അവര്‍ പിന്നെയും പറഞ്ഞു; ദയവായി സൈനബയെ മൊഴി ചൊല്ലിത്തരണം, ഞങ്ങള്‍ക്ക് അവള്‍ മാത്രമേയുള്ളൂ….
മുറിയിലിരുന്ന സൈനബ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. അവളുടെ വിവാഹം കഴിഞ്ഞിട്ട് വര്‍ഷം പത്തായി. കൂടെയുള്ളവര്‍ക്കൊക്കെ രണ്ടും മൂന്നും കുട്ടികളായി. ചികിത്സകള്‍ തുടരുന്നുണ്ടായിരുന്നു. അമ്മായുമ്മ പറഞ്ഞു; പത്തുകൊല്ലം മോള് ക്ഷമിക്കണം. ഞാന്‍ ഗര്‍ഭിണിയായതു പത്തുകൊല്ലം കഴിഞ്ഞാണ്. ഇതവന്റെ ഉപ്പയുടെ പാരമ്പര്യമാണ്.
അവള്‍ കാത്തിരിക്കുകയായിരുന്നു, വീട്ടുകാരും. ആ കാലാവധിയും കഴിഞ്ഞു. ഇനിയും വയ്യ. സൈനബയെ ഒഴിവാക്കിത്തരണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
സമദിനത് അസഹ്യമായിരുന്നു. അവള്‍ വന്നതില്‍ പിന്നെയാണ് ജീവിതത്തിനൊരര്‍ത്ഥമുണ്ടായത്. വീടിന് ജീവന്‍ വെച്ചത്. എത്ര അകലെയായാലും വീട്ടിലെത്താന്‍ ഖല്‍ബ് തുടിച്ചത് അവളെക്കാണാന്‍ വേണ്ടി മാത്രമാണ്. ഏതു ടെന്‍ഷനും അവളുടെയടുത്തെത്തിയാല്‍ അലിഞ്ഞില്ലാതാവും.
നിര്‍ത്താതെ സംസാരിക്കുന്നവളാണ് സൈനബ. ഒരു വിഷയം പറയുമ്പോള്‍ അതൊരു ചരിത്രാവതരണം പോലെയാവാറുണ്ട് ചിലപ്പോള്‍. നര്‍മപ്രിയയുമാണ്. പെട്ടെന്നു ഫലിതം ഉള്‍ക്കൊള്ളുകയും ഏറെനേരം ചിരിക്കുകയും ചെയ്യും. ആ ചിരിക്കുമുണ്ടായിരുന്നു ഒരു വല്ലാത്ത വശ്യത.
ഒരിക്കല്‍ സമദിനോട് കോഴിയെ അറുക്കാന്‍ പറഞ്ഞു. അവള്‍ കാലും ചിറകും കൂട്ടിപ്പിടിച്ചു. സമദ് ധ്യൈപൂര്‍വം അറുത്തു. അന്നാദ്യമായാണ് കോഴിയെ അറുക്കുന്നത്. അല്‍പം ചോര ഇറ്റിയെന്നു തോന്നുന്നു. കോഴിയെ പിടയാന്‍ വിട്ട് സമദ് കത്തി കഴുകുകയായിരുന്നു. പിടയുന്നതിനു പകരം കോഴി എഴുന്നേറ്റു നടന്നുപോയി. അന്നു പുലരും വരെ സൈനബ ചിരിയുടെ ലോകത്തായിരുന്നു. സമദും അതേ…. സ്നേഹിച്ചു മത്സരിക്കുകയായിരുന്നു അവര്‍.
ഒരുമിച്ചു യാത്ര പോകുമ്പോഴും, അവള്‍ നര്‍മമുഹൂര്‍ത്തങ്ങള്‍ കണ്ടെത്തുകയും രണ്ടുപേരും ആസ്വദിക്കുകയും ചെയ്യും.
മഗ്രിബ് നിസ്കാരവും പ്രാര്‍ത്ഥനയും കഴിഞ്ഞാല്‍ രണ്ടുപേരും കോലായിലെത്തും. വൈകുവോളം സംസാരിച്ചിരിക്കും. ഒരിക്കലും തീരാത്ത വിശേഷങ്ങളുടെ ഭണ്ഡാരമാണ് സൈനബയെന്ന് സമദിന് പലപ്പോഴും തോന്നിയിട്ടുണ്ട്.
