പ്രമുഖ സ്വഹാബിവര്യനായ അബൂമൂസൽ അശ്അരി(റ)യിലേക്കാണ് ഇമാം അബുൽ ഹസൻ അൽഅശ്അരി(റ)യുടെ പരമ്പര ചെന്നെത്തുന്നത്. ഹിജ്‌റ 260ൽ ബസ്വറയിലാണ് അബുൽ ഹസൻ അൽഅശ്അരി(റ)യുടെ ജനനം. അലിയ്യുബ്‌നു ഇസ്മാഈലുബ്‌നു അബീ ബിശ്ർ ഇസ്ഹാഖുബ്‌നു സാലിമുബ്‌നു ഇസ്മാഈലുബ്‌നു അബ്ദുല്ലാഹിബ്‌നു മൂസബ്‌നു ബിലാലുബ്‌നു അബീബുർദുബ്‌നു അബീമൂസൽ അശ്അരി എന്നാണ് പൂർണനാമം.

നബി(സ്വ)യുടെ സുവിശേഷത്തിന്റെ പൂർത്തീകരണമാണ് ഇമാം അശ്അരി(റ)യുടെ പിറവിയോടെ നടന്നത്. ‘വിശ്വാസികളേ, നിങ്ങളിൽ നിന്ന് ആരെങ്കിലും ദീൻ വിട്ട് പോകുന്നപക്ഷം, അല്ലാഹു മറ്റൊരു ജനതയെ കൊണ്ടുവരും, അല്ലാഹു അവരെയും അവർ അല്ലാഹുവിനെയും സ്‌നേഹിക്കും’ എന്ന് തുടങ്ങുന്ന അൽമാഇദയിലെ 54ാമത്തെ വചനത്തിലെ ‘അല്ലാഹു അവരെയും അവർ അല്ലാഹുവിനെയും സ്‌നേഹിക്കും’ എന്ന ഭാഗം അവതരിപ്പിച്ചപ്പോൾ തിരുനബി(സ്വ) അബൂമൂസൽ അശ്അരി(റ)യിലേക്ക് വിരൽ ചൂണ്ടി ഇങ്ങനെ പറഞ്ഞു: അബൂമൂസാ, അത് താങ്കളുടെ വിഭാഗമാണ്’ (അൽമുസ്തദ്‌റക് 2/342).

ഹിജ്‌റ രണ്ടാം ശതകത്തിൽ ജീവിച്ച ഇമാം ശാഫിഈ(ഹി: 150204) കർമശാസ്ത്രത്തിലാണ് വിപ്ലവം സൃഷ്ടിച്ചതെങ്കിൽ തൊട്ടടുത്ത നൂറ്റാണ്ടിൽ ജീവിച്ച(ഹി: 260-324) അബുൽ ഹസൻ അൽഅശ്അരി(റ)യുടെ കർമമണ്ഡലം (അഖീദ)വിശ്വാസ ശാസ്ത്രമായിരുന്നു.

ഇമാം അശ്അരി(റ) അഹ്‌ലുസ്സുന്നയുടെ പരമ്പരാഗത വിശ്വാസങ്ങളെ വിശുദ്ധ ഖുർആൻ, സുന്നത്ത് അടക്കമുള്ള പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സമർഥിക്കുന്നതിലും സംരക്ഷിക്കുന്നതിലും അവയ്ക്കു നേരെ വന്ന ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിലും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അഹ്‌ലുസ്സുന്നയുടെ ഒരു വിഭാഗം അശ്അരീ സരണി എന്ന പേരിൽ പ്രസിദ്ധമായത്.

മുൻഗാമികൾക്കില്ലാത്ത പുതിയൊരു വിശ്വാസധാര ഇമാം അശ്അരി(റ) നിർമിച്ചിട്ടില്ല. ധിഷണക്ക് അമിത പ്രധാന്യം നൽകുകയും പ്രമാണങ്ങളെ രണ്ടാംതരമാക്കുകയും ചെയ്ത് വഴിപിഴച്ച മുഅ്തസലികൾ ശക്തിപ്രാപിച്ച അവസരത്തിൽ യഥാർഥ അഹ്‌ലുസ്സുന്നയെ പ്രബോധനം ചെയ്യുകയായിരുന്നു ഇമാമിന്റെ ദൗത്യം.

