ജമാഅത്തെ ഇസ്‌ലാമിക്ക് ചരിത്രത്തെ വസ്തുതാപരമായും നിഷ്പക്ഷമായും അവതരിപ്പിക്കുന്നന്നതിനേക്കാള്‍ പഥ്യം ചരിത്ര വ്യഭിചാരമാണ്. ഹിസ്റ്ററി കോണ്‍ഫറന്‍സ് കഴിഞ്ഞപ്പോള്‍ ഈ ഹിസ്റ്റീരിയാ ബാധയാണ് മൗദൂദികളുടെ പൊതു പ്രതിഭാസം. അതിന്റെ ഏറ്റവും ഒടുവിലെ ഇരയാണ് താബിഈ പ്രമുഖനായ അബൂ മുസ്ലിമുല്‍ ഖൗലാനി(റ).
യമനിലെ ആദ്യകാല സത്യവിശ്വാസികളിലെ സാത്വികനാണ് അബൂമുസ്ലിമുല്‍ ഖൗലാനി(റ). നബി(സ്വ)യുടെ കാലത്താണ് ജീവിച്ചതെങ്കിലും സഹവസിക്കാനാവാത്തതിനാല്‍ സ്വഹാബിയാവാനായില്ല. നിരവധി കറാമത്തുല്‍ അദ്ദേഹത്തില്‍ നിന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹദീസ്, ചരിത്ര ഗ്രന്ഥങ്ങളില്‍ പ്രശസ്തരും സ്വീകാര്യരുമായ പണ്ഡിതരും ചരിത്രകാരന്മാരും അതു രേഖപ്പെടുത്തിയിട്ടുമുണ്ട്. അതില്‍ പ്രധാനമാണ് അസ്വദുല്‍ അന്‍സി എന്ന വ്യാജപ്രവാചകന്‍ അദ്ദേഹത്തെ തീയിലെറിഞ്ഞപ്പോള്‍ സംഭവിച്ചത്.
നബി(സ്വ) ഹജ്ജതുല്‍ വിദാഅ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം രോഗബാധിതനായ സന്ദര്‍ഭത്തില്‍ യമനില്‍ നിന്നും പ്രവാചകത്വം വാദിച്ച് രംഗത്തുവന്നയാളാണ് അസ്വദുല്‍ അന്‍സി. മതനിയമങ്ങളില്‍ നല്‍കിയ ഇളവ് കാരണം കുടുംബങ്ങളടക്കം ധാരാളമാളുകള്‍ അയാളെ അംഗീകരിച്ചു. മഹാനായ അബൂമുസ്‌ലിം(റ) പക്ഷേ, അയാളെ അംഗീകരിക്കാന്‍ തയ്യാറായില്ല. നേരില്‍ വന്ന് വിശ്വസിക്കില്ലെന്ന് മനസ്സിലാക്കിയ അസ്വദ് അബൂമുസ്‌ലിം(റ)നെ വിളിച്ചുവരുത്തി. എന്നിട്ടദ്ദേഹത്തോടു ചോദിച്ചു: ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് നീ അംഗീകരിക്കില്ലേ?
അബൂമുസ്‌ലിം(റ) പറഞ്ഞു: “ഞാനൊന്നും കേള്‍ക്കുന്നേയില്ല.’
“മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നു നീ വിശ്വസിക്കുന്നുണ്ടോ?’
“അതേ’
തന്റെ പ്രവാചകത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് തുടര്‍ന്നും ഞാനൊന്നും കേള്‍ക്കുന്നില്ലെന്ന മറുപടി ആവര്‍ത്തിച്ചപ്പോള്‍ കോപാന്ധനായ അസ്വദ് വലിയ തീക്കുണ്ഡം തയ്യാറാക്കാന്‍ നിര്‍ദേശിച്ചു. ശേഷം അബൂമുസ്‌ലിം(റ)നെ അതിലേക്കെറിഞ്ഞു. അദ്ഭുതം! അദ്ദേഹത്തിന് ഒരു പോറലുമേറ്റില്ല. നംറൂദിന്റെ അഗ്നിയില്‍ നിന്ന് ഇബ്റാഹിം(അ)ന് സംരക്ഷണം നല്‍കിയപോലെ അദ്ദേഹത്തെയും അല്ലാഹു കാത്തു. തീക്കുണ്ഡത്തില്‍ വെച്ച് അബൂമുസ്‌ലിം(റ) നിസ്കരിക്കുന്നതാണവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. നെറ്റിയിലെ വിയര്‍പ്പ്കണങ്ങള്‍ തുടച്ചുകൊണ്ട് അബൂമുസ്‌ലിം(റ) തീയില്‍ നിന്നും പുറത്തുവന്നു.