പക്ഷേ, ഇന്നലെ അവള്‍ വ്യാകുലയായിരുന്നു. നാളെ വീട്ടുകാര്‍ വരുന്ന കാര്യം അവള്‍ അപ്പോഴും സമദിനോട് പറഞ്ഞില്ല. ആ മുഖം മങ്ങുന്നത് അവള്‍ക്ക് സഹിക്കാന്‍ കഴിയില്ല. വീട്ടുകാര്‍ക്ക് മകളെക്കുറിച്ച് ആധിയുണ്ടായത് സ്വാഭാവികം. അവരുടെ വാദങ്ങളെയൊന്നും ഖണ്ഡിക്കാന്‍ അവള്‍ക്കായില്ല. ഒരു കുഞ്ഞിക്കാല് അവളുടെയും സ്വപ്നമായിരുന്നു. പുതിയൊരു ജീവിതം തുടങ്ങുമ്പോള്‍ ഈ വിഷമങ്ങളൊക്കെ മാറുമെന്നാണ് വീട്ടുകാര്‍ക്ക് പിന്നെയും പിന്നെയും പറയാനുള്ളത്.
‘സമദ്, എന്തെങ്കിലുമൊന്നു പറയൂ… എന്തു നഷ്ടപരിഹാരവും തരാന്‍ ഞങ്ങളൊരുക്കമാണ്. സൈനബയെ ഇനിയും കണ്ണീരു കുടിപ്പിക്കരുത്…’
മനഃപൂര്‍വമല്ലല്ലോ എന്നു പറയാന്‍ തോന്നിയെങ്കിലും അയാള്‍ മൗനം പാലിച്ചു. കുഴപ്പം തന്‍റേതു മാത്രമാണെന്നും അതു ശരിയാക്കാന്‍ പ്രയാസമാണെന്നും അവരും അറിഞ്ഞുകഴിഞ്ഞിരിക്കുന്നു.
‘എനിക്കവളോട് ഒന്നു സംസാരിക്കണം, എന്നിട്ട് തീരുമാനിക്കാം…’
‘വേണ്ട, ഇനിയൊന്നും സംസാരിക്കേണ്ട’
അവര്‍ സമ്മതം നല്‍കിയില്ല. പക്ഷേ, പൊടുന്നനെ സൈനബ മുറിയില്‍ പ്രത്യക്ഷപ്പെട്ടു. പറയാനുള്ളത് തനിക്കാണെന്നും പിരിയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവള്‍ തീര്‍ത്തു പറഞ്ഞു.
‘മരിച്ചിട്ടല്ലാതെ ഞങ്ങള്‍ പിരിയില്ല’
ദൃഢമായിരുന്നു അവളുടെ തീരുമാനം. വീട്ടുകാര്‍ക്കു പത്തി മടക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
സ്നേഹം പിന്നെയും ശക്തമായി. എല്ലാ കാലത്തും അവര്‍ മധുവിധു ആഘോഷിക്കുകയായിരുന്നു. അയല്‍വാസികളും നാട്ടുകാരും മാതൃകാ ദാമ്പത്യം കണ്ട് അജബായി നില്‍ക്കും.
യാത്രകളായിരുന്നു അവരുടെ ആവേശം. നാടുകളില്‍ നിന്ന് നാടുകളിലേക്ക്, മഖാമുകളില്‍ നിന്ന് മഖാമുകളിലേക്ക്, മക്കയില്‍ നിന്ന് മദീനയിലേക്ക്…
സൈനബ ഇന്നലെയെന്ന പോലെ എല്ലാം ഓര്‍ത്തെടുക്കുന്നു. പ്രിയതമന്‍ വിടപറഞ്ഞിട്ട് ഇന്നേക്കു പത്തുവര്‍ഷം. വീട്ടിലൊറ്റക്കാണെങ്കിലും ആ തോന്നലുണ്ടാവാറില്ല. അയല്‍വാസികളും കുടുംബക്കാരുമായി ആരെങ്കിലുമൊക്കെ വീട്ടിലുണ്ടാവും. ഉറങ്ങും മുമ്പ് ഒരു യാസീന്‍ പ്രിയതമന് ഹദ്യ ചെയ്യുക പതിവാണ്. പാരായണം അനുവദനീയമായ ദിവസങ്ങളിലൊന്നും അതു തെറ്റിച്ചിട്ടില്ല. അദ്ദേഹം ഇപ്പോഴും ഇവിടെയൊക്കെ വന്നുപോവുന്നുണ്ടെന്ന് വിശ്വസിക്കാനാണ് അവള്‍ക്കിഷ്ടം. വൈകുന്നേരം അദ്ദേഹത്തിനിഷ്ടമുള്ള ചന്ദനത്തിരിയുടെ പുക ആ വീട്ടില്‍ ഇപ്പോഴും ഉയരുന്നുണ്ട്.