താജുദ്ദീനു സുബ്ഖി(റ) പറയുന്നു: അറിയുക, അബുൽ ഹസൻ അൽഅശ്അരി(റ) പുതിയൊരു ചിന്താധാര കണ്ടുപിടിക്കുകയോ മദ്ഹബ് രൂപപ്പെടുത്തുകയോ ചെയ്തിട്ടില്ല. മുൻഗാമികളുടെ വഴിയെ ഊട്ടിയുറപ്പിക്കുകയും സ്വഹാബികൾ വിശ്വസിച്ചുപോന്ന ആശയങ്ങൾക്ക് നേരെ വരുന്ന ആരോപണങ്ങളെ പ്രതിരോധിക്കുകയും മാത്രമാണ് അദ്ദേഹം ചെയ്തത് (ത്വബഖാതു ശാഫിഇയ്യത്തിൽ കുബ്‌റ 3/365).

മുഖ്യധാരയുടെ വലിയ പിന്തുണ ആ കാലത്ത് തന്നെ ഇമാമിന് ലഭിക്കുകയുണ്ടായി. ശൈഖുൽ ഇസ്‌ലാം ഇസ്സുദ്ദീനുബ്‌നു അബ്ദിസ്സലാം(റ) എഴുതി: ശാഫിഈ, മാലികീ, ഹനഫീ ധാരയിലുള്ളവരും ഹമ്പലികളിലെ മഹാജ്ഞാനികളും ഇമാം അശ്അരി(റ)യുടെ വഴി പിന്തുടർന്നവരായിരുന്നു.
ആ കാലഘട്ടത്തിലെ പ്രമുഖ മാലികീ പണ്ഡിതനായ ഇബ്‌നുൽ ഹാജിബും ഹനഫീ പണ്ഡിത പ്രമുഖനായ ജമാലുദ്ദീൻ അൽഹസീരിയും ഇസ്സുദ്ദീനുബ്‌നു അബ്ദുസ്സലാം(റ)വിനോട് ഈ വിഷയത്തിൽ യോജിപ്പ് പ്രകടിപ്പിച്ചവരാണ് (ത്വബഖാത് 3/365)

