വീണ്ടും അർണബ് ഗോസ്വാമി വാർത്തകളിൽ നിറഞ്ഞിരിക്കുന്നു. സാധാരണ നായകപരിവേഷമണിഞ്ഞാണ് അർണബിനെ കാണാറുള്ളത്. പക്ഷേ, ഇത്തവണ വില്ലനായാണ് വരവ്. അതും ആത്മഹത്യാ പ്രേരണക്കുറ്റം. ഒപ്പം, സാമ്പത്തിക ക്രമക്കേടുകളും. 2018-ൽ ജീവനൊടുക്കിയ അൻവയ് നായിക് എന്ന ആർക്കിടെക്ടിന്റെ ആത്മഹത്യക്ക് പ്രേരണ നൽകി എന്നതാണ് കുറ്റം. മുംബൈ പോലീസ് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുകയും മുംബൈ ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയുമുണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുതൽ നിരവധി ബിജെപി നേതാക്കൾ അർണബിന് വേണ്ടി രംഗത്തുവരികയും അറസ്റ്റിലായി ഒരാഴ്ചക്കുള്ളിൽ സുപ്രീം കോടതി അദ്ദേഹത്തെ ഇടക്കാല ജാമ്യത്തിൽ വിടുകയും ചെയ്തു.

1995-ൽ എൻഡിടിവിയിലാണ് അർണബ് തന്റെ കരിയർ ആരംഭിക്കുന്നത്. അതിന് മുമ്പ് കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദി ടെലഗ്രാഫ് പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടറായിരുന്നു. ആസാമിലെ ഗുഹാവട്ടിയിൽ ജനിച്ച അർണബ് ഡൽഹി സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദവും ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യൽ ആന്ത്രപ്പോളജിയിൽ ബിരുദാനന്തര ബിരുദവുമെടുത്തു. അർണബിന്റെ പിതാവ് മനുരഞ്ജൻ ഗോസ്വാമി ബിജെപിയുടെ സജീവ പ്രവർത്തകനും 1998-ൽ ബിജെപി സീറ്റിൽ മത്സരിക്കുകയും ചെയ്ത ആളുമാണ്. കൊൽക്കത്തയിൽ ജോലി ചെയ്ത കാലത്ത് അർണബിന് ഭാഷാപ്രശ്‌നങ്ങളുണ്ടായിരുന്നു. എൻഡിടിവിയിലെത്തിയ അദ്ദേഹം ന്യൂസ് അവതാരകനായി തിളങ്ങി. 2006-ൽ ടൈംസ് നൗ ചാനലിൽ ന്യൂസ് എഡിറ്ററായി ചുമതലയേറ്റു. ന്യൂസ് അവർ എന്ന പ്രൈംടൈം വാർത്താധിഷ്ഠിത പരിപാടിയാണ് അർണബിനെ ദേശീയ തലത്തിൽ ശ്രദ്ധേയനായ മാധ്യമ പ്രവർത്തകനാക്കിയത്. ഇക്കാലയളവിൽ ബിജെപിയെ പൂർണമായി പിന്തുണക്കുകയും മുസ്‌ലിം വിരുദ്ധതയും വർഗീയതയും പച്ചയായി പറയുകയും ചെയ്തു അദ്ദേഹം.

