ആർത്തവ കാലങ്ങളിൽ ഹദ്ദാദ് ചൊല്ലുമ്പോൾ അതിലെ സൂറത്തുകൾ പാരായണം ചെയ്യാതിരിക്കുകയാണോ വേണ്ടത്? അതോ ഓതാമോ?
-ഉമ്മു ജാബിർ പുറക്കാട്

ആർത്തവ കാലങ്ങളിൽ ഖുർആൻ എന്ന ഉദ്ദേശ്യത്തോടെയുള്ള പാരായണമാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്. ഖുർആൻ പാരായണം എന്ന ഉദ്ദേശ്യത്തിലല്ലാതെ ഖുർആനിലെ വചനങ്ങൾ ചൊല്ലുന്നതിന് വിരോധമില്ല (തുഹ്ഫ 1-271). ആർത്തവ-പ്രസവാനന്തര കാലങ്ങളിൽ ഹദ്ദാദ് ചൊല്ലുമ്പോൾ ഹദ്ദാദ് എന്ന ദിക്‌റിന്റെ ഭാഗമായി അതിലുള്ള ഖുർആൻ വചനങ്ങൾ ചൊല്ലാവുന്നതാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

കറാഹത്തായ സമയത്ത്
തഹിയ്യത്ത് നിസ്‌കരിക്കൽ

 

നിസ്‌കാരം കറാഹത്തായ സമയത്ത് കാരണത്തോടെയുള്ള സുന്നത്ത് നിസ്‌കാരം (തഹിയ്യത്ത്, വുളൂഇന്റെ ശേഷമുള്ളവ ഉദാഹരണം) നിർവഹിക്കാമോ?
-എംആർ മക്കരപ്പറമ്പ്

തഹിയ്യത്ത് നിസ്‌കാരം, വുളൂഇന്റെ സുന്നത്ത് നിസ്‌കാരം എന്നിവ പോലെ നിസ്‌കാരത്തേക്കാൾ മുന്തിയ കാരണമുള്ള നിസ്‌കാരങ്ങൾ ചോദ്യത്തിൽ സൂചിപ്പിക്കപ്പെട്ട സമയങ്ങളിൽ നിർവഹിക്കാവുന്നതാണ്. കാരണമില്ലാത്ത നിസ്‌കാരങ്ങളും പിന്തിയ കാരണമുള്ള നിസ്‌കാരങ്ങളുമാണ് അപ്പോൾ വിരോധിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ മുന്തിയ കാരണമുള്ള നിസ്‌കാരവും പ്രസ്തുത സമയത്ത് തന്നെ നിസ്‌കരിക്കണമെന്ന പ്രത്യേക താൽപര്യത്തോടെ ആ സമയങ്ങളിൽ നിർവഹിക്കാവുന്നതല്ല (ഫത്ഹുൽ മുഈൻ 47, തുഹ്ഫ 1-441).

ജ്യേഷ്ഠന്റെ മരുമകളെ കാണാമോ?

ജ്യേഷ്ഠന്റെ മരുമകളെ എനിക്ക് കാണാനും തൊടാനും പറ്റുമോ? അവളെ സ്പർശിച്ചാൽ വുളൂഅ് മുറിയുമോ? വിവാഹബന്ധം നിഷിദ്ധമായ കുടുംബാംഗമാണോ അവൾ?
-ഒരു വായനക്കാരൻ

ജ്യേഷ്ഠന്റെ മരുമകൾ (മകന്റെ ഭാര്യ) മഹ്‌റമല്ല. അവളെ സ്പർശിക്കാനും ബോധപൂർവം നോക്കിക്കാണാനും പറ്റില്ല. അതെല്ലാം നിഷിദ്ധമാണ്. അവളെ സ്പർശിച്ചാൽ വുളൂഅ് നഷ്ടപ്പെടുന്നതാണ്. വിവാഹബന്ധം നിഷിദ്ധമല്ല.

മുമ്പുള്ള റവാത്തിബ്
ശേഷം നിസ്‌കരിക്കൽ

അസ്വറിന്റെ മുമ്പുള്ള സുന്നത്ത് നിസ്‌കാരം ശേഷം നിർവഹിക്കാമോ?
– കെഎഎം കൂട്ടിലങ്ങാടി

നിർവഹിക്കാവുന്നതാണ്. ഫർള് നിസ്‌കാരങ്ങൾക്ക് മുമ്പുള്ള റവാത്തിബുകളെ ഫർളു നിസ്‌കാരങ്ങളെക്കാൾ പിന്തിക്കൽ അനുവദനീയമാണ് (ഫത്ഹുൽ മുഈൻ 104). അസ്വറിന് മുമ്പുള്ള സുന്നത്ത് അസ്വർ നിസ്‌കാര ശേഷത്തേക്ക് പിന്തിച്ച് അസ്വറിന് ശേഷം നിർവഹിക്കാവുന്നതാണ്. അതിന് വിരോധമില്ല (ഹാശിയതുൽ ഖൽയൂബി 1-120, ഹാശിയതുൽ ജമൽ 1-285).

