ദര്‍സ് സംവിധാനത്തിലെ പ്രധാന ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ്, തഫ്സീര്‍ വിഭാഗത്തിലെ വിവിധ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് ഇമാം മഹല്ലി(റ). തഫ്സീറുല്‍ ജലാലൈനി, മഹല്ലി (ശറഹുല്‍ മിന്‍ഹാജ്), ശറഹ് ജംഉല്‍ ജവാമിഅ്, ശറഹുല്‍ വറഖാത്ത് എന്നീ ഗ്രന്ഥങ്ങള്‍ കൂടുതല്‍ പ്രചാരമുള്ളവയാണ്. ഹിജ്റ 791 ശവ്വാല്‍ മാസം ആദ്യത്തില്‍ ഈജിപ്തിലെ കെയ്റോയില്‍ ജനിച്ച ഇമാം ഹിജ്റ 864 മുഹര്‍റം ഒന്നിനാണ് വഫാത്തായത്.
ഇമാം മഹല്ലി(റ)യുടെ ചരിത്രമെഴുതിയവരെല്ലാം അദ്ദേഹത്തിന്റെ വിവിധ വിജ്ഞാന ശാഖകളിലെ നൈപുണ്യം എടുത്തുപറഞ്ഞിട്ടുണ്ട്. ഇബ്നുല്‍ ഇമാദ്(റ) പറയുന്നു: ജലാലുദ്ദീന്‍ മുഹമ്മദ് അല്‍ മഹല്ലി അശ്ശാഫിഈ(റ) അറബികളിലെ തഫ്താസാനിയായ പണ്ഡിതപ്രവരരാണ് (ശദറാത്തുദ്ദഹബ് ഫീ അഖ്ബാരി മന്‍ദഹബ്) ഇമാം സുയൂഥി(റ) എഴുതുന്നു: വ്യത്യസ്ത വിജ്ഞാന ശാഖകളിലെല്ലാം നൈപുണ്യം നേടിയ മഹാത്മാവാണദ്ദേഹം. ഫിഖ്ഹ്, ആദര്‍ശം, നിദാനം, വ്യാകരണം, തര്‍ക്കശാസ്ത്രം തുടങ്ങിയവയില്‍ പ്രത്യേകിച്ചും (ഹുസ്നുല്‍ മുഹാളറ ഫീ അഖ്ബാരി മിസ്റ വല്‍ ഖാഹിറ).
പഠനജീവിതത്തിന്റെ ആദ്യത്തില്‍ ഗ്രാഹ്യശേഷി കുറവായിരുന്നുവെങ്കിലും കഠിന ശ്രമത്തിലൂടെ മുന്നേറിയപ്പോള്‍ അതുല്യമായ കഴിവ് ആര്‍ജിക്കാനദ്ദേഹത്തിനായി. പിന്നീട് അഗാധമായ ബുദ്ധിശക്തിയും ഓര്‍മശേഷിയും കൊണ്ട് അല്ലാഹു അനുഗ്രഹിച്ചു. അതിനെക്കുറിച്ച് ഇമാം തന്നെ പറയുന്നതിങ്ങനെ: “ഞാന്‍ മനസ്സിലാക്കിയത് തെറ്റാറില്ല’ (അള്ളൗഉല്ലാമിഅ്).
ഇബ്നുല്‍ ഇമാദ്(റ) മഹല്ലി ഇമാമിനെക്കുറിച്ച് “അറബികളിലെ തഫ്താസാനി’ എന്നു പറഞ്ഞതിലെ സാംഗത്യമിതാണ്. ഇമാം സഅ്ദുദ്ദീനുത്തഫ്താസാനി(റ) പേര്‍ഷ്യക്കാരനാണ്. ഇറാനിലെ ഖുറാസാനില്‍ പെട്ട സ്ഥലമാണ് തഫ്താസാന്‍. അദ്ദേഹം വിവിധ വിജ്ഞാന ശാഖകളില്‍ അവഗാഹം നേടുകയും തന്റെ ഗ്രന്ഥങ്ങള്‍ പണ്ഡിതവിദ്യാര്‍ത്ഥി ലോകത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്യുകയുണ്ടായി. ശറഹുല്‍ അഖാഇദ്, മുഖ്തസ്വര്‍, മുത്വവ്വല്‍, തഹ്ദീബ് തുടങ്ങിയ ഇമാം തഫ്താസാനി(റ)യുടെ രചനകള്‍ ഏറെ സ്വീകാര്യമായി. പഠനാരംഭത്തില്‍ നന്നായി കഠിനാധ്വാനം ചെയ്തെങ്കില്‍ മാത്രം മനസ്സിലാകുന്ന ഗ്രഹണശേഷിയേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ പില്‍ക്കാലത്ത് ഇതുമാറി. ധൈഷണികമായും വൈജ്ഞാനികമായും ഇമാം തഫ്താസാനി(റ) പില്‍ക്കാലത്ത് പ്രശസ്തിയാര്‍ജിച്ചു. അതേ പ്രകാരമായിരുന്നു പിന്നീട് ഇമാം മഹല്ലി(റ)യുടെ ജീവിതവും. മുസ്‌ലിം മനസ്സുകളില്‍ സുസ്ഥിരമായ ഇടം നേടുംവിധം ഉന്നതിയിലേക്കുള്ള പ്രയാണമായിരുന്നു ഇരുവരുടേതും. ഇമാമിന്റെ ഗ്രാഹ്യശേഷിയും ചിന്തയും വളരെ ഉയര്‍ന്നതായിരുന്നു. അതേക്കുറിച്ച് ചരിത്രകാരന്മാര്‍ പറയുന്നു: “അദ്ദേഹത്തിന്റെ ബുദ്ധിശക്തി വജ്രത്തെപ്പോലെ തീക്ഷ്ണമാണ്’ (ഹുസ്നുല്‍ മുഹാളറ).