രാജ്യത്തെ ഉപരിവർഗ ജനവിഭാഗത്തിന്റെ ആകുലതകളെ അഭിസംബോധന ചെയ്തുകൊണ്ടും നഗരങ്ങളിലെ വിദ്യാഭ്യാസ- ബിസിനസ് വിഭാഗങ്ങളെ തൃപ്തിപ്പെടുത്തിയും ദേശീയതയുടെയും രാജ്യസ്‌നേഹത്തിന്റെയും മൊത്തം കുത്തക അവകാശപ്പെട്ടുമാണ് ആഴ്ചയിൽ അഞ്ചുദിവസവും അർണബ് ഗോസ്വാമി ടൈംസ് നൗ ചാനലിൽ പ്രത്യക്ഷപ്പെട്ടത്. ന്യൂസ് അവറിലെ ചർച്ചാ വിഷയം ഏതുമാകട്ടെ, ബിജെപിക്കും കേന്ദ്രസർക്കാറിനും അനുകൂലമായി സംവാദം തിരിച്ചുവിടാനും അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തുന്നവരെല്ലാം ദേശവിരുദ്ധരും രാജ്യസ്‌നേഹമില്ലാത്തവരുമായി മുദ്രകുത്തപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കാനും അർണബിന് സാധിച്ചു.
2006 ജനുവരി 31-ന് പ്രക്ഷേപണം ആരംഭിച്ച ടൈംസ് നൗ ചാനൽ തുടക്കത്തിൽ ആരും ശ്രദ്ധിച്ചിരുന്നില്ല. അർണബ് ഷോയിൽ പ്രമുഖർ പങ്കെടുത്തിരുന്നുമില്ല. പ്രധാനപ്പെട്ട ആരും ചാനലിന് അഭിമുഖം നൽകുമായിരുന്നില്ല. വാരാന്ത്യ റേറ്റിംഗ് പരാജയമായിരുന്നു. അതേസമയം, ഒരു മാസം മുമ്പ് മാത്രം ലോഞ്ച് ചെയ്ത സിഎൻഎൻ-ഐബിഎൻ വാർത്താ ചാനൽ ഏറെ ജനകീയമായിക്കഴിഞ്ഞിരുന്നു. എൻഡിടിവിയിൽ ഒമ്പത് വർഷം ജോലിചെയ്ത ശേഷമാണ് അർണബ് പുതിയ ചാനലിന്റെ ചീഫ് എഡിറ്ററായി എത്തുന്നത്. അവിടെ തന്റെ വഴികാട്ടിയായിരുന്ന രാജ്ദീപ് സർദേശായി സ്വന്തമായി തുടങ്ങിയ സിഎൻഎൻ-ഐബിഎൻ ചാനലിലെ വാർത്തകൾ ജനങ്ങൾ ഏറ്റെടുത്തു തുടങ്ങി. അതോടെ സഹപ്രവർത്തകരോടുള്ള അർണബ് ഗോസ്വാമിയുടെ സമീപനത്തിൽ പ്രകടമായ മാറ്റങ്ങൾ വന്നു. എല്ലാത്തിലും കുറ്റവും കുറവും കണ്ടെത്തി. പലരെയും പിരിച്ചുവിട്ടു. ഓരോ ആഴ്ചയും ചുരുങ്ങിയത് രണ്ടു പേരെങ്കിലും ചാനൽ വിടുമായിരുന്നു. തുടക്കത്തിൽ ടൈംസ് നൗ ഒരു വാർത്താ ചാനലാണോ എന്നുപോലും പലരും സംശയം പ്രകടിപ്പിച്ചു. ആദ്യ ദിവസങ്ങളിൽ ടൈംസ് നൗ ചെയ്തത് ബിസിനസ് ന്യൂസുകളായിരുന്നു. അതോടെ, സിഎൻബിസി പോലുള്ള ബിസിനസ് ചാനലുകളുമായി മത്സരിക്കാനാണ് ഈ പുതിയ ചാനൽ എത്തിയതെന്ന തോന്നൽ പ്രചരിച്ചു. രാത്രി സമയത്ത് വളരെ ലളിതമായ പരിപാടികൾ മാത്രം അർണബ് എയർചെയ്തു.

എന്നാൽ ചാനൽ ഉടമകളായ ടൈംസ് ഗ്രൂപ്പിന്റെ സമീർ ജൈനും വിനീത് ജൈനും ചില പ്രത്യേക ലക്ഷ്യങ്ങൾ അർണബിനെ ഏൽപ്പിച്ചിരുന്നു. ബെറ്റ് കോൾമാൻ കമ്പനിയുടെ മുൻ സിഇഒ ചിന്താമണി റാവു കാരവൻ മാഗസിനിൽ ഈ ലക്ഷ്യത്തെക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട്. ടൈംസ് നൗ എന്ന ചാനൽ വിജയിക്കുമോ ഇല്ലയോ എന്ന ആശങ്ക നിറഞ്ഞ തുടക്കകാലത്ത് ചാനലിലെ മുഴുവൻ സ്റ്റാഫിനെയും വിളിച്ചുകൂട്ടി അർണബ് ഗോസ്വാമി ചോദിച്ചു: ‘നമ്മുടെ ചാനൽ ആരോടാണ് മത്സരിക്കുന്നതെന്നറിയുമോ?’ ആർക്കും അതിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. അപ്പോൾ അർണബ് ഉറക്കെ പ്രഖ്യാപിച്ചു: ‘എൻഡിടിവിയോട്. നമ്മൾ ആ ചാനലിനെ തോൽപ്പിക്കാൻ പോകുന്നു.’

