Sunni aikyam

കൂടിക്കാഴ്ച/ നൂറുല്‍ ഉലമ എംഎ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍

/പിബി ബശീര്‍ പുളിക്കൂര്‍

എംഎ ഉസ്താദ് സമസ്തയുടെ അധ്യക്ഷപദവി ഏറ്റെടുത്തയുടനെ നടന്ന അഭിമുഖത്തിന്‍റെ പുനര്‍വായന

ധര്‍മസമരത്തിന്‍റെ മുന്നണിയില്‍ തന്‍റെ മൂര്‍ച്ചയേറിയ തൂലികയും ആഴമേറിയ ചിന്തകളുമായി എംഎ ഉസ്താദുണ്ട്. സംസാരിച്ചുതുടങ്ങിയാല്‍ മുപ്പതുമുതലുള്ള കേരളീയ മുസ്‌ലിം പരിസരം മുന്നില്‍ കാണുന്നതുപോലെ എം.എ ഉസ്താദ് വിശദീകരിക്കും, ഓര്‍മയുടെ ഏടുകള്‍ ഒന്നും വിട്ടുപോവാതെ.

മുതഅല്ലിം, അധ്യാപകന്‍, പണ്ഡിതന്‍, ചരിത്രകാരന്‍, പ്രാസംഗികന്‍, എഴുത്തുകാരന്‍, സംഘാടകന്‍, നേതാവ്, സ്ഥാപനമേധാവി, ശൈഖ് തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ മാതൃകായോഗ്യനെ എംഎ ഉസ്താദില്‍ നമുക്ക്  കാണാന്‍ കഴിയുന്നു. ഈ പൈതൃകവും പാരമ്പര്യവും തന്നെയാണ് കേരളീയ മുസ്‌ലിം സമൂഹത്തിന്‍റെ ആധികാരിക പണ്ഡിതസഭാ തലപ്പത്ത് എംഎയെ തിരഞ്ഞെടുക്കാന്‍ നിമിത്തമായതും.

ഉസ്താദ് സമസ്തയുടെ അധ്യക്ഷപദവി ഏറ്റെടുത്തയുടനെ നടന്ന അഭിമുഖം വീണ്ടും വായിക്കാം.

? ആരോഗ്യപ്രശ്നനങ്ങള്‍ക്കിടയില്‍ ഈ വലിയ ഉത്തരവാദിത്വം ഉസ്താദ് ഏറ്റെടുക്കാനുണ്ടായ സാഹചര്യം

=  അനാരോഗ്യം മൂലമുള്ള  യാത്രാ ക്ലേശം  പരിഗണിച്ച് കഴിഞ്ഞ കുറേ മുശാവറ യോഗങ്ങളില്‍ സംബന്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. താജുല്‍ ഉലമയുടെയും എന്‍റെയും സൗകര്യം കൂടി പരിഗണിച്ചാണ് ഈ പ്രാവശ്യം സമസ്തയുടെ കേന്ദ്ര മുശാവറ സഅദിയ്യയില്‍ സംഘടിപ്പിച്ചത്. മുശാവറാംഗങ്ങള്‍ക്ക് സഅദിയ്യ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന സൗകര്യവുമുണ്ടാകും.

ഇതിനിടയില്‍  നമ്മെയൊക്കെ കണ്ണീരിലാഴ്ത്തി താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളവര്‍കള്‍  വിട്ടുപിരിഞ്ഞു. സഅദിയ്യയിലായതു കൊണ്ടും താജുല്‍ ഉലമയോട് ആദരവ് പ്രകടിപ്പിക്കുന്ന ഒരു ചടങ്ങായതിനാലും മുശാവറയില്‍ സംബന്ധിക്കേണ്ടി വന്നു.  സഹപ്രവര്‍ത്തകരെല്ലാം ഏകകണ്ഠമായി പറഞ്ഞപ്പോള്‍ അവരുടെ അഭിപ്രായങ്ങളെ മാനിച്ചും ഈ പ്രസ്ഥാനത്തിനുവേണ്ടിയുള്ള കൂട്ടായ്മയില്‍ പങ്കെടുത്ത് മുന്‍ഗാമികളുടെ പൊരുത്തം സമ്പാദിക്കണമെന്ന ആഗ്രഹത്തോടെയുമാണ് ഈ വലിയ ഉത്തരവാദിത്വം ഏല്‍ക്കുന്നത്. ആഫിയത്തിനും തൗഫീഖിനുമായി എല്ലാവരും പ്രാര്‍ഥിക്കുക

? എസ് വൈ എസ് പ്രസിഡന്‍റായതും ഇങ്ങനെയൊരു ആകസ്മികതയിലായിരുന്നുവെന്ന് ഓര്‍മയുടെ ഏടുകളില്‍ വായിച്ചതോര്‍ക്കുന്നു

=  ശരിയാണ്. സംഘടനയുടെ തുടക്കം മുതല്‍ രംഗത്തുണ്ടെങ്കിലും 1979 മുതല്‍ സഅദിയ്യയുടെ മുഴുസമയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകേണ്ടി വന്നതിനാല്‍ എസ് വൈഎസിന്‍റെ സംസ്ഥാന തലത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുറച്ചൊക്കെ മാറി നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു.

