ആദര്‍ശ രംഗത്തെ ആധികാരിക വായന എന്നത് സുന്നിവോയ്സിനെ സംബന്ധിച്ചിടത്തോളം വെച്ചുകെട്ടലല്ല, സമൂഹം ശരിക്കറിയുന്ന വസ്തുത മാത്രം. എസ് വൈ എസ് എന്ന ധാര്‍മിക യുവജന പ്രസ്ഥാനത്തിന്റെ തന്നെ പ്രസക്തി മതത്തിന്റെ തനതാശയങ്ങള് സമൂഹത്തെ പഠിപ്പിക്കലാവുമ്പോള് മുഖപത്രത്തിനു മറ്റൊരു രീതി കഴിയില്ലല്ലോ.
ധാര്‍മികതയെ കൂടെ നിര്‍ത്തിയാണ് നാം ആദര്‍ശം പറഞ്ഞത്. പ്രതിപക്ഷത്തെ മാനിക്കുന്നതിനായി അവരിഷ്ടപ്പെടുന്ന പേരുകളിലാണ് പരാമര്‍ശങ്ങള്‍ നടത്താറ്. പ്രകോപനങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്തപ്പോള്‍ പോലും മിതത്വം പാലിച്ചു. എപ്പോഴും സമൂഹ പുരോഗതി കരുതി പ്രവര്‍ത്തിച്ചു. ആദര്‍ശം വെട്ടിത്തുറന്ന് പറയുന്നതും അതിനായി മൂര്‍ച്ചയേറിയ രീതി ഉപയോഗിക്കുന്നതും മറ്റൊരു കാര്യമാണ്. അതങ്ങനെയേ പറ്റൂ എന്നതാണ് മതപാഠം. ഇതിനാവശ്യമായ രീതിയില്‍ ചില പ്രതികരണങ്ങള്‍ക്ക് ദ്വൈവാരിക സ്ഥാനം നല്‍കിയത് ഇതു കൊണ്ടാണ്.
എന്തായാലും നമ്മുടെ പ്രയത്നം ഫലം കണ്ടതിന്റെ തെളിവാണ് മുജാഹിദുകള്‍ക്കിടയിലെ ആദര്‍ശ വിചിന്തനങ്ങള്‍. നബി(സ്വ)യുടെ ഖബറിനടുത്ത് ചെന്ന് ശിപാര്‍ശ തേടാമെന്നും നാരിയതു സ്വലാത് ചൊല്ലാമെന്നും മരിച്ചവര്‍ക്ക് വേണ്ടി ദിനപത്രങ്ങളല്ല; ഖുര്‍ആനാണ് പാരായണം ചെയ്യേണ്ടതെന്നും അവരുടെ വലിയനേതാക്കളും ഏറെ അനുയായികളും പറഞ്ഞും വിശ്വസിപ്പിച്ചും വരിക എന്നത് ചെറിയ കാര്യമാണോ. പന്ത്രണ്ടു ലക്കം സുന്നി വോയ്സ് മുജാഹിദ് പ്രസ്ഥാനത്തിന്റെ കരള്‍ മാന്തി പുറത്തിട്ടിട്ട് ആര്‍ക്കും പ്രതികരിക്കാനായില്ലെന്ന് അവര്‍തന്നെ മുമ്പ് തുറന്നെഴുതുകയുമുണ്ടായി.
ആദര്‍ശ പഠനങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നതിനാല് ചില പ്രതിസന്ധികള്‍ നമുക്കുണ്ടായത് മറക്കുന്നില്ല. പലവിധ അഭിരുചികളുള്ള വായനക്കാരെ പൂര്‍ണമായി സംതൃപ്തരാക്കാനാവാതിരിക്കുന്നതാണ് ഇതില്‍ പ്രധാനം. നമ്മുടെ മഹാദൗത്യം മനസ്സിലാക്കി സുന്നിവോയ്സിനെ സമീപിക്കുകയാണ് ഇതിനുള്ള ശരിയായ പരിഹാരം. മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കേണ്ടത് ആശയവിശ്വാസ പഠനത്തിനാകയാല് വായനസുഖത്തെക്കാള് ജ്ഞാന തൃഷ്ണ പുലര്‍ത്താന്‍ ശീലിക്കുകയാണ് വേണ്ടത്. എന്നാലും വിഷയ വൈവിധ്യത്തിന് ശ്രദ്ധ പുലര്‍ത്താറുണ്ട്. നമ്മുടെ മുഖപത്രത്തിന്റെ പ്രചാരണകാലമാണിത്. ആധുനിക ലോകത്ത് നമുക്ക് ചെയ്യാവുന്ന വലിയ ജിഹാദ് ആദര്‍ശ പ്രബോധനമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുക. അല്ലാഹു നമുക്കൊപ്പമുണ്ട്.