സമകാലത്തെ പ്രഗത്ഭരായ പണ്ഡിതരില്‍ നിന്നാണദ്ദേഹം വിദ്യ നേടിയത്. ഓരോ വിജ്ഞാനശാഖയിലും അവഗാഹം നേടിയവരില്‍ നിന്ന് വിഷയങ്ങള്‍ ശേഖരിക്കുകയും പഠിക്കുകയും ചെയ്തു. ഫിഖ്ഹും ഉസ്വൂലുല്‍ ഫിഖ്ഹും ശംസുല്‍ ബിര്‍മാവീ(റ) എന്നറിയപ്പെടുന്ന ഇമാം ശംസുദ്ദീന്‍ അബൂ അബ്ദില്ലാ മുഹമ്മദ് അല്‍ അസ്ഖലാനിയില്‍ നിന്നാണ് പഠിച്ചത്. ഈജിപ്തിലെ പ്രശസ്ത സ്ഥാപനമായ മദ്റസതുല്‍ ബൈബറസിയ്യയില്‍ വെച്ച് ശൈഖ് ബിര്‍മാവിയുമായുള്ള സഹവാസം ഇമാം മഹല്ലിയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ശൈഖ് ബിര്‍മാവിക്ക് പുറമെ ഇമാം ബുര്‍ഹാനു ബൈജൂരി(റ)ല്‍ നിന്ന് ഫിഖ്ഹും ഇമാം ജലാലുല്‍ ബുല്‍ഖീനി(റ)യില്‍ നിന്ന് ഫിഖ്ഹും ഹദീസും ഇമാം വലിയുദ്ദീനില്‍ ഇറാഖ്(റ)യില്‍ നിന്ന് ഫിഖ്ഹും ഇല്‍മുല്‍ ഹദീസും ഹാഫിള് ഇസ്സുബ്നു ജമാഅ(റ)യില്‍ നിന്ന് ഹദീസും ഉസ്വൂലുല്‍ ഫിഖ്ഹും ഇബ്നു ഹജരില്‍ അസ്ഖലാനി(റ)യില്‍ നിന്ന് ഇല്‍മുല്‍ ഹദീസ്, ശിഹാബുദ്ദീനില്‍ അജീമിയ, ശംസുദ്ദീനിശ്ശത്നൂഫി(റ) തുടങ്ങിയവരില്‍ നിന്ന് നഹ്വും ഭാഷാശാസ്ത്രവും ഇമാം നാസ്വിറുദ്ദീനിത്തന്‍ബദാവീ(റ)യില്‍ നിന്ന് ഇല്‍മുല്‍ ഹിസാബും ഇല്‍മുല്‍ ഫലകും ഇമാം ബദ്റുദ്ദീനില്‍ അഖ്സറാഈ(റ)യില്‍ നിന്ന് മന്‍ത്വിഖും ഇല്‍മുല്‍ ജദ്ലും ഇല്‍മുല്‍ മആനിയും ഇല്‍മുല്‍ ബയാനും ഇല്‍മുല്‍ അദബും ഉസ്വൂലുല്‍ ഫിഖ്ഹും ഇമാം ശംസുദ്ദീനില്‍ ബിസാത്വി അല്‍മാലികി(റ)ല്‍ നിന്ന് തഫ്സീറും ഉസ്വൂലുദ്ദീനും ശംസുദ്ദീനില്‍ ജസ്രി(റ)ല്‍ നിന്ന് ഖുര്‍ആന്‍ പാരായണ ശാസ്ത്രവുമെല്ലാം ആര്‍ജിച്ചു. ഓരോ വിഷയങ്ങളിലും സമകാലത്ത് പ്രശസ്തരായ പ്രമുഖ ഗുരുനാഥന്മാരില്‍ നിന്നുമാണദ്ദേഹം വിജ്ഞാനം നേടിയത്.
