വിശുദ്ധ ഖുർആൻ സൂറതുന്നൂർ നാൽപതാം വാക്യത്തിൽ കടലിന്റെ അഗാധതയിൽ സംഭവിക്കുന്ന തിരമാലകളെ കുറിച്ചും സാധാരണ സമുദ്രോപരിതലത്തിലുള്ള തിരമാലകൾക്കു പുറമെ അന്തർഭാഗത്തെ തിരമാലകളെ കുറിച്ചും വ്യക്തമായി പരാമർശിച്ചത് മുമ്പ് വിശദീകരിക്കുകയുണ്ടായി. ഇതിനെതിരെ നാസ്തികരും അവർക്കു പിന്തുണയുമായി ചില ബഹിഷ്‌കൃത മൗലാനമാരും ഉന്നയിക്കുന്ന ഏതാനും എതിർവാദങ്ങൾ നമുക്ക് പരിശോധിക്കാം.

ഒന്ന്:
ഖുർആനിൽ ആഴക്കടൽ എന്നു പ്രയോഗിച്ചതു കണ്ടപ്പോൾ അത് സമുദ്രത്തിന്റെ സാധാരണ പേരാണെന്നു മനസ്സിലാക്കുന്നതിനു പകരം കടലിന്റെ ആഴം/അഗാധത എന്നു തെറ്റിദ്ധരിച്ചതാണ്. കടലിന്റെ അനിവാര്യമായ ഒരു വിശേഷണം പറഞ്ഞതു മാത്രമാണിത്.
ഇതാണ് ഒന്നാമത്തെ തെറ്റിദ്ധരിപ്പിക്കൽ. തികഞ്ഞ വങ്കത്തമാണിത്. എന്തിനോ വേണ്ടി ഖുർആനെ വിലകുറച്ചു കാണിക്കാനുള്ള ഹീനമായ ശ്രമം. എന്തുകൊണ്ടെന്നാൽ ഖുർആനിൽ പറഞ്ഞത് او كظلمات في بحر لجّي ആഴക്കടലിലെ ഇരുട്ടുകൾ പോലെ എന്നാണ്. او كظلمات بحر لجّي എന്ന് ‘ഫീ’ في എന്ന അക്ഷരം ഒഴിവാക്കി ളുലുമാത് എന്നതിനെ ബഹ്‌റിലേക്ക് ചേർത്ത് ആഴക്കടലിന്റെ ഇരുളുകളെ പോലെ എന്നല്ല. ഇപ്രകാരമാണ് പ്രയോഗിച്ചതെങ്കിൽ ഈ വാദത്തിൽ അൽപം കാര്യമുണ്ടോയെന്ന് ചിന്തിക്കാമായിരുന്നു. ആഴക്കടലിന്റെ ഇരുളുകൾ എന്ന് പറയുമ്പോൾ, അത് ആഴക്കടലിന്റെ ബാഹ്യ ഇരുളുകളെ കുറിച്ചാണെന്ന് പറഞ്ഞാൽ ശരിയാണെന്നും പറയാമായിരുന്നു. പക്ഷേ പറഞ്ഞത് ‘ആഴക്കടലിലെ’ ഇരുളുകളെ പോലെ എന്നാണല്ലോ. ഇത് രണ്ടും വ്യത്യാസമുണ്ട്. ആദ്യത്തെ او كظلمات بحر لجّي എന്ന പ്രയോഗത്തിൽ ആഴമുള്ള ഒരു കടലിന്റെ ഇരുട്ടുകൾ എന്നേ ആശയം കിട്ടൂ. അത് എവിടെയുമാവാം. രാത്രി ആയതു കൊണ്ടോ മഴ വർഷിക്കുന്നത് കൊണ്ടോ കാർ മേഘം മൂടിയത് കൊണ്ടോ ഉണ്ടാകാവുന്ന പുറത്ത് നിന്നുള്ള ഇരുളുകളുമാകാം; വേണമെങ്കിൽ ആ ഇരുളുകളിൽ ആഴമുള്ള കടലിന്റെ അഗാധതയിലെ ഇരുളുകൾ കൂടി ഉൾപ്പെടുത്താം എന്നു മാത്രം.
ഉദാഹരണത്തിന് സൂറതുൽ അൻആമിലെ 63-ാം ആയത്ത് പരിശോധിക്കുക. ‘കരയിലെയും കടലിലെയും അന്ധകാരങ്ങളിൽ ആരാണ് നിങ്ങളെ അപായങ്ങളിൽനിന്നു രക്ഷിക്കുന്നത്? (ആപൽസന്ധികളിൽ) നിങ്ങൾ വിറപൂണ്ടും സ്വകാര്യമായും പ്രാർത്ഥിക്കുന്നത് ആരോടാകുന്നു? ഈ അപകടത്തിൽനിന്നു രക്ഷപ്പെടുത്തിയാൽ ഞങ്ങൾ തീർച്ചയായും നന്ദിയുള്ളവരായിരിക്കുമെന്ന് ആരോടാണ് നിങ്ങൾ അപേക്ഷിക്കാറുള്ളത്?’ ഇവിടെ കരയിലെയും സമുദ്രത്തിലെയും ‘അന്ധകാരം’ എന്ന് പറയുന്നത് വളരെ വ്യക്തമാണ്. രണ്ടിലെയും ബാഹ്യ ഇരുളുകളാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇത് അക്ഷരാർത്ഥത്തിൽ കടലിലും കരയിലും അവർ നടത്തുന്ന യാത്രകളിൽ നേരിട്ടനുഭവിക്കുന്ന യാഥാർത്ഥ്യങ്ങളുമാണ്. കരയിലെ ഇരുള് എന്നത് കരയുടെ അന്തർഭാഗത്തെ ഇരുളല്ല എന്നത് സ്പഷ്ടമാണെന്ന പോലെ കടലിന്റെ ഇരുൾ എന്നത് സമുദ്രത്തിന്റെ ബാഹ്യ ഇരുളുകളാണ് എന്നതും സ്പഷ്ടമാണ്.