1982-ല്‍ ഇകെ ഹസന്‍ മുസ്‌ലിയാര്‍ വഫാത്തായത് ഞങ്ങള്‍ക്കെല്ലാം വലിയ ഷോക്കാണ് ഉണ്ടാക്കിയത്. തൊട്ടടുത്ത് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ മഹാന്‍റെ കുടുംബത്തിന്‍റെ ഭാവി കാര്യം കൂടി സഹപ്രവര്‍ത്തകരുമായി ആലോചിച്ച്  വേണ്ടത് ചെയ്യണമെന്ന് ആഗ്രഹിച്ചാണ് നിര്‍ബന്ധപൂര്‍വം പങ്കെടുക്കേണ്ടി വന്നത്. പക്ഷേ അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി എസ്.വൈ.എസ് പ്രസിഡന്‍റ് പദവി ഏറ്റെടുക്കേണ്ടി വരികയായിരുന്നു. 95 വരെ തുടരേണ്ടി വരികയും ചെയ്തു.

? അങ്ങ് സമസ്ത പ്രസിഡന്‍റായ ഉടനെ മാധ്യമങ്ങളില്‍ സുന്നി ഐക്യം വീണ്ടും ചര്‍ച്ചയായിരിക്കുകയാണല്ലോ

= ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ സമസ്ത മുശാവറ തീരുമാനമല്ല. ഞാന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ പത്രക്കാര്‍ കാണാന്‍ വന്നിരുന്നു. അവരുടെ ചോദ്യത്തിനുത്തരമായാണ് ഐക്യത്തിന്‍റെ വാതില്‍ അടഞ്ഞിട്ടില്ലെന്ന് ഞാന്‍ പറഞ്ഞത്. പക്ഷേ അതിനോട് മറുവിഭാഗത്തിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ക്രിയാത്മകമായി പ്രതികരിക്കുന്നതിനു പകരം വിവാദങ്ങളുടെ പുകമറ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. എല്ലാം ഉപേക്ഷിച്ചാണ് ഞങ്ങള്‍ കുറച്ചുപേര്‍ 1989-ല്‍ സമൂഹത്തിലേക്കിറങ്ങിയത്. അതിനുശേഷമുണ്ടായ വളര്‍ച്ച കണ്ണുള്ളവര്‍ക്കെല്ലാം കാണാന്‍ പറ്റുന്നതാണ്. സഅദിയ്യ, മര്‍കസ് മോഡലില്‍ 500 നടുത്ത് വലിയ സ്ഥാപനങ്ങള്‍ നാമുണ്ടാക്കിയില്ലേ… അതിലൂടെ ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് താമസ-പഠന സൗകര്യം നല്‍കുന്നില്ലേ… നാമുണ്ടാക്കിയ മദ്റസകള്‍ ചേര്‍ത്താണ് ഇന്നവര്‍ മദ്റസയുടെ കണക്ക് കാണിച്ച് പൊങ്ങച്ചം കൊള്ളുന്നത്. അന്ന് ആറായിരത്തിലേറെ മദ്രസകള്‍ നാമുണ്ടാക്കിയിരുന്നു. അതിനു ശേഷം എന്താണ് അവരുണ്ടാക്കിയത്.

അതേ സമയം  ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് നാം ഉണ്ടാക്കിയ മദ്റസകളും പള്ളികളും എത്രയാണ്. അവരുടെ ആരോപണത്തില്‍ കഴമ്പില്ല. തന്നെയുമല്ല, അവരിലെ ചില കുട്ടിനേതാക്കളാണ് വിവാദങ്ങള്‍ക്കു പിന്നില്‍.

