അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ്വ്(റ) നിവേദനം. ഒരാൾ തിരുനബി(സ്വ)യെ സമീപിച്ചു പറഞ്ഞു: ഹിജ്റയിലും ധർമസമരത്തിലും അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് അങ്ങയോടൊപ്പം പങ്കെടുക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു. അപ്പോൾ നബി(സ്വ) തിരക്കി: നിന്റെ മാതാപിതാക്കളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ? അതേ, രണ്ടുപേരും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം മറുപടി പറഞ്ഞു. നിങ്ങൾ പ്രതിഫലം പ്രതീക്ഷിക്കുകയാണല്ലേ എന്ന് നബി(സ്വ) വീണ്ടും. അതേയെന്ന് അദ്ദേഹം.
ഉടനെ റസൂൽ(സ്വ)യുടെ പ്രതികരണം: എങ്കിൽ നീ നിന്റെ മാതാപിതാക്കളുടെ അടുത്ത് പോവുക, അവരോട് നല്ല രൂപത്തിൽ സഹവർത്തിക്കുക (ബുഖാരി, മുസ്ലിം).
ഇസ്ലാമിക സമൂഹത്തിന്റെ ആദ്യനാളുകളിൽ വളരെ പ്രധാനപ്പെട്ട പുണ്യങ്ങളും അല്ലാഹുവിന്റെ മാർഗത്തിലുള്ള ത്യാഗവുമായിരുന്നു ഹിജ്റയും ധർമസമരവും. രണ്ടിനും വലിയ മഹത്ത്വങ്ങളും പ്രതിഫലങ്ങളുമുണ്ട്. ജന്മനാടും നാട്ടിലെ സൗകര്യങ്ങളും ഇട്ടെറിഞ്ഞു വിശ്വാസവും ജീവനും സംരക്ഷിക്കുന്നതിനായി മറ്റൊരു നാട്ടിലേക്ക് യാത്രയാവലാണ് ഹിജ്റ. മക്കയിലെ പൊറുതിമുട്ടിയ ജീവിതത്തിൽ നിന്ന് സമാധാനത്തിന്റെ ഇടമായ മദീനയിലേക്കുള്ള പലായനം വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ ത്യാഗമായിരുന്നു. സത്യം വിശ്വസിച്ചതിന്റെ പേരിൽ കൈരാത പീഡനങ്ങളും പ്രയാസങ്ങളുമാണവർ അനുഭവിക്കേണ്ടിവന്നത്. അതിൽ നിന്നുള്ള മോചനത്തിന് പ്രാപ്തമായിരുന്നു മദീനയുടെ തെളിഞ്ഞ അന്തരീക്ഷത്തിലേക്കുള്ള മാറ്റം.