സൂറതുൽ അൻആമിലെത്തന്നെ 97-ാം സൂക്തത്തിൽ പറയുന്നത് കൂടി കാണുക: നക്ഷത്രങ്ങളെ, കരഭൂമിയിലെയും സമുദ്രത്തിലെയും അന്ധകാരങ്ങളിൽ നിങ്ങൾക്ക് വഴികാട്ടികളാക്കിവെച്ചതും അവനാകുന്നു. അറിവുള്ള ജനങ്ങൾക്കായി നാം അടയാളങ്ങൾ വിവരിച്ചുതരുന്നതു നോക്കുക. ഇതിലെ മരുഭൂമി(കര)യിലെയും സമുദ്രത്തിലെയും ‘അന്ധകാരം’ എന്ന് പറയുന്നത് രണ്ടിലെയും ബാഹ്യ ഇരുളുകളാണ് എന്നത് വ്യക്തമാണ്. കാരണം നക്ഷത്രം വഴികാട്ടിയാവുന്നത് മരുഭൂമിക്ക് പുറത്ത് കൂടിയുള്ള യാത്രയിലും സമുദ്രത്തിലൂടെയുള്ള കപ്പൽയാത്രകളിലുമൊക്കെയാണ്. അല്ലാതെ ഭൂമിക്കുള്ളിലൂടെയോ കടലിനടിയിലൂടെ മുങ്ങിക്കപ്പലിൽ സഞ്ചരിക്കുമ്പോഴോ അല്ല.
(تفسير تنوين المقباس لابن عباس رض) اذا سافرتم في بر او بحر ‘നിങ്ങൾ കരയിലും കടലിലും യാത്ര ചെയ്യുമ്പോൾ’ എന്ന് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞത് ചില വിമർശകർ 24:40 ലെ ആയത്തിലെ ആശയത്തെ മേൽ പറഞ്ഞ അൻആമിലെ രണ്ട് ആയത്തുകളിലെ ആശയത്തോട് സമീകരിക്കാൻ ഉപയോഗിക്കുന്നത് കാണാം. യഥാർത്ഥത്തിൽ രണ്ടും രണ്ടവസ്ഥകളാണ്.
ഒന്ന്, അന്നത്തെ അറബികൾ യാത്രകളിൽ (മരുഭൂമികളിലും സമുദ്ര യാത്രകളിലും) നേരിട്ടനുഭവിക്കുന്നത്. മറ്റൊന്ന് അവർക്ക് നേരിട്ട് അനുഭവമില്ലാത്തതും എന്നാൽ മനസ്സിലാക്കാൻ സാധിക്കുന്നതുമായ ഉപമയുമാണ്. ഉപമകൾ അവർക്ക് ഊഹിച്ചെടുക്കാൻ പറ്റിയതായാൽ മതി, നേരിട്ടനുഭവിച്ചറിയണമെന്നില്ല. ഒന്നിലില്ലാത്തത് മറ്റേതിൽ വരാം. മേൽ പറഞ്ഞ ഉദാഹരണത്തിൽ പറഞ്ഞ ആശയം او كظلمات بحر لجّي എന്നതിൽ വരണമെങ്കിൽ في ഒഴിവാക്കി പറയണം. എന്നാൽ او كظلمات في بحر لجّي എന്നതിൽ في എന്നതും لجّي എന്നതും ചേർത്ത് പറഞ്ഞുകൊണ്ടുള്ളതാണ്. അക്ഷരങ്ങൾ കൂടുന്നതിനനുസരിച്ച് അർത്ഥവും കൂടുമല്ലോ. ഒന്ന് ‘ആഴക്കടലിന്റെ ഇരുളുകൾ’ എന്നും മറ്റൊന്ന് ‘ആഴക്കടലിലെ ഇരുളുകൾ’ എന്നുമാണ്. രണ്ടും രണ്ടർത്ഥമാണ്. ഇവിടെ രണ്ടിനും ആഴമുള്ള ഒരു കടലിന്റെ ഇരുളുകൾ എന്നർത്ഥം വെക്കാൻ ഭാഷാപരമായി പറ്റില്ല! ഇത് ഒരു സങ്കീർണമായ വിഷയമേ അല്ല. ഇത് മനസ്സിലാകാൻ ഭാഷാപ്രയോഗങ്ങൾ തന്നെ ധാരാളം മതി. പാത്രത്തിന്റെ അടപ്പ് എടുക്കൂ എന്ന് പറയുന്നതും പാത്രത്തിലെ അടപ്പ് എടുക്കൂ എന്ന് പറയുന്നതും വ്യത്യാസമുണ്ടെന്ന് ഏത് കുട്ടിക്കും അറിയാവുന്നതാണ്.