? മറുവിഭാഗത്തിലെ നല്ലൊരു ശതമാനവും ഐക്യം ആഗ്രഹിക്കുന്നില്ലേ

= തീര്‍ച്ചയായും. ഞാന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട രാത്രി മറുവിഭാഗം വേദികളില്‍ പങ്കെടുക്കാറുള്ള ചില ഉമറാക്കള്‍ എന്നെ കാണാന്‍ വന്നിരുന്നു. അവര്‍ അഭിനന്ദനം അറിയിക്കുകയും ഇരുവിഭാഗത്തെയും ഒന്നിപ്പിക്കുന്നതിന് ഉത്സാഹിക്കണമെന്ന് എന്നോട് പറയുകയും ചെയ്തിരുന്നു.

രാഷ്ട്രീയവും മറ്റുമായ കാരണങ്ങളാല്‍ പല ഉമറാക്കളും മറുവിഭാഗത്തിന്‍റെ സമ്മേളനങ്ങളിലൊക്കെ പോവുമെങ്കിലും മാനസികമായി നമ്മോട് യോജിക്കുന്ന ആളുകളാണ്. നമ്മുടെ ആത്മാര്‍ഥത അവര്‍ക്ക് ബോധ്യമുള്ളതാണ്. അതുകൊണ്ടുതന്നെ സമുദായത്തെ യോജിപ്പിക്കാന്‍ നമുക്ക് കഴിയുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

? സമസ്തയിലെ പിളര്‍പ്പ് ഉണ്ടായ ഉടനെയും ഇത്തരമൊരു ഐക്യചര്‍ച്ച കേട്ടിരുന്നു

= ശരിയാണ്. അന്നും ചില പൗരപ്രമുഖരാണ് ഈ ആശയവുമായി വന്നത്. ചില മഹല്ലുകളിലെ അവസ്ഥയാണ് ഐക്യചിന്തയിലേക്ക് നയിച്ചത്. മഹല്ല് നേതൃത്വവും സംഘടനകളും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടയില്‍ സുന്നത്ത് ജമാഅത്തിന്‍റെ ആശയങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കഴിയാത്ത അവസ്ഥ. സമസ്തയും എസ് വൈ എസുമെല്ലാം ഉണ്ടാക്കിയത് സുന്നി ആശയം പ്രചരിപ്പിക്കാനാണ്. അതിനു പറ്റാത്ത സാഹചര്യം ഉണ്ടാകുന്നത് ഏറെ വേദനപ്പെടുത്തി. ബിദഈ ആശയക്കാരാണെങ്കില്‍ നമ്മുടെ ഭിന്നത മുതലാക്കി ചില മഹല്ലുകളില്‍ കയറിക്കൂടാന്‍ തക്കംപാര്‍ത്തിരിക്കുന്നു. ഇതൊക്കെയാണ് മഹല്ല് തലത്തിലെങ്കിലും യോജിപ്പിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത.്

? ഐക്യത്തിന് അന്ന് മുന്‍പന്തിയിലുണ്ടായിരുന്നവര്‍ ആരെല്ലാമായിരുന്നു

= എന്നോട് വ്യക്തിപരമായി അടുപ്പമുള്ള ഉമറാക്കളില്‍ ചിലരായിരുന്നു അതിനു പിന്നില്‍. ഇരു വിഭാഗത്തെയും  യോജിപ്പിക്കാനായി പ്രമുഖരും മാന്യന്മാരും കുറെയധികം ഉത്സാഹിച്ചതും പ്രതിപക്ഷത്തിന്‍റെ നിസ്സഹകരണം കാരണം നടക്കാതിരുന്നതുമാണ്. 1951 മുതല്‍ സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗവാക്കായ വ്യക്തി എന്ന നിലയ്ക്ക് ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനത്തിലുള്ള വൈഷമ്യം കണക്കിലെടുത്താണ് വിശാല മനസ്കനായ മര്‍ഹൂം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ടത്. ചിത്താരി കെപി ഹംസ മുസ്‌ലിയാരും കൂടെയുണ്ടായിരുന്നു. മംഗലാപുരം മുഹമ്മദ് ഹാജി എന്നയാളുടെ വീട്ടിലായിരുന്നു ആ കൂടിക്കാഴ്ച. കാസര്‍കോട്ടെ പ്രധാന വ്യക്തികളിലൊരാളായ എന്‍എ അബൂബക്കര്‍ ഹാജിയും അന്നു മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുല്ല സാഹിബും ദൃക്സാക്ഷികളായിരുന്നു.