നബി(സ്വ)യോടൊപ്പം ജീവിക്കാൻ സാധിക്കുന്ന സാഹചര്യം ഉറപ്പാവുക എന്നതാണ് ഹിജ്റയുടെ പ്രഥമ ഗുണം. അതാണ് ഈ സ്വഹാബിയും ആഗ്രഹിച്ചതും പ്രകടിപ്പിച്ചതും. രണ്ടാമതായി അദ്ദേഹം പ്രകടിപ്പിക്കുന്നത് ധർമസമരത്തിൽ പങ്കെടുക്കുന്നതിനുള്ള തന്റെ സന്നദ്ധതയാണ്. ധർമസമരത്തിൽ വിജയമോ പരാജയമോ എന്ന് മുൻകൂട്ടി നിശ്ചയിക്കാനാവില്ല. പങ്കാളികൾ ജീവനോടെ ഗൃഹങ്ങളിലേക്ക് തിരിച്ചുവരുമോ എന്നും നിർണയിക്കാൻ പറ്റില്ല. അതിനാൽ തന്നെ രണ്ടും വലിയ ത്യാഗവും സമർപണവുമാണ്. സന്നദ്ധരായ ആളുകളെ നബി(സ്വ)ക്ക് ആവശ്യവുമാണ്. ഇങ്ങനെയുള്ള ഘട്ടത്തിലാണ് വിശുദ്ധ മതത്തെയും നബി(സ്വ)യെയും സഹായിക്കാൻ ധർമസമരത്തിൽ പങ്കെടുക്കാനുള്ള മോഹം സ്വഹാബി പ്രകടിപ്പിക്കുന്നത്. സമാനമായ അവസരങ്ങൾക്ക് സാധ്യതയില്ലാത്ത രണ്ട് മഹാപുണ്യങ്ങളിൽ പങ്കാളിയായി മഹത്ത്വം നേടണമെന്നാണ് അദ്ദേഹത്തിന്റെ ലക്ഷ്യം, അതുവഴി അല്ലാഹുവിന്റെ പക്കൽ നിന്നുള്ള പ്രതിഫലം അദ്ദേഹം പ്രതീക്ഷിക്കുന്നു. ഇതെല്ലാമറിഞ്ഞിട്ടും നബി(സ്വ) തിരിച്ചുചോദിച്ചത് മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ എന്നാണ്. ഉണ്ടെന്ന് മറുപടി നൽകിയപ്പോൾ പ്രതിഫലമോഹത്തെ പറ്റി നബി(സ്വ) ഒന്നുകൂടി ചോദിച്ചുറപ്പിക്കുകയാണ്. ശേഷം അവിടന്ന് നിർദേശിച്ചത് മാതാപിതാക്കൾക്ക് നന്മ പ്രവർത്തിച്ചും ഗുണം ചെയ്തും ജീവിക്കാനാണ്. ധർമസമരത്തിലൂടെയും പലായനത്തിലൂടെയും ആഗ്രഹിക്കുന്ന പ്രതിഫലം മാതാപിതാക്കൾക്ക് ഗുണം ചെയ്യുക വഴി ലഭ്യമാകുമെന്ന് ഉറപ്പുകൊടുക്കുകയായിരുന്നു റസൂൽ(സ്വ).
തിരുനബി(സ്വ)യുടെ കൂടെയുള്ള ഹിജ്റയും ധർമ സമരവും സ്വഹാബികൾക്ക് മാത്രം സിദ്ധിക്കുന്ന സൗഭാഗ്യമാണ്. എന്നാൽ അതിന് സമാനമെന്നോണം നബി(സ്വ) നിർദേശിച്ച മാതാപിതാക്കളെ പരിപാലിക്കൽ എക്കാലത്തെയും വിശ്വാസികൾക്ക് സുസ്ഥിരമായ അവസരവും. അപ്പോൾ നമുക്ക് റബ്ബിന്റെ പ്രീതിയും പ്രതിഫലവും നേടിയെടുക്കാനുള്ള ഉപാധികൾ സ്വന്തം വീടകങ്ങളിൽ തന്നെയുണ്ട്. എത്ര ലളിതമാണ് ഇസ്ലാം, സുന്ദരവും! മാതാപിതാക്കൾക്ക് ഗുണം ചെയ്തും അവരുടെ ആഗ്രഹങ്ങൾ സാധിച്ചും അവരെ സേവിച്ചും ആ മഹാപുണ്യം നമ്മളും സ്വന്തമാക്കുക. കാരണം, ആവശ്യം ഉന്നയിച്ച സ്വഹാബിക്ക് മാത്രമുള്ള സുവർണാവസരമല്ല ഇത്.