രണ്ട്:
തിര എന്നാൽ കടലിന് പുറത്തുള്ളതിനാണ് പറയുക സമുദ്രത്തിനുള്ളിൽ തിരമാല ഉണ്ടാവില്ല എന്നതാണ് മറ്റൊരു വിമർശം. ഇതും ശരിയല്ല. അറബി സാഹിത്യത്തിലെ مفهوم ഉം مصداق ഉം തമ്മിൽ വേർതിരിച്ചറിയാതിരുന്നാൽ സംഭവിക്കുന്ന അബദ്ധങ്ങളാണിതൊക്കെ. ഇളകി മറിയുക, ഇരമ്പിക്കയറുക, ചലിക്കുക, പ്രക്ഷുബ്ധമാവുക, തിങ്ങിനിൽക്കുക എന്നൊക്കെയാണ് മാജ ماج എന്നതിന്റെ അടിസ്ഥാനാർത്ഥം. ഇമാം ഖുർത്വുബി(റ) പറയുന്നു:وانما شبه الموج وهو واحد بالظل وهو جمع لان الموج ياتي شيئا بعد شيئ ويركب بعضه بعضا وقيل وهو بمعنى الجمع  وانما لم يجمع لانه مصدر واصله من الحركة والازد حام  تفسير والكشف والبيان

واصله من الحركة والازدحام ومنه ماج البحر والناس يموجون  تفسير القرطبي

(മൗജ് എന്നതിന്റെ അടിസ്ഥാന അർത്ഥം ചലിക്കുക എന്നാണ്. സമുദ്രം ചലിച്ചു, ജനങ്ങൾ ഇളകി എന്നിവക്കൊക്കെ ഇതു പ്രയോഗിക്കാം. ചലിക്കുക എന്ന ഈ അർത്ഥമുള്ളതിനെല്ലാം അതുപയോഗിക്കും. കടലിലെ ജലത്തിന് ഈ വിശേഷതകളുള്ളതിനാൽ അതിന് മൗജ് എന്ന് പറയുന്നു. ജനങ്ങൾ കുഴപ്പത്തിലും പരിഭ്രമത്തിലും പെട്ട് പരസ്പരം കൂടിക്കലർന്നാൽ അവിടെയും അറബിയിൽ ماج يموج എന്ന് പ്രയോഗിക്കും. ജനങ്ങൾ സമുദ്രോപരിതലത്തിൽ വന്ന് ഓളമടിക്കണമെന്നില്ല. മൗജിന് എപ്പോഴും സമുദ്രം തന്നെ ആവശ്യമില്ല.
സൂറതുൽ കഹ്ഫിൽ ഈ വാക്കുപയോഗിച്ചത് ഈ അർത്ഥത്തിനാണ്.