ഹനഫി കര്‍മശാസ്ത്ര പണ്ഡിതനായിരുന്ന ഇമാം അലാഉദ്ദീന്‍ മുഹമ്മദ് അല്‍ബുഖാരി(റ) ഇമാം മഹല്ലി(റ)യുടെ ഗുരുവര്യരായിരുന്നു. ഹനഫീ ഫിഖ്ഹ് അദ്ദേഹത്തില്‍ നിന്നാണ് പഠിച്ചത്. തന്റെ ശിഷ്യനായ മഹല്ലി ഇമാമിനെ വളരെ ബഹുമാനിക്കുമായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഉസ്താദിന് ഇന്ത്യയില്‍ നിന്നുമാരോ നല്‍കിയ പാരിതോഷികത്തിന്റെ വലിയൊരു വിഹിതം മഹല്ലി(റ)ന് കൊടുത്തയക്കുകയുണ്ടായി. തന്റെ പഠിതാക്കളില്‍ ഇബ്നുല്‍ ബാരിസി(റ)നെ പോലെയുള്ള പ്രശസ്തരുണ്ടായിരിക്കെയായിരുന്നു ഇതെന്നോര്‍ക്കണം. ശിഷ്യനെ മനസ്സിലാക്കിയായിരുന്നു ഈ ദാനം. ഗുരു തനിക്ക് ലഭിച്ചതെല്ലാം ദാനം ചെയ്തിരുന്നപോലെ ഇമാം മഹല്ലിയും തനിക്ക് ലഭിച്ചതില്‍ ഒന്നും ഉപയോഗിക്കാതെ മുഴുവന്‍ ദാനം ചെയ്യുമായിരുന്നു.
പൊതുസ്വീകാര്യത
സര്‍വാദരണീയനും സ്വീകാര്യനുമായിരുന്നു ഇമാം. സത്യത്തിനെതിരില്‍ ഒരു ആനുകൂല്യവും അഭിപ്രായവും അദ്ദേഹത്തില്‍ നിന്നും നേടാനാകുമായിരുന്നില്ല. ഭരണാധികാരികളും പ്രാദേശിക പ്രതിനിധികളും സാധാരണക്കാരും അതില്‍ തുല്യം. അക്രമവും അനീതിയും കാണിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ ധീരമായ നിലപാടെടുത്തു. മതവിധി തേടി വന്നവര്‍ ഏതു തരക്കാരനായിരുന്നാലും സത്യം ഉച്ചൈസ്തരം പ്രഖ്യാപിക്കും. അതില്‍ ആരെയും ഭയപ്പെട്ടില്ല. ഇതുമൂലം എല്ലാവരും ഇമാമിനെ ഭയക്കുകയും ആദരിക്കുകയും ചെയ്തു. ന്യയാധിപക്കസേര വെച്ചുനീട്ടിയപ്പോള്‍ തനിക്കതിനു കഴിയില്ലെന്നറിയിച്ച് തിരസ്കരിച്ചു. അടുത്തവരോട് പറഞ്ഞത് നരകത്തീ സഹിക്കാനാവില്ല എന്നാണ്.
സംശുദ്ധവും ആത്മീയസാന്ദ്രവുമായി ജീവിതം നയിച്ച ഇമാം ഉയര്‍ന്ന വ്യക്തിപ്രഭാവത്തിലും വിനയാന്വിതനുമായിക്കഴിഞ്ഞു. ഈജിപ്തിലെ പ്രസിദ്ധ കലാലയമായ അല്‍മദ്റസതുല്‍ ബര്‍ഖൂഖിയ്യ, അല്‍ മദ്റസതുല്‍ മുഅയ്യിദിയ്യ തുടങ്ങിയവയില്‍ അധ്യാപകനായി സേവനം ചെയ്തു. ശിഹാബുദ്ദീനില്‍ കൂറാനി(റ) എന്ന വിശ്വമഹാ പ്രതിഭക്കു പകരമായാണ് ഇമാം മഹല്ലിയെ ബര്‍ഖൂഖിയ്യയില്‍ നിയമിച്ചത്. ഈ ബന്ധം ഇമാം മഹല്ലി(റ)യുടെ ശറഹ് ജംഉല്‍ ജവാമിഇന് അനുബന്ധമെഴുതാന്‍ വരെ കാരണമായി. മദ്റസതുല്‍ മുഅയ്യിദിയ്യയില്‍ മുദരിസായിരുന്ന ഇബ്നുഹജറില്‍ അസ്ഖലാനി(റ)യുടെ മരണശേഷമാണ് അവിടെ മുദരിസായത്.