മാതാപിതാക്കളുടെ ജീവിതകാലത്ത് നമ്മിൽ നിന്ന് അവർക്ക് നല്ല അനുഭവങ്ങൾ മാത്രമുണ്ടാവണം. അവരുടെ മനം കുളിരണിയുന്നതും സന്തോഷിപ്പിക്കുന്നതുമായ സാഹചര്യങ്ങൾ തീർക്കുവാൻ നമുക്ക് സാധിക്കണം. അതുവഴി വഴി അവർ, നമുക്ക് മുമ്പേ കടന്നുപോകുന്ന മഹാപുണ്യങ്ങളായി മാറണം. ഏതെങ്കിലുമൊരു നിമിഷത്തിൽ പോലും അവർക്ക് വിഷമമുണ്ടാകുന്ന സാഹചര്യം നമ്മിൽ നിന്നുണ്ടാവരുത്. വേറെയും മക്കളുണ്ടല്ലോ എന്ന വിചാരത്തിൽ അവരെ പരിചരിക്കുന്നതിൽ നിന്ന് മാറിനിൽക്കരുത്. മക്കളിൽ ഒരാളാണ് പരിചരിക്കുന്നതെങ്കിൽ മറ്റുള്ളവർ സാമ്പത്തികമായും ഊഴമിട്ട് കൂടെ നിന്നും പിന്തുണക്കുക. ഉമ്മയെയും ഉപ്പയെയും പരിചരിക്കാനുള്ള അവസരത്തെ ഹൃദയം നിറഞ്ഞ സന്തോഷത്തോടെയും നല്ല നിയ്യത്തോടെയും ഏറ്റെടുക്കുക. കാരണം മാതാപിതാക്കളുടെ അന്ത്യത്തോടു കൂടി അവർക്ക് ഭക്ഷണം നൽകാനും ചികിത്സയേകാനുമുള്ള അവസരം നഷ്ടപ്പെടും. കുതന്ത്രം മെനഞ്ഞും കുബുദ്ധി പ്രയോഗിച്ചും മാതാപിതാക്കളെ സംരക്ഷിക്കുന്നതിൽ നിന്നും ചികിത്സിക്കുന്നതിൽ നിന്നും മാറിനിൽക്കുന്നവർ ഭാഗ്യം കെട്ടവരാണ്. മാതാപിതാക്കളെ ഭാരമായി കാണുന്നവർ എത്ര ഹതഭാഗ്യർ!
പ്രായം, രോഗം, ഒന്നിനും ശേഷിയില്ലായ്മ നമുക്കും വരാനുണ്ടെന്ന വിചാരം നഷ്ടപ്പെടരുത്. എത്ര അകലെയാണെങ്കിൽ പോലും നമ്മുടെ സമീപനം അവരുടെ മുഖത്ത് വിരിയിക്കുന്ന പുഞ്ചിരി നമുക്ക് കാണാനാവണം. അവരുടെ ജീവിതകാലത്ത് മാത്രം ചെയ്തുകൊടുക്കാൻ സാധിക്കുന്നതാണത്. ഇന്നലെ സാധിച്ചില്ലെങ്കിൽ ഇന്ന് പരിഹാരം ചെയ്യുക.
ജീവിത കാലത്തെന്ന പോലെ മരണാനന്തരവും മാതാപിതാക്കൾക്ക് ഗുണം ചെയ്യാനുള്ള അവസരം പ്രവാചകർ(സ്വ) അറിയിച്ചിട്ടുണ്ട്. ഒരു അൻസ്വാരി സ്വഹാബി നബി(സ്വ)യോട് ചോദിച്ചു: മാതാപിതാക്കളുടെ മരണാനന്തരം അവർക്ക് ഗുണമായി ചെയ്യാവുന്ന വല്ലതുമുണ്ടോ? നബി(സ്വ) പറഞ്ഞു: നാലു കാര്യങ്ങളുണ്ട്. അവർക്കുവേണ്ടി പ്രാർഥിക്കുകയും പൊറുക്കലിനെ തേടുകയും ചെയ്യുക, അവരുടെ കരാറുകളും ബാധ്യതകളും നിറവേറ്റുക, അ അവരുടെ സുഹൃത്തുക്കളെയും കൂട്ടുകാരെയും മാനിക്കുക, അവർ മുഖേന മാത്രം നിനക്ക് ബന്ധുക്കളായവരുമായി നല്ല ബന്ധം നിലനിർത്തുക. ഇവയാണ് മാതാപിതാക്കളുടെ മരണാനന്തരം അവർക്ക് ഗുണമായി ചെയ്യാനുള്ള കാര്യങ്ങൾ (അബൂദാവൂദ്).
അലവിക്കുട്ടി ഫൈസി എടക്കര