പൂര്‍വബന്ധമനുസരിച്ച് വ്യക്തിപരമാണ് എന്‍റെ കൂടിക്കാഴ്ചയെന്നും, ഞാനുള്‍ക്കൊള്ളുന്ന വിഭാഗത്തിന്‍റെ പ്രതിനിധിയായിട്ടല്ലെന്നും ഞാന്‍ വ്യക്തമാക്കിയതാണ്. ഞങ്ങളുടെ ഭാഗത്ത് നേതൃത്വം വഹിക്കുന്ന ബഹുമാനപ്പെട്ട മര്‍ഹൂം താജുല്‍ ഉലമ ഐക്യത്തിനനുകൂലമാണെന്നും മറുവശത്തുള്ളവരെ താങ്കള്‍ ബന്ധപ്പെട്ട് സഹകരിപ്പിക്കണമെന്നുമാണ് ഞാന്‍ ആവശ്യപ്പെട്ടത്.

അന്ന് അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിക്കുകയും മറുവശക്കാരുമായി ബന്ധപ്പെടട്ടെ എന്നു പറഞ്ഞു പിരിയുകയുമാണുണ്ടായത്. പക്ഷേ എന്തു കൊണ്ടോ പുരോഗതി കണ്ടില്ല. മറുവിഭാഗത്തിന്‍റെ നിസ്സഹകരണമാണ് കാരണമെന്ന് മനസ്സിലാകുന്നു.

മഹാനവര്‍കളുടെ വിയോഗ ശേഷം സ്ഥാനമേറ്റെടുത്ത സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങളും ഞാനുമായി കാസര്‍കോട് മാലിക് ദീനാര്‍ പള്ളിയില്‍ ഒത്തുകൂടിയപ്പോള്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയിലും ഇക്കാര്യം പെടുത്തുകയുണ്ടായി. ഇനി തുടര്‍ പ്രവര്‍ത്തനം നിങ്ങള്‍ നടത്തണമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

? ഹൈദരലി ശിഹാബ് തങ്ങളെ അംഗീകരിച്ചാല്‍ ഐക്യം സാധ്യമാണെന്നാണ് മറുവിഭാഗം പറയുന്നത്

= ഞാന്‍ സൂചിപ്പിച്ചില്ലേ. ആദ്യം മുഹമ്മദലി ശിഹാബ് തങ്ങളെയാണ് ഞാന്‍ മധ്യസ്ഥനായി സംസാരിച്ചത്. പിന്നീട് അദ്ദേഹത്തിന്‍റെ വഫാത്തിനു ശേഷം ഹൈദരലി തങ്ങളെയും കണ്ട് സംസാരിച്ചു. ബാക്കികാര്യങ്ങള്‍ അവരുടെ ഭാഗത്തുനിന്നാണ് വേണ്ടത്.

അവര്‍ സന്നദ്ധത അറിയിക്കട്ടെ. വേണ്ടി വന്നാല്‍ മുശാവറ ചേര്‍ന്ന് ഉചിത തീരുമാനങ്ങള്‍ ഞങ്ങള്‍ എടുക്കുന്നതാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. . ഉപാധികളില്ലാതെ ഇരുവിഭാഗത്തിന്‍റെ പ്രതിനിധികള്‍ ഒരു മേശക്കിരുന്ന് സംസാരിക്കാന്‍ മറുവശം തയ്യാറാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവും എന്നാണ് എന്‍റെ പ്രതീക്ഷ.

? ലയനമാണ് വേണ്ടത്, ഐക്യമല്ല എന്നാണ് മറുവിഭാഗം പറയുന്നത്

= രണ്ടും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് മനസ്സിലാവാത്തതാകാം.  പരസ്പരം മനസ്സുകള്‍ ഐക്യപ്പെടാതെ ലയിച്ചിട്ട് എന്തുകാര്യം? ആദ്യം ആദര്‍ശ ഐക്യം സാധ്യമാകട്ടെ. പരസ്പരം കൂടിയിരിക്കട്ടെ. മറ്റെല്ലാം ചര്‍ച്ചയിലാകാമല്ലോ. ആവശ്യമാണെങ്കില്‍ രണ്ട് വിഭാഗവും അംഗീകരിക്കുന്ന മധ്യസ്ഥന്മാരെയും കൂടെ ഇരുത്താവുന്നതാണ്. മറുഭാഗം തയ്യാറാണെങ്കില്‍ മുശാവറ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. സന്‍മനസ്സോടെ കൈകാര്യം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്ന് ആശിക്കുന്നു. ഉപാധികളും കുത്തുവാക്കുകളും യോജിപ്പിന്‍റെ മാര്‍ഗമല്ലെന്ന് ബുദ്ധിയുള്ളവര്‍ക്ക് വിലയിരുത്താവുന്ന കാര്യമാണ്.

