ഹൃദയങ്ങളിൽ ആത്മീയതയുടെ ആനന്ദ ലഹരി നിറയുന്ന കാലമാണ് നോമ്പുമാസം. ഖൽബിലെ കറയും കരിയും നീക്കി അല്ലാഹുവിലേക്ക് കൂടുതലടുക്കാൻ വിശ്വാസികൾക്ക് നാഥൻ നൽകിയ ആത്മീയ വിരുന്ന്. തഖ്വയാണ് ആത്മീയതയുടെ കാതൽ. റബ്ബിലേക്ക് നമ്മെ അടുപ്പിക്കുന്ന എല്ലാ കർമങ്ങളുടെയും മർമം. അന്നപാനീയങ്ങളും ഭോഗ മോഹങ്ങളും ഉപേക്ഷിച്ച്, വിശുദ്ധ വ്രതമനുഷ്ഠിക്കുന്നത് തഖ്വയിലേക്കുള്ള വഴിയാണ്.
റബ്ബിന്റെ ഇഷ്ടദാസരായ ആത്മജ്ഞാനികളുടെ നോമ്പുകാലം ഖൽബ് പൂർണമായും ഇലാഹീ ചിന്തയിൽ ലയിക്കുന്ന സന്ദർഭമായിരുന്നു. ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് തന്നെ നോമ്പിന്റെ പൂർണത നഷ്ടപ്പെടുമെന്ന് ഭയന്നവരാണ് സൂഫികൾ. ഭക്ഷണങ്ങളും പാനീയങ്ങളും സുഖ ഭോഗങ്ങളും മാത്രമല്ല, നാഥനിൽ നിന്ന് ഹൃദയത്തെ മുറിച്ചുമാറ്റുന്ന എല്ലാ ഭൗതിക കാര്യങ്ങളിൽ നിന്നും അവർ അകന്നു നിൽക്കും. നോമ്പിന്റെ കാതൽ ഈ സൂക്ഷ്മതയാണ്. ഖവാസുൽ ഖവാസി(പ്രത്യേകക്കാരിലെ പ്രമുഖർ)ന്റെ നോമ്പെന്നാണ് ഇമാം ഗസ്സാലി(റ) വിശേഷിപ്പിച്ചത്. സൃഷ്ടികളിൽ ഏറ്റവും ഉത്കൃഷ്ടരായ ദാസന്മാരുടെ വ്രതം.
വരവേൽപ്പിന്റെ ആനന്ദം
പുണ്യവും മഹത്ത്വവും ഏറെയുള്ള റമളാൻ മാസത്തെ വരവേൽക്കുന്ന സൂഫിയുടെ ഹൃദയം ആനന്ദലഹരിയിൽ നിറഞ്ഞുകവിയും. ഒരു റമളാൻ കഴിഞ്ഞ് അടുത്ത റമളാൻ വരെ ഈ കാത്തിരിപ്പാണ്. ആനന്ദം നിറഞ്ഞ വിരഹ വേദനയോടെയുള്ള കാത്തിരിപ്പ്. നോമ്പ് മാസം ആഗതമായെന്ന വാർത്ത വിശ്വാസിയുടെ ഖൽബിലുണ്ടാക്കുന്ന ആഹ്ലാദം അവർണനീയമായിരിക്കും. കാരുണ്യക്കടലായ, സർവാനുഗ്രഹങ്ങളുടെയും ദാതാവായ റബ്ബിന്റെ മുമ്പിൽ വിതുമ്പിയും കണ്ണീർ പൊഴിച്ചും ആദരവോടെ, ഹൃദയം നിറയെ നന്ദിയോടെ പുണ്യങ്ങളുടെ പൂക്കാലത്തെ സ്വീകരിക്കും. ശഅ്ബാൻ മാസത്തിന്റെ അസ്തമയ സൂര്യനെ നോക്കി പള്ളിയിൽ ഇഅ്തികാഫിരുന്ന് നോമ്പ് മാസത്തെ വരവേൽക്കും. ഭൗതികമായ എല്ലാ കാര്യങ്ങളിൽ നിന്നും വിട്ടുനിന്ന് റമളാനൊളി പ്രതീക്ഷിക്കും.