മക്കളില്ലാത്ത വിഷമം സൈനബ എന്നേ മറന്നു. വൈകുന്നേരം ‘സൊറ’ പറയാനെത്തുന്ന അയല്‍വാസികളില്‍ ചിലരൊക്കെ അസ്വസ്ഥരാവുന്നത് സ്വന്തം മക്കളെക്കുറിച്ചോര്‍ത്താണ്. മദ്യപാനികളും ചൂതാട്ടക്കാരും മാതാപിതാക്കളെ പീഡിപ്പിക്കുന്നവരുമായ മക്കളെക്കുറിച്ചാണ് ചിലരുടെ പരാതി.
ഇന്നലത്തെ പത്രം വായിച്ചാണ് ഒരു സഹോദരി ചര്‍ച്ചക്ക് തുടക്കമിട്ടത്. പെറ്റമ്മയെ കസേരയില്‍ കെട്ടിയിട്ട മകനെക്കുറിച്ചുള്ള വാര്‍ത്തയായിരുന്നു അത്. അവന്റെ ഭാര്യയും അതിനു കൂട്ടുനിന്നത്രെ. തെക്കന്‍ കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട്. അമ്മയെ വൃദ്ധസദനത്തിലാക്കിയ മക്കളെക്കുറിച്ചാണ് മറ്റൊരാള്‍ പറഞ്ഞത്. മാസാമാസം ഫീസ് കൊടുത്താണത്രെ അവര്‍ മാതാവിനെ അകലെയൊരു സ്ഥാപനത്തില്‍ ചേര്‍ത്തിരിക്കുന്നത്.
സൈനബ, അന്ന് ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആലോചിച്ചത് തന്റെ തീരുമാനം എത്ര നന്നായെന്ന കാര്യമാണ്. അന്ന്, ഭര്‍ത്താവിനെ ഒറ്റപ്പെടുത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ, ഇന്ന് ആ മാതാക്കളെപ്പോലെ ഞാനും… അല്ലാഹു തന്റെ രക്ഷക്കെത്തുകയായിരുന്നു. എന്തായാലും തനിക്കിന്ന് സമാധാനമുണ്ട്.
അദ്ദേഹം വിടപറഞ്ഞിട്ട് വര്‍ഷങ്ങളേറെയായെങ്കിലും അന്നത്തിനു മുട്ടില്ല. അന്നത്തിനു വേണ്ടി ഒരാളുടെ വാതിലും മുട്ടേണ്ടി വന്നിട്ടുമില്ല. വീട്ടുജോലിക്കും നിന്നിട്ടില്ല. വൃദ്ധയായിട്ടും എല്ലാം റാഹത്തായി നടന്നുപോകുന്നു. റഹ്മാനായ റബ്ബിന്റെ കൃപാകടാക്ഷം.
‘തുറക്ക് തള്ളേ വാതില്‍… ചവിട്ടിപ്പൊളിക്കും ഞാന്‍…’
അടുത്ത വീട്ടിലെ മദ്യപാനിയായ മകന്റെ ആക്രോശം അവള്‍ക്കു കേള്‍ക്കാം. ആ ഉമ്മയുടെ വേദനയാണ് തന്റെ ഉറക്കം കെടുത്തുന്നത്. ചികിത്സ തേടി നടന്ന കാലത്ത് ഒരു ഉസ്താദ് പറഞ്ഞുകൊടുത്ത ഉപദേശം അവള്‍ ഓര്‍ത്തെടുത്തു; ‘അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും… അല്ലെങ്കില്‍ അവര്‍ക്ക് ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തിക്കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു’ (ഖുര്‍ആന്‍ 42/49,50).
 

ഇബ്റാഹിം ടിഎന്‍ പുരം
വനിതാ കോര്‍ണര്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