പ്രവാചകശ്രേഷ്ഠർ മുഹമ്മദ് നബി(സ്വ)യെക്കുറിച്ച് ബൈബിൾ പുസ്തകങ്ങളിൽ ഇപ്പോഴും പ്രവചനങ്ങൾ നിലനിൽക്കുന്നുണ്ട്. പുതിയ നിയമത്തിലെ അത്തരമൊന്നാണ് യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായം 19 മുതൽ 22 വരെയുള്ള വചനങ്ങൾ. യേശുവിന്റെ സമകാലികനും യേശുവിനെക്കുറിച്ച് സുവിശേഷമറിയിച്ചു നടക്കുകയും ചെയ്ത സ്‌നാപക യോഹന്നാനോട് യഹൂദ പുരോഹിതർ നടത്തുന്ന ചോദ്യവും അതിന് യോഹന്നാൻ നൽകുന്ന മറുപടിയുമാണിത്.

ബൈബിൾ പറയുന്നു: ‘നീ ആര്’ എന്നു യോഹന്നാനോട് ചോദിക്കേണ്ടതിനു യഹൂദന്മാർ യെരുശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ, അവൻ മറുക്കാതെ ഏറ്റു പറഞ്ഞു. ‘ഞാൻ ക്രിസ്തുവല്ല’ എന്ന് ഏറ്റുപറഞ്ഞു. ‘പിന്നെ എന്ത്, നീ ഏലിയാവോ? എന്ന് അവനോട് ചോദിച്ചതിന് ‘അല്ല’ എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്, ‘അല്ല’ എന്ന് അവൻ ഉത്തരം പറഞ്ഞു (യോഹന്നാൻ 1/19-22, സത്യവേദ പുസ്തകം).

യഹൂദർ പ്രതീക്ഷിച്ചിരിക്കുന്ന മൂന്ന് ആളുകളെക്കുറിച്ചാണ് പുരോഹിതന്മാർ യോഹന്നാനോട് ചോദിച്ചത് അവർ ക്രിസ്തു, ഏലിയാവ്, ആ പ്രവാചകൻ എന്നിവരാണ്.

ക്രിസ്തു

ക്രിസ്തു എന്ന പദത്തിന്റെ എബ്രായ പദമാണ് മശിഹാ (ബൈബിൾ നിഘണ്ടു, റവ. എസി ക്ലെയ്റ്റൻ, പേ 425, വേദശബ്ദ രത്‌നാകരം, പേ 485).

മശിഹായുടെ വരവിനെ യഹൂദർ പ്രതീക്ഷിച്ചിരുന്നു. എസി ക്ലെയ്റ്റനെ വായിക്കുക: സുരിയാ രാജാവായ അന്ത്യാക്കസ് എപ്പിപ്പാനെസ് (ക്രി.മു 175-164) യഹൂദമതത്തെ നശിപ്പിക്കുന്നതിനായി ശ്രമിച്ചപ്പോൾ യഹൂദന്മാർ വരുവാനുള്ള മശിഹായെക്കുറിച്ച് അത്യധികം ചിന്തിക്കുകയും അവന്റെ വരവിനെ ഉത്കണ്ഠയോടുകൂടെ പ്രതീക്ഷിക്കുകയും ചെയ്തു (ബൈബിൾ നിഘണ്ടു, പേ 426). ഞങ്ങൾ പ്രതീക്ഷിക്കുന്ന ക്രിസ്തുവാണോ എന്ന ചോദ്യത്തിന് ‘ഞാൻ ക്രിസ്തു അല്ല’ എന്നു പറഞ്ഞ് യോഹന്നാൻ നിഷേധമറിയിച്ചു.

ഏലിയാവ്

ഏലിയാവ് വീണ്ടും വരുമെന്ന് യഹൂദർ വിശ്വസിച്ചിരുന്നു. ക്ലെയ്റ്റൻ പറയുന്നതു നോക്കൂ: വേദപുസ്തകത്തിൽ പിൽക്കാലത്ത് ഏലിയാവിനെക്കുറിച്ച് പറിഞ്ഞിരിക്കുന്നത് എന്തെന്നാൽ, യഹോവയുടെ ദിവസം വരുന്നതിനു മുമ്പ് ഇവൻ വരും. മാലാക്കി 4/5 (ബൈബിൾ നിഘണ്ടു, പേ 98).

ക്ലെയ്റ്റൻ ഉദ്ധരിച്ച മാലാകി 4/5 ഇപ്രകാരം വായിക്കാം: ‘യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിനു മുമ്പേ ഞാൻ നിങ്ങൾക്ക് ഏലിയാ പ്രവാചകനെ അയയ്ക്കും.’