പിന്നീട് നടന്നത് അർണബ് ഗോസ്വാമി എന്ന ചീഫ് എഡിറ്ററുടെ ഒറ്റയാൾ പോരാട്ടമായിരുന്നു. രാജ്യസ്‌നേഹം, കശ്മീർ, തീവ്രവാദം, മുസ്‌ലിം സ്ത്രീ, ഹിന്ദുത്വ, വർഗീയത, ന്യൂനപക്ഷ പ്രീണനം, പാകിസ്ഥാൻ തുടങ്ങിയ സൂക്ഷ്മ സംവേദന ക്ഷമതയുള്ള വിഷയങ്ങൾ മാത്രം തിരഞ്ഞെടുത്ത് ന്യൂസ് അവർ സംവാദ പരിപാടി അവതരിപ്പിച്ചു തുടങ്ങി. ചാനലിൽ ഏതു തീരുമാനവും സ്വയം എടുക്കാനും നടപ്പിലാക്കാനും അർണബിന് സ്വാതന്ത്ര്യമുണ്ടായിരുന്നു. ചർച്ചയിൽ പങ്കെടുക്കാൻ ആരെത്തണമെന്നതു മുതൽ സ്‌ക്രീനിൽ തെളിയുന്ന നിറങ്ങളും ഡിസൈനിംഗ് വരെയും ആ സ്വാതന്ത്ര്യം നീണ്ടു. മറ്റു ചാനലുകൾ വരികൾക്കിടയിലൂടെ ബിജെപിയെ പിന്തുണച്ചപ്പോൾ അർണബ് തന്റെ പിന്തുണ പരസ്യമായി തുറന്നടിച്ചു. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ടൈംസ് നൗ ചാനലിനെക്കുറിച്ചുള്ള എതൊരു ചർച്ചയും അർണബ് ഗോസ്വാമിയെ കുറിച്ചുള്ളതുകൂടിയായി മാറി.

എങ്ങനെയും ചാനലിന്റെ റേറ്റിംഗ് കൂട്ടുക എന്നത് മാത്രമായിരുന്നു അർണബിന്റെ ലക്ഷ്യം. അതോടെ, മാധ്യമ നൈതികതയും വസ്തുനിഷ്ഠമായ റിപ്പോർട്ടിംഗും ഇല്ലാതായി. ബിജെപിക്ക് അനുകൂലമാണെങ്കിൽ ഏതു കളവും വാർത്തയാകുന്ന, ചർച്ചയാകുന്ന ചാനലായി ടൈംസ് നൗ മാറി. ഈയൊരു നാടകം ചോദ്യം ചെയ്ത് ‘ഒരു ടിവി അവതാരകൻ വാർത്തകൾ ബലികഴിക്കുന്ന വിധം’ എന്ന തലക്കെട്ടിൽ ഔട്ട്‌ലുക്ക് മാസികയും ‘ഫാസ്റ്റ് ആൻഡ് ഫൂരിയസ്’ എന്ന പേരിൽ കാരവൻ മാഗസിനും അർണബ് ഗോസ്വാമിയെ വിശദമായി വിചാരണ ചെയ്തു. അർണബും അദ്ദേഹത്തിന്റെ ചാനലും ഇല്ലായിരുന്നെങ്കിൽ രാജ്യം എത്രയോ പുരോഗമിക്കുമായിരുന്നുവെന്ന് സ്റ്റാർ ഇന്ത്യ സിഇഒ ഉദയ് ശങ്കർ അഭിപ്രായപ്പെട്ടു. പ്രസാർ ഭാരതി ചെയർമാൻ സൂര്യപ്രകാശ് പറഞ്ഞത്, ന്യൂസ് അവറിൽ നടക്കുന്നത് വാർത്തയല്ല; ഡ്രാമ മാത്രമാണ് എന്നാണ്. അർണബ് ഒരിക്കലും അദ്ദേഹത്തിന്റേതല്ലാത്ത ഒരു അഭിപ്രായത്തിന് ഇടം നൽകില്ല എന്നതുകൊണ്ട് ന്യൂസ് അവർ പരിപാടിക്ക് താൻ പോകാറില്ല എന്നാണ് സാമൂഹ്യ പ്രവർത്തകൻ വിരാജ് പട്‌നായിക് എഴുതിയത്. ‘അർണബ് എപ്പോഴും തീവ്ര വലതുപക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. ഘർവാപസിയെക്കുറിച്ചോ ബിജെപിയെക്കുറിച്ചോ ചോദിച്ചാൽ അയാൾ കുരച്ചുചാടുന്നത് കാണാം’- ഇന്ത്യ ലീഗൽ എഡിറ്റർ ഇന്ദ്രജിത്ത് ബദ്വാർ ഇങ്ങനെയാണ് പ്രതികരിച്ചത്.