മറ്റൊരു കാര്യം ഈ അഭിപ്രായങ്ങളെല്ലാം പറയുന്നത് മറുവിഭാഗത്തിലെ പുതിയ ആളുകളാണ്. വാല് തലയെ നിയന്ത്രിക്കുന്ന അവസ്ഥയാണത്. അവരുടെ പ്രസംഗവും അത്തരത്തിലാണ്. ഞങ്ങളുടെ ഐക്യാഹ്വാനത്തോട് പ്രതികരിക്കേണ്ടത് മറുവിഭാഗം പണ്ഡിതരായിരുന്നു. അത്തരം ആളുകളെ അവിടെ കാണാന്‍ കഴിയുന്നില്ലെന്നതാണ് പ്രശ്നം.

? നാം ഐക്യത്തിനായി കാണുന്ന ഫോര്‍മുല എന്താണ്

= സംഘടനാപരമായ ഫോര്‍മുലയെല്ലാം അവര്‍ സന്നദ്ധത അറിയിച്ചാല്‍ ഞങ്ങള്‍ മുശാവറ ചേര്‍ന്ന് തീരുമാനിക്കും. ആദര്‍ശപരമായി ഒറ്റ കാര്യമേയുള്ളൂ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടക്കം മുതല്‍ ഇന്നുവരെ കൊണ്ടുനടന്ന ആശയത്തില്‍ നിന്നുകൊണ്ട് യോജിക്കുക.

? സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് നാം ഉപയോഗിക്കുന്നത് ശരിയല്ലെന്നും നമ്മുടേത് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായ സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമയാണെന്നുമാണ് മറുവിഭാഗം പറയുന്നത്

= അത് തീര്‍ത്തും തെറ്റാണ്. ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ തലത്തിലുള്ള നമ്മുടെ സ്വതന്ത്ര സംഘടനയാണ്. 1976 മുതല്‍ തന്നെ അത്തരമൊരു വേദിക്കായി നാം ശ്രമം തുടങ്ങുകയും തൊണ്ണൂറുകളില്‍ അത് യാഥാര്‍ഥ്യമാവുകയും ചെയ്തതാണ്. പിളര്‍പ്പുമായി അതിന് ബന്ധമില്ല. വരക്കല്‍ മുല്ലക്കോയ തങ്ങളില്‍ നിന്ന് തലമുറ കൈമാറിവന്ന സമസ്തയുടെ ആശയത്തിന്‍റെ യഥാര്‍ത്ഥ വക്താക്കള്‍ നാമാണ്. അതുകൊണ്ടുതന്നെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പാരമ്പര്യത്തിനവകാശികളും നമ്മള്‍ മാത്രമാണ്.

? എസ് വൈ എസിന്‍റെ തുടക്കം മുതല്‍ പ്രവര്‍ത്തകനായും സാരഥിയായും ഉപദേശകനായും 60 വര്‍ഷവും ഉസ്താദുണ്ട്. 25 പോലും തികയാത്ത മറുവിഭാഗം സംഘടനയുടെ 60-ാം വാര്‍ഷികം സംഘടിപ്പിച്ചതിനെക്കുറിച്ച്

= സ്വന്തമായി നയമോ പരിപാടികളോ ഇല്ലാതെ മറ്റുള്ളവരെ അനുകരിക്കുന്നവര്‍ക്ക് എന്തുമാകാമല്ലോ. തുടക്കം മുതലുള്ള മിനുട്സും രജിസ്ട്രേഷനും മുഖപത്രവുമെല്ലാമുള്ളത് നമ്മുടെ സമസ്ത കേരള സുന്നി യുവജന സംഘത്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം. സംഘടനാ പാപ്പരത്തമാണ് അവര്‍ 60 ആഘോഷിക്കാന്‍ നിമിത്തമായത്. പിന്നെ ആ സമ്മേളനം സമുദായത്തിന് എന്ത് സംഭാവനയാണ് ചെയ്തതെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതുമാണ്.

? കാന്തപുരത്തിനെതിരായിരുന്നു അവരുടെ  സമ്മേളനത്തിലെ പ്രസംഗങ്ങളും പ്രമേയങ്ങളും. തിരുകേശ വിഷയത്തില്‍ എം.എ ഉസ്താദ് നിലപാട് വ്യക്തമാക്കണമെന്നാണ് അവര്‍ പറയുന്നത്

= അവരുടെ എതിര്‍പ്പ് കാന്തപുരം എന്ന വ്യക്തിയോടല്ല. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സത്യപ്രസ്ഥാനത്തോടാണ്. സുന്നത്ത് ജമാഅത്തിനു ധീരമായി നേതൃത്വം നല്‍കുന്നുവെന്നതാണ് കാന്തപുരത്തോട് അവര്‍ക്ക് എതിര്‍പ്പുണ്ടാകാന്‍ കാരണം. പല ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും തളരാത്ത എപിയെ തളക്കാനുദ്ദേശിച്ചാണ് പുതിയ ആരോപണങ്ങളെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