നന്മയുടെ വസന്തം
അല്ലാഹുവിന്റെ കാരുണ്യവർഷം പെയ്തിറങ്ങുന്ന റമളാൻ ദിനരാത്രികളിൽ ഒരു നിമിഷം പോലും പാഴാക്കാൻ പാടില്ല. നിർബന്ധ കർമങ്ങളെ പൂർണതയിൽ നിർവഹിക്കുന്നതോടൊപ്പം സുന്നത്തുകളെ സമ്പൂർണമായി ചെയ്യാൻ ശ്രമിക്കണം. ആത്മജ്ഞാനികൾ റവാതിബ് നിസ്കാരങ്ങൾ പൂർണമായി നിർവഹിക്കും. ളുഹയും വിത്റും തസ്ബീഹും അവ്വാബീനും തറാവീഹും എല്ലാ സുന്നത്തുകളും പാലിച്ച് ഭക്തിയോടെ നിർവഹിക്കും. വിശുദ്ധ ഖുർആൻ നിരന്തരമായി പാരായണം ചെയ്ത് ഹൃദയത്തിൽ ആത്മീയതയുടെ വസന്തം വിരിയിക്കും. ഗ്രന്ഥപാരായണങ്ങളും മറ്റു പഠനങ്ങളും തൽകാലത്തേക്ക് മാറ്റിവെച്ച് റമളാനിൽ പൂർണമായി പരിശുദ്ധ ഖുർആനിൽ മുഴുകും.
ഫർളും സുന്നത്തുമായി ചെയ്യാനുള്ളതെല്ലാം അനുഷ്ഠിക്കുകയും ഹറാം, കറാഹത്ത്, പരലോകത്ത് ഉപകരിക്കാത്ത ഹലാലുകൾ എന്നിവയെല്ലാം ഉപേക്ഷിക്കുകയും ചെയ്യുമ്പോഴാണ് സൂഫിസം പൂർണമാവുന്നതെന്ന് ശൈഖ് മഖ്ദൂം(റ) അദ്കിയാഇൽ പറഞ്ഞിട്ടുണ്ടല്ലോ. അതാണ് യഥാർഥ ത്വരീഖത്ത് അഥവാ അല്ലാഹുവിന്റെ പൊരുത്തം നേടാനുള്ള സൂഫിമാർഗം. അതിന് ഹൃദയത്തെ പാകപ്പെടുത്തുന്ന മാസമാണ് വിശുദ്ധ റമളാൻ.
ഭക്ഷണപദാർഥങ്ങളും പാനീയങ്ങളും ആസ്വാദനങ്ങളും അമിതമായ ഉറക്കവും പരിധിവിട്ട ഭൗതിക സംസാരങ്ങളുമെല്ലാം ഹൃദയത്തെ ഇരുട്ടിലാക്കും. മരണചിന്തയും പരലോകബോധവും ഇല്ലാതാകും. അല്ലാഹുവിൽ നിന്നും നമ്മെ അകറ്റും.
ഇത്തരം ഭൗതിക മറകളിൽ നിന്നു രക്ഷപ്പെടുത്തി ഇഹ്സാനിന്റെ ആനന്ദലോകത്തേക്ക് നമ്മെ കൊണ്ടുപോകാനാണ് റഹ്മാനായ രക്ഷിതാവ്, നിർബന്ധമായ വ്രതമാസത്തെ സംവിധാനിച്ചത്. വേദനകൊണ്ട് പുളയുന്ന രോഗിക്ക് ഇഞ്ചക്ഷൻ നൽകുന്നതു പോലെ ശാശ്വതമായ പരാജയത്തിൽ നിന്നു നമ്മെ രക്ഷപ്പെടുത്താൻ കരുണാമയനായ അല്ലാഹു ഏർപ്പെടുത്തിയ മോചനവഴി! ഇതു തിരിച്ചറിഞ്ഞവരാണ് ആത്മജ്ഞാനികൾ. അന്നവും പാനീയവും നിദ്രയും സംസാരവുമെല്ലാം നിയന്ത്രിച്ചും ഹൃദയം ശുദ്ധിയാക്കിയും അവർ അല്ലാഹുവിലേക്കടുക്കുന്നു. ലൈംഗിക വികാരം ശമിപ്പിക്കാനുള്ള മതവഴികളിൽ നോമ്പിനെയും റസൂൽ(സ്വ) പറഞ്ഞിട്ടുണ്ടല്ലോ.
മറ നീങ്ങുന്നു
നോമ്പ് പരിചയാണെന്നാണ് തിരുനബി(സ്വ) പറഞ്ഞത്. തിന്മകളിൽ നിന്നും അശ്രദ്ധകളിൽ നിന്നും സംരക്ഷിക്കുന്ന കവചം. സൂഫികൾ നോമ്പുമാസത്തെ ഉപയോഗപ്പെടുത്തുന്നതു പോലെ വിശ്വാസികളെല്ലാം ചെയ്താൽ തീർച്ചയായും പാപങ്ങളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും നാം മോചിതരാവും. ഖൽബിന്റെ മറകളെല്ലാം നീങ്ങും. അല്ലാഹുവിനെ ഹൃദയംകൊണ്ട് ദർശിക്കാനാവും. ആത്മീയജീവിതത്തിന്റെ പരമമായ ലക്ഷ്യം ഈ ദർശനാനുഭൂതിയാണല്ലോ. ആധ്യാത്മിക ഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്ന മുശാഹദയും വുസൂലും ഈ ദർശനമാണ്. നോമ്പിന്റെ പൂർണതക്കനുസരിച്ച് മുശാഹദയുടെ തിളക്കവും വർധിക്കും.
