ആഇശ(റ) പറയുന്നു: റമളാനിലെ അവസാന പത്ത് പ്രവേശിച്ചാൽ നബി(സ്വ) രാത്രിയെ സജീവമാക്കിയിരുന്നു, കുടുംബത്തെ വിളിച്ചുണർത്തിയിരുന്നു, അരമുണ്ട് മുറുക്കിക്കെട്ടി ഉടുക്കുമായിരുന്നു (മുസ്ലിം).
റമളാൻ ഇബാദത്തിന്റെ കാലമാണ്. അതിന്റെ മഹത്ത്വം ദിവസം ചെല്ലുംതോറും കൂടുതലാവുകയാണ്. ആദ്യ ഭാഗം കാരുണ്യത്തിന്റേതാണ്. കാരുണ്യത്തിന് ഒരു സാർവത്രികതയുണ്ടെങ്കിലും റമളാൻ കാരുണ്യം വിശ്വാസികൾക്ക് പ്രത്യേകമുള്ളതാണ്. അത് പത്തിലവസാനിക്കുന്നതുമല്ല. പക്ഷേ, കാരുണ്യത്തിന്റെ ലഭ്യതയും സാധ്യതയും മനസ്സറിഞ്ഞ് ഉപയോഗപ്പെടുത്തണം. പ്രത്യേകമായ കാരുണ്യക്കാലത്തിലേക്കുള്ള വിശാലമായ കവാടമാണ് ആദ്യ ഭാഗം. റമളാൻ മാസം മുഴുവൻ നിലനിൽക്കുന്ന കാരുണ്യം അല്ലാഹുവിന്റെ സൃഷ്ടി എന്നതിൽ നിന്ന് വളരെ ഉന്നതവും വ്യത്യസ്തവുമായി വിശ്വാസികൾക്കുള്ള സൗഭാഗ്യാവസരമത്രെ.
റഹീം(കാരുണ്യവാൻ), ഗഫൂർ(പാപം പൊറുക്കുന്നവൻ) എന്നീ അല്ലാഹുവിന്റെ സവിശേഷ നാമങ്ങൾ ഒരുമിച്ച് എഴുപത്തി രണ്ട് പ്രാവശ്യം ഖുർആനിൽ പ്രയോഗിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ രണ്ട് പേരുകൾ ഒരുമിച്ച് കൂടുതൽ വന്നത് ഇവ രണ്ടുമാണ്. അവന്റെ കാരുണ്യവും പാപമോചനം നൽകലും തമ്മിലുള്ള ബന്ധം ഇതിൽ നിന്ന് വ്യക്തമാണ്. പാപം പൊറുക്കപ്പെടുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ കാരുണ്യമാണ്. പാപങ്ങൾ കാരണം ചിലപ്പോൾ അനുഗ്രഹങ്ങൾ പലതും നഷ്ടപ്പെടേക്കാം. അഥവാ, പാപമോചനം കാരുണ്യം ലഭിക്കുന്നതിന്റെ ഉപാധിയായും വരും.
പാപക്കറ പുരളാതെയാണ് വിശ്വാസി ജീവിക്കേണ്ടത്, പക്ഷേ, അത് എല്ലാവർക്കും സാധ്യമാകണമെന്നില്ല. അതിനാൽ തന്നെ മോചനത്തിന് മാർഗമുണ്ടാവണം. കാരുണ്യവാനായ നാഥൻ പാപം പൊറുത്തു തരുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനുമാണ്. പാപങ്ങൾ സംഭവിച്ചാൽ ആത്മാർഥമായി പശ്ചാത്താപം ചെയ്ത് മോചനം നേടാൻ അവൻ അവസരം നൽകിയിട്ടുണ്ട്. റഹ്മത്തിന്റെ ഭാഗം കഴിഞ്ഞാൽ മഗ്ഫിറത്തിന്റെ ഭാഗമാണ്. ശേഷം നരക മോചനത്തിന്റെയും സ്വർഗപ്രവേശത്തിന്റെയും.
പശ്ചാത്താപമാണ് പൂർണമായ പാപപരിഹാര മാർഗം. നിബന്ധനകളും വ്യവസ്ഥകളും പൂർത്തീകരിച്ച തൗബക്കുള്ള അവസരം വലിയ ഭാഗ്യമാണ്. തൗബ എന്ന അനുഷ്ഠാന രീതിയില്ലാതെ തന്നെ ചില പാപങ്ങളിൽ നിന്ന് മുക്തി നേടാൻ മാർഗങ്ങളുണ്ട്. ചില കാലങ്ങൾക്കും സ്ഥലങ്ങൾക്കും കർമങ്ങൾക്കും വചനങ്ങൾക്കും പാപമോചനം നേടിത്തരാനുതകുന്ന മഹത്ത്വങ്ങളുണ്ട്. റമളാൻ മാസവും നോമ്പനുഷ്ഠാനവും തറാവീഹ് നിസ്കാരവും അവയിൽ പെട്ടതാണ്. വിശ്വാസവും നല്ല വിചാരവുമുണ്ടായാൽ അവയുടെ ഗുണം വിശ്വാസിക്ക് ലഭിക്കും.