ഇതാണ് അസ്വദുല്‍ അന്‍സിയുടെയും പരിവാരത്തിന്റെയും മുമ്പില്‍ അബൂമുസ്‌ലിം(റ)യില്‍ നിന്നുണ്ടായ കറാമത്ത്. സംഗതി ഇവ്വിധമായപ്പോള്‍ അബൂമുസ്‌ലിം(റ)നെ ഇനി യമനില്‍ കഴിയാനനുവദിച്ചാല്‍ തന്റെ പ്രവാചകത്വ വാദം ദീര്‍ഘനാള്‍ തുടരാനാവില്ലെന്ന് ഗ്രഹിച്ച അന്‍സി അനുയായികളോട് അദ്ദേഹത്തെ നാടുകടത്താന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അദ്ദേഹം നബി(സ്വ)യെ കാണാനായി മദീന ലക്ഷ്യമാക്കി യാത്രയാവുകയാണ്. മദീനയിലെത്തിയപ്പോഴാണ് റസൂല്‍(സ്വ) ദിവസങ്ങള്‍ക്കു മുമ്പ് വഫാത്തായതും അബൂബക്കര്‍ സിദ്ദീഖ്(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമറിയുന്നത്.
മസ്ജിദുന്നബവിയില്‍ നിസ്കരിച്ചുകൊണ്ടിരുന്ന അബൂമുസ്‌ലിം(റ)നെ കണ്ട് ഉമര്‍(റ) അടുത്തുവന്നു സംസാരിച്ചു. യമനില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ താല്‍പര്യപൂര്‍വം ചോദിച്ചു: “കള്ളനായ അസ്വദ് തീയിലിട്ട നമ്മുടെ സഹോദരന്റെ സ്ഥിതിയെന്താണെന്നറിയുമോ നിങ്ങള്‍?
അപ്പോള്‍ അബൂമുസ്‌ലിം(റ) പറഞ്ഞു: “അത് അബ്ദുല്ലാഹിബ്നു ദുവൈസാണ്, അദ്ദേഹം രക്ഷപ്പെട്ടിരിക്കുന്നു.’
ഉമര്‍(റ) വീണ്ടും ചോദിച്ചു: “അല്ലാഹുവിനെ മുന്‍നിര്‍ത്തി ഞാന്‍ ചോദിക്കട്ടെ, അതു താങ്കളല്ലേ?
“അതേ’
ഉടനെ ഉമര്‍(റ) അദ്ദേഹത്തെ ആലിംഗനം ചെയ്തു സന്തോഷാശ്രു പൊഴിച്ചു. എന്നിട്ടദ്ദേഹത്തെയും കൂട്ടി ഖലീഫയുടെ അടുത്തേക്കു ചെന്നു. തന്റെയും ഖലീഫയുടെയും ഇടയിലദ്ദേഹത്തെയിരുത്തി ഉമര്‍(റ) പറഞ്ഞു: “ഇബ്റാഹിം(അ)നോട് ശത്രുക്കള്‍ ചെയ്തതുപോലെ പ്രവര്‍ത്തിച്ചു രക്ഷപ്പെട്ട ഒരാളെ, ഈ സമുദായത്തില്‍ കാണിക്കുന്നതിന് മുമ്പ് എന്നെ മരിപ്പിക്കാതിരുന്ന നാഥന് സര്‍വസ്തുതി.’
