മുഹർറം പത്തിനാണ് ആശുറാഅ് എന്നു പറയുന്നത്. ആശുറാഇന് മനുഷ്യചരിത്രത്തിലെ വിജയകഥകളേറെ പറയാനുണ്ട്. ആദ്യപിതാവ് ആദം(അ) മുതൽ നബിമാരിൽ പലർക്കും നിർണായകമായ വിജയങ്ങളോ സന്തോഷങ്ങളോ ആ ദിവസത്തിൽ ലഭിച്ചിട്ടുണ്ട്. സ്വർഗത്തിൽ സൃഷ്ടിക്കപ്പെട്ട ആദം(അ) യഥാർത്ഥത്തിൽ ഭൂമിയിൽ അല്ലാഹുവിന്റെ പ്രതിനിധിയാണെന്ന് ഖുർആൻ വ്യക്തമാക്കിയതാണ്. ഭൂമിയിലേക്ക് എത്തിയതിന്റെ പശ്ചാത്തല സംഭവം ആദം നബിയെ വളരെയേറെ മനസ്താപത്തിലാക്കി. പ്രിയപത്‌നിയും ആദ്യ വനിതയുമായ ഹവ്വാ(റ)യെ കാണാത്തത് നബിയെ വളരെ പ്രയാസപ്പെടുത്തി. അവസാനം എല്ലാറ്റിനും അറുതിയായി മന:സമാധാനം ലഭിക്കുകയുണ്ടായി. നൂറു വർഷത്തിലേറെ നീണ്ട മനോവ്യഥയാണവസാനിക്കുന്നത്. ജിബ്‌രീൽ(അ) മുഖേന അല്ലാഹു അറിയിച്ച മഹത്തായ വചനങ്ങളാണതിന് ഉപാധിയായത്. ആദം(അ)ന്റെ ഈ സന്തോഷസുദിനം ആശൂറാഇലായിരുന്നു.
നൂഹ്(അ) ശൈഖുൽ അമ്പിയാഅ് എന്ന അപരനാമത്തിൽ പ്രസിദ്ധനായ ദൂതന്മാരിലെ പ്രധാനിയാണ്. തൊള്ളായിരത്തി അമ്പത് വർഷം മതപ്രബോധനം നടത്തി. ജനതയിൽ നിന്നും നിരന്തരമായ ഉപദ്രവങ്ങളേൽക്കേണ്ടി വന്നപ്പോൾ പോലും അതിൽ നിന്നു പിന്തിരിഞ്ഞില്ല. ശാരീരികമായി ഉപദ്രവങ്ങളേൽക്കാതിരിക്കുന്നതിന് നബിയെ കാണപ്പെടാത്ത വിധത്തിൽ അല്ലാഹു സംരക്ഷണം നൽകി. അപ്പോഴും നൂഹ് നബി സത്യമതത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു.
അവസാനം തന്റെ കഠിന പരിശ്രമങ്ങളുടെ കഥ പറഞ്ഞ് വിശ്വാസികൾക്ക് രക്ഷനൽകാനായി അവിശ്വാസികളിൽ ഒരാൾ പോലും ബാക്കിയാകാത്തവിധം നശിപ്പിക്കപ്പെടണമെന്ന് മഹാൻ ആഗ്രഹിച്ചു. അതിനായി പ്രാർത്ഥിച്ചു. വിശ്വാസികൾക്കും അവരുടെ ശിഷ്ടകാല ജീവിതത്തിന്റെ അത്യാവശ്യജീവികൾക്കും രക്ഷപ്പെടാനായി ഒരു കപ്പൽ നിർമിക്കാനായിരുന്നു നാഥന്റെ കൽപന. യാന നിർമാണം പൂർത്തിയാക്കി. ത്വൂഫാനെന്ന മഹാപ്രളയമുണ്ടായി. റജബ് മാസം ആദ്യത്തിൽ കപ്പലിലേറി മുഹർറം പത്തിനാണ് ജൂദി പർവതത്തിൽ വിശ്വാസികളെ വഹിച്ച പേടകം നങ്കൂരമിടുന്നത്. ഈ വിജയദിനം ആശൂറാആയിരുന്നു. നൂഹ് നബി(അ) കപ്പലിലുണ്ടായിരുന്ന വിശ്വാസികളോട് അന്ന് നോമ്പെടുക്കാൻ നിർദേശിച്ചിരുന്നു.