റമളാനിലെ മധ്യഭാഗം അല്ലാഹുവിൽ നിന്ന് പാപമോചനം ഇരന്ന് വാങ്ങാനുള്ള പ്രത്യേക കാലമാണ്. അത് ഉപയോഗപ്പെടുത്താതിരിക്കുന്നത് മഹാനഷ്ടവും. പാപം പുരളാനിടയുള്ള ജീവിതസാഹചര്യമുള്ളതിനാൽ തെറ്റു സംഭവിക്കുകയെന്നത് സ്വാഭാവികമാണെന്ന് കരുതാം. എന്നാൽ ശരാശരി വിശ്വാസം തന്നെ, അവയെ കഴുകിക്കളയാനുള്ള അവസരം അന്വേഷിക്കാൻ പ്രേരിപ്പിക്കും. പാപമോചനം തേടൽ സത്യവിശ്വാസത്തിന്റെ അനിവാര്യതയാണ്.
റമളാനിൽ പാപമോചനത്തിന് പരിശ്രമിക്കാത്തവനെതിരെ നടന്ന ഒരു പ്രാർഥനയുണ്ട്. പ്രാർഥിച്ചത് ജിബ്രീൽ(അ)മും ആമീൻ ചൊല്ലിയത് തിരുനബി(സ്വ)യുമാണ്. റമളാൻ മാസത്തിലെ സുവർണാവസരം വഴി പാപമോചനം നേടാത്തവനെ അല്ലാഹുവിന്റെ റഹ്മത്തിൽ നിന്ന് അകറ്റാനായിരുന്നു അത്. റമളാൻ മഹത്ത്വം പാപമോചനത്തിനുള്ള ഉപാധിയാക്കണമെന്നാണതിന്റെ പ്രധാന പാഠം. പാപമോചനാവസരം ഒരുക്കിത്തന്ന് റബ്ബ് ചെയ്ത കാരുണ്യത്തെ അവഗണിക്കുന്നവന് അതിനെ തുടർന്നുള്ള കാരുണ്യങ്ങൾ വിലക്കപ്പെടുമെന്ന് ഈ പ്രാർഥന അറിയിക്കുന്നുണ്ട്. മധ്യ പത്ത് വഴി പാപമോചനം നേടി ആത്മീയ വിശുദ്ധി കരസ്ഥമാക്കി വേണം അവസാന പത്തിലേക്ക് കടക്കാൻ. അതിനുതകും വിധം നമ്മുടെയും കുടുംബത്തിന്റെയും ബന്ധപ്പെട്ടവരുടെയും ജീവിത ശീലങ്ങളും രീതികളും ക്രമീകരിക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്.
റമളാനിലെ ഇരുപത് നാളുകളിൽ നല്ല വിശ്വാസിയായി ജീവിച്ച്, മനസ്സും ശരീരവും വിമലീകരിച്ച്, സദ്കർമങ്ങളിൽ ഉത്സുകനായി, കാരുണ്യവും പാപമോചനവും നേടി വിശ്വാസി വിജയത്തിന്റെ ഉന്നതി പ്രാപിക്കുന്നു. അവസാനത്തെ പത്തിൽ റമളാൻ കൂടുതൽ സൗഭാഗ്യങ്ങളോടെയാണ് പരിലസിക്കുന്നത്. നരക മോചനവും സ്വർഗപ്രവേശവും ലഭിക്കുന്നതിനുള്ള പ്രാർഥനകളും പ്രവർത്തനങ്ങളും കൊണ്ട് ഈ നാളുകളെ നമുക്കനുകൂലമാക്കി മാറ്റണം. അങ്ങനെ ഈ റമളാൻ മാസക്കാലം വിട പറയുമ്പോൾ നന്മകളും സുകൃതങ്ങളും ശീലമാക്കിയവരായി നമ്മെ കാണണം. നമുക്കനുകൂലമായി റമളാൻ സാക്ഷി നിൽക്കുന്നതിന് ഈ മാസത്തിലെ നമ്മുടെ ജീവിതവും കർമങ്ങളും ഉപകരിക്കണം.