തിരുശേഷിപ്പുകളോടുള്ള ആദരവ് സുന്നത്ത് ജമാഅത്തിന്‍റെ മുഖ മുദ്രയാണ്. അത് തന്നെയാണ് എന്‍റെ നിലപാടും. പിന്നെ തിരുനബിയുടെ ജന്മ സുദിനമോ ജന്മ സ്ഥലമോ ആദരിക്കേണ്ടതില്ലെന്ന് പറയുന്നവരാണ് പുത്തന്‍വാദികള്‍. അവരാണ് തിരുശേഷിപ്പുകളെയും എതിര്‍ക്കുന്നത്. മതത്തിലെ യുക്തി വാദികളുടെ കയ്യടി നേടാന്‍ വേണ്ടി ചില സംഘടനകള്‍ പടച്ചു വിടുന്ന അനാവശ്യ വിവാദങ്ങളില്‍ നിന്ന് വിശ്വാസികള്‍ മാറി നില്‍ക്കണം.

? എപി വിഭാഗത്തെ മഹല്ലുകളില്‍ നിന്ന് തൂത്തെറിയണമെന്നതായിരുന്നു മറുവിഭാഗം സമ്മേളനത്തിലെ മറ്റൊരു ആവശ്യം

= അതൊക്കെ വ്യാമോഹം മാത്രം. സുന്നത്ത് ജമാഅത്തിന്‍റെ ആശയം പ്രചരിപ്പിക്കാന്‍ നാട്ടുകാര്‍ സ്ഥാപിച്ച് അവര്‍ ശമ്പളം നല്‍കി നല്ല നിലയില്‍ നടത്തിക്കൊണ്ട് പോകുന്ന മഹല്ല് പള്ളി മദ്രസകളില്‍ നിന്ന് സുന്നത്ത് ജമാഅത്തിന്‍റെ ആലിമീങ്ങളെ പുറത്താക്കണമെന്ന് പറയാന്‍ പുറത്ത് നിന്നുള്ള ഒരു ശക്തിയെയും ആരും അനുവദിക്കുമെന്ന് തോന്നുന്നില്ല. ഇത്തരം എത്രയോ സര്‍ക്കുലറുകളും തിട്ടൂരങ്ങളും 1989-ല്‍ കണ്ടവരാണ് സുന്നികള്‍.

പിന്നെ അവര്‍ അവരുടെ വിദ്യാഭ്യാസ ബോര്‍ഡിന്‍റെ അംഗീകാരമുള്ള മദ്രസകളുടെ കാര്യമാണ് പറയുന്നതെങ്കില്‍ അതില്‍ ആറായിരത്തിലേറെ മദ്രസയും പിളര്‍പ്പിന് മുമ്പ് സംയുക്തമായി നാം ഉണ്ടാക്കിയതാണ്. മഹാനായ താജുല്‍ ഉലമ പ്രസിഡന്‍റും വിനീതന്‍ സെക്രട്ടറിയുമായാണ്  ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് 89 വരെ പ്രവര്‍ത്തിച്ചത്. അത്തരം മദ്റസകളില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണുള്ളത്.  മറു വിഭാഗത്തിന് ആ ബോര്‍ഡിന്‍റെ വരുമാനത്തിലായിരുന്നു കണ്ണ്. ഞങ്ങള്‍ക്ക് സുന്നത്ത് ജമാഅത്തിന്‍റെ ആശയം സംരക്ഷിക്കണമെന്ന ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ചെക്ക് ബുക്കും താക്കോലും അവരെ ഏല്‍പ്പിച്ചു ഉള്ളാള്‍ തങ്ങളും ഞങ്ങളും ഇറങ്ങിപ്പോന്നു. ഞങ്ങള്‍ ഒഴിഞ്ഞ സ്ഥാനത്ത് കയറിയിരുന്ന് ഓരോന്ന് വിളിച്ചു പറയുകയാണവര്‍. മക്കളെ ധാര്‍മികമായി വളര്‍ത്തണമെന്നും മഹല്ലുകളില്‍ ധാര്‍മികതയുണ്ടാകണമെന്നും ആഗ്രഹിക്കുന്നവര്‍ സുന്നത്ത് ജമാഅത്തിന്‍റെ ആലിമീങ്ങളെ  ഒഴിവാക്കണമെന്ന്  ഒരിക്കലും പറയില്ല.

