അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ച് ഭക്തിപൂര്‍വം പള്ളിയില്‍ ഭജനമിരിക്കലാണ് ഇഅ്തികാഫ്. നബി(സ്വ) ജീവിതാന്ത്യം വരേ നിലനിര്‍ത്തിപ്പോന്ന ചര്യയാണിത്. ജീവിത തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞുമാറി നിശ്ചിത കാലം ഇലാഹീ സ്മരണയിലും ഇബാദത്തിലും മുഴുകാന്‍ വിശ്വാസിക്ക് സവിശേഷാവസരം ഒരുക്കിക്കൊടുക്കുകയാണ് ഇഅ്തികാഫ്.
ശ്രേഷ്ഠവും അനുഗ്രഹീതവുമായ കര്‍മമാണ് ഇഅ്തികാഫ്. സര്‍വസ്വവും അല്ലാഹുവില്‍ സമര്‍പ്പിച്ച് മനഃശുദ്ധിയും ഭക്തിയും ഉണ്ടാക്കാനും പശ്ചാതാപവിവശനായി ഹൃദയം സ്ഫുടം ചെയ്യാനും മുസ്ലിമിനെ അത് പ്രാപ്തനാക്കുന്നു. നബി(സ്വ) പറഞ്ഞു: ‘ഒരാള്‍ ഇഅ്തികാഫ് ഇരുന്നാല്‍ പാപങ്ങളില്‍ നിന്ന് തടയപ്പെടുകയും എല്ലാ സല്‍കര്‍മങ്ങളും അനുഷ്ഠിച്ചവനെപ്പോലെയുള്ള നന്മ അയാളുടെ പേരില്‍ എഴുതപ്പെടുകയും ചെയ്യുന്നതാണ്’ (ഇബ്നുമാജ).
എല്ലാ സമയത്തും ഇഅ്തികാഫ് സാധുവാകുന്നതാണ്. ‘ഈ പള്ളിയില്‍ ഇഅ്തികാഫിന് ഞാന്‍ കരുതി’ എന്നാണ് നിയ്യത്ത് ചെയ്യേണ്ടത്. ‘ഇഅ്തികാഫ് ഇരിക്കുക’ എന്ന് പറയാറുണ്ടെങ്കിലും ചടഞ്ഞ് ഇരിക്കണമെന്നില്ല. പള്ളിയിലൂടെ നടന്നാലും കിടന്നാലും ഉറങ്ങിയാലുമെല്ലാം ഇഅ്തികാഫ് സാധുവാകും. ഇഅ്തികാഫിരിക്കുന്ന സമയം നിസ്കാരം, ഖുര്‍ആന്‍ പാരായണം, ദിക്റ്, സ്വലാത്ത്, ഇല്മ് പഠിക്കുക എന്നിവക്കായി മാറ്റിവെക്കണം. ഏഷണി, പരദൂഷണം, അസഭ്യം, അശ്ലീലം, വിനോദം എന്നിവ പൂര്‍ണമായും വര്‍ജിക്കണം. അവ ഇഅ്തികാഫിന്റെ പ്രതിഫലം നഷ്ടപ്പെടാന്‍ ഹേതുവാകും.