قال بعده: وتركنا بعضهم يومئذ يموج في بعض അന്നാളിൽ ജനത്തെ നാം മേൽക്കുമേൽ ഇരമ്പിക്കയറുന്നവരായി  വിടുന്നതാകുന്നു (അൽകഹ്ഫ് 99). കടലിനടിയിൽ ജലത്തിന് ഇതുപേലെ ചലനവും ഇളക്കവും ഉണ്ടായാൽ അതിനും موج എന്ന് പറയും. അത്തരം ആന്തരിക തിരമാലകൾ ഉണ്ടെന്ന് ആധുനിക സമുദ്ര ഗവേഷണങ്ങൾ തെളിയിക്കുമ്പോൾ അതിന് موج എന്ന പദത്തേക്കാൾ അനുയോജ്യമായ മറ്റ് വാക്കുകളില്ല.

മൂന്ന്:

ആഴമുള്ള കടലിലെ ആഴത്തിലുള്ള ഇരുട്ട് എന്ന് ഒരു മുഫസ്സിറും പറഞ്ഞിട്ടില്ല എന്നും വിമർശകർ ആരോപിക്കുന്നു.
او كظلمات في بحر لجّي എന്നതിന് ആഴക്കടലിലെ അഗാധതയിലെ ഇരുട്ട് എന്നർത്ഥം തന്നെ ലഭിക്കുന്നത് കൊണ്ടാണ് ഹി: ആറാം നൂറ്റാണ്ടുകാരനായ ഇമാം റാസി(റ) അങ്ങനെയൊരു വിശദീകരണം തന്റെ തഫ്‌സീറിൽ നൽകിയത്: ഈ ആഴക്കടലിന്റെ അഗാധതയിൽ പതിച്ച ഒരാൾ അതിശക്തമായ കൂരിരുട്ടിലായിരിക്കും അകപ്പെടുക. ഒരാളുടെ കൈ എന്നത് അവന് കാണാനാവുന്നതിൽ ഏറ്റവും അടുത്തതും കാണാതിരിക്കാൻ സാധ്യതയില്ലാത്തതുമായ ഒന്നാണെന്നതു കൊണ്ടാണ് ആ കൈ പോലും കാണാൻ കഴിയില്ല എന്ന് അല്ലാഹു പറഞ്ഞത്. കടലിനടിയിലെ ഇരുട്ട് അതിന്റെ പാരമ്യതയിൽ എത്തിയിട്ടുണ്ടെന്നാണ് ഇത് മൂലം അല്ലാഹു വ്യക്തമാക്കുന്നത് (തഫ്‌സീർ റാസി).

ആഴക്കടൽ എന്ന് പറഞ്ഞാൽ ആഴമുള്ള കടലിന്റെ മുകൾഭാഗം എന്ന് അർത്ഥം വെക്കുന്നവർ സംശയം തീരുന്നില്ലെങ്കിൽ വിക്കിപീഡിയ മനസ്സിരുത്തി വായിക്കുക: ‘ഭൂഖണ്ഡങ്ങളുടെ പരിധിക്ക് പുറത്തുള്ള സമുദ്രഭാഗങ്ങളെയാണ് ആഴക്കടൽ എന്ന് വിളിക്കുന്നത്. 200 മീറ്ററോ അതിൽ കൂടുതലോ ആഴമുള്ള കടൽഭാഗങ്ങളാണിവ. സമുദ്രങ്ങളിലെ 65% വെള്ളവും ഈ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. വിഭിന്നമായ ഭൂപ്രകൃതിയുള്ള ആഴക്കടലിൽ അഗാധമായ ഗർത്തങ്ങളും അഗ്‌നിപർവതങ്ങളുമുണ്ട്. ഇത്തരം ചുറ്റുപാടിൽ ജീവൻ നിലനിർത്താൻ ബുദ്ധിമുട്ടാണെങ്കിലും, ചില വർഗം ജീവികൾ ഇവിടേയും വസിക്കുന്നുണ്ട്.’