? ചില മഹല്ലുകളില്‍ സമീപ കാലത്ത് നടന്ന അക്രമങ്ങള്‍ ഇത്തരം ആഹ്വാനങ്ങള്‍ കാരണമല്ലേ

= ആയിരിക്കാം. ഭൂരിഭാഗമാളുകളും മറു വിഭാഗത്തിന്‍റെ വൈകാരികമായ ആഹ്വാനങ്ങളെ സമൂഹം തള്ളിക്കളഞ്ഞിട്ടുണ്ട്. അന്ധമായ വിരോധം വെച്ച് പുലര്‍ത്തുന്ന ചില സ്ഥലങ്ങളില്‍ മാത്രമാണ്  കുഴപ്പം നടക്കുന്നത്. സമാധാനം ആഗ്രഹിക്കുന്ന ആരും ഇത്തരം പ്രകോപനങ്ങളെ പ്രോത്സാഹിപ്പിക്കില്ല. ആദര്‍ശ ഐക്യമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

? കേസില്‍ എപി വിഭാഗം പരാജയപ്പെട്ടുവെന്നാണ് ഇകെ വിഭാഗത്തിന്‍റെ വാദം

= സമസ്തയുടെ അവകാശം ആര്‍ക്കാണെന്ന ഒരു തീര്‍പ്പും കോടതിയില്‍ വന്നിട്ടില്ല. 1989-ലെ വഴിത്തിരിവിനു ശേഷം ചില സാഹചര്യങ്ങളില്‍ ചിലര്‍ ചില കേസുകള്‍ കോടതിയില്‍ കൊടുത്തിരുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ വിധികള്‍ സ്വാഭാവികം. പ്രതികൂലമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന വിധികള്‍ പോലും നമ്മുടെ സംഘടനക്ക് ഗുണമായി മാറിയിട്ടുമുണ്ട്. കേസിന്‍റെ കാര്യത്തില്‍ നിയമം അതിന്‍റെ വഴിക്ക് പോകും. നാം ആദര്‍ശം മുറുകെ പിടിച്ച് മുന്നോട്ട് പോവുക. പേരിലോ കോടതി വിധിയിലോ അല്ല കാര്യം. ആദര്‍ശ സംരക്ഷണമാണ് നമ്മുടെ ലക്ഷ്യം.

? കാന്തപുരത്തെ മാറ്റിനിറുത്തിയാല്‍ ഐക്യമാവാമെന്നാണ് മറുവിഭാഗം പറയുന്നത്

= അതില്‍ കാര്യമില്ല. ആദര്‍ശരംഗത്ത് ശക്തമായി നേതൃത്വം നല്‍കുന്നവരെ ഒറ്റപ്പെടുത്താനും ദുരാരോപണങ്ങള്‍ ഉന്നയിച്ച് തളര്‍ത്താനും പണ്ടുമുതലേ ശ്രമം നടന്നിട്ടുണ്ട്. ചിലരെ മാറ്റിനിര്‍ത്തണമെന്ന് പറയുന്നത് ആത്മാര്‍ഥതയോടെയല്ല. അസൂയയാണ് പ്രശ്നം. നേതാക്കളെ ഒറ്റപ്പെടുത്തി സംഘടനയെ ശിഥിലമാക്കാമെന്നത് വ്യാമോഹം മാത്രമാണ്.

? താങ്കള്‍ മറുവിഭാഗത്തിലേക്ക് പോവുകയാണെന്ന് അവര്‍ ഇടയ്ക്ക് പ്രചരിപ്പിച്ചിരുന്നു

= അതൊക്കെ ഞാന്‍ മുകളില്‍ സൂചിപ്പിച്ച കുതന്ത്രത്തിന്‍റെ ഭാഗമാണ്. നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണവരുടെ ലക്ഷ്യം. അവരുടെ പ്രസിദ്ധീകരണത്തിന് ഞാന്‍ അഭിമുഖം നല്‍കിയിട്ടില്ല. ചില കള്ളങ്ങള്‍ അവര്‍ അടിച്ചുവിടുകയായിരുന്നു. എല്ലാ ദുരാരോപണങ്ങള്‍ക്കുമുള്ള മറുപടിയാണല്ലോ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്‍റായി വിനീതനെ തിരഞ്ഞെടുത്തത്.