ഇബ്നു തൈമിയ്യ, ഇബ്നുകസീര്‍, ഹാഫിളുദ്ദഹബി, ഇമാം സുയൂഥി, ഇമാം നവവി, ഇബ്നു അസാകിര്‍, ഇമാം ബിഖാഈ, ആലൂസി, ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി, ഇബ്നു അബ്ദില്‍ ബര്‍റ്, ഇബ്നുഹജറില്‍ അസ്ഖലാനി, ഇബ്നുല്‍ അസീര്‍, സ്വലാഹുദ്ദീനിസ്വഫദീ, ഇബ്നു ഇമാദില്‍ ഹമ്പലി, മുഹിബുദ്ദീനിത്വബ്രി, ഇബ്നുല്‍ ജൗസി, അബൂ നുഐമുല്‍ ഇസ്ബഹാനി, അബ്ദുല്ലാഹില്‍ യാഫിഈ തുടങ്ങിയ നിരവധി ചരിത്രകാരന്മാരും ഇമാമുകളും ആധുനിക പണ്ഡിതരുമെല്ലാം ഈ കറാമത്ത് വിവരിച്ചിട്ടുണ്ട്.
കേവലം ഒരത്ഭുതമെന്ന നിലയില്‍ മാത്രമല്ല ഇതുദ്ധരിക്കപ്പെട്ടിരിക്കുന്നത്. ഇബ്റാഹിം നബി(അ)ന്റെ മുഅ്ജിസത്തിന് സമാനമായി ഈ സമുദായത്തിലെ ഒരു വലിയ്യില്‍ നിന്ന് സംഭവിച്ച കറാമത്ത് എന്ന നിലയിലാണ് ഇബ്നുതൈമിയ്യയടക്കം ബിദഇകള്‍ക്ക് സ്വീകാര്യരായ പണ്ഡിതര്‍വരെ ഇതുദ്ധരിച്ചിരിക്കുന്നത്. അബൂമുസ്‌ലിം എന്നറിയപ്പെടുന്ന ഒരാള്‍ യമനില്‍ തീക്കുണ്ഡത്തിലെറിയപ്പെട്ട വാര്‍ത്ത നബി(സ്വ)യുടെ ജീവിതകാലത്ത് തന്നെ മദീനയില്‍ പ്രചരിച്ചതാണ്. അദ്ദേഹം നേരില്‍ വന്നതോടെ സ്ഥിരീകരണവും ലഭിച്ചു. വിശ്വാസികള്‍ക്കിടയില്‍ ശബീഹുല്‍ ഖലീല്‍ (ഇബ്റാഹിം നബിഅക്ക് സമാനന്‍) എന്ന അഭിധാനത്തിനുമിത് ഹേതുവായി. ഇബ്നുതൈമിയ്യയുടെ ഫതാവയില്‍ “ഇബ്റാഹിം നബി(അ)ക്ക് അനുഭവപ്പെട്ടതുപോലെ’ എന്നു തന്നെ എഴുതിക്കാണാം. അദ്ദേഹത്തിന്റെ മറ്റു ചില കൃതികളിലും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇമാം സുയൂഥി(റ)യും ഇബ്നു കസീറും അല്ലാമാ ശാമി സുബുലുല്‍ ഹുദായിലും ഇബ്റാഹിം(അ)ന് സമാനമായ കറാമത്ത് എന്ന ശീര്‍ഷകത്തിലാണ് ഇതു പരാമര്‍ശിക്കുന്നത്. ഇമാം നവവി(റ) പറയുന്നു: “ഇത് മഹത്തായ കറാമത്താണ്. അജയ്യവും അതിവിശിഷ്ടവുമത്രെ.’ ഉമര്‍(റ) ആനന്ദക്കണ്ണീരുതിര്‍ത്തു പറഞ്ഞതും ഇബ്റാഹിം നബി(അ)യെ പോലെ രക്ഷപ്പെട്ടയാളെന്നാണല്ലോ.