പലപ്പോഴും നല്ല ചർച്ച നടക്കുമെന്ന പ്രതീക്ഷയിലാണ് ന്യൂസ് അവർ പരിപാടിയിൽ പല പ്രമുഖരും പങ്കെടുക്കാനെത്തുക. എന്നാൽ ഏകപക്ഷീയമായ തീരുമാനവും വർഗീയ അജണ്ടകളും കൊണ്ട് നിറയുന്ന, അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കാത്ത ഒരു പരിപാടിയായി അതിനെ മാറ്റിയത് അർണബ് ഗോസ്വാമിയുടെ ചൂടൻ നിലപാടായിരുന്നു.
അതോടൊപ്പം, മറ്റാരേക്കാളും വേഗത്തിൽ ന്യൂസ് എത്തിക്കുക എന്ന അജണ്ടയും ഗോസ്വാമി നടപ്പിലാക്കി. സംഭവസ്ഥലത്ത് നിന്ന് ഷൂട്ട് ചെയ്ത് ചാനലിന്റെ മുംബൈ ഹെഡ് ഓഫീസിലെ സ്റ്റുഡിയോ റൂമിൽ എഡിറ്റ് ചെയ്താണ് അന്നുവരെ റിപ്പോർട്ടുകൾ എയർ ചെയ്തിരുന്നത്. എഡിറ്റർമാരും മറ്റും എഡിറ്റ് ചെയ്തുവരുമ്പോഴേക്കും വാർത്ത വൈകും എന്ന കാരണം പറഞ്ഞ് എഡിറ്റ് ചെയ്യാതെ നേരിട്ട് അർണബ് എയർ ചെയ്യാൻ തുടങ്ങി. ശരിയും തെറ്റും വസ്തുതയും ഒന്നുമല്ല, വേഗമാണ് പ്രധാനം എന്ന അപകടരമായ രീതിയായിരുന്നു അത്. പ്രമാദമായ പ്രൊവിഡന്റ് ഫണ്ട് അഴിമതിക്കേസിൽ ഇങ്ങനെ അതിവേഗം ന്യൂസ് റിപ്പോർട്ട് ചെയ്തപ്പോൾ സുപ്രീം കോടതി മുൻ ജഡ്ജി പിബി സാവന്തിന്റെ ഫോട്ടോ തെറ്റായി പ്രക്ഷേപണം ചെയ്തതിനെ തുടർന്ന് നൂറു കോടി രൂപയാണ് ടൈംസ് നൗ ചാനൽ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നത്.

ടൈംസ് നൗ ചാനലിൽ നിന്ന് രാജിവെച്ച ശേഷം അർണബ് ഗോസ്വാമി തന്റെ പുതിയ ചാനൽ പ്രഖ്യാപിച്ചു-റിപ്പബ്ലിക് ടിവി. ഇന്ത്യ ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതിയ രീതിയിലും ഭാവത്തിലുമായിരിക്കും തന്റെ പുതിയ ചാനൽ മാധ്യമരംഗത്തേക്ക് കടന്നുവരികയെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 2017 ഫെബ്രുവരി പതിനൊന്ന് മുതൽ മാർച്ച് എട്ട് വരെ ഏഴ് ഘട്ടങ്ങളിലായി നടന്ന ഉത്തർപ്രദേശ് അസംബ്ലി ഇലക്ഷന് മുന്നോടിയായി റിപ്പബ്ലിക് ചാനൽ പ്രക്ഷേപണമാരംഭിച്ചു. അതൊരു യാദൃച്ഛികതയായിരുന്നില്ല. തിരഞ്ഞെടുപ്പ് ബിജെപി അനുകൂലമാക്കി മാറ്റിയതിൽ നിർണായക പങ്കുവഹിച്ചു അർണബ് ഗോസ്വാമിയും പുതിയ ചാനലും.