സമകാലികര്‍ക്കിടയില്‍ വിജ്ഞാനം കൊണ്ടും വൈജ്ഞാനിക സേവനം കൊണ്ടും പ്രസിദ്ധിയും സ്വീകാര്യതയും നേടിയ ഇമാമിനെ ജനങ്ങള്‍ മതവിധികള്‍ക്കായി ആശ്രയിച്ചു. വിദ്യാര്‍ത്ഥികള്‍ നാടിന്റെ നാനാ ഭാഗത്തുനിന്നും അദ്ദേഹത്തിന്റെ ദര്‍സിലേക്കൊഴുകി. ഇമാം നൂറുദ്ദീനിസ്സുംഹൂദി(റ), ബുര്‍ഹാനുദ്ദീനില്‍ മഖ്ദിസി(റ), ശിഹാബുദ്ദീനില്‍ അബ്ശീഹി(റ), കമാലുദ്ദീനിത്വറാബല്‍സീ(റ), ഇബ്നു കമീലിദ്ദിംയാത്വി(റ), ശറഫുദ്ദീനിസ്സിന്‍ബാത്വി, നൂറുദ്ദീനില്‍ അദനില്‍ യമാനി(റ), സിറാജുദ്ദീനിന്നവാവി(റ), ബുര്‍ഹാനുദ്ദീനില്‍ ബിഖാഈ(റ), നജ്മുദ്ദീനില്‍ ഖാഹിരി(റ), ഇമാം സുയൂഥി(റ) പോലുള്ള അഗ്രേസരരായ പണ്ഡിത പ്രതിഭകള്‍ ഇമാം മഹല്ലി(റ)യുടെ ശിഷ്യഗണങ്ങളില്‍ പെട്ടവരാണ്. രചനകള്‍ക്കു പുറമെ ഇത്തരം ശിഷ്യസമ്പത്തും ഇമാമിന്റെ വൈജ്ഞാനികോന്നതിക്കു തെളിവായി നിലനില്‍ക്കുന്നു.
രചനാ ജീവിതം
ഇമാമിന്റെ രചനകളില്‍ വളരെ പ്രചാരം നേടിയവ ഇവയാണ്: തഫ്സീര്‍ ജലാലൈനി, ശറഹുല്‍ മിന്‍ഹാജ്, ശറഹു ജംഉല്‍ ജവാമിഅ്, ശറഹുല്‍ വറഖാത്ത്, സൂറതുല്‍ കഹ്ഫ് മുതല്‍ അന്നാസ് വരെയും തുടര്‍ന്ന് ഫാതിഹ സൂറത്തും അല്‍ബഖറയില്‍ നിന്ന് അല്‍പവുമാണ് തഫ്സീറുല്‍ ജലാലൈനിയില്‍ ഇമാം മഹല്ലി(റ)യുടേത്. അവസാന ഭാഗത്തിനു ശേഷം ആദ്യഭാഗം തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇമാം സുയൂഥി(റ)യാണ് ബാക്കി ഭാഗം പൂര്‍ത്തീകരിച്ചത്. ജലാലുദ്ദീനില്‍ മഹല്ലി(റ)യും ജലാലുദ്ദീനിസ്സുയൂഥി(റ)യും ചേര്‍ന്ന് പൂര്‍ത്തീകരിച്ചതിനാലാണ് ഇരു ജലാലുകളുടെ തഫ്സീര്‍ എന്നര്‍ത്ഥം വരുന്ന “തഫ്സീര്‍ ജലാലൈനി’ എന്ന് പ്രചാരം നേടിയത്.
തഫ്സീറുല്‍ ജലാലൈനിക്ക് വിശദീകരണക്കുറിപ്പുകള്‍ തയ്യാറാക്കിയവരേറെയുണ്ട്. അതില്‍ ഏറ്റവും നല്ലതെന്ന് ഖ്യാതി നേടിയിട്ടുള്ള ഒന്ന് ശൈഖ് സുലൈമാനുല്‍ ജമല്‍(റ)യുടെ ഹാശിയയാണ്. അല്‍ഫുതൂഹാതുല്‍ ഇലാഹിയ്യ എന്നാണതിന്റെ പേര്. മറ്റൊന്ന് സുലൈമാനുല്‍ ജമല്‍(റ)യുടെ ശിഷ്യനായ അശ്ശൈഖ് അഹ്മദുസ്വാവീ(റ)യുടെ ഹാശിയതുസ്വാവീ അലല്‍ ജലാലൈനി. ഈ രണ്ടു ഹാശിയകളാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഉത്തരേന്ത്യയില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന ജലാലൈനിയുടെ പാര്‍ശ്വങ്ങളില്‍ കാണുന്ന ഹാശിയതുല്‍ കമാലൈനി അലല്‍ ജലാലൈനി എന്നത് ശൈഖ് സലാമുല്ലാഹിദ്ദഹ്ലവിയുടേതാണ്. ഖബസുന്നയ്യിറതൈനി അലാ തഫ്സീറില്‍ ജലാലൈനി, മജ്മഉല്‍ ബഹ്റൈനി മ മത്വലഉല്‍ ബദ്റൈനി അലല്‍ ജലാലൈനി, ഹാശിയതുല്‍ ജമാലൈനി അലല്‍ ജലാലൈനി തുടങ്ങി 16 വിശദീകരണ ഗ്രന്ഥങ്ങള്‍ വേറെയും വിരചിതമായിട്ടുണ്ട്. സുപ്രസിദ്ധ പണ്ഡിതനും ഗ്രന്ഥകാരനുമായ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ തയ്സീറുല്‍ ജലാലൈനി എന്ന പേരില്‍ വളരെ മനോഹരമായൊരു വിശദീകരണ ഗ്രന്ഥം തഫ്സീറുല്‍ ജലാലൈനിക്ക് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അതില്‍ മൂന്ന് വാള്യങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ബാക്കി ഭാഗം കൂടി പുറത്തിറക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം.