40 വർഷം മുഅ്തസിലി ചിന്താസരണി പിന്തുടർന്നാണ് ഇമാം അശ്അരി(റ) ജീവിച്ചതെന്നാണ് പല ചരിത്രകാരന്മാരും പറയുന്നത്. മുഹദ്ദിസായിരുന്ന പിതാവിന്റെ വിയോഗത്തിന് ശേഷം തന്റെ മാതാവിനെ മുഅ്തസിലി പണ്ഡിതനായിരുന്ന അബൂഅലിയ്യിനിൽ ജുബ്ബാഇ വിവാഹം ചെയ്തതോടെയാണ് ഇമാം അശ്അരി(റ) ജുബ്ബാഇക്കൊപ്പം കഴിയുന്നത്.
മുഅ്തസിലി ആശയങ്ങളെ ആഴത്തിൽ പഠിച്ച ഇമാം ഗുരുവായ ജുബ്ബാഇയുടെ ഇഷ്ട ശിഷ്യനായിരുന്നു. ഹുസൈനുബ്‌നു മുഹമ്മദ് അൽഅസ്‌കരി സാക്ഷ്യപ്പെടുത്തുന്നു: ജുബ്ബാഇയുടെ ശിഷ്യനായിരുന്നു ഇമാം അശ്അരി. അനിതര സാധാരണമായ ചിന്താശേഷിയുടെ ഉടമ കൂടിയായിരുന്നു മഹാൻ. ജുബ്ബാഇയാവട്ടെ രചനകളിൽ കേന്ദ്രീകരിച്ച വ്യക്തിയും. സംവാദങ്ങളിൽ എതിരാളിയെ നേരിടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. സംവാദങ്ങൾക്ക് വേദിയൊരുങ്ങുന്നപക്ഷം ജുബ്ബാഇ ശിഷ്യനായ അശ്അരിയോട് പറയും: താങ്കൾ എനിക്ക് പകരക്കാരനായി സംവദിക്കുക.
മുഅ്തസലി ആശയങ്ങളുടെ പ്രചാരകനായി ജീവിച്ച കാലത്ത് തന്നെ നിരവധി സംശയങ്ങളാൽ തളംകെട്ടിയ മനസ്സായിരുന്നു ഇമാമിന്റേത്. ഗുരുവായ ജുബ്ബാഇ പലപ്പോഴും അശ്അരിയുടെ ചോദ്യശരങ്ങൾക്ക് മുന്നിൽ മുട്ട് മടക്കിയിട്ടുണ്ട്.
ഒരിക്കൽ ഒരാൾ ജുബ്ബാഇയുടെ അടുത്ത് വന്ന് ചോദിച്ചു: അല്ലാഹുവിന് ‘ആഖിൽ’ (ബുദ്ധിമാൻ) എന്ന വിശേഷണം നൽകാമോ?
ജുബ്ബാഇ: ഇല്ല. കാരണം അഖ്‌ല് എന്ന പദം ഇഖാൽ എന്ന പദത്തിൽ നിന്ന് നിഷ്പന്നമായതാണ്. ഇഖാൽ എന്നാൽ വിലങ്ങുക എന്നാണർഥം. അപ്പോൾ ആഖിൽ എന്നതിന് വിലങ്ങുന്നവൻ എന്ന് അർഥം നൽകേണ്ടിവരും. അത് അല്ലാഹുവിന് നൽകാൻ പാടില്ല.
ഉടനെ ഇമാം പറഞ്ഞു: താങ്കളുടെ ഈ ന്യായമനുസരിച്ച് അല്ലാഹുവിന് ഹകീം എന്ന വിശേഷണവും നൽകാൻ പാടില്ലല്ലോ! കാരണം ഹകീം എന്ന പദം ‘ഹിക്മത്തു ലിജാം’ എന്ന ഉപയോഗത്തിൽ നിന്നു വന്ന പ്രയോഗമാണ്. മൃഗങ്ങളെ ബന്ധിപ്പിക്കുന്ന ഇരുമ്പിനാണ് ഭാഷയിൽ അത് ഉപയോഗിക്കുന്നത്. ശേഷം ഹസ്സാനുബ്‌നു സാബിത്(റ)യുടെ കവിത തെളിവായി ഇമാം അശ്അരി ഉദ്ധരിച്ചു. എന്നിട്ടദ്ദേഹം തുടർന്നു: താങ്കളുടെ ന്യായമനുസരിച്ച് ആഖിൽ എന്ന വിശേഷണം മാത്രമല്ല, അല്ലാഹു വിശുദ്ധ ഖുർആനിൽ സ്വയം പരിചയപ്പെടുത്താൻ ഉപയോഗിച്ച ഹകീം എന്ന വിശേഷണവും നൽകാൻ പറ്റില്ലെന്നു വരുമല്ലോ!?
ഉടനെ ജുബ്ബാഇയുടെ മറു ചോദ്യം: പിന്നെ എന്തുകൊണ്ടാണ് താങ്കൾ അല്ലാഹുവിന് ഹകീം എന്ന വിശേഷണം നൽകുകയും ആഖിൽ എന്നത് നൽകാതിരിക്കുകയും ചെയ്യുന്നത്?
അശ്അരി ഇമാം മറുപടി നൽകി: അല്ലാഹുവിന്റെ വിശേഷണങ്ങൾ പറയുന്നതിൽ ഭാഷാപരമായ താരതമ്യമല്ല (ഖിയാസുൻ ലുഗവിയ്യ) എന്റെ മാർഗം. അല്ലാഹു പരിചയപ്പെടുത്തിയത് ഞാൻ പറയുകയും അവൻ വിലക്കിയതിനെ ഞാൻ വിലക്കുകയും ചെയ്യുന്നു (ത്വബഖാതു ശാഫിഇയ്യത്തിൽ കുബ്‌റ 3/357,358).

