ഹൊ, എന്തൊരു ചൂട്? മലയാളികള്‍ ആകാശത്തേക്ക് നോക്കി നെടുവീര്‍പ്പിടുകയാണിപ്പോള്‍. എക്കാലത്തെയും മികച്ച ഉഷ്ണമാണ് ഈ വര്‍ഷത്തേത്. മറ്റു സംസ്ഥാനക്കാര്‍ക്ക് വെയിലില്‍ നിന്ന് രക്ഷപ്പെടാനുള്ള തണലിടമായിരുന്നു കേരളം. എന്നാല്‍ ഈ തണലിടം മരുഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തിന്‍റെ പ്രകൃതിയില്‍ വന്ന വലിയ മാറ്റങ്ങള്‍ കാരണമായി കേരളമമെന്ന മിതശീതോഷ്ണ നാട് അത്യുഷ്ണത്തില്‍ തിളയ്ക്കുകയാണ്.
നാല്‍പത്തിനാലു നദികള്‍ക്ക് പുറമെ മുപ്പത് ലക്ഷത്തിലധികം കിണറുകളും നിരവധി കുളങ്ങളും തോടുകളും തടാകങ്ങളും നിറഞ്ഞ ഒരു ജല സംഭരണിയാണ് കേരളം. ഓരോ വര്‍ഷവും ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഇവിടെ മഴ ലഭിക്കുന്നത്. എന്നിട്ടും നമ്മുടെ മണ്ണ് തരിശാവുന്നതെന്തുകൊണ്ട്? ആഴത്തിലുള്ള പഠനം അനിവാര്യമാണ്. വരള്‍ച്ചയിലേക്കുള്ള ഈ പരിണാമം ഏറെ വിസ്മയം നിറഞ്ഞതത്രെ. ഋതുഭേദങ്ങളുടെ വേലിയേറ്റമോ വേലിയിറക്കമോ മലയാളിയുടെ ജലസംഭരണികള്‍ക്ക് ഒരു പ്രശ്നമായിരുന്നില്ല. എന്നാല്‍ ഇന്ന് നാട് അതിവേഗം കൊടും വരള്‍ച്ചയിലേക്ക് കുതിക്കുന്നു. വയലുകളിലെ നെല്ലും വാഴയും കൂറ്റന്‍ ഫ്ളാറ്റുകള്‍ക്ക് വഴിമാറിയപ്പോള്‍ നമ്മുടെ ജലസംഭരണികളെല്ലാം വറ്റിത്തുടങ്ങുകയും പൊള്ളുന്ന ചൂടിന് വിധേയമാവുകയും ചെയ്തു.
കുന്നുകളെല്ലാം വയലുകളിലേക്ക് കുടിയേറാന്‍ ലോറികള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്നു എന്ന അവസ്ഥയായി. കുന്നിടിച്ചും വയല്‍ നികത്തിയും സുഖിക്കുമ്പോള്‍ അടിയിലെ മണ്ണൊലിച്ചു പോവുകയാണെന്ന സത്യം നാം മറന്നുകളയുന്നു. നാടിന്‍റെ ഐശ്വര്യവും വിദേശ സഞ്ചാരികളുടെ ആകര്‍ഷക ഘടകവുമായിരുന്ന ഈ പച്ചപ്പരവതാനികള്‍ പറിച്ചെറിഞ്ഞതോടെയാണ് കഷ്ടകാലം തുടങ്ങിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി രണ്ടായിരത്തിലേറെ ഹെക്ടര്‍ കൃഷിഭൂമി നികത്തപ്പെട്ടു. 1970-ല്‍ ഉണ്ടായിരുന്ന ഒമ്പത് ലക്ഷം ഹെക്ടര്‍ കൃഷിഭൂമി മൂന്ന് ലക്ഷം ഹെക്ടറായി ചുരുങ്ങിയിരിക്കുന്നു. 1957-ല്‍ കേരളത്തിന്‍റെ മൂന്നിലൊന്നും വനമായിരുന്നത് ഏഴിലൊന്നായി ചുരുങ്ങി. വയലുകളെയും മരങ്ങളെയും നശിപ്പിച്ചതോടെ മഴവെള്ളത്തെ സംഭരിച്ച് നിര്‍ത്തിയിരുന്ന സംരക്ഷണ കവചങ്ങളാണ് കൈമോശം വന്നത്. ഈ കാരണം കൊണ്ടാണ് ചരിത്രത്തിലെ ഏറ്റവും ശക്തമായ ക്ഷാമത്തിന് നാട് വിധേയമായത്. നാം തന്നെയാണ് ഇതിനുത്തരവാദികള്‍. ഓര്‍ക്കുക, മനുഷ്യരാശിയുടെ നാശത്തിന്‍റെ തുടക്കമാണ് പ്രകൃതിയുടെ നാശം. ആദ്യം മരങ്ങള്‍ മരിക്കും പിന്നെ മനുഷ്യനും എന്നാണ് ജര്‍മന്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ മുദ്രാവാക്യം.