ഒരാള്‍ ഇഅ്തികാഫ് ഉദ്ദേശിച്ച് പള്ളിയില്‍ പ്രവേശിക്കുകയും ഇലാഹീപ്രീതി ആഗ്രഹിച്ച് ഭജനമിരിക്കുകയും ചെയ്യുന്നത് മുതല്‍ പുറത്ത് പ്രവേശിക്കുന്നത് വരെ അയാള്‍ ഇഅ്തികാഫിലായിരിക്കും. ഇഅ്തികാഫ് വിവിധ ഇനങ്ങളുണ്ട്. ഒരാള്‍ സ്വയം നിര്‍ബന്ധമാക്കുന്നതാണ് വാജിബായ ഇഅ്തികാഫ്. ഇത് നേര്‍ച്ചയാക്കലിലൂടെയാണ് സംഭവിക്കുക. ഏതു പള്ളിയിലും ഇഅ്തികാഫിരിക്കാന്‍ നേര്‍ച്ചയാക്കാം. മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്സ എന്നിവയല്ലാത്ത എല്ലാ പള്ളികളും ഇക്കാര്യത്തില്‍ ഒരേ പരിഗണനയാണ്. ഈ മൂന്ന് പള്ളികളല്ലാത്ത മറ്റേതെങ്കിലും പള്ളി ഉദ്ദേശിച്ചു നേര്‍ച്ച നേര്‍ന്നാല്‍ അയാള്‍ക്കിഷ്ടമുള്ള ഏത് പള്ളിയിലും ആവാം. നേര്‍ച്ച വീടുകയും ചെയ്യും. എന്നാല്‍ ഈ മൂന്ന് പള്ളികളില്‍ ഇഅ്തികാഫ് നേര്‍ച്ചയാക്കിയാല്‍ മറ്റേതെങ്കിലും പള്ളികളില്‍ അനുഷ്ഠിച്ചാല്‍ നേര്‍ച്ച വീടുകയില്ല.
ഒരു മുസ്ലിം ഐഛികമായി അനുഷ്ഠിക്കുന്ന ഇഅ്തികാഫാണ് സുന്നത്തായത്. ഇതിന് നിര്‍ണിതമായ സമയമില്ല. ഇഅ്തികാഫിന്റെ നിയ്യത്തോടെ പള്ളിയില്‍ തങ്ങുന്നവര്‍ക്ക് അതിന്റെ പ്രതിഫലം കരസ്ഥമാകും. പള്ളിയില്‍ നിന്ന് അയാള്‍ പുറത്ത് പോവുകയും തിരിച്ച് വരികയും ചെയ്യുമ്പോള്‍ നിയ്യത്ത് പുതുക്കണമെന്ന് മാത്രം.
ഇഅ്തികാഫ് തുടരെ അനുഷ്ഠിക്കാന്‍ തീര്‍ച്ചപ്പെടുത്തിയവന് മലമൂത്ര വിസര്‍ജനത്തിന് വേണ്ടി പുറത്ത് പോകാമെന്നതില്‍ പണ്ഡിതന്മാര് ഏകാഭിപ്രായക്കാരാകുന്നു. അത് പ്രകൃത്യാവശ്യങ്ങളാണല്ലോ. നജസില്‍ നിന്ന് ശുദ്ധിയാവുക, ജനാബത്ത് കുളിക്കുക എന്നിവക്ക് പള്ളിയില്‍ വെച്ച് സൗകര്യമുണ്ടെങ്കിലും പുറത്ത് പോകുന്നതില്‍ വിരോധമില്ല. കാരണം അതാണ് മാന്യതയും പള്ളിയോടുള്ള ആദരവു കാത്ത് സൂക്ഷിക്കാന്‍ സഹായകവും. അന്ന പാനീയങ്ങളുടെ അവസ്ഥയും ഇത് തന്നെ. അവ പള്ളിയിലെത്തിച്ചു കൊടുക്കാന്‍ ആളില്ലാത്തവര്‍ക്ക് അതിനായി പുറത്ത് പോകാം.