സൂഫിയുടെ റമളാൻ
സൂഫികളുടെ നോമ്പുകാല ജീവിതത്തിൽ നിന്നും ഒരുപാട് പകർത്താനുണ്ട്. റമളാനായാൽ അവരുടെ കണ്ണും കാതും ഖൽബുമെല്ലാം നോമ്പിലായിരിക്കും. വാക്കിലും നോക്കിലും ചിന്തയിലും വെളിച്ചമുണ്ടാവും. സുന്നത്ത് ലഭിക്കാൻ വേണ്ടി അത്താഴം കഴിക്കും. പുണ്യറസൂലി(സ്വ)ന്റെ ജീവിതം പിന്തുടർന്ന് സൂര്യൻ അസ്തമിച്ചയുടൻ നോമ്പു തുറക്കും. എല്ലാ അദബുകളും പാലിക്കും. അപ്പോഴെല്ലാം ഹൃദയം അല്ലാഹുവിലായിരിക്കും. കാരുണ്യം തേടിയും പാപമോചനത്തിന് വേണ്ടി കെഞ്ചിയും നരകശിക്ഷയെ തൊട്ട് അഭയം തേടിയും നാഥന്റെ തൃപ്തി മാത്രം മോഹിച്ച് രാപകലുകളെ ധന്യമാക്കും. ഇഅ്തികാഫിന്റെ പുണ്യം നഷ്ടപ്പെടുത്താതെ, ജമാഅത്തുകൾ മുടങ്ങാതെ, ധാരാളം ഖത്മുകൾ ഓതിത്തീർത്ത് അവർ ആഖിറത്തിലേക്കുള്ള വിഭവങ്ങൾ സമാഹരിക്കും. പ്രവാചകർ(സ്വ) പഠിപ്പിച്ചതു പോലെ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ച് രാവുകളെ ഇബാദത്തുകൾകൊണ്ട് സജീവമാക്കും. നോമ്പുമാസത്തിലെ എല്ലാ ദിവസങ്ങളിലും ഏറ്റവും അർഹരായ ഉറ്റവരെയും വിശ്വാസികളെയും കണ്ടെത്തി സ്വദഖ നൽകും. ഉള്ളത് നൽകി നോമ്പുതുറപ്പിക്കും. റസൂൽ(സ്വ) റമളാനിൽ, വിശേഷിച്ചും അവസാന പത്തു ദിനങ്ങളിൽ വാരിക്കോരി കൊടുത്തിരുന്നെന്ന് ഹദീസുകളിലുണ്ടല്ലോ.
സാധ്യമായ ഒരു സൽകർമവും നഷ്ടപ്പെടുത്താതെ, ഒരു കറാഹത്തു പോലും ചെയ്യാതെ, സൂക്ഷ്മതയോടെ, ഓരോ നിമിഷവും അല്ലാഹുവിലേക്കടുക്കാനുള്ള അമൂല്യാവസരങ്ങളായി സൂഫികൾ മനസ്സിലാക്കി, ഉപയോഗപ്പെടുത്തി. കർമങ്ങൾ അല്ലാഹു സ്വീകരിക്കില്ലേ എന്നോർത്ത് ഹൃദയങ്ങൾ നടുങ്ങി. യജമാനന്റെ മുമ്പിൽ, കൃത്യവിലോപം ചെയ്ത അടിമയെപ്പോലെ തേങ്ങിക്കരഞ്ഞു.
ഹൃദയത്തിൽ വെളിച്ചം നിറഞ്ഞ സൂഫികൾ നോമ്പുമാസത്തെ ഇങ്ങനെയാണ് ഉപയോഗപ്പെടുത്തിയത്. നോമ്പിന്റെ ആന്തരികവും ബാഹ്യവുമായ മുഴുവൻ നിബന്ധനകളും പാലിച്ച് ക്ഷമയോടെ അവർ നാഥനിലേക്കടുത്തു. നോമ്പുകാർക്കുള്ള പ്രതിഫലം ഞാൻ തന്നെ കൊടുക്കുമെന്ന് അല്ലാഹു വാക്കു നൽകിയിട്ടുണ്ട്. മതിവരുവോളം അവർക്ക് നൽകും. ലോകമാന്യത്തിന്റെ അംശമില്ലാത്ത പരിശുദ്ധ ഇബാദത്തായ നോമ്പിന് അല്ലാഹു നൽകുന്ന ഏറ്റവും മഹത്തായ പ്രതിഫലം അവന്റെ പൊരുത്തമാണ്. അവന്റെ ചെറിയൊരു പൊരുത്തംതന്നെ ഏറ്റവും ഉന്നതമായ അനുഗ്രഹമാണെന്ന് ഖുർആൻ ഉണർത്തിയിട്ടുണ്ട്.
അബ്ദുൽബാരി സിദ്ദീഖി കടുങ്ങപുരം