മനുഷ്യന്‍റെ കൈക്രിയയുടെ ഫലമായി പച്ചപ്പുകളെ ഗര്‍ഭം ധരിക്കാത്ത വന്ധ്യയായി രൂപാന്തരപ്പെട്ട ഭൂമിയുടെ കഥ നിശ്ശബ്ദവസന്തം എന്ന പുസ്തകത്തില്‍ റോച്ചല്‍ കഴ്സണ്‍ പറയുന്നുണ്ട്. 1962 സപ്തംബ് 17-ന് പുറത്തിറങ്ങിയ ഈ പുസ്തകം ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള മനുഷ്യന്‍റെ കടന്നുകയറ്റങ്ങള്‍ ഭൂമിയെ നശിപ്പിക്കുന്ന രംഗങ്ങള്‍ സുവ്യക്തമായി ചിത്രീകരിക്കുന്നു: ‘പാടങ്ങളും പുഴകളും പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ ഭൂമിയിലേക്ക് പെട്ടെന്ന് അപകടങ്ങള്‍ വന്നടിയുന്നു. അതോടെ മേഞ്ഞ്നടന്നിരുന്ന ആടുകള്‍ മറിഞ്ഞുവീണ് ചാവാന്‍ തുടങ്ങി. തേനീച്ചകളും ശലഭങ്ങളും അപ്രത്യക്ഷമാകുന്നു. പക്ഷികളെ കാണാനില്ല. അവയുടെ സംഗീതം നിലച്ചു. കോഴികള്‍ അടയിരുന്നിട്ടും മുട്ടകള്‍ വിരിയുന്നില്ല. മരങ്ങള്‍ പൂത്തിട്ടും പൂമ്പാറ്റകള്‍ വരുന്നില്ല. ജലാശയങ്ങളില്‍ മത്സ്യം നീന്തിക്കളിക്കുന്നില്ല.’ ഇങ്ങനെയൊരു ഗ്രാമമുണ്ടോ? ഒരു കലാകാരന്‍റെ ചിത്രീകരണം മാത്രമാണിത്. പക്ഷേ, ഇത് പൂര്‍ണമായും സാങ്കല്‍പികമല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് നാം മലയാളികള്‍.
മനുഷ്യന്‍റെ കൈക്കടത്തലുകള്‍ക്കെതിരെയുള്ള പ്രതികാരം വ്യത്യസ്ത രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുന്നു. പ്രകൃതിയുടെ കോപം അഗ്നിയായി അന്തരീക്ഷത്തില്‍ ഉയര്‍ന്നതാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന അസഹ്യമായ താപം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.5 ശതമാനം താപമാണ് വര്‍ധിച്ചത്. ഈ ഉയര്‍ന്ന താപം കിണറുകളെയും പുഴകളെയും നക്കിത്തുടച്ച് കഴിഞ്ഞു. നിറഞ്ഞൊഴുകിയിരുന്ന ഭാരതപുഴയും പെരിയാറും ഓവുചാലായി മാറി. മലയാളിയുടെ പരമ്പരാഗത കുടിവെള്ള സ്രോതസ്സുകള്‍ വറ്റിയതോടെ ദാഹമകറ്റാനും പണം മുടക്കേണ്ട ഗതികേടിലെത്തി. അരിക്കും പച്ചക്കറികള്‍ക്കും മാര്‍ക്കറ്റിനെ ആശ്രയിക്കുന്നത് പോലെ കുടിവെള്ളത്തിനും വിപണിയെ ആശ്രയിക്കേണ്ട അവസ്ഥയാണ് നമുക്ക്. കോടിക്കണക്കിന് രൂപയുടെ വെള്ളക്കച്ചവടമാണ് ദിനംപ്രതി നടക്കുന്നത്. ശീതളപാനീയങ്ങളും മിനറല്‍ വാട്ടറുമാണ് മലയാളിയുടെ ഇഷ്ട പാനം.