ഈ പ്രതീക്ഷയോടെയായിരുന്നു യഹൂദ പുരോഹിതന്മാർ നീ ഏലിയാവാണോ എന്ന് ചോദിച്ചത്. എന്നാൽ അതിനും ‘അല്ല’ എന്ന നിഷേധ വാക്കായിരുന്നു യോഹന്നാൻ നൽകിയത്.

ആ പ്രവാചകൻ

യഹൂദ പുരോഹിതന്മാരുടെ ഈ ചോദ്യത്തിൽ നിന്നും യേശുവിന്റെ കാലത്തുള്ള ഇസ്രയേല്യർ ഒരു മഹാ പ്രവാചകനെ പ്രതീക്ഷിച്ചിരുന്നു എന്നു ഗ്രഹിക്കാം. ഉദ്ധൃത വചനത്തിലെ ആ പ്രവാചകൻ പഴയ നിയമം ആവർത്തന പുസ്തകം 18/18 പ്രവചിക്കപ്പെട്ട പ്രവാചകനാണെന്ന് ഈ വചനത്തിന്റെ വിശദീകരണങ്ങളിൽ കൊടുക്കുന്നതായി കാണാം.

ആവർത്തന പുസ്തകം പ്രവചിച്ചത് മോശെയെ പോലെയുള്ള പ്രവാചകനെയാണെന്നും, മോശയെപ്പോലെ ഒരു പ്രവാചകൻ യിസ്രായേലിൽ വേറെ ഉണ്ടായിട്ടില്ല എന്ന ആവർത്തന പുസ്തകം 34/12-ലെ പരാമർശവും അദ്ദേഹവുമായി (മോശെ) അൽപമെങ്കിലും താരതമ്യപ്പെടുത്താവുന്ന ചരിത്രത്തിലെ ഒരേയൊരു വ്യക്തി മുഹമ്മദാണ് എന്ന ക്രൈസ്തവ പണ്ഡിതൻ റവ. ജെയിംസ് എൽ.ദോ യുടെ പരാമർശവും (ബൈബിൾ നിഘണ്ടു, പേ 403) ചേർത്തുവായിക്കുമ്പോൾ ആ പ്രവാചകൻ, മുൻകാല വേദഗ്രന്ഥങ്ങളിൽ പ്രവചിക്കപ്പെട്ട, വേദക്കാർ പ്രതീക്ഷിച്ചിരുന്ന മുഹമ്മദ് നബി(സ്വ)യാണെന്ന് ഉറപ്പിച്ചു പറയാം. ചരിത്രവും വസ്തുതയും മുഹമ്മദ് നബിയും യേശുവുമായും മോശസിനെ താരതമ്യപ്പെടുത്തുന്നതിന്റെ ഫലങ്ങളും ഇത് തെളിയിക്കുന്നു.

ബൈബിൾ മലയാളം പതിപ്പുകളിൽ പ്രൊട്ടസ്റ്റന്റ് വിഭാഗം പൊതുവെ ഉപയോഗിക്കുന്ന ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്ന സത്യവേദ പുസ്തകം, പരിശുദ്ധ ഇഞ്ചീൽ പഠന പതിപ്പിലും പുതിയ നിയമത്തിലും യഹോവാ സാക്ഷികൾ പുറത്തിറക്കുന്ന പുതിയ ലോകഭാഷാന്തരം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലും മറ്റുചില ബൈബിൾ കോപ്പികളിലുമാണ് ‘ആ പ്രവാചകൻ’ എന്ന് കാണാനാവുന്നത്.

‘ഈ പ്രവാചകനാണോ’ എന്നതിന് ‘അല്ല’ എന്ന് അവൻ മറുപടി നൽകി (പുതിയ ലോക ഭാഷാന്തരം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ, പേ 188).

‘അങ്ങ് ആ നബിയോ’ എന്ന് അദ്ദേഹത്തോട് ചോദിച്ചതിന് ‘അല്ല’ എന്നു പറഞ്ഞു (പരിശുദ്ധ ഇഞ്ചീൽ, പഠന പതിപ്പ്, പേ 292).

ഈ വചനത്തിന് ഉദ്ധൃത ഗ്രന്ഥത്തിൽ നൽകിയ അടിക്കുറിപ്പ് ഇങ്ങനെ വായിക്കാം: ഒരു നബിയെ മാത്രമേ അവർ (യഹൂദികൾ) പ്രതീക്ഷിച്ചിരുന്നുള്ളൂ. ആ നബി അവസാന കാലത്തെപ്പറ്റി പ്രഖ്യാപിക്കും (പേ 293).

അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ്വ) അവസാന കാലത്തെക്കുറിച്ച് ധാരാളം പ്രഖ്യാപനങ്ങൾ നടത്തിയതായി കാണാം.

യേശുതന്നെ തന്റെ ശേഷം അന്ത്യനാളിനെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു സഹായകൻ വരുമെന്ന് പ്രഖ്യാപിക്കുന്നതായി കാണാം.

‘ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം, ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും. അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും’ (യോഹന്നാൻ 16/7,8).

മുഹമ്മദ് നബി(സ്വ) അന്ത്യദിനത്തെ (ഖിയാമത്ത് നാൾ) കുറിച്ച് ജനങ്ങളെ ബോധം വരുത്തുകയും അന്ത്യദിനത്തിന്റെ അടയാളങ്ങൾ വിവരിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ചും ‘ആ പ്രവാചകൻ’ മുഹമ്മദ് നബി(സ്വ) തന്നെയാണെന്ന് വ്യക്തമാകുന്നതാണ്.

പക്ഷേ, മറ്റുചില ബൈബിൾ പതിപ്പുകളിൽ നിന്നെല്ലാം ‘ആ പ്രവാചകൻ’ എന്നതിൽ നിന്നും ‘ആ’ വെട്ടി ഒഴിവാക്കിയിരിക്കുന്നു. ‘ആ’ എന്ന പ്രയോഗം മുഹമ്മദ് നബി(സ്വ)യെ സൂചിപ്പിക്കുന്നു എന്നതാണ് ഈ വെട്ടിമാറ്റലിന് പ്രചോദനം നൽകിയത്. ചില പതിപ്പുകൾ വായിക്കുക:

നീ പ്രവാചകനാണോ? ‘അല്ല’ അയാൾ മറുപടി പറഞ്ഞു (പ്ശീത്താ ബൈബിൾ, പേ 102).

അവർ വീണ്ടും ചോദിച്ചു: എങ്കിൽ നീ പ്രവാചകനാണോ? അല്ല എന്ന് അവൻ മറുപടി നൽകി (കെസിബിസി ബൈബിൾ).

നീ പ്രവാചകനാണോ? അയാൾ മറുപടി പറഞ്ഞു: അല്ല (ഓശാനാ, മലയാളം ബൈബിൾ).

അറബി പതിപ്പിൽ ആ പ്രവാചകൻ എന്നർത്ഥം വരുന്ന ‘അന്നബി’ എന്നു തന്നെയാണ് പ്രയോഗിച്ചു കാണുന്നത്.

ചില പതിപ്പുകളിൽ നിന്ന് ‘ആ’ എന്ന പ്രയോഗം വെട്ടിക്കളഞ്ഞത് ഉദ്ധൃത വചനത്തിൽ നിന്ന് മുഹമ്മദ് നബി(സ്വ)യെ പറ്റിയുള്ള സൂചന ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. നീ ക്രിസ്തുവാണോ എന്ന ചോദ്യത്തിനും ഏലിയാവാണോ എന്നതിനും അല്ലെന്ന് ഉത്തരം പറഞ്ഞ യോഹന്നാനോട് അവർ പ്രതീക്ഷിച്ചു നിൽക്കുന്ന മഹാ പ്രവാചകനെ കുറിച്ചന്വേഷിക്കുന്നതാണ് ‘ആ പ്രവാചകനോ’ എന്ന ചോദ്യം. അതിൽ നിന്ന് പ്രതീക്ഷയുടെ സ്വരം മാറ്റി നീ ഒരു പ്രവാചകനാണോ എന്നാക്കിയാൽ ‘പ്രവാചക ഗണത്തിൽ പെടുന്ന ഒരാളാണോ താങ്കൾ’ എന്ന വിധം അന്വേഷണം പൊതുവായ രീതിയിലേക്ക് മാറുന്നു. അങ്ങനെ ബൈബിൾ വാക്യത്തിൽ നിന്ന് നബി(സ്വ)യെ കുറിച്ചുള്ള സൂചന ഇല്ലാതെയാവുന്നു. ഇതുപക്ഷേ, യോഹന്നാൻ തന്നെയും നബിയാവാതാകുന്ന ഭവിഷ്യത്തിലേക്കാണ് തിരുത്തുകാരെ എത്തിച്ചത്.