ദീർഘകാലം നാവ് കൊണ്ടും പേന കൊണ്ടും മുഅ്തസിലി ചിന്തകൾക്ക് ശക്തിപകർന്ന ഇമാം അശ്അരി ധൈഷണിക മേഖലയിൽ അദ്വിതീയനായി മാറി. പിന്നീട് നാല് പതിറ്റാണ്ടിന് ശേഷമാണ് മുഅ്തസിലി ബന്ധം അവസാനിപ്പിക്കുന്നത്. അതിനിടയാക്കിയ കാരണങ്ങളിൽ ഒന്ന് ജുബ്ബാഇയുമായി നടന്ന പ്രസിദ്ധമായ സംവാദമായിരുന്നു. അതിങ്ങനെ:
‘അടിമക്ക് ഏറ്റവും അനുഗുണമായ(അസ്‌ലഹ്) കാര്യം ചെയ്യൽ അല്ലാഹുവിന് നിർബന്ധമാണ്’ എന്ന മുഅ്തസിലി ആശയത്തിലെ അബദ്ധം മനസ്സിലാക്കിയ ഇമാം അശ്അരി ജുബ്ബാഇയോട് ഇപ്രകാരം ചോദിച്ചു: മൂന്ന് പേർ മരണപ്പെട്ടു. ഒന്നാമൻ സച്ചരിതൻ, മറ്റൊരാൾ വഴിപിഴച്ചവൻ, മൂന്നാമൻ കൊച്ചുകുട്ടി. ഇവരുടെ പരലോകത്തിലെ അവസ്ഥ എങ്ങനെയായിരിക്കും?
ജുബ്ബാഇ പറഞ്ഞു: ഒന്നാമൻ സ്വർഗത്തിൽ, രണ്ടാമൻ നരകത്തിൽ, മൂന്നാമന് രണ്ടുമില്ല.
ഉടനെ അശ്അരി(റ)യുടെ ചോദ്യം: ‘അപ്പോൾ റബ്ബേ, നീ എന്തിനാണ് ചെറു പ്രായത്തിൽ തന്നെ എന്നെ മരിപ്പിച്ചത്. എനിക്ക് ആയുസ്സ് നൽകിയിരുന്നെങ്കിൽ ഞാൻ നിന്നിൽ വിശ്വസിക്കുകയും നിന്നെ അനുസരിച്ച് സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യുമായിരുന്നല്ലോ’ എന്ന് മൂന്നാമൻ പറഞ്ഞാൽ റബ്ബ് എന്ത് മറുപടി പറയും?
ജുബ്ബാഇയുടെ മറുപടി: റബ്ബ് പറയും; നീ വലുതായാൻ എന്നെ ധിക്കരിക്കുകയും അതു കാരണമായി നീ നരകത്തിൽ പ്രവേശിക്കുകയും ചെയ്യും എന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ഞാൻ നിന്നെ ചെറുപ്പത്തിലേ മരിപ്പിച്ചത്.
അപ്പോൾ അശ്അരിയുടെ മറുചോദ്യം: ‘റബ്ബേ, നീ എന്തേ എന്നെ ചെറുപ്പത്തിൽ മരിപ്പിക്കാതിരുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞാൻ നിന്നെ ധിക്കരിക്കുകയോ അത് മൂലം നരകവാസിയാവുകയോ ചെയ്യില്ലായിരുന്നല്ലോ’ എന്ന് കേട്ട് നിൽക്കുന്ന രണ്ടാമൻ ചോദിച്ചാലോ?
ഇതോടെ ജുബ്ബാഇക്ക് ഉത്തരം മുട്ടി. പിന്നീട് ഇമാം അശ്അരി(റ) മുഅ്തസിലി ബന്ധം പൂർണമായും അവസാനിപ്പിച്ച് അവരെ ഖണ്ഡിക്കാൻ ഇറങ്ങിപ്പുറപ്പെടുകയുണ്ടായി (ശർഹുൽ അഖാഇദ് പേ. 6).