വുളൂഅ്, സുന്നത്ത് കുളി, രോഗ സന്ദര്‍ശനം, തഅ്സിയത്ത്, യാത്ര കഴിഞ്ഞ് വന്നവനെ സന്ദര്‍ശിക്കല്‍ തുടങ്ങിയ പാരത്രിക പ്രതിഫലമുള്ള കാര്യങ്ങള്‍ക്ക് തുടര്‍ച്ചയായ ഇഅ്തികാഫില്‍ നിന്ന് പുറത്ത് പോകല്‍ അനുവദനീയമാണ്. ഭരണാധികാരിയെ സന്ദര്‍ശിക്കല്‍ പോലുള്ള ഭൗതിക കാര്യങ്ങള്‍ക്കും പോകാം. എന്നാല്‍ ആവശ്യമില്ലാതെ മനഃപ്പൂര്‍വം പള്ളിയില്‍ നിന്ന് പുറത്ത് പോയാല്‍ അത് ഇഅ്തികാഫിന്റെ സാധുതയെ ബാധിക്കും. ആഇശ(റ) പറയുന്നു: ‘നബി(സ്വ) പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുമ്പോള്‍ എന്റെ നേരെ തല അടുപ്പിക്കുകയും ഞാന്‍ അവിടത്തെ മുടി ചീകിക്കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. അത്യാവശ്യങ്ങളില്ലാതെ ഇഅ്തികാഫ് ഇരിക്കുമ്പോള്‍ തിരുനബി(സ്വ) വീട്ടില്‍ പ്രവേശിക്കാറുണ്ടായിരുന്നില്ല’ (ബുഖാരി). അതുപോലെ മത പരിത്യാഗം, ബുദ്ധി നഷ്ടപ്പെടുക, സത്രീ സമ്പര്‍ക്കം തുടങ്ങിയ കാരണങ്ങളാല്‍ ഇഅ്തികാഫ് ദുര്‍ബലപ്പെടും.
എല്ലാ കാലത്തും ഇഅ്തികാഫ് പ്രതിഫലാര്‍ഹമാണെങ്കിലും റമളാനില്‍ ഇതിന് പ്രത്യേകം പുണ്യമുണ്ട്. നോമ്പുകാരന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ സഫലീകരിക്കാന്‍ ഏറെ സഹായകമാണ് ഇഅ്തികാഫ്. ഹുസൈന്(റ) ഉദ്ധരിക്കുന്ന ഹദീസില്‍ ഇപ്രകാരം കാണാം: റമളാന്‍ മാസത്തില്‍ ഇഅ്തികാഫ് ഇരിക്കുന്നതിന് രണ്ട് ഹജ്ജും ഉംറയും നിര്‍വഹിച്ചതിന്റെ പ്രതിഫലമാണ്. റമളാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഏറ്റവും പ്രതിഫലമുള്ളതാണ്. ആ രാത്രികളിലെ ഇഅ്തികാഫ് ലൈലത്തുല്‍ ഖദ്റിന്റെ പുണ്യം നേടാനും സ്വര്‍ഗത്തിലെത്താനും അവസരമൊരുക്കുന്നു. അനസ്(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘റമളാനിലെ അവസാനത്തെ പത്ത് തുടങ്ങിയാല്‍ നബി(സ്വ) തന്റെ ഉടുതുണി മുറുക്കിക്കെട്ടുകയും രാത്രി ഉറക്കമൊഴിച്ച് സജീവമാക്കുകയും വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും ചെയ്യുമായിരുന്നു. നബി(സ്വ) എല്ലാ റമളാനിലും പത്ത് ദിവസം ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. വഫാതായ കൊല്ലം ഇരുപത് ദിവസമായിരുന്നു ഇഅ്തികാഫ് ഇരുന്നത്’ (ബുഖാരി).
അല്ലാഹുവിന്റെ പ്രീതിയുദ്ദേശിച്ച് പള്ളിയില്‍ പാര്‍ക്കലാണ് ഇഅ്തികാഫിന്റെ കാതലായ വശം. താമസം പള്ളിയിലല്ലെങ്കിലും ആരാധന ഉദ്ദേശിച്ചില്ലെങ്കിലും അത് ഇഅ്തികാഫ് ആവുകയില്ല. അതുപോലെ മുസ്ലിമായിരിക്കുക, ബുദ്ധിയുള്ളവരായിരിക്കുക, വലിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയുള്ളവരായിരിക്കുക എന്നീ നിബന്ധനകള്‍ അവനില്‍ മേളിച്ചിരിക്കണം. അമുസ്ലിം, വലിയ അശുദ്ധിയുള്ളവന് എന്നിവരുടെ ഇഅ്തികാഫ് സാധുവാകുന്നതല്ല.