എല്ലാം വിലകൊടുത്ത് വാങ്ങുകയെന്നത് മലയാളിയുടെ ബലഹീനതയാണ്. ഈ ദൗര്‍ബല്യം ആയുധമാക്കി കുത്തക കമ്പനികള്‍ കുപ്പിവെള്ള വ്യവസായം പൊടിപൊടിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ നാല്‍പതിലധികം കമ്പനികള്‍ മുവ്വായിരം കോടിയുടെ ബിസിനസ്സാണ് വര്‍ഷം പ്രതി നടത്തുന്നത്. പാര്‍ലെയുടെ ബിസ്ലെരിയും മണിചന്ദ് ഗ്രൂപ്പിന്‍റെ ഓക്സിറിച്ച്, ടാറ്റയുടെ ഹിമാലയം, യുബിയുടെ കിംഗ്ഫിഷര്‍, പെപ്സിയുടെ അക്വാഫിന, കൊക്കക്കൊളയുടെ കിന്‍ലെയും കേരളത്തില്‍ കുപ്പിവെള്ള വില്‍പ്പനയില്‍ മുന്നിലാണ്. വന്‍കിട കമ്പനികള്‍ക്ക് പുറമെ ഐടി കമ്പനികളും ചിട്ടി കമ്പനികള്‍ പോലും ഈ രംഗത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നു. ആര്‍ക്കും ചെയ്യാവുന്ന ലാഭകരമായ ഒരു ബിസിനസ്സായി കുടിവെള്ളക്കച്ചവടം മാറി. ലോറിയും ടാങ്കും ആവശ്യത്തിന് പ്ലാസ്റ്റിക് കുപ്പികളുമുണ്ടായാല്‍ ജലക്കച്ചവടം തുടങ്ങാം. മൊബൈല്‍ ഫോണ്‍ നമ്പര്‍ നാടുനീളെ ഒട്ടിച്ചാല്‍ ആവശ്യക്കാരേറും.
വെള്ളക്കച്ചവടത്തിന്‍റെ കുത്തക മത്സരത്തില്‍ ബലിയാടാവുന്നത് നമ്മുടെ പുഴകളും കിണറുകളും തന്നെയാണ്. കോട്ടയം നഗരത്തിലെ മീനച്ചിലാറും കോടൂരാറും ഉദാഹരണങ്ങള്‍ മാത്രം. ജലം ഊറ്റിക്കുടിക്കുന്ന ചുടലയക്ഷികളായി പത്തിലേറെ കുടിവെള്ളക്കമ്പനികളാണ് കോട്ടയം നഗരത്തില്‍ പ്രവര്‍ത്തിക്കുന്നത്. കുടിവെള്ളക്കമ്പനികള്‍ക്ക് മാത്രമല്ല മറ്റു വന്‍കിട വ്യവസായങ്ങള്‍ക്കും ധാരാളം വെള്ളം വേണം. ദിനേനെ കോടിക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഈ രണ്ടു പുഴകളില്‍ നിന്നുമെടുക്കുന്നത്.
ജനങ്ങളുടെ കുടിവെള്ളമെല്ലാം അശുദ്ധമാണെന്നും ശാസ്ത്രീയ മാര്‍ഗങ്ങള്‍ മുഖാന്തരം ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നും പ്രചരിപ്പിച്ച് മലയാളികളെ കുപ്പിയിലാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. കുടിവെള്ളം മാലിന്യം നിറഞ്ഞതാണെന്ന സര്‍വെ കണക്കുകള്‍ക്കു പിന്നില്‍ ഇത്തരം കമ്പനികള്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കുടിവെള്ളക്കമ്പോളം വീര്‍പ്പിക്കാന്‍ ഇതുപോലുള്ള ഗവേഷണ നാടകങ്ങള്‍ അനിവാര്യമാണ്. രോഗങ്ങള്‍ അധികവും ജലമലിനീകരണം കാരണമാണെന്നും പ്രചരിപ്പിക്കുന്നു. ചുരുക്കത്തില്‍ ജലവിപണി കുതിച്ചു ചാടുകയാണ്. ഈ മുന്നേറ്റം തുടരുകയും മുതലാളിമാര്‍ കൂടുതല്‍ പണമിറക്കുകയും ജലം ശേഖരിക്കാന്‍ കമ്പനികള്‍ മത്സരിക്കുകയും ചെയ്താല്‍ നമ്മുടെ കുടിവെള്ളം പൂര്‍ണമായും മാര്‍ക്കറ്റ് ഉല്‍പന്നമായി മാറും. യൂറോപ്യന്‍ രാജ്യങ്ങളിലും അറേബ്യയിലുമെന്നപോലെ ശക്തമായ ജലവിപണി നാട്ടുനടപ്പാകും. അറേബ്യയിലും ആഫ്രിക്കയിലും പയറ്റി വിജയിച്ച കുടിവെള്ളക്കമ്പനികള്‍ തന്നെയാണ് കേരളത്തിലുമുള്ളത്. ഒരു ലിറ്റര്‍ കുടിവെള്ളത്തിന് ആഫ്രിക്കന്‍ ഗ്രാമങ്ങളില്‍ ഇരുനൂറ് രൂപ വരെ വിലയുണ്ട്. കുടിവെള്ള സ്രോതസ്സുകളെല്ലാം വറ്റിയാല്‍ പിന്നെ കുപ്പിവെള്ളം പൊന്നുവിലക്ക് വാങ്ങുക തന്നെ. ഈ ഒരവസ്ഥ വന്നാല്‍ എന്തായിരിക്കും നമ്മുടെ ഗതി. ഐക്യരാഷ്ട്ര സഭ ബ്ലൂഗോള്‍ഡ്, ലിക്യുഡ് ഗോള്‍ഡ് എന്നാണ് വെള്ളത്തെ വിശേഷിപ്പിച്ചത്.