ഖുതുബ നടക്കുമ്പോൾ
ദിക്ർ ചൊല്ലാമോ?

ഖുതുബ കേട്ടുകൊണ്ടിരിക്കുന്നവർ ദിക്‌റോ സ്വലാത്തോ ചൊല്ലുകയോ മനസ്സിൽ കൊണ്ടുവരികയോ ചെയ്യുന്നതിന് വിലക്കുണ്ടോ? ഇത് ഖുതുബ ശ്രദ്ധിച്ചു കേൾക്കണമെന്ന നിർദേശത്തിന് വിരുദ്ധമാകുമോ?
-അബ്ദു മങ്കട

ഖുതുബ കേൾക്കുന്നവർ സംസാരവും ദിക്‌റും സ്വലാത്തും എല്ലാം ഒഴിവാക്കി ഖുതുബ ശ്രദ്ധിച്ചു കേൾക്കലാണ് സുന്നത്ത്. അപ്പോൾ ദിക്‌റും സ്വലാത്തും ചൊല്ലുന്നത് ഈ സുന്നത്തിന് വിരുദ്ധമാണ്.
ഇമാം ഇബ്‌നു ഹജർ(റ) എഴുതുന്നു: ഖുതുബ കേൾക്കുന്നവർ സംസാരവും ദിക്‌റും ഒഴിവാക്കി അടക്കത്തോടെ ഖുതുബ ശ്രദ്ധിച്ചു കേൾക്കലാണ് സുന്നത്ത്. ഖുതുബ കേൾക്കാത്തവർ സംസാരം ഒഴിവാക്കണം. ദിക്ർ ഒഴിവാക്കണമെന്നില്ല. അവർക്കേറ്റവും നല്ലത് പതുക്കെ ദിക്ർ-ഖുർആൻ പാരായണം കൊണ്ട് ജോലിയാകലാകുന്നു (ശറഹുബാഫള്ൽ 2-71).
എന്നാൽ മനസ്സുകൊണ്ടുള്ള പ്രാർഥന ഖുതുബ ശ്രദ്ധിച്ചു കേൾക്കുക എന്ന സുന്നത്തിന് വിരുദ്ധമല്ലെന്നാണ് ഇമാം ബുൽഖീനി(റ)യുടെ പ്രസ്താവനയിൽ നിന്ന് മനസ്സിലാകുന്നത്. പക്ഷേ മനസ്സുകൊണ്ടുള്ള പ്രാർഥനയും പ്രസ്തുത സുന്നത്ത് നഷ്ടപ്പെടുത്തിയേക്കും എന്നാണ് ഇമാം ഇബ്‌നു ഖാസിം(റ). അല്ലാമ അലിയ്യുശ്ശബ്‌റാമല്ലിസി(റ) തുടങ്ങിയവർ അഭിപ്രായപ്പെട്ടിട്ടുള്ളത് (ഹാശിയതു ഇബ്‌നിഖാസിം 2-479, ഹാശിയതുന്നിഹായ 2-342).

‘വലദിൽ’ പെൺകുട്ടികളും

മരണപ്പെട്ട മാതാപിതാക്കൾക്ക് ഉപകരിക്കുന്ന മൂന്ന് കാര്യങ്ങൾ പറഞ്ഞ ഹദീസിൽ ‘വലദുൻ സ്വാലിഹുൻ’ എന്നാണല്ലോ ഉള്ളത്. ഇതിൽ പരേതന്റെ പെൺമക്കൾ ഉൾപെടില്ലേ? ഉൾപെടുമെങ്കിൽ പുല്ലിംഗം മാത്രം സൂചിപ്പിച്ചതിന്റെ ലക്ഷ്യമെന്താണ്?
-മുജീബുറഹ്‌മാൻ വെള്ളാട്ട്പറമ്പ്

വലദ് എന്നതിന്റെ അർഥം മകൻ എന്നുമാത്രം മനസ്സിലാക്കിയത് ശരിയല്ല. മകനും മകളും ഉൾകൊള്ളുന്ന സന്താനം എന്നാണ് ‘വലദ്’ എന്നതിന്റെ അർഥം. ‘വലദ്’ എന്നാൽ സന്താനമാണ് ആണിനും പെണ്ണിനും ‘വലദ്’ എന്ന് പറയുന്നതാണ് (അൽമിസ്ബാഹുൽ മുനീർ 156).

ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