നേരത്തെ ടൈംസ് നൗ ചാനലിൽ അർണബിനൊപ്പമുണ്ടായിരുന്ന അഞ്ച് സീനിയർ ജേണലിസ്റ്റുകളുൾപ്പെടെ ഒരു മികച്ച ടീമാണ് റിപ്പബ്ലിക്കിൽ തുടക്കം മുതൽ ഉണ്ടായിരുന്നത്. ഒപ്പം, അന്താരാഷ്ട്രതലത്തിൽ മികവ് തെളിയിച്ച സാങ്കേതിക വിദഗ്ധരും. സിഎൻഎൻ, ബിബിസി തുടങ്ങിയ അന്തർദേശീയ മാധ്യമങ്ങളോട് കിടപിടിക്കുന്ന ചാനൽ അനുഭവമായിരിക്കും റിപ്പബ്ലിക്കിന്റേതെന്ന് ഇന്ത്യൻ ഇലക്ട്രോണിക് എക്യുപ്‌മെന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ പത്താം വാർഷിക സമ്മേളനത്തിൽ വെച്ച് തന്നെ അർണബ് പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. എല്ലാത്തിലുമുപരി, സ്വതന്ത്രമാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരിക്കും തന്റെ ചാനലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇതൊന്നുമല്ല റിപ്പബ്ലിക്കിൽ അർണബ് നടപ്പിലാക്കിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ അർണബിന്റെ ചാനൽ കൂടുതൽ തീവ്രമായ രീതിയിൽ ആർഎസ്എസ്-ബിജെപി അജണ്ടകൾ മാത്രം ഛർദിക്കുന്ന വാർത്താ ചാനലായി മാറി.

ദേശീയ തലത്തിൽ ബിജെപി എന്ന പാർട്ടി എങ്ങനെയാണോ വർഗീയത ആളിക്കത്തിച്ച് ഭരണം നേടിയെടുത്തത്, അതേ രൂപത്തിലാണ് മാധ്യമ രംഗത്ത് തന്റെ ചാനലിന് റേറ്റിംഗ് കൂട്ടാൻ വേണ്ടി അർണബ് ഗോസ്വാമി ടിവി കാമ്പയിൻ നടത്തിയതെന്ന് ചുരുക്കം. പ്രേക്ഷകർക്കിടയിൽ ഇന്ത്യയും പാകിസ്ഥാനും നിർമിച്ച്, കശ്മീർ മുസ്‌ലിംകളും രാജ്യസ്‌നേഹികളായ ഇന്ത്യൻ സൈന്യവും തമ്മിലുള്ള വ്യത്യാസങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി അവതരിപ്പിച്ച് അദ്ദേഹം രാഷ്ട്രീയം കളിച്ചു. എല്ലാം അവതരിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമനുവദിച്ച ഇന്ത്യൻ ഭരണഘടനയുടെ പേരിലും. രാജ്യത്തുടനീളം മുസ്‌ലിം വിരുദ്ധത ആളിക്കത്തിക്കാൻ റിപ്പബ്ലിക് ടിവി വഹിച്ച പങ്ക് ഏറെ വലുതാണ്. നിരപരാധികൾ കൊല്ലപ്പെട്ടു. പലരും ജയിലിലടക്കപ്പെട്ടു. കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു വാർത്ത പോലും അർണബിന്റെ ചാനലിൽ വെളിച്ചം കണ്ടില്ല.