ഇബ്‌നു അസാകിർ(റ) തബ്‌യീനു കദിബിൽ മുഫ്തരീ എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ ഉദ്ധരിച്ച റിപ്പോർട്ടനുസരിച്ച് നബി(സ്വ)യെ സ്വപ്ന ദർശനമുണ്ടായതാണ് അശ്അരിയുടെ പരിവർത്തനത്തിനു കാരണം. താജുദ്ദീനു സുബ്ഖി ത്വബഖാത്തി(9/150)ൽ ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്.
ഇതനുസരിച്ച് മുഅ്തസിലി ജ്ഞാന മേഖലയിൽ ജ്വലിച്ചുനിന്ന അശ്അരി(റ)ക്ക് വൈജ്ഞാനിക ആഴങ്ങൾ താണ്ടുംതോറും സംശയങ്ങൾ അധികരിക്കുകയും അവ നിർധാരണം ചെയ്യാൻ ഗുരുവായ ജുബ്ബാഇയോട് സംവാദങ്ങളിൽ ഏർപ്പെടുകയും പിന്നീട് ഒരു നിമിത്തമെന്നോണം പ്രവാചക സ്വപ്ന ദർശനം ലഭിക്കുകയും അഹ്‌ലുസ്സുന്നയുടെ മാർഗത്തിലേക്ക് കടന്നുവരികയും ചെയ്തതാവാം.
മുഅ്തസിലി മാർഗത്തിൽ പ്രവർത്തിച്ച ഒരു ഭൂതകാലവും പിന്നീട് അഹ്‌ലുസ്സുന്നയിലേക്കുള്ള മടക്കവും ഇമാം അശ്അരി(റ)യുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഏടാണെന്നതിൽ സംശയമില്ല. മുഅ്തസിലി ധാര ഉപേക്ഷിച്ച ഇമാം ബസ്വറയിലെ മിമ്പറിൽ കയറി തന്റെ ആശയങ്ങൾ വിശദീകരിച്ച് ഒരു പ്രഭാഷണം നടത്തിയിട്ടുണ്ട്. പുതിയൊരു ജ്ഞാനവിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്. മുഅ്തസിലി പണ്ഡിതനായിരുന്ന മുഹമ്മദ് നദീം തന്നെ അദ്ദേഹത്തിന്റെ ഫിഹരിസ്തിൽ ആ പ്രഭാഷണം ഉദ്ധരിക്കുന്നുണ്ട്: ‘എന്നെ അറിയുന്നവർക്കെല്ലാം എന്നെ നന്നായി അറിയാം, അറിയാത്തവർക്ക് വേണ്ടി ഞാൻ സ്വയം പരിചയപ്പെടുത്താം. ഞാൻ ഇന്നാലിന്ന ആളാണ്… തുടർന്ന് അദ്ദേഹത്തിനുണ്ടായിരുന്ന മുഅ്തസിലി വിശ്വാസ ആശയങ്ങൾ വിശദീകരിക്കുകയും അവകളിൽ നിന്നെല്ലാം പിൻമാറിയത് തുറന്നടിക്കുകയും ചെയ്തു (പേ. 225).

കാലാന്തരത്തിൽ പല ആരോപണങ്ങൾക്കും ഇമാം അശ്അരി(റ)യും അശ്അരീ സരണിയും പാത്രമായിട്ടുണ്ട്. നവ സലഫികൾ ഇന്നും അറബ് ലോകത്തടക്കം പ്രചരിപ്പിക്കുന്ന ഒരു ആരോപണം അതിൽ പ്രസിദ്ധമാണ്. അതിങ്ങനെ വായിക്കാം: ‘ഇമാം അബുൽ ഹസൻ അശ്അരിയുടെ ജീവിതം മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ആദ്യകാലത്ത് മുഅ്തസിലിയായിരുന്ന അദ്ദേഹം പിന്നീട് അബ്ദുല്ലാഹിബ്‌നു സഈദുബ്‌നു കുല്ലാബിന്റെ വഴിയേ സഞ്ചരിക്കുകയും അവസാന കാലത്ത് അഹ്‌ലുസ്സുന്നയുടെ യാഥാർഥ മാർഗത്തിലേക്ക് കടന്നുവരികയും ചെയ്തു.’

ഈ ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ നവ സലഫികൾക്ക് ഗൂഢമായ ചില ലക്ഷ്യങ്ങളുണ്ട്. ലോകത്ത് അശ്അരികൾ എന്ന പേരിൽ പ്രസിദ്ധരായ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ അടിത്തറ ഇമാം അശ്അരി(റ) രണ്ടാം ഘട്ടത്തിൽ പിന്തുടർന്ന അബ്ദുല്ലാഹിബ്‌നു സഈദുബ്‌നു കുല്ലാബിന്റെ മാർഗമാണെന്നും അതുകൊണ്ട് തന്നെ അശ്അരികൾ യഥാർഥത്തിൽ കുല്ലാബികളാണ് എന്നുമാണ് അവരുടെ വാദം. അബ്ദുല്ലാഹിബ്‌നു കുല്ലാബിനെ സുന്നിയായി അവർ അംഗീകരിക്കുന്നില്ല എന്നത് ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്.
ഇമാം അശ്അരി(റ) കുല്ലാബിയൻ ചിന്തകളുപേക്ഷിച്ച് യഥാർഥ അഹ്‌ലുസ്സുന്നയുടെ മാർഗത്തിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും അശ്അരികൾ ഇമാമിന്റെ രണ്ടാം ഘട്ടമായ കുല്ലാബിയൻ അഖീദയെയാണ് പിൻപറ്റുന്നതെന്നാണ് ഈ ആരോപണത്തിന്റെ മർമം.
ഇത്തരം ദുരാരോപണങ്ങൾക്ക് പണ്ഡിതർ ഉചിതമായ മറുപടി നൽകിയിട്ടുണ്ട്. ഇമാം അശ്അരി(റ) മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് എന്നത് വാസ്തവ വിരുദ്ധമാണ്. ചരിത്രത്തിൽ തിളങ്ങിനിന്ന മഹാനായൊരു വ്യക്തിയുടെ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ ചരിത്രകാരന്മാർ അത് രേഖപ്പെടുത്തുമായിരുന്നുവെന്നത് തീർച്ചയാണ്. മുഅ്തസിലി ചിന്താ ധാര ഉപേക്ഷിച്ച ഇമാം പിന്നീട് അഹ്‌ലുസ്സുന്നയുടെ മാർഗത്തിലേക്ക് കടന്നുവന്നു എന്നത് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മൂന്നാമതൊരു ഘട്ടം കൂടിയുണ്ട് എന്നത് നവ സലഫികളുടെ നിർമിതി മാത്രമാണ്.