ഇമാം താജുദ്ദീനിസ്സുബ്കി(റ) ഉസ്വൂലില്‍ ഫിഖ്ഹില്‍ രചിച്ച ഗ്രന്ഥമാണ് ജംഉല്‍ ജവാമിഅ്. അതിന് കൂടുതല്‍ അവലംബിക്കപ്പെടുന്ന വ്യാഖ്യാനം ഇമാം മഹല്ലി(റ)യുടേതാണ്. അല്‍ബദ്റുത്വാലിഅ് എന്നും അല്‍ ബുറൂഖുല്ലവാമിഅ് എന്നും അറിയപ്പെടുന്നു. ജംഉല്‍ ജവാമിഅ് എന്ന് പൊതുവെ അറിയപ്പെടുന്നത് മഹല്ലി(റ)യുടെ ശറഹ് അടക്കമുള്ളതിനാണ്. ശാഫിഈ സരണിയുടെ ഉസ്വൂലില്‍ പ്രധാനമായും വ്യാപകമായും ഉപയോഗിക്കപ്പെടുന്നത് ഇതാണ്. ജംഉല്‍ ജവാമിഅ് ഓതിക്കേള്‍ക്കുന്നതിനായി വിവിധ നാടുകളില്‍ നിന്നും വിജ്ഞാന ദാഹികള്‍ ഇമാം മഹല്ലി(റ)യുടെ ദര്‍സിലേക്കെത്തിയിരുന്നുവെന്ന് ചരിത്രം. മുകളില്‍ വിവരിച്ചവരും അല്ലാത്തവരുമായ ശിഷ്യരില്‍ അതിനായി മാത്രം വന്നവര്‍ ഏറെയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വകലാശാലകളില്‍ ഇത് പ്രധാന റഫറന്‍സായി ഉപയോഗിക്കുന്നു. പ്രിന്‍റിംഗ് സൗകര്യമില്ലാതിരുന്ന കാലത്ത് ഇത് പകര്‍ത്തിയെഴുതിയിരുന്നു പണ്ഡിതര്‍.
മഹല്ലി(റ)യുടെ ശറഹിന് ധാരാളം പണ്ഡിതര്‍ ഹാശിയകള്‍ എഴുതിയിട്ടുണ്ട്. ശൈഖുല്‍ ഇസ്‌ലാം കമാലുദ്ദീന്‍ (അദ്ദുററുല്ലവാമിഅ്) ശൈഖുല്‍ ഇസ്‌ലാം സകരിയ്യല്‍ അന്‍സാരി(റ), അല്ലാമാ നാസ്വിറുദ്ദീനില്ലഖാനീ(റ), അശ്ശൈഖുസ്സിന്‍ബാത്വീ(റ), ശൈഖ് അലിയ്യുന്നജ്ജാരീ(റ), അമീറ എന്നറയിപ്പെടുന്ന ശൈഖ് ശിഹാബുദ്ദീനില്‍ ബറല്ലസി(റ), ശൈഖ് അബ്ദുറഹ്മാനില്‍ ബന്നാനീ(റ), ശൈഖ് അബുസ്സആദാത് ഹസനുല്‍ അത്വാര്‍(റ) തുടങ്ങിയവരുടെ ഹാശിയകളില്‍ പലതും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹാശിയതുല്‍ ബന്നാനിയും ഹാശിയതുല്‍ അത്വാറും പ്രചാരം നേടിയവയാണ്.
ഇമാമുല്‍ ഹറമൈനി(റ)യുടെ ഉസ്വൂലുല്‍ ഫിഖ്ഹ് ഗ്രന്ഥമായ കിതാബുല്‍ വറഖാതിന് മഹല്ലി ഇമാം എഴുതിയ ശറഹുല്‍ വറഖാത്ത്, പ്രാഥമിക പഠനത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ശൈഖ് അഹ്മദുദ്ദിംയാത്വി(റ)യുടെ ഹാശിയ അച്ചടിയിലുള്ള ഗ്രന്ഥമാണ്. ശൈഖ് മുഹമ്മദു സിന്‍ബാത്വി(റ), ശൈഖ് മുഹമ്മദുല്‍ അദവി(റ), ശൈഖ് ശിഹാബുദ്ദീനില്‍ ഖല്‍യൂബി തുടങ്ങിയവരും ഹാശിയകള്‍ തയ്യാറാക്കിയിട്ടുണ്ട്.