റമളാൻ മൊത്തത്തിൽ നരകമോചന കാലമാണെന്ന് നമുക്കറിയാം. എന്നാൽ അവസാന ഭാഗത്താണ് ഏറ്റവും കൂടുതൽ ആളുകൾക്ക് നരകമോചനവും സ്വർഗപ്രവേശനവും ലഭിക്കുന്നത്. സ്വീകാര്യതയും ഫലപ്രാപ്തിയും പ്രതീക്ഷിക്കാവുന്ന വിധം നമ്മുടെ കർമങ്ങൾ ആകുന്നുണ്ടെന്ന് ഉറപ്പിക്കാൻ നമുക്കൊരു മാനദണ്ഡവുമില്ല. കാരുണ്യവാനായ യജമാനന്റെ ഔദാര്യം മാത്രമാണ് നമുക്ക് അവലംബിക്കാനുള്ളത്. ഈ റമളാനിലെ ജീവിതാവസരം തന്നെ അവന്റെ ഔദാര്യമാണ്. ഇനിയൊരു റമളാൻ നമുക്ക് ലഭിക്കുമോ എന്ന് ഉറപ്പു പറയാനാവാത്ത ദുർബലരാണല്ലോ നാം. അതിനാൽ കൈവന്ന സൗഭാഗ്യം നഷ്ടപ്പെടുത്താതിരിക്കുക.
റമളാൻ അവസാന പത്തിൽ നബി(സ്വ) കൂടുതൽ പരിശ്രമിച്ചുവെന്നത് നമുക്ക് പാഠമാണ്. നമ്മോട് അലിവും കാരണ്യവുമുള്ള മുത്ത്നബി(സ്വ) നമുക്ക് സ്വീകരിക്കാനും പിന്തുടരാനും നല്ല മാതൃക കാണിച്ചിരിക്കുകയാണിതിലൂടെ.
എത്ര കേട്ടാലും പഠിപ്പിച്ചാലും നമ്മിൽ അടിവേര് നേടാത്ത അറിവുകളുണ്ട്. അല്ലാഹുവിലുള്ള വിശ്വാസത്തിലുള്ള ശക്തിക്കുറവ് അതിന്റെ ഫലമാണ്. വിശ്വാസത്തിന്റെ കുറവ് കാരണമായിരിക്കുമോ അവന്റെ കൽപനകൾ സ്വീകരിക്കുന്നതിലും വാഗ്ദാനങ്ങളും സുവാർത്തകളും സ്വാധീനിക്കുന്നതിലും നാം പിറകിലാവുന്നത്? റമളാൻ അവസാനിക്കാനാകുമ്പോൾ പലതിലുമുള്ള ആവേശവും താൽപര്യവും കുറയുന്നതായാണ് കാണുന്നത്. നബി(സ്വ) മുന്തിയ പരിഗണന നൽകിയ റമളാനിലെ അവസാന നാളുകളെ ഒരിക്കലും അവഗണിക്കരുത്.
അവസാന പത്തിലെ രണ്ട് രാവുകൾ വളരെ മൂല്യമേറിയതാണ്. ഒന്ന്, ലൈലത്തുൽ ഖദ്ർ. ഇതിന്റെ മഹത്ത്വം വ്യക്തം. ഒറ്റ രാവ് ഒരായിരം മാസത്തോളം പുണ്യസാഗരമാവുകയെന്ന മഹാഭാഗ്യം ഈ സുദിനത്തിൽ സമുദായത്തിന് അല്ലാഹു സമ്മാനിക്കുന്നു. അത് ലഭിച്ചുവെന്ന് ഉറപ്പ് വരുത്താൻ നിർദേശിച്ച മാർഗം സ്വീകരിക്കേണ്ടതുണ്ട്. രാത്രി നിസ്കാരങ്ങളിലെ ജമാഅത്ത്, സുന്നത്ത് നിസ്കാരങ്ങൾ, ഇഅ്തികാഫ്, ഖുർആൻ പാരായണം, ദാനധർമങ്ങൾ തുടങ്ങിയവ അവസാന പത്തിലെ രാവുകളിൽ പ്രത്യേകം ശ്രദ്ധിക്കുക.
രണ്ടാമത്തേത് അവസാന രാവാണ്. നരകമോചനത്തിന്റെ രാത്രിയാണത്. റമളാൻ ആദ്യ രാത്രി മുതൽ അല്ലാഹു ധാരാളമാളുകളെ നരകത്തിൽ നിന്ന് മോചിപ്പിക്കും. എത്ര പേരെയെന്നതിൽ വ്യത്യസ്ത നിവേദനങ്ങളുണ്ട്. എന്നാൽ ആദ്യ രാത്രി മുതൽ എല്ലാ രാത്രികളിലും മോചനം നൽകിയ അത്ര എണ്ണം ആളുകളെ അവസാനത്തെ ഒറ്റ രാത്രിയിൽ നരക മോചിതരാക്കുന്നതാണ്. നരകാവകാശികളാവുന്നതിന് കാരണമായ പ്രവർത്തനങ്ങൾ സംഭവിച്ച വിശ്വാസികളിലെ ഈ മോചിതരിലെങ്കിലും നമുക്ക് ഉൾപെടാനാവണം. റസൂൽ(സ്വ)യെ മാതൃകയാക്കി കുടുംബങ്ങളെയും അവസാന പത്ത് ഉപയോഗപ്പെടുത്തുന്നതിന് നാം സജ്ജരാക്കുക.
അലവിക്കുട്ടി ഫൈസി എടക്കര