മിനറല്‍ വെള്ള ഉപയോഗവും ശീതള പാനീയ പ്രേമവും നമ്മെ രോഗികളാക്കി മാറ്റുകയാണ്. വൃത്തിയില്ലാത്ത അന്തരീക്ഷത്തിലാണ് ഇവ നിര്‍മിച്ചെടുക്കുന്നത്. ‘ലോകത്ത് ഭക്ഷണവും വെള്ളവും ലഭിക്കാതെ മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ വെള്ളവും ഭക്ഷണവും കഴിച്ചു മരിക്കുന്നു’ എന്ന നോം ചോംസ്കിയുടെ വാക്കുകള്‍ എത്ര അര്‍ത്ഥപൂര്‍ണം.
ഇരുപത് ശതമാനം മലയാളികളുടെ കുടിവെള്ളമായി മാറിയ മിനറല്‍ വാട്ടര്‍ തയ്യാറാക്കുന്ന കാര്യത്തില്‍ ശാസ്ത്രീയ നിര്‍ദേശങ്ങള്‍ പാലിക്കുവാന്‍ കമ്പനികള്‍ തയ്യാറാകുന്നില്ല എന്നാണ് വാസ്തവം. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തുന്ന മിനറല്‍ വാട്ടര്‍ ഉപ്പ് രസം നിറഞ്ഞ ജലത്തെ മാരകമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് കൊണ്ടാണ് ‘ശുദ്ധീകരിക്കുന്നത്’. വിനാശകരമായ നൈട്രേറ്റും സള്‍ഫേറ്റുമെല്ലാം ഒരു കൂസലുമില്ലാതെ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്നു. അഞ്ച് തരത്തിലുള്ള ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നിയമം. മാര്‍ക്കറ്റ് കയ്യടക്കാനുള്ള പടയോട്ടത്തിനിടയില്‍ എല്ലാ കമ്പനികള്‍ക്കും നിയമങ്ങള്‍ പുല്ലുവില. പണം കൊടുത്ത് രോഗം വാങ്ങുകയാണ് നാം. മിനറല്‍ വാട്ടറിനേക്കാള്‍ മാരകമായ ശീതള പാനീയങ്ങളും മലയാളിയുടെ ഇഷ്ടപാനമായി മാറിക്കഴിഞ്ഞു. ശീതളപാനീയങ്ങള്‍ക്ക് പകരം വീട്ടില്‍ നിന്നുള്ള ശുദ്ധജലം കരുതുന്നതാണ് നല്ലത്.