ഇമാം നവവി(റ)യുടെ മിന്‍ഹാജിന് ഇമാം മഹല്ലി തയ്യാറാക്കിയ ശറഹാണ് കിതാബുല്‍ മഹല്ലി എന്നു വിളിക്കപ്പെടുന്ന കന്‍സുര്‍റാഗിബീന്‍. അമീറ(റ)യും ഖല്‍യൂബി(റ)യും ഇതിന് ഹാശിയ എഴുതിയിട്ടുണ്ട്. ഈ രണ്ട് ഹാശിയകള്‍ ശറഹുല്‍ മഹല്ലിയോട് ചേര്‍ത്തി പ്രിന്‍റ് ചെയ്താണ് കേരളത്തില്‍ പ്രചാരത്തിലുള്ളത്. മിന്‍ഹാജിന്റെ ശറഹുകളില്‍ മഹല്ലിക്കുള്ള സ്ഥാനത്തെക്കുറിച്ച് ഇമാം റംലി(റ) എഴുതുന്നു: പദ്യഗദ്യങ്ങളില്‍ വിരചിതമായ എല്ലാ വിജ്ഞാനത്തിലും നിസ്തുലനും നിരുപമനും സംശോധകനുമായ മഹാ പണ്ഡിതന്‍, ഇസ്‌ലാമിലെ ഗുരുനാഥന്മാരുടെ ഗുരുനാഥന്‍, മഹാശയന്മാരായ പണ്ഡിത നേതാക്കളുടെ നെടുനായകനായ ജലാലുദ്ദീന്‍ മഹല്ലി(റ) നവവി ഇമാമിന്റെ മിന്‍ഹാജിനു ശര്‍ഹ് എഴുതി. ആ ശറഹ് കൊണ്ട് അതിനെ മൂടിക്കിടന്നിരുന്ന മറ പൊളിച്ചു ഇമാം വെളിച്ചം കടത്തിവിട്ടു. അതിലേക്കുള്ള അടക്കപ്പെട്ട കവാടങ്ങള്‍ തുറന്ന് പഠിതാക്കള്‍ക്ക് ഉള്ളറകളില്‍ പ്രവേശനം എളുപ്പമാക്കി. കാതുകള്‍ക്കും കണ്ണുകള്‍ക്കും നിറവ് നല്‍കുന്നതും വിധി പറഞ്ഞവരുടെ വാചകങ്ങളെ സംശോധിക്കുന്നതുമായ വിവരങ്ങളതില്‍ ഉള്‍ക്കൊള്ളിച്ചു. ആദ്യം വരുന്നവര്‍ പിന്നീട് വരുന്നവര്‍ക്ക് എത്രയാണ് ബാക്കി വെച്ചത്. പക്ഷേ, അതൊക്കെ വിവരിക്കാന്‍ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. അനിവാര്യമായ മരണം വന്നെത്തിയേക്കുമോ എന്ന ഭയം ദീര്‍ഘമായ വിശദീകരിക്കുന്നതില്‍ നിന്നദ്ദേഹത്തെ തടഞ്ഞു. അതിനാല്‍ തന്നെ വേഗത്തില്‍ മനസ്സിലാക്കാന്‍ പ്രയാസകമായ ഒരവസ്ഥ അതിനുണ്ട്. അത്രയും സംക്ഷിപ്തമാണത് (നിഹായ).
മരണത്തിന് മുമ്പ് തീര്‍ക്കണമെന്ന വിചാരത്താല്‍ വളരെ സംക്ഷിപ്തമാക്കിയാണ് മഹല്ലി ഇമാം മിന്‍ഹാജിന്റെ ശറഹ് പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നാണ് ഇമാം റംലി(റ) പറയുന്നത്. 860ല്‍ ശറഹിന്റെ രചന പൂര്‍ത്തിയായി നാലു വര്‍ഷത്തിനുള്ളില്‍ ഇമാം വഫാത്താവുകയുണ്ടായി. അതിനിടക്കാണ് തഫ്സീറുല്‍ ജലാലൈനി രചിക്കുന്നത്. അത് തീരുന്നതിന് മുമ്പ് മരണം സംഭവിച്ചു.
പ്രസിദ്ധീകരിക്കപ്പെട്ടതും അല്ലാത്തതും പൂര്‍ണമായതും അല്ലാത്തതുമായ ഗ്രന്ഥങ്ങള്‍ ഇനിയുമുണ്ട്. ഇമാം ബൂസ്വീരി(റ)യുടെ ബുര്‍ദയുടെ സംക്ഷിപ്ത വ്യാഖ്യാനം, ത്വിബ്ബുന്നബവി, കിതാബുന്‍ ഫില്‍ മനാസിക്, കിതാബുന്‍ ഫില്‍ ജിഹാദ്, അല്‍ ഖൗലുല്‍ മുഫീദ്, അല്‍ അന്‍വാറുല്‍ മുളിയ്യ തുടങ്ങിയവ പൂര്‍ണമായതാണ്. ഒരായുഷ്കാലത്തെ നിത്യസ്മരണീയമാക്കാനും യുഗാന്തരങ്ങളില്‍ ഗുണങ്ങളും നന്മകളും പ്രദാനിക്കാനും ആ മഹാനുഭാവന് സാധിച്ചുവെന്നത് തന്നെ അദ്ദേഹത്തിന്റെ കറാമത്തായി വിലയിരുത്തപ്പെടുന്നു.