? അന്ന് സമസ്ത പിളരാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ

= കഴിഞ്ഞത് ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. അന്ന് എല്ലാം ഉള്ളിലൊതുക്കി ചടഞ്ഞു കൂടിയിരുന്നെങ്കില്‍ സുന്നത്ത് ജമാഅത്ത് എന്ന ആശയം തന്നെ ഇല്ലാത്ത സാഹചര്യം വരുമായിരുന്നു.  താജുല്‍ ഉലമയുടെ നേതൃത്വത്തില്‍ ആദര്‍ശപരമായ ഒരു മുന്നേറ്റം അന്ന് അനിവാര്യമായതിനാലാണ് 89-ലെ ചരിത്രപരമായ വഴിത്തിരിവുണ്ടായത്. ഓരോ സാഹചര്യങ്ങളില്‍ സമുദായത്തിന്‍റെ വിശാല താത്പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരും.

സമസ്തയുടെ ഉദയവും വിദ്യാഭ്യാസ ബോര്‍ഡ്, എസ് വൈ എസ്, എസ് എസ് എഫ് എന്നിവയുടെ ജനനവുമൊക്കെ ചില പ്രത്യേക സാഹചര്യങ്ങളുടെസൃഷ്ടിയായിരുന്നുവല്ലോ. രണ്ട് സംഘടനകളായി എന്നുവെച്ച് യോജിക്കുന്നതിന് ഒരു തടസ്സമില്ല. ഇരുവിഭാഗം സംഘടനകളും സുന്നി ആദര്‍ശ പ്രചാരണരംഗത്ത് യോജിച്ച് മുന്നേറിയാല്‍ സമുദായത്തിന് കൂടുതല്‍ നേട്ടങ്ങളേ ഉണ്ടാവൂ. അത് ഉള്‍ക്കൊള്ളാന്‍ വിശാല മനസ്സ് വേണമെന്ന് മാത്രം.

? തുടര്‍ച്ചക്കാരനാകുന്നതിലല്ല, മാറ്റങ്ങളുടെ തുടക്കക്കാരനാവുതിലായിരുന്നു അങ്ങേയ്ക്ക് താത്പര്യം. ആ നിലയ്ക്ക് സമസ്ത പ്രസിഡന്‍റായുള്ള പുതിയ ദൗത്യം മാറ്റങ്ങളുടെ തുടക്കമാവുമോ

= സമസ്തയെന്നത് മശാഇഖുമാര്‍ കൈമാറിവന്ന യഥാര്‍ഥ അഹ്ലുസ്സുത്തി വല്‍ ജമാഅത്തിന്‍റെ ആശയമാണ്. അത് മുറുകെ പിടിച്ച് പുതിയ കാലത്തിന്‍റെ വെല്ലുവിളിയെ ചെറുക്കാനാവശ്യമായ പ്രബോധന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം വെക്കുന്നത്.

വിദ്യാഭ്യാസബോര്‍ഡ്, യുവജനപ്രസ്ഥാനം, അധ്യാപക സംഘടന, എസ്എസ്എഫ്, സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എല്ലാം ഓരോ കാലഘട്ടത്തിന്‍റെ അനിവാര്യതകളായിരുന്നു. കാലം ആവശ്യപ്പെടുന്ന പുതിയ ദൗത്യങ്ങള്‍ക്ക് സമസ്ത എന്നും സജ്ജമാണ്.

? സമസ്ത പ്രസിഡന്‍റിന് പുതുതലമുറയോട് പറയാനുള്ളത്

= ആദര്‍ശരംഗത്ത് അടിയുറച്ചു നില്‍ക്കുക, പ്രതിസന്ധികളില്‍ നിന്ന്  ഊര്‍ജം സംഭരിച്ച് പുതിയ കരുത്തോടെ മുന്നോട്ട് പോവുക. നാം അല്ലാഹുവിന്‍റെ വഴിയിലാണ്. മശാഇഖുമാരുടെ തണല്‍ നമുക്കെപ്പോഴുമുണ്ട്. നാം എത്രകണ്ട് പ്രവര്‍ത്തിക്കുന്നുവോ അത്രയും നമ്മുടെ സമൂഹം വളരും.

മറ്റുള്ളവരുടെ ആരോപണങ്ങളും ബഹളങ്ങളും കാര്യമാക്കേണ്ടതില്ല. നമ്മുടെ അകവും പുറവും ശുദ്ധമായാല്‍ ഏത് ചെളിവാരിയെറിയലും പ്രശ്നമാക്കേണ്ടതില്ല. ആരെതിര്‍ത്താലും ആദര്‍ശ ഐക്യം സാധ്യമാവുകതന്നെ ചെയ്യും. യഥാര്‍ഥ വിശ്വാസികള്‍ക്ക് പിണങ്ങി നില്‍ക്കാനാവില്ല. നമുക്ക് പരിശ്രമിക്കാം.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