ഓരോ വേനല്‍ കാലവും നാം കുടിച്ച് തീര്‍ക്കുന്ന ശീതളപാനീയങ്ങള്‍ക്ക് കൈയും കണക്കുമില്ല. പെപ്സിയും കൊക്കക്കോളയുമാണ് ഈ ഗണത്തിലൊന്നാമത്. ഏറെ വിഷമയമായ പാനീയമാണ് കോള. ഒരു മണിക്കൂറിനുള്ളില്‍ നാല് ലിറ്റര്‍ കോള അകത്താക്കിയതുമൂലം മരണം സംഭവിച്ച വാര്‍ത്ത കോളയുടെ മാരകത്വം തെളിയിക്കുന്നു. ഇതാണ് മലയാളികള്‍ കുടിച്ച് തീര്‍ക്കുന്നത്. വീണ്ടും വീണ്ടും കഴിക്കാന്‍ പ്രേരിപ്പിക്കുന്ന കഫീന്‍സും ഗ്ലൂക്കോളും യാതൊരു നിയന്ത്രണവും കൂടാതെ കോളയില്‍ ഉപയോഗിക്കുന്നു. ഇത് കരളിനടക്കം നിരവധി ആന്തരിക അവയവങ്ങള്‍ക്ക് ദോഷമാണ്. മനുഷ്യനെ കൊന്നിട്ടാണെങ്കിലും ലാഭമുണ്ടാക്കിയാല്‍ മതി എന്ന ചിന്തയിലാണ് കമ്പനികള്‍. അമേരിക്ക അടക്കമുള്ള നാടുകളില്‍ ശക്തമായ നിയന്ത്രണങ്ങളോടെയാണ് കോള നിര്‍മിക്കുന്നതെങ്കില്‍ നമ്മുടെ നാട്ടില്‍ കോളക്ക് ഒരു നിയമവും ബാധകമല്ല. ഇസ്റാഈല്‍ കമ്പനിയായ പെപ്സിയും പെപ്സിയുടെ മിനറല്‍ ഉത്പന്നമായ അക്വാഫിനയും മലയാളികളുടെ പ്രധാന പാനീയമാണ്. ുലുശെ എന്നതിന് ചിലര്‍ നല്‍കിയ പൂര്‍ണ രൂപം ജമ്യ ഋമരവ ജലി്യ ടമ്ല ളീൃ കൃമെലഹ എന്നാണ്. ഇസ്റാഈലിന്‍റെ സംരക്ഷണത്തിന് ഓരോ നാണയവും എന്നര്‍ത്ഥം. അഥവാ പെപ്സിയുടെ ഉപഭോക്താക്കള്‍ ഇസ്റാഈലിനെയാണ് വളര്‍ത്തുന്നത്. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ഊറ്റം കൊള്ളുന്നവര്‍ പോലും പെപ്സിയുടെയും കൊക്കക്കോളയുടെയും മുമ്പില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് കാണുന്നത്. പെപ്സിയും കോളയും നിത്യപാനീയമാക്കി നാമെന്തിന് ഇസ്റാഈലിനെ സഹായിക്കണം?
വര്‍ധിച്ചുകൊണ്ടിരിക്കുന്ന കുടിവെള്ള വ്യവസായം നല്ല സൂചനയല്ല നമുക്ക് തരുന്നതെന്ന് ചുരുക്കം. ജലത്തിന്‍റെ മൂല്യം തിരിച്ചറിഞ്ഞ് മഴവെള്ളം സംഭരിച്ച് വെക്കാന്‍ നാം തയ്യാറാകണം. ആ വെള്ളം വേനല്‍ക്കാലത്ത് ഉപയോഗിക്കാം. കിണറ്റിലെ ഔഷധ ഗുണമുള്ള ശുദ്ധജലം വലിച്ചെറിഞ്ഞ് മാരക രാസവസ്തുക്കള്‍ നിറഞ്ഞ കുപ്പിവെള്ളം കുടിച്ച് നാമെന്തിന് ജീവന്‍ അപകടത്തിലാക്കണം. വിദൂരയാത്രക്കൊരുങ്ങുമ്പോള്‍ വീട്ടില്‍ നിന്ന് തന്നെ വെള്ളം കരുതുക. കുപ്പിവെള്ളം വാങ്ങി ഇത്തരം കമ്പനികളെ വളര്‍ത്തിയാല്‍ നാം ശരിക്കും വെള്ളം കുടിക്കുമെന്നോര്‍ക്കുക. പിന്നെ ജീവിതം വഴിമുട്ടും. വന്‍കിട കമ്പനികള്‍ ജലസ്രോതസ്സുകളെ മലിനപ്പെടുത്തുകയും ജലചൂഷണം തുടരുകയും ചെയ്യുമ്പോള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഉറക്കം നടിക്കുന്നത് ക്ഷന്തവ്യമല്ല. ഉറവയടക്കുന്നതാണ് ഒഴുക്ക് തടയുന്നതിനേക്കാള്‍ ഉചിതം. അതുകൊണ്ട് ശ്രദ്ധയോടെ ഉപയോഗിച്ച് ഭാവി തലമുറക്കു കൂടി കരുതിവെക്കേണ്ടതാണ് ജലം. ഈ രംഗത്ത് എസ്വൈഎസ് ചെയ്യുന്ന സേവനങ്ങള്‍ സമൂഹം മാതൃകയാക്കിയേ തീരൂ.
ഹാരിസ് അശ്റഫി കൊമ്പോട്