ജനസേവകന്‍
ദര്‍സ് നടത്തുന്നതിനോടൊപ്പം ജനസേവനത്തിനും അദ്ദേഹമവസരം കണ്ടിരുന്നു. ഇമാം ശഅ്റാനി(റ) മഹാന്റെ സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതുന്നു:
“ജലാലുദ്ദീന്‍ മഹല്ലി(റ) തന്റെ പ്രദേശത്തെ വൃദ്ധന്മാര്‍ക്കും സേവനം ചെയ്തിരുന്നു. അങ്ങാടിയില്‍ നിന്നും അവര്‍ക്കാവശ്യമായ വസ്തുക്കള്‍ വാങ്ങിക്കൊണ്ടു വരും. ദര്‍സിനിടയില്‍ ആരെങ്കിലും വന്ന് വല്ല സഹായവും ആവശ്യപ്പെട്ടാല്‍ അധ്യാപനം നിര്‍ത്തി ആ കാര്യം നിര്‍വഹിക്കാന്‍ പോവും. ഒരിക്കല്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കെ ഒരു വൃദ്ധ വന്ന് അല്‍പം എണ്ണ തരാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഉടനെ എഴുന്നേറ്റു. അപ്പോള്‍ പഠിതാക്കള്‍ ചോദിച്ചു: ഒരു വൃദ്ധ വന്നു പറഞ്ഞതിനാണോ ഗുരുനാഥന്‍ ദര്‍സ് നിര്‍ത്തിവെക്കുന്നത്? അദ്ദേഹം പറഞ്ഞു: അതേ. അവരുടെ ആവശ്യമാണ് നിങ്ങളുടെ ആവശ്യത്തേക്കാള്‍ മുന്‍ഗണനയര്‍ഹിക്കുന്നത്.’
നാട്ടിലെ വൃദ്ധര്‍ക്ക് സേവനം ചെയ്യാന്‍ പോവുമ്പോള്‍ നഗ്നപാദനായാണ് അദ്ദേഹം സഞ്ചരിക്കുക. ഭൂമി ശുദ്ധമാണല്ലോ എന്നദ്ദേഹം പറയുകയും ചെയ്യും. മഴയും നല്ല തണുപ്പുമുള്ള രാത്രികളില്‍ അദ്ദേഹം പുറത്തിറങ്ങും. എന്നിട്ട് വീടുകള്‍ക്കരികെ ചെന്ന് വിളിച്ചു ചോദിക്കും: ആര്‍ക്കെങ്കിലും തീ വേണോ, ഞാന്‍ കൊണ്ടുതരാം. വൃദ്ധര്‍ താമസിക്കുന്ന ഓരോ വീടരികിലും ഇങ്ങനെ ചുറ്റിക്കറങ്ങും.
ശിഷ്യന്മാരായ ശൈഖ് മഖ്ദിസിയും ശൈഖ് ജൗജരിയും ഒരിക്കല്‍ ഉസ്താദിനോട് ചോദിച്ചു: എണ്ണ വാങ്ങലിനും തീ കൊണ്ടുകൊടുക്കുന്നതിനും ഞങ്ങള്‍ ഇല്‍മ് പകര്‍ന്നു തരുന്നതിനേക്കാള്‍ നിങ്ങളെങ്ങനെയാണ് മുന്‍ഗണന നല്‍കുക? ഉടന്‍ വന്നു ഇമാമിന്റെ മറുപടി: പതിതരെ തുണക്കുന്നതിലാണ് സംതൃപ്തി. ആവശ്യക്കാരന്റെ ആഗ്രഹം നിറവേറ്റുമ്പോള്‍ സന്തോഷമുണ്ടാവും. ആ സന്തോഷം നമ്മിലേക്കു കൂടി പ്രസരിക്കും. അത് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഞാന്‍ പഠിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷത്തേക്കാള്‍ വലുതാണ്.
ഒരു വൃദ്ധക്ക് റൊട്ടിക്ക് മാവ് പാകപ്പെടുത്തിക്കൊടുക്കുന്ന മഹല്ലി(റ)നെ കണ്ടപ്പോള്‍ ശിഷ്യന്‍ അതേക്കുറിച്ച് ചോദിച്ചു. അപ്പോള്‍ ഇമാമിന്റെ മറുപടി: നാം നമ്മുടെ ആയുസ്സ് മുഴുവനും ഇല്‍മില്‍ വ്യാപരിച്ചുതീര്‍ത്തു. എന്നാല്‍ അതില്‍ അപകസാധ്യതയേറെയാണ്. അറിവ് കൊണ്ടുള്ള അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ വളരെ വിരളം. മരണാനന്തരം സ്വപ്നത്തില്‍ കണ്ട പണ്ഡിതരില്‍ തന്റെ ഇല്‍മ് കാരണമായി പാപമോചനം ലഭിച്ചു എന്നു പറഞ്ഞവര്‍ വളരെ കുറച്ചേയുള്ളൂ. കാരണം ഇല്‍മില്‍ ലോകമാന്യം, പ്രശസ്തിമോഹം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ വരാമല്ലോ. പക്ഷേ, ഇത്തരം ജനസേവന പ്രവര്‍ത്തനങ്ങളില്‍ അതത്രതന്നെ വരില്ല. ഒരുപക്ഷേ, ഇതുകാരണമാവും അല്ലാഹു നമുക്ക് പൊറുത്തു തരിക (ലവാഖിഹുല്‍ അന്‍വാറില്‍ ഖുദ്സിയ്യ ഫില്‍ ഉഹൂദില്‍ മുഹമ്മദിയ്യ).