മൂസാ(അ) കടുത്ത പരീക്ഷണഘട്ടങ്ങളെ അതിജയിച്ച പ്രവാചക ശ്രേഷ്ഠരാണ്. തന്റെയും അനുയായികളുടെയും രക്ഷക്കുവേണ്ടിയുള്ള പലായന സാഹചര്യമൊരുങ്ങി. മൂസാനബിയുടെ പ്രബോധനം ഉൾക്കൊണ്ടുവെന്ന കാരണത്താൽ മൃഗീയമായ പീഡനങ്ങളാണ് ഇസ്‌റാഈല്യർക്ക് ഫറോവയിൽ നിന്നുണ്ടായത്. അനുയായികളെ അതിക്രൂരമായി അടിച്ചമർത്തുകയും അടിമ വേല ചെയ്യിപ്പിക്കുകയുമുണ്ടായി. മൂസാ(അ)നും അനുയായികൾക്കും മോചനവും സമാധാന ജീവിതവും നൽകാനുള്ള അല്ലാഹുവിന്റെ തീരുമാനമാണ് പലായനത്തിലൂടെ സാധിതമായത്. ഇതും ആശൂറാഅ് നാളിലായിരുന്നു.
മൂസാ(അ) ഇസ്‌ലാമിക പ്രബോധനം നടത്തുന്ന കാലത്ത് പല തരത്തിലുള്ള പരീക്ഷണങ്ങൾ ഫിർഔനും ജനതയും അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. അപ്പോഴെല്ലാം അവർക്ക് രക്ഷകനായി മൂസാനബി തന്നെയായിരുന്നു ഉണ്ടായിരുന്നത്. ജനങ്ങൾക്കിടയിൽ ഒന്നിച്ചു കഴിയുമ്പോഴുണ്ടാകുന്ന പരീക്ഷണങ്ങളിൽ വ്യത്യസ്ത പ്രതികരണങ്ങളായിരിക്കും ആളുകളിൽ നിന്നുണ്ടാവുക. ഒരേ കുടുംബത്തിലും ഒരേ വീട്ടിലും വിശ്വാസികളും അവിശ്വാസികളുമുള്ള സ്ഥിതിക്ക് വിശേഷിച്ചും. അവിശ്വാസികളെയും ധിക്കാരികളെയും മാത്രം ബാധിക്കുന്ന വിസ്മയകരമായ പരീക്ഷണങ്ങളായിരുന്നു അവയിൽ പലതും. ഒരേ സ്ഥലവും ഒരേ വസ്തുവും ഒരേ അവസരത്തിൽ തന്നെ രണ്ട് വിഭാഗത്തിനും ഗുണമായും ദോഷമായും അനുഭവപ്പെടുന്ന സ്ഥിതി.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം മോചനം യാഥാർത്ഥ്യമാകണമെങ്കിൽ ഒരു പലായനം ആവശ്യമായിരുന്നു. ആ സന്ദർഭത്തിലാണ് അല്ലാഹു ഹിജ്‌റക്കു നിർദേശിക്കുന്നത്. ആറു ലക്ഷത്തിലധികം ബനൂഇസ്‌റാഈലികളുമായി ഫിർഔനും ശിങ്കിടികളും കാണാതെ രാത്രിയിലായിരുന്നു യാത്ര. പക്ഷേ വൈകാതെ ഫിർഔനറിഞ്ഞെങ്കിലും രാത്രിതന്നെ അവരെ പിന്തുടരേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. അവൻ കരുതിയത് മൂസാനബിക്കും സംഘത്തിനും കടൽ കടക്കാനാവില്ലെന്നായിരുന്നു.
മൂസാ(അ)മും ബനൂഇസ്‌റാഈലികളും കടലിനടുത്തെത്തി. നബി അല്ലാഹുവിന്റെ സഹായത്തിൽ വിശ്വാസമർപ്പിച്ച് കടലിനടുത്തു ചെന്നു. അനുയായികളിലെ യൂശഅ്(അ) കടലിലിറങ്ങി. പക്ഷേ യാത്രക്കാകുന്നില്ല. ചെറിയൊരാശങ്ക മനസ്സിലുദിച്ചത് മൂസാനബിയോട് പറയുകയും ചെയ്തു. ആ സന്ദർഭത്തിൽ വഹ്‌യ് അവതരിച്ചു. കടലിൽ ഒന്നടിക്കുക. തന്റെ വടികൊണ്ട് മൂസാ(അ) അടിച്ചപ്പോൾ വെള്ളം ഇരുഭാഗത്തേക്കുമായി മാറിനിന്നു. വിശാലമായൊരു വഴിത്താര മുന്നിൽ രൂപപ്പെട്ടു. അവരതിലൂടെ മറുകര പ്രാപിച്ചു.