അപ്പോള്‍ സ്ത്രീകളുടെ ഇഅ്തികാഫോ? പരപുരുഷന്മാര് സംബന്ധിക്കുന്ന പള്ളികളിലേക്ക് ജുമുഅ ജമാഅത്തുകള്‍ക്കായി സ്ത്രീകള്‍ പുറപ്പെടുന്നത് തന്നെ നിഷിദ്ധമാണെന്നാണ് ഇസ്ലാമിക പ്രമാണം. പിന്നെങ്ങനെ ഇഅ്തികാഫിനായി അവര്‍ പള്ളിയിലേക്ക് പോകും?
ഏറെ പ്രത്യേകതയുള്ള മദീനാ പള്ളിയില്‍ പോലും സ്ത്രീകളോട് നിസ്കരിക്കാന്‍ നബി(സ്വ) നിര്‍ദേശിച്ചിരുന്നില്ല. പുണ്യം ലഭിക്കാന്‍ പള്ളിപ്രവേശനത്തിന് സമ്മതം ചോദിച്ച സ്വഹാബീ വനിത ഉമ്മുഹുമൈദിനിസ്സാഇദി(റ)യോട് നബി(സ്വ) ഉപദേശിച്ചത് ഇപ്രകാരമായിരുന്നു: ‘പുണ്യം നേടലാണ് നിങ്ങള്‍ക്ക് ലക്ഷ്യമെങ്കില്‍ പള്ളിയെക്കാള്‍ ഉത്തമം വീടാണ്.’
ഈ ഉപദേശങ്ങള്‍ അക്ഷരം പ്രതി മാനിക്കുകയാണ് സ്വഹാബി വനിതകള്‍ ചെയ്തത്. ഹദീസ് നിവേദകന് ഇത് വ്യക്തമാക്കുന്നു. വീട്ടില്‍ ഒരു പള്ളിയുണ്ടാക്കാന്‍ ഉമ്മു ഹുമൈദ(റ) നിര്‍ദേശിച്ചു. അങ്ങനെ വീടിന്റെ അന്തര്‍ ഭാഗത്ത് ഏറ്റവും ഇരുള് മുറ്റിയ സ്ഥലം മസ്ജിദാക്കി മരണം വരെ അവിടെ വെച്ചായിരുന്നു അവര്‍ നിസ്കരിച്ചത്.
ഹദീസില്‍ വന്ന ചില പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് നബി(സ്വ)യുടെ ഭാര്യമാര്‍ ഹിജാസ് സൂക്തം അവതരിച്ചതിനു ശേഷം മസ്ജിദുന്നബവിയില്‍ ഇഅ്തികാഫ് ഇരുന്നു എന്ന പ്രചരണം ശുദ്ധ അസംബന്ധമാണ്. വഖ്ഫ് ചെയ്ത മുറികളിലായിരുന്നു അവര്‍ ഇഅ്തികാഫിരുന്നത്. പത്നിമാരില്‍ എല്ലാവരുടെയും മുറികള്‍ മസ്ജിദുന്നബവിയോട് ചേര്‍ന്നായിരുന്നല്ലോ സ്ഥിതിചെയ്തിരുന്നത്. അല്ലാതെ പരപുരുഷന്മാര് ജുമുഅഃ ജമാഅത്തിന് വരുന്ന പള്ളിയില്‍ അവര്‍ ഒരിക്കലും ഇഅ്തികാഫ് ഇരുന്നിട്ടില്ല.
മുസ്തഫ സഖാഫി കാടാമ്പുഴ