വ്യാപാരിയായ പണ്ഡിതന്‍
ഉപജീവനത്തിനായി കച്ചവടം നടത്തുകയും ലളിത ജീവിതം നയിക്കുകയും ചെയ്തു അദ്ദേഹം. നബി(സ്വ)യുടെ നിര്‍ദേശം പോലെ വ്യാപാരത്തെ ക്രമീകരിച്ചു. അധ്യാപനത്തിനിടയിലും പ്രഭാതങ്ങളില്‍ വ്യാപാരത്തിന് സമയം നിശ്ചയിച്ചത് നബി(സ്വ)യുടെ, ഭക്ഷണം തേടുന്നതില്‍ നിങ്ങള്‍ പ്രഭാത്തിലേ ഏര്‍പ്പെടുക, കാരണം പ്രഭാതങ്ങളില്‍ ചെയ്യുന്ന കൃത്യങ്ങളില്‍ ബറകത്തും വിജയവുമുണ്ട്ത്വബ്റാനി എന്ന ഹദീസിന്റെയടിസ്ഥാനത്തിലായിരുന്നുവെന്ന് ഇമാം തന്നെ വിശദീകരിച്ചിട്ടുണ്ട്. ഇമാം ശഅ്റാനി(റ) എഴുതുന്നു: ഇമാം തന്‍രെ കച്ചവടപീടിക വെളുപ്പാന്‍ കാലത്തേ തുറക്കും. എന്നിട്ട് തുണി വില്‍പന നടത്തും. ഇത്ര നേരത്തെ കട തുറക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നവരോടദ്ദേഹം പറയും: ഞാന്‍ പ്രഭാതത്തിലേ വില്‍പന നടത്തുന്നത് നബി(സ്വ)യുടെ പ്രാര്‍ത്ഥനയുടെ ഫലം എനിക്കും ലഭിക്കണമെന്ന നിലയിലാണ്. ഭക്ഷണാന്വേഷണം രാവിലെയാക്കുന്നവര്‍ക്ക് വേണ്ടി പ്രവാചകര്‍(സ്വ) ദുആ ചെയ്തിട്ടുണ്ട്. അവിടുത്തെ ദുആ സ്വീകരിക്കപ്പെടാതിരിക്കില്ല. അങ്ങനെ ഉച്ചവരെ വില്‍പന നടത്തും. പിന്നെ കട അടച്ച് മദ്റസതുല്‍ മുഅയ്യിദിയ്യയിലും മറ്റും ദര്‍സ് നടത്താന്‍ പോവും (ലവാഖിഹുല്‍ അന്‍വാര്‍).
ജ്ഞാനം നേടി മഹാനാവുകയും അത് വിതരണം ചെയ്തു കൂടുതല്‍ ധന്യനാവുകയും ചെയ്ത പണ്ഡിത ശ്രേഷ്ഠരാണ് ഇമാം ജലാലുദ്ദീനില്‍ മഹല്ലി(റ). സ്വ ജീവിതത്തെ ഇസ്‌ലാമിന്റെ പാഠങ്ങള്‍ക്കൊത്ത് കൃത്യമായി ക്രമപ്പെടുത്തി വിജയിച്ച ജ്ഞാനസേവകന്‍. 73ാം വയസ്സില്‍ ഹിജ്റ 864ല്‍ മുഹര്‍റം ഒന്നിന് ഉദര രോഗത്തെത്തുടര്‍ന്നാണ് വഫാത്ത് സംഭവിക്കുന്നത്. പൂര്‍വികരെയെല്ലാം മറവ് ചെയ്ത കുടുംബ ശ്മശാനത്തിലാണ് ഖബര്‍. അന്ത്യകര്‍മങ്ങളില്‍ വന്‍ജനാവലിതന്നെ സംബന്ധിച്ചു. ഈജിപ്തില്‍ ഉദയം ചെയ്ത് ലോകമാകെ പ്രഭ പരത്തിയ പണ്ഡിത തേജസ്വിയുടെ ഓര്‍മകള്‍കൂടി മുസ്‌ലിം പുതുവര്‍ഷപ്പുലരി പങ്കുവെക്കുന്നു.
അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