നേരം പുലർന്ന ശേഷം പിറകെ വന്ന ഫിർഔനും സംഘവും പിളർന്നു നിൽക്കുന്ന കടൽ പാത തങ്ങൾക്കും ഉപയോഗിക്കാമെന്ന് സ്വാഭാവികമായും കരുതി. അതിലിറങ്ങിയതും കടൽ പഴയപടി കൂടിച്ചേർന്നു ശത്രുക്കൾ നശിപ്പിക്കപ്പെട്ടു. ഫിർഔനിന്റെ ദേശവും സമൂഹവും പിന്നീടൊരിക്കലും മുസ്‌ലിംകൾക്ക് ശല്യമാകാത്ത വിധത്തിലായിരുന്നു പരിണതി. ഇതും ആശൂറാഅ് ദിനത്തിൽതന്നെയാണു നടന്നത്.
മൂസാ(അ)ന് നുബുവ്വത്ത് ലഭിച്ച് മിസ്വ്‌റിൽ തിരിച്ചെത്തിയ ശേഷം ഫിർഔനിന്റെയും അനുയായികളുടെയും മുന്നിൽ മുഅ്ജിസത്ത് കാണിച്ചപ്പോൾ അതിനെ നിസ്സാരമാക്കുകയായിരുന്നു ശത്രുക്കൾ. തന്റെ അനുയായികളിലെ മാരണക്കാരെ കൊണ്ട് മൂസാനബിയെ പരാജയപ്പെടുത്താനായിരുന്നു ശ്രമം. അങ്ങനെ നബിയും മാരണക്കാരും വലിയ ജനാവലിയും അവരുടെ ഒരാഘോഷവേളയിൽ ഒരുമിച്ച്കൂടി. എങ്കിലും മൂസാ(അ)ന്റെ മുഅ്ജിസത്തിനു മുന്നിൽ മാരണക്കാരുടെ മായാജാലങ്ങൾ പരാജയപ്പെട്ടു. മൂസാനബിയുടെ വടി പാമ്പായി മാറുകയും അവരുടെ എല്ലാ മാരണ പാമ്പുകളെയും അത് വിഴുങ്ങിക്കളയുകയും ചെയ്തു. ഇത് കണ്ട മാരണക്കാർക്ക് സത്യം ബോധ്യമായി. നബി മാരണക്കാരനല്ലെന്നും സത്യപ്രവാചകനാണെന്നും അവരുറക്കെപ്പറഞ്ഞു. വിശ്വാസികളായി. ഫിർഔനിന് ഉറ്റസഹായികളെ നഷ്ടമായി. അവർ മൂസാനബിയുടെ അനുയായികളായി. ഈ സന്തോഷ സന്ദർഭവും ആശൂറാഅ് നാളിൽ തന്നെ.
യഅ്ഖൂബ് നബി(അ)ന്റെ സന്തതികൾ സഹോദരനായ യൂസുഫ് നബി(അ)ന് ചില ഉപദ്രവങ്ങൾ ചെയ്തു. എന്നാൽ അവസാനം യൂസുഫ്(അ)മും സഹോദരങ്ങളും മാതാപിതാക്കളും ഒരു പോലെ സന്തുഷ്ടരായി. പിതാവിനെ കബളിപ്പിച്ച സഹോദരങ്ങൾക്ക് പിതൃപൊരുത്തവും സന്തോഷവും കുറ്റവിമുക്തിയുമുണ്ടാവേണ്ടതുണ്ടല്ലോ. അവർ പിതാവിനോട് പാപമോചന പ്രാർത്ഥന നടത്തിക്കൊടുക്കാനാവശ്യപ്പെട്ടു. കുറ്റം സമ്മതിച്ച് മോചനം ചോദിക്കാനാവശ്യപ്പെട്ട മക്കളോട് പിതാവിന് പൊറുക്കാനെളുപ്പമാണ്. എന്നാൽ അല്ലാഹുവിനോട് പൊറുക്കലിനെ തേടാനാവശ്യപ്പെടുക അവരുടെ വിശ്വാസത്തിന്റെ ഭാഗവും പിതാവിനുള്ള മഹത്ത്വത്തിന്റെ അംഗീകാരവുമത്രെ. യഅ്ഖൂബ്(അ) അപ്പോൾ തന്നെ പ്രാർത്ഥിക്കുന്നതിന് പകരം ‘ഞാൻ നിങ്ങൾക്ക് വേണ്ടി പൊറുക്കലിനെ തേടുന്നുണ്ട്’ എന്ന് പറയുകയാണുണ്ടായത്. അന്ന് അർധരാത്രിയിലാണ് യഅ്ഖൂബ് നബി(അ) പ്രാർത്ഥന നടത്തിയത്. ഇത് ആശൂറാഇലായിരുന്നു.