ഇതത്രയും ചരിത്രപരമായ വസ്തുതകള്‍. ഇനി താത്ത്വികമായി ഈ സംഭവത്തെ പഠിക്കുമ്പോഴും തെളിയുക മറ്റൊന്നല്ല. ഇബ്നു തൈമിയ്യ അല്‍ഫുര്‍ഖാനിലും മറ്റും ഇതുദ്ധരിക്കുന്നതു തന്നെ ഇത്തരം സംഭവങ്ങള്‍ പ്രാമാണികവും സംഭവ്യവുമാണെന്നു വിവരിക്കാനാണ്. കറാമത്തായി ഒരു വലിയ്യില്‍ നിന്ന് എന്തെല്ലാമുണ്ടാവാമെന്നതിനെക്കുറിച്ച് പണ്ഡിത സമൂഹം വിവരിച്ചതു കാണാം: അമ്പിയാക്കളില്‍ നിന്നു മുഅ്ജിസത്തായി ഉണ്ടാകാവുന്ന അദ്ഭുത കൃത്യങ്ങള്‍ ഔലിയാക്കളില്‍ നിന്ന് കറാമത്തായി പ്രത്യക്ഷപ്പെടാം. സര്‍വസ്വീകാര്യമായ തത്ത്വമാണിത്. മാത്രവുമല്ല, വലിയ്യിന്റെ കറാമത്ത് തന്റെ നബിയുടെ മുഅ്ജിസത്തിന്റെ ഭാഗമാണ്.
ഹാഫിള് ഇബ്നുകസീര്‍ അല്‍ബിദായത്തു വന്നിഹായയില്‍, നബി(സ്വ)യുടെ മഹത്ത്വവും മറ്റു അമ്പിയാക്കളില്‍ നിന്ന് നബി(സ്വ)യുടെ ഉയര്‍ന്ന പദവിയും വിവരിക്കുന്നയിടത്താണീ സംഭവം ഉദ്ധരിച്ചിരിക്കുന്നത്. ഇബ്റാഹിം(അ)നെ തീയിലെറിഞ്ഞിട്ടും രക്ഷപ്പെട്ടതിനു സമാനമാണിത്. ഇബ്റാഹിം നബി(അ)ന്‍റേതു പോലൊരത്ഭുതം മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിലെ ഒരംഗത്തിനുണ്ടായതിന്റെ സവിശേഷതയും ചര്‍ച്ച ചെയ്യുന്നുണ്ട്.
അബൂമുസ്ലിമുല്‍ ഖൗലാനി(റ) എന്ന മഹാന്റെ ജീവിതവും മഹത്ത്വവും മനസ്സിലാക്കിയവര്‍ക്ക് ഈ കറാമത്ത് നിഷേധിക്കേണ്ട കാര്യമില്ല. പ്രമാണങ്ങള്‍ അത്രക്കു ശക്തമാണ്. പണ്ഡിതലോകത്തിന്റെ അംഗീകാരമുള്ള ഇതൊന്നും പക്ഷേ, മൗദൂദികള്‍ക്ക് ദഹിക്കില്ല. അതുകൊണ്ടുതന്നെ അബൂമുസ്‌ലിം(റ)ന്റെ ജീവചരിത്രം പ്രബോധനം വാരികയില്‍ (2014 മാര്‍ച്ച് 28) പ്രസിദ്ധീകരിച്ചപ്പോള്‍ മൗദൂദി മൗലവിമാര്‍ ഈ കറാമത്ത് ചാടിക്കടന്നു; തൗഹീദിന് പരിക്കേല്‍ക്കാതിരിക്കാന്‍.