ഇങ്ങനെ ദേശീയ മാധ്യമരംഗം അടക്കിവാണുകൊണ്ടിരിക്കുന്നതിനിടയിലാണ് അർണബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സംഗതി ക്രിമിനൽ കേസാണ്. റിപ്പബ്ലിക് ടിവിയുടെ ഓഫീസ് ഇന്റീരിയർ ജോലികൾ ചെയ്തതിന്റെ പണം നൽകാത്തതിനെ തുടർന്ന് 53-കാരനായ ആർക്കിടെക്ട് അൻവേ നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ്. 83 ലക്ഷം രൂപയാണ് അർണബ് ഗോസ്വാമി ഇന്റീരിയർ ഡിസൈനർക്ക് കൊടുക്കാതെ കബളിപ്പിച്ചത്. 2019 ഏപ്രിലിൽ അന്നത്തെ ബിജെപി സർക്കാർ അന്വേഷണം അവസാനിപ്പിച്ച കേസിൽ ഉദ്ധവ് താക്കറെ സർക്കാർ പുനരന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അറസ്റ്റ് നടന്ന ദിവസം റിപ്പബ്ലിക് ടിവിയിലെ മറ്റു മാധ്യമപ്രവർത്തകർ മാധ്യമ സ്വാതന്ത്ര്യത്തിനേറ്റ പ്രഹരമാണിതെന്നും മഹാരാഷ്ട്ര സർക്കാർ ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും പറഞ്ഞുകൊണ്ടേയിരുന്നു. പോലീസ് ആക്രമണം എന്ന രീതിയിലാണ് റിപ്പബ്ലിക് ടിവി അർണബിന്റെ അറസ്റ്റ് റിപ്പോർട്ട് ചെയ്തത്. ഇതൊക്കെ കാണുമ്പോൾ നിയമ വിരുദ്ധമായി തന്നെ രാജ്യത്ത് നടന്ന വിവിധ അറസ്റ്റുകൾ റിപ്പബ്ലിക് കവർ ചെയ്ത രീതി കണ്ടവർ മൂക്കത്ത് വിരൽ വെച്ചിട്ടുണ്ടാകും. എത്രയെത്ര നിരപരാധികളെയാണ് റിപ്പബ്ലിക് ടിവി രാജ്യദ്രോഹികളും കുറ്റവാളികളുമാക്കിയത്. അടുത്തിടെയാണ് ടെലിവിഷൻ റേറ്റിംഗ് പോയിന്റ്‌സിൽ (ടിആർപി) കൃത്രിമം കാണിച്ച് പരസ്യ വരുമാനത്തട്ടിപ്പ് നടത്തിയതിന്റെ പേരിൽ അർണബ് ഗോസ്വാമിക്കെതിരെ മുംബൈ പോലീസ് അന്വേഷണം തുടങ്ങിയത്. രാജ്യത്തെ നമ്പർ വൺ ചാനലുകൾ തങ്ങളുടേതാണെന്ന റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്കിന്റെ വാദം വ്യാജമാണെന്നും പോലീസ് കണ്ടെത്തി. അന്നു മുതൽ മഹാരാഷ്ട്ര സർക്കാരിനെതിരെയും മുംബൈ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും വ്യാജ വാർത്തകൾ ബ്രോഡ്കാസ്റ്റ് ചെയ്യലായിരുന്നു ചാനലിന്റെ പ്രധാന പരിപാടി.

ഏതായാലും അർണബിന്റെ അറസ്റ്റ് അനിവാര്യതതന്നെയായിരുന്നു. ഒരുപക്ഷേ, അദ്ദേഹത്തിന്റെ മനുഷ്യത്വ വിരുദ്ധമായ, മുസ്ലിം വിരുദ്ധമായ വ്യാജ വാർത്തകൾ നിരീക്ഷിക്കുന്ന ഏതൊരാൾക്കും ഈ അറസ്റ്റിൽ മാറ്റൊരഭിപ്രായമുണ്ടാകില്ല. സർവോപരി, അറസ്റ്റ് പത്രപ്രവർത്തനത്തെയും മാധ്യമ മൂല്യങ്ങളെയും നിഷ്ഠൂരമായി കൊലപ്പെടുത്തിയയാളുടേതാകുമ്പോൾ.
അർണബിന്റെ അറസ്റ്റ് രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുണ്ടായ ആക്രമണമാണെന്ന് പറഞ്ഞ് മുന്നോട്ടുവന്നവർ നീതിന്യായ വ്യവസ്ഥയുടെ ദാക്ഷിണ്യവും കാത്ത് ജയിലിൽ കഴിയുന്ന നിരപരാധികളെ കാണുന്നേയില്ല. യുപിയിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഇപ്പോഴും ജയിലിലാണ്. ചില മാധ്യമ പ്രവർത്തകർക്ക് കോടതികളിൽ നിന്ന് ലഭിക്കുന്ന കരുതലും പ്രാധാന്യവും സമാന സ്വഭാവമുള്ളതോ താരതമ്യേന ഗൗരവം കുറഞ്ഞതോ ആയ കേസുകളിൽപെടുന്ന മറ്റു ചിലർക്ക് ലഭിക്കുന്നില്ല. അർണബ് ഗോസ്വാമിയുടെ വിഷയത്തിൽ തന്നെ ബിജെപി നേതാക്കളും സുപ്രീം കോടതിയും എത്ര കരുതലും ശ്രദ്ധയും പിന്തുണയുമാണ് കാണിച്ചത്. സിദ്ദീഖ് കാപ്പനും അർണബ് ഗോസ്വാമിയും ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്ന നീതി ലഭ്യതയുടെ ഏറ്റക്കുറച്ചിൽ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

യാസർ അറഫാത്ത് നൂറാനി

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