ഇവിടെ, രണ്ടാമതായി ഇമാം അശ്അരി പ്രവേശിച്ചത് അബ്ദുല്ലാഹിബ്‌നു സഈദുബ്‌നു കുല്ലാബിന്റെ മാർഗമായിരുന്നുവെന്ന് അവർ പറയുന്നതോടെപ്പം അബ്ദുല്ലാഹിബ്‌നു കുല്ലാബിനെ അഹ്‌ലുസ്സുന്നയുടെ വൃത്തത്തിന് പുറത്തു നിർത്തുക കൂടി ചെയ്യുന്നുണ്ട്. എന്നാൽ ആ കാലഘട്ടത്തിൽ അഹ്‌ലുസ്സുന്നയിൽ നിന്ന് ഇൽമുൽ കലാമിന് ഊടും പാവും നൽകിയയാളായിരുന്നു അദ്ദേഹം.
ഇബ്‌നു ഖൽദൂൻ മുഖദ്ദിമയിൽ കുറിച്ചു: ‘അങ്ങനെ അബുൽ ഹസൻ അൽഅശ്അരി വെളിപ്പെടുകയും മുഅ്തസിലികളോട് സംവാദത്തിൽ ഏർപ്പെടുകയും അവരെ പ്രതിരോധിക്കുകയും ചെയ്തു. അദ്ദേഹം അബ്ദുല്ലാഹിബ്‌നു സഈദ്ബ്‌നു കുല്ലാബ്, അബുൽ അബ്ബാസുൽ ഖലാനിസി, ഹാരിസുൽ മുഹാസിബി തുടങ്ങിയവരുടെ മാർഗത്തിലുള്ള ആളായിരുന്നു (പേ. 853).

ചുരുക്കത്തിൽ, ഇമാം അശ്അരി(റ)യുടെ ചരിത്രമെഴുതിയ ചരിത്രകാരന്മാർ ആരും തന്നെ മൂന്ന് ഘട്ടങ്ങളെ കുറിച്ച് പറയുന്നില്ല. അശ്അരീ ധാരയുടെ നെടുംതൂണായി പിൽക്കാലത്ത് അറിയപ്പെട്ട ഇമാം ബാഖില്ലാനി, ഇബ്‌നു ഫൂറക്ക്, അബൂഇസ്ഹാഖ് ശീറാസി, അബൂബക്കർ ഖഫ്ഫാൽ അടക്കമുള്ളവരാരും നവ സലഫികൾ ആരോപിക്കുന്നത് പോലെയുള്ള മൂന്ന് ഘട്ടത്തെ കുറിച്ച് പറയുന്നില്ല. അതിനാൽ തന്നെ വസ്തുതാവിരുദ്ധമായ ഈ ദുരാരോപണം ദുഷ്ടലാക്കോടെയാണെന്ന് വ്യക്തം (അധിക വായനക്ക്: അഹ്‌ലുസ്സുന്ന അൽഅശാഇറ: ശഹാദതു ഉലമാഇൽ ഉമ്മത്തി വ അദില്ലതുഹും എന്ന ഗ്രന്ഥം നോക്കുക.)

ബദ്‌റുദ്ദീൻ അഹ്‌സനി മുത്തനൂർ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