആത്മജ്ഞാനികള്‍ അല്ലാഹുവിനെ അറിയുന്നതിന്റെ പരിധിയെപ്പറ്റി ചോദ്യമുയരാന്‍ സാധ്യതയുണ്ട്. ഉത്തരമിതാണ്: അല്ലാഹുവിന്റെ സത്തായാഥാര്ത്ഥ്യം അവനല്ലാതെ പൂര്‍ണമായി അറിയുക അസംഭവ്യമാണ്. അല്ലാഹുവിന്റെ നാമവിശേഷണങ്ങളിലുള്ള അഗാധ ജ്ഞാനമാണ് ആരിഫുകളുടെ പ്രത്യേകത. അല്ലാഹുവിന്റെ ശക്തിദൃഷ്ടാന്തങ്ങളില് നിന്ന് ഇഹത്തിലും പരത്തിലും പ്രകടമാകുന്നതിന്റെ തോതനുസരിച്ചാണ് അവരുടെ സ്ഥാനങ്ങള്‍ വ്യത്യാസപ്പെടുന്നത്.
ഇമാം ഗസ്സാലിറ);പറുദീസ/4 എസ്എസ് ബുഖാരി