‘ആഴക്കടൽ ജീവികൾ’ എന്ന് പറഞ്ഞാൽ ആഴമുള്ള കടലിന്റെ മുകൾ ഭാഗത്ത് താമസിക്കുന്ന ജീവികളാണെന്ന് പറയാൻ അപാര തൊലിക്കട്ടി വേണം. താഴെ കാണുന്ന, വിക്കിപീഡിയയിൽ നിന്നുള്ള രണ്ട് വാക്യങ്ങൾ കൂടി വായിക്കുക. ആഴക്കടലുമായി ബന്ധപ്പെട്ടു വരുന്ന സംശയങ്ങൾക്ക് ഇവ പരിഹാരമാകുമെന്ന് വിശ്വസിക്കാം: ‘ആഴക്കടലിലേക്ക് സൂര്യവെളിച്ചം ചെന്നെത്തുകയില്ല. ആഴക്കടലിൽ പ്രാണവായുവും സൗരോർജവും ലഭ്യമല്ലാത്തതുകൊണ്ട് ജീവിവർഗങ്ങൾ തീരെയുണ്ടാകില്ലെന്നായിരുന്നു അടുത്തകാലം വരെ ശാസ്ത്രലോകം കരുതിയിരുന്നത്.’

നാല്:

എന്തുകൊണ്ട് ചില ഖുർആൻ വ്യാഖ്യാതാക്കൾ ആഴത്തട്ടിലുള്ള തിരമാല, ഉപരി തലത്തിലുള്ള സാധാരണ തിരമാല എന്ന് വേർതിരിച്ചു പറയാതെ തിരമാലക്ക് മീതെ മറ്റൊരു തിരമാല, തുടർച്ചയായി വരുന്ന തിരമാല എന്നൊക്കെ അർത്ഥം നൽകി എന്നതാണ് മറ്റൊരു ആരോപണം.
ഖുർആൻ വിജ്ഞാനശാഖയിലെ അത്യന്താപേക്ഷിതമായ ഒരിനം ഇതാണ്:
تقديم المعنى الحقيقي على المجازي بحيث لا يصار الي المجاز الا اذا تعذرت الحقيقة  مناهل العرفان في علوم القرءان
(ഒരു വചനത്തിന് അക്ഷരാർത്ഥവും ആലങ്കാരികാർത്ഥവുമുണ്ടെങ്കിൽ അക്ഷരാർത്ഥമാണ് ആദ്യം വെക്കേണ്ടത്. അക്ഷരാർത്ഥം വെക്കാൻ പ്രതിബന്ധങ്ങളുണ്ടെങ്കിലല്ലാതെ ആലങ്കാരികാർത്ഥത്തിലേക്ക് നീങ്ങാൻ പാടില്ല). ഇത് ഖുർആനിലെ ഏതൊരു പദം വിശദീകരിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ഈ ഒരു തത്ത്വം പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെടുത്തി വ്യത്യസ്ത കാലങ്ങളിലുള്ള മുഫസ്സിറുകൾ വിശദീകരിക്കുമ്പോൾ സ്വാഭാവികമായും വ്യത്യസ്തമായ തഫ്‌സീറുകൾ പ്രത്യക്ഷപ്പെട്ടേക്കാം. പ്രകൃതി പ്രതിഭാസങ്ങളുടെ വിശദീകരണം മനുഷ്യന്റെ ഗവേഷണ നിരീക്ഷണങ്ങൾ പുരോഗമിക്കുംതോറും മാറിക്കൊണ്ടേയിരിക്കാം എന്നതു കൊണ്ടാണിത്.