മൗദൂദി വാരികയുടെ “ചരിത്രം’ പംക്തിയില്‍ പുതിയ ചരിത്ര നിര്‍മാണമാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നതിന് മറ്റൊരു തെളിവുകൂടിയായി ഇത്. ശൈഖ് ജീലാനി(റ)യുടെ അദ്ഭുത കൃത്യങ്ങള്‍ പരാമര്‍ശിക്കുന്നതിനാല്‍ ഖാളി മുഹമ്മദല്ല മുഹ്യിദ്ദീന്‍ മാലയുടെ രചയിതാവെന്ന് വിഎം കുട്ടിയെ ചാവേറാക്കിയിറക്കി കൈ പൊള്ളിയതിന്റെ നീറ്റല്‍ മാറും മുന്പാണ് പ്രബോധനം അബൂമുസ്ലിമിന്റെ ചരിത്രത്തിലും കത്തിവെക്കുന്നത്. അമ്പിയാക്കള്‍ പാപം ചെയ്യാതിരുന്നാല്‍ പടച്ചവനായിപ്പോകുമെന്ന് പേടിച്ച് അവരെ പാപികളാക്കിയ പാരമ്പര്യമുള്ള ശുദ്ധ സസ്യഭുക്കുകളാണ് മൗദൂദികള്‍. അബൂമുസ്‌ലിം (റ) തീയില്‍ കഴിഞ്ഞെന്നുവന്നാല്‍ അതു ഇബ്റാഹിം നബി(അ)ന് പാരയായെങ്കിലോ എന്നായിരിക്കും അവരുടെ ബേജാറ്. കുറ്റം പറയരുതല്ലോ, കറാമത്ത് നിഷേധികള്‍ക്ക് ഇത്തരം അഭ്യാസങ്ങള്‍ കാണിച്ചേ പറ്റൂ. എന്നാല്‍ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നബി(സ്വ)യും അതുപോലെ, മുസ്‌ലിം ഉമ്മത്തിന്റെ “ശൈഖാനി’കളായ സിദ്ദീഖ്, ഫാറൂഖ്(റ) എന്നിവരും ഇതിനംഗീകാരം നല്‍കിയതാണ്. യമനിലുള്ളവര്‍ നേരില്‍ കണ്ടതുമാണ്.
മുസ്‌ലിം സാത്വികരുടെ അദ്ഭുത വൃത്താന്തങ്ങളെ കുറിച്ചേ ജമാഅത്തുകാര്‍ക്കീ അവിശ്വാസമുള്ളൂ. ക്രിസ്ത്യാനികള്‍ ഈയിടെ വിശുദ്ധരായി പ്രഖ്യാപിച്ച മതനേതാക്കളുടെ അദ്ഭുത പ്രവൃത്തികള്‍(?) മാധ്യമം ചൂടോടെ വിളമ്പിയപ്പോള്‍ യാതൊരു ശങ്കയും വെള്ളിമാടുകുന്നിലെ കുശിനിക്കാര്‍ക്ക് അനുഭവപ്പെട്ടതേയില്ല. അബൂമുസ്‌ലിം(റ)ന് കറാമത്തുകള്‍ പാടില്ലെന്ന ശാഠ്യമേ അവര്‍ക്കുള്ളൂ.
കറാമത്തു തള്ളി എഴുതിയ ലേഖനത്തില്‍ പ്രബോധനം പക്ഷേ, ഒരു പ്രമാണവും അതിന് ഉപോല്‍ബലകമായി പരാമര്‍ശിച്ചുകണ്ടില്ല. പ്രസ്തുത ലേഖനത്തിന് ആധാരമാക്കിയതാണെങ്കില്‍ ഈജിപ്തിലെ പരിഷ്കാരി പ്രസ്ഥാനത്തിന്റെ വെബ്സൈറ്റില്‍ നിന്നും കോപ്പിയടിച്ച അബദ്ധലേഖനവും. മഹാനെ തീയില്‍ എറിഞ്ഞില്ലെന്ന് വരുത്താന്‍ ഒരു സേനാനായകനെ നൂലില്‍ കെട്ടിയിറക്കുകയും ചെയ്തു വാരിക.
ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അബൂമുസ്ലിമിനോടുള്ള ഉമര്‍(റ)ന്റെ ചോദ്യത്തെ പോലും തെറ്റായാണവതരിപ്പിച്ചത്. പ്രബോധനം അതു പരിഭാഷപ്പെടുത്തിയതിങ്ങനെ: “യമനില്‍ ഞങ്ങളുടെ ഒരു സഹോദരന്‍ അസ്വദ് അന്‍സിയുടെ തീക്കുണ്ഡത്തിലെറിയപ്പെടാന്‍ വിധിക്കപ്പെട്ടതായി കേട്ടിരുന്നു.’ ചരിത്രത്തെ ഇവ്വിധം വഴിതിരിക്കാനുള്ള മൗദൂദികളുടെ തൊലിക്കട്ടി ആശ്ചര്യകരം തന്നെ!
മുഷ്താഖ് അഹ്മദ്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