ഉദ്ധൃത വചനത്തിൽ നിന്ന് ‘ആ’ പ്രയോഗം വെട്ടിമാറ്റി വെറും പ്രവാചകനോ എന്ന പ്രയോഗം ബൈബിളിനും ക്രൈസ്തവ വിശ്വാസത്തിനും കത്തിവെക്കലാവും കാരണം. ആ ചോദ്യത്തിന് സ്‌നാപക യോഹന്നാൻ നൽകുന്ന മറുപടി ‘അല്ല’ എന്നാണ്. അപ്പോൾ സ്‌നാപക യോഹന്നാൻ പ്രവാചകൻ പോലുമല്ല എന്ന് വരും. എന്നാൽ യേശുക്രിസ്തു യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് ശിഷ്യന്മാർക്ക് പഠിപ്പിച്ചുകൊടുത്തത്.

മത്തായി രേഖപ്പെടുത്തുന്നത് നോക്കൂ: ‘അല്ലെങ്കിൽ, പിന്നെ എന്തിനാണു നിങ്ങൾ പോയത്? പ്രവാചകനെ കാണാനോ? അതെ ഞാൻ നിങ്ങളോടു പറയുന്നു, പ്രവാചകനെക്കാൾ വലിയവനെത്തന്നെ’ (11/9). യോഹന്നാൻ വരെ സകല പ്രവാചകന്മാരും നിയമവും പ്രവചനം നടത്തി (11/13).

യോഹന്നാൻ യഥാർത്ഥത്തിൽ ഒരു പ്രവാചകനാണെന്ന് എല്ലാവരും കരുതിയിരുന്നു (മാർക്കോസ് 11/32, മത്തായി 21/26). ലൂക്കോസ് 20/6-ലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

യേശു പറയുന്നു യോഹന്നാൻ ഒരു പ്രവാചകനാണെന്ന്. എന്നാൽ യോഹന്നാൻ പറയുന്നു ഞാൻ പ്രവാചകനല്ല എന്ന്. രണ്ടും ഒന്നിച്ച് ശരിയാവാൻ സാധ്യതയില്ല. ആരോ ഒരാൾ കളവ് പറഞ്ഞിരിക്കണം. അല്ലെങ്കിൽ വിശുദ്ധ ഗ്രന്ഥത്തിൽ വൈരുദ്ധ്യം സംഭവിച്ചു എന്നു പറയേണ്ടിവരും. ‘ആ’ എന്ന പ്രയോഗം വെട്ടിമാറ്റിയതു കൊണ്ടുണ്ടായ വിപത്താണിത്.

സ്‌നാപക യോഹന്നാനെക്കുറിച്ച് ബൈബിൾ വിശ്വവിജ്ഞാനം പരിചയപ്പെടുത്തുന്നതു നോക്കൂ: ‘സ്‌നാപക യോഹന്നാൻ (ജോൺ ദി ബാപ്റ്റിസ്റ്റ്) ബിസി ഏഴിനോടടുത്ത് വൃദ്ധ ദമ്പതികളായ സകരിയ്യാ എലിസബത്ത് എന്നിവരിൽ നിന്ന് പിറന്നു. യൂദയായിലെ മരുഭൂമിയിൽ വളർന്ന (ലൂക്കോ 1/80) യോഹന്നാൻ എഡി 27-നോടടുത്ത് പ്രവാചക ദൗത്യവുമായി രംഗത്തിറങ്ങി (ലൂക്കോ 3/2). എസ്സേനിയ പ്രസ്ഥാനവുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നതായി ചിലർ പറയുന്നു. യേശുവിന്റെ അർധസഹോദരനായ സ്‌നാപകൻ അവിടുത്തേക്ക് വഴിയൊരുക്കുന്ന പ്രവാചകനായി സ്വയം വെളിപ്പെടുത്തുന്നു’ (പേ 625).

ചുരുക്കിപ്പറഞ്ഞാൽ ക്രൈസ്തവ വിശ്വാസ പ്രകാരം യോഹന്നാൻ ഒരു പ്രവാചകനാണ്. അതിനാൽ ‘ആ’ ഒഴിവാക്കിക്കൊണ്ടുള്ള പ്രവാചകനാണോ എന്ന ചോദ്യം അപ്രസക്തവും വിശ്വാസ വൈരുദ്ധ്യത്തിലേക്കു നയിക്കുന്നതുമാണ്. അതിനാൽ ക്രിസ്തുവും ഏലിയാവും അല്ലാതെ യഹൂദർ പ്രതീക്ഷിച്ചിരുന്ന ‘ആ പ്രവാചകൻ’ അന്ത്യപ്രവാചകനും പ്രവാചകശ്രേഷ്ഠരുമായ മുഹമ്മദ് നബി(സ്വ)യാണെന്ന് വ്യക്തമാവുന്നു.

ജുനൈദ് ഖലീൽ നൂറാനി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