മുഫസ്സിറുകൾ പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട ആയത്തുകൾ വിശദീകരിക്കുമ്പോൾ അന്നവർ മനസ്സിലാക്കിയ ലോകവിവരങ്ങളും ശാസ്ത്രീയ വിവരങ്ങളും അവരുടെ വിശദീകരണങ്ങളെ സ്വാധീനിക്കുക സ്വാഭാവികമാണ്. അതിനാൽ തന്നെ ഒരോ കാലത്തെയും മുഫസ്സിറുകൾ അന്നത്തെ ലോക അറിവുകൾ ഖുർആന്റെ ബാഹ്യാർത്ഥത്തിന് വിരുദ്ധമായി വരുന്നുണ്ടോ എന്ന് പരിശോധിക്കും. ആ പരിശോധന, അന്ന് അനുഭവ യാഥാർത്ഥ്യങ്ങളായി അവർ മനസ്സിലാക്കിയ സംഗതികളും ബൗദ്ധികമായ കാര്യങ്ങളും എല്ലാം മുന്നിൽവെച്ചു കൊണ്ടായിരിക്കും നടത്തുക. അത്തരം പരിശോധനയിൽ ഖുർആനിന്റെ ബാഹ്യാർത്ഥം അവരുടെ അറിവുമായി പൊരുത്തപ്പെടില്ല എന്ന് കാണുമ്പോൾ മിക്കവാറും അവർ ആ പദത്തിന് ആലങ്കാരികാർത്ഥം നൽകാൻ ശ്രമിക്കും. ഇത് പ്രകാരം ഒരു കാലത്ത് ഒരു പ്രത്യേക ഖുർആനിക പദത്തിന് അതിന്റെ അക്ഷരാർത്ഥം/ ബാഹ്യാർത്ഥ പ്രകാരം നൽകിയ അർത്ഥം തന്നെ ആകണമെന്നില്ല മറ്റൊരു കാലത്ത് മറ്റൊരു മുഫസ്സിർ നൽകുന്നത്, വ്യത്യാസമുണ്ടാവാം.
ഈയൊരു കാരണം തന്നെയാണ് സൂറത്തുന്നൂറിലെ 40-ാമത്തെ ആയത്ത് വിശദീകരിക്കുന്നിടത്ത് തഫ്‌സീറുകളിലെ വൈജാത്യങ്ങൾക്ക് പിന്നിൽ നാം കാണുന്നതും. പല തഫ്‌സീറുകളിലും മറ്റൊന്നിനോട് ചേർന്നുവരൽ, മേൽക്കുമേൽ ഉണ്ടാവുക, തുടർച്ചയായി വരിക, ഒന്നിന് ശേഷം മറ്റൊന്ന് വരിക എന്നർത്ഥം നൽകിയത് അന്നത്തെ പൊതുജ്ഞാനം അതായിരുന്നു എന്നത് കൊണ്ടാണ്. കടലിന്റെ അന്തർഭാഗത്ത് തിരമാലകളുണ്ടെന്ന വസ്തുത അന്നത്തെ ലോകത്തിന് അറിയാൻ മാർഗമില്ലായിരുന്നു. അതിനാൽ തന്നെ ആ പദത്തിന്റെ അക്ഷരാർത്ഥം കൊടുക്കാൻ അവർ തയ്യാറായില്ല.
എന്നിരുന്നാലും ഖുർആനിനെ സംബന്ധിച്ചിടത്തോളം ഏത് സാഹചര്യത്തിലും അതിന്റെ പദങ്ങളുടെ പ്രത്യക്ഷാർത്ഥത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത് എന്നത് കൊണ്ടും കാലങ്ങൾ മാറിവരുമ്പോൾ പൊതുബോധവും ലോകജ്ഞാനവും മാറിയാലും ഈ ഒരു കാര്യം അവഗണിക്കരുത് എന്നതുകൊണ്ടുമാണ് ഖുർതുബി(റ)യെ പോലുള്ള പണ്ഡിതർ അക്ഷരാർത്ഥത്തിന് പ്രാമുഖ്യം നൽകിയതെന്ന് മനസ്സിലാക്കാം. എന്നാൽ ഇന്ന് സമുദ്രാന്തർഭാഗത്ത് തിരമാലകളുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് വന്ന ഖുർആൻ സൂക്തത്തിന് അതിന്റെ ആലങ്കാരികാർത്ഥം തന്നെ നൽകണമെന്ന് ശഠിക്കുന്നത് ഖുർആനെ കുറിച്ചുള്ള അജ്ഞതയാണ് കുറിക്കുന്നത്. ഒരു മുഫസ്സിറിനെയും അദ്ദേഹത്തിന്റെ നിലപാടുകളുടെ പേരിൽ ആക്ഷേപിക്കുകയല്ല വേണ്ടതെന്നും എല്ലാവരും അവരവരുടെ അറിവുവെച്ച് വ്യാഖ്യാനിച്ചപ്പോൾ ഉണ്ടാകാവുന്ന സ്വാഭാവികമായ വൈവിധ്യങ്ങളാണ് തഫ്‌സീറുകളിൽ കാണുന്നതെന്നുമാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.