യൂനുസ് നബി(അ) പ്രബോധന രംഗത്ത് കടുത്ത പരീക്ഷണങ്ങളേൽക്കേണ്ടിവന്ന പ്രവാചകരാണ്. അവിശ്വാസികളായ സ്വന്തം നാട്ടുകാരോടൊപ്പം നിൽക്കാനാവില്ലെന്നുറച്ച് ജനങ്ങളറിയാതെ പലായനം ചെയ്തു. വിശ്വസിക്കാൻ കൂട്ടാക്കാത്ത ജനതക്ക് ശിക്ഷയെ കുറിച്ച് നൽകിയ മുന്നറിയിപ്പുകൾ അവർ പരിഹസിച്ച് തള്ളി. 40 ദിവസം മാത്രമേ ഇനി നിങ്ങൾക്ക് ആയുസ്സുള്ളൂ എന്നറിയിച്ചതിന് ശേഷമായിരുന്നു യൂനുസ്(അ) അപ്രത്യക്ഷനായത്.
യൂനുസ്(അ)നെ കാണാതാകലും 40 ദിവസമെന്ന അന്ത്യശാസനവും കൂടിയായപ്പോൾ അവരാകെ ഭയപ്പാടിലായി. 35 നാളുകൾ കഴിഞ്ഞു. ആകാശത്ത് ശക്തമായ ഇരുട്ട് പ്രത്യക്ഷപ്പെട്ടു. അതിൽ നിന്നും കറുത്ത പുകപടലങ്ങൾ ഭൂമിയിലേക്കിറങ്ങി. അതോടെ അവരുപയോഗിക്കുന്നതെല്ലാം കറുത്തിരുണ്ടു. കുട്ടികളും സ്ത്രീകളും മൃഗങ്ങളുമടക്കം എല്ലാവരും വീടുവിട്ടിറങ്ങി. സ്വന്തം ജീവിതത്തെ കുറിച്ച് ഓരോരുത്തരും വീണ്ടുവിചാരം നടത്തി. യൂനുസ്(അ)ൽ നിന്ന് കേട്ടറിഞ്ഞ നാഥനിൽ അവർ എല്ലാം അർപ്പിച്ചു. പ്രാർത്ഥനയിലായിക്കഴിഞ്ഞു. അങ്ങനെ അവരുടെ പശ്ചാത്താപത്തിന്റെയും വിലാപത്തിന്റെയും കാഠിന്യത്താൽ അന്തരീക്ഷം തെളിഞ്ഞു. ആത്മാർത്ഥമായ ഈ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു. അകപ്പെട്ട വിഷമത്തിൽ നിന്നും അവർ മോചിതരായി. ഇത് ഒരു ആശൂറാഅ് ദിനത്തിലായിരുന്നു.
ഈസാ(അ)ന്റെ ചരിത്രത്തിൽ ഏറെ ശ്രദ്ധേയരംഗം ജനന സമയമാണ്. ഭർത്താവില്ലാതെയാണ് മർയം(റ)ക്ക് ഈസാനബി ജാതനാകുന്നത്. അല്ലാഹുവിന്റെ അപാരമായ കഴിവിന്റെ ഒരുദാഹരണമാണ് ഈസാ(അ). ഭർത്താവില്ലാതെ ഒരു സ്ത്രീക്ക് കുഞ്ഞ് പിറന്നാലുണ്ടാകുന്ന സ്വാഭാവിക പൊട്ടിത്തെറികളെയെല്ലാം കുഞ്ഞ് തന്നെ തിരുത്തിക്കൊടുത്ത രംഗങ്ങളും പിന്നീടുണ്ടായി. അത്തരമൊരു ഘട്ടത്തെ അതിജീവിക്കാനും സമാധാനത്തോടെ തന്റെ സന്തതിയെ സംരക്ഷിക്കാനും മർയം(റ)ക്കു നാഥൻ കരുത്തും സാഹചര്യവുമൊരുക്കി. ഈ അത്ഭുത ജനനം നടന്നതും ആശൂറാഇൽ തന്നെ. ഇങ്ങനെ പൂർവകാല സമൂഹത്തിലും പ്രവാചകന്മാരിലും അല്ലാഹുവിന്റെ അനുഗ്രഹ കടാക്ഷമുണ്ടായ ആശൂറാഅ് മുഹമ്മദീയ സമുദായത്തിന്റെ വിശ്വാസ ജീവിതത്തിലും പവിത്രമാണ്, സ്മരണീയവും. ഹിജ്‌റ വർഷാരംഭമാസമായ മുഹർറം അതിശ്രേഷ്ഠവുമാണ്. അതിലെ ആശൂറാഉം തൊട്ടുമുൻദിനമായ താസൂആഉം വിശ്വാസിക്ക് സുകൃതാവസരങ്ങൾ സമ്മാനിക്കുന്നു. ആശൂറാഅ് ദിനത്തിലെ നോമ്പിനും സൽകർമങ്ങൾക്കും വലിയ പ്രാധാന്യവും മഹത്ത്വവും പുണ്യവുമുണ്ട്. അത് പാലിക്കാൻ നാം സന്നദ്ധരാകണം.