അഞ്ച്:

കൈ പുറത്തിട്ടാലും കാണാനാവില്ലെന്ന് പറയുന്നത് എങ്ങനെ സമുദ്രത്തിനകത്ത് സാധ്യമാകുമെന്നും സംശയമുന്നയിക്കുന്നുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് തഫ്‌സീറുകൾ എന്തു പറയുന്നുവെന്ന് നോക്കാം. ഇമാം ബൈളാവി(റ) എഴുതി: 104 ഇതിലെ നാല് സർവനാമങ്ങളും കടലിൽ വീണവനിലേക്കാണ് മടങ്ങുന്നത്. ആയത്തിൽ നിന്ന് അക്കാര്യം വ്യക്തമാകുന്നതിനാൽ അത് പ്രത്യേകം പറയേണ്ടതില്ല (1/193).
ഇമാം റാസി(റ) അത് വ്യക്തമായ രീതിയിൽ വിശദീകരിച്ചെഴുതിയതും എന്തുകൊണ്ട് കൈ പരാമർശിച്ചു എന്നതിനു ന്യായം പറഞ്ഞതും മൂന്നാം സംശയത്തിന്റെ നിവാരണത്തിൽ ഉദ്ധരിച്ചല്ലോ.

ആറ്:

മനസ്സിൽ ചിത്രീകരണം നടത്താൻ കഴിയുന്ന നല്ലൊരു ഉദാഹരണം പറഞ്ഞ് കാര്യങ്ങളെ പെട്ടെന്ന് മനസ്സിലാക്കിത്തരുന്നതിനല്ലേ ഉപമ എന്ന് പറയുക? ഇവിടെ പറഞ്ഞ ഉപമ അറബികൾക്ക് മനസ്സിലാകുന്നതായിരുന്നില്ല എന്ന് വെച്ചാൽ ആ ആയത്ത് ഉപമയാകാൻ പാടില്ലെന്ന് വരും. അത് ഖുർആന്റെ ഉദ്ദേശ്യത്തെ നിഷേധിക്കലാകും. ഇനി ഉപമയാണെന്നു വെച്ചാൽ അറബികൾക്കത് മുമ്പേ അറിയാമായിരുന്നുവെന്നും പറയേണ്ടി വരില്ലേ?

ഇതാണ് വേറൊരു പ്രശ്‌നം. മനസ്സിൽ ചിത്രീകരണം നടത്താൻ കഴിയുന്ന ഉപമ തന്നെയാണിത്. ആഴക്കടലിലെ ഇരുളുകൾ അവർക്ക് നേരിട്ട് അനുഭവിച്ചറിയാൻ കഴിയാത്ത കാര്യമാണെങ്കിലും അതവർക്ക് മനസ്സിൽ ചിത്രീകരിക്കാൻ കഴിയുന്നതായിരുന്നു. മനസ്സിൽ ചിത്രീകരണം നടത്താൻ കഴിയുന്നതായാൽ തന്നെ ഉപമാലങ്കാരങ്ങൾ കൊണ്ടുവരാം. അറബി ഭാഷയിലെ സാഹിത്യ നിയമങ്ങൾ സവിസ്തരം ചർച്ച ചെയ്യുന്ന ഇമാം ഖസ്‌വീനി(റ)യുടെ ഈളാഹ് എന്ന ഗ്രന്ഥത്തിൽ നിന്ന് ഉദ്ധരിക്കാം: ഉപമേയവും ഉപമാനവും (ഏതിന് സാദൃശ്യം കൽപിക്കുന്നുവോ അത് ഉപമേയം, ഏതിനോട് സാദൃശ്യം കൽപിക്കുന്നുവോ അത് ഉപമാനം) രണ്ടും നമുക്ക് പഞ്ചേന്ദ്രിയങ്ങൾ മുഖേന അനുഭവിച്ചറിയാൻ പറ്റുന്നതോ അങ്ങനെ അനുഭവിച്ചറിയാൻ പറ്റാത്ത, എന്നാൽ ഊഹിച്ചെടുക്കാനോ സങ്കൽപിച്ചെടുക്കാനോ 109 പറ്റുന്നതോ ആയ കാര്യങ്ങളാവാം. എല്ലാ ഉപമാനങ്ങളും മേൽ പറയപ്പെട്ട ഏതെങ്കിലും രീതിയിൽ അവർക്കറിയുന്നതായിരിക്കണം എന്നേയുള്ളൂ. എല്ലാം വസ്തുനിഷ്ഠമായി നേരിട്ടനുഭവിച്ചറിഞ്ഞതാവണം എന്നില്ല. സ്വാഫ്ഫാത്ത് സൂറതിന്റെ 65-ാം വാക്യത്തിൽ ചെകുത്താന്മാരുടെ തലകൾ എന്നാണ് നരകത്തിലെ സഖൂം മരത്തെ ഉപമിച്ചിരിക്കുന്നത്. അറബികൾ ചെകുത്താനെ കണ്ടിരുന്നുവെന്നോ അവർക്ക് അതിന്റെ തല സുപരിചിതമാണെന്നോ ഇവിടെ അർത്ഥമില്ല. പിശാചെന്ന് പറയുന്നത് നാശത്തിന്റെയും തിന്മയുടെയും പ്രതിരൂപമാണെന്നും പേടിപ്പെടുത്തുന്ന വികൃത രൂപമാണുള്ളതെന്നും ലോകത്തെല്ലാവർക്കും അറിയാം എന്നേ ഉദ്ദേശ്യമുള്ളൂ. അതുകൊണ്ടാണല്ലോ ദൈവവും പിശാചും ഒന്നുമില്ല എന്ന് വിശ്വസിക്കുന്ന കേരളത്തിലെ നാസ്തികരുടെ തലവൻ സി രവിചന്ദ്രൻ പോലും ഒരു പ്രസംഗത്തിനിടെ ‘പൈശാചികം’ എന്ന് ഒരു അതിക്രമത്തെ വിശേഷിപ്പിച്ച് സംസാരിച്ചത്. നല്ലതിനെയും സൗന്ദര്യമുള്ളതിനെയും മാലാഖയോടും ജനങ്ങൾ ഉപമിക്കാറുണ്ട്. പാകിസ്ഥാനിലെ മലാല യൂസുഫ് സായിയെ ‘മാലാഖയായി വന്ന മലാല’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പത്രങ്ങളിൽ വരികയുണ്ടായി. അവരാരും മാലാഖയെ കണ്ടിട്ടല്ല മലാലയെ മാലാഖയോട് ഉപമിച്ചതെന്ന് വ്യക്തം.

ഖുർആനിലും ഇത്തരം ഉപമയുണ്ടായിട്ടുണ്ട്. അതിസുന്ദരനായ യൂസുഫ് നബി(അ)നെ ഈജിപ്തിലെ സ്ത്രീകൾ സലീഖയുടെ കൊട്ടാരത്തിൽ വെച്ച് കണ്ടപ്പോൾ ഇദ്ദേഹം മനുഷ്യനേ അല്ല, ഒരു മാലാഖ തന്നെയാണ് (യൂസുഫ് 31) എന്ന് പറഞ്ഞത് പ്രസിദ്ധം. ഇത്തരം ഉപമകളെ تشبيه تخييلي എന്നാണ് സമഖ്ശരി ഇമാം തഫ്‌സീറിൽ വ്യക്തമാക്കിയത്. അപ്പോൾ സൂറതുന്നൂറിന്റെ 40-ാമത്തെ ആയത്തിൽ പറഞ്ഞ അവിശ്വാസിയുടെ ഹൃദയത്തിലെ അന്ധകാരത്തെ ആഴക്കടലിലെ അഗാധതയിലെ ഇരുളിനോട് ഉപമിക്കുന്നത് ശരിയാവാൻ ആ ഇരുളുകൾ നേരിട്ടനുഭവിച്ചറിയണമെന്നില്ല. അവർക്ക് ഊഹിച്ചെടുക്കാൻ പറ്റുന്നതായാൽ മാത്രം മതി എന്നു സാരം. ചുരുക്കത്തിൽ, വിമർശകർ ഉന്നയിക്കുന്ന ന്യായവാദങ്ങളെല്ലാം പ്രമാണവിരുദ്ധങ്ങളാണെന്ന് സുതരാം വ്യക്തമായി. മതവിരുദ്ധർ ഇങ്ങനെയൊക്കെ പറയുന്നതിന്റെ പൊരുൾ നമുക്ക് ബോധ്യമാകും. പക്ഷേ, ഖുർആന്റെ ആളുകളെന്ന് പരസ്യപ്പെടുത്തുന്ന ചിലർ കള്ളന് ഏണി ചാരുന്നതാണ് കൗതുകകരം!

അശ്‌റഫ് ബാഖവി ചെറൂപ്പ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